Gentle Dew Drop

ഡിസംബർ 30, 2020

ദൈവത്തിനും അസാധ്യം

"വിഭാഗീയതയുണ്ടാക്കണം,സംശയിക്കണം, വെറുക്കണം, ചീത്ത പറയണം, മറ്റുള്ളവരെക്കുറിച്ചു പറയുമ്പോൾ പുച്ഛത്തോടെ  പറയണം .... എന്നാൽ, കർത്താവിലേക്കു നോക്കിയേ എല്ലാം ചെയ്യാവൂ"

എങ്ങനെ സാധ്യമാകും എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. 

"ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയക്കുന്നു. പ്രാവുകളെപ്പോലെ നിഷ്കളങ്കരും സർപ്പങ്ങളെപ്പോലെ വിവേകികളും ആയിരിക്കുവിൻ." [സുവിശേഷം]  

"നിങ്ങൾ ചെന്നായ്ക്കളുടെ ഇടയിലാണെന്നു തോന്നുമ്പോൾ ചെന്നായ്‌ക്കളെപ്പോലെയും വിഷസർപ്പങ്ങളെപ്പോലെയും ആകുവിൻ." [സമാന്തര സുവിശേഷം]  .

.. അതിലെ കടന്നു പോകുന്നവർ വളരെയാണുതാനും. 

രോഗം മനസിലാക്കാതെയുള്ള ചികിത്സ, അത് സ്വയം ചികിത്സയോ ഡോക്ടർ തന്നെയോ ആവട്ടെ അത് നല്ലതല്ലെന്ന് നമുക്കറിയാം. ഒടിവ് വച്ചുകെട്ടണം, മുറിവിൽ മരുന്ന് വയ്ക്കണം പൊള്ളലിന് തൈലം വേണം, മുഴ എടുത്തു മാറ്റണം. അടുത്തകാലത്ത് പലരും എടുത്തുപറയുന്ന വേദന നീറ്റൽ, ഭാരം തുടങ്ങിയവ അതിശക്തമായ വാക്കുകളാണ്. ആ വേദനകളിലെ യാഥാർത്ഥ്യം മനസിലാക്കേണ്ടതുണ്ട്. ആ വേദനകളുടെ സത്യത്തിലുള്ള കാരണം എന്താണ്? മുന്നോട്ടുവയ്ക്കുന്ന വഴികൾ 'സത്യത്തിലുള്ള കാരണങ്ങളെ' പരിഹരിക്കുന്നുണ്ടോ? ആ വഴികൾ, ഉദ്ദേശിക്കുന്ന മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നവയാണോ ശിഥിലീകരിക്കുന്നവയാണോ? 

പരുക്കൻ വാക്കുകളും മുൻവിധികളും ഇനിയും സുഖമാവാത്ത മുറിവുകളെ കാണിക്കുന്നു. കണ്ടെത്തിയിരിക്കുന്ന കാരണങ്ങൾക്കുമപ്പുറം അതിനു നമ്മൾ അംഗീകരിക്കാൻ തയ്യാറല്ലാത്ത കാരണങ്ങളുണ്ടാകാം. അപ്പോൾ ഓരോ എടുത്തുചാട്ടവും, അടിക്കാനുള്ള ഓങ്ങലും നമ്മെത്തന്നെ കൂടുതൽ മുറിപ്പെടുത്തുകായാണെന്ന് മനസിലാക്കണം. FT 243

ഈ മുറിവുകളെ നീറ്റിച്ചു നിർത്തി ലാഭമുണ്ടാക്കുന്നവരോ? [സമാന്തരക്രിസ്തുമുഖങ്ങൾ]

ഡിസംബർ 28, 2020

പൂർവ്വികർക്കുവേണ്ടി എന്ന പേരിൽ ...

എൺപതുകളിൽ ഇംഗ്ലണ്ടിലെ മനഃശാസ്ത്രജ്ഞനായിരുന്ന Kenneth McCall തന്റെ രോഗികളിൽ ഗുരുതരമായ മാനസിക അസ്വസ്ഥതയുണ്ടായിരുന്ന ചിലരുടെ കുടുംബങ്ങളിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായിരുന്നെന്ന് മനസിലാക്കി, അവർക്കു വേണ്ടി സാങ്കല്പിക മൃതസംസ്കാരശുശ്രൂഷകൾ നടത്തിപ്പോന്നു. അത് അവരുടെ രോഗാവസ്ഥകൾ മെച്ചപ്പെടാൻ കാരണമായതായും McCall മനസിലാക്കി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ Healing the Family Tree എന്ന പേരിൽ McCall ഒരു പുസ്തകം എഴുതി. കത്തോലിക്കരുടെ ഇടയിലടക്കം പല കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങളിലും ഈ പുസ്തകം വളരെ പ്രചാരം നേടുകയും ചെയ്തു. ഈ ആശയങ്ങളോടെ ക്ലരേഷ്യൻ പുരോഹിതനായിരുന്ന Fr Hampsch, Healing Your Family Tree എന്ന പേരിൽ മറ്റൊരു പുസ്തകം എഴുതി. തലമുറകളുടെ സൗഖ്യം/വിടുതൽ (generational healing) നവീകരണ ശുശ്രൂഷകളിൽ സാധാരണമായപ്പോൾ, ഈ ശൈലി, കുടുംബങ്ങളുടെ മേലുള്ള ശാപം, പൂർവ്വികരാരെങ്കിലും ആഭിചാരപ്രവൃത്തികളിലേർപ്പെട്ടിട്ടുണ്ടെങ്കിൽ അവയിൽ നിന്നെല്ലാമുള്ള വിടുതൽ തുടങ്ങി ഏതാണ്ട് എല്ലാവിധ അസ്വസ്ഥതകൾക്കും ദുരിതങ്ങൾക്കും പരിഹാരമെന്നുള്ള നിലയിൽ പൊതുവായ ഉപയോഗത്തിലായി.
പ്രചാരത്തിലായ ഈ വിശ്വാസമനുസരിച്ച്, ശാരീരികമോ മാനസികമോ വൈകാരികമോ ആയ അസ്വസ്ഥതകളോ, ചില തിന്മകളിലേക്കുള്ള ചായ്‌വോ, തെറ്റായ പ്രവണതകളോ തലമുറകൾക്കേറ്റ ബന്ധനമായി കാണപ്പെടുന്നു. പൂർവികർക്ക് തിന്മയോടുണ്ടായിരുന്ന ആഭിമുഖ്യമോ തഴക്കദോഷമോ, അവർക്കേറ്റ ശാപങ്ങളോ കാരണമായി കരുതപ്പെടുന്നു. അവരിലേക്ക്‌ പകർന്നു കിട്ടിയ ഈ പൂർവിക തിന്മകളെ/ബന്ധനങ്ങളെ 'പ്രത്യേക പ്രാർത്ഥനകളോ' കുർബാനയോ വഴി ഇല്ലാതാക്കുകയാണ് കുടുംബ വൃക്ഷങ്ങളുടെ സൗഖ്യം എന്നതിലൂടെ അർത്ഥമാക്കുന്നത്.

ഒരു പക്ഷെ വർഷങ്ങൾക്കു ശേഷമാണെങ്കിലും, അലസിപ്പോയതോ അബോർട് ചെയ്യപ്പെട്ടതോ ആയ കുഞ്ഞുങ്ങൾക്ക് മാമോദീസ നൽകുക എന്നത് സമാനമായ മറ്റൊരു പ്രവണതയാണ്. അവരുടെ നല്ല വിശ്വാസത്തിലായിരിക്കാം ഒരാൾ അത് ചെയ്യുന്നത്. എന്നാൽ മുൻപ് പറഞ്ഞ മൃതസംസ്കാരച്ചടങ്ങെന്നതുപോലെ, ഇവിടെയും ഉണ്ടാകുന്നത്, ചെയ്യുന്ന ആളുടെ മാനസിക ആശ്വാസമാണ്. കൂദാശകൾ ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയാണ്. മരിച്ചവരെ മാമോദീസ നൽകുന്നതിൽ വിശ്വാസപരമായ അടിസ്ഥാനമില്ല. ഇത്തരം ആശയങ്ങളുടെ വേരുകൾ ചെന്നെത്തുന്നത് മോർമോണിസം (Latter Day Saints) ആശയങ്ങളിലാണ്.

ഓരോ കുടുംബവും വ്യത്യസ്തമാണെന്ന് നമുക്കറിയാം. ഒരേ കുടുംബത്തിലെ തന്നെ അംഗങ്ങളും വ്യത്യസ്തരാണ്. സ്വഭാവരൂപവത്കരണത്തെ ആ അന്തരീക്ഷം സ്വാധീനിക്കുന്നുണ്ട്. എന്നാൽ അതുകൊണ്ട് അത് എന്നെന്നേക്കുമായി സ്ഥിരപ്പെട്ടതാണെന്നു കരുതിക്കൂടാ. കൃപയിൽ നമുക്ക് വളരാനും മെച്ചപ്പെടുവാനും കഴിയും.


പ്രിയപ്പെട്ടവരുടെ മരണശേഷം ചിലർക്ക് അവരുടെ സ്വപ്നങ്ങളുണ്ടായേക്കാം. അവരുടെ വൈകാരിക ബന്ധത്തിന്റെ പ്രതിഫലനമാകാം അത്. എന്നാൽ 'പ്രാർത്ഥന ആവശ്യമുള്ളതോ' 'വിളിച്ചു വരുത്തുന്നതോ' ആയ ആത്മാക്കളുമായി സംഭാഷണത്തിലേർപ്പെടുന്നത് വിശ്വാസത്തിന്റെ ഭാഗമല്ല. അത് എത്രമാത്രം 'നല്ല' (മാനസാന്തരപ്പെടുത്താനും ആശ്വസിപ്പിക്കാനും) ഉദ്ദേശ്യങ്ങളോടുകൂടിയായാലും. ആത്മാക്കളുടെ സന്ദർശനങ്ങളിൽ വഞ്ചിക്കപ്പെടരുത് (don't be deceived by the visits and messages of the dead). ഇതുപോലെയുള്ള സംഭാഷണങ്ങളെ സഭതന്നെ നിരുത്സാഹപ്പെടുത്തുന്നതാണ്. ഇത്തരം 'സന്ദർശനങ്ങൾ' പലരെയും വഴിതെറ്റിച്ചിട്ടുണ്ട്.

ശുദ്ധീകരണ'സ്ഥലം', ആത്മാക്കളുടെ 'ശുദ്ധീകരണാവസ്ഥ' തുടങ്ങിയവയെ സംബന്ധിച്ച് വികലമായ പൊതുജനസങ്കല്പമാണ് പലപ്പോഴും നമ്മെ നയിക്കുന്നത്. ഭാവനകൾ ആത്മീയസന്ദേശങ്ങളെ സ്വാധീനിക്കാമെങ്കിലും അവയെ വേർതിരിച്ചറിയേണ്ടതാണ്. ശുദ്ധീകരണം എന്നത് ശിക്ഷയല്ല കരുണയുടെ പ്രവൃത്തിയാണെന്നതും, ക്രിസ്തുവിന്റെ സ്നേഹാഗ്നിയാണ്‌ വിശുദ്ധീകരിക്കുന്നത് എന്ന സത്യം നമ്മൾ നമ്മെത്തന്നെ എന്ന് പഠിപ്പിക്കും? മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിന്റെ പ്രേരണ പോലും അവരോടുള്ള സ്നേഹവും കൃതജ്ഞതയും ആവുന്നതിനു പകരം, അവരുടെ ഇടപെടലുകളിൽ നിന്നും സുരക്ഷ ഉറപ്പിക്കാനുള്ളതായി മാറുന്നതും അത് ഒരു ഭക്തിരൂപമായി മാറുന്നതും കാണണം.

ഭീതിയിൽ നിന്ന് പ്രേരകമായി പൂർവ്വികർക്കുവേണ്ടി വിശുദ്ധബലികൾ അർപ്പിക്കപ്പെടുമ്പോൾ, സ്നേഹത്തേക്കാൾ ഉപരി നമ്മെ നയിക്കുന്നത് അപായങ്ങളെ ഒഴിവാക്കുക എന്ന താല്പര്യമാണ്. സ്വന്തം പൂർവ്വികരാണെങ്കിലും മറ്റാരുതന്നെയാണെങ്കിലും കരുണയർഹിക്കുന്ന മനുഷ്യരാണവർ. വികലമായ ഉദ്ദേശ്യങ്ങളോടെ മരിച്ചവർക്കു വേണ്ടി എന്ന പേരിൽ ചെയ്യുന്ന കർമ്മങ്ങൾ അരക്ഷിത ബോധത്തിൽനിന്നു സ്വയം ആശ്വസിപ്പിക്കാനുള്ള ശുശ്രൂഷകളായി മാറുന്നു. അന്ധവിശ്വാസങ്ങളുടെ ചട്ടക്കൂടിലേക്ക് വിശ്വാസത്തെയും ഭക്തക്രിയകളെയും കൂദാശകളെയും കൊണ്ടുവരികയാണ്. കൂടുതൽ അനുഗ്രഹങ്ങൾക്ക്, ശിക്ഷയെയും ദൈവകോപത്തെയും മാറ്റാൻ, പ്രത്യേക കാര്യസാധ്യങ്ങൾക്ക് എന്നിങ്ങനെ കൂദാശകളിലെ ഭാഗഭാഗിത്വത്തിന് ഭക്തിയിൽ മറഞ്ഞ മറ്റുദ്ദേശ്യങ്ങൾ പ്രേരണകളാകുമ്പോൾ കുർബാനയും കുമ്പസാരവും കൂദാശകൾ എന്ന സ്ഥാനത്തുനിന്നും ഭക്തിക്രിയകളായി മാറുകയും (sacraments to devotional practices) അവ യഥാർത്ഥത്തിൽ എന്താണോ അതിൽ നിന്നും ഒരുപാടു അകന്നുപോവുകയും ചെയ്യുന്നു. വ്രണിതമായ വർത്തമാനകാല തലമുറയുടെ മേലും, അതിനു കാരണക്കാരാണെന്നു കരുതപ്പെടുന്ന പൂർവ്വികരുടെ മേലും ‘പരിഹാരമായി’ കാണപ്പെടുന്ന പ്രത്യേക പ്രാർത്ഥനയായി കരുണകൊന്ത മാറുകയാണ്. മാതാവിനെ മാറ്റിനിർത്താനാവാത്തതിനാൽ ജപമാലയും അപ്രകാരം തന്നെ അവയുടെ ധ്യാനാത്മകതയിൽ നിന്നകന്ന് പ്രത്യേകം ശക്തികളും അനുഗ്രഹങ്ങളും ‘പുറപ്പെടുവിക്കാവുന്ന’ സൂത്രവാക്യങ്ങളാക്കി മാറ്റപ്പെടുകയാണിവിടെ.

വൈകാരികമോ മാനസികമായോ ആയ ആഘാതം നേരിട്ടുള്ള വ്യക്തികൾക്ക് സ്വന്തം ജീവിതങ്ങളുടെ കൂർത്ത യാഥാർത്ഥ്യങ്ങളിലൂടെ കടന്നു പോകാനാവശ്യമായ അനുധാവനം ലഭിക്കേണ്ടതുണ്ട്. പ്രിയപ്പെട്ടവരുടെ വേർപാടിൽ വേണ്ടതായ വിലാപവും, അസ്വാഭാവികമായതാണെങ്കിൽ, പ്രത്യേകിച്ച് ആ ആഘാതത്തിൽ നിന്നു പുറത്തുവരുവാൻ ആവശ്യമായ സമയവും മാർഗ്ഗങ്ങളും അനുവദിക്കുകയും ആരോഗ്യാവസ്ഥയിലേക്കു കൊണ്ടുവരികയും ചെയ്യുക എന്നത് ഒരു വിശ്വാസിസമൂഹത്തിന്റെ തന്നെ കടമയായി ഏറ്റെടുക്കേണ്ടതാണ്. പകരം പരിതാപമോ വികലമായ വ്യാഖ്യാനങ്ങളോ വഴി അവരെയും നമ്മെത്തന്നേയും അവിശ്വാസത്തിലേക്കു നയിക്കുന്ന പ്രവണതയാണ് നമ്മൾ സ്വീകരിക്കുന്നത്.

സ്വാഭാവികമോ മനസിലാക്കാൻ പറ്റാത്തതോ ആയ മറ്റനേകം കാരണങ്ങൾ ജീവിതത്തിന്റെ അസ്വസ്ഥതകൾക്കും 'തടസങ്ങൾക്കും' ഉണ്ടാകാം. ഇരയാക്കപ്പെട്ട മാനസികാവസ്ഥ ‘victim mentality’ അരക്ഷിതാവസ്ഥ, പുറത്തുകടക്കാനാവാത്ത, മുമ്പോട്ടുപോകാനാവാത്ത അവസ്ഥകളെയൊക്കെ പൂർവ്വികരുടെ മേൽ ആരോപിക്കുന്നത് ശരിയല്ല. ഇത്തരത്തിലുള്ള പ്രവണതകൾ വിശ്വാസികൾക്കിടയിൽ വിചിത്രമായ ഭ്രമമായി മാറുന്നത് അജപാലന ശുശ്രൂഷക്ക് നല്കപ്പെടേണ്ട പ്രാധാന്യത്തിൽ പരാജയം സംഭവിക്കുന്നു എന്നതുകൊണ്ടാണ്. യഥാർത്ഥ വിശ്വാസം പകർന്നു കൊടുക്കുന്നതിൽ അവഗണന കാണിക്കപ്പെടുകയോ വിശ്വാസങ്ങളിലെ സത്യാവസ്ഥയെ മറച്ചുവയ്ക്കപ്പെടുകയോ ചെയ്യുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ശരീരം വെറും വസ്ത്രം പോലെയാണെന്നും, ആത്മാവാണ് യഥാർത്ഥ മനുഷ്യസത്തയെന്നുമൊക്കെയുള്ള അക്രിസ്തീയ പ്രബോധനങ്ങൾ പ്രസംഗങ്ങളിലും ഭക്തിഗീതങ്ങളിലും നിറയുന്നെങ്കിലും അവയെ തിരിച്ചറിയാൻ കഴിയാതെ പോകുന്നത് നിർഭാഗ്യമെന്നേ കരുതാനാകൂ. ആത്മാക്കൾ കുടികൊള്ളുന്ന പനയും പാലയും വെട്ടിക്കളയണമെന്ന ഉപദേശങ്ങൾ നൽകപ്പെടുന്ന 'ക്രിസ്തീയ ആത്മീയത'കൾ വിരൽചൂണ്ടുന്നത് എന്തിലേക്കാണ്? കുട്ടിച്ചാത്തൻ, യക്ഷി തുടങ്ങിയവയെക്കുറിച്ചുള്ള നാട്ടുകഥകൾ സമർത്ഥമായി വിശ്വാസത്തിന്റെ ഭാഗമാകുന്നതിന്റെയും കാരണമിതാണ്. ‘അതിനു ശേഷം ഇത്, അതുകൊണ്ടു അത് ഇതിനു കാരണമാണ്’ എന്ന തരത്തിലുള്ള ന്യായങ്ങളാണ് അതിനായി നൽകപ്പെടുന്നത്. ഇതിലൊക്കെയും നമ്മൾ ദൈവത്തെ ഏതു തരത്തിൽ കാണുന്നു എന്ന വലിയ ചോദ്യം ഉയരുന്നു. അങ്ങനെ വികലമായ ധാരണകളെ യേശുവിന്റെയോ മാതാവിന്റെയോ സന്ദേശങ്ങൾ 'ആക്കപ്പെടുന്നുണ്ടെങ്കിൽ' അവയിലെ ദുരുദ്ദേശ്യവും, 'ആകപ്പെടുന്നുണ്ടെങ്കിൽ' അവക്കു ലഭിക്കേണ്ട മാർഗനിർദേശികളും അതീവമായ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ്. ആളുകൾ എന്ത് വിശ്വസിക്കുന്നെന്നോ അങ്ങനെയുള്ള വിശ്വാസങ്ങളുടെ അർത്ഥതലങ്ങൾ എന്തെന്നോ ഗൗരവമായി പരിഗണിക്കുന്നവർ കുറയുന്നതെന്തുകൊണ്ടാണ്?

കൃപയിലുള്ള വളർച്ച എന്നത് ജീവിതകാലം മുഴുവൻ ഉള്ളതാണ്. വ്യക്തിപരമായി രൂപീകരിച്ചു പ്രചാരത്തിലുള്ളതല്ലാതെ, മന്ത്രശക്‌തികളെ നീക്കിക്കളയാൻ ‘സൂത്രവാക്യങ്ങളായോ’ പ്രത്യേക'ശക്തിയുള്ള' പ്രാർത്ഥനകളായോ ഒന്നുംതന്നെയില്ല. നല്ല ഉദ്ദേശ്യങ്ങൾക്കുവേണ്ടിയാണെങ്കിലും 'മാന്ത്രികമായി' ഉപയോഗിക്കപ്പെടുന്ന പ്രാർത്ഥനകളും ആരോഗ്യപരമല്ല. അവിടെ പ്രാർത്ഥനകൾക്കു മന്ത്രങ്ങളെന്നപോലെയുള്ള (white magic) പ്രാധാന്യമാണ്‌ നൽകപ്പെടുന്നത്. പ്രത്യേക ‘ശക്തികളുള്ള’ പ്രാർത്ഥനകളും ഭക്തിക്രിയകളും പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ അവ സത്യത്തിൽ ദൈവത്തിൽ നിന്ന് നമ്മെ അകറ്റുകയാണെന്നത് തിരിച്ചറിയണം. പ്രത്യേക പ്രാർത്ഥനകളെയും ഭക്തികളെയും ബൈബിൾ വാക്യങ്ങളെയും മാന്ത്രികമായി ഉപയോഗിക്കുന്നതിലെ കൃപാരാഹിത്യം ഇനിയെങ്കിലും മനസ്സിലാക്കണം. ‘ഭക്തി’ കൂടുകയും, എന്നാൽ വ്യക്തിപരമായും സാമൂഹികവുമായും ആത്മീയതയിൽ ശുഷ്കമായിപ്പോകുന്നതിന്റെയും യാഥാർത്ഥ്യം ഇതിനോട് ചേർത്തുവച്ച് ചിന്താവിഷയമാക്കണം.

ആരെങ്കിലും നമുക്കെതിരെ മന്ത്രവാദം ചെയ്തിട്ടുണ്ടാവുമ്പോ എന്നോ ആരുടെയെങ്കിലും ശാപങ്ങൾ ഏറ്റിട്ടുണ്ടോ എന്നോ സംശയമുണ്ടായിരിക്കുകയോ ചെയ്താലും, ഇനി ഉറപ്പുണ്ടെങ്കിൽ തന്നെയും ഭയപ്പെടേണ്ടതില്ല. അവയിൽ നമ്മൾ 'വിശ്വസിക്കുന്നുണ്ടെങ്കിൽ,' എന്ന് വെച്ചാൽ, അത്തരം ചിന്തകൾ നമ്മെ പേടിപ്പെടുത്തുന്നുണ്ടെങ്കിൽ നമുക്ക് ബലക്കുറവ് വന്നേക്കാം, കാരണം ആ സംശയവും ഭയവും നമ്മുടെ ദൈവാശ്രയ ബോധത്തിന്റെയും വിശ്വാസത്തിന്റെയും കുറവാണു കാണിക്കുന്നത്. അപ്പോഴാണ് തിന്മകൾക്ക് നമ്മിൽ സ്വാധീനമുണ്ടാക്കാൻ കഴിയുന്നത്. വിട്ടുകളയുകയെന്നതാണ് ചെയ്യേണ്ടത്, ദൈവത്തിൽ ആശ്രയിക്കുക, തിന്മ ചെയ്തവർക്ക് വേണ്ടിക്കൂടി പ്രാർത്ഥിക്കുക, സമാധാനത്തിൽ ആയിരിക്കുക. അനീതിയുടെ പ്രവൃത്തികൾ നമ്മിൽ നിന്നുണ്ടായിട്ടുണ്ടെങ്കിൽ അതേക്കുറിച്ചു മനസ്തപിക്കേണ്ടത് നമ്മൾ തന്നെയാണ്. അത് അടുത്ത തലമുറയിലേക്ക് ആരോപിക്കുന്നതിൽ ദൈവികന്യായമില്ല. രോഗങ്ങളോ ദുരവസ്ഥകളോ പരീക്ഷകളോ ദൈവത്തിന്റെ ഇഷ്ടമേ അല്ല, അപ്പോൾ അത് മറ്റെന്തോ തിന്മയുടെ സ്വാധീനം ആണ് എന്ന രീതിയുള്ള വ്യാഖ്യാനങ്ങൾ തീർത്തും ശരിയല്ല. അത്തരം സാഹചര്യങ്ങളിൽ, അങ്ങനെ എന്തെങ്കിലും ആണോ, ഉണ്ടായിരിക്കുമോ, എന്തെങ്കിലും ആപത്തു വരുമോ തുടങ്ങിയ ആകാംക്ഷ, സംശയം, ഭയം തുടങ്ങിയവയിൽ നിന്നാണ് നമുക്ക് സ്വാതന്ത്ര്യം വേണ്ടത്. അതിനു ദൈവകൃപയോടുള്ള സഹകരണവും ദൈവാശ്രയബോധവുമാണ് നമ്മെ നയിക്കേണ്ടത്.

പൂർവ്വികരോടുള്ള കൃതജ്ഞതയും സ്നേഹവുമാണ് അവർക്കു വേണ്ടിയുള്ള പ്രാർത്ഥനകളുടെ ക്രിസ്തീയ പ്രചോദനം. മരിച്ച സകലർക്കും വേണ്ടിയാണ് പ്രാർത്ഥിക്കുന്നതെങ്കിൽ ഉദാരതകൂടി കാണിക്കുന്നു; ഭയമാവരുത് അവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളുടെ പ്രേരകഘടകം. ശല്യപ്പെടുത്തുന്ന ‘പൂവ്വികരുണ്ടാക്കുന്ന അസ്വസ്ഥതകളിൽനിന്നു വിടുതൽ’ വാഗ്ദാനം ചെയ്യുന്ന ശുശ്രൂഷകർ നിർവാഹമില്ലാതെ നട്ടംതിരിയുന്നവരുടെ നിസ്സഹായരായവരുടെ ചഞ്ചലാവസ്ഥകളെയും ചപലതകളെയും കൊളുത്തിവലിക്കുന്ന ക്രൂരവിനോദമാണ്. നമ്മുടെ വിശുദ്ധീകരണത്തിനു വേണ്ടി, പൂർവ്വികരിലേക്കു നീളുന്ന പാപവേരുകളെ മുറിച്ചു കളയുക എന്ന രീതിയിലുള്ള ഭക്ത്യാഭാസങ്ങൾ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. അവ പ്രായോഗികതലത്തിൽ അനുദിനഭക്തിക്രിയയായി മാറുന്നു എന്നത് തീർത്തും അനാരോഗ്യകരവുമാണ്.

ഒരു തലമുറ അടുത്ത തലമുറയെ സ്വാധീനിക്കുന്നത് (influences) സ്വാഭാവികമാണ്. ചുറ്റുപാടുകളുടെ സ്വാധീനവും, അനുകരിച്ചു ശീലിക്കുന്നതും സാമൂഹികവും മതപരവുമായ പരിശീലനങ്ങളും അതിൽപ്പെടും. ‘പൂർവ്വികരുടെ പാപം’ എന്നതുകൊണ്ട് അവരിലാരെങ്കിലും ചെയ്തിട്ടുള്ള തെറ്റുകളെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിൽത്തന്നെ തെറ്റില്ല. പാപം വ്യക്തിപരമാണ്; ഒരാൾ സ്വതന്ത്രമായി തെരഞ്ഞെടുത്ത പ്രവൃത്തിയാണത്. ഒരാളുടെ പാപമോ അതിനുള്ള ശിക്ഷയോ മറ്റൊരാളിലേക്ക് പകരപ്പെടുന്നില്ല, പൂർവ്വികരിലൊരാൾ ഒരു പ്രത്യേക പാപം ചെയ്തിരുന്നു എന്നതുകൊണ്ട് വരും തലമുറകൾ അത് ചെയ്യണമെന്നില്ല. ഇളം തലമുറയിൽ അത് കാണപ്പെടുന്നെങ്കിൽ അത് മുൻതലമുറയിൽ നിന്നുള്ള തുടർച്ചയായി കാണേണ്ടതുമില്ല. ജനിതകപരമായ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന പ്രവൃത്തികൾ പിന്നീടുള്ള തലമുറകളെ ബാധിക്കുന്നെങ്കിൽ അത് ജൈവികമായ പ്രകൃതിയുടെ പ്രവൃത്തിയാണ്, ശിക്ഷയായോ ശാപമായോ അല്ല.

പ്രശ്നങ്ങളുടെ ഉറവിടങ്ങൾ അന്വേഷിച്ചു പുറത്തേക്കു നോക്കുക എന്നത് ഇവിടെ പൊതുവായ ശൈലിയാണ്. അത് പൂർവ്വികരോ, പിശാചോ, ശാപമോ, മറ്റുള്ളവരുടെ ആഭിചാരക്രിയകളോ ഒക്കെയാകാം. പ്രശ്നത്തിന്റെ കാരണങ്ങളിലോ, അതിന്റെ പരിഹാരങ്ങളെക്കുറിച്ചോ സ്വന്തം ഉത്തരവാദിത്തങ്ങളെ മാറ്റിനിർത്തുകയെന്നത് അതിന്റെ ഭാഗമാണ്. അത്തരത്തിലുള്ള എളുപ്പത്തിലുള്ള വ്യാഖ്യാനങ്ങളും വെളിപാടുകളും കൂടുതൽ അസ്വസ്ഥതകളും പേടിയും നിറച്ചു ഭാരപ്പെടുത്തുകയാവും ചെയ്യുക. പകരം ക്ഷമ, ധൈര്യം, ദൈവാശ്രയബോധം എന്നീ മൂല്യങ്ങളിൽ മുന്നോട്ടു നടക്കാൻ, ബുദ്ധിമുട്ടാണെങ്കിലും, പരിശീലിക്കുകയാണ് വേണ്ടത്.

please see also 

ശുദ്ധീകരണം

ഹേറോദേസ്

ക്രൂരതയും ഭയവും നിറഞ്ഞ ഒരാൾക്ക് അധികാരം ലഭിച്ചാലുള്ള അപകടമാണ് ഹേറോദേസ് കാണിക്കുന്നത്. രക്തവും മരണവും അത്തരക്കാർക്ക് ആനന്ദമാണ്. 

പലായനം ചെയ്യുന്ന ആരുടേയും ഭയം ഈജിപ്തിലേക്ക് പോയ യൗസേപ്പിനും മറിയത്തിനും ഉണ്ടായിരുന്നു; വേട്ടയാടപ്പെടുന്നവരുടെ മരണഭയം. 

മരണത്തിനിരയായ കുഞ്ഞുങ്ങളെ വീരവൽക്കരിക്കുകയല്ല മറിച്ച്, ആ കൊലയെ അപലപിക്കുകയാണ് വേണ്ടത്. അത് കണ്ണാടിയിലെന്നപോലെ അയാളുടെ ക്രൂരതയും  ഭയവും അയാൾക്ക്‌ കാണിച്ചു കൊടുക്കണം.

മരണത്തിന് എറിഞ്ഞുകൊടുക്കപ്പെടുന്ന പാവങ്ങളിൽ ഓരോന്നിലും ഈ ശിശുക്കൾ പിടയുന്നു.

പട്ടിണിയിലേക്ക് വലിച്ചിഴക്കപ്പെടുന്ന, നേർക്കാഴ്ചകളുടെ ആഘാതത്തിൽ മനസ് നിശ്ചലമായിപ്പോകുന്ന ഓരോ കുഞ്ഞും ഇരയാക്കപ്പെട്ട കുഞ്ഞിപ്പൈതങ്ങൾ തന്നെ. 
 

ഡിസംബർ 27, 2020

നീതിക്കു വേണ്ടിയുള്ള ദാഹം

കാരിമാറ്റത്തിലച്ചന്റെ ബൈബിൾ ചിത്രകഥകളിൽ എന്നെ ഏറ്റവും അസ്വസ്ഥനാക്കിയത് 'മിക്കാ' ആയിരുന്നു. വീടും നാടും വിട്ട് ഓടിപ്പോകേണ്ടി വന്നാൽ എങ്ങോട്ട് പോകും എന്ന ചിന്തയായിരുന്നു ആ കുഞ്ഞുമനസിന്റെ ആശങ്ക. തെരുവിൽ അലയുന്ന വീട്ടുകാരെയും അയൽക്കാരെയും സങ്കൽപ്പിക്കാൻ തന്നെ ഭയമായിരുന്നു. പള്ളിയിലേക്കുള്ള വഴിയിൽ പോലും പലരും നട്ടുനനയ്കുന്ന തെങ്ങും വാഴയുമൊക്കെ ഒരുദിവസം വെട്ടിനശിപ്പിച്ചാൽ എങ്ങനെയാവും എന്ന ആകുലതയുണ്ടായിരുന്നു.

കർഷകസമരത്തിൽ മരിച്ചുകൊണ്ടിരിക്കുന്നവർ, ആത്മഹത്യ ചെയ്യുന്നവർ, അവരെക്കുറിച്ചോർക്കുന്ന കുടുംബങ്ങൾ ഇവയൊക്കെയും അവരുടെ സ്വകാര്യ ദുഃഖങ്ങൾ മാത്രമായി മാറുന്നു എന്നത് വേദനാജനകമാണ്. "ഈ സ്ഥിതിയിൽ ഞാൻ അങ്ങയെ കണ്ടിരുന്നെങ്കിൽ, എന്നെത്തന്നെ വിസ്മരിച്ച് ഞാൻ അങ്ങയെ സഹായിക്കുമായിരുന്നു." എന്നിട്ടോ? വിസ്മരിച്ചുകൊണ്ടല്ല, നമ്മുടെ സ്ഥിതി ഓർത്തുകൊണ്ടുതന്നെയാണ് അവരുടെ ദുഃഖങ്ങളിൽ പങ്കുചേരേണ്ടത്‌.
പാലിച്ചു നട്ടുവളർത്തുന്ന, ഓരോന്നിലും അവയുടെ വേരുകൾക്ക് നൽകപ്പെടുന്നത് കർഷകരുടെ ജീവരക്തം തന്നെയാണ്. അതുകൊണ്ടാണ് കാർഷികമേഖലയിലുള്ള ചൂഷണങ്ങളിൽ കർഷകരുടെ ജീവൻ പിടക്കുന്നത്. രാജാവിന് ഉദ്യാനം ആസ്വാദ്യതയാണ്. നാബോത്തിന്റെ രക്തം അവന്റെ മുന്തിരിത്തോപ്പിന്റെ ജീവനായിരുന്നു. അതുതന്നെയാണ് ആവർത്തിക്കപ്പെടുന്നത്. സൃഷ്ടിക്കപ്പെടുന്ന കാട്ടുതീകളും കുടിയിറക്കുകളും ആസ്വാദ്യത, വികസനം നന്മ എന്നൊക്കെയുള്ള പേരുകളിലാണ്. ആര് ഇതിനു അർഹരായിത്തീരുന്നു എന്നതാണ് വലിയ ശ്രദ്ധയർഹിക്കുന്ന ചോദ്യം. ലാഭം സാമ്പത്തികതാല്പര്യമാണ്. എന്നാൽ മണ്ണ്, വിള വളർച്ച സ്വപ്‌നങ്ങൾ എന്നിവ കർഷകന്റെ ജീവിതത്തിന്റെ അർത്ഥമാണ്. നടീൽ, വിളവെടുപ്പ്, വിതരണാധികാരം തുടങ്ങിയവ ഏറ്റവും ചുരുങ്ങിയ ഏതാനം ശക്തികളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് ക്രൂരമായ ഒരു സാമ്പത്തിക വ്യവസ്ഥിതിയുടെ ശൈലിയാണ്. അവിടെ ഇരയാക്കപ്പെടുന്നത് കർഷകർ മാത്രമല്ല എന്ന് തിരിച്ചറിയപ്പെടുന്നിടത്തേ സ്വാഭാവികമായും ഉണ്ടാകേണ്ട നടുക്കം ശരിക്കും അനുഭവപ്പെടൂ.
അധികാരം, പണം, സ്വാധീനം വച്ചുകൊണ്ടു ഭൂമാഫിയ പാവങ്ങളുടെ കഴുത്തു ഞെരിച്ച് ഇറക്കിയോടിച്ചപ്പോൾ അത് അന്യായമായിരുന്നു. എന്നാൽ തീർത്തും നിയമപരമായിത്തന്നെ കർഷകരുടെ മേൽ നടത്താവുന്ന കടന്നുകയറ്റത്തോട് എങ്ങനെ പ്രതികരിക്കാനാവും. വൻശക്തികളുടെ ചൂഷണശ്രമങ്ങൾക്ക് നിയമസാധുത നൽകുന്ന നീക്കങ്ങളെ കരുതലോടെ സമീപിച്ചില്ലെങ്കിൽ, അറിഞ്ഞുകൊണ്ടുതന്നെ ആ അനീതിയെ നമ്മളും അനുവദിക്കുകയല്ലേ?
'ആമോസ്' ചിത്രകഥയിലെ സംഭാഷണശകലം എന്നും ഓർമ്മയിൽ മുഴങ്ങുന്നവയായിരുന്നു. "പാവങ്ങളെ കൊളുത്തിലിട്ടു വലിക്കുന്ന കൊലക്കത്തിയാണ് നിങ്ങളുടെ നിയമം, " "നിങ്ങൾ തല്ലിക്കൊന്നു കുഴിച്ചുമൂടിയ പാവങ്ങളുടെ അസ്ഥികൂടങ്ങൾ നിങ്ങൾക്കെതിരെ വരും."
"നീതി ജലം പോലെയൊഴുകട്ടെ, ന്യായവിധി വറ്റാത്ത നീർച്ചാൽ പോലെയും!" ആ
നീതിക്കു വേണ്ടിയുള്ള ദാഹം ഒരു വേദനയാണ്.

ഡിസംബർ 26, 2020

തെറ്റിത്തെളിഞ്ഞ നക്ഷത്രം

"മിശിഹായുടെ നക്ഷത്രം ഹേറോദേസിന്റെ കൊട്ടാരമുകളിൽ" വലിയ തലക്കെട്ടായിരുന്നു അത്.

കാലങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് മിശിഹായുടെ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. രാത്രിവൈകിയും തിരുഗ്രന്ഥം പഠിച്ചുകൊണ്ടിരുന്ന ഏതാനം പുരോഹിതരാണ് ആദ്യം നക്ഷത്രം കണ്ടത്. പിന്നീട്, അത് മിശിഹായുടെ നക്ഷത്രം തന്നെയാണെന്ന് നിയമജ്ഞരും സ്ഥിരീകരിച്ചു. ചില അത്ഭുതസംഭവങ്ങളും ഇതോടൊപ്പം നടന്നതായി നാട്ടുകാർ പറയുന്നു. ആകാശത്തുനിന്ന് ഗാനമാലപിക്കുന്ന സ്വരം ചിലർ കേട്ടു, മറ്റുചിലർ മാലാഖമാരെയും കണ്ടു. ദാവീദിന്റെ സിംഹാസനത്തിൽ ഭരണം നടത്തേണ്ടവൻ ഹേറോദേസുതന്നെയാണെന്ന് മാലാഖമാർ പറഞ്ഞെന്ന് അവർ പറയുന്നു. സന്ദർശനങ്ങൾക്കും ആഘോഷങ്ങൾക്കും ആവശ്യമായ ഒരുക്കങ്ങൾ നടത്തിവരുന്നതായി കൊട്ടാരവൃത്തങ്ങൾ അറിയിക്കുന്നു.

ഒരു പ്രശ്നവുമില്ലാതെ കാര്യങ്ങൾ നടന്നു. പതിനഞ്ചു ദിവസത്തേക്ക് സന്ദർശനം സൗജന്യം. മുന്തിയ വീഞ്ഞും ഭക്ഷണവും നൽകപ്പെടും... രാജാക്കന്മാർ അതിർത്തികടക്കുന്നതിനു മുമ്പേ അവർ കൊട്ടാരത്തിലേക്കോടുന്ന ആളുകളെ കണ്ടു, കൂടാതെ ബാനറുകൾ, പോസ്റ്റുകൾ, പാട്ടുകൾ ... തങ്ങൾക്കു തെറ്റിപ്പോയി എന്നവർക്ക് തോന്നി. പൊന്നും മീറയും കുന്തിരിക്കവും തിരിച്ചെടുക്കുവാനായി അവർ തിരികെ നടന്നു. അധികാരത്തിലും രാജ്യവിസ്തൃതിയിലും ഹേറോദേസ് വളർന്നു. രക്ഷകനായ മിശിഹായായി. താൻ കബളിപ്പിക്കപ്പെട്ടെന്ന് കണ്ട ഹേറോദേസ് PR വകുപ്പിനെക്കൊണ്ട് തൂക്കിയിടീച്ച LED സ്റ്റാർ യഥാർത്ഥ നക്ഷത്രത്തെ നിഷ്‌പ്രഭമാക്കി.

സമാന്തരസത്യങ്ങൾ 'സൃഷ്ടിക്കപ്പെടുന്നവ'യാണ്, അവക്ക് ശരീരമെടുക്കുക സാധ്യമല്ല. ജനത്തിനു സംതൃപ്തമാകുന്നത് എന്താണോ അതാണ് സത്യമായി നൽകപ്പെടുന്നത്. ക്രിസ്തുവിനു പോലും സമാന്തരസത്യങ്ങൾ രൂപപ്പെടുത്തപ്പെടുന്ന കാലഘട്ടത്തിലാണ് നമ്മൾ. കൂടുതൽ ആളുകൾ തേടുന്ന ക്രിസ്തുരൂപങ്ങൾ നല്കപ്പെടാറുണ്ടെങ്കിലും അവ അവതരിക്കാറില്ല. സ്ഥാപിതതാല്പര്യങ്ങളില്ലാതെ പച്ചമനുഷ്യനെ ഉൾകൊള്ളാൻ അവക്ക് കഴിയില്ല എന്നതുകൊണ്ട് തന്നെ.

സമാന്തരക്രിസ്തുമാരും സമാന്തരവചനങ്ങളും പിടിമുറുക്കുന്ന കാലത്ത് ക്രിസ്തുവിനെ കണ്ടെത്തുവാനും വചനം ഉള്ളിൽ കേൾക്കുവാനും ഹൃദയങ്ങൾ ഒരുക്കാൻ നമുക്ക് കഴിയട്ടെ. കൂടെയുള്ള ക്രിസ്തുവിനെ അറിയുവാനും, സത്യത്തെ തിരിച്ചറിയുവാനും മതബോധനത്തിലും, മറ്റു പരിശീലനങ്ങളിലും സന്യാസ-പൗരോഹിത്യ പരിശീലനസമയത്തും ഈ തലമുറയ്ക്ക് അവസരങ്ങൾ ഒരുങ്ങേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, ഉണ്ണിയേശു സ്നേഹിക്കപ്പെടില്ല, ആട്ടിടയർക്കു സമാധാനഗീതം കേൾക്കാനാവില്ല. ക്രിസ്തു ഗിരിപ്രഭാഷണം നൽകുമ്പോൾ കൊട്ടാരത്തിന്റെ ബ്രാൻഡ്‌കേന്ദ്രങ്ങളിൽ സമാന്തരസുവിശേഷങ്ങൾ ആളുകളെ കുടിപ്പിച്ചുകൊണ്ടിരിക്കും.

ക്രിസ്തുരഹസ്യം എന്നത് നമ്മൾ രൂപവത്കരിക്കുന്ന ക്രിസ്തുസങ്കല്പത്തെക്കാൾ ബൃഹത്താണ്. അതുകൊണ്ടാണ് അറിയുമെന്ന് കരുതുമ്പോഴും ഇനിയും ഹൃദയം തുറന്നിടേണ്ടതിന്റെ ആവശ്യകത. നിർവചനങ്ങളിൽ ക്രിസ്തു പൂർണ്ണമായി കാണപ്പെടില്ല, കാരണം സകലത്തെയും സമന്വയിപ്പിച്ചു ചേർത്തുനിർത്തുന്ന ആ വലിയ രഹസ്യമാണ് വചനം. അതിന്റെ മനുഷ്യരൂപമാണ് ക്രിസ്തു. മനുഷ്യനായി പിറന്നെന്നാലും, നമ്മിൽനിന്ന് പുറത്തു നിൽക്കുന്നവനല്ല ക്രിസ്തു. മനുഷ്യൻ നേരിൽ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ നമ്മിൽ ഓരോരുത്തരിലും ജീവിച്ചുതുടങ്ങുകയാണ് തിരുപ്പിറവിയുടെ വിശാലമായ മാനം. ക്രിസ്തുവിനെ ജീവിച്ചു തുടങ്ങുന്ന ഓരോരുത്തരും പ്രവേശിക്കുകയും തുറന്നുനല്കുകയും ചെയ്യുന്ന ദൈവരാജ്യം. എന്നെന്നേക്കുമായി ഒരിക്കൽ വന്നുചേരുന്ന അവസ്ഥയല്ല അത്. അതൊരു പ്രക്രിയയാണ്. ദൈവരാജ്യത്തിന്റെ വലിയ ഞെരുക്കമാണത്. മനുഷ്യാവതാരം ചെയ്ത വചനരൂപം പോലെ ആയിത്തീരാൻ ബലഹീനരായ നമ്മൾ ഓരോരുത്തരും ദൈവത്തിലർപ്പിക്കുന്ന ആശ്രയമാണ് വിശ്വാസം. "ബെത്‌ലെഹെമിൽ ആയിരം തവണ ക്രിസ്തു ജനിച്ചാലും, ക്രിസ്തു നിന്നിൽത്തന്നെ ജനിക്കുന്നില്ലെങ്കിൽ നിനക്ക് അത് നഷ്ടമാണ്" എന്ന് Angelus Silesius പറഞ്ഞത് ഓർമ്മിക്കാം.

ഡിസംബർ 25, 2020

സന്ദർശനങ്ങളും അഭിവാദനങ്ങളും

സന്ദർശനങ്ങളും, അഭിവാദനങ്ങളുമാണ് ഉടനീളം.  
മാലാഖയുടെ സന്ദർശനം,
മറിയത്തിനും യൗസേപ്പിനും സക്കറിയായ്ക്കും ആട്ടിടയർക്കും ...
മറിയത്തിന്റെ സന്ദർശനം, 
ജ്ഞാനികളുടെ സന്ദർശനം ...
"നീ ഭയപ്പെടേണ്ട, ശങ്കിക്കേണ്ട ..."
അഭിവാദനങ്ങൾ അവരെ ആശ്വസിപ്പിച്ചു, പരിശുദ്ധാത്മാവിനാൽ നിറച്ചു.
"ദൈവം തന്റെ ജനത്തെ സന്ദർശിച്ച് രക്ഷിച്ചിരിക്കുന്നു," സക്കറിയ ആനന്ദിച്ചു പാടിയതാണ്.

പിറവിയെടുക്കാൻ വെമ്പുന്ന വചനവും, സത്രം തേടുന്നവരും, ദൈവസുതന് വേണ്ട കരുതൽ പോലെ പരിപാലന ആവശ്യമുള്ളവരും വെളിപ്പെട്ട വർഷമാണിത്.
ചുറ്റുമുണ്ടായിരുന്നിട്ടും, ഇടുങ്ങിയ ഹൃദയം മറച്ച വെളിപാടുകൾ.
അവർ നമ്മുടെ ഇടയിലുണ്ടായിരുന്നു, എന്നാൽ നമ്മൾ അവരെ തിരിച്ചറിഞ്ഞില്ല 
തങ്ങളിലേക്ക് പ്രതീക്ഷയോടെ നോക്കിയ കണ്ണുകൾക്ക് ആശ്വാസം പകർന്ന നഴ്‌സുമാർ, ഡോക്ടർമാർ, ...
സ്പർശം ഭയപ്പാടുണ്ടാക്കിയപ്പോൾ ഹൃദയഭാഷ പഠിച്ചെടുത്തവർ,
തളർച്ചയിലും പുതിയ ഊർജ്ജം തേടിയ സാമൂഹ്യപ്രവർത്തകരും പോലീസുകാരും ...
സന്ദർശനവും അഭിവാദനവും ആശ്വാസവും പകർന്നിടത്തെല്ലാം പുതിയ മനുഷ്യാവതാരവും ഉണ്ടായിട്ടുണ്ടാവും.

വെറുപ്പും, സ്പർദ്ധയും ആശയക്കുഴപ്പങ്ങളുമുണ്ടാക്കുന്ന ഹേറോദേസുകളും നമുക്കിടയിലുണ്ട്. ആരാധനയുടെ ഭക്തിഭാഷയാണ് അയാൾ പറയുന്നത്, എന്നാൽ മിശിഹായെ വധിക്കുകയെന്നാണ് അയാളുടെ ലക്ഷ്യം. നമ്മിലെ ക്രിസ്തുരൂപത്തെ വികലമാകാതെ കാക്കണം. കേൾവി നേടിയെടുക്കുന്ന പ്രചരണങ്ങൾ ഏറിവരുമ്പോൾ, ഹേറോദേസിന്റെ അധികാരകാലം കഴിയും വരെ ഈജിപ്തിലെ ശാന്തതയിൽ അഭയാർത്ഥിയാകുന്നതാണ് ഉചിതം.

വാതിലുകൾ തുറന്നിടേണ്ടതുണ്ട് സന്ദർശനങ്ങളും അഭിവാദനങ്ങളും നമ്മിലെ ജീവന്റെ പുതുനാമ്പുകൾ വിടർത്തട്ടെ.
നമ്മുടെ വേരുകൾ ക്രിസ്തുവിലേക്ക് നീളട്ടെ
പുതിയ ജീവരൂപം നമ്മിൽ വളർന്ന് മറ്റൊരു ക്രിസ്തുവായി ജനിക്കാൻ.

ഡിസംബർ 24, 2020

ഇതാണ് ദേവാലയം

"ഇതാണ് ദേവാലയം" തന്നിലേക്ക് തന്നെ ചൂണ്ടിയാണ് ക്രിസ്തു അത് പറഞ്ഞത്.
ദൈവം നമ്മോടു കൂടെ ...
കൂടെ ആയിരിക്കുന്നവൻ വ്യത്യസ്തനായി അകന്നു മാറി നിൽക്കുമോ?
ദൈവസാന്നിധ്യത്തെ, ജീവിതത്തിന്റെ സാധാരണ ഭാവങ്ങളിൽ അംഗീകരിക്കാൻ നമുക്ക് മടിയാണ്. പാരമ്യങ്ങളും അസാധാരണ ഗുണങ്ങളുമാണ് ദൈവത്തിനു നല്കപ്പെടുന്നത്, അങ്ങനെയാണ് ദൈവം പ്രതീക്ഷിക്കപ്പെടുന്നത്. ദേവാലയത്തിന്റെ പ്രധാന ഇരിപ്പിടത്തിൽ ദർശനമനുവദിക്കുന്ന ദൈവപുരുഷനായല്ല ദൈവപുത്രൻ വന്നത്, അവൻ നമ്മുടെഅടുത്തേക്കു വന്നു, നമ്മേപ്പോലെയായി. അത് ഒരു ദുഃഖവെള്ളിയാഴ്ച രഹസ്യം മാത്രമല്ല, ഓരോ ദിനത്തിന്റെയും ആരോ ജീവാതാവസ്ഥയിലെയും രഹസ്യമാണ്. അവനു വിശന്നു, അവൻ വിയർത്തു, അവൻ തളർന്നു, അവൻ ആകുലനായി, അവൻ ദൈവത്തിലാശ്രയിച്ചു. ത്യാഗത്തിന്റെ ബലിയും ദേവാലയവും അവിടെയുണ്ട്.
 
ദേവാലയവും ദൈവവും ഒരു സ്വകാര്യ അഹങ്കാരമാണ്, 
അവ ആദര്ശങ്ങളുടെയും രാജത്വത്തിന്റെയും പ്രതീകമാകാറുമുണ്ട്,
ദൈവങ്ങളും ദേവാലയങ്ങളും മത്സരവിഷയമാകുന്നതും,
മേല്കോയ്മയുടെ അടയാളമായി ഉയർത്തിക്കാണിക്കപ്പെടുന്നതും 
അംബരചുംബികളായ ദേവാലയങ്ങൾ ദൈവാരാധനക്കെന്നതിനേക്കാൾ സാമ്രാജ്യത്വത്തിന്റെ ഇരിപ്പിടമാകുന്നതും  അതുകൊണ്ടാണ്.

ദൈവവും ദേവാലയവും ക്രിസ്തുവിൽ സ്വതന്ത്രമാക്കപ്പെടുന്നു.
അതിവിശുദ്ധസ്ഥലത്തു പ്രതീക്ഷിക്കപ്പെടുന്നവൻ കാലിത്തൊഴുത്തിൽ,
വിശുദ്ധിയുടെ അതിരുകൾ വരച്ച ദേവാലയം തുറക്കപ്പെടുമ്പോൾ, അതിരുകളില്ലാതെ എല്ലാവരും ഒരേപോലെ ആ ശിശുവിനരികിൽ.
കരുതലാവശ്യമുള്ള കുഞ്ഞായി ദൈവം മനുഷ്യകരങ്ങളിൽ ...
പരസ്പരമുള്ള ശുശ്രൂഷകൾ കല്ലുവെച്ച ഭിത്തികളെക്കാളും, കൊത്തുപണികളുള്ള ഗോപുരങ്ങളെക്കാളും മേന്മയുള്ള ദൈവഭവനം തീർക്കുന്നു. 

വിതക്കാരൻ വിതക്കുന്നു, മുളപൊട്ടുന്നതും വേരിറങ്ങുന്നതും അറിയുന്ന ആ വലിയ രഹസ്യത്തിന്റെ പേരാണ് വചനം. അതിന്റെ പവിത്രതയറിയുവാനും, അതിന്റെ നിർമ്മലതകളിൽ കാത്തുസൂക്ഷിക്കുവാൻ പണിപ്പെടുകയും ചെയ്യുന്ന ഏതു ഹൃദയത്തിലും ദേവാലയമുണ്ട്.  വചനരഹസ്യത്തിന്റെ ആ നിർമ്മലതകൾ മനുഷ്യനെക്കുറിച്ചാകാം, പ്രകൃതിയെക്കുറിച്ചാകാം, ചരിത്രത്തെക്കുറിച്ചാകാം. 

ഡിസംബർ 23, 2020

സ്നാപകൻ

തെരുവുകളിൽ സ്നാപകനാകാൻ കഴിയുന്ന നമുക്ക് ചുറ്റുമുള്ളവർക്കു ക്രിസ്തുവാകാൻ കഴിയാത്തതെന്തുകൊണ്ടാണ്? മൂകരും ശോഷിച്ചവനും മരിച്ചവനും ആയതുകൊണ്ടല്ല കഴിയാതെ പോകുന്നത്, ചെയ്യാത്തത് കൊണ്ടാണ് അങ്ങനെയാവുന്നത്.

സ്നാപകൻ വന്നത് വഴിയൊരുക്കുവാൻ. ദൈവത്തിന്റെ കുഞ്ഞാട് ഇതാ ...

പാപങ്ങൾ വഹിക്കുന്നവൻ, കൃപാശൂന്യത മൂലം വന്നുചേരുന്ന വേദനകൾക്ക് സൗഖ്യതൈലമാണ്. സ്നേഹം വഴി, കരുണവഴി, നീതിവഴി ശൂന്യതകൾ നീക്കി കൃപ നിറക്കുന്നു. അഗ്നിസ്നാനം!
ദൈവാത്മാവിന്റെ ആ ഫലങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലാണ് ഒരാളിൽ ക്രിസ്തുരൂപം ഉള്ളത്.

ഉപദേശം, പ്രസംഗം, തുടങ്ങിയവയിലൂടെ ഒരാൾക്ക് മറ്റൊരാളുടെ ഉള്ളിലെ സ്നേഹം, കരുണ, നീതിബോധം, ധീരത തുടങ്ങിയവയെ ചൂണ്ടിക്കാണിച്ചു കൊടുക്കാനായേക്കും. പുറമെയുള്ള സ്നാനമേ അത് നൽകുന്നുള്ളൂ. എന്നാൽ സ്നേഹം നൽകപ്പെടുമ്പോൾ, കരുണ പകരുമ്പോൾ, ധീരതയോടെ നീതിക്കുവേണ്ടി നിലകൊള്ളുമ്പോൾ അവ അഗ്നിയുടെ സ്നാനം നൽകും.
ഉള്ളിലുള്ള ഫലങ്ങളെ പ്രകടമായി പകർന്നുനൽകുക എന്നതിലാണ് അഭിഷേകത്തിന്റെ സ്പർശം. അതേനിമിഷങ്ങളാണ് മറ്റുള്ളവരിലെ അഗ്നിയെ ജ്വലിപ്പിക്കുക. കൊടുങ്കാറ്റിന്റെ ആരവവും, ജലത്തിന്റെ ഇരമ്പലും മറ്റും അടയാളങ്ങളാണ്. മന്ത്രശക്തിയായോ, വികാരത്തിരത്തള്ളലായോ അല്ല കൃപയും അഭിഷേകവും കടന്നു വരുന്നത്. ക്രിസ്തുവിനെപ്പോലെ സംസാരിക്കാൻ, സമീപിക്കാൻ, പ്രതികരിക്കാൻ, സ്വീകരിക്കാൻ, സ്നേഹിക്കാൻ ധീരതയോടെ സ്വയം തുറന്നു നൽകാൻ തയ്യാറാവുന്ന നിമിഷമാണ് അഭിഷേകം. അതില്ലാത്ത അഭിഷേക അനുഭൂതികൾ മായയാണ്. ക്രിസ്തുവിന്റെ മാമോദീസയും പിന്നീടുള്ള പ്രലോഭനങ്ങളും, ആ ഉറച്ച ഒരുക്കവും അതിന്റെ വെല്ലുവിളികളുമാണ്. നന്മ ചെയ്തു തുടങ്ങുമ്പോഴാണ് നന്മയുടെ അഭിഷേകം അറിയുകയും നന്മയുടെ അഗ്നി മറ്റൊരാളിലേക്ക് പകരപ്പെടുകയും ചെയ്യുന്നത്,. സ്നേഹം, സമാധാനം, കരുണ, ഉദാരത തുടങ്ങിയവയും അങ്ങനെതന്നെ.

പാപങ്ങൾ ക്ഷമിക്കുകയും ചുങ്കക്കാരനെയും സമരിയക്കാരനെയും സ്നേഹിക്കുകയും കുഷ്ഠരോഗിയെ ചേർത്തുപിടിക്കുകയും ജീവൻ പകർന്നു നൽകുകയും ചെയ്ത് അഗ്നിയുടെ സ്നാനം നൽകിയത് ക്രിസ്തുവാണ്. ക്രിസ്തുവിൽ നിന്ന് കണ്ടതും അറിഞ്ഞതും ഒരു മാതൃക മാത്രമായിരുന്നു അന്ന് വരെ. ക്രിസ്തുവിനെപ്പോലെ ജീവിച്ച്, അനേകർക്ക്‌ ക്രിസ്തുസ്വഭാവം പകർന്നുനൽകാമെന്ന ഉറപ്പിന്റെ ആദ്യപടിയായിരുന്നു പന്തക്കുസ്താ.

നീയും പോയി അതുപോലെ ചെയ്യുക.

ഡിസംബർ 22, 2020

അവിടുത്തെ ഉപകാരങ്ങൾക്കു പകരം

"കർത്താവ് എന്റെ മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കു പകരമായി ഞാൻ എന്ത് നൽകും" 
ലെക്കു കെട്ടെന്നു തോന്നിക്കുമാറ് ദൈവസന്നിധിയിൽ കരഞ്ഞവളാണ് ഹന്നാ
പ്രാർത്ഥനക്കു ലഭിച്ച ഉത്തരം ദൈവത്തിനായിത്തന്നെ നൽകുകയാണവൾ ...
കൃതജ്ഞതയിൽ നിന്നേ ഉദാരത ജനിക്കൂ!
നല്കപ്പെടുന്നതൊക്കെയും നല്കുവാനായാണ്.

ലോകത്തിനു ജീവൻ പകരുവാനായി മകനെ നൽകുന്ന മറ്റൊരമ്മ, മറിയം...
അവനു ലഭിച്ച തിരക്സ്കരണത്തിലും ദുഷ്‌പേരിലും മരണത്തിലും  അമ്മയുടെ  ഉദാരതയുണ്ട്.
"ശക്തനായവൻ വലിയകാര്യങ്ങൾ ചെയ്തിരിക്കുന്നു."

ആര് നല്കിയെന്നറിയാത്ത, എങ്ങനെ വന്നുചേർന്നെന്നറിയാത്ത, തിരിച്ചറിയപ്പെടാത്ത
എത്രയോ നന്മകളാണ് നമ്മെ ചേർത്തുപിടിക്കുന്നത്!
സ്വീകരിക്കപ്പെട്ടവയാണ് അവയൊക്കെയും എന്ന ബോധ്യത്തിലാണ് ഉദാരത ജനിക്കുന്നത്.
"വിശക്കുന്നവരെ അവിടുന്ന് വിശിഷ്ട വിഭവങ്ങൾ കൊണ്ട് തൃപ്തരാക്കുന്നു"

വാങ്ങിച്ചെടുക്കാവുന്നതാണ് സകലതും എന്ന മിഥ്യാവബോധത്തിലാണ് വികസനത്വരയിലുള്ള ലോകം.
"ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ അവിടുന്ന് ചിതറിക്കുന്നു"
"സമ്പന്നരെ വെറും കയ്യോടെ പറഞ്ഞയക്കുന്നു"

ദൈവസന്നിധിയിലെ നിലവിളിക്കു ലഭിച്ച ഫലം പോലും ഉദാരമായി നൽകുവാനുള്ള ഹൃദയം 
"ഇതാ ഇപ്പോൾമുതൽ തലമുറകൾ എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും"
അങ്ങനെ, അവിടുത്തെ നാമം എപ്പോഴും പൂജിതമാവട്ടെ!  

ഭൂമിയിലൂടെ ദൈവം കനിവാർന്നു നൽകിയ സകലത്തെയും ഓർത്തു താഴ്മയോടെ നടക്കും,
അവിടുന്ന് ആ താഴ്മയെ കടാക്ഷിക്കും.
സ്വീകരിച്ചിട്ടുള്ളവ മാത്രമല്ല, തന്നെത്തന്നെയും ദൈവത്തിനു നൽകും,  
എന്റെ ചുറ്റുപാടുകളിൽ പവിത്രതയും രക്ഷയും ഞാൻ അനുഭവിക്കും,
വാക്കിലും പ്രവൃത്തികളിലും വിചാരങ്ങളിലും സത്യവും നന്മയും നിറച്ചു ദൈവമഹത്വം പ്രഘോഷിക്കും.

ഡിസംബർ 21, 2020

നിനക്ക് സമാധാനം, നിനക്കും

"നിനക്ക് സമാധാനം,"
"നിനക്കും ..."

എലിസബെത്തിനും മേരിക്കും, യേശുവിനും യോഹന്നാനും എന്നപോലെ,
ആത്മാർഥമായി സമാധാനം ആഗ്രഹിക്കപ്പെടുന്ന എല്ലാ അഭിവാദനങ്ങളിലും ആനന്ദത്തിലുള്ള കുതിച്ചു ചാട്ടമുണ്ട്. പരസ്പരമുള്ള കണ്ടുമുട്ടലിൽ ആനന്ദം നിറയുന്നതും കീർത്തനങ്ങൾ ഉയരുന്നതും അതുകൊണ്ടാണ്. 

സമാധാനമാഗ്രഹിക്കുന്നിടത്തേ പരസ്പരമുള്ള തിരിച്ചറിവുകളുണ്ടാകൂ.

"എന്റെ കർത്താവിന്റെ അമ്മ" 
"എന്നിലെ ദീപനാളത്തിലെ വെളിച്ചം."

അഭിവാദനങ്ങളിൽ ഒതുങ്ങാതെ, ഓരോ  സ്വീകാര്യതയിലും സമാധാനം പകരപ്പെടുന്നുണ്ട്. സമാധാനം ആഗ്രഹിക്കാത്ത ഒരു മഹത് പ്രവൃത്തിയിലും ക്രിസ്തു കാണപ്പെടുന്നില്ല. 

സമാധാനം ഉണ്ടാവരുത്, എങ്കിലേ തങ്ങൾക്കു നേട്ടമുള്ളൂ എന്ന് കരുതുന്നവരുമുണ്ട്. മറ്റുള്ളവരെക്കുറിച്ചുള്ള തെറ്റായ ധാരണകളിലാണ് അവർ സ്വന്തം സ്വത്വം രൂപപ്പെടുത്തുന്നത്. ശേഷം ആ സ്വത്വത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിനും സമാധാനം തടസമാണ്. അവിടെ തിരിച്ചറിവുകളില്ല, ദൈവരാജ്യവും.


ഡിസംബർ 20, 2020

പിന്നീട് മറിയം പ്രാർത്ഥിച്ചില്ല

"ഇതെങ്ങനെ സംഭവിക്കും?"
"പേടിക്കരുത് മറിയം! ദൈവം നിന്നിൽ സംപ്രീതനാണ്. ദൈവാത്മാവ് നിന്റെമേൽ വരും, നിന്നിൽ മിശിഹാ രൂപപ്പെടും."
മറിയം പറഞ്ഞു, "അങ്ങനെ എന്നിൽ സംഭവിക്കട്ടെ, എന്നിൽ ക്രിസ്തു രൂപപ്പെടട്ടെ."
അവളിൽ ക്രിസ്തു രൂപപ്പെട്ടു, അവളുടെ ഉദരത്തിൽ ക്രിസ്തു ജനിച്ചു.
പിന്നീട് മറിയം പ്രാർത്ഥിച്ചില്ല, അത്ര അഗാധമായിരുന്നു ആ ആലിംഗനം.

ദാവീദിന്റെ സിംഹാസനത്തെക്കാൾ മഹത്തായിരുന്നു അവളുടെ ഹൃദയം,
ആ പള്ളിമെത്തയിലേക്കാൾ പ്രണയമുള്ളതായിരുന്നു അവളുടെ ഉദരം,
ആത്മാവിന്റെ സകല വഴികളും പൂർണ്ണജീവനിലേക്കു തുറന്നിരുന്നു.
രഹസ്യങ്ങളെ സംഗ്രഹിക്കാൻ മാത്രം ഉള്ളു വളർന്നതും,
സകലർക്കും അമ്മയായതും,
സകലകൃപകൾക്കും ചാലകമാകാൻ കഴിഞ്ഞതും അങ്ങനെയാണ്.

ഡിസംബർ 19, 2020

ഹൃദയഫലങ്ങൾ അനുഗ്രഹീതം

ആദിയിൽ ദൈവം സൃഷ്ടിക്കാൻ ഒരുങ്ങിയപ്പോൾ സകലതും ക്രമരഹിതവും ശൂന്യവുമായിരുന്നു.
ദൈവം പറഞ്ഞു: "ഹൃദയമുണ്ടാകട്ടെ." ഹൃദയമുണ്ടായി, പിന്നീട് ഉദരമുണ്ടായി.

"അവർക്കു മക്കളില്ല,"
വായടച്ച് മറ്റൊരാളോട് അടക്കം പറഞ്ഞതാണ്.
എങ്കിലും അവർക്കത് വായിച്ചെടുക്കാമായിരുന്നു,
സാറാ, ഹന്നാ, മനോവയുടെ ഭാര്യ, എലിസബെത്ത് ...
പരസ്പരം അവർ തങ്ങൾക്കില്ലാത്ത കുഞ്ഞുങ്ങളായി,
മറ്റു കുഞ്ഞുങ്ങൾ നിശബ്ദമായി അവരുടേതായി
ചിലപ്പോൾ അത് പരിഭവങ്ങളായി.

എല്ലാവരുടെയും അരികിൽ വാഗ്ദാനവുമായി മാലാഖ വന്നില്ല -
ഒന്നും പകർന്നു നല്കാനില്ലാതെ കടന്നു പോകുന്നവർ, ഓഫീസിൽ, വീടുകളിൽ, സ്കൂളുകളിൽ...
ഒന്നുമാകാനാവാത്തവർ, ഒന്നും നേടാനാവാതെ കടന്നു പോകേണ്ടി വരുന്നവർ
ജീവിക്കാൻ അർഹത നിഷേധിക്കപ്പെട്ടവർ, അലയുമ്പോഴും അടിച്ചമർത്തപ്പെടുന്നവർ,
മറ്റുള്ളവരുടെ പ്രതീക്ഷക്കൊത്തു ഉയരാൻ കഴിയാത്തവർ...

എങ്കിലും, നന്മയുടെ, സ്നേഹത്തിന്റെ കനിവുകളുടെ നിമിഷങ്ങളാണ് അവരെ ഫലദായകമാക്കിയത് ...
കൂടെ നടക്കാൻ, തിരുത്താൻ, കരുത്ത് നൽകാൻ...
ഉത്തരവാദിത്തങ്ങൾക്കപ്പുറത്തുള്ള നന്മയ്ക്കും സ്നേഹത്തിനും
കാരണമില്ലാതുള്ള ത്യാഗങ്ങൾക്കും കനിവിനുമൊക്കെയാണ് അഗാപ്പെ എന്ന് പറയുന്നത്.
അങ്ങനെയാണ് ജീവൻ ഉണ്ടാകുന്നത്.
നിങ്ങളുടെ ഹൃദയഫലങ്ങൾ അനുഗ്രഹീതം.

ഡിസംബർ 18, 2020

ദൈവം നമ്മോടുകൂടെ

മറിയം ഗർഭിണിയാണ് ....
അവളെ കല്ലെറിയിക്കണോ? അവൾ തെറ്റുകാരിയാണോ? അതോ ഗ്രഹിക്കാനാവാത്ത രഹസ്യമാണോ ഇത്?
വാൾ കടന്നത് യൗസേപ്പിന്റെ ഹൃദയത്തിലൂടെ.... 
മറിയത്തെ അഗാധ സ്നേഹത്തോടെ അയാൾ സ്വീകരിച്ചു.

ചതിച്ചിട്ടു പോയ പെണ്ണെന്നാരോപിച്ച് അവളെ മുറിപ്പെടുത്താമായിരുന്നു അയാൾക്ക് ...
ഒരുപക്ഷേ തെറ്റുകാരിയായിരുന്നെങ്കിൽ പോലും,
തെറ്റുകൾ ക്ഷമിക്കുവാനുള്ള അധികാരം തനിക്കുണ്ടെന്ന് അയാൾക്ക് തോന്നി.
അവളെയും അവളിലുള്ള ജീവനെയും സ്നേഹിക്കുവാൻ അയാൾ ഭയന്നില്ല,
കരുണയുടെ കണ്ണുകളിലൂടെ, തലമുറകൾ കാത്തിരുന്ന രക്ഷയെ അയാൾ ദർശിച്ചു 
മരണം വരെ അമ്മയെയും കുഞ്ഞിനേയും അത്ഭുതം നിറഞ്ഞ സ്നേഹത്തോടെ ശുശ്രൂഷ ചെയ്തു.
ദൈവം നമ്മോടുകൂടെ ...

ഒരു ദൈവദൂതനും വഴികാട്ടാൻ ഇല്ലാതിരുന്ന ജോസഫിനെ ധ്യാനിക്കുവാനാണ് ഞാൻ ശ്രമിക്കുന്നത്. മാതാവിനെയും അങ്ങനെതന്നെ. ഓരോ സംഘർഷാവസ്ഥയിലും ഉള്ളിൽ നിന്നോ, സൗഹൃദങ്ങളിൽ നിന്നോ തേടുന്ന, ലഭിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ദൈവപുത്രന്റെ ഭാവി നിർണ്ണയിക്കുന്നു എന്നതാണ് വിറയലുള്ള ഭവ്യതയോടെ മനസിലാക്കേണ്ട രഹസ്യം. 

ഡിസംബർ 17, 2020

നുണയുടെ വിഷക്കായ്കൾ

നുണക്കഥകളാണ് ഇന്ന് ആടുകളെ കടിച്ചുകീറുന്ന മൃഗങ്ങൾ. അത്തരം നുണക്കഥകളിൽ ചിലതിനെ സത്യമായിത്തന്നെ ഉയർത്തിക്കാണിക്കുകയും, നുണക്കഥകളാൽ പോഷിപ്പിക്കപ്പെട്ട് ആടുകൾ വ്രണിതരാവുന്ന   കാഴ്ചകണ്ട്‌ പുറംതിരിഞ്ഞിരുന്ന് കിന്നരം വായിക്കുകയും ചെയ്യുന്ന ഇടയർ കൂലിക്ക് പാലനം ചെയ്യുന്നവരാവണം. നുണയുടെ വിഷക്കായ്കൾ കഴിച്ച ആടുകൾ പൊട്ടിയൊലിക്കുന്ന വ്രണങ്ങളുമായി വേദനയിൽ ശാപങ്ങളും അസഭ്യങ്ങളും വികൃതസ്വരങ്ങളും പുറപ്പെടുവിക്കുന്നു. വെള്ളമൊഴിച്ചു കൊടുക്കുന്നവരോട് കടന്നുപോകൂ എന്ന് ആക്രോശിക്കുന്നു. വിഷശക്തിയാൽ തുറിച്ചു പോയ കണ്ണുകളിൽ അവരെല്ലാം ശത്രുക്കളായി കാണപ്പെടുന്നു. 

നമ്മിൽ ഒരുവൻ

ക്രിസ്തു മനുഷ്യനായിരുന്നു; ഒരു പച്ച മനുഷ്യൻ 
കുലമഹിമയും ആഢ്യതയും അവൻ നോക്കിയില്ല, മനുഷ്യനായിരുന്നു അവൻ 
അവന്റെ വംശാവലിയിൽ കൊലപാതകിയും വ്യഭിചാരിയും വിജാതീയരും അഭിസാരികയും, രാജാവും കൃഷിക്കാരനും, ആട്ടിടയനും പുരോഹിതനും ദൈവത്തിന്റെ കുഞ്ഞാട് ... അവനെ നമ്മൾ അടുത്ത് കാണുകയാണ്.
തീർത്തും മനുഷ്യനായി ...
എന്റെ മാംസത്തിന്റെ മാംസവും അസ്ഥിയുടെ അസ്ഥിയും ..

അതുതന്നെയാണ് അവനെ തിരസ്‌കൃതനാക്കിയതും, ആശാരിയുടെ മകൻ, ഭക്ഷണപ്രിയൻ, ചുങ്കക്കാരുടെ സ്നേഹിതൻ, വേശ്യകളോട് മുഖത്തുനോക്കി സംസാരിക്കുന്നവൻ, ഗ്രീക്കുകാരെ സ്വാഗതം ചെയ്യുന്നവൻ, സമരിയക്കാരനെ ഉദാഹരണമാക്കുന്നവൻ, പാപങ്ങൾ ക്ഷമിച്ചുകളയുന്നവൻ,

നമ്മിൽ ഒരുവൻ 'ആയിത്തീർന്നു' എന്നതല്ല കാര്യം, അത് അറിയാമായിരുന്നെങ്കിലും ഒരുപക്ഷെ അവൻ സ്വീകരിക്കപ്പെട്ടുമായിരുന്നു. അവൻ നമ്മിൽ ഒരുവൻ ആണ് എന്നതാണ് പ്രശ്‌നം. അവന്റെ കുടുംബക്കാരെയൊക്കെ നമുക്ക് അറിയാം. അവൻ മിശിഹാ ആവില്ല.  

ആട്ടിടയരെപ്പോലെ വിശ്വസിക്കാമെങ്കിൽ അതുതന്നെയാണ് സന്തോഷത്തിന്റെ സദ്‌വാർത്ത. നിങ്ങളുടെ ഇടയിൽ പിറന്നിരിക്കുന്ന ശിശു, നിങ്ങൾ കാത്തിരുന്ന രക്ഷകൻ. സന്മനസ്സുള്ളവർക്ക് സമാധാനം.

ഡിസംബർ 16, 2020

സൈബർ കമ്മ്യൂണിറ്റി തേടുന്ന മാർഗ്ഗദർശനം

സൈബർ കമ്മ്യൂണിറ്റി ഒരു പ്രാഥമിക വിദ്യാഭാസകാലം പോലെയുള്ള പരിശീലനമാണ് നൽകുന്നത്. ഒരേ  ചട്ടക്കൂടിനും, ഒരേ ഇഷ്ടങ്ങൾക്കും മൂല്യങ്ങൾക്കും പരസ്പരമായാ ബലപ്പെടുത്തലുകൾ നല്കിപ്പോരുന്ന ആ കുമിളക്കുള്ളിൽ സംഭവിക്കുന്ന സാന്ദ്രീകരണം വ്യക്തിസ്വഭാവങ്ങളെയും സ്വാധീനിക്കുന്നു. കൂടുതൽ പേർ എന്ത് ചിന്തിക്കുകയും പറയുകയും ചെയ്യുന്നോ അതാണ് കൂടുതൽ ശരിയായി ഒരാൾക്ക് തോന്നിത്തുടങ്ങുക. വ്യത്യസ്തമായ ഒരു സമൂഹത്തിലെ വ്യക്തികളുമായി മുഖാഭിമുഖ സംഭാഷണങ്ങൾക്കുള്ള പ്രാധാന്യം കുറച്ചു കാണുകകൂടി ചെയ്യുമ്പോൾ കാഴ്ചപ്പാടുകളും തീർത്തും ഇടുങ്ങിയതാകുന്നു.

 കുഞ്ഞുകുട്ടികളെപ്പോലെ, ശണ്ഠയും സംഘർഷങ്ങളും, തർക്കങ്ങളും പിണക്കങ്ങളും നോവലുകളും സൈബർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കുമുണ്ടാകും. വീട്ടിലെത്തുന്ന കുഞ്ഞിന്റെ  വൈകാരികഭാവങ്ങളെ ഒരു കണ്ണാടിയിലെന്നപോലെ ഉൾക്കൊള്ളുവാനും, ആ വികാരങ്ങളെ വേണ്ടതുപോലെ മനസിലാക്കിക്കൊടുക്കുവാനും പക്വതയിലേക്കു നയിക്കുവാനും കഴിയേണ്ടത് മാതാപിതാക്കളുടെ കടമയാണ്. പകരം ആ വികാരങ്ങളെ താലോലിക്കുവാനും, ന്യായീകരിക്കുവാനും ശ്രമിക്കുന്ന മാതാപിതാക്കൾ കുഞ്ഞിന്റെ ആന്തരികതെയെ കൂടുതൽ മൃദുലമാക്കുകയും മുറിവേൽക്കുവാനും കൂടുതൽ വേദനിക്കുവാനും കാരണമാക്കുകയുമാണ് ചെയ്യുന്നത്. 

സമൂഹങ്ങൾ സൈബർ കമ്മ്യൂണിറ്റികളായി തിരിയുമ്പോൾ കുഞ്ഞിനുവേണ്ടി മാതാപിതാക്കൾക്കുള്ള പങ്കാണ് സമൂഹത്തിലെ നേതാക്കൾക്കുള്ളത്. അവിടെ നടക്കുന്ന ആശയപ്പകർച്ചകൾ അടുത്തറിയുവാൻ അവർക്കു കഴിയണം. അവയുടെ മൃദുലതകളിൽ നിന്ന് ലാഭമുണ്ടാക്കാൻ നോക്കുന്നത് സമൂഹത്തിന്റെ തകർച്ചയിലേക്കുള്ള വഴിയാണ്. 

ഡിസംബർ 15, 2020

എന്റെ ആത്മാവേ കർത്താവിനെ വാഴ്ത്തുക

എന്റെ ആത്മാവേ കർത്താവിനെ വാഴ്ത്തുക 
അവിടുത്തെ അനുഗ്രഹങ്ങൾ മറക്കരുത് 

ഞാൻ എന്താണോ അത് എങ്ങനെ ആയോ അതിലേക്ക് ദൈവം തന്റെ പരിപാലനയിലൂടെ വഴിനയിച്ച സകലതിനെയും ഉൾക്കൊള്ളുന്നതാണ് വിളിക്കപ്പെടുന്ന രഹസ്യം. ... നാളിതു വരെ കടന്നു വന്ന വഴികളോരോന്നും ചരിത്രഗതികളും ജീവൽപ്രക്രിയകളും ... ഓർത്തുകൊണ്ട് വേണം വിളിക്കാൻ എന്റെ ആത്മാവേ. 

എത്രയോ അനുഗ്രഹങ്ങളിലൂടെയാണ് ദൈവം നമ്മെ നടത്തുന്നത്... ആത്മാവിന്റെ  പരിപോഷണവും വളർച്ചയും.  

ഡിസംബർ 13, 2020

കേൾക്കപ്പെടുന്നത്

ഒരു കുടുംബം രൂപപ്പെടുത്തുന്നതിലേക്ക് വ്യക്തികളെ തയ്യാറാക്കുവാൻ മൂന്നു ഘട്ടങ്ങളായുള്ള തയ്യാറെടുപ്പുകൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിർദ്ദേശിച്ചു (remote, proximate, immediate). കുടുംബത്തിന്റെ മൂല്യങ്ങളും, സ്ത്രീപുരുഷ ബന്ധങ്ങളിലെ നിർമ്മലതയും കുട്ടിക്കാലം മുതലേ വിലനൽകുവാൻ വ്യക്തികൾക്ക് അവസരമൊരുങ്ങണം (സ്വാഭാവികമായ വികാരങ്ങളെപ്പോലും പാപങ്ങളുടെ വിഭാഗത്തിലേക്കു ചേർത്ത് അവതരിപ്പിക്കുന്ന അന്തരീക്ഷങ്ങളിൽ അത് എത്രമാത്രം സാധ്യമാണെന്നത് സംശയമാണ്). പ്രായത്തിനനുസരിച്ചുള്ള പക്വതയിൽ ശരീരത്തെക്കുറിച്ച് പൊതുവായും, ലൈംഗികതയെക്കുറിച്ചും ആവശ്യമായ ജീവശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ പരിജ്ഞാനം അവർക്കു ലഭിക്കണം. അത് ഒരു നല്ല കുടുംബത്തെ വിവേകത്തോടെ രൂപീകരിക്കുവാൻ പ്രാപ്തമാക്കുന്നതാവണം. Responsible parenting എന്നാണ് ഈ സമീപനത്തെ വിശേഷിപ്പിക്കുന്നത്. സ്വാർത്ഥതാല്പര്യങ്ങളും സുഖേച്ഛയും മൂലം മക്കൾ വേണ്ടെന്നു വയ്ക്കുന്നത് തെറ്റാണ്. എന്നാൽ കുടുംബത്തിന്റെ വലിപ്പം അതിന്റെ പൊതുനന്മകൂടി ചേർത്തുകാണേണ്ടതു കൊണ്ടാണ് അത് വിവേകപൂർവ്വവും ഉത്തരവാദിത്തപൂർവ്വവും ചെയ്യേണ്ടത്. വിചിത്രമായ ഉപദേശങ്ങളും, വിശദീകരണങ്ങളും, സ്വയം രൂപപ്പെടുത്തുന്ന ലൈംഗിക ധാർമികതയും ചിലർ പകർന്നു നൽകാറുണ്ട്. ആത്മീയം-ഭൗതികം എന്ന വികലമായ വിഭജനം കാഴ്ചപ്പാടുകളിൽ കാത്തുസൂക്ഷിക്കുന്നതുപോലെതന്നെ, ദൈവികം-മാനുഷികം എന്നതിനെ രണ്ടു വിദൂരയാഥാർത്ഥ്യങ്ങളായി അവതരിപ്പിക്കപ്പെടുന്നത് തെറ്റായ സമീപനമാണ്. ദൈവപ്രചോദനകളും പദ്ധതികളും പ്രവർത്തിക്കുന്നതും യാഥാർത്ഥ്യമാകുന്നതും കൃപയിലൂടെയാണ്. കൃപയുടെ വഴികളിൽ, മനുഷ്യന് നൽകപ്പെട്ടിരിക്കുന്ന വിവേകവും മറ്റു നൈസർഗികമായ കഴിവുകളും കുടുംബരൂപീകരണത്തിലും ദൈവഹിതകരമായിത്തന്നെ അവയുടേതായ പങ്കു വഹിക്കുന്നുമുണ്ട്. ചില പ്രസംഗങ്ങളനുസരിച്ച്, 'ശരീരത്തിന്റെ പ്രവൃത്തി'യായതുകൊണ്ട് പ്രാർത്ഥനയോടെയും, സൂക്ഷ്മതയോടെയും മാത്രം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതും, ആത്മീയമല്ലാത്ത എന്തെങ്കിലും 'തോന്നിയാൽ' പാപമായി മാറുകയും ചെയ്യുന്നതിനാൽ പരമാവധി നിയന്ത്രണങ്ങൾ ആവശ്യമുള്ളതുമാണ് ലൈംഗികബന്ധങ്ങൾ എന്നത് ഒരു വശത്തു നിൽകുമ്പോൾ, പരമാവധി മക്കളെ ജനിപ്പിക്കുക എന്നത് ഒരുമിച്ചു കൊണ്ട് പോകുന്ന ദൈവാസൂത്രണം ദൈവത്തിന്റേതല്ല.


pro-life - pro-choice ഡിബേറ്റ്കൾ വർഷങ്ങളായി നടന്നു വരുന്നതാണ്. അതിന്റെ രാഷ്ട്രീയ വശങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. Pro-choice, gender politics ന്റെ കൂടി ഭാഗമാണ്. prolife പൊളിറ്റിക്‌സും ഉണ്ട്. നമുക്കറിയാവുന്ന വാതിലുകളിൽ കൂടി തന്നെയാണ് അവയുടെ സങ്കുചിത രൂപങ്ങൾ സഭയുടെ കാഴ്ചപ്പാടിനും മീതെ സ്വാധീനം നേടി പ്രബലപ്പെട്ടത്. anti contraceptive movements, rights of the unborn എന്നിവ ഒരുമിച്ചു പോയിരുന്നെങ്കിൽ ഇന്ന് പല pro-lifers ഉം rights of the unborn ലേക്ക് ഊന്നൽ കൊടുക്കുന്നു. ചരിത്രത്തിലെ ഈ വഴിമാറ്റം മനസിലാക്കാതെ പോകുന്നെന്ന പരാജയവും നമുക്ക് സംഭവിക്കുന്നുണ്ട്. എന്ന് വെച്ചാൽ ഒരിടത്ത് രാഷ്ട്രീയ പ്രാധാന്യത്തോടെ എടുത്തുപയോഗിക്കുന്ന ആശയങ്ങൾ നമ്മൾ വിശ്വാസത്തിന്റെ രൂപത്തിൽ ഏറ്റെടുത്ത് അർഹമല്ലാത്ത വ്യാഖ്യാനങ്ങൾ നൽകി പരിപോഷിപ്പിക്കുന്നു. 'എണ്ണം' പരിഗണിക്കുകയാണെങ്കിൽ അത് pro life ആശയങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. അതിന്റെ സാഹചര്യം വംശീയ രാഷ്ട്രീയമാണ്. അതും ഇന്ന് വിശ്വാസത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കപ്പെടുകയാണ്.
ജീവന്റെ മൂല്യത്തിന് ഒരു സാമൂഹിക മാനം കൂടിയുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. വേണ്ട പോഷകാഹാരം ലഭിക്കാതെ ഉദരത്തിൽ മരിക്കുന്ന അനേകം കുഞ്ഞുങ്ങളുണ്ട്. അവരുടെ ജീവൻ നിലനിർത്തുവാൻ വേണ്ട താല്പര്യം എത്രമാത്രം നമുക്കുണ്ട്. ജീവന്റെ പരിപോഷണം സ്വന്തം മക്കളുണ്ടായി അവരുടെ വളർച്ച ഉറപ്പാക്കുന്നത് മാത്രമല്ല, ഒരു കുഞ്ഞിനെ ദത്തെടുത്തു ജീവിതം നൽകാനോ, ചുറ്റുപാടുകളിലുള്ള കുഞ്ഞുങ്ങൾ ആഹാരത്തിനോ വിദ്യാഭാസത്തിനോ വഴിയില്ലാത്തവരോ ആണെങ്കിൽ ആ 'ജീവൻ' കരുതപ്പെടുവാനോ വേണ്ടിയുള്ള താല്പര്യവും ദൈവികപദ്ധതിയാണ്. അതാണ് സത്യത്തിൽ ദൈവാസൂത്രണം.

സമൂഹത്തിന്റെ സാന്മാർഗിക വളർച്ചയാണ് ലക്‌ഷ്യം വയ്ക്കുന്നതെങ്കിൽ, 'അസാന്മാർഗിക' അവസ്ഥകളിലെ സങ്കീർണതകൾ മനസിലാക്കാൻ പരിശ്രമിക്കുന്നത് നല്ലതാണ്. അങ്ങനെയെങ്കിൽ, വിധിക്കുന്നതിനും, സാമാന്യവത്കരിക്കുന്നതിനും പകരം അത്തരം ഘടകങ്ങളെ പക്വമായ തരത്തിൽ അഭിമുഖീകരിക്കുവാൻ കഴിയുന്നതാണെങ്കിൽ അത്തരം വഴികൾ നിർദ്ദേശിക്കുവാൻ കഴിഞ്ഞേക്കും. സമൂഹവും സംസ്കാരവും സ്വീകരിക്കുന്ന സമീപന രീതികൾ, അവയുടെ കാലഘട്ടതിനനുസരിച്ചു മനസിലാക്കാക്കുവാനും കരുതലുള്ള പ്രഘോഷകന് കഴിയണം. അതിനു തയ്യാറാവാത്തത് വലിയ വീഴ്ചകൾ സൃഷ്ടിക്കുന്നുണ്ട്. ഒരു കാലഘട്ടത്തിന്റെ സങ്കീർണതകളെ മുഴുവൻ തങ്ങളുടെ ശുഷ്ക്കമായ കാഴ്ചപ്പാടിൽ ചുരുക്കിക്കൊണ്ട് അങ്ങനെയാണ് എല്ലാവരും കരുതേണ്ടതെന്ന് നേതൃത്വം ആവർത്തിച്ചുറപ്പിക്കുകയാണ്.
സമൂഹവും അതിലെ സാംസ്‌കാരികഘടകങ്ങളും മാറുന്നതനുസരിച്ച് സമൂഹത്തിന് ആവശ്യമായ വിചിന്തനങ്ങളിലേക്കും വളർച്ചയിലേക്കും നയിക്കാൻ അവർക്ക്‌ കഴിയുന്നില്ല എന്നതാണ് അവിടെയുള്ള പരാജയം.

ചില ചാനലുകളിലേക്കും, പ്രസംഗകേന്ദ്രങ്ങളിലേക്കും സഭയുടെ ആധികാരിക പ്രബോധനങ്ങൾ അവരോധിക്കപ്പെട്ടപ്പോൾ അവർ യഥാർത്ഥത്തിൽ സഭയുടെ പ്രബോധനങ്ങളാണോ തങ്ങളുടെ സമീപനങ്ങളാക്കുന്നത് എന്നത് നോക്കിക്കാണുവാൻ ആരും ഇല്ലാതെ പോയില്ലേ. ചിലവ American evangelical sect കളുടെ നേർപ്പകർപ്പായി കാണപ്പെടുന്നു. വാച്യാർത്ഥത്തിലുള്ള ബൈബിൾ വായന, പ്രവചനങ്ങളുടെ പൂർത്തീകരണം എന്ന നിലയിൽ സമീപകാലസംഭവങ്ങളെ സമീപിക്കൽ, ഉന്നതിയുടെ സുവിശേഷം, തുടങ്ങിയവ തീർത്തും വ്യക്തമാണ്. World Trade Centre വീണതിന് ശേഷം അവിടെ രൂപപ്പെട്ട രാഷ്ട്രീയ വംശീയ വിദ്വേഷം ഇവിടെ വിശ്വാസത്തിന്റെ ഭാഗമായും പകർത്തപ്പെടുന്നു. എങ്കിലും അവർക്ക് എന്ത് കൊണ്ടോ അനുവദിക്കപ്പെടുന്ന പ്രതീതി മൂലം അവർ പറയുന്നതാണ് സഭയുടെ സമീപനം എന്ന് വിശ്വാസികളും കരുതുന്നു. തിരിച്ചു വരവുകൾ ആഘോഷമാക്കപ്പെടുമ്പോൾ അവരുടെ സന്ദേശങ്ങളിലെ സത്യവിശ്വാസം കൂടി പരിഗണിക്കണം. ആരാധനയും, മരിയഭക്തിയും, ജപമാലയും പുറമോടിയാക്കി തന്നിഷ്ടം പഠിപ്പിക്കുന്ന പ്രസംഗങ്ങൾ കൂടിവരുന്നു. ബൈബിൾ കൈയിൽ പിടിച്ചത് കൊണ്ടോ, ജ്വലിക്കുന്ന തീക്ഷ്ണതയിൽ ബൈബിൾ ഉദ്ധരിച്ചത് കൊണ്ടോ അത് സുവിശേഷപ്രസംഗമാകുന്നില്ല. അത് ഒരു കാരിസം ആണ്. ജനപ്രിയത എന്ന ഒറ്റ കാരണം, ശൈലിയിലും ഉള്ളടക്കത്തിലും 'തീക്ഷ്ണത' ഉൾക്കൊള്ളിക്കാൻ അനേകരെ പ്രേരിപ്പിക്കുന്നുണ്ടാകാം. അത് മാത്രമാണ് സുവിശേഷ പ്രഘോഷണമെന്ന് ഏതാനം ചിലർ ആളുകളെ പഠിപ്പിച്ചിട്ടുമുണ്ട്. കാരിസം ഇല്ലെങ്കിലും പ്രസംഗത്തിലേക്കു തിരിയുന്ന അനേകരെ ഇന്ന് കാണാം.

കൃപാസനം പത്രത്തോടുള്ള ഭക്തി ഒരു പ്രധാന ഭക്തിരൂപമായി കേരളത്തിൽ വ്യാപിച്ചപ്പോഴും, T B Joshua യുടെ 'spirit of death' ഒരു പ്രശസ്ത പ്രസംഗകന്റെ പ്രധാന പ്രസംഗവിഷയമായി വിശ്വാസികളെ വളരെയധികം സ്വാധീനിച്ചപ്പോഴും, ബൈബിൾ വളച്ചൊടിച്ചു വ്യാഖ്യാനിക്കുന്ന രീതിയിലേക്ക് പോയപ്പോഴും (ആരോഗ്യപരമായ സ്വതന്ത്രമായ വ്യാഖ്യാനം പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്), ഒന്നാം പ്രമാണത്തിന്റെ ദുർവ്യാഖ്യാനങ്ങളെക്കുറിച്ചും, വസ്ത്രധാരണവും ദൈവകോപവും കൂട്ടിച്ചേർക്കപ്പെടുന്നതിനെക്കുറിച്ചും, തിരുത്തുകയും വിശദീകരിക്കുകയും ചെയ്യേണ്ടിയിരുന്നവരിൽ നിന്നും മൗനമായിരുന്നു പൊതുവായ സമീപനം. അങ്ങനെ സംജാതമായ സ്ഥിതിവിശേഷമാണ് ബൈബിളിനെക്കുറിച്ചോ, സഭാപ്രബോധനത്തെക്കുറിച്ചോ നിയമത്തെക്കുറിച്ചോ ആധികാരികമായി സംസാരിച്ചാൽ പോലും 'നീ നിന്റെ പാട് നോക്കി പോകൂ' എന്ന് ജനം വിളിച്ചു പറയുന്നത്.

... വിവേകം, കരുണ, യാഥാർത്ഥ്യങ്ങളുമായുള്ള ബന്ധം എന്നിവയില്ലാതെയുള്ള പ്രസംഗങ്ങൾ ആദ്യമായല്ല നമ്മൾ കേൾക്കുന്നത്. ശമ്പളം കിട്ടാത്തതിന്റെയും പാസ്പോര്ട്ട് പിടിച്ചു വയ്ക്കപ്പെടുന്നതിന്റെയുമൊക്കെ കാരണം കല്പനകൾ ലംഘിച്ചിട്ടുള്ളതാണെന്ന പ്രസംഗം മറ്റൊരു പ്രസിദ്ധ പ്രസംഗകനിൽ നിന്നും കേട്ടിട്ടുണ്ട്. പ്രണയത്തിന്റെ കാരണം മനുഷ്യരിലുള്ള പിശാചുക്കളുടെ പരസ്പര ലീലാവിലാസങ്ങളാണെന്ന ഉപദേശം, മിശ്രവിവാഹം (dispensation for the disparity of cult ഉണ്ടെങ്കിൽകൂടെയും) വഴിയുണ്ടാകുന്ന കുട്ടികൾ കുട്ടിപ്പിശാചുക്കളാണെന്നും മറ്റുമുള്ള പരാമർശങ്ങൾ ... അങ്ങനെ പലതരത്തിലുള്ള ആശയങ്ങൾ സൃഷ്ടിക്കുന്ന വികലമായ മനുഷ്യ-ദൈവ സങ്കൽപ്പങ്ങൾ വിശ്വാസത്തെയും വികലമാക്കുന്നില്ലേ? (മേല്പറഞ്ഞ ആശയങ്ങളുമായി സംവദിക്കാൻ ശ്രമിച്ചിരുന്നു. മനുഷ്യന്റെ ആത്മാവിൽ അനേകം മാലാഖമാരും പിശാചുക്കളും വസിക്കുന്നു എന്നാണ് അവരുടെ വാദം. പിശാചുക്കളിൽ നിന്ന് ജനിക്കുന്നത് പിശാച് എന്നതാണ് അടിസ്ഥാന യുക്തി. ഈ പഠനങ്ങളുടെ ഉറവിടം വ്യക്തമല്ല). ഇത്തരം കാഴ്ചപ്പാടുകളാണ് വിശ്വാസികളുടെ മനഃസാക്ഷി രൂപപ്പെടുത്തുന്നത് എന്നത് ആശങ്കയുണർത്തേണ്ട കാര്യമാണ്.

ഉണ്ണിക്കായൊരു പുഞ്ചിരി

വെറുക്കാൻ തീരുമാനിച്ചുറപ്പിച്ചവരെക്കുറിച്ച് ഒരു നന്മ ഒരു ദിവസം ഓർക്കാൻ കഴിയുമോ?
ഉണ്ണിക്കായുള്ള പുഞ്ചിരിയാകും.

പുൽക്കൂടിനടുത്തെത്തുമ്പോൾ ഗൗരവമായി നിന്നാൽ കുഞ്ഞു പേടിക്കില്ലേ?
വക്രബുദ്ധി വച്ചുകൊണ്ട് പുൽക്കൂടിനുമുമ്പിൽ കീർത്തനം പാടാനാവില്ല, പതിയെ അത് അപസ്വരമാകും. കാരണം ഇഷ്ടമില്ലാത്ത പലരും അവിടെയുണ്ടാകും. അവരെ സ്വീകരിച്ചത് കൊണ്ട് യൗസേപ്പും മറിയവും വെറുക്കപ്പെടേണ്ടവരുടെ ഗണത്തിലേക്ക് ചേർക്കപ്പെട്ടേക്കാം. നിയമം പാലിക്കാത്ത ദൈവനിഷേധികൾ!

ഡിസംബർ 10, 2020

മോശയെപ്പോലൊരു പ്രവാചകൻ

"മോശയെപ്പോലുള്ള ഒരു നേതാവിനെ നമുക്ക് ആവശ്യമുണ്ട്."

നമുക്കില്ലാത്തത് മാതൃകയാണ്. വി. ഓസ്കർ റൊമേറോയ്‌ക്കൊക്കെ (Óscar Romero) നമ്മുടെ അൾത്താരകളിൽ എന്ന് ഇടം ലഭിക്കും? സിയന്നായിലെ വി. കത്രീന (Catherine of Siena) തന്റെ പ്രവാചകത്വം ജീവിച്ചവളാണ്. വിശുദ്ധയാക്കപ്പെട്ടതോടെ വേദപാരംഗതയും ദർശകയുമായി കാണപ്പെട്ടതുകൊണ്ട് കത്രീനയിലെ പ്രവാചകസ്വഭാവം ആരും തേടിയില്ല. ആ വിശുദ്ധരോടുള്ള വണക്കവും ബഹുമാനവും നമുക്ക് ഭയമാണ്, അവരെ അനുകരിക്കേണ്ടി വന്നെങ്കിലോ എന്ന ഭയം. മാത്രമല്ല നമ്മുടെ ചില സ്വസ്ഥതകളെ അത് അസ്വസ്ഥപ്പെടുത്തിയേക്കാം. വി. മദർ തെരേസയ്ക്കും വി. ജോൺ പോൾ രണ്ടാമനും വേണ്ടി പള്ളികളും കപ്പേളകളും പണിത് നാമകരണത്തിനായി കാത്തിരുന്നവരാണ് നമ്മൾ. ജിറോലാമോ സാവോനരോളയൊക്കെ (Girolamo Savonarola) എന്ന് വിശുദ്ധരായി പരിഗണിക്കപ്പെടും?

ക്രിസ്തു പൂർത്തീകരിച്ച പ്രവാചകദൗത്യത്തെ മാറ്റിനിർത്തികൊണ്ട് ഒരു പ്രവാചകനെയും നമുക്ക് സ്വജീവിതത്തിലേക്കു പകർത്താനാകില്ല. പ്രവചനങ്ങളുടെ പൂർത്തീകരണവും, പ്രവാചകന്റെ സത്തയായ സത്യത്തിന്റെയും നീതിയുടെയും നിലപാടും (വെളിപാടും ഭാവി പറയലുമല്ല പ്രവാചകത്വം), ഏലിയായുടെ  തീക്ഷ്ണതയും സൗഖ്യശുശ്രൂഷയും, കല്ലെറിയപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തവരെപ്പോലുള്ള സഹനവും, എതിർപ്പുകൾക്കു മുമ്പിൽ സൂക്ഷിച്ച സൗമ്യതയും, വചനത്തിന്റെ ആധികാരികഭാഷ്യത്തിനു നൽകിയ ഹൃദ്യതയും ക്രിസ്തുവിലെ പ്രവാചകദൗത്യത്തിലുണ്ട്. ആ പ്രവാചകത്വം ജീവിക്കാൻ തയ്യാറുള്ളവരെയാണ് ഇന്ന് നേതാക്കളായി നമുക്കാവശ്യം. 

അല്ലെങ്കിൽ, മൈക്കിൾ ആഞ്ചെലോ കൊത്തിയെടുത്ത മോശയെപ്പോലെ നമ്മൾ മനസ്സിൽ കാണുന്ന രൂപത്തിൽ  ഒരു മോശയെയാവും  ആഗ്രഹിക്കുകയും കൊത്തിയെടുക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നത്. മോശ-പരിവേഷം എടുത്തണിയുകയും, അവരോധിക്കപ്പെടുകയും ചെയ്യുന്ന അത്തരം നേതൃത്വം മോശക്ക് പകരം ഫലത്തിൽ കൊറഹിനേപ്പോലെയായിരിക്കും.

വിവേകം, കാരുണ്യം, ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളെക്കുറിച്ച്  മുൻവിധിയും സ്ഥാപിതതാല്പര്യവുമില്ലാത്ത സമീപനം, സാമൂഹികപ്രവണതകളെക്കുറിച്ചുള്ള അറിവ്, സാംസ്കാരികമായ ഉൾകാഴ്ച എന്നിവയും പ്രവാചകത്വത്തിൽ ഉൾപ്പെടുന്നു. മോശയെപ്പോലൊരു പ്രവാചകനെ പ്രതീക്ഷിക്കുമ്പോഴും, ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വശൈലിയിലെ പ്രവാചകത്വം കാണപ്പെടാത്ത പോകുന്നുണ്ടോ എന്നൊരു ആശങ്ക അസ്ഥാനത്തല്ല; അതോ കണ്ടിട്ടും അവഗണിച്ചു കളയുകയാണോ? 

ഡിസംബർ 09, 2020

കുടുംബത്തിന്റെ ക്രിസ്തുരൂപം

സ്വന്തം വീടുകളിൽ തന്നെ ദൈവവും ഒരു അംഗമോ അതിഥിയോ ആതിഥേയനോ ആയ കുടുംബങ്ങളെ രക്ഷാകരചരിത്രത്തിലുടനീളം കാണാം. ക്രിസ്തുവും അത്തരം കുടുംബാന്തരീക്ഷങ്ങളിൽ സ്വയം പങ്കുചേർക്കുന്നതായി കാണാം. നമ്മുടെ കുടുംബങ്ങളിലും അത്തരം അവസരങ്ങളുണ്ട്. ഇതിനു വേണ്ടി ഒരു പുതിയ ആത്മീയത രൂപപ്പെടുത്തേണ്ടതില്ല, നമ്മൾ ജീവിക്കുന്ന ഭവനാന്തരീക്ഷങ്ങളിൽ ഉള്ള കൃപാസാന്നിധ്യം തിരിച്ചറിയുക എന്നതാണ് ആ ആത്മീയത. സഭ വിശ്വാസികളുടെ സമൂഹമാണെന്നും ആ സമൂഹം ക്രിസ്തുവിന്റെ ശരീരമാണെന്നും നമുക്കറിയാം. നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങളും ക്രിസ്തുശരീരമാണെന്ന രഹസ്യം അനുഭവവേദ്യമാക്കുമ്പോഴാണ് കുടുംബം ഒരു ഗാർഹികസഭയായിത്തീരുന്നത്. ഒരു ആശയരൂപീകരണം കൊണ്ട് മാത്രം ജീവിക്കാവുന്നതല്ല ഈ രഹസ്യം, മറിച്ച് കൂദാശകളിലൂടെ ഒരു കുടുംബരൂപീകരണത്തിനു ദൈവം നൽകിയിരിക്കുന്ന കൃപയനുസരിച്ച് ഓരോരുത്തരുടെയും ജീവിതാവസ്ഥകളിൽ ഇത് സാധ്യമാക്കുവാൻ നമുക്ക് കഴിയും.

തിരക്കുകൾക്കിടയിൽ നഷ്ടപ്പെട്ടുപോകുന്ന ചില മനോഭാവങ്ങളെ പുതുജീവൻ നൽകി ഉണർത്താൻ കഴിഞ്ഞാൽ ക്രിസ്തുവിലേക്കുള്ള വളർച്ചയിലെ അടിസ്ഥാനപടിയായ സ്നേഹബന്ധങ്ങൾ ഉറപ്പിക്കാൻ നമുക്കായേക്കും. ആത്മീയം എന്നത് ആചാരങ്ങളിലുള്ള കണിശതയിലും എല്ലാം ഭക്തിമയമാക്കുന്നതിലുമാണെന്ന തെറ്റിദ്ധാരണ പ്രബലമായുണ്ട്. പരസ്പരസ്നേഹത്തിലുള്ള ഒരു ആത്മീയത ജീവിക്കുവാൻ പ്രയത്നിക്കുക എന്നതാണ് മർമ്മപ്രധാനമായ ഘടകം.

കാര്യമായെടുക്കാത്ത ഇഷ്ടാനിഷ്ടങ്ങളും, ക്ഷീണവും കൊച്ചു വേദനകളും കാണാനും, നമ്മെത്തന്നെ മറച്ചു വയ്ക്കാതെ കാണപ്പെടാൻ അനുവദിക്കുകയും ചെയ്യുന്നത് ആദ്യ ആത്മീയതലം തന്നെയാണ്. ആ ജീവിതാവസ്ഥകളിൽ ക്രിസ്തുരഹസ്യങ്ങൾ കാണുവാൻ കഴിഞ്ഞെങ്കിൽ പങ്കുവയ്ക്കലിന്റെ മാനം നൽകാനും നല്കപ്പെടാനും നമ്മെ പ്രാപ്തരാക്കും. അങ്ങനെ ഒരു ക്രിസ്തു ചൈതന്യത്തിലേക്കു കുടുംബത്തെയും, ക്രിസ്തുരൂപത്തിലേക്ക് കുടുംബാംഗങ്ങളോരോരുത്തരെയും പരസ്പരം വളർത്തുകയെന്നതാണ് ഗാർഹികസഭയായി കുടുംബം ചെയ്യുന്നത്.

ഒരുമിച്ചു പ്രാത്ഥിക്കുന്ന കുടുംബം എന്നതുപോലെ തന്നെ, പ്രാർത്ഥന ഒരു ജീവിത ശൈലിയാക്കാനും, ജീവിതനിമിഷങ്ങളെ പ്രാർത്ഥനയിലേക്കു കൊണ്ടുവരുവാനും ഗാർഹികാന്തരീക്ഷത്തിൽ ‌ പരിശീലിക്കുവാൻ നമുക്ക് കഴിയും. പ്രവൃത്തികളും വാക്കുകളും എന്നതിനേക്കാൾ മനോഭാവങ്ങളായി പരിശീലിക്കേണ്ടതാണിവ. വാങ്ങി ഭക്ഷിക്കുക എന്നതിലെ നൽകലും സ്വീകാര്യതയും പോലെ ഓരോ നിമിഷങ്ങളെയും പൂജനീയമായ പരസ്പരസാന്നിധ്യത്തിലെ കൃപ  കൊണ്ട് നിറക്കാൻ നമുക്കാവും. പഠനത്തിലും ജോലികളിലും, വീട്ടുജോലികളിലും രോഗത്തിലും വാർധ്യക്യത്തിലും പ്രണയത്തിലും മൈഥുനത്തിലും മരണത്തിലും പോലും ദൈവാശ്രയബോധവും കൃതജ്ഞതയും നിറക്കാൻ കഴിഞ്ഞെങ്കിൽ ആ കുടുംബം ക്രിസ്തു സ്നേഹിക്കുകയും ജീവൻ പകർന്നു നൽകുകയും ചെയ്ത സഭയുടെ ജീവിക്കുന്ന രൂപം തന്നെയാണ്.

ജീവിതത്തിലെ നിമിഷങ്ങളിലുള്ള ചെറിയ കാര്യങ്ങളിലെ ആഴങ്ങൾ തിരിച്ചറിയുക എന്നതാണ് മറ്റൊരു തലം. ഒരു ഗ്ലാസ് വെള്ളത്തെക്കുറിച്ചാണെങ്കിലും ഭക്ഷണത്തെക്കുറിച്ചാണെങ്കിലും ധന്യത വളർത്തുവാൻ കഴിയേണ്ടതുണ്ട്. ഭൂമിയിലെങ്ങോ ഇവയൊക്കെയും അന്യമായവരെക്കുറിച്ചു കരുതൽ സൂക്ഷിക്കുന്നതും പ്രകൃതിയുടെ ജീവൽപ്രക്രിയകളെ കാത്തുസൂക്ഷിക്കുന്നതും ക്രിസ്തുശരീരത്തിന്റെ പവിത്രത തന്നെയാണെന്ന ബോധ്യത്തിലേക്കു വളരാൻ കഴിയുന്നതും ഭവനാന്തരീക്ഷത്തിലാണ്. ഒരു തുണ്ടു പേപ്പറിന്റെ വില നമ്മൾ നൽകുന്ന പണം മാത്രമല്ല എന്നൊക്കെ തിരിച്ചറിയുന്നതും അത്തരം ഉൾക്കാഴ്ച്ചകളിലൂടെയാവും. സ്വന്തം ജീവിതത്തിന്റെ സാധാരണ അവസ്ഥകൾ തന്നെയാണ് ഇവിടെ കൃപയുടെ നിമിഷങ്ങളായി തിരിച്ചറിയപ്പെടുന്നത്. ഇത്തരം ചെറിയ കാര്യങ്ങളിലുള്ള വിശ്വസ്തതയാണ് ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്കു നമ്മെ ഒരു കുടുംബമായി വളർത്തുന്നത്. ഓരോരുത്തരും ചെയ്യുന്ന ജോലിയുടെ ആത്മീയ ആഴം ഓരോ ‘കരിസ്മാ’ ആയിത്തന്നെ അറിഞ്ഞു കൊണ്ട് ആത്മാഭിമാനത്തോടും കൂടുതൽ ദൈവാശ്രയത്തോടും കൂടി മുന്നോട്ടു പോകണം. അത് ക്ലുടുംബത്തെ ഭൂമിയിൽ ദൈവം വസിക്കുന്ന ആലയമാക്കും. മുൻപ് സൂചിപ്പിച്ചതുപോലെ കാണുകയും കാണപ്പെടുകയും, അറിയുകയും അറിയപ്പെടുകയും ചെയ്യുക എന്നതും അവ സാധ്യമാക്കാൻ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് ശ്രമിക്കുകയും ചെയ്യുക എന്നത് ഇവിടെ പ്രധാനമാണ്.

ഓരോ ഭോജനവും വാഴ്ത്തി ഭക്ഷിക്കപ്പെടേണ്ടതാണ്. അവിടെ ഓർമ്മിക്കപ്പെടേണ്ടതായ ഒട്ടനേകം നിമിഷങ്ങൾ പകർന്നുനൽകുന്ന കൃതജ്ഞത ആന്തരിക നന്മയും ഉദാരതയുമായി വളരും. വല്ലപ്പോഴും സ്വന്തം ഇല്ലാതാകലിനെക്കുറിച്ചും പരസ്പരം പറയുവാൻ കഴിഞ്ഞെങ്കിൽ പരസ്പരസ്നേഹത്തെ പലമടങ്ങു ആഴപ്പെടുത്തും. അങ്ങനെ വളരുന്ന കുടുംബത്തിന്റെ അന്തരാത്മാവ്, ശുദ്ധീകരിക്കുകയും പവിത്രീകരിക്കുകയും ശക്തിപ്പടുത്തുകയും പൂർണ്ണരാക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവ് തന്നെയാണെന്നതിൽ സംശയമില്ല.

തിരക്കുകളോ ജാള്യതയോ മൂലം ഇത്തരം ചെറുകാര്യങ്ങളെ അവഗണിച്ചു കളയുകയാണ് പതിവ്. എന്നാൽ നമ്മുടെ കൊച്ചുകുടുംബത്തിൽ പരിശീലിക്കപ്പെടുന്ന ഇത്തരം എളിയ 'ആത്മീയ' മനോഭാവങ്ങൾ നമ്മെ സമൂഹത്തിലും ക്രിസ്തുസാദൃശ്യം ഉള്ളവരാക്കിത്തീർക്കും. ചുറ്റുമുള്ള നന്മകളെ കാണാനും പ്രശംസിക്കാനും മാതൃകയാക്കി പരിശീലിക്കാനുമുള്ള വേദികൂടിയാണ് കുടുംബം. സമൂഹത്തിന്റെ ആഘോഷങ്ങളിലും വിലാപങ്ങളിലും ഹൃദയത്തോടെ പങ്കുചേരാൻ നമുക്കാകും. ഈ വളർച്ച സാമൂഹിക പ്രതിബദ്ധതയിലേക്കും നമ്മെ നയിക്കും. ബൗദ്ധികമോ, സാമ്പത്തികമോ സാമൂഹികമോ ആയ പരസ്പരസഹായം ക്രിസ്‌തുശരീരത്തിന്റെ വളർച്ചയാണെന്ന ബോധ്യം നമ്മിൽ വളർന്നിട്ടുണ്ടാവണം. വേർതിരിക്കുന്ന മതിലുകൾക്കപ്പുറത്തേക്ക് ഒരു പവിത്രഹൃദയമായി നമ്മെത്തന്നെ തുറന്നു വയ്ക്കുവാൻ അപ്പോഴേ നമുക്ക് കഴിയൂ

വീടുകളിലേക്ക് ഇടുങ്ങപ്പെട്ട സാഹചര്യമാണ് കോവിഡ് സൃഷ്ടിച്ചതെങ്കിൽ അത് ഭവനങ്ങളെ കുറേക്കൂടി വിശാലമായിക്കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. സാമ്പത്തികമോ ബൗദ്ധികമോ ആയ മേൽക്കോയ്മ കൊണ്ടോ വാക്‌സിൻ കൊണ്ടോ ഈ വ്യാധിയെ നീക്കിക്കളയാനാവില്ല എന്നും ഒത്തൊരുമയും പങ്കുവയ്കലും കൊണ്ടേ നമുക്ക് പിടിച്ചു നിൽക്കാനാവൂ എന്നും ലോകാരോഗ്യസംഘടന ആവർത്തിച്ചു പറയുന്നു. ഈ സാഹചര്യത്തിൽ സമൂഹം തന്നെ ഒരു കുടുംബമായി പരസ്പരം പരിപോഷിപ്പിക്കേണ്ടതാണ്. ഗാർഹികസഭയിൽ തെളിഞ്ഞു കിട്ടുന്ന ചൈതന്യം സ്നേഹത്തിലും സഹോദര്യത്തിലും സമൂഹത്തിൽ പ്രകടമാക്കാൻ നമുക്ക് കഴിയട്ടെ.