പ്രാർത്ഥന ഒരു തുറവിയാണ്; ദൈവകൃപക്ക് മുമ്പിൽ വിനീതമായ തുറവി. ദൈവപരിപാലനയിലുള്ള ഉറപ്പും ഉള്ളിന്റെ ആത്മാർത്ഥതയുമാണ് പ്രാർത്ഥനയുടെ കാതൽ. അത് ഒരു ഹൃദയബന്ധമാണ്. അതിമാനുഷമായ ചില സിദ്ധികളെക്കുറിച്ചു പലപ്പോഴും കേട്ടിരിക്കാം. നമ്മിൽ ദൈവജീവന്റെ പ്രവൃത്തിയായാണ് അതിനെ കാണേണ്ടത്, പ്രാർത്ഥന കൊണ്ട് പ്രാപിച്ച പ്രത്യേക സിദ്ധിയായല്ല. ഊർജ്ജ പ്രവാഹമായോ അതിന്റെ പ്രഭാവമായോ സംഭവിക്കുന്ന അതിസ്വാഭാവിക പ്രതിഭാസങ്ങൾ പോലെ 'പ്രാർത്ഥനയുടെ ശക്തി'യെ അവതരിപ്പിക്കുന്നത് പ്രാർത്ഥനയെ ദുർവ്യാഖ്യാനം ചെയ്യുന്നു. പ്രാർത്ഥനയല്ല ശക്തി പ്രകടിപ്പിക്കുന്നത്. ജീവന് വേണ്ടി തുറക്കുന്ന മേഖലകൾ അത് സ്വീകരിക്കുമ്പോൾ നവീനതയും പുതുജീവനും കാണപ്പെടും. 'പ്രാർത്ഥനയുടെ ശക്തി' എന്നത് ദൈവത്തിന്റെ പേരിലാണെങ്കിലും നമ്മുടെ 'പ്രാർത്ഥനാപ്രവൃത്തികൾക്കാണ്' അവിടെ ഊന്നൽ കൂടുതൽ. സാമ്രാജ്യം, യുദ്ധം, പോരാട്ടം, കീഴടക്കൽ തുടങ്ങിയ പദങ്ങളല്ല പ്രാർത്ഥനക്കു യോജിക്കുന്നത്. ജീവനെ സംബന്ധിച്ചുള്ളതാക്കി ധ്യാനിച്ച് തുടങ്ങിയാൽ കുറേക്കൂടി സത്യമുള്ള പ്രാർത്ഥനാനുഭവം ലഭിച്ചേക്കാം.
സെപ്റ്റംബർ 24, 2022
യാഥാസ്ഥിതികത
കപ്പ വാട്ടിനും ഉത്സവത്തിനും പെരുന്നാളിനും ദൈവവും ചൂട്ടു കത്തിച്ചു കൂടെ നടക്കുമായിരുന്നു. പിന്നെ, ഞങ്ങളുടെ ഉത്സവവും, പെരുന്നാളും ഞങ്ങളുടെ പൂക്കളവും വടം വലിയുമൊക്കെ ആയപ്പോൾ കൂട്ടിലടക്കപ്പെട്ട തത്ത പോലെയായി ദൈവം. പിന്നെ ദൈവം തന്നെ ശരിയല്ല എന്ന് കുറെപ്പേർക്ക് തോന്നിത്തുടങ്ങി. ശരിയായ ദൈവത്തെ തപ്പി അവർ ദൈവരഹിതരായി.
യാഥാസ്ഥിതികത പുതിയ ഗൃഹാതുരത്വമായി പുൽകിയ അനേകർക്ക് സംഭവിച്ച ദയനീയ പരാജയം അവർ അറിയാതെ ദൈവത്തെയും വിശ്വാസത്തെയും അവർക്കു നഷ്ടമായി എന്നതാണ്. വളരെ തീവ്രമായി മതത്തിനും, വിശ്വാസത്തിനും, ദൈവത്തിനുമായി അവർ പ്രവർത്തിക്കുന്നുണ്ടെങ്കിൽക്കൂടി.
മതാത്മകത ദൈവിക ജീവന്റെ അടയാളമാവണമെന്നു നിർബന്ധമൊന്നുമില്ല. യാഥാസ്ഥിതികതക്കോ മൗലിക വാദത്തിനോ പ്രേരണയാകുന്നത് എന്താണ്? നിലനിൽക്കണമെന്നാഗ്രഹിക്കുന്ന എന്തൊക്കെയോ തകരുന്നെന്ന ഭയമാണോ? ചില സാംസ്‌കാരിക ഘടകങ്ങളിലെ മാറ്റങ്ങളെ സ്വീകരിക്കാൻ കഴിയാത്തതാണോ? ആ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം വിശ്വാസത്തിന്റെ കാലിക പ്രസക്തി കാണാൻ കഴിയാത്തതു കൊണ്ടുള്ളതാണോ ആ ഭയം? പുതുമയോടുള്ള നിഷേധമാണോ യാഥാസ്ഥിതികതക്ക് അടിസ്ഥാനമായി വർത്തിക്കുന്നത്?
മതങ്ങളുടെ വിവരണങ്ങളിൽ, ചക്രവർത്തിമാരും നാട്ടുരാജാക്കന്മാരും ഭരിക്കുന്ന ഒരു ലോകത്താണ് ഇന്നും അനേകർ ജീവിക്കുന്നത്. അതിനനുസരിച്ചുള്ള പെരുമാറ്റച്ചട്ടങ്ങളും കീഴ്വഴക്കങ്ങളും വിശ്വാസത്തിന്റെ ഭാഗമാകുന്നതിൽ അതിശയിക്കാനില്ല. അതിനെ നിലനിർത്താനുള്ള സംഘർഷത്തെ വിശ്വാസത്തിന്റെയും മതത്തിന്റെയും സംരക്ഷണമായി അവതരിപ്പിക്കുന്ന വ്യാഖ്യാനങ്ങൾ യാഥാസ്ഥിതികമാണ്, മൗലികമാണ്. പക്ഷെ അവ നവീകരണത്തിലേക്ക് നയിക്കില്ല. കാരണം അവയിൽ ദൈവമില്ല, ജീവനില്ല. ഒരു വിശ്വാസത്തിന്റെ ഉത്ഭവ പ്രചോദനത്തിലേക്കു എത്തിച്ചേരുകയും അതിനെ ഇന്നിന്റെ മാർഗ്ഗദീപമായി കണ്ടെത്താൻ കഴിയുകയും ചെയ്യാനാവുന്നില്ലെങ്കിൽ ഒരു പുനരുജ്ജീവന പ്രയത്നവും ഫലം കാണില്ല. നിഷേധമനോഭാവത്താൽ നയിക്കപ്പെടുന്ന രാഷ്ട്രീയ നീക്കങ്ങൾ മാത്രമാണവ.
യാഥാസ്ഥിതികത സ്വയം ശുദ്ധിയും വിശ്വസ്തതയും കാണുകയും മറ്റുള്ളവരെ ദൈവരഹിതരായും ദൈവനിഷേധികളായും ശത്രുക്കളായും കാണുന്നിടത്താണ് അതിന്റെ ഏറ്റവും ബീഭത്സമായ രൂപം കാണുന്നത്. പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നൽകുന്ന നവീനതയെപ്പോലും അവർ പൈശാചികമായി കണ്ടേക്കാം. ദൈവികമായ, കരുണക്കും സ്നേഹത്തിനും അവർ അതിരു കൽപ്പിച്ചേക്കാം. തങ്ങളുടെ പക്ഷത്തല്ലാത്തവരെ വെറുക്കപ്പെടേണ്ടവരായി അവർ കണ്ടു തുടങ്ങുന്നു. സാന്മാർഗിക നിയമങ്ങൾകൊണ്ട് അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു.
ഒരു തിരുശേഷിപ്പായി സൂക്ഷിച്ചു വയ്കേണ്ടതല്ല വിശ്വാസം, അത് അനുയാത്ര ചെയ്യുകയും മുന്നേ നയിക്കുകയും ചെയ്യണം. ഒരു കാലഘട്ടത്തിലേക്കും അതിന്റെ സമ്പ്രദായങ്ങളിലേക്കും കെട്ടിയിടാൻ പ്രയത്നിക്കുന്ന യാഥാസ്ഥിതിക വാദങ്ങൾ നിലനിർത്തുന്നത് തീർത്തും സങ്കുചിതമായ അധികാര സ്വാർത്ഥതകളാണ്. സിംഹാസനത്തിലിരുന്നു കർക്കശ സ്വഭാവം കാണിക്കുന്ന ദൈവം അവന്റെ ആരാധകരെയും ആ സിംഹാസനത്തിൽ കെട്ടിയിടും. അപ്പോഴാണ് ഒരു നാട്ടുരാജാവായി വാഴാൻ നമുക്കും തോന്നുക. തകരുന്ന ഒരു കപ്പലിന്റെ ആകെയുള്ള നിയന്ത്രണാധികാര സാധ്യതകളിൽ കടിച്ചു തൂങ്ങുകയല്ല പ്രധാനം. തിരകൾക്കു മീതേ നീന്തുവാനുള്ള കരുത്ത് നേടുകയാണ്. വിശ്വാസത്തിനു അതിനുള്ള ശക്തിയുണ്ട്. കാരണം അതിനു കാതലുണ്ട്. പക്ഷേ അതിനെ വികലമായ വ്യാഖ്യാനങ്ങളിൽ കെട്ടിയിടാനാണ് ശ്രമമെങ്കിലോ? മാത്രമല്ല കെട്ടിയിടപ്പെട്ടു ചുറ്റിക്കറങ്ങുന്നതാണ് മതവും വിശ്വാസവുമെന്നു ഉറപ്പിച്ചും കഴിഞ്ഞെങ്കിലോ?
തോർത്തുമുണ്ടുമിട്ടു നമ്മുടെ കൂടെയുള്ള ദൈവത്തെ കൂടാരത്തിലിരുത്താനുള്ള ഏതുദ്യമത്തിലും ദൈവത്തെക്കുറിച്ചുള്ള ഉപേക്ഷയാണ്. കിരീടമണിയിച്ചും സ്വർണം പൂശിയും വിരൂപമാക്കിയ ദൈവരൂപത്തെ ഹൃദയത്തിന്റെ ആത്മാർത്ഥതയിൽ ശുദ്ധി ചെയ്യണം. എങ്കിലേ ഓരോരുത്തരും നിലനിർത്താൻ ആഗ്രഹിക്കുന്ന ദൈവത്തിനും മതത്തിനും ജീവനുണ്ടാകൂ, നമുക്കും.
സെപ്റ്റംബർ 23, 2022
ദൈവത്തിന്റെ വേദന
ദൈവത്തിന്റെ സ്നേഹം തിരിച്ചറിയപ്പെടാത്തതാണ് ദൈവത്തിന് വേദന. എങ്കിലും ആ സ്നേഹത്തിന് കുറവ് വരുന്നില്ല. ക്ഷമിക്കണേ എന്നു നിലവിളിക്കേണ്ട ആവശ്യമുണ്ടെന്നു പോലും തോന്നുന്നില്ല. 'ആ സ്നേഹത്തിൽ എന്നെ കൂടുതൽ നിറക്കുക' എന്നതാണ് കൂടുതൽ ഹൃദ്യവും സത്യവുമായത്. തകരുകയോ, തളരുകയോ വീഴുകയോ ചെയ്യുമ്പോൾ അവിടെ ജീവന്റെ കുറവുണ്ട് കൃപാരാഹിത്യമുണ്ട്. ജീവന്റെ പൂർണ്ണതയായ ദൈവം ഒരു മാപ്പു പറയലിന്റെ വ്യവസ്ഥ വയ്ക്കുന്ന ആളാണോ? ആ സ്നേഹം/ജീവൻ സ്വീകരിക്കാനുള്ള തുറവി മാത്രം മതി.
സെപ്റ്റംബർ 21, 2022
താൻ മാത്രമാണ് സഭ
അവരവരുടെ ശരികളാണ് സഭയുടെ പ്രബോധനമാകേണ്ടതെന്നും, ആ കാഴ്ചപ്പാടുകളിലാണ് സഭ നിലനിൽക്കുന്നതെന്നും ഈ തീവ്രതയിൽ സ്വയം സഭയാകുന്നതും തിരിച്ചറിയപ്പെടേണ്ട വസ്തുതയാണ്. സഭക്ക് വേണ്ടി എന്ന് പറഞ്ഞു കൊണ്ട്, പരസ്പരം അംഗീകരിക്കാനോ കേൾക്കാനോ കഴിയാത്ത ഒരു അവസ്ഥയിലേക്ക് കടന്നു വന്നിട്ടുണ്ടെങ്കിൽ ഓരോരുത്തരും ആയിരിക്കാൻ ആഗ്രഹിക്കുന്നത് ക്രിസ്തുവിന്റെ ശരീരമാകാനല്ല, മറിച്ച് ദൈവത്തിന്റെ നേരിട്ടുള്ള അരുളപ്പാടുകൾ പോലും അവകാശപ്പെട്ടുകൊണ്ട് താനാണ്, താൻ മാത്രമാണ് ക്രിസ്തുവിന്റെ ശരീരവും വചനവുമെന്നു സ്ഥാപിക്കാനാണ്.
സെപ്റ്റംബർ 18, 2022
വെളിച്ചത്തിന്റെ മക്കൾ
കാലത്തിന്റെ കുതന്ത്രങ്ങളിൽ യുഗത്തിന്റെ മക്കൾ നാട് വാഴുമ്പോൾ വെളിച്ചത്തിന്റെ മക്കൾക്ക് ഏറ്റവും വലിയ പ്രലോഭനം കൗശലം പ്രയോഗിക്കാനാണ്....
വരില്ലാത്ത ഒരു സൗഭാഗ്യം പ്രതീക്ഷിച്ചു കാത്തിരിക്കുന്നത് ദുരന്തതുല്യമാണ്. അവിടെ തിരുത്തലിനായി ആക്ഷേപഹാസ്യം ഉപയോഗിച്ച് നോക്കിയിരുന്നോളൂ എന്ന് പറഞ്ഞേക്കാം. നിത്യകൂടാരങ്ങൾ ഒരുക്കിത്തരും എന്ന് കരുതി യജമാനന്റെ സ്വത്ത് ദുർവ്യയം ചെയ്ത് ആളുകളെ പ്രീതിപ്പെടുത്തുന്നവൻ ദൈവമുമ്പിൽ പരാജയമാണെന്ന് ഉറപ്പാണ്.
യജമാനന്റെ സ്വത്ത് ദുർവ്യയം ചെയ്ത കാര്യസ്ഥൻ ഒരു തരത്തിലും പ്രശംസയർഹിക്കുന്നില്ല. ജോലിയിൽ നിന്നും നീക്കപ്പെടുമെന്ന സാഹചര്യത്തിൽ കൗശലക്കാരനാകുന്ന അയാൾ അവിശ്വസ്തതയിലൂടെയും ദുർവ്യയത്തിലൂടെയും തന്നെ തന്റെ ഭാവി സുരക്ഷിതമാക്കുകയാണ്. ആ ദുർവ്യയത്തിന്റെ പങ്കു പറ്റുന്ന ആളുകളും ജീർണിച്ച ഒരു വ്യവസ്ഥിതിയെ കാണിക്കുകയാണ്. സ്ഥാനഭ്രഷ്ടനാക്കപ്പെടുന്ന കാര്യസ്ഥനെ നന്ദി കാണിച്ചു പരിചരിക്കാൻ അവരിൽ ആര് വരും!
വെളിച്ചത്തിന്റെ മക്കളെക്കാൾ എക്കാലത്തും 'ഈ യുഗത്തിന്റെ മക്കൾ' ബുദ്ധിശാലികളാണ്. ഓരോ കാലത്തിനും അതിന്റെ തന്ത്രങ്ങളും വിജയരീതികളുമുണ്ട്. അവ പ്രകാശത്തിന്റെ പാതയിലാവണമെന്ന് നിർബന്ധമേയില്ല. അവിടെയാണ് വെളിച്ചത്തിന്റെ മക്കളുടെ ഭോഷത്തം യുഗത്തിന്റെ മക്കളുടെ പ്രാഗത്ഭ്യത്തെക്കാൾ മേന്മയുള്ളതാകുന്നത്.
ഉപമയുടെ സാരാംശമായി അവസാനം പറയുന്നത് നിങ്ങൾക്ക് ദൈവത്തെയും ധനത്തെയും ഒരു പോലെ സേവിക്കാനാവില്ല എന്നാണ്. ഭോഷനായ ധനികൻ സമ്പത്തു കുന്നു കൂട്ടുന്നതിൽ ശൂന്യത കാണിക്കുമ്പോൾ, അവിശ്വസ്തനായ കാര്യസ്ഥൻ സമ്പത്തിന്റെ ഉപയോഗത്തിലെ വക്രതയെ തിരുത്തുന്നു. നിങ്ങൾ എങ്ങനെയാകരുത് എന്ന് അധികാരത്തെയും സമ്പത്തിനെയും കുറിച്ച് യേശു പഠിപ്പിച്ച കാര്യങ്ങളോട് ചേർത്ത് ഇതും ധ്യാനിക്കാം.
നിത്യകൂടാരങ്ങൾ ഉറപ്പാക്കുന്നത് ഇടുങ്ങിയ വാതിലിലൂടെയാണ്. സുവിശേഷത്തിന്റെ ഭോഷത്തമാണ് അതിന്റെ പാത. കാലത്തിന്റെ കുതന്ത്രങ്ങളിൽ യുഗത്തിന്റെ മക്കൾ നാട് വാഴുമ്പോൾ വെളിച്ചത്തിന്റെ മക്കൾക്ക് ഏറ്റവും വലിയ പ്രലോഭനം കൗശലം പ്രയോഗിക്കാനാണ്. സമ്പത്തുണ്ടാക്കാനും നാട് ഭരിക്കാനും ആധിപത്യം പുലർത്താനും നിപുണതയും അധാർമ്മികളോട് കൂട്ട് ചേരാനായി സമരസപ്പെടലും ആർക്കും സ്വീകാര്യമായ മാർഗ്ഗങ്ങളാണ്. എന്നാൽ ഇതേ അധ്യായത്തിൽ തുടർന്ന് പറയുന്നത് മനുഷ്യർക്ക് ഉത് കൃഷ്ടമായതു ദൈവദൃഷ്ടിയിൽ നികൃഷ്ടമാണ് എന്നാണ് (ലൂക്ക 16 /15). കാരണം, സത്ത നഷ്ടപ്പെട്ടു പോകുന്ന ക്രിസ്തു ശിഷ്യർ അവർക്കു വേണ്ടി ഉണ്ടാക്കുന്ന നിത്യ കൂടാരങ്ങൾ ഏതു സ്വഭാവമുള്ളതായേക്കും?
സെപ്റ്റംബർ 17, 2022
സ്വർഗ്ഗം ഒരു പ്രതിഫലമല്ല
സ്ത്രീ മൗനം പാലിക്കുമ്പോൾ
വിവാഹത്തെ ഒരു ഉടമ്പടിയായാണ് ബൈബിൾ മനസിലാക്കുന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയെയും, ക്രിസ്തുവും സഭയും തമ്മിലുള്ള ഉടമ്പടിയെയും മാതൃകയാക്കുന്നതാണ്.
ഭർത്താവ് ഭാര്യയെ സ്നേഹിക്കേണ്ടത് ക്രിസ്തു സഭയെ സ്നേഹിക്കുകയും തന്റെ ജീവൻ നൽകുകയും ചെയ്തതുപോലെയാണെന്ന് പൗലോസ് ശ്ലീഹാ പഠിപ്പിച്ചു. ഇതിന്റെ അർത്ഥവ്യാപ്തി പ്രകടമാക്കുന്ന പ്രബോധനങ്ങൾ നമ്മുടെ ധ്യാനങ്ങളിലും ലേഖനങ്ങളിലും ദുർലഭമാണ് ദുർലഭമാണ്. പുരുഷൻ 'ശ്രവിക്കേണ്ടതായ' വചനഭാഗങ്ങൾ പലപ്പോഴും ലഘുവായാണ് പറഞ്ഞുവയ്ക്കുക.
'ക്രിസ്തു സഭയുടെ ശിരസാണെന്നതുപോലെ' എന്നതിന്റെ ആദ്യ അർത്ഥം ഏകമനസ്സായിരിക്കുവാനാണ്. സ്ത്രീ പുരുഷന് വിധേയയായിരിക്കണമെന്ന കാഴ്ചപ്പാട്, ഒരുതരം അടിമത്തവും ദാസ്യതയുമായിത്തീർന്നത് ദൈവത്തെയും മനുഷ്യനെയും കുറിച്ച് വച്ചുപുലർത്തിയിരുന്ന വികലമായ ചിന്തകളുടെ ഫലമായുണ്ടായതാണ്. ഹവ്വ ആദത്തിനു പാപ കാരണമാകുന്നതും സ്ത്രീ ശപിക്കപ്പെട്ടവളാകുന്നതും, പുരുഷമേധാവിത്വ വ്യവസ്ഥിതി പിറകോട്ടെഴുതി എത്തിച്ചേർന്ന ഉത്ഭവ വിവരണത്തിൽ ഉൾപ്പെട്ടത് സ്വാഭാവികമാണ്.
വിധേയത്വം പുണ്യമാകുന്നത് അത് പരസ്പര വിധേയത്വമാകുമ്പോഴാണ്. നീതി, സ്നേഹം, കുടുംബം എന്നിങ്ങനെ വർണശോഭയുള്ള പദാവലികൾ കേൾക്കാനിമ്പമുള്ളതു മാത്രമാവാതെ ജീവിതത്തിലുള്ള യാഥാർത്ഥ്യങ്ങളാവണം. മൗനം പാലിക്കാനും സഹിക്കാനും വ്യഥകൾ വഹിക്കാനും ആണ് സ്ത്രീയുടെ ജീവിതം എന്നത് പരിചിതമായിക്കഴിഞ്ഞ സാംസ്‌കാരിക ശീലുകളാണ്. അവയെ അവരുടെ മനുഷ്യാന്തസ്സിനു ചേർന്ന വിധം ഉന്മൂലനം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ സുവിശേഷത്തിനോ ക്രിസ്തുവിനോ സ്ഥാനം നൽകാത്ത സമൂഹങ്ങളാണവ. സ്ത്രീ മൗനം പാലിക്കുമ്പോൾ സമാധാനവും ഐശ്വര്യവും കുടുംബത്തിൽ വന്നു ചേരുന്നെന്ന വിധമുള്ള മാന്യമായ പ്രസംഗങ്ങൾ ഫലത്തിൽ അംഗീകരിച്ചു പ്രോത്സാഹിപ്പിക്കുന്ന അനീതികൾ എത്ര മാത്രമുണ്ട്? വിട്ടുവീഴ്ച യുടെ ആത്മീയതയും പീഡനത്തിന് അനുവദിച്ചു കൊടുക്കുന്നത് സ്ത്രീയെത്തന്നെയാണ്. പരസ്പര വിധേയത്വവും കരുതലും മൂല്യങ്ങളായി പാലിക്കപ്പെടുന്നിടത്താണ് വിട്ടുവീഴ്ചകൾ സ്വീകാര്യമായ പാതയാകുന്നത്.
വിധേയത്വത്തെ അടിമത്തമാക്കിത്തീർക്കുന്ന സമ്പ്രദായങ്ങളെ ദൈവികനിയമങ്ങളാകുന്ന ശീലുകൾ എങ്ങനെ നിലനിർത്തപ്പെടുന്നു? ആന്റി-അമ്മായി സംഘങ്ങൾ പാനീയത്തിൽ ലഹരി കലർത്തി ഒരുക്കുന്ന വിവാഹ ആലോചനകൾ വഞ്ചനയല്ലാതാകുന്നില്ലല്ലോ. വന്നു പോയത് അംഗീകരിച്ചു മുന്നോട്ടു പോകാമെന്ന് ഉപദേശിക്കുന്നത് അനുചിതവും അന്യായവുമാണ്. മരുമകളുടെ സ്വർണ്ണം അമ്മായിയമ്മയുടെ അവകാശം ആണെന്നും, ഭർതൃ ഭവനത്തിലെ ഭാരങ്ങൾ താങ്ങേണ്ടത് സ്ത്രീയുടെ കടമയാണെന്നുമൊക്കെ അലിഖിതമായ ദൈവിക നിയമങ്ങളായി വാഴ്ത്തപ്പെടുന്ന നാട്ടു സമ്പ്രദായങ്ങളാണ്. അവ തെറ്റാണെന്ന് തിന്മയാണെന്നു പാപമാണെന്നു ഉത്ബോധിപ്പിക്കാൻ ധ്യാനങ്ങൾക്കും കഴിയണം.
ഭർത്തൃത്വം എന്നത് മേധാവിത്വം എന്ന് ധരിച്ചിരിക്കുന്ന മാന്യരായ ഭർത്താക്കന്മാരെ തിരുത്താനും, അതിന് അവർ തയ്യാറല്ലെങ്കിൽ വിവാഹമല്ല അവർ ആഗ്രഹിച്ചതെന്ന രീതിയിൽ വിവാഹ മോചനം അനുവദിക്കുകയും വേണം. അത്തരം ന്യായമായ കാരണങ്ങൾ മൂലം വിവാഹമോചിതരാവുന്നവരെ രണ്ടാം തരക്കാരായി കാണാതിരിക്കാനുള്ള പക്വത ഇന്ന് സമൂഹത്തിനും ആവശ്യമാണ്.
തങ്ങളുടെ അന്തസ്സിനെ മാനിക്കാത്ത ഒരു സാമൂഹികവ്യവസ്ഥിതിയെ നിലനിർത്തുന്ന മതസംവിധാനങ്ങളെ സ്ത്രീകൾ തള്ളിക്കളയുന്ന സമയം ദൂരെയല്ല.
Marriage guidance courses കളിൽ നിന്നൊക്കെ വിവാഹം എന്നാൽ എന്താണ് എന്ന അറിവാണ് ആദ്യം ഉണ്ടാവേണ്ടത്. ഒരു പരിചാരികയെ വേണ്ടയാൾ അതിനു വേണ്ടിയാണ് അന്വേഷിക്കേണ്ടത്, വിവാഹത്തിനല്ല. ഭാര്യ പരിചാരികയല്ല എന്നത് ഭർത്താവാകാൻ തയ്യാറെടുക്കുന്നവർ ആദ്യം ബോധ്യപ്പെടണം. ഭാര്യയെ ചീത്ത പറയാനും അപമാനിക്കാനും ഭർത്താവിന് 'അവകാശം' ഉണ്ടെന്നു ധരിക്കുന്ന പുരുഷ കേസരികളെ തിരുത്താനും ഈ കോഴ്‌സുകൾക്ക് കഴിയണം. തിരുത്താനും, സ്വീകരിക്കാനുമുള്ള മനസ്സ് ഇരുഭാഗത്തുനിന്നുമുണ്ടാകാനുള്ള തുറവിയുണ്ടെങ്കിലേ തിരുത്തൽ തിരുത്തലാകൂ. അല്ലെങ്കിൽ അത് പുരുഷാധിപത്യമാണ്.
പെൺകുട്ടി ഇഷ്ടമില്ലെന്നു പറഞ്ഞിട്ടും മാതാപിതാക്കളുടെ ഇടപെടലുകളും സമ്പ്രദായ ഘടനകളും ഉപയോഗിച്ച് വിവാഹം കഴിക്കുന്ന ആൾ ആ പെൺകുട്ടിയെ ഭാര്യയായല്ല സ്വീകരിക്കുന്നത്. സാമ്പത്തിക നേട്ടങ്ങൾക്കോ വ്യക്തി താല്പര്യങ്ങൾക്കോ ഉപയോഗിക്കാവുന്ന ഒരു സ്ത്രീ എന്നത് മാത്രമാണ് അയാളുടെ കാഴ്ചപ്പാട്. വിവാഹസമയത് അവൾ നൽകിയ 'സമ്മതം' നിസ്സഹായതതയിൽ നിന്നും ഉള്ളതാണ്. മറ്റൊരാളിന്റെ മനുഷ്യാന്തസിനു വേണ്ട ബഹുമാനം നൽകാൻ കഴിയാത്ത ഒരാൾ ചെയ്യുന്ന വിവാഹം വിവാഹമേ അല്ല.
സെപ്റ്റംബർ 16, 2022
ജീവൻ ബലിയെക്കാൾ ശ്രേഷ്ഠം
Experience is what sells today എന്ന പ്രമാണം പോലെ എല്ലാം ഭയങ്കര അനുഭൂതിയായിരുന്നു.
എങ്കിലും ....
പറമ്പിലോ ചട്ടിയിലോ ഒരു ചെടി നട്ടു പിടിപ്പിക്കൂ.
അതിന്റെ വളർച്ചയും,
അതേ പോലെ നിങ്ങളുടെ തന്നെ കരുതലും ക്ഷമയും ആനന്ദവും ആകാംക്ഷയും നിർവൃതിയും ധ്യാനിക്കൂ.
ദൈവത്തെക്കുറിച്ചും ദൈവജീവനെക്കുറിച്ചും ദൈവത്തിന്റെ ശ്രദ്ധയെക്കുറിച്ചും കുറേക്കൂടി വ്യക്തമായേക്കും.
യാഗങ്ങളുടെ ഒരു മാതൃകയും മനുഷ്യപുത്രന്റെ ജീവന്റെ സമൃദ്ധിയെ വേണ്ടവിധം കാണിക്കുന്നില്ല. ജീവന്റെ മാതൃകകളിൽ നിന്നേ അവ ഗ്രഹിക്കാനാകൂ. അതിനു ഒരു ശ്രമം പോലും നൂറ്റാണ്ടുകളായി നമ്മൾ നൽകിയിട്ടില്ല എന്നതാണ് സത്യം. അർച്ചനകളും കാഴ്ചകളും നൈവേദ്യങ്ങളും വ്യവസ്ഥകളാകുന്ന ദൈവബന്ധമല്ല ക്രിസ്തു പഠിപ്പിച്ചത്. ബലിമാതൃകകൾ വിശദീകരണത്തിന് എളുപ്പമാണ്, എന്നാൽ അതിൽ സത്യത്തിന്റെ കുറവും ചൂഷണ സാധ്യതയുമുണ്ട്. ദൈവത്തെക്കുറിച്ച് നേരല്ലാത്ത ചിത്രം മെനയാൻ അവയിൽ ഇടമുണ്ട്. പൗരോഹിത്യത്തിന്റെ സത്ത മാറ്റിയെഴുതിക്കാൻ അതിന് കെല്പുണ്ട്. ജീവൻ സമൃദ്ധിയാണ്, നിർവൃതിയാണ്, കൂട്ടായ്മയാണ്, വെല്ലുവിളിയാണ്.
ഇഹലോകം
ഇഹലോകത്തിന്റെ വ്യക്തതയേക്കാൾ പരലോകത്തിന്റെ വിശദവിവരങ്ങളാണ് നമുക്ക് പരിചയം. യേശു പഠിപ്പിച്ചതനുസരിച്ച് ദൈവത്തിന്റെ പരിപാലനയിലുള്ള ബോധ്യവും സ്നേഹവും കരുണയും സമാധാനവുമുള്ള ജീവിതവുമാണ് പ്രധാനം. മരണശേഷം എന്ത് സംഭവിക്കുന്നെന്നത് ആ പരിപാലനയിൽ നടക്കേണ്ട കാര്യമാണ്. അത് എങ്ങനെയുമാവട്ടെ. 'നിങ്ങൾക്കിടയിലാണെന്ന്' യേശു പറഞ്ഞ ആ ദൈവരാജ്യത്തിനു ചേർന്ന ജീവിതം നയിക്കുക എന്നതാണ് ഇന്ന് വേണ്ടത്.
ആത്മാവിന്റെ നിത്യ സ്വഭാവമോ ഒരു യാഗത്തിന്റെ അതിശക്തമായ ഫലമായോ അല്ല ക്രിസ്തുവിന്റെ ഉയിർപ്പിനെപ്പോലും പൗലോസ് അടക്കമുള്ളവർ ഗ്രഹിച്ചത്. ദൈവമാണ് അവനെ ഉയർത്തിയത്. അതേ ശക്തി, പരിശുദ്ധാത്മാവ് നമ്മിൽ പ്രവർത്തിക്കുന്നെങ്കിൽ നമ്മുടെ മൃത്യുശീലമായ ശരീരവും രൂപാന്തരപ്പെടും എന്നതാണ് ജീവിക്കുന്ന ക്രിസ്തുവിനെ നമ്മളുമായി ചേർത്ത് നിർത്തുന്നത്. അത് കൃപയുടെ ജീവിതത്തെക്കുറിച്ചാണെങ്കിൽ അനുദിനജീവിതത്തിലും, ഉയിർപ്പിനെക്കുറിച്ചാണെങ്കിൽ ആ അവസ്ഥയിലും അത് ദൈവിക പ്രവൃത്തിയാണ്. ജീവന്റെ അനന്തതയെക്കാൾ ജീവന്റെ സമൃദ്ധിയെക്കുറിച്ചു ധ്യാനിച്ചു തുടങ്ങൂ.
നമ്മളും, നമ്മുടെ വിശ്വാസവും, സഭകളും മൃതശീലമാണ്. അവയിലും നിറയേണ്ട ജീവൻ ദൈവത്തിൽ നിന്നാണ്. കൃപയോട് ചേർന്ന സ്വഭാവത്തോടെ ഇന്നുകൾ എങ്ങനെയാണ് ജീവിക്കേണ്ടതെന്നാണ് ധ്യാനിക്കേണ്ടത്. ഉണർവും വളർച്ചയും പുഷ്ടിയും ഫലദായകത്വവും അപ്പോൾ ഉണ്ടാകും. മരിച്ചതിനു ശേഷം എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള ഏതു തരം വിശദീകരണവും ഒരു തരത്തിൽ നോക്കിയാൽ നമുക്കാവശ്യമില്ല. ദൈവം പരിപാലിക്കുന്നു എന്ന ബോധ്യത്തിൽ ജീവിക്കാൻ നമ്മൾ പരിശീലിച്ചിട്ടുണ്ടെങ്കിൽ മരണശേഷം എന്ത് സംഭവിക്കുന്നെന്നത് ആ പരിപാലനക്കുള്ളിൽ ഗ്രഹിക്കേണ്ടതാണ്.
സെപ്റ്റംബർ 15, 2022
പ്രവാചകന്റെ ദൗത്യം
അനീതിക്കും അസത്യത്തിനും നേരെ, ദൈവകൃപയുടെ ഒരു കണ്ണാടി ഉയർത്തിപ്പിടിക്കുകയാണ് പ്രവാചകന്റെ ദൗത്യം. പോരടിക്കുന്നവർക്കിടയിൽ സമാധാന വാക്കുകൾ പറയുന്നത് പരിഹാസ്യവും അസംബന്ധവുമായി വിധിക്കപ്പെട്ടേക്കാം, അത് രക്തസാക്ഷിത്വം പോലെ വെല്ലുവിളിയാണ്.
ഒരിക്കൽ, ആൾദൈവങ്ങളായി ചമഞ്ഞാടിയ പൊയ്മുഖങ്ങൾ ചേതനയില്ലാത്ത വിഗ്രഹങ്ങളായിരുന്നെന്നു വെളിപ്പെടുമ്പോൾ ജനം സംഭ്രമിക്കും, നിർവീര്യരാകും. അപ്പോൾ പ്രവാചകന്റെ ശക്തമായിരുന്ന വാക്കുകൾ ആശ്വാസത്തിന്റെയും പ്രത്യാശയുടേതുമാകുന്നു. അപ്പോഴും അത് ദൈവകൃപയുടെ കണ്ണാടി തന്നെ. പ്രവാചകൻ മാസ്മരികത എടുത്തണിയുന്നെങ്കിൽ ബിംബങ്ങളായി കുറച്ചു കാലം തിളങ്ങി പതിയെ ദ്രവിച്ചു തുടങ്ങും. എന്നാൽ യഥാർത്ഥ പ്രവാചകൻ ദൗത്യം പൂർത്തിയാക്കി മറഞ്ഞു പോകുന്നു. തന്റെ നിഴൽ പോലും തേടപ്പെടുവാൻ അയാൾ ആഗ്രഹിച്ചേക്കില്ല. ദൈവ പരിപാലനയുടെ ചിറകുകൾ കാണിച്ചു കൊടുക്കാൻ മറ്റൊരു കണ്ണാടിയുമായി വേറൊരാൾ തീർച്ചയായും ഉണ്ടാകും.
സെപ്റ്റംബർ 13, 2022
വളർത്തിയ ശത്രുത
സൗഖ്യത്തിന്റെ തൈലവുമായി വന്നവർ ദുഷ്ടതയുടെ വിത്തെറിഞ്ഞത് ലാഭമായത് ആർക്കാണ്? പലരും ദൈവങ്ങളായപ്പോൾ ഇല്ലാതായ ദൈവം ഇന്നെവിടെയാണ്? ഹൃദയം പൊട്ടി വിലപിച്ചു പറഞ്ഞവരെ പിശാചുക്കളും ശപിതരുമായി മുദ്രകുത്തിയ ദൈവങ്ങൾ വളർത്തിയെടുത്ത ജീർണിച്ച വിശ്വാസശകലങ്ങൾ ആർക്കു ജീവൻ പകരാൻ! നുണകൾ സത്യമായിപ്പറഞ്ഞു വളർത്തിയ ശത്രുത ഉള്ളിൽത്തന്നെ വിഷമായി മാറുന്നത് ആരും അറിഞ്ഞില്ല. സ്വരുക്കൂട്ടിയ വെറുപ്പും ദുഷ്ടതയും കലഹമായി പുറത്തു വരുന്നു. പതിയെ അത് പകയാകും.
ജനം പുരോഹിതരെ പിഞ്ചെല്ലുമ്പോൾ, കാലം പ്രവാചകരെ തേടുന്നു.
സെപ്റ്റംബർ 09, 2022
ആത്മാവിന്റെ ചൈതന്യമില്ലാതെ
പരിശുദ്ധാത്മാവിനെ വിഭജിച്ചെടുക്കാനാവില്ല. അതുകൊണ്ട്, കൂട്ടായ്മയിൽ ഒരുമിക്കാത്ത ഒരു സമൂഹത്തിന് എങ്ങനെയാണ് ആത്മാവിന്റെ സ്വരം തിരിച്ചറിയുവാൻ കഴിയുന്നത്? ആത്മാവിന്റെ ചൈതന്യമില്ലാതെ എങ്ങനെയാണ് ക്രിസ്തുവിന്റെ ശരീരമായിരിക്കുന്നത്? ചിതറിക്കപ്പെട്ട ഒരു ശരീരത്തിൽ ആത്മാവ് എങ്ങനെ അനുഭവവേദ്യമാകും? ഭിന്നിച്ചു നിൽക്കാൻ താൽപര്യപ്പെടുന്ന അഹന്തകളാൽ ഇല്ലാതാവുന്നത് ആന്തരിക ജീവനാണ്. നമ്മിലുണ്ടാവേണ്ടിയിരുന്ന ക്രിസ്ത്വാനുഭവമാണ് അത് മൂലം നഷ്ടമാകുന്നത്.
"ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്" എന്ന് ഗ്രഹിക്കാമെങ്കിൽ അത് പരസ്പരം ബലപ്പെടുത്തിയും സ്വീകരിച്ചും പരസ്പരം പൂർണരാക്കിക്കൊണ്ടുമാണ്. അഹന്തകൊണ്ടോ മുഷ്ടിപ്രയോഗം കൊണ്ടോ ഒരു ശരീരമാകാൻ നമുക്കാവില്ല. ഒരു മതമായി, റീത്തുകളായി, അനുഷ്ഠാനങ്ങളായി സ്വത്വങ്ങൾ തീർക്കുന്നവർ ക്രിസ്തുവെന്ന സ്വതബോധത്തെ അവഗണിച്ചു കളയുന്നു. സ്വന്തം അഹന്തകളും അധികാരങ്ങളും നിലനിർത്തുവാൻ ക്രിസ്തുസ്വത്വം ആഗ്രഹിക്കാതിരിക്കുക അനിവാര്യമാണ്.
ദൈവാരാധനയെന്ന പേരിൽ നടത്തപ്പെടുന്ന ഒരു അനുഷ്ഠാനത്തിലും ആത്മാവില്ലെങ്കിൽ ആരാധനയില്ല. അവ ചടങ്ങുകൾ മാത്രമാണ്. ക്രിസ്തുവാണ് ദൈവജനത്തിൽ ആരാധനയർപ്പിക്കുന്നത്. ദൈവജനം ഒരുമയില്ലാത്തതാണെങ്കിൽ എങ്ങനെയാണു ഒരു ശരീരമായി ആരാധനയുണ്ടാകുന്നത്? മതമായി തീർന്നതിനെ സമൂഹമാക്കാനും, അനുഷ്ഠാനങ്ങളാക്കി മാറ്റപ്പെട്ടവയിലെ ചൈതന്യം ജീവിത ശൈലിയാക്കാനും, കൂട്ടായ്മയിൽ ഏകശരീരമാകാനും ശ്രമമുണ്ടാവണം. അല്ലെങ്കിൽ മണൽപ്പുറത്ത് കൊട്ടാരം പണിയുകയാണ് ഓരോരുത്തരും.
സെപ്റ്റംബർ 08, 2022
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
"എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം" ഒരു പഴംപാട്ടായി മാറി. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും കലഹത്തിന് കാരണങ്ങൾ കണ്ടെത്തുന്ന തരം ഒരു സ്വത്വബോധം രൂപപ്പെടുത്താനാണ് മതവും രാഷ്ട്രീയവും ദേശീയബോധവും അടുത്ത കാലത്തു കിണഞ്ഞു പരിശ്രമിക്കുന്നത്. സാഹോദര്യത്തിനും ആഹ്ലാദത്തിനും അവിടെ ഇടയില്ല. തീവ്രഭാവങ്ങൾക്കും എളുപ്പം മുറിപ്പെടുന്നതിലുമാണ് അവിടെ പ്രാധാന്യം. സിനിമ, കഥ, വേഷം, ഭക്ഷണം ഇവ കൊണ്ടൊക്കെ മുറിപ്പെടുന്നില്ലെങ്കിൽ താനൊരു യഥാർത്ഥ ക്രിസ്ത്യാനിയോ, മുസ്ലിമോ,ഹിന്ദുവോ ഭാരതീയനോ ആണോ എന്ന് ചോദ്യം നേരിടേണ്ട അവസ്ഥയാണിന്ന്.
വംശീയ മേല്കോയ്മയെ ദൈവത്തിന്റെ പ്രമാണങ്ങളാക്കി ആഘോഷിക്കുന്നവർക്ക് സാഹോദര്യം ഒരിക്കലും ഒരു ആനന്ദമാവില്ല. മാവേലിയോ തൃക്കാക്കരയപ്പനോ ഒന്നുമല്ല പ്രശ്‌നം. പ്രശ്നം, ഒരുമിച്ചിരിക്കാനും, കേൾക്കാനും, അംഗീകരിക്കാനും ഒരേ നിലയിൽ എല്ലാവരെയും കാണുവാനും നമുക്ക് കഴിയാതായിരിക്കുന്നു എന്നതാണ്.
മാവേലിനാട്ടിൽ കള്ളവും ചതിയും ഇല്ലായിരുന്നെന്നും, എല്ലാവരും ഒരുപോലെയായിരുന്നെന്നും ചതിയുടെ അളവുകൾ ഇല്ലായിരുന്നെന്നുമാണ് സങ്കല്പം. എങ്കിലും മാവേലി ഒരു പ്രശ്നമായിരുന്നു. മാവേലിഭരണം തിന്മ മറച്ചു വെച്ച നന്മരൂപങ്ങൾ മാത്രമായിരുന്നോ? അധഃകൃതർക്കു ദാനമായല്ല നന്മയെ ഓണക്കാലത്തു ഓർമ്മിച്ചെടുക്കുന്നത്. ഒന്ന് പോലെയെന്ന അവസ്ഥ സത്യമായ അനുഭവമാണെങ്കിൽ അത് ഒരു പൊയ്‌മുഖത്തിന്റെ മറവിലാക്കാനാവില്ല. സ്വാതന്ത്ര്യം സമത്വം എന്നിവ മനുഷ്യാവസ്ഥയുടെ സത്യങ്ങളാണ്. പരിണതമായ അവസ്ഥയെക്കുറിച്ചുകൂടി ചിന്തിക്കണം - മാവേലി ചവിട്ടി താഴ്ത്തപ്പെട്ടതിനു ശേഷം ഇത് കൂടുതൽ നന്മകളുടെ നാടായോ?
വികസനത്തിന്റെയും അഭിവൃദ്ധിയുടെയും സുരക്ഷയുടെയും വിശുദ്ധ വേഷങ്ങളിൽ അമർച്ച ചെയ്യപ്പെടുന്ന പാവങ്ങളും ഗോത്രവർഗ്ഗക്കാരും മുക്കുവരും കുടിയൊഴിപ്പിക്കപ്പെടുന്നവരും നന്മയുടെ ഒരു കാലത്തിനു വേണ്ടി കാത്തിരിക്കുന്നവരാണ്. വികസനത്തിന്റെ കനത്ത ഭാരം ദേവലോകത്തിനല്ല, അസുരലോകത്തിനാണ്. ദേവലോകം ഇപ്പോഴും വെല്ലുവിളിക്കാനാവാത്തവിധം പവിത്രമാണ് അത് എക്കാലവും സംരക്ഷിക്കപ്പെടും.
മാതൃഭാവത്തോടെ
മനോഹരമായ ഒരു സൃഷ്ടിയാക്കി ഓരോ ജന്മത്തെയും തീർക്കാൻ വംശാവലിയെ വിസ്തൃതമാക്കിയേ തീരൂ. ദാവീദിലോ അബ്രാഹത്തിലോ ആദത്തിലോ എത്തി നിൽക്കുന്നതല്ല ഒരാളുടെ വംശാവലി. ഓരോരുത്തരുടെയും പുക്കിൾക്കൊടി ബന്ധങ്ങൾ കുടുംബപാരമ്പര്യങ്ങളുടെ പെരുമയേക്കാൾ വിശാലമാണ്, ആരംഭത്തിലും ഇന്നുകളിലും. ഭോജനമായി വായുവായി മനസ്സായി രൂപമായി ഓരോന്നിനെയും തീർക്കുന്ന കണ്ണികൾ ഏതോ നക്ഷത്രത്തിന്റെ പ്രകാശശോഭയിൽ പിറന്നവയാണ്. ഏതോ വംശാവലിയുടെ പുക്കിൾക്കൊടി അടയാളങ്ങൾ ഓരോരുത്തരിലുമുണ്ട്. നീണ്ട കണ്ണികൾ അവശേഷിപ്പിക്കുന്ന സൗരഭ്യമായോ കനിവിന്റെ ആർദ്രതയായോ കഠിനതയുടെ പരുപരുപ്പായോ ആ അടയാളങ്ങൾ ചൂഴ്ന്നിറങ്ങുന്നു. കുറെയേറെ
വിങ്ങലുകൾ ഭാരപ്പെടുത്തുന്ന കണ്ണികളിലേക്കു ജന്മമെടുക്കുകയും, മുറിവും വേദനയും നൽകിക്കൊണ്ട് കടന്നു പോവുകയും ചെയ്യുന്നു. എങ്കിലും സാന്ത്വനമാകാനും നന്മ വിളയിക്കാനും കരുത്ത് നേടുന്നതും ഇതേ കണ്ണികളിലൂടെ പകരപ്പെടുന്ന ജീവൻ തന്നെ. സൃഷ്ടാവിന്റെ ജീവൻ വഹിക്കുന്ന നാഡീഞരമ്പുകൾ നമ്മിലെല്ലാമുണ്ട്.
ജന്മം തന്നെ ഒരു വിശുദ്ധസൗന്ദര്യമാകുവാൻ വംശാവലിയുടെ കണ്ണികൾ ജീവൻ കൊണ്ട് സമൃദ്ധമാവണം. നീറ്റലോടെ തുടങ്ങുന്ന ജന്മങ്ങൾ, ജ്വലനത്തിനു പകരം ത്യാഗമായി എരിഞ്ഞടങ്ങി സമാധാനത്തിന്റെ കണ്ണികളായി ജീവനായി തുറന്ന സൗന്ദര്യമാകും. ദൈവമാതാവാകാനുള്ള വരം ഒരു പൂമൊട്ടായി ഉയർന്നു വന്നത് അങ്ങനെയാണ്.
മറിയത്തിന്റെ ജനനത്തിൽ സന്തോഷിക്കുന്ന ഓരോരുത്തരും, മറിയത്തിലേക്കെത്തിച്ച ജീവന്റെ കണ്ണികളെപ്പോലെയാകാൻ ആഗ്രഹിക്കേണ്ടതുണ്ട്. ജീവൻ നിറച്ചു കൊണ്ടേ നമ്മിലെ മരണാവസ്ഥകളെ മായിച്ചു കളയാനാകൂ, പാപരാഹിത്യം കൃപ നിറച്ചു കൊണ്ടാണ്, തുടച്ചു നീക്കിക്കൊണ്ടല്ല.
വിലാപങ്ങളുടെ താഴ്വരകളിൽ വിങ്ങിക്കരയാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായി നമ്മെ കരുതുന്നത് ഒരു കാലഘട്ടത്തിന്റെ പ്രപഞ്ചവീക്ഷണ ഫലമായാണ്. ദുഃഖം നിറഞ്ഞ ലോകവും ആദി മനുഷ്യന്റെ 'പാപവും' തമ്മിൽ കാര്യകാരണബന്ധം കല്പിക്കുന്നതും അതേ പ്രപഞ്ചവീക്ഷണത്തിന്റെ ഭാഗമാണ്. താഴ്വാരങ്ങളും പർവ്വതങ്ങളും ഒരേപോലെ കൃപകൾ നിറഞ്ഞവയാണ്. മനുഷ്യ സഹജമായ കുറവുകളും ദുരിതങ്ങളും ഉണ്ടെങ്കിലും കൂടെ വസിക്കുന്ന ദൈവസാന്നിധ്യമാണ് ജീവിതത്തിലെ സുവിശേഷ ധന്യത. കുറവുകൾ, തങ്ങളിലുള്ള ജീവൻ പകർന്നു നൽകിക്കൊണ്ട് പരസ്പരം നിറച്ചുകൊണ്ടാണ് ജീവന്റെ പൂർണ്ണത. രണ്ടാം വരവിന്റെ അനുഭവത്തിന്, ഒരു മാതൃഭാവത്തോടെ ഒരുങ്ങാൻ തയ്യാറാവുന്ന സമൂഹം ജീവന്റെ പൂർണ്ണത പ്രാപിക്കേണ്ടത് അങ്ങനെയാണ്. അപ്പോൾ നമ്മളുൾപ്പെടുന്ന പ്രപഞ്ചസമൂഹത്തിൽ ക്രിസ്തുശരീരം സ്വയം തിരിച്ചറിയാനും നിർമ്മല സൗന്ദര്യത്തിന്റെ പുഞ്ചിരി ഒരു കൂട്ടായ്മയായി അനുഭവിക്കാനുമാകും.
സെപ്റ്റംബർ 06, 2022
യേശുവിന്റെ അമ്മ
ഭക്തികളിൽ ചമക്കപ്പെടുന്ന 'മാതാവിന്' യേശുവിന്റെ അമ്മയായ മറിയവുമായി ബന്ധമില്ലാത്തതാകുമ്പോൾ അവ മരിയഭക്തിയല്ല. യുദ്ധദേവതയായും പടനായികയായും തന്റെ 'പ്രിയപ്പെട്ടവർക്കുവേണ്ടി' പ്രതികാരം ചെയ്യുന്നവളുമൊക്കെയായി വാഴ്ത്തപ്പെടുന്ന ദേവീഭാവം യേശുവിന്റെ അമ്മയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. അത്തരം ഭാവങ്ങൾ മാതാവിന് നൽകുന്ന ഭക്തികളും ക്രിസ്തീയമല്ല. കാരണം അവ ഒരു ക്രിസ്തീയ മനോഭാവം ഉൾക്കൊള്ളുന്നില്ല എന്നതു തന്നെ.
സകല കൃപാവരങ്ങളുടെയും നിറവുള്ള മനുഷ്യ സ്ത്രീയാണ് മറിയം. യേശുവിന്റെ 'അമ്മ എന്നതിൽ നിന്നാണ് മറ്റെല്ലാ വിശേഷണങ്ങളും മറിയത്തിനു ചേർന്നതാവുന്നത്. ദൈവത്തിന്റെ വിശേഷ വരദാനമായാണ് മറിയത്തിന്റെ കൃപാപൂർണ്ണതയെ മനസ്സിലാക്കുന്നത്. എത്രയോ തലമുറകൾ ദൈവ കൃപക്ക് മുമ്പിൽ തുറന്ന ജീവിതങ്ങളാണ് മറിയത്തിൽ കൃപയുടെ നിറവ് യാഥാർത്ഥ്യമാക്കിയത്! നാൾവഴികളിലെ വിങ്ങലുകളും പരിക്കുകളും ആശ്വസിപ്പിക്കപ്പെട്ടു ജീവന്റെ പൂർണ്ണത സ്വീകരിക്കാൻ മാത്രം തെളിമയുള്ള മനുഷ്യ ഹൃദയം.
ദൈവകൃപയെയും അനുഗ്രഹങ്ങളെയും ജീവനോട് സദൃശ്യപ്പെടുത്തി ഗ്രഹിക്കുന്നതാണ് അതിന്റെ സത്യത്തോട് അടുത്ത് നില്കുന്നത്. ജീവൻ, നശിപ്പിക്കുന്നതല്ല സൃഷ്ടിക്കുന്നവയാണ്. ജീവന് രൂക്ഷഭാവമല്ല, അതിന്റെ ശക്തി പോലും മൃദുവാണ്. ദൈവകൃപയെ, അതിസ്വാഭാവികമായ ഊർജ്ജ സ്വഭാവം സങ്കല്പിച്ചു മാറ്റി നിർത്തപ്പെട്ടിരിക്കുന്നു. കൃപയുടെ പ്രവർത്തനത്തെ വേണ്ട വിധം മനസിലാക്കാതെ ദൈവത്തിന്റെ ഇടപെടലിനെക്കുറിച്ചോ വിശുദ്ധരുടെ മധ്യസ്ഥതയെക്കുറിച്ചോ ഗ്രഹിക്കാനാവില്ല.
ആത്മീയതയെ ഒരു മായാജാല അനുഭവമാക്കുകയായിരുന്നില്ല ക്രിസ്തു ചെയ്തത്. മായാജാലം എന്നതിന് രണ്ടു തലങ്ങൾ വയ്ക്കട്ടെ:
ഒന്ന് അത് ഒരു അനുഭൂതിയാണ്. ക്രിസ്തുവിന്റെ അത്ഭുതങ്ങൾ മായാജാലങ്ങളായി കാണാൻ ശ്രമിച്ചവരുണ്ട്. എന്നാൽ ശിഷ്യത്വത്തിലേക്ക് അവർക്ക് വളരാനായില്ല. അത്ഭുതങ്ങളുടെ മാസ്മരികതയെക്കാൾ അല്ലെങ്കിൽ അവയിൽ നിന്നുള്ള വ്യക്തിപരമായ നേട്ടങ്ങളെക്കാൾ, ക്രിസ്തുവിന്റെ ജീവിത ശൈലി സ്വന്തമാക്കി, അവൻ പകർന്നു നൽകിയ കൃപയുടെ ദൈവിക ജീവനിലേക്കുള്ള വളർച്ച പ്രധാനമായിരുന്നു. മറ്റെല്ലാ അനുഗ്രഹങ്ങളെയും അതിനുള്ളിൽ നിർത്തി കാണുവാൻ അവർക്കു കഴിഞ്ഞു.
രണ്ട് മായാജാലങ്ങളുടെ അതി പ്രസരം യാഥാർത്ഥ്യങ്ങളിൽ നിന്നും വേർപെട്ട ഒരു മായിക ലോകത്തു ജീവിച്ചു തുടങ്ങുന്നു എന്നതാണ്. ആ ലോകത്തു നിന്ന് കൊണ്ടേ ചിന്തിക്കാനും, വിലയിരുത്തുവാനും തീരുമാനിക്കാനും അവർക്കു കഴിയൂ. ദൈവവും മനുഷ്യനും മനുഷ്യന്റെ അവസ്ഥകളും നിർവചിക്കപ്പെടുന്നത് ഈ ലോകവീക്ഷണത്തിനുള്ളിൽ നിന്നാവും. പരിശുദ്ധാത്മാവ് അല്ല ആ ലോകത്തെ നയിക്കുന്നത്. എന്നാൽ ഭാഷ മുഴുവനും ദൈവത്തെയും ആത്മാവിനെയും ഭക്തിയെയും കുറിച്ചാണ് താനും.
വിശ്വാസം ദൈവാശ്രയബോധം എന്നിവയൊക്കെ ഒരു ബന്ധമായി ക്രിസ്തു പഠിപ്പിച്ചു. അത് ദൈവത്തെ ഒരു 'ദൈവ'മാക്കിക്കൊണ്ടു പോലുമായിരുന്നില്ല. തന്നെതന്നെയോ തന്റെ അമ്മയെയോ ദേവദേവത രൂപങ്ങളിലേക്ക് അവൻ അവരോധിച്ചുമില്ല. ദൈവങ്ങളാകാൻ കൊതിക്കുന്ന നമുക്ക് മായാജാലം കാണിക്കുന്ന ദൈവരൂപങ്ങളാണ് സൃഷ്ടിക്കാൻ ഇഷ്ടം. നമ്മിൽ കാണാൻ ശ്രമിക്കുന്ന ശക്തികളെ ദൈവത്തിലേക്കും വിശുദ്ധരിലെക്കും ചമയങ്ങളായി അണിയിച്ചു കൊടുക്കുകയും ചെയ്യും. വിശേഷ ഗുണങ്ങളും ശക്തികളും അണിഞ്ഞുകൊണ്ട് അവ വിരാജിക്കുന്നു. അവരുടെ യഥാർത്ഥ മുഖത്തിൽ നിന്നും എത്രയോ അകലെയാണവ!
ഒരു കൂട്ടർക്കെതിരെ വിജയം നേടുന്ന 'ശക്തിയുള്ള' 'അമ്മ' സകലരെയും ഉൾക്കൊള്ളേണ്ട സഭയുടെ ആത്മീയതയിൽ രൂപപ്പെടുന്നതല്ല. അത് കൊണ്ട് കൂടിയാണ് ദൈവിക ഇടപെടലുകളെയും കൃപയുടെ പ്രവൃത്തികളെയും യുദ്ധം, കീഴ്പെടുത്തൽ തകർക്കൽ തുടങ്ങിയ രൂപകങ്ങളിൽ നിന്ന് വേർപെടുത്തേണ്ടത്. പകരം ജീവൻ എന്ന യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കി ധ്യാനിക്കുകയും ചെയ്യേണ്ടത്. എല്ലാവർക്കും അമ്മയെന്നും സകല ജനപഥങ്ങൾക്കും നാഥയെന്നൊക്കെ പ്രകീർത്തനങ്ങൾ കൂട്ടിച്ചേർക്കുകയും എന്നാൽ ചിലരെ ശത്രുതയോടെ ആ അമ്മ സമീപിക്കണമെന്ന് ഭക്തിപൂർവ്വം ആഗ്രഹിക്കുകയും ചെയ്യുന്നത് നമ്മുടെ തന്നെ ഹൃദയത്തിന്റെ ദുഷ്ടതയെയാണ് കാണിക്കുന്നത്.
കൾട്ടുകളാക്കി മാറ്റപ്പെട്ട ആ മാതാവും ഈ മാതാവും യുദ്ധം ചെയ്യുന്ന മാതാവും യേശുവിന്റെ അമ്മയായ മറിയമല്ല.
സെപ്റ്റംബർ 05, 2022
അധികാരം
അധികാരം ഉയരത്തിലുള്ള ഒരു സിംഹാസനത്തെക്കുറിച്ചല്ല, അധികാരം ഒരു സമൂഹത്തിന്റെ നന്മയെക്കുറിച്ചാണ്. നിങ്ങൾ ഇന്നത് ചെയ്യുക എന്നത് അധികാരിക്ക് മാത്രം മേന്മയോ നന്മയോ നൽകുമ്പോൾ അത്, ചെയ്യുന്നവർക്കുണ്ടാകേണ്ട നന്മയെ അവഗണിച്ചു കളയുന്നു. ഏതൊരു അധികാരത്തിനും പരിധിയുണ്ട്. ആ പരിധിയെ കാണാതെ പോവുകയും, എന്നാൽ ബലഹീനരുടെ പരിധികളെക്കുറിച്ചു ആവർത്തിച്ചു പറയുകയും ചെയ്യുന്ന ഒരു സംവിധാനം അധികാരം ഒരു ചൂഷണോപാധിയാക്കുകയാണ്.
അർഹത, യോഗ്യത, ശേഷി, ശക്തി തുടങ്ങി സുന്ദരമുഖങ്ങളുള്ള നിരവധി വാക്കുകൾ യാഥാർത്ഥത്തിൽ ചുരുക്കം ചിലരിലേക്ക് അധികാരം കൊണ്ടെത്തിക്കുന്ന വ്യവസ്ഥിതിയാക്കി മതങ്ങളും രാഷ്ട്രീയവും ആദർശങ്ങളും മാറ്റിക്കഴിഞ്ഞു. ചട്ടങ്ങളും നയങ്ങളും നിയമങ്ങളും അവയുടെ വ്യാഖ്യാനങ്ങളും അധികാരത്തെയും അതിന്റെ ലാഭം അനുഭവിക്കുന്ന ചുരുക്കമാളുകളെയും മാത്രം പരിഗണിക്കുന്നതാണ്. ശക്തിയില്ലാത്തവരാണ് ശേഷം വരുന്നവർ എന്നുറപ്പാക്കുന്ന വ്യാഖ്യാനങ്ങളാണ് അധികാരത്തിന്റെ കൗശലം. ഭാരങ്ങൾ താങ്ങി നടക്കുന്ന അവരുടെ സുവര്ണഭാവിയുടെ പേരിലും ദൈവത്തിന്റെയും ദേവാലയത്തിന്റെയും സമ്പ്രദായങ്ങളുടെയും പേരിലാണിവ എന്നതാണ് അതിന്റെ ജീർണ്ണത.
ശോഷിച്ച കൈയുമായി വന്ന ആളോട് ക്രിസ്തു ആദ്യം പറഞ്ഞത് നടുത്തളത്തിലേക്കു മാറി നില്കുവാനാണ്. പിന്നീട്, കൈ നീട്ടുവാനും. നടുവിൽ നിൽക്കാൻ അർഹതയില്ലാത്തവന് ആ കരുത്ത് ഉറപ്പാക്കുന്നതാണ് അധികാരം. ശോഷിച്ചു മടങ്ങി നിഷ്ക്രിയമായിപ്പോയ കർമ്മശേഷി പാപഫലമെന്നും ശാപമെന്നും ദൈവക്രോധമെന്നും വിവരിച്ചു അയാളെ മാറ്റി നിർത്തുമ്പോൾ വ്യാഖ്യാനത്തിന്റെ അധികാരത്തിന്റെ ദൂഷിതഭാവമാണ് കാണുന്നത്.
സാബത്തിന്റെ വിശുദ്ധിയെ ഉയർത്തിപ്പിടിച്ചു കൊണ്ടു നീതിമാന്മാർ വെളിപ്പെടുത്തിയത് തങ്ങളുടെ പരിശുദ്ധിയുടെ കളങ്കങ്ങളാണ്. സാബത്തിന്റെ വിശ്രമം തിന്മ നിരൂപിക്കുവാനും, ദൈവത്തിന്റെ പേരിൽ ഗൂഢാലോചന നടത്തുവാനുമല്ല. വിശ്രമം, നന്മകളെ പുതിയ തലങ്ങളിൽ ആഗ്രഹിക്കുവാനും ഉയർത്തിക്കൊണ്ടു വരുവാനുമാണ്.
പാപങ്ങൾ ക്ഷമിക്കുവാൻ ഉള്ള അധികാരം ദൈവികജീവന്റെ ഉറപ്പാണ്. വിധിയും ശിക്ഷയുമല്ല, മറിച്ച് ദൈവമക്കളുടെ അന്തസിലേക്കുള്ള ഉയർച്ചയാണത്. ക്രിസ്തു ആഗ്രഹിച്ചതും, തന്റെ അധികാരം കൊണ്ട് സ്ഥാപിച്ചതും അതാണ്. അത് സ്വയം പരിശുദ്ധരായവരെ ചൊടിപ്പിച്ചതിൽ അതിശയമില്ല. ക്ഷമിക്കുവാൻ മനുഷ്യർക്കുള്ള അധികാരം എങ്ങനെ യാഥാർത്ഥ്യമാക്കപ്പെടുന്നെന്നും ധ്യാനിക്കാവുന്നതാണ്.
സെപ്റ്റംബർ 04, 2022
ഏതൊക്കെ സ്നേഹത്തേക്കാളും ഉപരി
ദൈവം ജീവൻ തന്നെയാണ്. ആ ജീവൻ നിരന്തരം പകർന്നു നൽകുന്ന സ്നേഹമാണ് സകലതിനെയും നയിക്കുന്നത്. നിർബലതകളിലും മുറിവുകളിലും ആശ്വാസമാകുന്ന ആ ജീവനെ കരുണ എന്ന് നമ്മൾ വിളിക്കുന്നു. അതേ ജീവൻ വീഴ്ചകളിൽ നിന്നും എണീറ്റ് നിൽക്കാൻ കെല്പു പകരുന്ന ആലിംഗനമാകുമ്പോൾ ക്ഷമിക്കുന്ന സ്നേഹാനുഭവമാകും. ആ ജീവന്റെ സമൃദ്ധി തന്നെ അലിവും ക്ഷമയും സൗഖ്യവും കരുണയും ശക്തിയും അനുരാഗവുമായി ഒരാൾ അനുഭവിച്ചറിയുന്നു.
ജീവന്റെ ഈ അടയാളങ്ങളിലാണ് ദൈവപുത്രന്റെ മനുഷ്യാവതാരത്തിന്റെ സൗരഭ്യം തിരിച്ചറിയപ്പെടേണ്ടത്. സ്വയം ശൂന്യനാക്കുന്നത് ജീവന്റെ ഒരായിരം ആഴങ്ങൾ പകർന്നു നൽകിക്കൊണ്ടാണ്. അനസ്യൂതം, വ്യവസ്ഥകളില്ലാതെ പകർന്നു നൽകപ്പെടുന്ന ജീവൻ. തന്റെ തന്നെ ഉള്ളിനെയും താൻ കണ്ട ദൈവമുഖത്തെയും ക്രിസ്തു തുറന്നു വെച്ചതും അങ്ങനെയാണ്. കാഴ്ചകളും യാചനകളും വഴി അർഹമാക്കിത്തീർക്കേണ്ട ഒന്നല്ല കൃപ/ജീവൻ. സ്വീകരിക്കാൻ ഒരുക്കമാണോ എന്നത് മാത്രമാണ് മാനദണ്ഡം.
ജീവൻ സ്വീകരിക്കാൻ മനസാവുക എന്നതാണ് ശിഷ്യതയുടെ കാതൽ. എത്രമാത്രം തുറക്കാനാകും എന്നതാണ് കാര്യം. അത് മതങ്ങൾ വ്യാഖ്യാനിക്കും പ്രകാരമുള്ള പരിശുദ്ധിയുടെ അളവുകോലുവെച്ചല്ല. മറിച്ച് ജീവൻ സ്വീകരിക്കാൻ തയ്യാറാണോ എന്നതിലാണ് കാര്യം. ക്രിസ്തു നമുക്ക് പകർന്നു നൽകിയ ജീവന്റെ അനുഭവത്തെക്കുറിച്ച് വേണ്ടവിധം പറയാൻ പരിഹാരങ്ങളുടെയും മോചനദ്രവ്യത്തിന്റെയും വീണ്ടെടുക്കലിന്റെയും സങ്കൽപ്പങ്ങൾ പര്യാപ്തമല്ല. 'ഞാൻ യോഗ്യനല്ല' എന്ന് വിലപിക്കുകയാണ് ദൈവം എന്നെ സ്വീകരിക്കുകയും ജീവൻ പകരുകയും ചെയ്തിരിക്കുന്നു എന്ന് തിരിച്ചറിയുന്നതിനേക്കാൾ എളുപ്പം. അത് സാധൂകരിക്കുന്ന ആത്മീയതകളാണ് ജീവന്റെ അനുഭവത്തേക്കാൾ നമുക്ക് പ്രിയങ്കരവും. ജീവദായകനും പരിപാലകനുമായ പിതാവിന് അർച്ചനകൾ നൽകി പൂജിക്കേണ്ട ഒരു ദൈവരൂപം ക്രിസ്തു നൽകിയില്ല. ജീവദായകത്വം ഓരോരുത്തരുടെയും ജീവിതശൈലിയാകുന്നതിലാണ് ദൈവാരാധനയും ജീവിതക്രമവും.
ജീവനിലേക്കുള്ള തുറവി, ആത്മശൂന്യവത്കരണം വഴി സാധ്യമാകുന്ന വികാസമാണ്. അമ്മയോ അപ്പനോ, ബന്ധുജനങ്ങളോ, പദവികളോ സമ്പത്തോ ത്യജിക്കേണ്ടത് അവ എന്നിലെ ജീവസമൃദ്ധിയെ തടയുന്നതുകൊണ്ടല്ല, അനേകരുടെ ജീവസമൃദ്ധിക്കായി നല്കപ്പെടേണ്ടതുകൊണ്ടാണ്. തന്നെത്തന്നെ പരിത്യജിക്കുന്നതിൽ, 'എന്റേതായ ദൈവം' പോലും ഉപേക്ഷിക്കേണ്ടതായുണ്ട്. കാരണം, പലപ്പോഴും, ഞാൻ എന്നതിന് ദൃഢത കൂട്ടുന്ന പ്രധാന ഘടകങ്ങളാണ് 'എന്റെ ദൈവവും' വിശ്വാസങ്ങളും. അതുകൊണ്ടാവണം ജീവന്റെ വഴിയിൽ കുരിശ് അനിവാര്യമാവുന്നത്. ദൈവം പോലും ശൂന്യമാവുന്ന രഹസ്യമാണ് കുരിശ്. അതും വഹിച്ചു കൊണ്ട് ക്രിസ്തുവിന്റെ പിന്നാലേ ...
ശൂന്യവത്കരണം എന്തൊക്കെ ഉപേക്ഷിക്കണം എന്നതിനെക്കുറിച്ചല്ല, ക്രിസ്തു ഏതൊക്കെ സ്നേഹത്തേക്കാളും ഉപരിയാവണം എന്നതിനെക്കുറിച്ചാണ്. മറ്റൊരുതരത്തിൽ, ശൂന്യവത്കരണം ഉറപ്പാക്കേണ്ടത് ഉപേക്ഷകളുടെ എണ്ണമല്ല, കാണപ്പെടുന്ന ജീവന്റെ സമൃദ്ധിയും, എല്ലാവരും സകലതും ജീവനിൽ നിലനിൽക്കുവാനുള്ള ആഗ്രഹവും, സകലതിലും ജീവൻ നിറയുകയെന്നതുമാണത്. ജീവന്റെ ആഘോഷമാണ് ക്രിസ്തീയ ജീവൻ.
--------
ഉപേക്ഷകളുടെ പ്രകീർത്തനം ഉപേക്ഷിക്കപ്പെട്ടവയെ വിഗ്രഹമാക്കിയേക്കാം. ക്രിസ്തു നടക്കുന്ന വഴി അങ്ങനെ കാണപ്പെടാതെ വന്നേക്കാം. ഉപേക്ഷയുടെ സുവിശേഷ പ്രസക്തിയിൽ വെറുപ്പ് വളരെ വശ്യമായ രീതിയിൽ നമ്മുടെ ആത്മീയതയിൽ ഇടം പിടിച്ചിട്ടുണ്ട്. ഒന്ന് പ്രകൃതിയും ശരീരവും മലിനമെന്ന് പുച്ഛിക്കുന്ന അലൗകികമായ ജീവിതശൈലിയുടെ കപടതകളിലാണ്. മറ്റൊന്ന് സാമൂഹിക രാഷ്ട്രീയമാനങ്ങളിൽ വെറുക്കപ്പെടേണ്ട ഏതാനം കൂട്ടരെ മാറ്റി നിർത്തിക്കൊണ്ടും. വെറുത്തും എതിർത്തും തകർത്തും കീഴ്പെടുത്തിയും വിജയഭേരി മുഴക്കിയും ക്രിസ്തു തുറന്നു തന്ന ജീവനെ സ്വീകരിക്കാനോ പകർന്നു നൽകാനോ ആവില്ല.
സെപ്റ്റംബർ 02, 2022
സുവിശേഷത്തിന്റെ മൂല്യങ്ങളിൽ
പാരമ്പര്യങ്ങളുടെയും സമ്പ്രദായങ്ങളുടെയും മത്തുപിടിച്ചു മതി മറക്കുന്നവരാണ് നമ്മൾ. സമ്പത്തിന്റെയും അധികാരത്തിന്റെയും ലഹരിക്ക് ഇവയിൽ ആവോളം ഇടയുണ്ട് എന്നതുകൊണ്ടാണത്. എന്നാൽ ഒന്നറിയണം, മണവാളൻ അകറ്റപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഈ ലഹരി പിടിച്ചു തുടങ്ങുമ്പോഴേ വിലാപവും ഉപവാസവും ആചരിച്ചു തുടങ്ങണം.
അധികാര മോഹങ്ങളും, അത്യാഗ്രഹവും, അധികാരധാർഷ്ട്യവും മാറ്റിനിർത്തിക്കൊണ്ട് സുവിശേഷത്തിന്റെ പുണ്യങ്ങൾക്ക് വില നൽകുകയെന്നതാണ് ദൈവം ആഗ്രഹിക്കുന്ന ഭോഷത്തം. ദൈവം ഭോഷന്മാരെ തിരയുന്നെന്ന പതിവ് പല്ലവി ദൈവത്തിന്റെ ജ്ഞാനത്തിന് വിരുദ്ധമാണ്. അജ്ഞതയും വിഡ്ഢിത്തവുമല്ല ദൈവത്തിനു പ്രിയങ്കരമായത്.
കാലത്തെയും ചരിത്രത്തെയും നയിക്കാനും വിലയിരുത്താനും കഴിയുന്നത് അതിന്റെയും നാഥനായ വചനത്തിനാണ്. അതേ വചനക്രമമാണ് സുവിശേഷത്തിന്റെ മൂല്യങ്ങളിൽ. സത്യം, നീതി, ദയ, നന്മ, സഹാനുഭൂതി, സമാധാനം, സേവനം എന്നിവയൊക്കെ നമ്മിലുണ്ടെങ്കിൽ ക്രിസ്തു ഒരു വിളക്കായി നമ്മിലുണ്ട്. നമുക്ക് തന്നെ വിളക്കാകാനും ലോകത്തിനു പ്രകാശമാകാനും.