ക്രിസ്തുവിനെ കൊന്നു കളഞ്ഞത് ആരാണ്?
മനുഷ്യന്റെ തിന്മയാണ് ക്രിസ്തുവിനെ ഇല്ലാതാക്കിയത്. നിയമപരവും മതപരവുമായ ശരികളിലൂടെ തന്നെയാണ് അവർ ക്രിസ്തുവിനെ കുരിശിലേറ്റിയത്. മുന്നോട്ടു വച്ച ഓരോ വാദത്തിലും അവൻ ഇനി ജീവിച്ചു കൂടാ എന്ന നിർബന്ധമുണ്ടായിരുന്നു. നിയമിതമായ സംവിധാനങ്ങൾക്കുള്ളിൽ അനീതിയെ നിറച്ചു വെച്ചാണ് അവർ ക്രിസ്തുവിനെ കൊന്നു കളഞ്ഞത്. തങ്ങൾക്ക് എതിരാവുന്ന ഇവനെ ഇല്ലാതാക്കിയിട്ടേ കടന്നു പോകലിന്റെ പെസഹായിലേക്ക് കടക്കാവൂ എന്ന് നിർബന്ധമുണ്ടായിരുന്നു അവർക്ക്. അപ്പോൾ തിന്മകൾക്ക് ലഭിക്കുന്ന ശരി രൂപങ്ങളെ പുകഴ്ത്താൻ മനുഷ്യൻ മടിക്കാറില്ല എന്നത് വ്യക്തമാണ്.
ക്രിസ്തു ഒറ്റപ്പെട്ടതും, അപമാനിക്കപ്പെട്ടതും, ദൈവദൂഷകനായതും വിജാതീയരുടെ ചാരനായതും ദൈവത്തിന്റെ പൊയ്മുഖങ്ങളെ മാറ്റി യഥാർത്ഥ മുഖം കാണിക്കുകയും മനുഷ്യർക്ക് അവരുടെ യഥാർത്ഥ സ്വാതന്ത്ര്യാനുഭവം തുറന്നു കൊടുക്കുകയും ചെയ്തത് കൊണ്ടാണ്. ചുരുളുകളുടെ അർത്ഥമോ പ്രവാചകരുടെ തിരുത്തലുകളോ അറിയാതിരുന്നിട്ടല്ല, ലേവായ പൗരോഹിത്യത്തിന്റെ ചൂഷണ സാധ്യതകളിലെ ലാഭം ഉപേക്ഷിക്കാൻ മനസില്ലാതിരുന്നതുകൊണ്ടും പാപികളെയും താഴേക്കിടയിലുള്ളവരെയും തങ്ങളുടെ പരിശുദ്ധിയുടെ തുല്യനിലയിലേക്ക് അംഗീകരിക്കുവാൻ കഴിയാത്തതുകൊണ്ടും നന്മയുടെയും സത്യത്തിന്റെയും വാക്കുകളെ അവർ നിയമവിരുദ്ധമാക്കി, ആചാരലംഘനമാക്കി, മതവികാരങ്ങൾ മുറിപ്പെടുത്തുന്നവനാക്കി. അനീതി പാകപ്പെടുമ്പോൾ പകക്കും അസൂയക്കും അധികാര ധാർഷ്ട്യത്തിനും വിശുദ്ധരൂപം നൽകാൻ അധികാരം ദൈവതുല്യമാകും.
അധഃകൃതനെ ചേർത്തുപിടിക്കുക എന്നത്, അവരുടെ വളർച്ചയുടെ സാധ്യത തെളിക്കുന്നുണ്ടെങ്കിൽ ഉയരത്തിലുള്ളവർക്ക് വെല്ലുവിളിയാണ്. പാപികളെ സ്നേഹിതരാക്കിയപ്പോൾ തന്റെ പരിശുദ്ധി ഉടയുന്നതായി ക്രിസ്തുവിനു തോന്നിയില്ല. എന്നാൽ പാപികളെ വിധിക്കുന്നതിൽ സ്വയം നീതിമാന്മാരായവർക്ക് കൊള്ളരുതാത്തവർ ഉണ്ടാവുക ആവശ്യവുമായിരുന്നു. പാപം വരുന്ന വഴികളെ സംവിധാനഘടനകളിൽ ചോദ്യം ചെയ്യാൻ അവർ തയ്യാറല്ല എന്നതാണ് സ്വയം പ്രഖ്യാപിത പ്രവാചകരുടെ ജീർണ്ണത. ദേവാലയം കച്ചവടസ്ഥലമാകുന്നതും, സ്ത്രീകൾ പാപിനികളാകുന്നതും കണ്ടു നിന്ന നീതിമാന്മാർ ഉണ്ടായിരുന്നു. പാപിനി ക്ഷമിക്കപ്പെട്ടപ്പോഴും, തളർവാത രോഗി എണീറ്റ് നടന്നപ്പോഴുമാണ് അവരുടെ നീതിബോധം ഉണർന്നത്. ദൈവപുത്രനിൽ കുറ്റമാരോപിക്കാൻ വഴി തേടിയ മനുഷ്യ തിന്മ ഏറ്റവും ക്രൂരമായ മതസംവിധാനത്തിൽ നിന്ന് കൊണ്ടാണ് അവനെ കുറ്റം വിധിച്ചത്. വിജാതീയന്റെ അങ്കണത്തിൽ കയറി അശുദ്ധരാകാതെ സൂക്ഷിച്ചവർ പീലാത്തോസിന്റെ മുമ്പിൽ വിധേയത്വത്തിന്റെ ഏറ്റുപറച്ചിൽ നടത്തി സീസറിന്റെ രാജത്വം അംഗീകരിച്ചു.
ഇവിടെ ആരാണ് മതനിന്ദ ചെയ്തത്? ആരാണ് ദൈവദൂഷണം പറഞ്ഞത്? ആരാണ് ആചാരങ്ങൾ ആഗ്രഹിക്കുന്നവക്ക് എതിരെ നിന്നത് ? തിന്മകളെ മറച്ചു പിടിക്കുന്ന വിശുദ്ധ വസ്ത്രങ്ങൾ ഇന്നും സമൂഹത്തിലുണ്ട്. നിന്ദിതരും അപമാനിതരും ഉപേക്ഷിക്കപ്പെട്ടവരുമാകുന്ന നീതിമാന്മാരും ഉണ്ട്. 'എന്റെ മകനെ/ മകളെ അവർ കൊന്നു കളഞ്ഞു' എന്ന നിശബ്ദ വിലാപങ്ങൾ അവരുടെ ഭവനങ്ങളിലുണ്ട്. ആ വിലാപങ്ങൾക്ക് അന്ത്യമില്ല എന്നതാണ് മനുഷ്യചരിത്രത്തിന്റെ ദുരന്തം. ന്യായീകരിക്കപ്പെടുന്ന ക്രൂരതകളും, വർണ്ണാഭമാക്കപ്പെടുന്ന അനീതികളും ഏറ്റവും ഉദാത്തമായ ഭാവങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. അത് ഒരു നിമിഷത്തിന്റെ വെളിപ്പെടലല്ല, വേണ്ടുവോളും ചിന്തയോടെ അവബോധങ്ങളിലേക്ക് ഉരുക്കിച്ചേർത്ത തിന്മകൾ സാധൂകരിക്കപ്പെട്ടു സത്യത്തെ വെല്ലുവിളിക്കും. ഏറ്റവും അപമാനകരമായി ക്രിസ്തു കൊല്ലപ്പെടും.
ലാഭമില്ലാത്ത ഇടപെടലുകളിൽ ക്രിസ്തു ഉപേക്ഷിക്കപ്പെടുകയാണ് പതിവ്. വില കെട്ടവനായ ക്രിസ്തു പാടെ മാറ്റി നിർത്തപ്പെട്ട സ്ഥാപനഘടനകളിൽ സത്യം പ്രഘോഷിക്കുന്ന പ്രവാചകരോ ഭക്തി അഭ്യസിക്കുന്ന പുരോഹിതരോ ഉണ്ടാവില്ല. ക്രിസ്തു ശൂന്യമായ സമൂഹങ്ങളിൽ എന്നാൽ തുടർന്നും അവനെ ഉപേക്ഷിച്ചു കൊണ്ടുതന്നെ അവന്റെ പേരിൽ പ്രാർത്ഥനായജ്ഞങ്ങളും കലഹങ്ങളും സൃഷ്ടിക്കപ്പെടുന്നു. അന്ധമായ മതബോധവും കപടമായ ഭക്തിയും വിഷംപൂണ്ട അപരവിരോധവും വിശ്വാസത്തിന്റെ (ദൈവത്തെയും അനുഗ്രഹങ്ങളെയും) ഉപഭോഗവത്കരണവും പരിശീലിപ്പിച്ച ഹൃദയങ്ങൾക്ക് വന്ന ഹൃദയശൂന്യതയിൽ അവക്കൊക്കെ ഭക്തിയുടെ രൂപങ്ങളാണെന്നതാണ് ദയനീയം.
മനുഷ്യന്റെ തിന്മയുടെ ക്രൂരത തന്നെയാണ് ക്രിസ്തുവിനെ കൊന്നു കളഞ്ഞത്. (ക്രിസ്തു വന്നത് ജീവന്റെ സമൃദ്ധിയിലുള്ള സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനാണ്. മരിക്കാനാണ് ക്രിസ്തു ജനിച്ചത് എന്നത് രക്ഷയെ മോചനദ്രവത്തോടു കൂടെ ചേർത്ത് കാണുന്നത് പഥ്യമായതുകൊണ്ടാണ്). അത് ജീവദായകമായ ബലിയാക്കിയത് ക്രിസ്തുവിന്റെ സ്നേഹമാണ്. അതുകൊണ്ടുതന്നെ നമുക്കും ഒരു സാധ്യതയുണ്ട്. ജീവിതത്തെ ഫലദായകമാക്കാം എന്ന് മാത്രമല്ല, സ്ഥാപനവൽക്കരിക്കപ്പെടുന്ന തിന്മകളെ, അവക്ക് മാലാഖയുടെ സൗന്ദര്യം നല്കപ്പെട്ടാൽക്കൂടി ചെറുത്തു തോൽപ്പിക്കുക എന്ന് കൂടി. നിന്ദിതനും അപമാനിതനും ഒറ്റപ്പെട്ടവനും ആയേക്കാം, ശത്രുവിന്റെ അപ്പം ഭക്ഷിക്കുന്നവനെന്ന ആക്ഷേപവും ലഭിച്ചേക്കാം. എങ്കിലും നിശബ്ദമായ അംഗീകാരം മൂലം ക്രിസ്തു അവമാനിതനായി കൊല്ലപ്പെട്ടു കൂടാ. അതോ ക്രിസ്തുവിനെ ഇല്ലാതാക്കാൻ ഒന്നാം സ്ഥാനത്തു നിൽക്കണോ?