Gentle Dew Drop

മാർച്ച് 31, 2023

വലിയവൻ ആര്

നോമ്പ് ഏതാണ്ട് അവസാനിക്കാറായി. ഉപവാസദിനങ്ങൾക്കും ത്യാഗപ്രവൃത്തികൾക്കും ശേഷം നമ്മിൽ വന്ന രൂപാന്തരത്തിലേക്ക് നോക്കുവാൻ സമയമായി. അല്ലെങ്കിൽ വരാനിരിക്കുന്ന 'വലിയ ആഴ്ച്ച' വെറുതെ കടന്നു പോകും. യേശു തന്റെ സഹനങ്ങളെക്കുറിയിച്ചു പറഞ്ഞ ഓരോ സമയവും ശിഷ്യത്വത്തെ സംബന്ധിച്ച ഒരു ആശയക്കുഴപ്പം കൂടി കൂട്ടിച്ചേർത്താണ് സുവിശേഷകർ അവതരിപ്പിച്ചിട്ടുള്ളത്. തങ്ങളിൽ വലിയവൻ ആര് എന്ന ചോദ്യം അപ്പസ്തോലന്മാരിൽ മാത്രമല്ല സഭയിൽ എല്ലാക്കാലത്തും ക്രിസ്തുഹൃദയം തിരിച്ചറിയുന്നതിനു തടസ്സമായി നിന്നിട്ടുണ്ട്. രാജാക്കന്മാരുടെ അധികാരവും പ്രതാപവും തങ്ങൾക്കുമേൽ ദൈവികമായി നല്കപ്പെട്ടിരിക്കുന്നെന്ന 'വിശ്വാസം' ഓരോരുത്തരുടെയും ഭരണപരിധിയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നവരാണ് ഓരോരുത്തരും. രാജാവും, ചക്രവർത്തിയുമാക്കപ്പെട്ട ക്രിസ്തുസങ്കല്പത്തിൽത്തന്നെയാണ് അതിന്റെ വേരുകൾ. അഭിഷിക്തന്റെ (മിശിഹാ) ജീവിതസത്ത ശുശ്രൂഷയുടെ രക്ഷാകര ശൈലിയാണെന്നത് ക്രിസ്തീയരുടെ ജീവിതശൈലിയാവാത്തത് ശിഷ്വത്വം ഇനിയും അലങ്കാരമായി തുടരുന്നു എന്നത് കൊണ്ടാണ്. കുലമഹിമയുടെ ആഢ്യതയൊക്കെ നമ്മുടെ സ്വകാര്യ അഹങ്കാരമായി പുനർജ്ജനിക്കുന്നതും അതുകൊണ്ടു തന്നെ.

എല്ലാം ഒരു ക്രിസ്തുവിന്റെ പേരിലാണ്. അവന്റെ അഭിഷേകത്തെ മനസിലാക്കാതെ അഭിഷേകമാണിയുന്നവർ ധരിക്കുന്നത് അവർ വാഴ്ത്തുന്ന മറുക്രിസ്തുവിനെയാണ്. ക്രിസ്തീയത മരിക്കുന്നതും ജീർണ്ണിക്കുന്നതും അപ്പോഴാണ്. ഈ മറുക്രിസ്തു അവരെ ശരിയായി വിധിക്കുന്നത് കൊണ്ടാണ് ക്രിസ്തുവിനെ ഒഴിവാക്കുമ്പോഴും അത് ഗൗരവമർഹിക്കുന്നതല്ലാതാവുന്നത്.
--------------------------------------------------------------
ദൈവമക്കളെന്നും ക്രിസ്തുശരീരത്തിന്റെ അംഗങ്ങളെന്നും പരിശുദ്ധാത്മാവിൽ പരസ്പര ശുശ്രൂഷകരെന്നും ഉള്ള സഭാദര്ശനം ദൈവശാസ്ത്രത്തിന്റെ താളുകളിലല്ലാതെ ആത്മാർത്ഥ പ്രയത്നമായോ ആഗ്രഹമായോ മാറുന്നില്ല. പട്ടാള അധിനിവേശവും കോളനിവാഴ്ചയുമൊക്കെ കീഴ്‌പ്പെടുത്തുന്ന-സഭാസമീപനത്തിന്‌ ഹരവും ലഹരിയുമൊക്കെയാകാം. എന്നാൽ അധീശരാകുവാനും, കല്പനകളാൽ നിയന്ത്രിക്കാനും, ആട്ടിയോടിക്കാനും ഉള്ള അധികാരങ്ങളെ ന്യായീകരിക്കുവാനായി നിർമ്മിച്ചെടുത്ത The Doctrine of Discovery (The Doctrine mandated Christian European countries to attack, enslave and kill the Indigenous Peoples they encountered and to acquire all of their assets) തെറ്റായിരുന്നെന്നു ഇന്ന് സ്ഥിരീകരിക്കപ്പെട്ടു. മനുഷ്യരെ കേൾക്കാനും ആദരിക്കാനും കഴിയാത്ത കല്പനകളിലൊക്കെ പല മാത്രകളിൽ ഈ അക്രിസ്തീയ അധിനിവേശരീതി സഭാശൈലിയായി തുടരുന്നു. അഭ്യൂഹങ്ങളെയും ഏഷണിക്കഥകളെയും വിശ്വാസമായും അനുമാനങ്ങളെ ഭക്തികൾക്കുള്ള യുക്തിയായും മാറ്റുമ്പോൾ ഉറപ്പിക്കാവുന്ന സ്ഥാനങ്ങളും സത്യങ്ങളുമാണ് ഇന്ന് വാഴുന്നത്.ഓശാനച്ചില്ലകളുടെ ആർപ്പുവിളികളുടെ സൗന്ദര്യം പട്ടാളബൂട്ടുകളുടെ പടയേറ്റത്തിന് വഴി നൽകുന്നു. നമ്മുടെ അനുതാപങ്ങൾക്ക് ആത്മാർത്ഥതയില്ലാത്തത് അതുകൊണ്ടാണ്. അധികാരവും പരിശുദ്ധിയും സ്വയം കല്പിക്കുകയും അധർമ്മികളുടെ മാനസാന്തരം അത്യാവശ്യമാകുന്നതും കപടതയാണ്. സ്വന്തം കപടതയെ ചോദ്യം ചെയ്യാൻ കഴിയാത്തിടത്തോളം അനുതാപമോ നവീകരണമോ സാധ്യമല്ല. പരിഹാരങ്ങൾ ചെയ്തു 'പാപികളുടെ മാനസാന്തരത്തിനു വേണ്ടി' പ്രാർത്ഥിക്കുന്നവരും അറിയാതെ വീഴുന്ന കെണിയാണ് സ്വയം-ശരിയാവുക എന്നത്. സ്വയം മാത്രം ശരിയും, ദൈവികവും പരിശുദ്ധവും ആയിരിക്കുമ്പോൾ വീണ്ടും രാജദണ്ഡിന്റെ ഭാരം ക്രിസ്തുവിനെക്കൊണ്ടെടുപ്പിക്കുകയാണ്

മാർച്ച് 29, 2023

ക്രിസ്തു പീഢനമേല്കുന്നത്

ഓരോ പാപവും ക്രിസ്തുവിനെ വീണ്ടും വീണ്ടും കുരിശിൽ തറക്കുന്നു എന്നത്, അത് വേണ്ട വിധം ഗ്രഹിക്കുന്നില്ലെങ്കിൽ, വികലമായ ദൈവശാസ്ത്ര കാഴ്ചപ്പാടാണ്. പാപം കൃപയുടെ രാഹിത്യമുണ്ടാക്കുന്നതിനാൽ അത് 'ക്രിസ്തുശരീരത്തിൽ' വേദനയുണ്ടാക്കുന്നു. കാരണം നമ്മൾ ഓരോരുത്തരും കൃപയാലാണ് പരസ്പരം ഒരുമിച്ചു ചേർക്കപ്പെട്ടിരിക്കുന്നത്. ഒരാളുടെ കൃപാശൂന്യത ശരീരം മുഴുവനെയും വേദനിപ്പിക്കുന്നു. ക്രൂശിക്കുന്നു എന്നത് രൂപകാത്മകമാണ്.

അഹന്തയും അസൂയയും മാത്സര്യവും പകയും തീർക്കുന്ന തിന്മകൾ അറിവോടെ തന്നെയാണ്. അവ ദൈവകൃപയെ തിരസ്കരിക്കുന്നു, ദൈവത്തിനെതിരെ നിൽക്കുന്നു. ബലഹീനതകളിൽ നിന്നുള്ള തിന്മകളിലെ നിസ്സഹായത ദൈവകരുണ അർഹിക്കുന്നു. ദൈവം അവയെ സാന്ത്വനിപ്പിക്കുകയും കൃപയുടെ ശക്തിയാൽ നിറക്കുകയും ചെയ്യും. എന്നാൽ, ആദ്യത്തെ വിഭാഗത്തെ പലവിധം ന്യായീകരിക്കാനുള്ള സാദ്ധ്യതകൾ കാണുകയും, എന്നാൽ രണ്ടാമത്തെ വിഭാഗത്തെ കുറ്റബോധം കൊണ്ട് നിറച്ചു സ്വയം പീഢിപ്പിക്കാനുമാണ് നമ്മൾ പരിശീലിക്കാറുള്ളത്. ചില സമൂഹങ്ങളുടെ ഇര-അവബോധത്തെ ഉറപ്പിച്ചു നിർത്താനും പലപ്പോഴും രക്തത്തിൽ കുളിച്ച പീഢിതക്രിസ്തുരൂപങ്ങൾ അവതരിപ്പിക്കപ്പെടാറുണ്ട്.

പീഢനമേല്കുന്ന സമൂഹം പീഢിപ്പിക്കപ്പെടുന്ന ക്രിസ്തുശരീരമാണെന്ന തിരിച്ചറിവ് പൗലോശ്ലീഹാക്ക് ക്രിസ്തുവിന്റെ വെളിപാടായിരുന്നു. പീഢനമേല്കുന്ന, അനീതി സഹിക്കുന്ന, വിശക്കുന്ന ആരുതന്നെയും ക്രിസ്തുശരീരത്തിന്റെ മുഴുവൻ വേദനയാണ്. അത്തരത്തിൽ കാണുവാൻ മാത്രം വെളിപാടുകൾ തുറന്നു തരാൻ  നമ്മുടെ ഭക്തികൾക്കു ചൈതന്യം ഇല്ല എന്നതാണ് കാര്യം. അധർമ്മങ്ങളും അനീതിയും കപടതയും വഴിയാണ് ക്രിസ്തു പീഢനമേല്കുന്നത്. അത് എല്ലാവരുടെയും വേദനയാവുകയും വേണം. അത്തരം പീഡനങ്ങളെ, ക്രിസ്തുവിന്റെ ക്രൂശീകരണമായി കാണാൻ നമ്മുടെ ഭക്തി നമ്മെ നയിക്കാത്തതെന്തേ? അതോ അവയെ നിഷേധിക്കാനും മറച്ചു വെക്കാനും പ്രതിരോധിക്കാനും കൂടുതൽ മോശമാക്കാനുമാണോ ശ്രമം? 

വിധേയത്വം പുണ്യമല്ല, പാപം തന്നെയാണ്

ദൈവഹിതം ആത്മാർത്ഥതയോടെ തേടുകയും, യഥാർത്ഥത്തിൽ സ്നേഹത്തിന്റെ പൂർത്തീകരണമാവുകയും ചെയ്യുന്ന 'കല്പന'കളോടാണ് സ്നേഹത്തിന്റെ പൂർത്തീകരണമെന്നവിധം അനുസരണം പാലിക്കേണ്ടത്. കാർക്കശ്യത്തിന്റെ അധികാരദണ്ഡിന് മുമ്പിൽ പാട്ടുപാടി സ്തുതിക്കുന്ന വിധേയത്വം പുണ്യമല്ല, പാപം തന്നെയാണ്. കാരണം അത് കൃപയെ നിരസിക്കുന്നു. സ്വന്തം മനസാക്ഷിയോട് പോലും അത് നീതി പുലർത്തുന്നില്ല. അതിന്റെ ഫലവും മൃതമായിരിക്കും.

മാർച്ച് 27, 2023

അടയാളങ്ങളാവേണ്ടവ ദൈവങ്ങളാകുമ്പോൾ

പിച്ചളസർപ്പം ജീവൻ നൽകാൻ കഴിയുന്ന ഒരു രൂപമായിരുന്നില്ല. ജീവന്റെ സ്രോതസായ ദൈവത്തിലേക്ക് ഉറച്ച വിശ്വാസത്തോടെ നോക്കുവാനാണ് പിച്ചളസർപ്പം സ്ഥാപിക്കപ്പെട്ടത്. എന്നിട്ടും പിച്ചളസർപ്പത്തെ വണങ്ങിത്തുടങ്ങിയ ആചാരങ്ങൾ രൂപപ്പെട്ടു എന്നത് വാസ്തവം. 

മനുഷ്യപുത്രൻ കുരിശിലുയർത്തപ്പെട്ടത് ജീവന്റെ സ്രോതസായ ദൈവം നമുക്കായി ജീവൻ ചൊരിയുന്നു എന്നത് സ്ഥാപിക്കാനും നിവർത്തിയാക്കാനുമാണ്. ജീവദായകമായ ആ സ്നേഹാർപ്പണം നമുക്ക് ജീവന്റെ സ്രോതസ്സും, പരസ്പരം സ്നേഹിക്കാനും ജീവൻ പകരാനും പ്രേരകവുമാണ്. പട്ടിണിയും, മരണവും പകർച്ചവ്യാധികളും ആശ നശിപ്പിച്ച ഒരു കാലത്താണ് യൂറോപ്പിലാകമാനം രക്തത്തിൽ കുളിച്ച ദയനീയാവസ്ഥയിലുള്ള ക്രൂശിതരൂപം പ്രത്യേക സ്ഥാനം നേടിയത്. തങ്ങളുടെ തന്നെ മരണത്തെയും വ്യാകുലങ്ങളെയും ഭയത്തെയും രോഗങ്ങളെയും ദൈവകൃപയോട് ചേർത്തുകാണുവാൻ വളരെ സഹായിച്ചു എന്നതാണ് സത്യം. 

കുരിശുരൂപത്തെ ഒരാൾ എങ്ങനെ കാണുന്നു എന്നത് വിശ്വാസത്തെയുംഭക്തിയെയും സ്വാധീനിക്കും എന്നത് പ്രധാനമാണ്. പാപപരിഹാരമായും ശിക്ഷയായും കാണുന്നത് രക്ഷയുടെ യഥാർത്ഥ അനുഭവത്തെ ചേർത്തുനിർത്തുന്നില്ല എന്ന് കാണാം. മറിച്ച് , ദൈവസ്നേഹത്തിന്റെ അടയാളമായും ആത്മത്യാഗത്തിനു മാത്രം ഉറപ്പുനൽകാൻ കഴിയുന്ന മഹത്വത്തിന്റെ സാന്നിധ്യമായും അത് നമുക്ക് കാണാം. അത് ഒരു രൂപത്തിൽ ഒതുങ്ങാതെ, അതിലേക്കു നോക്കുന്നവരെ അതിന്റെ സത്യത്തിൽ പങ്കുചേരുവാൻ ക്ഷണിക്കുക കൂടി ചെയ്യുന്നു. 

കുരിശാവട്ടെ ദൈവമാവട്ടെ, ആരാധനയാവട്ടെ, പ്രമാണങ്ങളാവട്ടെ ദൈവത്തിലേക്കെത്തിക്കാതെ കലഹത്തിന് കാരണവും അഹന്തയുടെയും പകയുടെയും ചിഹ്നങ്ങളുമാകുമ്പോൾ  അവയൊക്കെ വിഗ്രഹവത്കരിക്കപ്പെടുകയാണ്. മഹത്വവും ശക്തിയും സൗന്ദര്യവും അപ്പോൾ ചട്ടങ്ങൾക്കും നിർമ്മിതികൾക്കും രൂപങ്ങൾക്കുമാണ് ദൈവത്തിനല്ല. അടയാളങ്ങളാവേണ്ടവ ദൈവങ്ങളാകുമ്പോൾ അവ ആസ്ഥാനത്തു പോലും പ്രതിഷ്ഠിക്കപ്പെടും എന്നതാണ് അഭംഗി. ദൈവത്തെ തേടുന്നവർ കുറവാണെന്നതാണ് യാഥാർത്ഥ്യം. ദൈവമെന്ന ലേബലുള്ള തിളങ്ങുന്ന വർണ്ണങ്ങളുള്ള കവറുകയിൽ പൊതിഞ്ഞ മാസ്മരികതകളും മതതീവ്രതയും സത്യത്തിൽ നിന്ന് ഒളിച്ചോടാനുള്ള വഴികളും കുതന്ത്രങ്ങളുമാണ് നമുക്ക് പ്രിയം.

മാർച്ച് 26, 2023

പുറത്തു വരൂ

എസെക്കിയേലിന്റെ ദേവാലയ ദർശനം ഭാവനയിൽ കണ്ടാൽ, കൃപാപ്രവാഹത്തിന്റെ സാന്നിധ്യമാണ് എല്ലായിടത്തും. യോഹന്നാന്റെ സുവിശേഷവും അങ്ങനെ ഒരു കൃപാവസരത്തിന്റെ സുലഭത എടുത്തു കാണിക്കുന്നുണ്ട്. പ്രകാശം, സത്യം, ജീവജലം, ജീവൻ എന്നിവയെല്ലാം സമൃദ്ധമാണ്. എന്നിരുന്നിട്ടും മനുഷ്യന് കുറവുകളാണ്; കാനയിൽ വീഞ്ഞിന്റേത്, നിക്കോദേമോസിന് അറിവിന്റെ, അന്ധന് കാഴ്ചയുടെ, സമരിയക്കാരിക്ക് സ്വാതന്ത്ര്യത്തിന്റെ ലാസറിന് ജീവന്റെ. ലാസറിനു ജീവൻ നൽകുന്നത് മുതൽ ക്രിസ്തുവിന്റെ മരണം കുറിക്കപ്പെട്ടു. ഓരോ ക്രിസ്തുശിഷ്യനും വഹിക്കുന്ന കുറവുകൾ ഏങ്ങലുകൾ ആണ്. അത് ജീവരാഹിത്യത്തിന്റെ പിടച്ചിൽ കൂടിയാകുമ്പോൾ പാപം എന്ന അഴുകലിലേക്കു നയിക്കും. ക്രിസ്തു ഏങ്ങലടിക്കുന്നത് ഒരേ സമയം നമ്മുടെ വേദനയുടെ ഏറ്റെടുക്കലും ആ വിങ്ങലുകളിലേക്കു ജീവന്റെ ആശ്വാസത്തിന്റെ നിശ്വാസവുമാണ്. ക്രിസ്തുവിനെ പിൻചെല്ലാൻ ആഗ്രഹിക്കുന്ന ആരും ഓരോ ദിവസവും  കേൾക്കേണ്ട സ്വരമാണ്, ദൈവം സഹായമായുള്ളവനേ പുറത്തു വരൂ, ജീവനിലേക്ക്, കൃപയിലേക്കു പ്രവേശിക്കൂ.

മാർച്ച് 25, 2023

മതാധിഷ്ഠിതമാക്കപ്പെടുന്ന രാഷ്ട്രീയം

മതാധിഷ്ഠിതമാക്കപ്പെടുന്ന രാഷ്ട്രീയം രാഷ്ട്രീയത്തിലെ പുതിയ ശാസ്ത്രമാണെന്നു കരുതപ്പെടുന്നു (ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും മതം രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നു എങ്കിലും). മതത്തിന്റെ ആന്തരിക ഘടന പാർട്ടി രാഷ്ട്രീയത്തിന്റെ രീതിശാസ്ത്രം ഏറ്റെടുക്കുമ്പോൾ അത് വിശ്വാസചൈതന്യത്തെ അകറ്റി തികച്ചും വൈകാരികമായ ധ്രുവീകരണമുണ്ടാക്കും. വിശ്വാസത്തിന്റെ പേരിൽത്തന്നെ ദൈവമല്ലാത്തതിന് നമ്മൾ സേവ ചെയ്യും. 

മനുഷ്യാവതാരം

 ദൈവം കൂടെ ആയിരുന്നിട്ടും, പൂർണ്ണതകളുടെ സാങ്കൽപ്പിക ലോകത്ത് ദൈവത്തെ അന്വേഷിച്ചുകൊണ്ടിരുന്നതിനാലാവണം ദൈവം ഭൂമിയിൽ നമ്മെപ്പോലൊരാളായി പിറന്നതും, അധ്വാനിച്ചതും, മരിച്ചതും. ദൈവസ്പരസ്പര്ശമുള്ള മണ്ണ് കാര്യമുള്ള കാര്യമാകുമ്പോഴേ ആദരവും, കൃതജ്ഞതയും ഭവ്യതയും സ്വാഭാവിക പുണ്യങ്ങളായി മനുഷ്യരിലുണ്ടാകൂ. 


മാർച്ച് 24, 2023

ആത്മാവുള്ള കല്പനകൾ

ഉത്തരവുകളും കല്പനകളുമെല്ലാം എന്തിനാണ്? അവയിലേക്ക് തന്നെ അധികാരം ധ്രുവീകരിക്കുന്ന കല്പനകൾ വിഗ്രഹങ്ങളാണ്. കല്പനകൾ ദൈവരാജ്യമൂല്യങ്ങളിലേക്കു ചൂണ്ടുപലകയാവേണ്ടവയാണ്. ദൈവത്തിന്റെ നന്മയെയാണ് അത് അനുഭവവേദ്യമാക്കുന്നത്. അതുകൊണ്ടുതന്നെ പൊതുനന്മ ലക്ഷ്യമാക്കുന്നവയാകും ആത്മാവുള്ള കല്പനകൾ. എന്നാൽ, നന്മക്കു പകരം പൂര്ണതകളും അനന്തതകളും സ്വഭാവമാക്കുന്ന ദൈവത്തെ സംരക്ഷിക്കുന്ന അധികാരങ്ങളും കല്പനകളും പരിശുദ്ധിയുടെയും ദൈവികതയുടെയും പുറംചട്ടകളിൽ നഷ്ടപ്പെടുത്തുന്നതും ഉപേക്ഷിച്ചു കളയുന്നതും ദൈവത്തിന്റെ നന്മ എന്ന സത്തയാണ്. അതുകൊണ്ടാണ് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും കല്പനകൾ രൂപപ്പെടുന്നത്. പാപം വീണ്ടും വീണ്ടും ക്രിസ്തുവിനെ കുരിശിലേറ്റും എന്നുള്ള ഒരു വായ്ത്താരിയുണ്ട്. എന്നാൽ അധികാരത്തിന്റെ അന്ധതയിൽ കൂർത്ത മുള്ളുകൾകൊണ്ട് പ്രഹരമേല്പിക്കുന്നതിനെ ക്രിസ്തുവിനെല്പിക്കുന്ന പീഢകളായി ധ്യാനിക്കാത്തതെന്തുകൊണ്ട്?

ആബേലിന്റെ ബലിയർപ്പണത്തിനു ശേഷം കായേൻ അയാളുടെ കഴുത്തു ഞെരുക്കി കാല്മുട്ടുകൊണ്ടു കുനിച്ചുനിർത്തി അമർത്തിപ്പറഞ്ഞു: നമുക്ക് രമ്യതയിലാകാം. ആദം കല്പനയിറക്കിയത്രേ. 


മാർച്ച് 20, 2023

രാഷ്ട്രീയ പിന്തുണയിലെ നീതിബോധം

മതാതീതമായി മനുഷ്യരെ തുല്യരായി കാണുന്ന, അവരുടെ ആവശ്യങ്ങളെ സഹാനുഭൂതിയോടെ കാണാൻ കഴിയുന്ന, ദളിതർക്കും ആദിവാസികൾക്കും പൗരന്റെ ആദരവ് സാമൂഹ്യയഥാർത്ഥ്യമാക്കുന്ന, വിഭാഗീയതയും വിദ്വേഷവും രാഷ്ട്രീയനേട്ടത്തിനായുള്ള ഉപകരണങ്ങളായിക്കാണാത്ത, ആദർശങ്ങളെയാണ് മനഃസാക്ഷിയുള്ളവർ രാഷ്ട്രീയമായി പിന്തുണക്കേണ്ടത്. അതിനായാണ് സാമൂഹിക മനസാക്ഷി ഉണരേണ്ടതും ഉണർത്തേണ്ടതും. രാഷ്ട്രീയനേട്ടങ്ങൾ ലക്‌ഷ്യം വെച്ചുമാത്രമാവാതെ സാമൂഹികനീതിക്കായുള്ള നിലപാടുകൾ സ്വത്വബോധത്തിൽത്തന്നെ തുടർച്ചയായി ഉണ്ടാവേണ്ടതുമാണ്. അല്ലെങ്കിൽ 'നീതിയെ കശാപ്പുചെയ്യുന്ന കൊലക്കത്തിയായി പ്രവർത്തിക്കുന്ന നിയമത്തിന്' സേവ ചെയ്യുന്നവരായി മാറുകയാണ് നമ്മൾ. മനുഷ്യാന്തസ്സിന് ആദരവ് നൽകുന്ന രാഷ്ട്രീയ പ്രവണതകളെ തിരിച്ചറിഞ്ഞുകൊണ്ടേ സാമൂഹിക ആവശ്യങ്ങളെ രാഷ്ട്രീയ ചലനങ്ങളാക്കാനാകൂ. മാനുഷിക സത്തയുടെ ബോധ്യങ്ങൾ എല്ലാവരെയുമുൾക്കൊള്ളുന്ന നീതിബോധമായി പരിണമിക്കാത്ത ഒരു രാഷ്ട്രീയകക്ഷിയും പിന്തുണയർഹിക്കുന്നില്ല.


തിരഞ്ഞെടുപ്പൊക്കെ പാർട്ടികൾക്കിടയിലുള്ള ഒരു കായികമത്സരമായിക്കഴിഞ്ഞ കാലത്ത് ജനാധിപത്യമെന്നത് സത്യത്തിൽ ജനങ്ങളെ എത്രമാത്രം പ്രതിനിധീകരിക്കുന്നുണ്ട്?

മാർച്ച് 18, 2023

ഫരിസേയന്റെ സംതൃപ്തി

ചുങ്കക്കാരൻ ആശ്വസിപ്പിക്കപ്പെട്ടവനായി ദേവാലയത്തിൽ നിന്ന് തിരിച്ചു പോയി. ഫരിസേയനും തിരികെപ്പോയത് സംതൃപ്തിയോടെ തന്നെയാവണം. നിയമങ്ങൾ ആവശ്യപ്പെടുന്നതൊക്കെ പൂർണമായി നിവർത്തിക്കുവാൻ അയാൾക്ക്‌ കഴിഞ്ഞിരുന്നു എന്നതിനെക്കുറിച്ചാണ് ദൈവത്തിനു മുമ്പിൽ അയാൾ ഹുങ്ക് പറഞ്ഞത്. അനുഷ്ടാനങ്ങളുടെ സംതൃപ്തിയുമായി അയാൾ മടങ്ങിയപ്പോൾ അയാൾ തേടാതിരുന്നത് ദൈവത്തിന്റെ മൃദുലമായ സാന്ത്വനത്തിന്റെ ആലിംഗനമാണ്. ആ ഉദരത്തിൽ പ്രവേശിച്ച് നവ്യമാക്കപ്പെട്ടിരുന്നെങ്കിൽ ചുങ്കക്കാരനോട് അയാൾ പുച്ഛം ഭാവിക്കുമായിരുന്നില്ല. നിഷ്കളങ്ക ഭക്തിയോടെ തന്നെ ഏറ്റവും ദൈവികമായ ചട്ടങ്ങളിൽ ദൈവത്തെത്തന്നെ ദൈവദൂഷണമാരോപിച്ചു വധിക്കാൻ കഴിയുമെന്നതാണ് അതിലൂടെ കരുതിവയ്ക്കപ്പെടുന്ന അപകടം. 

മാർച്ച് 17, 2023

നവീകരണത്തിന് തടസ്സമാകുന്നത്

 ഇറ്റാലിയൻ ചരിത്രകാരനും തത്വചിന്തകനുമായിരുന്ന Giambattista Vico ചരിത്രത്തെ, ദൈവത്തിന്റെ കാലം വീരന്മാരുടെ കാലം, മാനവിക സംവിധാനങ്ങളുടെ കാലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലേക്കു തരം തിരിച്ചു കാണാൻ ശ്രമിച്ചു. ദൈവഭരണത്തിൽ നിന്നും രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും പിന്നീട് ജനാധിപത്യ സാമൂഹികക്രമങ്ങളിലേക്കും ജീവിതശൈലി വഴിമാറിയപ്പോൾ ദൈവവും രാജാക്കന്മാരും ഇല്ലാതായി എന്ന് അവകാശപ്പെടുന്നവരുണ്ട്. യഥാർത്ഥത്തിൽ ഈ രാജാക്കന്മാരും പുരോഹിതരും പിന്നീടുണ്ടായ ഘടനകളും സ്വയം സർവ്വാധികാരമുള്ള ദൈവങ്ങളായി എന്നതാണ് സത്യം. അത്തരം പരമാധികാരം നിലനിർത്തപ്പെടാനുള്ള ശ്രമം സംഘർഷങ്ങളുണ്ടാക്കുന്നവയാണ്. ഏതാനം ചിലരോ, സംവിധാനങ്ങളോ ദൈവതുല്യമാകുമ്പോൾ ദൈവമക്കളുടെ സമതയിലെ സ്വാതന്ത്ര്യം അന്യമാണ്. ചിലർ ഭരിക്കാനും ചിലർ വിധേയപ്പെടാനുമുള്ള ഒരു സംവിധാനം പവിത്രത സ്വയം കല്പിച്ചുകൊണ്ട് സ്വയംപ്രതിരോധസംവിധാനങ്ങളുണ്ടാക്കുന്നു. സത്യത്തിൽ കുമിളയുടെ സുരക്ഷിതത്വമാണ് അവ സൃഷ്ടിക്കുന്നത്.


ദൈവങ്ങളുടെ കാലം തുടങ്ങും മുമ്പേ പ്രപഞ്ചത്തിന്റേതായ ഒരു കാലം ഏതാനം ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രാകൃതം എന്ന് വിളിക്കപ്പെടുന്ന ആചാരരീതികളിലേക്കു പോവുക എന്നതല്ല അതിനർത്ഥം, പ്രകൃതിയിൽ ഒന്നായി സ്വയം കണ്ടുകൊണ്ട്, ദൈവപരിപാലനയെയും പരസ്പര രൂപീകരണവും ആത്മീയ ശൈലിയാക്കുകയും കൃതജ്ഞതയിൽ ജീവിക്കുകയുമാണ് അതിന്റെ അർത്ഥം. Laudato Si ഒക്കെ 'ലൗകിക'മെന്ന അവജ്ഞക്കിരയായതിന് ആശ്ചര്യപ്പെടാനെന്തിരിക്കുന്നു.

നവീകരണമെന്നാൽ ഉറവിടങ്ങളിലേക്കു മടങ്ങുക എന്ന് പറയാറുണ്ട്. എന്നാൽ, ഉറവിടങ്ങൾ പുനരുജ്ജീവനം നേടുന്നത് പുതിയ മണ്ണിലും പുതിയൊരു കാലത്തുമാണെന്നത് നമ്മൾ മറന്നു പോകുന്നു. അതുകൊണ്ടാണ്, ഉറവിടങ്ങൾ എന്നത് ഒരു കാലത്തെ ചില സമ്പ്രദായങ്ങളിലും സാമൂഹികഘടനകളിലും ചെന്ന് ഉടക്കി നിൽക്കുന്നത്. തനിമയുടെയും, അധികാരത്തിന്റെയും പ്രതാപത്തിന്റെയും സുരക്ഷകൾ തന്നെയാണ് അവിടെയും ആകർഷണീയമാകുന്നത്. ഉറവിടവും ലക്ഷ്യവും ക്രിസ്തുവാണ്. ഒരു വിശ്വാസിയാവട്ടെ, സന്യസ്‌തരാവട്ടെ പുരോഹിതരാവട്ടെ, നവീകരണം അനിവാര്യമെന്ന് തോന്നുന്നില്ലെങ്കിൽ, മാത്രമല്ല ആ നവീകരണം ക്രിസ്‌തുവാൽ പ്രേരകമായതും ക്രിസ്തുവിലേക്കെത്തേണ്ട ദർശനം ഉൾക്കൊള്ളുന്നതുമല്ലെങ്കിൽ മണൽപ്പുറത്തു വീടുപണിയുകയാണ് നമ്മൾ. നിലനിൽപിന് വേണ്ടി, അധികാരങ്ങളോട് സമരസപ്പെടാനും, അപ്പോൾ കൊല്ലപ്പെടുന്ന നീതിയും നന്മയും ന്യായീകരിക്കപ്പെടേണ്ടതിനായി ആവശ്യമായ വ്യാഖ്യാനങ്ങളും പുതിയ ശരികളും നിർമ്മിക്കപ്പെടും. ദൈവത്തെ മാറ്റിനിർത്തിക്കൊണ്ട് ദേവാലയങ്ങളെ പൂജ്യവസ്തുവാക്കാൻ ആരാധകർക്ക് സാധിക്കുന്നതും ആ ശരികൾ കൊണ്ടാണ്.

ആത്മീയമായും, സാമൂഹിക-സാംസ്‌കാരിക തലങ്ങളിലും വ്യക്തമായ നിരീക്ഷണങ്ങളുള്ള അനേകർ നമുക്കിടയിലുണ്ട്. അവർ ആത്മാർത്ഥമായ രീതിയിൽ തുറന്നു പറയാറുമുണ്ട്. നമ്മുടെ സ്വയം-നീതീകരണമാണ് ആവശ്യമായ നവീകരണത്തിന് തടസ്സമാകുന്നത്. സഭയും അതിന്റെ സ്ഥാപനങ്ങളും ചെയ്തിട്ടുള്ള ചെയ്തുകൊണ്ടിരിക്കുന്ന നന്മകളെക്കുറിച്ച് ആർക്കെങ്കിലും സംശയമുള്ളതായി തോന്നുന്നില്ല. വിരോധത്തിൽ നിന്ന് ആരോപണങ്ങൾ ഉയർത്തുന്നത് തിരിച്ചറിയാവുന്നതാണ്. അല്ലാത്തവ അതിന്റെ മൂല്യങ്ങളിൽ സ്വീകരിച്ചേ മതിയാകൂ. അത് രീതികളെക്കുറിച്ചാവാം, മൂല്യങ്ങളെക്കുറിച്ചാവാം, ഘടനകളെക്കുറിച്ചാവാം. സാമ്പത്തിക കാര്യങ്ങളിലെ സുതാര്യത, സൗമ്യത, പാവങ്ങളോടുള്ള പരിഗണന, ജനത്തിന്റെ യഥാർത്ഥ ജീവിതാവസ്ഥകളെ മനസ്സിലാക്കി കാർക്കശ്യങ്ങളെ ഒഴിവാക്കാനുള്ള വെല്ലുവിളി ഇതൊക്കെയും ന്യായമായ കാര്യങ്ങളാണ്. ഒരു സഭാസംവിധാനത്തിൽ, മനുഷ്യാന്തസ്സിനെ മാനിക്കാത്ത വിധമുള്ള പെരുമാറ്റത്തെ, സഹനമായി സ്വീകരിക്കാനോ ദൈവം പ്രതിഫലം തരുമെന്ന് ആശ്വസിക്കാനോ പറയുന്നത് സുവിശേഷമൂല്യങ്ങൾക്കൊത്തതാണെന്നു കരുതാനാവില്ല. ഒറ്റപ്പെട്ടത് എന്ന് പറഞ്ഞ് ഒഴിവാക്കാവുന്നതല്ല അവ. ആത്മാർത്ഥത തേടുന്ന വലിയ വെല്ലുവിളി അധികാര ഘടനയുടെ സുഖത്തെ അത് ചിതറിക്കും എന്നതാണ്. അതുകൊണ്ട് ആ ഘടനകളെ കൂടുതൽ പവിത്രതയാരോപിച്ചു സംരക്ഷിക്കുക എന്നതാണ് പ്രതിരോധരീതി. അവിടെ നിഷേധിക്കപ്പെടുന്ന പോരായ്മകൾ വഴി തകർക്കപ്പെടുന്നവരും മുറിവേൽക്കപ്പെടുന്നവരും അദൃശ്യരായി നില്കുന്നു എന്നതാണ് ദയനീയം.

മാർച്ച് 16, 2023

ദൈവേഷ്ടം

എല്ലാം ദൈവേഷ്ടമാണെന്ന് കരുതുന്നത് ദൈവേഷ്ടം ആവണമെന്നില്ല. അത് അനീതികളെ സംരക്ഷിക്കുകയും ദുഷ്ടതയെ നീതീകരിക്കുകയും ചെയ്തേക്കാം. അത്തരത്തിലുള്ള കാഴ്ചപ്പാടുകൾ, ബലഹീനരെ ഇരയാക്കുന്ന സംവിധാനങ്ങളെ സംരക്ഷിക്കുന്നു. അത്തരം തിന്മകൾ ദൈവം അനുവദിക്കുന്നു എന്ന് പറയുന്നതും ദൈവസ്വഭാവത്തിന് യോജിച്ചതല്ല. അവ സ്ഥാപനവൽകരിക്കപ്പെട്ട തിന്മയുടെ രൂപങ്ങളാണ്. ദൈവപുത്രനെ അനീതിക്കിരയാക്കി കൊന്നുകളഞ്ഞതും അത്തരം സംസ്ഥാപിത ഘടനകളാണ്. തിന്മകൾ, അവ എത്ര പവിത്രരൂപങ്ങളിലാണെങ്കിലും എതിർക്കപ്പെടേണ്ടതാണ്. അത് കൃപയുടെ പ്രവൃത്തിയാണ്. കൃപയുടെ അടയാളങ്ങൾ അവയിലുണ്ടാവുകയും വേണം. എന്നു വെച്ചാൽ ഫലമായി, സമാധാനവും ജീവനും നല്കുന്നവ. സ്നേഹിക്കപ്പെടുന്ന സംവിധാനങ്ങളിൽ കാണപ്പെടുന്ന തിന്മകളെ പ്രതിരോധിച്ചു വിശുദ്ധമാക്കുന്നത് ദൈവികമല്ല. അത് അത്തരം സംവിധാനങ്ങളെ സംരക്ഷിക്കുന്നുമില്ല. അത് തിന്മക്കെതിരായുള്ള പോരാട്ടത്തിലെ കപടതയാണ്. അത് ദൈവവിരുദ്ധം തന്നെയാണ്. സ്വന്തമെന്നു കരുതുന്ന സംവിധാനങ്ങളെ സംരക്ഷിക്കുവാനായി അതിലെ തിന്മകളെ പ്രതിരോധിക്കുകയൂം അത്തരം തിന്മകൾ വഴിയായി വേദനിക്കുന്നവരെ ചേർത്തുപിടിക്കാനോ അവരെ കാണണോ കഴിയാതെ പോകുന്നത് കൃപാരാഹിത്യമാണ് കാണിക്കുന്നത്, മാത്രമല്ല ക്രൂരമായ അനീതികൂടിയാണ്.

തീവ്രവികാരങ്ങൾ കൊണ്ട് ദൈവരാജ്യം കൊണ്ടുവരുവാനും ദൈവത്തെയും ദൈവജനത്തെയും സംരക്ഷിക്കുവാനും വെല്ലുവിളിയും വാളും ഏറ്റെടുത്തവനാണ് ബറാബ്ബാസ്. അയാൾ പല ഘട്ടത്തിലും ക്രിസ്ത്യാനികൾക്കും എളുപ്പം മാതൃകയാകാവുന്നവനുമാണ്. ക്രിസ്തുവിനെ രാജാവും മഹാപുരോഹിതനുമാക്കിയത് പ്രതാപവും അധികാരവും ഉയർത്തിക്കാണിച്ചുകൊണ്ടായിരുന്നപ്പോഴൊക്കെ അത് സംഭവിച്ചിട്ടുണ്ട്. "നീ എന്നെ എന്തിന് അടിച്ചു?" എന്ന് ചോദിച്ച ക്രിസ്തുവിനെ അനുഗമിക്കുന്നെന്നു പറഞ്ഞു കൊണ്ട് വെറുപ്പുനിറച്ചു പദ്ധതികൾ മെനയുന്നവർ സത്യത്തിൽ ബറാബ്ബാസിന്റെ കൂട്ടരാണ്. ബറാബ്ബാസിനെ പിഞ്ചെല്ലുന്ന സമൂഹത്തെ നന്നായി ഉപയോഗിക്കുന്ന കയ്യപ്പസും പീലാത്തോസും ചവറ്റുകൊട്ടയിലെറിയുന്നത് ദൈവത്തെയാണ്, ക്രിസ്തുവിനെയാണ്. അത് കൊണ്ട് തന്നെയാണ് തങ്ങളായിരിക്കുന്ന സംവിധാനങ്ങളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ നിലനില്പിന്റെ കാര്യമാണെന്നത് അവരെ നിയന്ത്രിക്കുന്നതും അതിനായി ആളുകളുടെ വിശ്വാസത്തെ ഉപയോഗിക്കുന്നതും. 

ചിലർക്ക് മാത്രം നേട്ടമുണ്ടാക്കുന്ന നിയമങ്ങൾ ദൈവരാജ്യത്തിൻ്റെ സമാധാനം സ്ഥപിക്കുന്നതല്ല. അത്തരം നിയമസംവിധാനങ്ങളിൽ ദൈവിക സാന്നിധ്യമോ ദൈവത്തിന്റെ സംപ്രീതിയോ ഇല്ല. നിയമത്തിൻ്റെ പരിപൂർണ്ണത സ്നേഹമാണെന്നത്, നിയമം അതിൻ്റെ ഉറവിടം കാണുന്നതും ലക്ഷ്യമാക്കുന്നതും സ്‌നേഹം തന്നെയാകുമ്പോഴാണ്.  എത്ര പൂർണ്ണമായി നിയമം സമൂഹത്തിൽ ക്രമീകരണങ്ങളുണ്ടാക്കുന്നു എന്നതിനേക്കാൾ നിയമപാലനം ദൈവസാന്നിധ്യം അനുഭവവേദ്യമാക്കാൻ വഴിതുറക്കുന്നോ എന്നതാണ് പ്രധാനം. 'നിയമങ്ങളെ പൂർത്തിയാക്കാൻ' വന്ന ക്രിസ്തുവിന് ആ സത്യമായിരുന്നു ദൈവരാജ്യം. പരലോകത്തു മാത്രം യാഥാർത്ഥ്യമാകുന്ന സ്വർഗ്ഗം ക്രിസ്തുവിന്റെ സ്വർഗ്ഗമാവില്ല. വിശക്കുന്നവരും ദാഹിക്കുന്നവരും, ദരിദ്രരും  കാരാഗൃഹത്തിലുള്ളവരും യഹൂദപാരമ്പര്യത്തിൽ അനുഗ്രഹങ്ങൾക്കു യോഗ്യരായവരല്ല, പാപവും ശാപവും പേറുന്നവരാണ്. എന്നാൽ ആ അപരരുടെ മുഖത്താണ് ദൈവമുഖം ക്രിസ്തു പരിചയപ്പെടുത്തിയത്. പക്ഷെ, അത് പാലിച്ചു പോയാൽ, ലാഭകരമായ ഏറെ കുകർമ്മങ്ങളെ മാറ്റിനിർത്തേണ്ടതായി വന്നേക്കാം, മാത്രമല്ല, തിന്മകളുടെയും അനീതിയുടെയും സാന്നിധ്യത്തിനെതിരെ നിലപാടുകളെടുക്കേണ്ടതായും വന്നേക്കാം. സ്വന്തം കാര്യം വരുമ്പോൾ സൗഭാഗ്യങ്ങൾ ദൈവാനുഗ്രഹവും അപരരുടെ ദയനീതത ദൈവത്തിനു പ്രീതികരമായ സഹനവുമാകും. അവർക്കു സ്വർഗം കല്പിതമാകുന്നത് വരും ലോകത്താണ്. എന്നിലെ അനുഗ്രഹങ്ങളുടെ ദൈവം വേദനിക്കുന്നവരിലെ അപമാനിതനായ ദൈവത്തെ കാണാത്തതെന്തു കൊണ്ട്? കൃപയുടെ നിറവിന്റെ അളവാണ് സ്വർഗ്ഗം. അതിന്റെ അളവറിഞ്ഞെങ്കിലെ ഉള്ളിലെ തീക്ഷ്ണതയുടെ വിശുദ്ധി അറിയാനാകൂ. 

മാർച്ച് 14, 2023

ഭൂതോച്ചാടന പ്രതിരോധം

ഭൂതോച്ചാടനത്തിൽ, ചൂലുകൊണ്ടു വീശുക, പുകയിടുക, ഉപ്പുവിതറുക, ആട്ടിത്തുപ്പുക, ആക്രോശിക്കുക, ഉത്തരവിടുക എന്നിങ്ങനെ ചില രീതികളുണ്ടായിരുന്നു. ക്രിസ്തു തിന്മകളെ നേരിട്ടത് പരിശുദ്ധാത്മാവിനാലാണ്. തിന്മകളെ എതിർക്കാൻ, ആക്ഷേപങ്ങളെ നേരിടാൻ ഭൂതോച്ചാടനശൈലി ആവശ്യമായിത്തീരുകയും ആത്മാവിന്റെ ചൈതന്യം കുറയുകയും ചെയ്യുന്നത് എന്തുകൊണ്ടാവാം. സത്യത്തിന്റെ ധീരതയും സ്വാതന്ത്ര്യവും പോരായ്മകളെ നിഷേധിക്കില്ല, പൊലിമ പറയില്ല. നിഷേധിക്കേണ്ടത് പ്രതിരോധമാക്കേണ്ട ആവശ്യമുണ്ടെങ്കിൽ അത് ആക്രോശവും വെല്ലുവിളികളും ലഹരിയുമാകാം. അത്തരം നടപടിക്രമങ്ങളും പ്രസംഗങ്ങളും 'ലൗകികമാണ്.'

ലൗകികമെന്നാൽ ഡിസ്കോ ഡാൻസും മനോരഞ്ജനവുമാണെന്ന വീക്ഷണം ആത്മീയതയിലേയും മതത്തിലെയും ലൗകികതയെ മറച്ചു വയ്ക്കുന്നു. സത്യത്തിനു പകരം മതവികാരികത ഉപയോഗിച്ച് രാഷ്ട്രീയതരംഗം സൃഷ്ടിക്കുന്നതും, ഇല്ലാസ്വർഗ്ഗങ്ങളെ പ്രകീർത്തിക്കുന്നതും ലൗകികതയാണ്.

ഒരു സഭാസംവിധാനത്തിൽ, മനുഷ്യാന്തസ്സിനെ മാനിക്കാത്ത വിധമുള്ള പെരുമാറ്റത്തെ, സഹനമായി സ്വീകരിക്കാനോ ദൈവം പ്രതിഫലം തരുമെന്ന് ആശ്വസിക്കാനോ പറയുന്നത് സുവിശേഷമൂല്യങ്ങൾക്കൊത്തതാണെന്നു കരുതാനാവില്ല. എത്ര ചെറുതോ ഒറ്റപ്പെട്ടതോ ആവട്ടെ, അങ്ങനെ സംഭവിക്കരുതാത്തതാണ്. പോളിസിയുടെ പേരിൽ അടച്ചു വയ്‌ക്കേണ്ടതല്ല ഒരാളുടെ വളർച്ചയും വ്യക്തിപരമായ മനുഷ്യാന്തസ്സിനൊത്ത സ്വാതന്ത്ര്യവും. വ്യക്തിപരമായ ആവശ്യങ്ങളാവട്ടെ, സ്വതന്ത്രമായ വായനയാവട്ടെ വൈകാരികമായ തുറവിയാവട്ടെ പ്രതിരോധവലയങ്ങളിൽ മൂല്യപരിശീലനം സാധ്യമാവില്ല. അരുതുകളുടെ ലിസ്റ്റനുസരിച്ച് നിയന്ത്രണം ഒരു ആത്മീയാചാര്യയാകുമ്പോൾ, തെറ്റിലെ തിന്മ എന്താണ് എന്ന് തിരിച്ചറിയാനോ അതിനോട് പ്രതികരിക്കാനോ കഴിയാതാവുന്നു. ആ ക്രമത്തിൽ പരിചിതമായിക്കഴിഞ്ഞ തിന്മ-സംവിധാനങ്ങൾ പാലിക്കേണ്ട നന്മകളുമാകുന്നു.

മാർച്ച് 13, 2023

കാലം

 വഴിയിൽ കിടക്കുകയാണ് വണ്ടി. പരിചയമില്ലാത്ത വഴി.  "പഞ്ചർ ആയി, ഡ്രൈവർക്കു പരിചയമില്ലാത്ത വഴിയായതു കൊണ്ടാവാം അവിടിവിടെ ഉരസിയിട്ടുമുണ്ട്," വഴിപോക്കരിൽ ചിലർ പറഞ്ഞു. 

"നിങ്ങൾ വെറുതെ അപവാദം പറയുകയാണ്. എത്ര നാൾ ഓടിയ വണ്ടിയാണ്, എത്ര പ്രശസ്തി നേടിയ സേവനം നൽകിയ വണ്ടി!" 

"നിങ്ങൾ പുതിയ ഡ്രൈവറാണ്. ഈ വണ്ടിയെക്കുറിച്ചോ, പുതിയ വഴികളെക്കുറിച്ചോ നിങ്ങൾക്ക് അത്ര പരിചയമില്ലെന്നു തോന്നുന്നു. ഏതായാലും പഞ്ചർ പരിഹരിച്ചു മുന്നോട്ടു പോകൂ."

"ഞങ്ങളുടെ വണ്ടിക്ക് ഒരു കുഴപ്പവുമില്ല"

പോരായ്മകളുടെ നിഷേധവും, വണ്ടിയുടെ മഹിമയെക്കുറിച്ചുള്ള വർണ്ണനയുമായി വണ്ടി വഴിയിൽത്തന്നെ!

ഡ്രൈവർ കൂടുതൽ പ്രകോപിതനായി അക്രമാസക്തനായിത്തുടങ്ങി.


അപരിചിതമായ വഴിയാണ് കാലം. 

മാർച്ച് 12, 2023

ദാഹങ്ങൾ

നമ്മിലെ ദാഹങ്ങൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ നമ്മെക്കുറിച്ചു സത്യങ്ങൾ പറയുന്നവയാണ്. അവയെ അടുത്ത് വായിച്ചറിയാൻ ശ്രമിക്കേണ്ടവയാണ്. തിരസ്കരിക്കപ്പെടുന്നവരും, മനസിലാക്കപ്പെടുന്നില്ല ഇന്ന് പരാതി പറയുന്നവരും, അനീതി സഹിക്കുന്നവരും പറയാൻ ശ്രമിക്കുന്നത് അവരുടെ വിലയെക്കുറിച്ചാണ്. സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യമാണ് മൂല്യത്തെക്കുറിച്ചുള്ള അവബോധം തുറന്ന് തരുന്നത്. ഒരാളെ സ്വീകരിക്കുന്നത്, അവമാനം നീക്കിക്കളയാൻ ഇടപെടുന്നത്, വേദനകളിൽ സാന്ത്വനം നൽകുന്നത് ഇവയെല്ലാം ഒരാൾക്ക് അർഹമായ മൂല്യം ഉറപ്പിച്ചു നല്കുന്നതിലാണ് അവരിലെ ദാഹങ്ങൾ അകലുന്നത്.

കാനായിലെ വീഞ്ഞിന്റെ കുറവ് അപമാനിതമാകുന്ന ദാഹമാണ്. കുറവായതെന്താണോ അത് വളരെ ആഴത്തിൽ അവരെ ഉടച്ചുകളയുന്നതുകൊണ്ടാണ് 'അവർക്കു വീഞ്ഞില്ല' എന്നത് അവരെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന സത്യമാകുന്നത്. യോഹന്നാൻ അവതരിപ്പിച്ച സുവിശേഷ ശൈലിയിൽ, അത് ജീവന്റെയും പ്രകാശത്തിന്റെയും കാഴ്ചയുടെയും കുറവാണ്. മണവാളൻ അടുത്തുണ്ടെങ്കിലും സന്തോഷിക്കാൻ വേണ്ട കൃപയാ സത്യമോ കൈയ്യെത്തിപ്പിടിക്കാൻ കഴിയാത്തവർ. സമയബന്ധിതമാക്കാതെ അവരുടെ ദാഹത്തെ കാര്യമായെടുക്കുന്ന ക്രിസ്തുവിനെ അവിടെ കാണാം.

സമരിയാക്കാരി സ്ത്രീയുടെ ദാഹം പലതാണ്. സമൂഹത്തിന്റെ അവജ്ഞയിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് അവളുടെ ആദ്യ ദാഹം. അവളെ സ്നേഹാലിംഗനത്തിൽ സ്വീകരിക്കാൻ ഒരു നാഥനില്ല എന്നതാണ് അവളുടെ മറ്റൊരു ദാഹം. "ഞാൻ നിങ്ങൾക്ക് ദൈവവും നിങ്ങൾ എനിക്ക് ജനവും" ആകുമെന്ന ഉടമ്പടിയിൽ ഒരു ഭർത്താവിന് തന്റെ ഭാര്യയോടുള്ള സ്നേഹത്തെ ചേർത്തുവെച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ടവളെപ്പോലെ അലയുന്ന അവസ്ഥയിൽനിന്ന് വീണ്ടും സ്വീകരിക്കുന്ന സ്നേഹത്തെക്കുറിച്ച് ഹോസിയായും ഏശയ്യായും എസെക്കിയേക്കും പറയുന്നു. ആ സ്നേഹത്തിനു വേണ്ടി കാത്തിരിക്കുന്ന ദാഹമാണവൾക്ക്. അതുകൊണ്ട് ഉടനെതന്നെ ആ ദാഹം മറ്റൊരു ദാഹത്തെക്കുറിച്ചു പറയുന്നു. ഞങ്ങൾക്ക് ദേവാലയമില്ല, അതുകൊണ്ട് ദൈവവുമില്ല. മലമുകളിൽ ആരാധിക്കുന്ന ഞങ്ങളും, ദേവാലയത്തിൽ ആരാധിക്കുന്ന മറ്റുള്ളവരും ... ദൈവം ആരെ കേൾക്കും? സങ്കല്പിക്കാവുന്നതിൽ ഏറ്റവും മനോഹരവും പ്രൗഢവുമായ വാസസ്ഥലം ഒരു കാലത്ത് രാജകൊട്ടാരമായിരുന്നു. സ്വർഗ്ഗത്തെ അങ്ങനെ ഒരു രാജകൊട്ടാരത്തോട് കൂട്ടിച്ചേർത്തു സങ്കല്പിച്ചതിൽ തെറ്റ് പറയാനാവില്ല. ദൈവം, രാജാവിലോ രാജസിംഹാസനത്തിലോ അല്ലെന്നും, ദൈവം നമുക്കിടയിൽ വസിക്കുന്നെന്നും നമുക്കറിയാം. സ്വർഗ്ഗത്തെ ദേവാലയത്തിലേക്ക് ചുരുക്കിയ തെറ്റ്, ദൈവം നമ്മിൽ നിന്ന് എന്താഗ്രഹിക്കുന്നോ അതിൽ നിന്ന് നമ്മെ അകറ്റിക്കൊണ്ട് പോകുന്നു. മതത്തിന്റെ എല്ലാ നിഷ്ഠകളുടെയും പൂർത്തീകരണത്തിനു ശേഷവും ദാഹം നിലനിൽക്കുന്നു.

കല്ലറക്കു മുമ്പിൽ നിന്ന് കരയുന്ന മഗ്ദലേനാമറിയത്തിന്റെ ദാഹവും "എന്റെ നാഥനെ അവർ എടുത്തു കൊണ്ടു പോയി" എന്നതാണ്. എന്റെ ജീവന്റെ കാരണം നഷ്ടമായിരിക്കുന്നു. എന്റെ സ്നേഹം നഷ്ടമായിരിക്കുന്നു. എന്റെ ഹൃദയം ശൂന്യമായിരുന്നു. ഞാൻ തന്നെ ഇല്ലാതായിരിക്കുന്നു. ദാഹം, ആത്മാർത്ഥമായ നഷ്ടബോധമായി ക്രിസ്തുവിനു മുമ്പിൽ എത്തപ്പെടുമ്പോൾ പേരെടുത്തു വിളിക്കുന്ന സാന്ത്വനശബ്ദം ഉള്ളിൽ പുതുവീഞ്ഞു നൽകും. "നിന്നോട് സംസാരിച്ചു കൊണ്ടിരിക്കുന്നവൻ" തന്നെയാണ് ദാഹങ്ങളുടെ ഉറവിടവും ശമനവും. ദാഹങ്ങൾ നമ്മോടു സംസാരിച്ചവയിലൊക്കെയും ഒരു ക്രിസ്തുസ്വരം കൂടിയുണ്ടായിരുന്നു എന്ന് തിരിച്ചറിയാം. പുതിയ കാഴ്ചയും പ്രകാശവും ലഭിക്കാം.

ദാഹങ്ങൾ നമ്മെ വേദനിപ്പിച്ചേക്കാം, കാരണം അവ പലപ്പോഴും കുറ്റബോധത്തിലേക്കും അവമാനത്തിലേക്കും നമ്മെ നയിച്ചേക്കാം. പരിശുദ്ധാത്മാവ് നൽകുന്ന ക്രിസ്തുദർശനം നമുക്ക് ദാഹങ്ങളുടെ ശമനമാകും. അല്ലെങ്കിൽ ദാഹങ്ങളെ വിധിച്ചും, അതിന്റെ പാപസാധ്യതകളെക്കുറിച്ചു ഭീതിപ്പെട്ടും സ്വയം അടച്ചേക്കാം. സ്വീകരിക്കുകയും നിറവ് നൽകുകയും ചെയ്യുന്നതാണ് സ്നേഹം. ആ സ്വീകാര്യതയെക്കുറിച്ചു വിശ്വസിക്കാൻ തടസ്സമാകുന്നതാണ് നമ്മിലെ കുറ്റബോധവും അപമാനഭാരവും. ക്രിസ്തുവിനു വേദനിക്കുന്നല്ലോ എന്നതാണ് ചിലർക്ക് അസ്വസ്ഥത. അവന്റെ സ്നേഹത്തെ നമ്മുടെ ചിട്ടകളിൽ ചുരുക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചാണ് ക്രിസ്തുവിനു വേദന. അനന്തസ്നേഹത്തിനു വ്യവസ്ഥകൾ നിർബന്ധമാക്കുന്ന നമ്മുടെ ഉള്ളിലെ വരൾച്ച നീക്കിയെ തീരൂ.കാലം മുറിവുകൾ മായ്ക്കും വരെ ദാഹവുമായി അലയേണ്ടതില്ല. ക്രിസ്തുവിലെ ആശ്വാസമെന്നത്, ആ സാന്ത്വനസ്‌നേഹത്തെ വിശ്വസിക്കുക എന്നതാണ്.

ദുഃഖത്തിന്റെയും അലച്ചിലുകളുടെയും ഇച്ഛാഭംഗങ്ങളുടെയും വിലാപത്തിന്റെയും കണ്ണുനീരിന്റെയും വെറുപ്പിന്റെയും മത്സരത്തിന്റെയും അധികാരമോഹത്തിന്റെയും പാറയിൽ ആഞ്ഞടിക്കാൻ പരിശുദ്ധാത്മാവിനെ അനുവദിക്കണം. ആ മൃദുശബ്ദം നമ്മുടെ ദാഹങ്ങളിൽനിന്നു തേടുന്നത്, എനിക്ക് കുടിക്കാൻ തരികയെന്നതാണ്. എനിക്ക് ദാഹിക്കുന്നെന്ന മരണവിലാപം പോലും നമ്മിലെ ദാഹങ്ങൾക്കു നിറവ് നൽകുന്ന സ്നേഹനിശ്വാസമാണ്.

മാർച്ച് 09, 2023

ഭക്തി ശൂന്യവും കപടവുമാകുന്നത്

പടിവാതുക്കൽ കരുണ തേടുന്ന അനേകർ നമ്മുടെ കൂടെയുണ്ട്. വീട്ടിനുള്ളിലുള്ളവരോ പുറമെയുള്ളവരോ ആകാം അവർ. അവഗണിക്കപ്പെടുന്നവരും, മറക്കപ്പെടുന്നവരും, വിധിക്കപ്പെടുന്നവരും, അവരിലുണ്ട്. ദൈവം മാത്രം സഹായമായുള്ളവരെ (ലാസറിന്റെ അർത്ഥം) പാപികളെന്ന് വിളിച്ചുകൊണ്ട് നമ്മുടെ മാറ്റിനിർത്തൽ  പ്രക്രിയയെ വിശുദ്ധീകരിക്കുകയുമാകാം. മനുഷ്യരെന്ന നിലയിൽ തുല്യരായവരെ ദയാദാക്ഷീണ്യം പോലെ പരിഗണന നൽകി ധാർമ്മികരാകുന്നവരും ഉണ്ട്. ലാസറിന്റെ നേരെ മുഖം തിരിച്ച ധനികനെ മറച്ചത് ധനത്തിന്റെ മഹിമകൾ മാത്രമാണോ? അയാളുടെ വർണ്ണന, തെരുവുകളിൽ പ്രാർത്ഥിക്കുകയും സ്തുതികൾ ആഗ്രഹിക്കുകും ചെയ്ത ഫരിസേയരുടെ വർണ്ണനകളിലെ വസ്ത്രത്തിന് സമാനമാണ്. 

ഭക്തി ശൂന്യവും കപടവുമാകുന്നത് രണ്ടു വിധത്തിലാണ്. ഒന്ന് അതിനെ ദേവാലയാങ്കണത്തിലേക്കും, ജപം, പൂജ, അർച്ചന, നേർച്ച തുടങ്ങിയ പ്രവൃത്തികളിലേക്കും ചുരുക്കിക്കൊണ്ടാണ്. രണ്ടാമത്, ദൈവികപുരുഷരിലേക്കും താരപരിവേഷയുള്ളവരിലേക്കും അന്ധമായ വിശ്വാസം അർപ്പിക്കുക എന്നതാണ്.  അവരിൽ വാഴ്ത്തപ്പെടുന്ന രാജാക്കന്മാരും പുരോഹിതരും ദൈവഹിതം തേടുന്നവരാവണമെന്നില്ല. അത്തരം രാജകീയതയും പൗരോഹിത്യവും ക്രിസ്തുവിലേക്കാരോപിച്ചു കൊണ്ടാണ് ഏകരക്ഷകത്വവും ഏകദൈവവുമെല്ലാം വിജയഭേരിയുള്ള മുദ്രാവാക്യങ്ങളാകുന്നത്. ദൈവഹൃദയത്തിന്റെ നീതിയും സ്നേഹവും ജീവിച്ചു ചുറ്റിലും യാഥാർത്ഥ്യമാക്കിയ ക്രിസ്തു സ്വയം വിളിച്ചത് മനുഷ്യപുത്രൻ എന്നാണ്. ദൈവരാജ്യം, നീതി, ഭക്തി എന്നിവയൊക്കെ സത്യത്തിൽ നമ്മൾ കണ്ടറിയുന്നത് ക്രിസ്തുവിലാണെങ്കിൽ ലൗകികാമെന്നു വിളിക്കപ്പെടുന്ന, ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന 'ദൈവവിളികൾ' യഥാർത്ഥത്തിൽ കൃപയുടെ ക്ഷണമാണെന്നു മനസ്സിലാക്കാം. 

നിങ്ങൾക്കിടയിലാണെന്ന് ക്രിസ്തു ഉറപ്പു നൽകിയ ദൈവരാജ്യം അലൗകികമാക്കിത്തീർത്തതും, 'വരാനിരിക്കുന്നത്' മാത്രമാക്കിയതും വിശ്വാസത്തിലെയും  ആത്മീയതയിലേയും കാഴ്ചപ്പാടുകളിലെ ചില  പോരായ്മകൾ മൂലം കൂടിയാണ്. ആത്മീയത, സ്വർഗ്ഗരാജ്യം, രക്ഷ എന്നിവയെ അതിലൗകികമാക്കിതീർത്തുകൊണ്ട് മനുഷ്യനെ പ്രകൃതിയിൽ നിന്ന് വ്യത്യസ്തമായി മാറ്റിനിർത്തി. യൂറോപ്പിനെ ആകമാനം ബാധിച്ച പ്ളേഗ് ലോകത്തെക്കുറിച്ച് ഭീതിയും അവജ്ഞയും രൂപപ്പെടുത്തി. അവയെ സാധൂകരിക്കുന്ന ആത്‌മീയ വീക്ഷണങ്ങൾ രൂപപ്പെടുത്തി, ഭൂമിയും ശരീരവും വെറുക്കപ്പെടേണ്ടതാക്കി. വചനം മനുഷ്യനായി മാംസരൂപം സ്വീകരിച്ചത് സൃഷ്ടപ്രപഞ്ചത്തിന്റെ സകലയാഥാർത്ഥ്യങ്ങളിലേക്കു കൂടിയാണ്. രക്ഷയുടെ ആ അനുഭവത്തെ മനുഷ്യന്റേത് മാത്രമാക്കി പ്രകൃതിയും, ജൈവ സംവിധാനങ്ങളുമായി മനുഷ്യനുള്ള ബന്ധവും, അവയെ പവിത്രമായി കരുതാനും നിലനിർത്താനുമുള്ള മനുഷ്യന്റെ ഉത്തരവാദിത്തങ്ങളും,  അവയിൽ ദൈവത്തിന്റെ പരിപാലനയുടെ അടയാളങ്ങളും കാണേണ്ടതില്ലാതായി. സാമൂഹികമാനത്തിനു  ഊന്നൽ കുറയുകയും വ്യക്തിപരമായ രക്ഷക്ക് പ്രാധാന്യമേറുകയും ചെയ്തു. രക്ഷയുടെ സമഗ്രമായ അനുഭവത്തിൽ നിന്ന് മാറി അത് ആത്മീയം മാത്രമായി. അങ്ങനെ രക്ഷയുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക തലങ്ങളിലെ വിളിയും ദൗത്യവും വെല്ലുവിളികളും ഒഴിച്ചുനിർത്തി നമ്മൾ 'ഭക്തി' അഭ്യസിച്ചു. 'ദൈവിക' കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്നവരായി. പ്രപഞ്ചത്തിൽ നിന്ന് അകറ്റി തീർത്തും വ്യക്തിപരവും മനുഷ്യരുടേതു മാത്രവുമായ രക്ഷ പ്രാപഞ്ചികമായി  ക്രിസ്തുവുമായി ഒന്ന് ചേരുന്ന രക്ഷാനുഭവത്തെ പാടെ ഉപേക്ഷിച്ചു.  ഇവയോരോന്നിനും വിശ്വാസിസമൂഹത്തിനുള്ളിലും പൊതുരംഗത്തും, സാമൂഹികവും രാഷ്ട്രീയവുമായ അർത്ഥവ്യാപ്തിയുണ്ട്.

ദുഷ്ടത പ്രവർത്തിക്കുന്നവരുടെ ബലികൾ ദൈവത്തിനു അപമാനവും മ്ലേച്ഛവുമാണെന്ന് സുഭാഷിതങ്ങൾ പറയുന്നു. ഭക്തിയുടെ പുറം ചട്ടകളിൽ യഥാർത്ഥ ദൈവഭക്തിയെ ലൗകികമെന്ന് വിളിക്കുന്നവരുണ്ട്. വിദ്യാഭാസം, സാമൂഹിക സേവനം, നീതിക്കു വേണ്ടിയുള്ള പ്രവൃത്തികൾ എന്നിവയൊക്കെ വെറും ലൗകികമൂല്യങ്ങളാണത്രെ. "ഇതാ ദൈവത്തിന്റെ കൂടാരം മനുഷ്യരോടു കൂടെ" എന്നത് നമ്മിലെ കൃപാപ്രവൃത്തികൾ കൂടാതെ എന്താണ്? ഗിരിപ്രഭാഷണത്തിലെ വാഗ്ദാനങ്ങൾ നിവർത്തിയാക്കേണ്ടത് ദൈവരാജ്യത്തിന്റെ മക്കളായതുകൊണ്ടല്ലേ, ക്രിസ്തുസദൃശ്യത കണ്ടുകൊണ്ട് പരപസ്പരം ശുശ്രൂഷിക്കുവാൻ അവിടുന്നു പറഞ്ഞത്? ഈ ധർമ്മമാണ് ഫരിസേയകപടത ഭക്തികൊണ്ട് അവഗണിച്ചു കളയുന്നത്. 

മാർച്ച് 06, 2023

മുറിവവബോധം

 "ഏതൊരു ക്രിസ്ത്യാനിക്കും നോവും," ആദ്യഭാഗം സാമാന്യവത്കരണവും, രണ്ടാമത്തെ ഭാഗം ഒരു വൈകാരിക ബിന്ദുവുമാണ്. അതിലെ യുക്തിയും സത്യവും അന്വേഷിക്കുന്നതിനും മീതേ, ആ നൊമ്പരം ഒരു സാമാന്യ പ്രതികരണമായി എന്നിലും ഉണ്ടാവുക എന്നത്  ക്രിസ്ത്യാനി ആയിരിക്കുന്നതിൽ പ്രധാന ഘടകമാണ് എന്നതാവും ചിന്തിക്കുക. "ക്രിസ്തീയ സഹോദരങ്ങളെല്ലാം 'കോമക്കുറുപ്പിന്റെ' പക്ഷത്തു ചേരുന്നു," എന്നതിൽ കോമക്കുറുപ്പിന്റെ ആദർശങ്ങളോ അവയിലെ സത്യങ്ങളോ ന്യായങ്ങളോ എന്നതിനേക്കാൾ, ആ പക്ഷത്തു ചേരുന്നതിലെ ന്യായങ്ങളാവും മുന്നിൽ നിൽക്കുക. 

സഭാസ്നേഹവും, സമുദായസ്നേഹവും, വിശ്വാസസംരക്ഷണവും, അപരവിദ്വേഷത്തിൽ പൊതിഞ്ഞു നൽകപ്പെടുന്ന കാലാവസ്ഥയാണ്‌ വരുന്നത്. മലിനമായ പുക ശ്വസിക്കുന്ന അസ്വസ്ഥത നമുക്ക് ഉണ്ടാവില്ല എന്നതാണ് ആ വിഷത്തിന്റെ ആകർഷണീയത. സഭയുടെയും വിശ്വാസത്തിന്റെയും കാതൽ, ഭക്തിയുടെയും യാഥാസ്ഥിതികതയുടെയും വിദ്വേഷത്തിന്റെയും പേരിൽ ചിതലരിച്ചു പോയിട്ടും ഒരു കുഴപ്പവുമില്ലാത്ത 'വിശ്വാസത്തെ' നൊമ്പരങ്ങൾ കൂടുതൽ തങ്ങളുടെ ചക്കിലിട്ടു പിഴിയും. ആശ്വാസവും സൗഖ്യവും പകരേണ്ട മതങ്ങൾ, കൂടുതൽ മുറിവവബോധം ആണ് വിശ്വാസതീക്ഷ്ണതയായി അവതരിപ്പിക്കുന്നത്. സംരക്ഷണത്തിനായുള്ള വാളും പരിചയും, ചുറ്റികയും, കുതിരകളും ഒരുങ്ങുന്നുണ്ട്. പരിഗണിക്കപ്പെടേണ്ടതില്ലാത്തതായി ഒന്നു മാത്രമേയുള്ളു, ക്രിസ്തു.

മാർച്ച് 05, 2023

തിന്മക്ക് മതമുണ്ടോ?

ദൈവത്തിനു മതമുണ്ടോ എന്ന ചിന്തയേക്കാൾ ഇന്ന് പ്രസക്തമാവുന്നത് പിശാചിന് മതമുണ്ടോ എന്നതാവും. പിശാച് ഒരു അന്യമതക്കാരനാണോ? അന്യമതങ്ങളിലെ എല്ലാവരും പിശാചിനാൽ സ്വാധീനിക്കപ്പെട്ടവരും തിന്മ ചെയ്യുന്നവരുമാണോ? അവർ ചെയ്യുന്ന നന്മകൾ ഞാൻ ചെയ്യുന്ന നന്മകളേക്കാൾ വില കുറഞ്ഞവയാണോ? ഞാൻ ചെയ്യുന്നത് കൃപയിലുള്ളവയും മറ്റുള്ളവരുടെ നന്മകൾ വെറും മാനുഷികവുമാണോ? എന്റെ കൂട്ടരിൽ തിന്മ ചെയ്യുന്നവരില്ലേ? 

ആരാണ് ഈ ഞങ്ങളും മറ്റുള്ളവരും? ലാറ്റിൻ അമേരിക്കക്കാരും ആഫ്രിക്കക്കാരും ഏഷ്യക്കാരും വിഗ്രഹാരാധകരും അജ്ഞരുമാണ്, മറ്റുള്ളവർ നിരീശ്വരരാണ്. ഞങ്ങൾ ക്രിസ്ത്യാനികളും, മറ്റുള്ളവർ അന്യമതക്കാരും മതരഹിതരും ഫ്രീമേസൺകാരും ആണ്. ഈ മറ്റുള്ളവർ വഞ്ചകരും ഞങ്ങളെ കീഴ്പ്പെടുത്താൻ തക്കം പാർത്തിരിക്കുന്നവരുമാണ്. ഞങ്ങൾ പാരമ്പര്യ കത്തോലിക്കരും അവർ ലൗകികചിന്തകളാൽ നയിക്കപ്പെടുന്നവരുമാണ്. ഞങ്ങൾ പ്രയർ ഗ്രൂപ്പുകളിൽ സജീവമാണ് അവർ വെറും ഞായറാഴ്ച ക്രിസ്ത്യാനികളാണ്. ഞങ്ങൾ ശരിയായ വിശ്വാസം സംരക്ഷിക്കുന്ന ഗ്രൂപ്പാണ് മറ്റുള്ളവർ തീർത്തും ശരിയല്ല. ഞാൻ മാത്രമാണ് ദൈവവിശ്വാസി, വേറെ ഒരാളും ശരിയല്ല. തിരഞ്ഞെടുപ്പ് കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന വിശ്വാസസംരക്ഷകരുമുണ്ട്. 

ഈ അസംബന്ധങ്ങളെ വിശ്വാസമായിക്കരുത്തുവാൻ മാത്രം അവിശ്വാസികളായിത്തീർന്നിരിക്കുന്നു ഏറെപ്പേരും. സ്വർഗ്ഗം പല മതക്കാർക്ക് വ്യത്യസ്തമാണോ? വെവ്വേറെ സ്ഥലങ്ങളാണോ ഉണ്ടാവുക? സംശയിച്ചുപോന്നവരെ അവിടെ കണ്ടാൽ അവിടെയും അകൽച്ച പാലിക്കാൻ കഴിയുമോ?  അവരിൽ നിന്നൊഴിഞ്ഞു മാറാൻ അല്ലേലൂയാ പാടാൻ തിരക്ക് കാണിച്ചു ദൈവത്തിനു മുമ്പിലെത്തുമ്പോൾ അത് സമ്മതിക്കപ്പെടുമോ?

നന്മതിന്മകളെന്നു വിഭജിക്കപ്പെടുന്ന ഏറ്റവും കൂർത്ത മതിലിന്മേലാണ് ചിലർക്ക് സ്വർഗ്ഗരാജ്യം കാണപ്പെടുന്നത്. എന്റെ ഭാഗത്തല്ലാത്തതെല്ലാം തെറ്റും പിശാചിന്റേതുമാണെന്നതിൽ സത്യമുണ്ടോ? ചിലരുടെ ഭക്തിപ്രകാരം പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നില്കുന്നത് തന്നെ പിശാചാണ്. ഉപ്പ്, ജലം തുടങ്ങിയവ എവിടെയൊക്കെ എപ്പോഴൊക്കെ വിതറണം തളിക്കണം എന്നതാണ് വ്യഗ്രത നിറഞ്ഞ അവരുടെ ആത്മീയ നിഷ്ഠ. സമാധാനത്തിലിരിക്കുന്ന വീടുകളിൽ  പോലും കടന്നു ചെന്ന് അസ്വസ്ഥത സൃഷ്ട്ടിക്കുന്ന അവർ എന്ത് സുവിശേഷമാണ് പ്രഘോഷിക്കുന്നത്. പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികളെക്കുറിച്ച് ഒരു ബോധ്യവുമില്ലാത്ത കപട വിശ്വാസികൾ രൂപപ്പെടുത്തുന്ന മതസ്പർദ്ധകളെ വിശ്വാസമെന്ന വിളിക്കുന്നതിൽ പ്രീതിപ്പെടുത്തുന്ന ദൈവം ഏതാണ്. തീവ്രഭക്തി, പരിഹാരങ്ങൾ, കുരിശിൻ്റെ വഴി ഇങ്ങനെയൊക്കെ ഒരുപാട് കർമ്മങ്ങൾ നടത്തപ്പെടുന്നെങ്കിലും, അവസാനം പിശാചാണ് പ്രധാന ധ്യാനവിഷയം.

ദൈവം-കൃപ-ജീവൻ-സൃഷ്ടി-മനുഷ്യൻ എന്നീ ബന്ധങ്ങളിൽ ഗ്രഹിക്കാവുന്നതേയുള്ളു ക്രിസ്തീയവിശ്വാസത്തിന്റെ എന്തും. ദ്വന്തസ്വഭാവങ്ങളിലേക്കു വേർതിരിക്കുന്ന യാഥാർത്ഥ്യങ്ങളിൽ തിന്മയായി ചാർത്തപ്പെടുന്നവയിൽ ഏറെയും അഭിമുഖീകരിക്കാൻ തയ്യാറെടുപ്പില്ലാത്ത/ ധൈര്യമില്ലാത്ത/ കെൽപ്പില്ലാത്ത സങ്കീർണ്ണതകളും, മായ്ക്കാൻ മനസ്സില്ലാത്ത അജ്ഞതകളുമാണ്. 

ദൈവരാജ്യത്തിന്റെ ആദ്യ അനുഭവം എല്ലാവരും ദൈവമക്കളാണെന്നു ഗ്രഹിക്കുകയാണ്. പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളാൽ ഈ അവബോധത്തിൽ കൂടുതൽ വളർന്നു കൊണ്ടാണ് ദൈവാരാജ്യത്തിലുള്ള ജീവിതം സാധ്യമാകുന്നത്. പകരം, തന്നിൽ നിന്ന് വ്യത്യസ്തമായ സകലതിനെയും മറുഭാഗത്തു നിർത്തി പൈശാചികവത്കരിച്ച് സ്വയം ശുദ്ധി കല്പിക്കുന്നതിൽ ദൈവരാജ്യമില്ല. മതങ്ങളുടെ കർക്കശമായ നിർവചനങ്ങളിലേക്ക് സ്വർഗത്തെ അടക്കുന്നവർക്ക് എല്ലാവരും ദൈവമക്കളാണെന്ന് കരുതാൻ കഴിയുമോ? സാധിക്കുന്നില്ലെങ്കിൽ ഏത് സുവിശേഷത്തിലാണ് അവർ പ്രത്യാശ വയ്ക്കുന്നത്?

മാർച്ച് 04, 2023

ഫ്രാൻസിസ് മാർപ്പാപ്പ വിഡ്ഢിയാണോ ...

 "ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭക്കുനേരെയുള്ള  ആക്രമണം ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മരണത്തിനു ശേഷം കൂടുതൽ ശക്തമാക്കുന്നു:" 'സഭയുടെ നന്മക്കുവേണ്ടി മാത്രം' വിശ്വാസം കാത്തു സൂക്ഷിക്കാൻ വേണ്ടി മാത്രം നിലകൊള്ളുന്ന യൂട്യൂബ് ചാനലിലെ ഒരു സന്ദേശത്തിന്റെ ഭാഗമാണ്.  ബെനഡിക്ട് മാർപാപ്പയുടെ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ട ഒട്ടനവധി പുസ്തകങ്ങളും ലേഖനങ്ങളും ഫ്രാൻസിസ്-പേപ്പസിയെ നേരിട്ടും പരോക്ഷമായും അക്രമിക്കുന്നവയുമായിരുന്നു. ഏതാണ്ട് കഴിഞ്ഞ  ഇരുപത് വർഷങ്ങളിൽ ആഗോളതലത്തിൽ, യാഥാസ്ഥിതിക പാരമ്പര്യ വാദത്തിന്റെ ഇത്തരത്തിലുള്ള ധ്രുവീകരണം ഇന്റർനെറ്റ് വഴിയായി കൂടുതൽ സാധ്യമാക്കി. സത്യവിശ്വാസവും പരിശുദ്ധ സഭയുമായി ഒരാൾക്ക് മുന്നിലെത്തുന്ന ഇത്തരം സന്ദേശങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന രാഷ്ട്രീയവും പ്രത്യയശാസ്ത്രവും പ്രാദേശികമായി ഏതൊക്കെ തരത്തിലാണ് ബാധിക്കുന്നത്? എന്തൊക്കെയാണ്, എങ്ങനെയൊക്കെയാണ്, എന്തിനുവേണ്ടിയാണ് എന്നൊക്കെ വിശകലനം ചെയ്യുക എന്നത് ശ്രമകരമാണെങ്കിലും അത്യാവശ്യമാണ്. 


സഭയുടെ നാശത്തിനു കാരണമാകുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ തെറ്റുകളിൽ നിന്ന് സഭയെ രക്ഷിക്കാൻ വേണ്ടി പ്രാർത്ഥന ചോദിക്കുന്ന മധ്യസ്ഥപ്രാർത്ഥനാ ഗ്രൂപ്പുകളുണ്ട്. പ്രാർത്ഥനയെന്ന വ്യാജേന, ഫ്രാൻസിസ് മാർപാപ്പ സഭക്കെതിരാണെന്നും നാശകാരണമാണെന്നും പിശാചിനാൽ നയിക്കപ്പെടുകയാണെന്നും കൂടി 'പ്രാർത്ഥനക്കാരെ' ബോധ്യപ്പെടുത്തുകയാണ് അവരുടെ ഉദ്ദേശ്യം. ആത്മാർത്ഥമായി 'പ്രാർത്ഥിക്കുന്ന' അവരെ കുറ്റപ്പെടുത്താനാവില്ല. ഫ്രാൻസിസ് മാർപ്പാപ്പ വിഡ്ഢിയാണെന്നും അദ്ദേഹത്തിന്റെ യാത്രകൾ അർത്ഥശൂന്യമാണെന്നും അഭിപ്രായമുള്ള പ്രഘോഷകരും സെമിനാരി അധ്യാപകരുമുണ്ട്. 


വിശ്വാസസംരക്ഷകരുടെ വിശ്വാസപാരമ്പര്യങ്ങൾ പതിനാറാം നൂറ്റാണ്ടിനുമപ്പുറം എന്തുകൊണ്ടോ നടന്നുനീങ്ങുന്നില്ല. നിർവ്വചനങ്ങളുടെ നിശ്ചിതത്വങ്ങൾ നൽകുന്ന സുരക്ഷയെ എക്കാലത്തേക്കുമുള്ള വിശ്വാസരീതിയാക്കി  നിലനിർത്താനുള്ള ശ്രമങ്ങൾ പ്രചോദനാത്മകമല്ല. വിശ്വാസത്തെ പ്രത്യയശാസ്ത്രമാക്കുന്ന രാഷ്ട്രീയമാണത്. സാംസ്കാരികമാറ്റങ്ങളെ അപഗ്രഥിക്കാനും പഠിക്കാനും, അതിന്റെ സങ്കീർണ്ണതകളിൽ വെളിച്ചം തേടാനും വിശ്വാസത്തിനു സാധ്യമാകും വിധം പ്രാപ്യമാക്കുവാൻ തികഞ്ഞ കാഴ്ചയും തുറവിയും കാലഘട്ടത്തിനു മുമ്പിൽ സുതാര്യതയും ആവശ്യമാണ്. പകരം വിശ്വാസസംരക്ഷകർ നടത്തിപ്പോരുന്ന പൈശാചികവത്കരണം വിശ്വാസത്തിന്റെ പാതയേ അല്ല. വ്യത്യസ്തമായ എന്തിനെയും തിന്മയെന്നും പിശാചെന്നും വക തിരിക്കുന്ന 'വിശ്വാസം' സ്വന്തം അജ്ഞതയെയാണ് പലപ്പോഴും ദൈവികമാകുകയും, അതുവഴി വാതിലുകൾ അടയ്ക്കുകയും ചെയ്യുന്നത്.


ഫ്രാൻസിസ് മാർപ്പാപ്പ വിഡ്ഢിയാണോ വൈരക്രിസ്തുവിന്റെ കൂട്ടുകാരനാണോ എന്നതിനെക്കുറിച്ച് വിധി പറയേണ്ടത് ക്രിസ്തുവാണ്. എന്നാൽ, വിശ്വാസം, സഭ, ക്രിസ്തു, ദൈവരാജ്യം മനുഷ്യൻ തുടങ്ങിയവയൊന്നും നിർവചനങ്ങളിലേക്കോ ഞാൻ-അവർ = നന്മ-തിന്മ = ദൈവം-പിശാച് ഫോർമുലകളിലേക്കോ ചുരുക്കാനാവും വിധം ഉപരിപ്ലവ സത്യങ്ങളാണെന്നു ചിന്തിക്കുന്ന ഒരാളല്ല ഫ്രാൻസിസ് എന്നത് വ്യക്തമാണ്. മാത്രമല്ല, ദൈവനീതിയുടെ വ്യക്തമായ ചിത്രത്തിലാണ് സാഹോദര്യവും, സഹവർത്തിത്വവും, കാരുണ്യപ്രവൃത്തികളും യാഥാർത്ഥ്യമാകുന്നതെന്നും, ക്രിസ്തുസത്യം ജീവിക്കപ്പെടുന്നതെന്നും അദ്ദേഹത്തിന് തികഞ്ഞ ബോധ്യവുമുണ്ട്. വിജയഭേരിക്കുതകുന്ന ആദർശമോ സിദ്ധാന്തമോ അല്ല അദ്ദേഹത്തിന് ക്രിസ്തുവിലുള്ള രക്ഷയും ക്രിസ്തുനാമവും. കോവിഡ് കാലഘട്ടത്തിലും, തുടർന്ന്  റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തിലും മാർപാപ്പ നൽകിയ ആഹ്വാനങ്ങളിലെ ദൈവരാജ്യമൂല്യങ്ങൾ ഉദാഹരണങ്ങളാണ്. അവയെയും Global pact for education, Economy of Francisco തുടങ്ങിയവയെ ലൗകികം എന്ന് കുറ്റപ്പെടുത്തുന്നവർ, അടയാളങ്ങളന്വേഷിച്ച ഫരിസേയരെപ്പോലെയാണ്. തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെ മാതാവിന്റെ വെളിപാടുകളോ, ദർശനങ്ങളുടെ വ്യാഖ്യാനങ്ങളോ ആക്കുന്ന സഭാസംരക്ഷകരുമുണ്ട്. 

ഇതേഗണത്തിലുള്ള സഭാസംരക്ഷകർ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിനഡാത്മകതയെക്കുറിച്ചുള്ള സിനഡ് സഭയെ തകർക്കുന്നു എന്ന് ആക്ഷേപമുന്നയിച്ചിരുന്നു. ആ പ്രക്രിയയ്ക്കായി നല്കപ്പെട്ടിരുന്ന   മാർഗ്ഗരേഖകളിൽ എന്തായിരുന്നു സഭ വിരുദ്ധമെന്നോ വിശ്വാസവിരുദ്ധമെന്നോ മനസിലാക്കാനാവില്ല. അപ്പോൾ, ഹയരാർക്കിക്കലിസം പുരോഹിതമേൽക്കോയ്മ തുടങ്ങിയവ മൂലസ്വഭാവമായി സ്ഥാപനവത്കരിക്കപ്പെടുന്ന ഒരു സംവിധാനമാണ് അവർ സംരക്ഷിക്കുന്ന സഭയും വിശ്വാസവും. അനുഷ്ഠിക്കപ്പെടുന്ന പൗരോഹിത്യം, കയ്യപ്പസിന്റെയോ അതോ ക്രിസ്‌തുവിന്റെയോ എന്ന് ഓരോ കാലത്തും ആത്മാർത്ഥ വിചിന്തനത്തിനു വിധേയമാക്കേണ്ടത് സ്വയം സഭാസ്നേഹവും വിശ്വാസസംരക്ഷണവുമേറ്റെടുക്കുന്ന ആളുകൾ തന്നെയാണ്. അല്ലെങ്കിൽ അവരെ വിശ്വസിക്കുന്ന വിശ്വാസികളാണ്. തീക്ഷ്ണത അന്ധമാക്കിയേക്കാം. മറ്റുള്ളവരെയൊക്കെ, വ്യത്യസ്തതകളെയൊക്കെ, പൈശാചികമാക്കുന്ന പഴിചൊല്ലലുകളിൽ തീർക്കപ്പെടുന്ന സ്വർഗ്ഗരാജ്യം ക്രിസ്തുവിന് അന്യമാണ്. 

മാർച്ച് 02, 2023

അശുദ്ധരെ സ്നേഹിക്കുകയോ?

യോനയെപ്പോലെ തന്നെ അടയാളമായി നിൽക്കുന്ന ഗ്രന്ഥമാണ് എസ്തേർ. ഒരു വിദേശ രാജാവിന് ഭാര്യയായിത്തീർന്ന യഹൂദസ്ത്രീ. അവൾ ഇസ്രായേലിന്റെ രക്ഷക്ക് ഉപകരണമായി എന്ന സന്ദേശം പ്രവാചകധീരതയുള്ള വെല്ലുവിളി ഉൾക്കൊള്ളുന്നു. പ്രവാസം കഴിഞ്ഞു തിരിച്ചെത്തിയ ജനത്തിൽ ബാബിലോൺകാരിൽനിന്ന് വിവാഹിതരായവർ തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും ഉപേക്ഷിക്കണമെന്ന 'പരിശുദ്ധ' ആഹ്വാനം ശരിക്കും 'ദൈവികമാണോ' എന്ന് വഴിമാറി ചിന്തിച്ച വിമതക്കൂട്ടങ്ങളുടെ രചനകളാണ് ദൈവത്തിന്റെ സാർവത്രിക രക്ഷയെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചത്. അതിരുകൾ തീർക്കാതെ സകലതിനെയും പരിപാലിക്കുന്ന ദൈവം ഇസ്രായേലിന്റെ മാത്രം ദൈവമല്ല സകലരോടും കരുണ കാണിക്കുകയും നീതി നടത്തുകയും ചെയ്യുന്ന ദൈവമാണെന്ന ബോധ്യത്തിൽ മാറി നടന്നവർ പുരോഹിതശ്രേണിയിലുള്ളവർ  ആയിരുന്നില്ല. ലേവായ - പുരോഹിത സംവിധാനത്തിന്റെ പുതിയ ഘടനകൾ കരുത്തുനേടിത്തുടങ്ങിയപ്പോഴേക്കും ഇത്തരം ചെറു സമൂഹങ്ങൾ നിയമത്തിന്റെ ഒരു പുനർവായനയെക്കുറിച്ച് ആലോചിക്കുവാൻ ധൈര്യം കാണിച്ചു. നിയമത്തിന്റെ ആവർത്തന വായനയിൽ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കും അനാഥർക്കും, വിജാതീയർക്കും ദൈവനീതിയിൽ ഇടമുണ്ടായി. അത് ഉപവാസത്തിന്റെയും, ആരാധനയുടെയും, ഭക്തിയുടെയും യഥാർത്ഥ അർത്ഥമായി. റൂത്തും ജോബും തോബിത്തും ഇതേ ചെറുസമൂഹങ്ങളുടെ ധ്യാനമായി കാണപ്പെടുന്നു.