ദൈവം മോശക്ക് പേര് വെളിപ്പെടുത്തുന്നതിനും മുമ്പേ യാഹ്‌വെ കാനാൻകാരുടെ ഒരു ദേവനായിരുന്നു. യാഹ്‌വെ പിന്നീട് യാഹ്‌വെ-എലോഹിം (കർത്താവായ/സർവശക്തനായ/ നാഥനായ ദൈവം) ആകുമ്പോൾ ജീവിക്കുന്ന ഏകദൈവം യാഹ്‌വെ ആണെന്ന അർത്ഥത്തിലാണത്. അപ്പോൾ ദൈവവും യാഹ്‌വെയും ഒന്നാണോ വ്യത്യസ്തമാണോ? ദൈവത്തിന്റെ പല പേരുകളോ സ്വഭാവങ്ങളോ ആയി പറയപ്പെട്ടിട്ടുള്ളവ പ്രാചീന മധ്യപൂർവേഷ്യയിലെയും ഈജിപ്തിലെയും അറേബ്യയിലെയും ബാബിലോണിയയിലെയും വ്യത്യസ്തങ്ങളായ കുലദൈവങ്ങളുടെ പേരുകൾ ഒരുമിച്ചു ചേർക്കപ്പെട്ടവയായി നമുക്ക് കാണാം.
ഉദാ: സാധാരണ ഉപയോഗിക്കാറുള്ള ദൈവമായ കർത്താവ് എന്ന പ്രയോഗത്തിലെ ദൈവം (എലോഹിം), കർത്താവ് (യാഹ്‌വെ) എന്നിവ രണ്ടു ദൈവസങ്കല്പങ്ങളായിരുന്നു.കാനാൻകാരുടെ ദൈവമായിരുന്ന ഏൽ നീണ്ട താടിയും വലിയ ചിറകുകളുള്ള വയോധികശ്രേഷ്ഠനെപ്പോലെ കാണപ്പെട്ടു. അവരുടെ ദേവലോകത്തെ തലവനായിരുന്ന ഏൽ സ്വർഗ്ഗത്തിന്റെയും ദേവന്മാരുടെയും പിതാവും അഷേറാ ദേവിയുടെ ഭർത്താവുമായിരുന്നു. മഹനീയത സൂചിപ്പിക്കാൻ സ്വയം വിശേഷിപ്പിക്കുമ്പോൾ നാം, നമ്മൾ നമ്മുടെ, നമുക്ക് തുടങ്ങിയ ബഹുവചന പ്രയോഗങ്ങൾ സാധാരണമാണ്. ആ ദേവഗണത്തിലെ അംഗമായിരുന്ന യാഹ്‌വെയുടെ ചുമതലയാണ് സൃഷ്ടികർമ്മം. മറ്റു ചില വിവരണങ്ങളിൽ യാഹ്‌വെയുടെ അടയാളങ്ങൾ ഏൽ നും നല്കപ്പെട്ടിട്ടുള്ളതായി കാണാം.
ഉണ്മയിലേക്കു വരുന്ന സകലതിനും അസ്തിത്വം നൽകുകയാണ് യാഹ്‌വെ ചെയ്യുന്നത്. യാഹ്‌വെക്ക് കാളയുടെ തലയുണ്ടായിരുന്നതിനാൽ യാഹ്‌വെയുടെ പുരോഹിതരും കൊമ്പുകളുള്ള ശിരോവസ്ത്രം ധരിച്ചിരുന്നു. ഏൽന്റെ മക്കൾ മൊത്തത്തിൽ വിളിക്കപ്പെട്ടതു എലോഹിം എന്നാണ്. ഏകവചനത്തിൽ എടുത്താൽ അവരും ഏൽ അല്ലെങ്കിൽ എലോവാം എന്നാകും. ബൈബിളിൽ ഈ ബഹുവചനപ്രയോഗങ്ങളും ഏകവചന അർത്ഥത്തിലാണ് നല്കപ്പെട്ടിരിക്കുന്നത്. കാറ്റിന്റെയോ, ജലത്തിന്റെയോ അഗ്നിയുടെയോ ശക്തിയെ സൂചിപ്പിക്കുന്നതും ആകാം എലോവാം. നിരീക്ഷിക്കുകയും കാണുകയും സംരക്ഷിക്കുകയും ചെയ്യുന്ന, ഈജിപ്തിലെ മരുഭൂദൈവമാണ് ഏൽ റോയ്. ഏൽ ഷദ്ദായി സർവശക്തൻ എന്നർത്ഥമുള്ള അക്കാദിയൻ ദൈവമാണ്. ശക്തിയെ സൂചിപ്പിക്കുന്നതായി പർവ്വതങ്ങളുടെ ദൈവമെന്നോ പർവ്വതങ്ങളിൽ വസിക്കുന്ന ദൈവമെന്നോ വിശേഷിപ്പിച്ചിരുന്നു. അതേ വാക്കുകളിൽ കരുതലും പരിപാലനയും സൂചിപ്പിച്ചുകൊണ്ട് സ്തനങ്ങളുള്ള ദൈവമെന്നും അർത്ഥമുണ്ട്. അതേ മലദൈവത്തെ കാനാൻകാർ ബാൽ ഹദദ് എന്ന് വിളിച്ചു. ഈ ദൈവം കൊടുങ്കാറ്റിന്റെ ദൈവവുമായിരുന്നു. അക്കാദിയൻ ഷദ്ദായിയും കാനാൻ കാരുടെ ഏൽ ഉം കൂടിച്ചേർന്ന സങ്കൽപ്പമായിരുന്നിരിക്കണം പൂർവ്വപിതാക്കന്മാരുടെ വിശ്വാസങ്ങളിൽ. അദോനായ് യും ഏലോ സബാവോത് ഉം ഫിനീഷ്യയിലെ സൈന്യങ്ങളുടെ ദൈവങ്ങളായിരുന്നു. സൈന്യങ്ങളുടെ ദൈവം എന്നാൽ യുദ്ധം നയിക്കുന്ന ദൈവത്തെക്കാൾ മാലാഖവൃന്ദങ്ങളുടെയോ അരൂപികളുടെയോ സാന്നിധ്യത്തിൽ ആയിരിക്കുന്ന ദൈവത്തെയാണ് ഉദ്ദേശിക്കുന്നത്. യുദ്ധത്തിനും വേട്ടയ്ക്കും നേതൃത്വം നൽകുന്ന ദൈവങ്ങളുമുണ്ടായിരുന്നു.
സൃഷ്ടിക്കുകയും, മേഘങ്ങളിലും കാറ്റിലും സഞ്ചരിക്കുകയും, കൊടുങ്കാറ്റിൽ പ്രത്യക്ഷപ്പെടുകയും, ചിറകുകളിൽ വഹിക്കുകയും ചെയ്യുന്ന, സൈന്യങ്ങളുടെ കർത്താവും പർവ്വതങ്ങളിൽ വസിക്കുകയും ഭൂമിയെ ഇളക്കുകയും എന്നാൽ മാറിടത്തിൽ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ബൈബിൾ ഭാഗങ്ങൾ ഓർത്തു നോക്കാം. പല സംസ്കാരങ്ങളിലെ ദൈവസങ്കല്പങ്ങളിൽനിന്ന് ഒരുമിച്ച് ചേർക്കപ്പെട്ടവയാണവ. ദൈവങ്ങളുടെ വെറും ഗുണങ്ങൾ മാത്രമല്ല അവ, മറിച്ച്, അവ കാനാൻകാരുടെയും, ഹിത്യരുടെയും, അമോര്യരുടെയും ഈജിപ്തുകാരുടെയും ഫിനിഷ്യക്കാരുടെയും സിറിയക്കാരുടെയും ദൈവങ്ങൾ തന്നെയായിരുന്നു. ബി. സി. ഏഴാം നൂറ്റാണ്ടിൽ ജോസിയ രാജാവാണ് ഇസ്രായേലിൽ നിലവിലിരുന്ന പുരാതന മതാചാരങ്ങൾ നിരോധിച്ച് ഏകദൈവാരാധന , അതും ബെഥേൽ അടക്കമുള്ള സ്ഥലങ്ങളിലെ ആരാധനാലയങ്ങൾ തച്ചുടച്ചുകൊണ്ട് ജറുസലേമിൽ കേന്ദ്രീകൃതമായ ആരാധന നിർബന്ധിതമാക്കിയത്.
പ്രാചീന അറേബ്യയിലും, ഓരോ പ്രദേശത്തിനും അവരുടേതായ ദൈവങ്ങളുണ്ടായിരുന്നു. ചന്ദ്രനേയും നക്ഷത്രങ്ങളെയും ജിന്നുകളെയും (spirits/powers) അനേകം ദേവീദേവന്മാരെയുമായിരുന്നു അവർ ആരാധിച്ചിരുന്നത്. ജിന്നുകൾ ഉത്തര അറേബ്യയിൽ സഹായിക്കുകയും നന്മകൾ പകരുകയും ചെയ്യുന്നവ ആയിരുന്നു, എന്നാൽ പശ്ചിമ-മദ്യ അറേബിയയിൽ അവ ഉപദ്രവം വരുത്തുന്നവയും അസുഖങ്ങളുടെയും മാനസിക അസ്വസ്ഥതകളുടെയും കാരണവുമായിരുന്നു. നടോടികളായിരുന്നവർ അവരുടെ കുലചിഹ്നങ്ങളെയും, മാന്തികശക്തിയുണ്ടെന്നു കരുത്തപ്പെട്ട വസ്തുക്കളെയും പൂർവ്വികരെയും ആരാധിച്ചിരുന്നു. ചെറിയ പട്ടണപ്രദേശങ്ങളായി സ്ഥിരതാമസമാക്കിയവർ കുറേക്കൂടി വ്യക്തമായ ദൈവസങ്കല്പങ്ങൾ രൂപപ്പെടുത്തി.
ദൈവം എന്നർത്ഥമുള്ള al-lāh, al-ilah or Allāh (simply means the god) മെക്കയിലെ അധിപനായ ദൈവമായിരുന്നു. Al-ilah ന്റെ സ്ത്രീ രൂപമായ Al-lāt, Al-ilāt (the goddess) Al-ilah ന്റെ പുത്രിയെന്നു കൂടി വിളിക്കപ്പെട്ടിരുന്നു. Al-lāt ഉം, ശക്തിയെന്നർത്ഥം വരുന്ന (the most Powerful) സ്നേഹത്തിൻ്റെയും സംരക്ഷണത്തിൻ്റെയും ഫലസമൃദ്ധിയുടെയും സന്താനലബ്ദിയുടെയും ദേവിയായിരുന്ന al-ʿUzzā യും, എല്ലാറ്റിന്റെയും അന്ത്യവും ലക്ഷ്യവും എന്ന അർത്ഥത്തിൽ സമയത്തിൻ്റെയും കാലത്തിൻ്റെയും വിധിയുടെയും ദേവിയായിരുന്ന al-manāt ഉം ഒത്തുചേർന്ന ഒരു ത്രിദേവി രൂപം ജനത്തിന് കനിവ് നല്കിപ്പോന്നു. Al-Rahman (The Merciful One) കരുണാമയനും സ്വർഗ്ഗത്തിന്റെയും ഭൂമിയുടേയും നാഥനുമായി ദക്ഷിണ അറേബ്യയിൽ ആരാധിക്കപ്പെട്ടിരുന്ന ദൈവമാണ്. ഇസ്ലാമിന്റെ പിറവിയോടെ അല്ലാഹ് ഏകദൈവമായി (al-ilah ar-rahman ar-rahim -God the most compssionate and merciful).
സെമിറ്റിക്, ബാബിലോണിയൻ പ്രദേശങ്ങളിലെല്ലാം ദൈവത്തെ സൂചിപ്പിക്കുവാൻ എൽ, ഇൽ, ഏലോ, എലോഹിം, അലാഹ, ഇലാഹ് തുടങ്ങിയ മൂലപദങ്ങളാണ്. പുരാതനഗ്രീക്കിൽ തെയോ എന്നതിന്റെ തത്തുല്യപദം. god രൂപപ്പെട്ടത് പ്രാകൃത ജർമൻ ഭാഷയിലെ guthan, gott എന്നീ മൂലരൂപങ്ങളിൽ നിന്നാണ്. ദൈവവും ദേവി ദേവനും രൂപപ്പെട്ടത് പ്രകാശിക്കുന്നത് എന്ന് അർത്ഥമുള്ള deus, div, തുടങ്ങിയ ഇൻഡോ യൂറോപ്യൻ മൂലരൂപങ്ങളിൽനിന്നും.
ഏതു 'ദൈവ'മാണ് ദൈവം?
ഇങ്ങനെ മൂലരൂപങ്ങളെ മനസിലാക്കുന്നതുകൊണ്ട്, അവയുടെ ഭാഷാപരവും സാംസ്കാരികവുമായ പശ്ചാത്തലം മനസിലാക്കുന്നതുകൊണ്ട് ദൈവത്തിന്റെ രൂപത്തിനോ സ്വഭാവത്തിനോ, നമ്മുടെ വിശ്വാസത്തിനോ കുറവ് വരുന്നില്ല. എന്നാൽ, ദൈവസങ്കല്പത്തിൽ പോലും മറ്റനേകം വിശ്വാസങ്ങളുടെയും സംസ്കാരങ്ങളുടെയും സ്വാധീനം ഉൾച്ചേർന്നിട്ടുണ്ട് എന്ന് മനസിലാക്കുന്നത് നമ്മുടെ ഇടുങ്ങിയ മനോഭാവങ്ങൾ തുറന്നേക്കും. വെളിപ്പെടുത്തപ്പെട്ടവ എന്നത് കൊണ്ട്, മറച്ചുവയ്ക്കപ്പെട്ടത് എന്തെങ്കിലും തുറക്കപ്പെടുന്നു എന്ന രീതിയിലല്ല, മറിച്ച് വേണ്ടരീതിയിൽ ദൈവപ്രചോദിതമായി തിരിച്ചറിയപ്പെടുന്നു എന്നതാണ് അർത്ഥമാക്കുന്നത്.
ഹരിതസമൃദ്ധിയും അതിന്റെ ഉദാരതയും സ്വീകരിച്ചു ജീവിച്ച സമൂഹങ്ങൾ അവർക്ക് ചുറ്റുമുള്ള മരങ്ങളിലും നദികളിലും കാറ്റിലും മൃഗങ്ങളിലുമുള്ള മറ്റുമുള്ള തങ്ങളുടെ ആശ്രയത്വം ആരാധനാരീതികളിൽ പ്രകടമാക്കുന്നു. വരണ്ട പ്രദേശങ്ങളിൽ കൂടുതലും സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും ഗ്രഹങ്ങളും ആരാധിക്കപ്പെട്ടു. തങ്ങളുടെ വാത്സല്യമോ പേടിയോ ആശ്ചര്യമോ സൃഷ്ടിക്കുന്ന മൃഗങ്ങൾ ദൈവങ്ങൾക്ക് വാഹനങ്ങളോ ദൈവങ്ങൾ തന്നെയോ ആയി. പ്രാചീനസംസ്കാരങ്ങളിൽ പൊതുവായികാണപ്പെടുന്ന മൂലപദങ്ങളുടെയും ദൈവസങ്കല്പങ്ങളുടെയും സമാനത മനുഷ്യഹൃദയങ്ങളിലെ തിരിച്ചറിവിന്റെയും അവബോധത്തിന്റെയും കൂടി വെളിപ്പെടുത്തലാണ്.
ആ ദൈവവും ഈ ദൈവവും ഒന്നാണോ വേറെയാണോ എന്ന് വിശദീകരിക്കുന്നവർ, ഈ ദൈവസങ്കല്പങ്ങൾ രൂപപ്പെട്ട സാംസ്‌കാരിക പാരമ്പര്യങ്ങളെ, അവയിലെ ഭാഷാവൈവിധ്യങ്ങളെ, അവ നൽകുന്ന വിവരണങ്ങളെയും പേരുകളെയും ഉപകാരപ്രദമായി വിശദീകരിക്കാത്തത് ഖേദകരമാണ്.
ദൈവം ഒന്നാണ്, എന്നാൽ 'എന്റെ ദൈവം' ദൈവം ആക്കപ്പെടുമ്പോൾ, ഒരു മേല്കോയ്മയാകുമ്പോൾ, അത് ഏകാധിപതികൾ രാഷ്ട്ര ഐക്യത്തിന് ഉപയോഗിച്ച പോംവഴിപോലെ നമ്മളും വാഴുന്നവർ ആകുവാൻ ശ്രമിക്കുന്നുണ്ട്. 'എന്റേതും' നിന്റേതുമായി മാറുന്ന ഒരു ദൈവവും ദൈവമല്ല.
മതങ്ങളുടെ ചരിത്രവും സംസ്കാരവും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ നിരവധിയുണ്ട്. മതങ്ങളുടെയും ദൈവങ്ങളുടെയും ചരിത്രം അവ നന്നായി പറഞ്ഞു തരും. ദൈവത്തിന്റെ ഗുണങ്ങളൊക്കെയും ഒരു മൂർത്തിയിൽ മാത്രമായി കാണാനാവില്ലെന്ന ബോധ്യമാവാം ദൈവത്തെ പലതായി കാണുന്നതിന്റെ പിന്നിൽ. ഒരു പാറയിൽ, കാളക്കുട്ടിയിൽ, സിംഹത്തിൽ, വൃക്ഷത്തിൽ അവയെന്താണൊ അതിനുമപ്പുറം എന്തൊക്കെയോ അനുഭവിച്ചവർ അവയിൽ കണ്ടതും അറിഞ്ഞതും എന്തായിരുന്നു? വിവിധങ്ങളായ ദൈവസങ്കല്പങ്ങളിൽ അവർ ആ സത്യത്തെക്കുറിച്ച് അനുഭവിച്ചറിഞ്ഞത് എന്തായിരുന്നു?
സകലതിനെയും പരിപാലിക്കുന്ന ദൈവത്തിന് രൂപം നൽകുവാൻ മാത്രം നമ്മൾ ആരാണ്? നമ്മൾ മനസിലാക്കിയത് മാത്രമാണ് ദൈവത്തിന്റെ ചിത്രമെന്ന് ശഠിക്കുവാൻ നമ്മൾ ആരാണ്? ഊട്ടിയുറക്കുന്ന ദൈവത്തിൽനിന്നും ഭരിക്കുകയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്നതായി ദൈവം മാറിയതെപ്പോഴാണ്? അതിന്റെ നേട്ടം ആർക്കാണ്?
യുദ്ധങ്ങൾ തുടങ്ങും മുമ്പ് യുദ്ധങ്ങളുടെ ദൈവമില്ല; സൈന്യങ്ങളുടെ ദൈവമില്ല. പരിപാലനയോ സംരക്ഷണമോ ഒക്കെയായാണ് ദൈവരൂപങ്ങൾ ആദ്യം മനുഷ്യഹൃദയത്തിൽ പതിഞ്ഞത്. അതുകൊണ്ടാവണം അവക്കൊക്കെയും മാതൃഭാവവും സ്ത്രീരൂപവും ഉള്ളത്. അത് എന്തുമാവട്ടെ, അവയെ വണങ്ങുകയോ ആരാധിക്കുകയോ വേണ്ട. എന്നാൽ അത്തരം സങ്കല്പങ്ങളിൽനിന്നുള്ള ഹൃദ്യത ആന്തരികമായി ആഗ്രഹിച്ചു സ്വന്തമാക്കാവുന്നതാണ്. അവയോരോന്നും വെളിപ്പെടുത്തുന്നത് നമ്മേക്കുറിച്ചാണ്. ദൈവത്തിൽ കാണപ്പെട്ട ഗുണങ്ങളിൽ നമ്മിലേക്ക് പകരുന്ന ഗുണങ്ങളെ അടുത്തുകാണണം. ആ വലിയ പരിപാലന, കരുണ, സമാധാനം നമുക്ക് ജീവിക്കാനാവണം. നമ്മിലുള്ള ജീവൻ സ്വീകരിച്ചിട്ടുള്ളതാണെന്ന ബോധ്യം, ഉദാരത, നന്മ, സമാധാനം, കേൾക്കപ്പെടുകയും കാണപ്പെടുകയും ചെയ്യണമെന്ന ആഗ്രഹം, ന്യായമായ വിധിന്യായം, ആവശ്യമായ പുതിയ പ്രത്യാശ, ആന്തരികമായി വേണ്ട മാർഗദർശനം, ഓരോ ദിനത്തിന്റെയും പ്രകാശം, ഊഷ്മളത,ആനന്ദം, ജ്ഞാനം, വാത്സല്യം ഇതൊക്കെയാണ് മനുഷ്യന്റെ ആന്തരികതയിലേക്ക് ഒരിക്കൽ ആ പ്രാകൃതസങ്കല്പങ്ങളിൽ അവർ തേടിയിരുന്നത്. ഇവയൊന്നും ഒരു ദൈവത്തിനും വിശ്വാസത്തിനും ഒരിക്കലും എതിരാവില്ല. അവരുടെ ഉള്ളിലേക്ക് പകരപ്പെട്ട ഈ ഗുണങ്ങളാണ് അവരിലെ മനുഷ്യസത്തയുണ്ടാക്കിയത്. സത്യദൈവമെന്ന് വിളിച്ചു ഇന്ന് നമ്മൾ വഴക്കിനു കാരണമാക്കുന്ന ദൈവവാദങ്ങളിൽനിന്ന് ഈ ആന്തരികതകളിലേക്ക് നടക്കാൻ നമുക്കാവണം. അതിനാണ് ദൈവത്തിന്റെ ശൈശവകാലം തേടി കൗതുകത്തോടെ അവിടുത്തെ അടുത്തുകാണേണ്ടത്. അപ്പോഴാണ് ദൈവത്തെയും നമ്മിലെ മനുഷ്യരെയും തിരിച്ചറിയാനാകുക.
കാലാകാലങ്ങളായി പ്രപഞ്ചത്തെയും മനുഷ്യചരിത്രത്തെയും നയിക്കുന്ന അനന്തനന്മയായ വചനം നമുക്ക് പകർന്നു നൽകിയ പ്രചോദനങ്ങൾ ഓരോ സംസ്കാരത്തിലും അവയുടെ ദൈവചിന്തകളിലുമുണ്ട്. മറ്റൊരു സംസ്കാരത്തിൽ വേറൊരു രീതിയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതുകൊണ്ട് അവയെ തിന്മയായി നിഷേധിക്കേണ്ടതില്ല. ആന്തരികമായ ഉൾകാഴ്ചകളിൽ നമുക്ക് പരസ്പരം കാണുവാൻ കഴിയും. അസ്തിത്വം നൽകി പരിപാലിക്കുകയും സകലതിനെയും അതിന്റെ പൂർണതയിലേക്ക് നയിക്കുകയും ചെയ്യുന്ന ദൈവത്തെ സകല സൃഷ്ടികളും ഒരിക്കൽ തിരിച്ചറിയും. എങ്ങനെയെന്ന് നമുക്കറിയില്ല. എന്നാൽ അതൊരിക്കലും നമ്മൾ അതിര് നിശ്ചയിച്ചു വിഭജിക്കുന്ന ദൈവരൂപങ്ങളിലോ പേരുകളിലോ ആവില്ല. അതിനാൽ ആന്തരികമായ പ്രചോദനങ്ങളിൽ ഉൾകാഴ്ചകൾ തേടുവാൻ നിരവധിയായ ആ സങ്കൽപ്പങ്ങളിലെ നന്മകളും ഉള്കാഴ്ചകളും ആന്തരികപ്രചോദനങ്ങളും നമുക്ക് വാതിലാവണം, ആ പ്രകാശം ദിവ്യപ്രകാശത്തിലേക്ക് നമ്മെ നയിക്കട്ടെ. ആ പ്രകാശം നമ്മുടെ ഉള്ളിലേക്ക് തന്നെ ആഴ്ന്നിറങ്ങുവാൻ, ആ ദിവ്യചേതന കണ്ടെത്തുവാൻ നമ്മെ സഹായിക്കട്ടെ.
ശാന്തമായി കേൾക്കാം