Gentle Dew Drop

ഡിസംബർ 25, 2021

വചനം മാംസമായി

ദൈവത്തിന്റെ ജ്ഞാനവും, ജീവനും, വെളിച്ചവുമായ വചനം, 
ആരിലൂടെ സകലതും സൃഷ്ടിക്കപ്പെട്ടുവോ,
പ്രപഞ്ചബന്ധങ്ങളെയും പരിണാമങ്ങളെയും ആര് വഴിനടത്തുന്നുവോ,
ജീര്ണതയെയും, നാശത്തെയും, മരണത്തെയും നയിക്കുകയും,
എന്നാൽ അവയിലൂടെ പുതുരൂപങ്ങൾ ഉയരാൻ ശക്തി പകരുകയും,
സകലതിനെയും അതിന്റെ ക്രമത്തിൽ ഒരുമിച്ചു നിർത്തുകയും, ഓരോ സൃഷ്ടിക്കുക അതിന്റെതായ ശബ്ദവും ഭാഷയും നൽകുകയും,
മനുഷ്യനിൽ അവബോധമനസു തീർക്കുകയും,
വിവിധങ്ങളായ സംസ്കാരങ്ങളിലും വിശ്വാസങ്ങളിലും പ്രകാശമായി തിളങ്ങുകയും,
പവിത്രഗ്രന്ഥങ്ങളിലെ പ്രചോദനമായിരിക്കുകയും,
മനഃസാക്ഷിയെ നന്മയുടെ നേരെ തിരിക്കുകയും ചെയ്യുന്ന വചനം,
പിതാവിന് മാത്രം ദൃശ്യമായിരുന്നു വചനം നമുക്ക് മുമ്പിൽ ദൃശ്യമായിരിക്കുന്നു.

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു.

ഡിസംബർ 24, 2021

ദൈവം കാലിത്തൊഴുത്തിൽ

ആരാധനാലയങ്ങളിലോ സംഹിതകളിലോ ഒതുക്കപ്പെടാൻ ഇഷ്ടപ്പെടാത്തതുകൊണ്ടാകാം ദൈവം കാലിത്തൊഴുത്തിൽ പിറന്നത്. കൊട്ടാരത്തിന്റെ സുരക്ഷാമതിലുകളോ അറിവിന്റെ അഹങ്കാരമോ അവിടെയുണ്ടായിരുന്നില്ല. മതപ്രതീകങ്ങളുടെ വിരികൾക്കുള്ളിൽ മറക്കപ്പെടേണ്ട രഹസ്യമായിരുന്നില്ല മനുഷ്യാവതാരം. തന്റെ ഏകജാതനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ആ സ്നേഹത്തെ ഗൗനിക്കാത്തവർ, ദേവാലയത്തിന്റെ കൽഭിത്തികളിലെ ചിത്രപ്പണികളുടെ ഭംഗിയെ പുകഴ്ത്തുന്നു. ഹൃദയം കൊണ്ട് ദൈവത്തെ സ്നേഹിക്കുന്നവർക്ക് മലയിടുക്കുകളിലും കണ്ണുനീരിന്റെ താഴ്വരയിലും ദൈവമഹത്വം പ്രഘോഷിക്കപ്പെടുന്നു. 

ഡിസംബർ 22, 2021

ദൈവഭയം

സത്യം ആഗ്രഹിക്കാതെയും, നീതിയെ സ്നേഹിക്കുകയും നീതി ഉറപ്പു വരുത്താൻ ശ്രമിക്കുകയും ചെയ്യാതെയും ദൈവഭയത്തെക്കുറിച്ചു സംസാരിക്കാനാവില്ല. അതുകൊണ്ടു തന്നെ സത്യം, നീതി, സമാധാനം എന്നിവ ജീവനിലേക്കു നയിക്കുന്നതാവണം എന്ന അടിസ്ഥാനപ്രമാണം പ്രധാനമാണ്. അല്ലെങ്കിൽ സത്യം ആപേക്ഷികമാകാം, നീതി മറുതലിപ്പാകാം, സമാധാനം കുറച്ചു കാലത്തേക്കുള്ള സമരസപ്പെടലാകാം. സത്യത്തെ ആധാരമാക്കാത്ത, സമൂഹനന്മ ആഗ്രഹിക്കാത്ത 'ദൈവഭയം' പൊള്ളയായ ആത്മപ്രശംസ മാത്രമാണ്. ദൈവഭയം ആകാശത്തേക്ക് നോക്കിയുള്ള നടുക്കമല്ല. തന്നിലും ചുറ്റുമുള്ള സത്യം എപ്രകാരം സ്നേഹത്തെ പരിപോഷിപ്പിക്കുകയും വിധേയത്വങ്ങളെ നിഹനിക്കുകയും ചെയ്യുന്നു എന്ന തിരിച്ചറിവാണ്.

ഭയത്തിൽ വേരുറപ്പിച്ചുകൊണ്ട് ഒരു ആത്മീയചൈതന്യം രൂപപ്പെടില്ല. അപകടഭീതിയോ അരക്ഷിതാവസ്ഥയോ ഉൾക്കൊള്ളുന്ന വിറപ്പിക്കുന്ന ഭാവത്തെയല്ല ദൈവഭയത്തിൽ കാണേണ്ടത്. മതാധികാരികളുടെ മുമ്പിലുള്ള വിറയലും ദൈവഭയമല്ല. അത്ഭുതാവഹമോ ആശ്ചര്യഭരിതമോ ആയ ഒരു അനുഭവത്തിൽ, അവർണ്ണനീയമായ വിസ്മയാവസ്ഥയാണ് ദൈവഭയം. സ്നേഹം കൊണ്ട് അടുക്കാൻ ശ്രമിക്കുമ്പോഴും ഗ്രാഹ്യതയിൽനിന്നും അകലെയാണെന്ന വിങ്ങലും അതിന്റെ ഭാഗമാണ്. അതുകൊണ്ടു ദൈവഭയം ഭക്തി ജനിപ്പിക്കുന്നു. അകൽച്ച/ വിരഹം, ദൈവഭക്തിയിലും ദൈവഭയത്തിലും ഉൾക്കൊണ്ടിട്ടുണ്ട്. ഭയം അകറ്റുമ്പോൾ, സ്നേഹം കൂടുതൽ ആഴത്തിൽ ആഗ്രഹിക്കുവാൻ, ഒന്നായിത്തീരാൻ പ്രേരിപ്പിക്കുന്നു. ഇടയന്റെ അടുത്ത് ഓടിയെത്തുവാൻ, സ്വരം കേൾക്കാൻ പ്രേരിപ്പിക്കുന്ന സ്നേഹത്തിലാണ് ദൈവഭയം. ആ സ്നേഹത്തിലാണ് പരിശുദ്ധി തിരിച്ചറിയുന്നത്. ഭയത്തിലെ വേർതിരിവുകളിൽ രൂപപ്പെടുത്തപ്പെടുന്ന പരിശുദ്ധി പ്രകടനപരത നിറഞ്ഞതും, സമൂഹത്തിൽ ക്രൂരമായ വിധി നടപ്പിലാക്കുന്നതുമാണ്. അവിടെ 'ഞങ്ങൾ' മാത്രമാണ് പരിശുദ്ധർ, 'ഞാൻ' മാത്രമാണ് 'പരിശുദ്ധനായവൻ.'

ഡിസംബർ 20, 2021

ക്രിസ്തുജനനത്തിലെ പ്രസവപീഢ

യുദ്ധം നിറഞ്ഞ ക്രൂരമായ ഹൃദയത്തോടെ എങ്ങനെ ഉണ്ണിയേശുവിനെ കൈകളിലെടുക്കും? വ്യക്തിഹത്യകളുടെ ചോരക്കറ കൈകളിൽ നിന്ന് മാറിയിട്ടില്ല, വീണ്ടും എങ്ങനെയൊക്കെ കലഹസാധ്യതകൾ തേടാമെന്ന് കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്. സന്മനസുള്ളവർക്കും അവർ സമാധാനം അനുവദിച്ചേക്കില്ല. രക്ഷകന്റെ നക്ഷത്രം അരമനയിൽ നിന്നകന്ന്, സ്നേഹിക്കുന്ന പച്ചമനുഷ്യർക്കിടയിൽ ദൈവമഹത്വം പ്രഘോഷിക്കുന്നു.

ഓരോ ഹൃദയവാതിലിലുമുള്ള ക്ഷണമാണ് ക്രിസ്തു.  നിയമത്തിനോ മതത്തിനോ ഉറപ്പു നൽകാൻ കഴിയാത്ത സത്യം, എന്നാൽ ആത്മാർത്ഥ സ്നേഹത്തിൽ തീർച്ചയായും ജീവരൂപവും മാംസരൂപവും എടുക്കുന്ന വെളിച്ചവും സമാധാനവും. 

മത്സരിച്ചു ജയിച്ചു ക്രിസ്തുവാകാനാവില്ല, സമാധാനത്തിന്റെ ഹൃദയമുള്ളവരിൽ പരിശുദ്ധിയുടെ വിത്തുകളുണ്ട്.  ദൈവത്തിന്റെ ശൈശവം എക്കാലത്തും പ്രബലമായ പ്രവണതകളെ കാലഹരണപ്പെടുത്തുന്നവയാണ്. അത്തരം പ്രവണതകളെ നിരൂപിച്ചറിയുന്നതിലുള്ള ഞെരുക്കം ക്രിസ്തുജനനത്തിലെ പ്രസവപീഢകൂടിയാണ്.

ഡിസംബർ 16, 2021

സ്നേഹത്തിലുള്ള ആനന്ദം

സ്നേഹത്തെക്കുറിച്ചു സന്തോഷമുള്ളവരാണെങ്കിലും സ്നേഹത്തെ ഏറ്റെടുക്കുക എന്നത് അത്ര എളുപ്പമുള്ളതല്ല. അതുകൊണ്ടാകാം വൈകാരികമായ ചില സൂത്രപ്പണികളിലേക്കു നമ്മുടെ പരസ്പരവ്യവഹാരങ്ങളെ ചുരുക്കിക്കൊണ്ട് അവയ്ക്ക് സ്നേഹമെന്ന പേര് നൽകി വിളിക്കുന്നത്. സ്നേഹിക്കുന്നതിലും, സ്വീകരിക്കുന്ന സ്നേഹത്തോടുള്ള പ്രതികരണത്തിലും വലിയ ഉത്തരവാദിത്തം ഉൾക്കൊണ്ടിട്ടുണ്ട്. 

സ്നേഹത്തിന്റെ പാത പ്രതിബദ്ധതയായതുകൊണ്ട് സ്നേഹത്തെ മാറ്റിനിർത്താറാണ് പതിവ്. വൈകാരികമായ പതിവ് സൂത്രപ്പണികളിലേക്കു ദൈവത്തെയും കൊണ്ടുവരാൻ  നമ്മൾ ശ്രമിക്കുന്നു. പ്രീണിപ്പിക്കാനും സഹതപിപ്പിക്കാനും പ്രതിഫലം നൽകാനും ഒക്കെ പ്രതീക്ഷിച്ചുകൊണ്ട് ദൈവം ആഗ്രഹിക്കുന്ന ബന്ധത്തിൽ നിന്ന് ഒരകലം മാറി നിൽക്കുന്നു.തന്റെ സ്നേഹം ഒരിക്കലും നമ്മെ വിട്ടു പിരിയില്ലെന്ന് ദൈവം പറയുന്നെങ്കിലും ശാപങ്ങളെക്കുറിച്ചും ശിക്ഷകളെക്കുറിച്ചും പറയാനാണ് നമുക്കിഷ്ടം. ഒരു പക്ഷേ, സഹനങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും വിശദീകരണം നൽകാൻ അവ കൂടുതൽ എളുപ്പമുള്ളതു കൊണ്ടാകാം. സത്യത്തിൽ നമ്മുടെ ഹൃദയകാഠിന്യം തന്നെയാണ് നമ്മെത്തന്നെ കൃപക്കെതിരെ അടച്ചു കളയുന്നത്. അതിന്റെ പരിണതഫലമാണ് പാപം. അല്ലാതെ കൃപാരാഹിത്യത്തിന്റെ ഉറവിടമല്ല പാപം. യഥാർത്ഥ സ്നേഹം ഹൃദയത്തെ തുറന്നിടുന്നു, കഠിനതയെ പതിയെ അലിയിക്കുന്നു. സ്നേഹിക്കപ്പെടരുത് എന്ന പിടിവാശി കാണിച്ചാൽ ഹൃദയത്തിന്റെ മൃദുലത സ്വന്തമാക്കാനാവില്ല, സ്നേഹിക്കാനുമാവില്ല. അതുകൊണ്ട്, പശ്ചാത്താപമെന്നത്, സമാധാനത്തിന്റെ ഉടമ്പടിയെക്കുറിച്ചു സ്വയം നൽകുന്ന ഒരു ഓർമ്മപ്പെടുത്തൽക്കൂടിയാണ്.  മാറാത്ത സ്നേഹം നമ്മിൽ നിന്ന് ഒരിക്കലും എടുത്തു കളയില്ല.

സ്നേഹം ഒരു പ്രതിഫലമല്ല, സ്നേഹിക്കപ്പെടുന്ന  ആളിലേക്ക് ഹൃദയത്തിന്റെ വ്യാപനമാണത്. സ്നേഹത്തിന്റെ മൃദുമന്ത്രണം ഓരോന്നും നമ്മിൽ ജീവൻ നിറക്കുന്നവയാണ്. സ്നേഹത്തിന്റെ ഓരോ പുതിയ അനുഭവവും പുതിയ ജീവനും പുതിയ അർത്ഥവും നൽകുന്നു. ഏകാകിയായ, ഉപേക്ഷിക്കപ്പെട്ട, ആരുമില്ലാത്ത, ആരുടേതുമല്ലാത്ത എന്നീ ഹൃദയനൊമ്പരങ്ങൾ സ്വയം നൽകിയ പേരുകൾ മാറ്റി ദൈവം പുതിയ പേര് നൽകുന്നതായ അനുഭവം ... എന്റെ ആനന്ദം, സ്വന്തമാക്കപ്പെട്ട, വിവാഹിത, പ്രിയതമ എന്നീ പേരുകളൊക്കെയും  ഹൃദയത്തിന്റെ നിറവിൽ നിന്നാണ്. നമ്മുടെതന്നെ ജീവിതങ്ങളെ അത് സ്നേഹത്തിന്റെ നവീനതയിൽ ഒരിക്കൽക്കൂടി വായിച്ചെടുക്കുന്നു. ആ സ്നേഹത്തിൽ നിന്ന് പുതിയ മനുഷ്യൻ ഗർഭം ധരിക്കുകയും ചെയ്യും. 

എവിടെയുമെപ്പോഴും ശാപവും ശിക്ഷയും കാണുന്ന ശീലത്തെ ഉപേക്ഷിക്കുകയെന്നത് അത്യാവശ്യമാണ്. പകരം ജീവിതത്തിലെയും, പറമ്പിലെയും, ചെയ്യുന്ന ജോലിയിലെയും വളരുന്ന കുഞ്ഞുങ്ങളിലെയും  അനുഗ്രഹീതമായ സാന്നിധ്യത്തെക്കുറിച്ച്  ധ്യാനിച്ച് തുടങ്ങാം. എല്ലാം സുഖകരമല്ല എങ്കിൽക്കൂടിയും കൃപാസമൃദ്ധിയെക്കുറിച്ചുള്ള അവബോധത്തിൽ നിന്നുള്ള നമ്മുടെ സ്പർശനങ്ങൾ ആവശ്യമുള്ള കൃപകൾക്കായി യോഗ്യമായ ഒരു ജീവിതത്തെ തീർത്തുകൊള്ളും. 

സ്നേഹത്തിന്റെ മൃദുസ്വരം നമ്മുടെ ഹൃദയങ്ങളിൽ നിറയട്ടെ,  ദൈവം നമ്മിൽ ആനന്ദിക്കുന്നു, തന്റെ ആലിംഗനത്തിൽ നമ്മെത്തന്നെ മറച്ചുകളയുന്നു. 

🔊

ഡിസംബർ 12, 2021

പ്രവാചകരെ ആവശ്യമുണ്ട്

ദൈവം തനിക്കായി പ്രവാചകരെ അന്വേഷിക്കുന്നു, അനുരഞ്ജനത്തിന്റെ പ്രവാചകരെ, സത്യം പറയുന്ന പ്രവാചകരെ. സ്വന്തം ബിംബങ്ങൾ വെച്ചാരാധിക്കുകയും അതിനു കർത്താവെന്നും മിശിഹായെന്നും പേര് നൽകി ജനത്തെ വഞ്ചിക്കുകയും ചെയ്യുന്ന പ്രവാചകരെക്കുറിച്ച് ദൈവം ദുഃഖിക്കുന്നു. രാജാക്കന്മാരും പ്രവാചകരും തിന്മക്കായി കൈകോർത്തപ്പോഴാണ് ദൈവജനം ചിതറിക്കപ്പെടുകയും തിന്മപ്രവർത്തിക്കുകയും ചെയ്തത്. രാജാക്കന്മാർക്കും പ്രവാചകരുടെയും തന്ത്രങ്ങളിൽ ഞെരുക്കപ്പെടുന്ന നിസ്സഹായ സേവകരാണ് പുരോഹിതഗണം. ദൈവമാണ് അവരെ നിയമിച്ചതെന്ന് ഉറപ്പുള്ളവർക്ക് സമാധാനത്തിന്റെ പ്രവാചകരുടെ ഹൃദയം തിരിച്ചെടുക്കാം. സ്വയം പ്രവാചകരായി അവരോധിച്ചവർ, നിഷ്കളങ്കരെ നിലയില്ലാക്കയത്തിലേക്കു നയിച്ച കുഴലൂത്തുകാരായിരുന്നെന്നു കാലം ഇതിനകം തെളിയിച്ചു കഴിഞ്ഞു. 

ഡിസംബർ 10, 2021

സാന്ത്വനശബ്ദം

കൂട്ടം തെറ്റി മുള്ളുകൾക്കിടയിൽ പെട്ടുപോയ കുഞ്ഞാടിന്റെ ഉള്ളിൽ എന്തൊക്കെ ആയിരുന്നിരിക്കണം? അത് മുള്ളുകൾക്കിടയിൽ വന്നുപെട്ടത്‌ എങ്ങനെ തന്നെയും ആയിരിക്കട്ടെ. അസഹനീയമായ നൊമ്പരങ്ങൾ, നിസ്സഹായാവസ്ഥ, മരണഭയം ആരുമില്ലെന്ന വേദന എന്നിവയൊക്കെ അതിനുണ്ടായിരുന്നിരിക്കാം. കുഞ്ഞാട് ഒറ്റയ്ക്ക് നടന്നു വഴിതെറ്റി അകന്നു പോയി എന്ന് നമ്മൾ പറയാറുണ്ട്. യേശുവിന്റെ കൂടിച്ചേർന്ന പാപികൾ എന്ന് വിളിക്കപ്പെട്ടിരുന്നവർ എല്ലാവരുമൊന്നും കൊടും പാപം ചെയ്തു നടന്നിരുന്നവരല്ല. പാവങ്ങളെയും രോഗികളെയും ഹതഭാഗ്യരെയും മൊത്തത്തിൽ പാപികൾ എന്ന് വിളിച്ചു മാറ്റി നിർത്തിയ ഒരു സമൂഹമായിരുന്നു അത്. യഥാർത്ഥത്തിൽ പാപത്തെ ദൈവമാക്കി പൂജിച്ചവർ ഈ പാവങ്ങളെ പാപികൾ എന്ന് മുദ്രകുത്തിയവരാണ്. ആരുമില്ലാതായിപ്പോയവർ അകന്നു പോയവരല്ല, അശുദ്ധി കല്പിച്ചു മാറ്റിനിർത്തപ്പെട്ടവരാണ്. നീതിമാന്മാരെന്നു സ്വയം വിളിക്കുകയും മറ്റുള്ളവരെ പാപികളെന്നു വിളിച്ചു മാറ്റി നിർത്തുകയും ചെയ്തവരോട്, ദൈവത്തിന്റെ സമീപനമെന്താണെന്ന് പറഞ്ഞു വയ്ക്കുകയാണ് കുഞ്ഞാടിന്റെയും, നാണയത്തിന്റെയും ധൂർത്തപുത്രന്റെയും ഉപമകളിലൂടെ.


ആരുമില്ലാതെയും, അപമാനിതരായും പേടിച്ചും നമ്മളും പ്രത്യാശ തന്നെയും നഷ്ടപ്പെടുത്തിയിട്ടുണ്ടാകാം. എന്നിരുന്നാലും ധൈര്യം തിരികെപ്പിടിച്ചുകൊണ്ട് ഒരിക്കൽ കൂടി കരുത്താർജ്ജിച്ചു മുന്നോട്ടു നടക്കാൻ നമ്മെ പ്രേരിപ്പിച്ച ഒരു സാന്നിധ്യം അരികെയുള്ളതായി ചിലപ്പോൾ നമുക്ക് തോന്നിയിട്ടുണ്ടാകാം. ഉള്ളിൽത്തന്നെ മൃദുവായി കേട്ട ഒരു ശബ്ദവും ആകാം അത്. അത്തരം ഒരു സാന്ത്വനശബ്ദം, കണ്ടെത്തപ്പെട്ടു, സ്വീകരിക്കപ്പെട്ടു എന്ന ഒരു അനുഭവം ജീവിതത്തെ ഒരിക്കൽ കൂടി നിർമ്മിക്കുവാൻ ആവശ്യമാണ്. സ്വന്തം ജീവിതത്തെത്തന്നെ കരുണയോടും ക്ഷമയോടും കൂടെ നോക്കാനും കഴിയുന്നത് വലിയ കൃപയാണ്. തികച്ചും നഷ്ടപ്പെട്ടിരിക്കുന്നു എന്ന അവസ്ഥയിൽ പോലും, അകപ്പെട്ടിരിക്കുന്ന അന്ധകാരത്തിന്റെ ഭാരത്തിനടിയിൽ ഞെരുക്കപ്പെടുമ്പോൾ ഹൃദയം ഒരു പ്രകാശനാളത്തിനുവേണ്ടി കേഴുന്നുണ്ടെങ്കിൽ നമ്മൾ എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു അതിലേക്കു ഉയർന്നു വരുവാൻ നമുക്ക് കഴിഞ്ഞേക്കും. അപ്പോൾ, സാന്ത്വനിപ്പിക്കപ്പെട്ട മുറിവുകൾ നമ്മിലെ വിശേഷതകളിലെ ലാവണ്യമാകും.

മനുഷ്യൻ എന്നത് പോലെതന്നെ സകല ശരീരധാരികളും (Every flesh) – മണ്ണും സസ്യങ്ങളും പൂക്കളും ജലജീവികളും പക്ഷികളും മൃഗങ്ങളും അവരവരുടേതായ ലക്‌ഷ്യം പ്രാപിച്ചുകൊണ്ടു ദൈവമഹത്വം പ്രഘോഷിക്കുന്നു, സ്വയം സായൂജ്യമണയുന്നു. ദൈവികമായ ഒരു ചൈതന്യം, ഒരു തിളക്കം അവയിലെല്ലാമുണ്ട്. നമുക്ക് വേണ്ടിമാത്രമായി അത്ഭുതദ്വീപുകൾ സൃഷ്ടിക്കുവാനുള്ള അതിമോഹങ്ങളിൽ നമ്മൾ നമ്മെത്തന്നേയും നമ്മുടെ സുഹൃത്-സൃഷ്ടികളെയും വികലമാക്കി. നഷ്ടപ്പെട്ട സൃഷ്‌ടിയുടെ വേദന നമ്മുടെ ബോധതലത്തിൽ കരച്ചിലായുയരണം. സാമൂഹികമായ നീതിക്കു വേണ്ടിയും പാരിസ്ഥിതികമായ പരിവർത്തനത്തിനുവേണ്ടിയും ഉയർന്നു നില്കുവാനുള്ള കരുതിനായി ദൈവത്തിന്റെ സാന്ത്വനസ്പര്ശവും രക്ഷയുടെ അനുഭവവും സ്വന്തമാക്കണം. നശിപ്പിക്കപ്പെട്ട മഹത്വം വീണ്ടും നമുക്ക് കണ്ടെത്താം. മറ്റു ജനതകളോടും സകല ജീവജാലങ്ങളോടും ഒത്തുചേർന്ന് അവയിലൊന്നായി നമ്മെത്തന്നെ കണ്ടെത്തുമ്പോഴേ അത് ദൈവിക ഭവനത്തിലെ ആഘോഷമാകൂ. ഹൃദയത്തിന്റെ ആനന്ദത്തോടെ നമുക്ക് പറയാനാകും ദൈവം നമുക്കിടയിൽ വസിക്കുന്നു.

ഡിസംബർ 08, 2021

സൗഖ്യത്തിന്റെ തലമുറ

കൃപ നിറഞ്ഞവളായി മറിയം രൂപപ്പെട്ടത് എത്രയോ തലമുറകൾ ദൈവകൃപക്കു മുമ്പിൽ തങ്ങളെത്തന്നെ വിനീതരായി തുറന്നു വയ്ക്കുകയും ദൈവകൃപ അവരിൽ സമൃദ്ധമായി പ്രവർത്തനനിരതമായതിന്റെയും ഫലമായാണ്. അല്പാല്പമായെങ്കിലും പാപത്തിന്റെ വേദനകൾ പരസ്പരം സൗഖ്യപ്പെടുത്തിയ തലമുറകൾ! പാപം മൂലമുള്ള ക്ഷതങ്ങളുടെ കണ്ണികൾ മറിയത്തിലെത്താതെ അഴിയപ്പെട്ടു. 

മറിയത്തിന്റെ കൃപാപൂർണതയെക്കുറിച്ച് ധ്യാനിക്കുന്ന നമ്മൾ ആത്മാർത്ഥമായ അനുരഞ്ജനവും സൗഖ്യവും നൽകുകയും ജനതകൾക്കിടയിലും വിവിധ ജീവജാലങ്ങൾക്കിടയിലും സമാധാനം സ്ഥാപിക്കുവാനും പ്രയത്നിച്ചുകൊണ്ട് സൗഖ്യത്തിന്റെ തലമുറയാകുന്നെങ്കിലേ, അടുത്ത തലമുറകൾ അനുഗ്രഹങ്ങളുടെ നിറവുള്ള തലമുറകളാകൂ. 

ഡിസംബർ 02, 2021

വിഗ്രഹങ്ങൾ

അർത്ഥമില്ലാത്ത വായ്ത്താരികളിൽ സ്തുതിക്കപ്പെടുന്ന ദൈവാരാധനകൾ ഒന്നാം പ്രമാണലംഘനങ്ങൾ തന്നെ. എത്ര നല്ല ദൈവശാസ്ത്രഭാഷയിൽ അലങ്കരിക്കപ്പെട്ടാലും അതിനു വേണ്ടി നിർമ്മിക്കപ്പെടുന്ന മസിൽ ദൈവങ്ങളും വ്യാജക്രിസ്തുമാരും വിഗ്രഹങ്ങൾ തന്നെ. 

അനുരഞ്ജനത്തിനോ സമാധാനത്തിനോ ആയുള്ള ആഗ്രഹമോ പ്രയത്നമോ ഇല്ലാതെ നടത്തുന്ന പ്രാർത്ഥനാമഹങ്ങളും ഉപവാസങ്ങളും ദൈവത്തെ പരിഹസിക്കലുമാണ്. അതായിരുന്നു നമ്മൾ നാളുകളായി പരിശീലിച്ചത്. ഹൃദയത്തിന്റെ യഥാർത്ഥ പരിവർത്തനമില്ലാതെ, മന്ത്രം ചൊല്ലിയും കാഴ്ചയർപ്പിച്ചും ദൈവത്തോട് കണക്കു പറയുമ്പോൾ ദൈവം ജാലവിദ്യ കാണിക്കുമെന്ന് കരുതുന്ന വിശ്വാസം കുറേക്കാലമായി നമ്മെ നയിക്കുന്നു. വിശ്വാസത്തിൽ നിന്നാണല്ലോ ആരാധന രൂപമെടുക്കുന്നത്.

നവംബർ 29, 2021

കാൽവരിയിൽ രണ്ടു ബലികൾ

കാൽവരിയിൽ ഒരേ സമയം രണ്ടു ബലികൾ നടന്നു. 'ജനം നശിക്കാതിരിക്കാൻ' എന്ന കുലീനമായ ഉദ്ദേശ്യത്തോടെ 'അവൻ' വധിക്കപ്പെട്ടു. അവൻ തകർക്കപ്പെടേണ്ടത് പ്രധാനപുരോഹിതന്റെ ആവശ്യമായിരുന്നു. ജീവന്റെ സമൃദ്ധിക്കായി ശൂന്യവത്കരിക്കപ്പെടേണ്ടത് 'ഞാൻ' ആണ് എന്നത് വിശ്വസ്തത, ത്യാഗം, സ്നേഹം എന്നിവ ഉൾക്കൊള്ളുന്നു. 

ബലി ഒരു ഹൃദയഭാവമാണ്. ബലിയർപ്പകന്റെ ഹൃദയത്തിനൊത്ത് ബലിയുടെ അർത്ഥവും മാറും. ഒന്നുറപ്പാണ്, പൂജ്യമായ സിംഹാസനങ്ങളുടെ അധികാരത്തിലും, മർക്കടമുഷ്ടിയിലുള്ള ചെങ്കോലിലും ദാർഷ്ട്യത്തിലും കയ്യാപ്പാസ് നിവർത്തിയാക്കിയ ബലി രണ്ടാമത്തെ ബലിയല്ല. നാശമാണ് അതിന്റെ ഫലം.

ഇതിൽ ഏതു ബലിയാണ് അൾത്താരയിൽ അനുവർത്തിക്കേണ്ടതെന്നു ഇനി മേൽ തീരുമാനിക്കേണ്ടത് ഓരോ വിശ്വാസിയുമാണ്. ഇടയന്മാരും പുരോഹിതരും പാലിച്ച കഠിനമായ മൗനം പ്രബോധനത്തിനായുള്ള അവരുടെ ശബ്ദത്തെ മൂകമാക്കിക്കളഞ്ഞു. ഓരോരുത്തരുടെയും ഹൃദയഭാവത്തിനനുസരിച്ചു ബലിയുടെ  ഭാവവും അർത്ഥവും ഫലവും മാറും. ഒരേ വാക്കുകൾ ഉച്ചരിച്ചു കൊണ്ട് തന്നെ ഓരോരുത്തർക്കും കയ്യപ്പാസായി നിൽക്കാം, അല്ലെങ്കിൽ ക്രിസ്തുവായും നിൽക്കാം. ബലിവേദിയിലേക്കു പോകുന്ന ഓരോരുത്തരോടും, സാധാരണ ജനത്തിന്റെ (വിശ്വാസിപ്പട്ടം അണിഞ്ഞവരുടേതല്ല) നിഷ്കളങ്ക മനഃസാക്ഷിക്കുള്ളിൽ നിന്നും ക്രിസ്തു ചോദിക്കുന്നു, "നിങ്ങൾ എന്താഗ്രഹിക്കുന്നു?"

ഒക്‌ടോബർ 27, 2021

ഒരു സിനഡൽ സഭക്കായി

സഹയാത്രികരായ നമ്മൾ ഓരോരുത്തരും സ്വതന്ത്രമായി സംസാരിക്കുകയും എല്ലാവരും ശ്രദ്ധിച്ചു കേൾക്കുകയും ക്രിസ്തുവിൽ ഒരു ശരീരമായി ദൈവജീവൻ ആഘോഷമാക്കുകയും ചെയ്തുകൊണ്ട് ക്രിസ്തുവിനെ അനുഭവവേദ്യമാക്കുന്ന ജീവിതശൈലി പരിശീലിക്കുകയാണ്. സുവിശേഷത്തെ ജീവിക്കുന്ന യാഥാർത്ഥ്യമാക്കുകയെന്നത് ഒരു കൂട്ടുത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തവും പരിശീലനവും പ്രാർത്ഥനയും ധ്യാനവും ആത്മവിചിന്തനവും ആവശ്യപ്പെടുന്നു. സ്വയം ചോദിക്കേണ്ടതായ ഏതാനം ചിന്തകളാണ് പങ്കുവയ്ക്കുന്നത്. അവയെ സഹയാത്രികർ, ശ്രദ്ധിച്ചു കേൾക്കാൻ, എല്ലാവരും സംസാരിക്കട്ടെ, കൂട്ടായ്മയുടെ ആഘോഷം, കൂട്ടുത്തരവാദിത്തം, പരിശീലനം, പ്രേഷിത ദൗത്യം എന്നിങ്ങനെ ഭാഗങ്ങളാക്കിയിരിക്കുന്നു.

സഹയാത്രികർ

സിനഡിനെക്കുറിച്ചു കേൾക്കുമ്പോൾ റോമിൽ മെത്രാന്മാർ ഒത്തു ചേരുന്ന ഒരു പ്രത്യേക സമയത്തെക്കുറിച്ചാണ് സാധാരണയായി നമ്മുടെ മനസിലേക്ക് കടന്നു വരുന്നത്. ഇപ്പോൾ ഒരു സിനഡ് നടക്കുകയാണ്. നമ്മളെല്ലാവരും അതിൽ പങ്കു ചേരേണ്ടതുമാണ്. നമ്മളെല്ലാവരും ഒരുമിച്ച്, കേൾക്കുകയും സംസാരിക്കുകയും ദൈവസ്വരം വിവേചിച്ചറിയുകയും ചെയ്യേണ്ട ഒരു സമയമാണിത്. സിനഡ് പ്രക്രിയ സഭയുടെ പൊതുസ്വഭാവമായിത്തീരുവാനായി ഒരു പരിശീലന കാലഘട്ടത്തിലൂടെയാണ് നമ്മൾ നടന്നു പോകുന്നത്. അജപാലന തലത്തിലെ മാറ്റം ഒരു മാനസാന്തരമായി സഭ ആഗ്രഹിക്കുമ്പോഴും, ഒരു മനുഷ്യൻ, കുടുംബം, ക്രിസ്ത്യാനി, ക്രിസ്തീയസമൂഹം എന്നിങ്ങനെ എല്ലാ തലങ്ങളിലും ഓരോരുത്തരും പരസ്പരം കേൾക്കുകയും എല്ലാവരും ഒരുമിച്ച് പരിശുദ്ധാത്മാവിനെ കേൾക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു രൂപാന്തരമാണ് നമ്മൾ ആഗ്രഹിക്കുന്നത്. അത്തരത്തിൽ ഒരുമിച്ചു നടന്നു കൊണ്ടേ രക്ഷയുടെ സാർവ്വത്രികമാനമുള്ള കൂദാശയായി മാറുവാൻ നമുക്ക് കഴിയൂ.

ക്രിസ്തുവിന്റെ ജീവശ്വാസമാണ് ഈ യാത്രയിൽ നമുക്ക് ഊർജ്ജം. ക്രിസ്തുവിൽ പരസ്പരം പരിപോഷിതരാകുന്ന നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ കൂടെയുള്ളവർ ആരോക്കെയാണ്? ഒരുമിച്ചായിരിക്കുമ്പോഴും അപരിചിതരാണോ നമ്മൾ? കുടുംബമായും സഭയായും പരസ്പരം കേട്ടും തുറന്നു പറഞ്ഞും പരസ്പരം ഭാരം വഹിച്ചും എങ്ങനെയൊക്കെയാണ് നമ്മൾ ഒരുമിച്ചു യാത്ര ചെയ്യുന്നത്? അതിൽ വന്നിട്ടുള്ള വീഴ്ചകളുടെ കാരണങ്ങൾ എന്തൊക്കെയാണ്? കൂടെ നടക്കാൻ ചിലരെ തിരഞ്ഞെടുക്കുകയോ ചിലരെ മാറ്റി നിർത്തുകയോ ചെയ്യുന്നെങ്കിൽ അതിനു പിന്നിലെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്?  നമ്മുടെ സഹയാത്രികർ അപരിചിതരാകുന്നത് എങ്ങനെയാണ്? വിഗ്രഹാരാധകരെന്നും അവിശ്വാസികളെന്നും തിന്മപ്രവർത്തിക്കുന്നവരെന്നും വിധി കല്പിച്ച് അവരെ മാറ്റി നിർത്താൻ കാരണമെന്താണ്? അവരിൽ നിന്ന്, അവരുടെ ആചാരങ്ങളിൽ നിന്ന്, വിശ്വാസങ്ങളിൽ നിന്ന് പഠിക്കാവുന്ന നന്മകൾ എന്തൊക്കെയാണ്? ഇതര ക്രിസ്തീയ വിഭാഗങ്ങളുമായി ഒരുമിച്ചു പോകാൻ നമുക്ക് കഴിയുന്നുണ്ടോ? അതിലെ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്? നമ്മോടു കൂടെ നടക്കാൻ താല്പര്യപ്പെടാത്തവരായി ആരൊക്കെയുണ്ട്? എന്താവാം കാരണം? ആധിപത്യത്തിന്റെയോ കടന്നു കയറ്റത്തിന്റെയോ മനോഭാവങ്ങൾ അവരെ മാറ്റി നിർത്തുന്നുണ്ടോ? കൂടെക്കൂട്ടാൻ ആരും ഇഷ്ടപ്പെടാതെ മാറ്റിനിർത്തുന്ന ഏതൊക്കെ വിഭാഗമാണ് നമുക്കിടയിലുള്ളത്? അവരെയും ക്രിസ്തു ശരീരത്തിന്റെ ഭാഗമായിക്കാണാൻ വിമുഖത സൃഷ്ടിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? പ്രകൃതിയിലെ മറ്റു ജീവജാലങ്ങളോടും ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ മേല്പറഞ്ഞ കേൾവി ആദരവ് അപരിചിതത്വം മുതലായവ പരിഹരിക്കുവാൻ ചെയ്യേണ്ടത് എന്തൊക്കെയാണ്?

നമ്മൾ സഹയാത്രികരാണ്, കൈപിടിച്ചും, തോളോട് തോൾ ചേർന്നും പങ്കുവെച്ചും ആശ്വസിപ്പിച്ചും ഒരുമിച്ചു നടക്കേണ്ടവർ.

ശ്രദ്ധിച്ചു കേൾക്കാൻ

വിവിധങ്ങളായ വരങ്ങളിലൂടെ പരസ്പരം പരിപോഷിപ്പിച്ചുകൊണ്ടാണ് ദൈവജനം വളരുന്നത്. അതുകൊണ്ട് അസമത്വത്തിന്റേതായ സമീപനങ്ങൾ ദൈവജനത്തിന്റെ സ്വഭാവമല്ല. ആരെയും ഒഴിവാക്കി നിർത്തിക്കൊണ്ട് ദൈവജനത്തിന്റെ പരിപൂർണ്ണത പ്രാപിക്കുവാൻ നമുക്കാവുകയുമില്ല. മറ്റുള്ളവരെയും അവരുടെ വരങ്ങളുടെ ബലവും ഓരോരുത്തർക്കും നൽകപ്പെട്ടിരിക്കുന്ന വരങ്ങളെ വളർത്തുന്നതിന് നമുക്കാവശ്യമാണ്.   അപ്പോഴേ നമ്മുടെ വിളിയും പൊതുവായ പ്രേഷിതദൗത്യത്തിന്റെ സമഗ്രതയിലേക്കു കൊണ്ടുവരാനാകൂ.

പരസ്പരമുള്ള ശ്രവണം വിവിധങ്ങളായ വരങ്ങളുടെ സ്വീകാര്യത കൂടിയാണ്. പരസ്പരം കേൾക്കുന്നതിന് ഹൃദയത്തിന്റെയും മനസിന്റെയും തുറവികൂടിയേ തീരൂ.  അപ്പോഴേ ശ്രദ്ധയോടെ കേൾക്കാൻ കഴിയൂ. ശ്രദ്ധ ധ്യാനപൂർവ്വകമായ മനോഭാവമാണ്. അത് ഒരു ഭക്തിഭാവം കൂടിയാണ്. മറ്റൊന്ന്, അനുകമ്പയുള്ള കേൾവിയാണ് ആർദ്രത പകർന്ന് ഐക്യത്തിലേക്ക് നയിക്കുന്നത്.  മുൻവിധികളില്ലാതെ കേൾക്കാൻ കഴിയുക എന്നതാണ് വലിയൊരു വെല്ലുവിളി. നമ്മെ ഓരോരുത്തരെയും സ്വാധീനിക്കുന്ന സാംസ്‌കാരിക ഘടകങ്ങളെ അടുത്തറിയാൻ ശ്രമിക്കുന്നതും കേൾവിയാണ്. വിവിധങ്ങളായ സാംസ്കാരിക പാരമ്പര്യങ്ങളെ അതിന്റെ ആന്തരിക മൂല്യങ്ങളിലും നന്മകളിലും അടുത്തറിയാൻ ശ്രമിക്കുന്നതും ആത്മാർഥമായി ആഗ്രഹിക്കേണ്ട ശ്രവണ പ്രക്രിയയാണ്.

 സിനഡൽ പ്രക്രിയയിൽ കേൾവി എന്നത് വിവേചിച്ചറിയാനുള്ള ഉൾക്കാഴ്ചയിലേക്ക് നയിക്കേണ്ടതിനാണ്. അതിനായി വ്യക്തിപരമായും സമൂഹമായും ഇത് പരിശീലിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടത് പരിശുദ്ധാത്മാവ് ഇന്ന് നൽകുന്ന വിളിയാണ്. പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും, ആധികാരികമായും അർത്ഥപൂര്ണമായും സ്വീകാര്യതയോടു കൂടിയും കേൾക്കുകയും സംസാരിക്കുകയും ചെയ്യുക എന്നത് മാനുഷികമായ ആത്മാർത്ഥ സഹകരണത്തെ സൂചിപ്പിക്കുന്നു. മാറ്റിനിർത്തുകയോ ചെറുതായി കാണുകയോ ചെയ്യുന്നവരിലൂടെയാകാം ഒരുപക്ഷെ ദൈവം സംസാരിക്കുന്നത്. പരിഗണിക്കേണ്ടതില്ലെന്നു കരുതിപ്പോരുന്നവരെ കേൾക്കുവാനായി പ്രത്യേക ശ്രദ്ധയെടുക്കേണ്ടതുണ്ട്.

ആരെയാണ് നമ്മൾ സാധാരണയായി കേൾക്കുന്നത്? ആരുടെ ശബ്ദങ്ങളാണ് സഭയുടെ ശബ്ദമാകുന്നത്? ആരൊക്കെയാണ് മാറ്റിനിർത്തപ്പെടുന്നത്? മുറിപ്പെട്ടവരും അകന്നു മാറുന്നവരുമായവരെ കേൾക്കുവാൻ അജപാലനപരമായ വേദികൾ ലഭ്യമാകുന്നുണ്ടോ? മെത്രാന്മാരും, പുരോഹിതരും സന്യസ്തരും എല്ലാവരുടെയും ശബ്ദങ്ങൾ കേൾക്കുന്നുണ്ടോ? അതിനു വേണ്ടതായ പ്രാപ്തിയും താല്പര്യവും അവരുടെ സമീപനങ്ങളിൽ കാണപ്പെടുന്നുണ്ടോ? സമൂഹത്തെ യഥാർത്ഥത്തിൽ കേട്ടുകൊണ്ടാണോ അവർ പ്രതികരിക്കുന്നത്? സമൂഹത്തിന്റെ മുൻവിധികൾ അവരുടെ കേൾവിയെ തടസപ്പെടുത്തുന്നുണ്ടോ? വിവിധ തലങ്ങളിൽ അറിവുള്ളവർ വിശ്വാസികൾക്കിടയിൽത്തന്നെയും പൊതുസമൂഹത്തിലുമുള്ളപ്പോൾ അവരെ കേൾക്കുവാനുള്ള അവസരങ്ങൾ വിശ്വാസിജനത്തിനു ലഭ്യമാകുന്നുണ്ടോ? സഭാനേതൃത്വം അത്തരത്തിലുള്ള ആളുകളെ കേൾക്കുവാൻ തയ്യാറാകാറുണ്ടോ? വ്യത്യസ്തമായ അഭിപ്രായങ്ങളിലെ നന്മ കാണാൻ പരിശീലിക്കേണ്ടത് എങ്ങനെയാണ്? കൂടുതൽ പേരെ ഉൾപ്പെടുത്താനാകുന്ന സംഭാഷണങ്ങളിലേക്ക് എങ്ങനെയൊക്കെയാണ് വളരാനാവുക?

 എല്ലാവരും സംസാരിക്കട്ടെ

പറയുവാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലേ സംഭാഷണങ്ങൾ അർത്ഥപൂര്ണവും ഫലദായകവുമാകൂ.  സ്വാതന്ത്ര്യം, സത്യം, സ്നേഹം എന്നിവ സംസാരിക്കുന്നവയിൽ ഉൾകൊള്ളുന്നെങ്കിലേ സംസാരങ്ങളിലെ എന്ത് എങ്ങനെ എന്നിവയെ വാർത്തെടുക്കുവാനാകൂ. സത്യത്തിന്റെ ഭാഗത്തല്ലെങ്കിൽ സ്വത്വബോധത്തോടെ, ധീരതയോടെ സംസാരിക്കുവാനാകില്ല. ആധികാരികത നഷ്ടപ്പെടുമ്പോൾ, കീഴ്പെടുത്തുവാനുള്ള നേരിടലുകളും ആക്രോശങ്ങളുമാകും സംഭാഷണങ്ങളെക്കാൾ സംഭവിക്കുക.

സഭയുടെ പേരിൽ, സഭക്ക് വേണ്ടി ആരാണ് സംസാരിക്കുന്നത്? സാമൂഹികവും സാംസ്കാരികവുമായ തലങ്ങളിലെ യാഥാർത്ഥ്യങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ സഭയുടെ മനസോടെ സമീപിക്കാൻ, അത് ചെറുതും വലുതുമായ ചർച്ചകളിൽ അവതരിപ്പിക്കാൻ മാത്രം അറിവും കഴിവുമുള്ളവർ എത്ര പേരുണ്ട്? സഭയുടെ സാമൂഹിക പ്രബോധനത്തെക്കുറിച്ച് വേണ്ട പരിജ്ഞാനം ആർജ്ജിക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ എന്താണ്? വിശ്വാസത്തെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചും വിവിധ മാധ്യമങ്ങൾ അവതരിപ്പിക്കുന്നവയെക്കുറിച്ച് അജപാലനപരവും പ്രബോധനപരവുമായ പരിശോധനയോ ആവശ്യമായ തിരുത്തലുകളോ ലഭിക്കാറുണ്ടോ? വിശ്വാസത്തിന്റെ മറയിൽ പ്രചരിപ്പിക്കപ്പെടുന്ന (ഒരു പക്ഷേ വിദേശത്തെവിടെയോ) രാഷ്ട്രീയ അജണ്ടകൾ നിഷ്കളങ്കരായ വിശ്വാസികൾക്കിടയിൽ വിതച്ച് കലഹങ്ങളുണ്ടാക്കുന്നവരെക്കുറിച്ച് സംസാരങ്ങൾ ഉണ്ടാകാറുണ്ടോ? ക്രിസ്തീയ ജീവിതസാക്ഷ്യം ഒരു സാമൂഹികസാക്ഷ്യവും പ്രതിബദ്ധതയുമായി മാറുന്നതിൽ വീഴ്ച വരുന്നുണ്ടോ? അതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്?

സഭക്കുള്ളിൽ എല്ലാവരും സംസാരിക്കേണ്ടതിന് ആവശ്യമായ സ്വാതന്ത്ര്യവും ധീരതയും ഉറപ്പാക്കുവാൻ എന്തൊക്കെയാണ് നമുക്ക് ചെയ്യേണ്ടത്?

 കൂട്ടായ്മയുടെ ആഘോഷം

ഒരുമിച്ചു യാത്ര ചെയ്യുന്ന സിനഡൽ പാത ഒരു സമൂഹമായി ദിവ്യസ്വരത്തിനു കാതോർക്കുകയും പരിശുദ്ധ ബലിയിൽ ഒരുമയോടെ പങ്കു ചേരുന്നതിലൂടെയുമേ സാധ്യമാകൂ.

എല്ലാവരുടെയും സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുവാൻ എന്തൊക്കെയാണ് ചെയ്യുവാൻ കഴിയുക? ചിലരെങ്കിലും വിമുഖത കാണിക്കുന്നെങ്കിൽ അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? പങ്കുചേരുന്നതിനു പകരം, പലരും കാഴ്ചക്കാരാവുകയോ പള്ളിയോ ധ്യാനകേന്ദ്രങ്ങളോ ലഭ്യമാക്കുന്ന ശുശ്രൂഷകളോ പരിപാടികളോ സ്വീകരിക്കുന്നവരോ മാത്രം ആകുന്നത് എങ്ങനെയാണ്? ദൈവാരാധനയിലെ ഒരുക്കങ്ങളിലും നടത്തിപ്പിലും അത്മായർ, പുരോഹിതർ സന്യസ്തർ എന്നിവരുടെ പങ്കാളിത്തം ഏതൊക്കെ തലങ്ങളിലാണ്? ഈ പങ്കാളിത്തത്തിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നവരുണ്ടോ? ജാതിയോ സാമ്പത്തിക നിലയോ ഈ വേർതിരിവിന് കാരണമാകാറുണ്ടോ? അത്മായർക്കു ഏതു വിധമുള്ള പങ്കാളിത്തമാണ് നൽകപ്പെടുന്നത്? കൂദാശകൾക്കായി ഏതു തരത്തിലുള്ള ഒരുക്കമാണ് വ്യക്തികൾക്കും സമൂഹത്തിനും നൽകപ്പെടുന്നത്?

ക്രിസ്തുശരീരത്തിലുള്ള നമ്മുടെ ഭാഗഭാഗിത്വം കൂട്ടായ്മയ്ക്കായുള്ള ആത്മാർത്ഥമായ തുറവികൂടി ഉൾപ്പെടുത്തിയുള്ളതാണ്. എങ്കിലേ ബലിയിലും മുഴുഹൃദയത്തോടെ പങ്കുകൊള്ളാനാകൂ.

 കൂട്ടുത്തരവാദിത്തം

സിനഡൽ പാത സഭയുടെ പ്രേഷിത ദൗത്യത്തെ സഹായിക്കുവാനാണ്. എല്ലാവരും അതിൽ പങ്കുചേരാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ്.

അത്മായരും പുരോഹിതരും സന്യസ്തരും എങ്ങനെയാണ് ഈ കൂട്ടുത്തരവാദിത്തത്തിൽ പങ്കുചേരുന്നത്? മെത്രാനോ വൈദികരോ നിങ്ങളുടെ താല്പര്യം കൂടി പരിഗണിച്ചിരുന്നെങ്കിൽ എന്ന് നിങ്ങൾ കരുതുന്ന മേഖലകൾ ഏതൊക്കെയാണ്? തീരുമാനങ്ങൾ എടുക്കുന്നവരുടെ കമ്മിറ്റികൾ എല്ലാ തലങ്ങളിലുമുള്ള ആളുകളെ പ്രതിനിധീകരിക്കുന്നുണ്ടോ? ഇല്ലെങ്കിൽ അത് എന്തുകൊണ്ടാണ്? അത്തരം യോഗങ്ങളിൽ വിവിധങ്ങളായ അഭിപ്രായങ്ങൾ കേൾക്കുകയും അവയിലെ നന്മകൾ പരിഗണിക്കുകയും അങ്ങനെ മൊത്തത്തിലുള്ള നന്മയെക്കരുതിയുമാണോ തീരുമാനങ്ങളിലെത്തുന്നത്? വൈദികരുടെ സ്വതാല്പര്യങ്ങളാണ് യോഗങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടുന്നത് എന്ന് പലപ്പോഴും തോന്നുന്നത് എന്തുകൊണ്ട്? പൗരോഹിത്യ മേല്കോയ്മയിൽനിന്ന് യഥാർത്ഥ ശുശ്രൂഷയിലേക്ക് രൂപാന്തരപ്പെടുവാൻ ഏതു തരത്തിലുള്ള നവീകരണ ശ്രമങ്ങളാണ് നടക്കേണ്ടത്? ഭക്തസംഘടനകളും യുവജനക്കൂട്ടായ്മകളും യഥാർത്ഥത്തിലുള്ള സംഭാഷണ വേദികൾ ആകാറുണ്ടോ? വ്യത്യസ്തങ്ങളായ കാരിസങ്ങൾ ഉള്ള വിവിധ സന്യസ്ത സഭാവിഭാഗങ്ങൾ അവരവരുടെ ജോലികൾ ചെയ്യുന്നു എന്നതിനേക്കാൾ സഭയുടെ പ്രേഷിതദൗത്യത്തിന് ഒന്നായി പ്രവർത്തിക്കുവാൻ ഏതൊക്കെ തരത്തിൽ നമ്മെത്തന്നെ പുനഃക്രമീകരിക്കേണ്ടതായിട്ടുണ്ട്? സഭാകാര്യാലയങ്ങളിൽ സേവനശുശ്രൂഷാ മനോഭാവങ്ങളെക്കാൾ ഓഫീസ് സംവിധാനമായി പ്രവർത്തിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടോ? റീത്തുകൾക്കിടയിൽ മത്സരങ്ങൾക്ക് പകരം സുവിശേഷസാക്ഷ്യത്തിനു പ്രാധാന്യം നൽകുവാൻ നമ്മെത്തന്നെ പരിശീലിപ്പിക്കേണ്ടത് എങ്ങനെയൊക്കെയാണ്?

ഇതര ക്രൈസ്തവ വിഭാഗങ്ങളിൽ പലരുമായും തുടരെയുള്ള ചർച്ചകളും കൂടിക്കാഴ്ചകളും നടക്കാറുണ്ട്. യോജിച്ചുകൊണ്ട് നടത്തിയിട്ടുള്ള പ്രസ്താവനകൾ സഭകളുടെ അകൽച്ചയെ കുറച്ചു കൊണ്ടുവരുവാനും ഐക്യപ്പെടുവാനും ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. ഇവയെക്കുറിച്ചുള്ള അറിവ് വിശ്വാസിജനത്തിനിടയിൽ അസാധ്യമാക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? വിശ്വാസപ്രബോധനങ്ങൾ അർത്ഥമാക്കാത്തവപോലും അർത്ഥങ്ങളാക്കി മാറ്റിയ അപ്പോളോജിസ്റ്റുകൾ തീർത്തെടുത്ത മതിലുകളെ മാറ്റിയെടുക്കുവാൻ എന്തൊക്കെ പ്രയത്നങ്ങളാണ് നമുക്ക് നടത്താൻ കഴിയുന്നത്?

അധികാരവും വിധേയത്വവുമല്ല ശുശ്രൂഷയും വിനീതമനസാക്ഷിയുമാണ് സിനഡൽ പാതയിൽ നമ്മൾ പരിശീലിക്കുന്നത്. മാത്രമല്ല അത് മെത്രാന്മാരും വൈദികരും അത്മായരും സന്യസ്തരും ഒരുപോലെ പാലിക്കേണ്ട ജീവിതശൈലിയാകേണ്ടതുമാണ്.

 പരിശീലനം

അഭിപ്രായ രൂപീകരണവും, ഭൂരിപക്ഷത്തിന്റെ അഭിപ്രായം തീരുമാനമാകുന്നതുമല്ല സിനഡ് ശൈലി. ഭൂരിപക്ഷം സത്യത്തിൽ വേരൂന്നിയതാവണമെന്നുമില്ല. പരിശുദ്ധാത്മാവിന്റെ സ്വരത്തിനു ചെവി കൊടുക്കുന്ന പൊതുമനോഭാവത്തിൽ ഓരോരുത്തരെയും കേൾക്കുവാനും അവയിലെ ദൈവസ്വരം ഓരോരുത്തർക്കും വിവേചിച്ചറിയുവാനും കഴിയും.

മാറ്റത്തെ സ്വീകരിക്കാനുള്ള തുറവി, പരിശീലനം, തുടർച്ചയായ പഠനം എന്നിവ സിനഡൽ പാതക്ക് ദർശനം നൽകുന്നവയാണ്. ഔദ്യോഗികമായ ഒരു സിനഡ് കൊണ്ട് അവസാനിക്കേണ്ടതല്ല ഇത്. സഭക്കുള്ളിൽത്തന്നെ വിവിധ അഭിപ്രായങ്ങളുടെയും, കാരിസങ്ങളുടെയും വ്യത്യസ്തതകൾ ഉൾക്കൊണ്ടുകൊണ്ട്, ഇതര മതവിഭാഗങ്ങളുടെയും അവിശ്വാസികളുടെയും പോലും സ്വരങ്ങളെ കേട്ട് കൊണ്ട് ഒരുമിച്ചു നടക്കാനും, പരസ്പരം കേൾക്കാനും സംഭാഷണങ്ങളിൽ ഏർപ്പെടാനുമുള്ളതാണ് ക്രിസ്തീയ ജീവിതശൈലിയായി പരിണമിക്കേണ്ട ഈ പരിശീലനം. ഇത് കുടുംബങ്ങളിലും കുട്ടികളിലും യുവജനങ്ങൾക്കിടയിലും സ്ഥാപനങ്ങളിലും യാഥാർത്ഥ്യമാക്കുവാൻ എന്ത് ചെയ്യേണ്ടതുണ്ട്?

 പ്രേഷിത ദൗത്യം

സഭയുടെ പ്രേഷിത ദൗത്യം എന്നത് ദൈവജനം മുഴുവൻ പങ്കുചേരുകയും പരസ്പരം പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. വാക്കുകളിൽ കേൾക്കുകയും ഒന്ന് ചേർന്ന് ആഘോഷിക്കുകയും പ്രവൃത്തികളിൽ പ്രകടമാകുന്നതുമാണ് സുവിശേഷം. ജീവിക്കുന്ന വചനവുമായുള്ള നിരന്തര സമ്പർക്കമാണ് സുവിശേഷം ജീവിക്കുക എന്നത്.

സുവിശേഷത്തെ ജീവിക്കത്തക്കതാക്കിത്തീർക്കുന്നതിൽ എന്തൊക്കെ വെല്ലുവിളികളാണുള്ളത്?  സുവിശേഷപ്രഘോഷണത്തെ വാക്കുകളുടെ അവതരണമാക്കിത്തീർത്ത ഘടകങ്ങൾ എന്തൊക്കെയാണ്? സുവിശേഷത്തിന്റെ ഈ ജീവിതശൈലിയെ വിവിധങ്ങളായ വരങ്ങളോടും വിളികളോടും ബന്ധപ്പെടുത്തി ധ്യാനിക്കുവാനും പ്രവർത്തികമാക്കുവാനും നമുക്ക് കഴിയാറുണ്ടോ? സാക്ഷ്യം എന്നത് മതാചരണങ്ങളുടെ അനുഷ്ഠാനങ്ങളിലേക്കു മാത്രം ചുരുക്കിനിർത്താതെ യഥാർത്ഥ ജീവിതസാഹചര്യങ്ങളെ ലൗകികവും ഭൗതികവുമായി വിധിച്ച് തള്ളാതെ അവയിലെ സാക്ഷ്യമൂല്യത്തെ കണ്ടെത്തുവാനും ജീവിക്കുവാനും ഏതൊക്കെ തലങ്ങളിൽ പ്രയത്നങ്ങൾ നടത്താനുണ്ട്? മുൻവിധികളോ സ്വതാല്പര്യങ്ങളോ ഇല്ലാതെ, ക്രിസ്തീയ മൂല്യങ്ങൾ നൽകുന്ന സാമൂഹിക രാഷ്ട്രീയ പ്രതിബദ്ധത വളർത്തിയെടുക്കാൻ എങ്ങനെ കഴിയും? ശാസ്ത്രഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും ശാസ്ത്രബോധം വളർത്താൻ ബോധവത്കരണം നടത്തുന്നവരെയും പ്രോത്സാഹിപ്പിക്കുവാനും അവരുമായി സഹകരിക്കുവാനും എന്തൊക്കെ ചെയ്യുവാനുണ്ട്? ശാസ്ത്രഗവേഷണങ്ങളെ പുച്ഛിക്കുകയും അത് വിശ്വാസവിരുദ്ധമാണെന്ന് കരുതുകയും ചെയ്യുന്ന നിലപാടുകളെയും മാധ്യമങ്ങളെയുംകുറിച്ചു ദൈവജനത്തിന് വേണ്ട കരുതൽ നൽകുവാൻ നമുക്ക് കഴിയാറുണ്ടോ? സഭക്കുള്ളിലും സമൂഹത്തിലും സാമൂഹികനീതി ഉറപ്പാക്കാനായി നമ്മുടെ ആത്മാർത്ഥ പ്രയത്നങ്ങൾ എന്തൊക്കെയാണ്. മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും, ഭൂമിക്കായുള്ള കരുതലിനും വേണ്ടിയും മുൻകൈ എടുക്കുവാൻ Laudato Si, Fratelli Tutti തുടങ്ങിയ പ്രബോധന രേഖകൾ പരിചിതവും ലളിതവുമാക്കുവാൻ എന്ത് ചെയ്യാനാകും? ക്രൈസ്തവ ധാർമ്മികതയിലൂന്നിയ നീതിബോധം നമ്മിൽ വളർത്താൻ എന്ത് ചെയ്യണം. ഈ മേഖലകളിലെ പ്രേഷിതദൗത്യത്തിനു യഥാർത്ഥത്തിൽ ദൈവരാജ്യ സ്വഭാവമുണ്ടെന്ന് നമ്മെത്തന്നെ ബോധ്യപ്പെടുത്താൻ തടസമായി നിൽക്കുന്നത് എന്തൊക്കെയാണ്?

സ്വാതന്ത്ര്യത്തോടെയും സ്നേഹത്തോടെയും സത്യം സംസാരിക്കുകയും അതിനെ കേൾക്കുകയും ചെയ്യുകയെന്നതാണ് സിനഡൽ പ്രക്രിയയുടെ സ്വഭാവം.എല്ലാവരെയും കൈനീട്ടി സ്വീകരിക്കുന്ന സഭയുടെ മാതൃസ്നേഹം നമ്മിലോരോരുത്തരിലും പ്രകടമാകാൻ ഏതു തരത്തിലുള്ള മാനസാന്തരമാണ് ആവശ്യമായിരിക്കുന്നത്? വേദന നിറഞ്ഞ അനുഭവങ്ങളെ അനുകമ്പയോടും, സഭയിൽ നിലവിലുള്ള ഒരു യാഥാർത്ഥ്യത്തെക്കുറിച്ച് സദുദ്ദേശത്തോടെ നൽകപ്പെടുന്ന വിമര്ശനങ്ങളെ വിനയത്തോടും കൂടെ സ്വീകരിക്കുവാൻ നമ്മെത്തന്നെ എങ്ങനെ ഒരുക്കാം?

നിങ്ങൾ ഒരു കത്തോലിക്കനോ ക്രിസ്ത്യാനിയോ അല്ലെങ്കിൽ സ്നേഹമുള്ള സഹോദരീ സഹോദരന്മാരേ, ഇന്നത്തെ കാലഘട്ടത്തിൽ ക്രിസ്തു സാന്നിധ്യം സഭയിൽ എങ്ങനെ കാണപ്പെടുവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങളെയോ നിങ്ങളുടെ വിശ്വാസത്തെയോ വേദനിപ്പിക്കുന്ന സമീപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ എന്തൊക്കെയാണ്? അവയെ പരിഹരിച്ചു എപ്രകാരം മുമ്പോട്ട് പോകണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ധാർമികതയും സാമൂഹികനീതിയും ഉറപ്പാക്കാനുള്ള പരിശ്രമങ്ങളിൽ ഒറ്റക്കെട്ടായി പരിശ്രമിക്കുന്നതിൽ തടസമായി നില്കുന്നത് എന്തൊക്കെയാണ്?

ഒക്‌ടോബർ 11, 2021

ദൈവത്തെക്കാൾ പരിശുദ്ധരാണവർ

ദൈവത്തിന്റെ പരിശുദ്ധിയെ, മതങ്ങൾ രൂപപ്പെടുത്തുന്ന പരിശുദ്ധ സിംഹാസനങ്ങളിൽ ഇരുത്തി ബന്ധിച്ചു കഴിഞ്ഞാൽ ദൈവത്തിന്റെ സ്നേഹത്തിനും കരുണക്കും പരിമിതികളുണ്ടെന്ന് തോന്നിത്തുടങ്ങും. 

ദൈവത്തിന് സ്നേഹം ഒരു വൈകാരിക പ്രകടനമല്ല. ദൈവം സ്വഭാവത്തിൽ തന്നെ സ്നേഹമാണ്. സർഗാത്മകമായിരിക്കുന്ന സകലത്തിന്റെയും ഉത്ഭവവും വളർച്ചയും പൂർണ്ണതയും സ്നേഹമാണ്. ആ സ്നേഹപദ്ധതിയുടെ ചുരുക്കപ്പേരാണ് വചനം. ആ  ആ സ്നേഹത്തിലാണ് സകലതും സൃഷ്ടിക്കപ്പെട്ടതും മനുഷ്യൻ തന്റെ അവബോധങ്ങളിലേക്ക് വളർന്നതും. അസ്പർശ്യമായ പരിശുദ്ധിയും അതിനെ കാത്തുസൂക്ഷിക്കുന്ന ആചാരങ്ങളും രൂപപ്പെടും മുൻപേ ദൈവത്തെ പരിപോഷിപ്പിക്കുന്ന, വാത്സല്യപൂർവ്വം സംരക്ഷിക്കുന്ന സ്നേഹവും മമതയുമായാണ് മനുഷ്യൻ തിരിച്ചറിഞ്ഞത്. 

ശത്രുതയും വിദ്വേഷവും വക്രതയും കാത്തു സൂക്ഷിക്കുന്ന ഒരു മനസിന് ദൈവകടാക്ഷം സ്വീകരിക്കാമെന്ന്  കരുതാനാവില്ല. പക്ഷേ അത് ദൈവം അവർക്ക് സ്നേഹമല്ലാതാകുന്നത് കൊണ്ടല്ല, ആ അനന്തസ്നേഹത്തിലേക്കുള്ള തുറവിയോ അതിനെ അംഗീകരിക്കാനുള്ള ഉൾക്കരുത്തോ  അവർക്കില്ല എന്നതുകൊണ്ടാണ്. ദൈവത്തെക്കാൾ പരിശുദ്ധരാണവർ.

സെപ്റ്റംബർ 27, 2021

പ്രതിരോധമതിലുകൾ

സത്യത്തേക്കാൾ ഉപരി നമുക്കിഷ്ടപ്പെടുന്ന വ്യാഖ്യാനങ്ങളെ വിശ്വസിക്കാനാണ് നമുക്ക് താല്പര്യം. ആ വ്യാഖ്യാനങ്ങളെ ചേർത്തുപിടിക്കാൻ നമ്മൾ രൂപപ്പെടുത്തുന്ന പ്രതിരോധമതിലുകൾ വിശ്വാസമാണെന്ന രീതിയിൽ നമ്മെത്തന്നെ വഞ്ചിച്ചേക്കാം.

വ്യക്തിപരമായ വിങ്ങലുകളെ, സാമൂഹികമായ ആക്ഷേപങ്ങളാക്കുന്നതും പിന്നീട് അതിനൊത്ത പ്രതികാരങ്ങളെ സമൂഹത്തെക്കൊണ്ട് ഏറ്റെടുപ്പിക്കുന്ന തന്ത്രങ്ങളുണ്ടാവുന്നതും സാധാരണമാകുന്നതിനേക്കുറിച്ചു മുമ്പൊരിക്കൽ സൂചിപ്പിച്ചിരുന്നു. തികച്ചും വ്യക്തിപരമായ മാനസിക അസ്വസ്ഥതകളെ തിരിച്ചറിയാതെ അവയെ സമൂഹങ്ങളെക്കുറിച്ചുള്ള ഭാഷ്യങ്ങളാക്കുന്നതും അപകടകരമാം വിധം വളരുന്നു. ഇവ രണ്ടിലും, വിശ്വാസത്തെ സമൂഹത്തെ ഉൾപ്പെടുത്താനുള്ള എളുപ്പമായ ഘടനയാക്കി ഉപയോഗിക്കുന്നു. ആരുടെയെങ്കിലും മാനസിക വ്യാപാരങ്ങളാൽ കൊളുത്തിവലിക്കപ്പെടേണ്ടതല്ല ഒരു സമൂഹത്തിന്റെ വിശ്വാസം. മതങ്ങളുടെ ആന്തരികപ്രചോദനത്തെ ഗ്രഹിക്കുവാൻ വിശ്വാസങ്ങൾക്ക് കഴിയട്ടെ. 

സെപ്റ്റംബർ 26, 2021

വരണ്ടുപോയ ഉറവകൾ

വരണ്ടുപോയ ഉറവകൾ വീണ്ടുമൊരിക്കൽക്കൂടി ഒഴുകിത്തുടങ്ങാൻ തലമുറകൾ തപസു ചെയ്തു കാത്തിരിക്കേണ്ടി വന്നേക്കാം. തേടിപ്പിടിച്ചു കൈക്കുമ്പിളിലെടുത്തു ധന്യതയോടെ കുടിക്കേണ്ടത്ര ജലം എവിടെയെങ്കിലുമൊക്കെ കാണാതിരിക്കില്ല. 

പൊട്ടക്കിണറുകളെ കാഹളമൂതി ആഘോഷമാക്കിയതിന് തലമുറകൾ ഇനി വിലാപഗീതം പാടും

സെപ്റ്റംബർ 24, 2021

ആരാധനാലയത്തിന്റെ മഹത്വം

ആരാധനാലയത്തിന്റെ മഹത്വം അതിലുള്ള ദൈവാരാധനയാണ്. അത്തരം ആരാധന നടക്കേണ്ട ദേവാലയമാണ്  നമ്മളും, സമൂഹമെന്ന ശരീരവും പ്രപഞ്ചമെന്ന ശരീരവും. ഇവയിലോരോന്നിലും ദൈവം നൽകിയിരിക്കുന്ന വൻ ദാനങ്ങളെ തിരിച്ചറിയുകയും അതിനോട് കൃതജ്ഞത പ്രകാശിപ്പിക്കുകയുമാണ് ആരാധനയുടെ ആദ്യപടി.  ഈ ദാനങ്ങളും കൃതജ്ഞതയും ത്യാഗം ഉൾക്കൊള്ളുന്നു. സ്വയം നൽകുകയെന്നതാണ് ആ ത്യാഗം. അതിൽ കുറഞ്ഞ ബലിയോ കാഴ്ചയോ ഇല്ല. ദാനങ്ങൾ സ്വീകരിക്കുന്നതും, ത്യാഗത്തിൽ അർപ്പിക്കുന്നതും ഒന്ന് മറ്റൊന്നിനു നൽകിക്കൊണ്ടാണ്. മരണം പോലും ഈ നൽകലിലെ ഒരു ഭാഗമാണ്. ഓരോ ത്യാഗവും നമ്മെക്കാൾ അല്പം കൂടി ബൃഹത്തായ നമ്മുടെ സ്വത്വത്തെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. ആരാധന ഉള്ളിലേക്കുള്ള യാത്രയും സ്വയം ശൂന്യവത്കരിച്ചുകൊണ്ട് വിശാലതയിലേക്കുള്ള വളർച്ചയുമാണ്. വളരുന്ന ആരാധനാലയത്തിലേ ദൈവമഹത്വം കുടികൊള്ളുന്നുള്ളൂ. 

സെപ്റ്റംബർ 22, 2021

മൈത്രി

നന്മകളും കുറവുകളും ഉള്ളവരാണ് മനുഷ്യർ. അത് മനുഷ്യ ചരിത്രത്തിലും സംസ്കാരങ്ങളിലും തെളിഞ്ഞു കാണുകയും ചെയ്യുന്നു. പ്രകൃതിയിലും  അതേപോലെ തന്നെ സൗന്ദര്യവും പൂർണ്ണതയും കുറവുകളുമുണ്ട്. എന്നാൽ ഇവയെയൊക്കെയും മുഴുവനായി ഉൾക്കൊള്ളുവാൻ കഴിയുന്നതാണ് ക്രിസ്തുചൈതന്യം. അവയെയൊക്കെയും ഒത്തൊരുമിച്ച് മൈത്രിയിൽ നയിക്കുന്ന ആന്തരികരൂപം തന്നെയാണ് വചനസാരം. സകലതിനും അതിന്റേതായ സ്വഭാവവും ഭംഗിയും ലഭിക്കുന്നതും ആ ചൈതന്യത്താൽത്തന്നെ. അത് പ്രകൃതിയെയും മനുഷ്യചരിത്രത്തെയും സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും നയിച്ചിട്ടുണ്ട്. നന്മകളും പുതിയ തിരിച്ചറിവുകളും നൽകിയിട്ടുണ്ട്. മുന്നോട്ടു നയിക്കുകയും ചെയ്യുന്നു. ഓരോരുത്തരുടെയും ചുരുങ്ങിയ പരിസ്ഥിതിക്കുള്ളിൽ മനുഷ്യൻ ഗ്രഹിച്ചെടുത്ത അറിവുകൾ ആ പരിസ്ഥിതികളുടെ രൂപഭംഗി ഉൾക്കൊണ്ടിട്ടുണ്ടാകാം. അവ പരസ്പരവിരുദ്ധങ്ങളാവേണ്ടവയല്ല. അവ പരസ്പരപൂരകങ്ങളാണ്. മൈത്രി നന്മകളെ വളർത്തും, നന്മകൾ തിന്മകളെ പുറപ്പെടുവിക്കുന്ന ശൂന്യതകളെ നിറച്ചു കൊണ്ട് തിന്മയുടെ ഉത്ഭവം ഇല്ലാതാക്കും. അങ്ങനെ തന്നെയാണ് കുറവുകളിൽ ഓരോരുത്തരും ക്രിസ്തുശരീരത്തിന്റെ കുറവുകൾ നികത്തുന്നത്. പരസ്പരപൂരിതമാകുന്ന ആ മൈത്രിയെ ഉൾക്കൊള്ളാതെ നീതിയോ സമാധാനമോ ആത്മാവിന്റെ ആനന്ദമോ നമുക്ക് മനസിലാക്കാനാവില്ല. രക്ഷാകരകൃത്യവും, അതിന്റെ സമഗ്രതയിൽ ഗ്രഹിക്കാനാവില്ല. അവൻ വഴി സകലവും സൃഷ്ടിക്കപ്പെട്ടു, അവൻ വഴിയല്ലാതെ ഒന്നും രൂപപ്പെട്ടിട്ടില്ല. അപ്പോഴേ ഏകദൈവത്തെയും ഏകരക്ഷകനെയും അതിന്റെ സത്യത്തിൽ തിരിച്ചറിയാനാകൂ.

സെപ്റ്റംബർ 20, 2021

വിശ്വാസങ്ങളുടെ പരിഭാഷ

വിവിധങ്ങളായ മതങ്ങൾ ഇടകലർന്നു ജീവിക്കുന്ന ഒരു സമൂഹത്തിൽ, മതങ്ങൾ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നത് സാംസ്കാരികമായ വ്യത്യസ്തതകളിലെ ചേരായ്മകളെച്ചൊല്ലിയാണ്. ഭൂപ്രകൃതിയും, ജീവിതരീതിയുമെല്ലാം ഒരുമിച്ചു ചേർന്നാണ് ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ലോകത്തെക്കുറിച്ചും ധാരണകളുണ്ടാക്കുന്നത്. അപ്പോൾ മൂല്യങ്ങളും സമ്പ്രദായങ്ങളും വ്യത്യസ്തമാകും. വ്യത്യസ്തസമൂഹങ്ങൾ ഒരുമിച്ചു വസിക്കുമ്പോൾ, വ്യത്യസ്‍തമായ മൂല്യങ്ങളും സമ്പ്രദായങ്ങളും പരസ്പരം അംഗീകരിക്കുവാൻ കഴിയുന്നില്ലെങ്കിൽ അവ സംഘർഷങ്ങളുണ്ടാക്കും. വ്യത്യസ്തതകളിൽ ഒരുപക്ഷേ ഉണ്ടായേക്കാവുന്ന വൈരുദ്ധ്യങ്ങളെ സംഘർഷങ്ങളും  അകൽച്ചകളുമാക്കാതെ പൊതുസമൂഹത്തിലെ ഭാഗമെന്ന നിലയിൽ എപ്രകാരം പരസ്പരം ബലപ്പെടുത്താനും നന്മകളെ അംഗീകരിക്കാനും കഴിയുമെന്നതാണ് ഇന്ന് പ്രധാനം. 

വ്യക്തിയായോ കുടുംബമായോ ജീവിതാവസ്ഥകളിൽ അഭിമുഖീകരിക്കേണ്ടി വരുന്നത് മനുഷ്യനെന്ന സത്യത്തെയാണ്. ഒരു മനുഷ്യനെ പിടിച്ചുലക്കുന്ന നിരവധി സാഹചര്യങ്ങളിലൂടെ നമ്മൾ നടക്കുമ്പോൾ അത്തരം പ്രശ്നങ്ങൾക്ക് സമൂഹനിർമ്മിതി നൽകുന്ന സംവിധാനങ്ങളെ ചെറുക്കേണ്ടത് സമൂഹത്തിന്റെ നിലവിലുള്ള ആരോഗ്യത്തിനും ഭാവിതലമുറയുടെ ഭാവിക്കും ആവശ്യമാണ്. ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ മാത്രമായി കാണാവുന്ന പ്രശ്നമല്ല നമുക്ക് അഭിമുഖീകരിക്കാനുള്ളത്.  മാനുഷികമായ വളർച്ച ഓരോ അംഗത്തിനും ഉറപ്പാക്കുക എന്നത് സമൂഹത്തിന്റെ ചുമതലയാണ്. ആ ചുമതലയുടെ സഹകാരിതയാണ് മതങ്ങളായും മറ്റു സംവിധാനങ്ങളായും ഏറ്റെടുക്കേണ്ടത്. പൊതുവായ സമൂഹത്തിൽ നിന്ന് അകന്നു മാറുന്ന പ്രത്യേക വിഭാഗങ്ങൾ സമൂഹവളർച്ചക്കായി സംഭാവന നൽകുന്നില്ലെന്ന് മാത്രമല്ല, സ്വന്തം സമൂഹത്തിന്റെയും അതിലെ വ്യക്തികളുടെയും മുരടിപ്പാണ് സാധിച്ചെടുക്കുന്നത്.

മാനുഷികമായ വളർച്ച, വ്യക്തിത്വം ജീവിതദർശനം വൈകാരികപക്വത, വ്യത്യസ്തതകളെ മനസിലാക്കാനും അംഗീകരിക്കാനും ആദരിക്കാനുമുള്ള ആർജ്ജവം, പരസ്പരമുള്ള തുറവി ഇവയൊക്കെ ഉൾക്കൊള്ളുന്നു. ബാല്യകാലം മുതൽ പരിശീലിച്ചു തുടങ്ങേണ്ട 'കഴിവുകൾ' ആണിവ. എങ്കിലേ ഉത്തരവാദിത്തത്തോടെയുള്ള ഒരു കുടുംബരൂപീകരണത്തിലേക്കു വഴിതെളിക്കുന്ന വളർച്ച വ്യക്തികൾക്കുണ്ടാകൂ. കുടുംബങ്ങളിൽ അത്തരം വേദികൾ ഇന്ന് ലഭ്യമല്ലെങ്കിൽ പൊതുവായ തലങ്ങൾ അത് ഉറപ്പാക്കണം. ഇത്തരം അടിസ്ഥാന മൂല്യങ്ങളിൽ മതങ്ങൾ എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നത് മതങ്ങളും മതനേതാക്കളും ആത്മാർത്ഥമായി ആത്മശോധന ചെയ്യേണ്ടതാണ്. ഇവയുടെ അഭാവം മൂലം കുടുംബങ്ങളിലുണ്ടാകുന്ന വിള്ളലുകൾ, അവയെ വേണ്ടവിധം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളുടെ അഭാവം എന്നിവ സാമൂഹികമായ ന്യൂന്യതകളാണ്. അതേ അഭാവം രൂപപ്പെടുത്തുന്ന പലതരത്തിലുള്ള തെറ്റിദ്ധാരണകൾ അപക്വമായ വ്യക്തിബന്ധങ്ങളെയും ശാരീരിക ബന്ധങ്ങളെയും 'സാധാരണ'മാക്കുകയും ചൂഷണങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്യുകയാണ്. അത് ആഘോഷമാക്കുന്നവർക്കും ഇരകളാക്കപ്പെടുന്നവർക്കും പ്രേരകഘടകങ്ങളാകുന്നത് എന്തൊക്കെയാണ്? ചിലർക്ക് അത് സാഹസികതയാണോ? ചിലർക്ക് സ്വയം തെളിയിക്കാനുള്ള മാർഗമാണോ? ചിലർക്ക് അത് മത്സരമാകുന്നുണ്ടോ? ചിലർക്ക് പ്രതികാരം ചെയ്യലാണോ? ഏറ്റവും എളുപ്പമുള്ള ആസ്വാദ്യതയാണോ? ഇവയ്ക്ക് സാമൂഹികമായ 'അംഗീകാരം' ലഭിച്ച് സാധാരണമാകുന്നത് എങ്ങനെ? എല്ലാം നന്നായി പോകുന്നെന്ന് മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും കരുതുമ്പോഴും തനിയെ വഹിക്കുന്ന അസ്വസ്ഥതകൾ കൂടുന്നുണ്ടോ? അവയെ അവസരമാക്കുന്ന ആളുകൾ അങ്ങനെ അത് കൈകാര്യം ചെയ്യുന്നു? 

സുസ്ഥിരമാണെന്നു കരുതപ്പെടുന്ന കുടുംബങ്ങൾക്കുള്ളിൽത്തന്നെ ദുരുപയോഗിക്കപ്പെടുന്ന കുഞ്ഞുങ്ങൾ ആ ഭാരം വഹിക്കേണ്ടത് ജീവിതകാലം മുഴുവനുമാണ്. സൗഖ്യാന്തരീക്ഷം സൃഷ്ടിക്കേണ്ട സമൂഹം വിഘടിച്ചു കഴിയുന്ന പല സംവിധാനങ്ങളാകുമ്പോൾ ഇത്തരം ഭാരങ്ങൾ ഏറ്റെടുക്കുവാൻ സമൂഹത്തിനു കഴിയില്ല.  മതങ്ങൾക്ക് മാത്രം പരിഹരിക്കാനാവുന്ന സങ്കീര്ണതകളല്ല ഇന്ന് സമൂഹത്തിലുള്ളത്. എന്നാൽ സമൂഹം  ഒത്തൊരുമിച്ചു നേരിടേണ്ടതായ ഒരുപാടു പ്രശ്നങ്ങൾ നമുക്ക്‌ മുൻപിലുണ്ട്. പോലീസ്, ആശുപത്രികൾ, സാമൂഹ്യപ്രവർത്തകർ, രാഷ്ട്രീയനേതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസസ്ഥാപങ്ങൾ എന്നിവയൊക്കെ ഒരുമിച്ചു നിന്നെങ്കിലേ മദ്യം മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകളെ ഫലപ്രദമായി നേരിടുവാനാകൂ. വരും തലമുറകളെക്കുറിച്ചു നമ്മൾ യഥാർത്ഥതയിൽ താല്പര്യമുള്ളവരാണെങ്കിൽ വേർതിരിക്കുന്ന ഘടകങ്ങളെ വ്യക്തിപരമായി കണ്ടുകൊണ്ട് പൊതുരംഗങ്ങളിൽ ഒരുമിച്ചു പ്രവർത്തിയ്ക്കുവാനുള്ള ആത്മാർത്ഥ പരിശ്രമങ്ങൾ ഉറപ്പാക്കാനാവണം. വ്യവസായങ്ങളും അതിന്റെ യന്ത്രവത്കരണവും സമൂഹവ്യവസ്ഥിതിയെ എങ്ങനെ ബാധിച്ചുവോ അതിലും വളരെ അധികം മടങ്ങ്‌ ഇന്ന് കോർപ്പറേറ്റ് രംഗങ്ങളും വിവരസാങ്കേതികരംഗങ്ങളും മനുഷ്യരെ സ്വാധീനിക്കുന്നുണ്ട്. സ്വഭാവത്തിലും കാഴ്ചപ്പാടുകളിലും പെരുമാറ്റങ്ങളിലും ബന്ധങ്ങളിലും നേട്ടമായും കോട്ടമായും അത് മൂല്യവും സംസ്കാരവുമായിമാറിക്കഴിഞ്ഞു. കാലത്തിന്റെ ഈ സമ്മർദ്ദത്തിലേക്കാണ് ഇന്ന് മതങ്ങൾക്ക് വിശ്വാസത്തെ പരിഭാഷ ചെയ്യേണ്ടത്. എന്നാൽ മതങ്ങളുടെ ഇടപെടലുകൾ രാഷ്ട്രീയവും സാമ്പത്തികവുമായ സംഘർഷങ്ങളെ പരിലാളിക്കും വിധമാണെങ്കിൽ മതമെന്ന നിലയിൽ വലിയ പരാജയമാണ്.

ഒരുമിച്ചു നില്കുവാനുള്ള അവസരങ്ങളെ ത്വരിതപ്പെടുത്തുകയും സാമൂഹിക വിപത്തുകളെ ഒരുമിച്ചു ചെറുക്കുവാൻ പ്രതിജ്ഞാബദ്ധമാവുകയും ചെയ്യുകയാണ് മതങ്ങൾ ചെയ്യേണ്ടത്. ആരെയെങ്കിലും മാറ്റി നിർത്തിക്കൊണ്ട്  പക്വമായ ഒരു സ്വയാവബോധം വളർത്താനാവില്ല. പൊതുസമൂഹത്തിനുള്ളിലാണ് ഒരു വ്യക്തിസമൂഹം എന്നതുതന്നെ കാരണം. വേണ്ടവിധം സാംസ്കാരികഘടകങ്ങളെ വിലയിരുത്താനുള്ള കഴിവില്ലായ്മ, പുനർനിർമ്മിതിക്കായുള്ള അടയാളങ്ങളെ കാണാനും കേൾക്കാനുമുള്ള മനസില്ലായ്മ എന്നിവയൊക്കെയാണ് ഇന്നുള്ള നിരവധി പ്രശ്നങ്ങൾക്ക് യഥാർത്ഥ കാരണമായുള്ളത്. 

എല്ലാം ആഴമായി അറിയുവാനും പഠിക്കുവാനും ആർക്കും കഴിയില്ല. എങ്കിലും വ്യത്യസ്തമായ മതങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും ലോകചരിത്രത്തെക്കുറിച്ചും പൊതുവായ അറിവിനായി താല്പര്യം ജനിപ്പിക്കുക എന്നത് നേതാക്കളും അധ്യാപകരമായവർ വരും തലമുറയ്ക്ക് നൽകുന്ന വലിയ കാഴ്ചയാണ്. സ്വന്തം തനിമയെക്കുറിച്ചുള്ള ബോധ്യം പക്വമാകുവാൻ അത് പ്രധാനവുമാണ്. എന്നാൽ, അതിനു വിപരീതമായി അത്തരം വായനകൾ തെറ്റാണെന്നു പഠിപ്പിക്കുന്ന മതം സമൂഹം മുഴുവനോടും ചെയ്യുന്ന അനീതിയാണത്. ബോധ്യങ്ങളുടെ കുറവുകൊണ്ടോ വേണ്ട അറിവില്ലാത്തതുകൊണ്ടോ മാത്രമല്ല പലപ്പോഴും വിശ്വാസത്തിൽ ചഞ്ചലചിത്തരാകുന്നത്. ദിവ്യഗ്രന്ഥ പാരായണരീതി പരിശീലിക്കാത്തതുകൊണ്ടാണ്. ഉദാഹരണത്തിന് ബൈബിൾ സംബന്ധമായി സ്വന്തം മനസ്സിൽ ഉയരുന്നതോ ആരെങ്കിലും ഉന്നയിക്കുന്നതോ ആയ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ഇല്ലാതെ പോകുന്നത്, അത് ചരിത്രപരവും സാംസ്കാരികവും സാഹിത്യപരവുമായ പശ്ചാത്തലങ്ങളെ പരിഗണിച്ചുകൊണ്ട് എങ്ങനെ വായിക്കണമെന്ന് സഭ പഠിപ്പിക്കുന്നത് പരിശീലിക്കാതെ അക്ഷരാർത്ഥത്തിലെടുക്കാനും വ്യാഖ്യാനിക്കാനും പരിശീലിച്ചെടുത്തതുകൊണ്ടാണ്. സഭയുടെ മാർഗ്ഗനിര്ദേശങ്ങളെ പാടെ അവഗണിക്കുന്ന സ്വയംപ്രേരിത വെളിപാടുകൾ സ്വതാല്പര്യപ്രകാരം വ്യാഖ്യാനിച്ചു പഠിപ്പിക്കുന്നതും വിശ്വാസത്തിന്റെ വ്യക്തമായ ധാരണകൾക്കു സഹായകമല്ല. ഗ്രന്ഥം, പാരമ്പര്യം ഇവ തമ്മിലുള്ള ബന്ധം, അവയിലുള്ള തുടർച്ചയും പുതുമയും എന്നിവ മനസിലാക്കാൻ നമുക്ക് കഴിയണം. മതപഠനവും വേദഗ്രന്ഥവായനയും തത്തയുടെ പാരായണമല്ല. സാംസ്കാരികസാമൂഹിക പശ്ചാത്തലത്തിൽ വെച്ചുകൊണ്ട്  അവയിലെ ആന്തരിക പ്രചോദനങ്ങളെ കണ്ടെത്താൻ കഴിയുന്നെങ്കിലേ അവിടെ ദൈവികമായ അനുഭവമുണ്ടാകൂ. നന്മയിലേക്കുള്ള അനുധാവനമുണ്ടാകൂ. 

സംഘർഷങ്ങളുടെ കാലത്ത് നിന്ന് മാറി സ്വയം ഉണർവ് തേടേണ്ട സമയത്താണ്  നമ്മൾ ഇന്ന്. പ്രചോദനങ്ങൾക്ക് ഉറവിടമായുള്ളത് ഭൂമി തന്നെയാണ്. ഭൂമിയെ അറിഞ്ഞുകൊണ്ട് മാത്രമേ മനുഷ്യനെയും മനുഷ്യൻ്റെ ചരിത്രത്തെയും സംസ്കാരത്തെയും അറിയാനാകൂ. മനുഷ്യൻ്റെ ഹൃദയസ്പന്ദനം അറിഞ്ഞെങ്കിലെ ഭാവിയിലേക്കുള്ള മനസാക്ഷിയെ ഒരുമിച്ച് തിരിച്ചറിയാനാകൂ. അല്ലെങ്കിൽ, നമ്മൾ വെട്ടി മരിക്കും, ദൈവത്തെക്കുറിച്ച് എന്ന് തെറ്റിദ്ധരിച്ചുകൊണ്ട് വിഷമുള്ള ഭ്രാന്ത് പിടിച്ചു ബാക്കിയുള്ളവരും. 

സന്മനസ്സുള്ളവർക്ക് സമാധാനം!

സന്മനസ് നിർമിക്കാൻ കഴിയാത്ത മതവും സമൂഹവും എങ്ങനെ മനുഷ്യന് പ്രത്യാശ പകരും? 

സെപ്റ്റംബർ 18, 2021

വിളവെടുക്കാൻ

മേനി പറഞ്ഞു തണ്ടു വീർത്തു വിളയിൽ കതിരില്ലാതെ ഏറെ പതിരായി. യജമാനൻ വിളവെടുക്കാൻ വന്നപ്പോൾ ധാന്യമായി ശേഖരിക്കാൻ കുറെ തിനയും രാഗിയും മാത്രം.

സെപ്റ്റംബർ 17, 2021

വിശ്വാസത്തിന്റെ മനുഷ്യാവതാരം

ഏതൊരു മതവും കടന്നു പോന്ന വഴിയിൽ തേരോട്ടവും പിടിച്ചടക്കലും കീഴടങ്ങലും എല്ലാം സംഭവിച്ചിട്ടുണ്ട്. രാജഭരണ കാലത്തെ ഭരണരീതിയും പെരുമാറ്റച്ചട്ടങ്ങളും കൊട്ടാരത്തിലെ സമ്പ്രദായങ്ങളും മതവിശ്വാസങ്ങളിലെ രൂപകങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ പ്രതീകങ്ങളിൽ അവ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ആചരണങ്ങളെ വിശ്വാസമായി തെറ്റിദ്ധരിക്കുന്ന അബദ്ധം നമുക്ക് വരാറുണ്ട്. മനുഷ്യനും മനുഷ്യന്റെ ചിന്തകളും മാറിയെന്നു നമ്മുടെ തന്നെ വിശ്വാസത്തോട് സ്വയം പറഞ്ഞുതുടങ്ങുകയാണ് വേണ്ടത്. വ്യക്തിസ്വാതന്ത്ര്യവും സമത്വവും പങ്കുചേരലും സഹകാരിതയും ഉദാത്തമായി തിരിച്ചറിയപ്പെടുന്ന ഈ കാലത്ത് വിശ്വാസത്തിനും മതഘടനകൾക്കും പുതിയ രൂപങ്ങൾ തീർച്ചയായും ഉണ്ടാവണം. ഭരിക്കുന്ന രാജാധികാരത്തിനു പകരം പങ്കുവയ്ക്കുന്ന സർഗാത്മകത ഒരുമിച്ചൊരു ശക്തിയാകുമ്പോൾ അതിനെ ബലപ്പെടുത്താനുതകും വിധം പുതിയ പ്രതീകങ്ങളും ആചാരണരീതികളും സമ്പ്രദായങ്ങളും ഉടലെടുക്കും. രാജഭരണ രീതി ഭരിക്കാനാഗ്രഹിക്കുന്നവരെ സുഖകരമായ അവസ്ഥയിൽ നിലനിർത്തുന്നതിനാൽ ക്രിയാത്മകമായ പങ്കുവയ്ക്കലുകളിലേക്ക് തങ്ങളുടെ തന്നെ മതത്തെ അനുവദിക്കുവാൻ മതനേതാക്കൾ തയ്യാറായേക്കില്ല. അതിനുവേണ്ടി ദൃഢമാക്കപ്പെടുന്ന 'പാരമ്പര്യങ്ങൾ' വിശ്വാസത്തിന്റെ തലമല്ല, രാഷ്ട്രീയത്തിന്റെ തലമാണ്. 

സെപ്റ്റംബർ 16, 2021

ക്രിസ്തുശിഷ്യൻ

ദൈവരാജ്യത്തിന്റെ മക്കളിലേക്കു അവതീർണ്ണനാകുവാൻ ക്രിസ്തുവിനു ഗോതമ്പ് മണിപോലെ വീണു അഴുകണമായിരുന്നു. സുവിശേഷഭാഗ്യങ്ങളുടെ ആളുകളാണ് ദൈവരാജ്യത്തിന്റെ മക്കൾ. അവരിലേക്ക്‌ ഒന്നാവുക എന്നാൽ സ്വയം ഇല്ലാതാകുന്ന സ്നേഹത്തിലേ സാധ്യമാകൂ. ക്രിസ്തു എങ്ങനെയാണ് അവരെ സ്വന്തമാക്കിയത്, ദരിദ്രരെ, വിശക്കുന്നവരെ, വിലപിക്കുന്നവരെ, സമാധാനം സ്ഥാപിക്കുന്നവരെ, നീതിക്കു വേണ്ടി വിശന്നു ദാഹിച്ചു വലയുന്നവരെ. ഈ ശിശുക്കളിലൊരുവനെ നിങ്ങൾ    സ്വന്തമാക്കുന്നെങ്കിൽ നിങ്ങൾ വലിയവരായിരിക്കും.

ജീവന്റെ സമൃദ്ധി നൽകുവാനാണ്‌ ക്രിസ്തു വന്നത്. ദൈവമക്കളുടെ സ്വാതന്ത്ര്യവും ആ സമൃദ്ധിയിലുണ്ട്. അവൻ പകർന്നു നൽകിയ സൗഖ്യത്തിലും അവൻ പഠിപ്പിച്ചതിലും നീതിയും, സമാധാനവും സ്വാതന്ത്ര്യവും ലക്ഷ്യമായിരുന്നു. ചൂഷണസംവിധാനങ്ങൾക്കു സൗകര്യപ്രദമായിരുന്ന വിശ്വാസങ്ങൾക്കും സമ്പ്രദായങ്ങൾക്കും അത് ഒരു വലിയ വെല്ലുവിളിയായി. ക്രിസ്തു വിഭാവനം ചെയ്ത സ്വാതന്ത്ര്യം അധികാര സംവിധാനങ്ങൾക്ക് അസഹനീയമായ ഭാരമായിരുന്നു. ഈ സമീപനരീതിയും അതുണ്ടാക്കുന്ന സംഘർഷങ്ങളും ക്രിസ്തു ശിഷ്യത്വത്തെക്കുറിച്ചു നൽകുന്ന പ്രബോധനങ്ങളിലും നിർണ്ണായകഘടകമാണ്.

സുവിശേഷഭാഗ്യങ്ങളുടെ മനുഷ്യർക്കുവേണ്ടി, ഫലം പുറപ്പെടുവിക്കേണ്ട ഗോതമ്പ് മണിയായി അഴുകാൻ ഉറപ്പിക്കുന്നതിനാൽ ക്രിസ്തു അനേകരുടെ ശത്രുവായി. അവർക്കായി ദൈവരാജ്യത്തിൽ വിരുന്നൊരുക്കാൻ തയ്യാറാകുന്നോ എന്നതാണ് ശിഷ്യത്വത്തിലെ വലിയ വെല്ലുവിളി. സ്വയം ശൂന്യമാക്കിക്കൊണ്ട് ദൈവരാജ്യത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുക എന്നതാണ് ക്രിസ്തുവിന്റെ വിളി. അനുദിനമായ കുരിശുകളുമെടുത്തു നടന്നു സമൃദ്ധമായ വിളവ് നൽകാനുള്ളതാണ് ആ വിളി. ഗുരുവിനെപ്പോലെ ജീവൻ സമൃദ്ധമായി ചൊരിയാൻ, സൗഖ്യവും ഐക്യവും സാഹോദര്യവും വളർത്താനാണ് ആ ശിഷ്യത്വം. ക്രിസ്തുവിനെ അനുയാത്ര ചെയ്യുന്നവനും ക്രിസ്തുരൂപമുള്ളവനുമാണ് ക്രിസ്തുശിഷ്യൻ. ക്രിസ്തുശിഷ്യനാകുവാൻ ഒരുവൻ ഹിന്ദുവിരോധിയോ മുസ്ലിംവിരോധിയോ ആവരുത്. ഹിന്ദുവിരോധിയോ മുസ്ലിംവിരോധിയോ ആയതുകൊണ്ട് ഒരാൾ ഒരിക്കലും ക്രിസ്തുശിഷ്യനാവില്ല.

"എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ സ്വയം പരിത്യജിച്ച് കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ." anti-Islam, anti-ഹിന്ദു ഒക്കെ ആയിക്കൊണ്ട് നിങ്ങൾ നിങ്ങളെ വാഴ്ത്തിക്കൊള്ളൂ. പക്ഷെ നിങ്ങൾക്ക്  എന്നോടുകൂടെ പങ്കില്ല. മിശിഹായിൽ ആർക്കു പങ്കുചേരണം അല്ലേ ? സാരമില്ല. നീ ചെയ്യാനിരിക്കുന്നതു വേഗം പോയി ചെയ്യുക. 

ദൈവത്തിന്റെ നീതിയെക്കുറിച്ചും പരിപാലനയെക്കുറിച്ചും കൃത്യമായി അറിയാവുന്നവർ നീതിമാനെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നത് ദയനീയമാണ്. ഒരു പക്ഷേ അവരുടെ നീതിമാർഗ്ഗത്തിൽ അയാൾ സഞ്ചരിക്കാത്തതു കൊണ്ടാകാം. ദൈവം അവനെ രക്ഷിച്ചുകൊള്ളുമെന്ന വിശ്വാസത്തിൽ അവർ അവനെ കൊന്നു കളയാനും മടിക്കില്ല. അപരനാക്കി ശത്രുവാക്കിയവൻ സ്വന്തമാക്കപ്പെടേണ്ട 'എളിയവരിൽ ഒരുവനോ' 'ശിശുവോ' ആകാൻ യോഗ്യനല്ല. അവനോടൊത്തു നിൽക്കുന്ന ദൈവം പോലും വികൃതനാക്കപ്പെടും, കൊല ചെയ്യപ്പെടും. നീതിബോധത്തിന്റെ വാർപ്പുരൂപങ്ങൾതന്നെ സ്വയം സംരക്ഷിക്കുവാനും വധിക്കുവാനും വേണ്ട ഗൂഢാലോചന നടത്താനുള്ള മാർഗരൂപമാകുന്നു.


സെപ്റ്റംബർ 15, 2021

Religious illiteracy

 Religious illiteracy എന്നത് ഒരു വിശ്വാസപ്രശ്നമായല്ല, ഒരു സാമൂഹികപ്രശ്നമായാണ് കരുതേണ്ടത്. സ്വയം നിലനിൽപിന് വേണ്ടിയോ ലാഭങ്ങൾക്കു വേണ്ടിയോ അധികാരവർഗ്ഗത്തെയോ മറ്റോ പ്രീതിപ്പെടുത്താനായി വിശ്വാസത്തിലും നിലപാടുകളിലും സന്ധി ചെയ്യുന്നതിനെ വിശ്വാസതകർച്ചയേക്കാൾ ശുഷ്കമായ രാഷ്ട്രീയ അടിയറവായി കാണണം. അതിൽനിന്നു വ്യത്യസ്തമായി, വിവിധ മതങ്ങൾ തമ്മിൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന സംവാദത്തിന്റെ ലക്ഷ്യങ്ങൾ നിലനിൽപ്പോ ലാഭങ്ങളോ അല്ല. സ്വന്തം വിശ്വാസത്തിൽ ഉറച്ചു നില്കുന്ന ബോധ്യങ്ങൾ ആഴപ്പെടും വിധം വിവിധകോണുകളിൽ നിന്ന് സ്വന്തം വിശ്വാസത്തെയും മതത്തെയും അറിയുക, മറ്റു മതങ്ങളുടെ ഉത്ഭവപ്രചോദനങ്ങളും മൂല്യങ്ങളും ദർശനങ്ങളും എപ്രകാരം നമ്മെ സ്വന്തം വിശ്വാസത്തിൽ ദൃഢപ്പെടുത്താനാകും എന്ന് ധ്യാനിക്കുക, പൊതുനന്മയും സൗഹാർദ്ദവും വളർത്താൻ പൊതുവായ പ്രയത്നങ്ങളിൽ ഒരുമിച്ചു പങ്കാളികളാവുക, മതാത്മകമായ അജ്ഞത ഇല്ലാതാക്കാൻ ശ്രമിക്കുക എന്നിവ പരിഗണിക്കാം. 

നിങ്ങളൊക്കെ വടക്കേന്ത്യയിൽ ജോലി ചെയ്യുന്നവരല്ലേ? ഒത്തിരി പൂജകളൊക്കെ നടക്കുന്നതു കൊണ്ട് തിന്മകളുടെ സ്വാധീനം ഏറെയുള്ളതുകൊണ്ടാണ് നിരവധി പ്രശ്നങ്ങളും രോഗങ്ങളും എന്ന് പറഞ്ഞിരുന്ന ധ്യാനകേന്ദ്ര കൗൺസിലർമാരുണ്ട്. ചര്മരോഗങ്ങളും, വയറിലെ മാറാത്ത അസ്വസ്ഥതയും, മുഖത്തെ വെള്ളപ്പാണ്ടും വന്നത് ഗണപതി ഉത്സവത്തിനു ശേഷം കൂട്ടുകാർ കൊണ്ടുവന്ന ലഡു കഴിച്ചതുകൊണ്ടാണെന്നും വെളിപാട് സ്വീകരിച്ച പലരെയും കേട്ടിട്ടുണ്ട്. മുൻപുണ്ടായിരുന്ന വാടകക്കാർ ദുർഗാപൂജ ചെയ്തതിന്റെ പുകക്കറ  ഭിത്തിയിൽ ഉള്ളതിനാൽ പ്രശ്നങ്ങൾ വരുന്നതു കൊണ്ട് ഭിത്തിയുടെ തേപ്പു മുഴുവൻ മാറ്റാൻ ആത്മീയ ഉപദേശം സ്വീകരിച്ച ദൗർഭാഗ്യരുണ്ട്. സഭയിലുള്ള പ്രശ്‌നങ്ങൾക്കെല്ലാം കാരണം സഭക്കെതിരെ ആരൊക്കെയോ ശിവപൂജ നടത്തിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ് എന്ന് പറഞ്ഞ പ്രശസ്തനായ പ്രഘോഷകനുണ്ട്.  ഇപ്പോൾ ഏതായാലും ഒന്നാം പ്രമാണം ഹിന്ദു ദൈവങ്ങളെ മാറ്റി നിർത്തിയെന്നു തോന്നുന്നു. ദുർവ്യാഖ്യാനിച്ചു വിഗ്രഹമാക്കപ്പെട്ട ഒന്നായിരുന്നു ഒന്നാം പ്രമാണം. അജ്ഞത, കപടത, വരണ്ടുണങ്ങിയ സ്ഥാപനഘടന സൃഷ്ടിക്കുന്ന നിർജ്ജീവാവസ്ഥ, നഷ്ടപ്പെടുന്ന ദൈവാശ്രയബോധം മൂലം ഉണ്ടാകുന്ന പരിഭ്രാന്തി, വേണ്ടവിധം സാംസ്കാരികഘടകങ്ങളെ വിലയിരുത്താനുള്ള കഴിവില്ലായ്മ, പുനർനിർമ്മിതിക്കായുള്ള അടയാളങ്ങളെ കാണാനും കേൾക്കാനുമുള്ള മനസില്ലായ്മ എന്നിവയൊക്കെയാണ് ഇന്നുള്ള പ്രശ്നങ്ങൾക്ക് യഥാർത്ഥ കാരണം. 

സെപ്റ്റംബർ 14, 2021

തിന്മയാഗ്രഹിക്കുന്ന ഞാൻ

എനിക്ക് ശത്രുക്കളായവരും ദൈവത്തിനു മക്കളല്ലെ? ഞാൻ 'ശത്രുസംഹാരത്തിനായി' പ്രാർത്ഥിച്ചാൽ ദൈവം അത് നിറവേറ്റുന്നതെങ്ങനെ? "ഇരു കൂട്ടരെയും രമ്യതപ്പെടുത്തുന്ന" അനുരഞ്ജനത്തിലൂടെ മിത്രതയിലേക്കു നയിച്ചുകൊണ്ടല്ലേ ദൈവം ശത്രുതകൾ ഇല്ലാതാക്കുന്നത്. 

ശത്രുവിന് തിന്മയാഗ്രഹിക്കുന്ന ഞാൻ ഉചിതമായല്ല പ്രവർത്തിക്കുന്നത്. നന്മയുടെ വളർച്ചയേ തിന്മയെ ഇല്ലാതാക്കൂ. ധാർമ്മികനെന്ന് സ്വയം കരുതുന്ന ഞാൻ തന്നെ തിന്മ നാശമാഗ്രഹിക്കുന്നെങ്കിൽ അത് ഫലമുണ്ടാക്കില്ല.

സെപ്റ്റംബർ 13, 2021

വിശ്വാസത്തിന്റെ ഫലദായകത്തം

എന്ത് വിശ്വസിക്കണമെന്നു ചക്രവർത്തി ഉത്തരവിടുന്നുവോ അതാണ് എന്റെ വിശ്വാസം എന്ന തരത്തിലുള്ള സാമ്രാജ്യത്വത്തിലെ കീഴ്വഴങ്ങൽ പ്രക്രിയ വിശ്വാസത്തിന്റെ ഫലദായകത്തം നിർവഹിക്കില്ല.  കല്പിക്കപ്പെടുന്നത് വിശ്വസിക്കുന്നതുകൊണ്ടു അത് ജീവിതത്തിലേക്ക് വരണമെന്നില്ല. ജീവിതത്തിന്റെ സമഗ്രതക്കു ആകമാനം നവരൂപം നൽകി നയിക്കുന്ന ജീവനും മാതൃകയും പരമമായ ലക്ഷ്യവുമായി ക്രിസ്തു മാറപ്പെടുന്നതാണ് ക്രിസ്തീയ വിശ്വാസം. വ്യക്തിക്കോ സമൂഹത്തിനോ സംഘടനാ സംവിധാനത്തിനോ അത് നഷ്ടപ്പെടുമ്പോൾ അതിനെ ക്രിസ്തീയമെന്നു കരുതാനാവില്ല. 

യേശു ചെയ്ത അത്ഭുതങ്ങൾക്കും സൗഖ്യങ്ങൾക്കും വിശ്വാസത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്നു. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അവർ ദൈവത്തെ സ്തുതിച്ചു എന്നും നന്ദി പറഞ്ഞു എന്നുമൊക്കെ പറഞ്ഞിരിക്കുന്നത് ആ വിശ്വാസത്തിന്റെ ആദ്യ പടികളിലേക്കുള്ള സൂചനയാണ്. വിശ്വാസം ശിഷ്യത്വത്തിലേക്കും ശിഷ്യത്വം ക്രിസ്തുരൂപീകരണത്തിലേക്കും നയിക്കണം.

അത്ര ലളിതമല്ല എങ്കിലും ആ പ്രക്രിയ നമ്മിലും സമൂഹത്തിലും ആഗ്രഹിക്കുക എന്നത് നമ്മിലെ തുറവിയാണ്. ദൈവകൃപയാണ് നമ്മെ നയിക്കുന്നത്. ക്രിസ്തുവിന്റെ മനോഭാവം നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. എന്നാൽ അത് ഒരു ഉത്തരവല്ല, രൂപാന്തരണമാണ്. നമ്മുടെ പ്രവൃത്തികളും സമീപനങ്ങളും കണ്ട് ആരൊക്കെ ദൈവത്തെ സ്തുതിക്കുന്നുണ്ട്? ആരൊക്ക ദൈവത്തിനു നന്ദി പറയുന്നുണ്ട്? എല്ലാവരെയും തന്നിൽ ഉൾക്കൊള്ളുന്ന ഭവനമാണ് ക്രിസ്തു, സകല ചിന്താധാരകളെയും വിശ്വാസങ്ങളെയും പ്രപഞ്ചസത്യങ്ങളെയും കോർത്തിണക്കുന്ന സത്യമാണ് വചനം. നിന്റെ ഹിതം പോലെ ഭവിക്കട്ടെ, അങ്ങയുടെ ഹിതം ഭൂമിയിലാവട്ടെ എന്നൊക്കെ ഹൃദയത്തോടെ പറയുമ്പോൾ വിവിധങ്ങളായ  ദൈവപ്രവൃത്തികളോടുള്ള നമ്മുടെ തുറവി കൂടിയുണ്ട്. ഒരു പക്ഷെ പലതും നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്തത് പോലുമാകാം. എന്നാൽ അത് അംഗീകരിക്കാൻ കഴിയുമ്പോഴേ വിശ്വാസം നമ്മെത്തന്നെ തുറക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്നുള്ളു.

മനുഷ്യന്റെ വക്രതയനുസരിച്ചു നിർവചിക്കപ്പെടുകയോ വിവേചിക്കപ്പെടുകയോ ചെയ്യേണ്ടതല്ല ദൈവഹിതം. കപടമായ ആത്മീയസങ്കല്പങ്ങൾ പലപ്പോഴും ദൈവഹിതത്തിനു തടസ്സമാകുന്നെന്നു മാത്രമല്ല, തീർത്തും ദൈവഹിതമല്ലാത്തതിനെ വിശ്വാസമായും പ്രാർത്ഥനയായും ആത്മീയതയായും മതമായും അവതരിപ്പിക്കുകയും ചെയ്യും. 

തെളിമയുള്ള ബോധത്തിലും, എളിമയോടെ കേൾക്കാനുള്ള തുറവിലും മാത്രമേ ദൈവഹിതം വെളിപ്പെടൂ. അറിവിന്റെ വരത്താൽ ദൈവഹിതമറിഞ്ഞു നടക്കുന്നവരുമുണ്ട്.  പൊതുവായ നന്മയും ഐക്യവും  ഉളവാക്കുന്നവയിലാണ് ദൈവഹിതം. വിശുദ്ധമായ ഹൃദയത്തിലേക്കും ജീവിതക്രമത്തിലേക്കും നയിക്കുന്ന സമീപനങ്ങളെ ആന്തരികസമാധാനത്തിൽ നട്ടു വളർത്തുക എന്നതാണ് ദൈവഹിതം. സമാധാനത്തിലേക്കും നയിക്കാത്തത് എന്തായാലും അവയിൽ ദൈവഹിതമില്ല. ശാന്തതയും അനുരഞ്ജനത്തിനും മീതേ ജീവന്റെ അനുഭവമാണ് സമാധാനം. സമഗ്രതയിലേ അത് സംജാതമാകൂ. 

....................................................... 

അവൻ മാറ്റി നിർത്തി പറഞ്ഞു: "ദൈവരാജ്യത്തിൽ നിന്നിറങ്ങി വന്ന തനിക്കു ഇവിടെ ചവിട്ടിനിൽക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ചൊന്നും അത്ര പിടിയില്ല. നീ പറയുന്ന സ്നേഹമൊന്നും ഇവിടെ ശരിയാവില്ല. പിന്നെ അവിടെ അന്നത്തെ ആ ഠ വട്ടത്തെ ലോകവുമല്ല, കാലവും മാറി. നീ കുരിശും പിടിച്ചുകൊണ്ടു നടന്നു കൊള്ളൂ. ഞങ്ങൾക്ക് ഞങ്ങളുടെ വഴി നോക്കണം. അതിനു ഞങ്ങൾ വേണമെങ്കിൽ തെളിവുകളും നിരത്തും. ആവശ്യമുള്ളപ്പോൾ നിന്റെ പേര് വേണ്ടപോലെ ഞങ്ങൾ ഉപയോഗിച്ചുകൊള്ളാം" 

സെപ്റ്റംബർ 10, 2021

ജെറെമിയ പിന്നീട് നിശബ്ദനായി

പറഞ്ഞതും ചുരുളുകളിൽ എഴുതിയതുമൊക്കെ വ്യർത്ഥമായിരുന്നെന്നു അയാൾക്ക് തോന്നി. വ്യാജം പ്രവചിച്ച പ്രവാചകരും നുണകളുടെ വിഷം പകർന്ന പുരോഹിതരും ജനം വഹിച്ചു തുടങ്ങിയ ഇരുമ്പുനുകത്തിന്റെ ഭാരമേറ്റില്ല. വിടവുണ്ടാക്കുന്നവൻ എന്ന പേരിൽ നിന്ന് മാറ്റി പാഷൂർ എന്ന പുരോഹിതന് 'സർവത്രഭീതി' എന്ന പുതിയ പേര് ദൈവം നൽകുന്നെന്ന് അയാൾ പറഞ്ഞു; മരത്തിന്റെ നുകം തകർത്ത് കൊട്ടാരത്തിന് സർവ്വൈശ്വര്യം പ്രവചിച്ചവന് ദൈവം നൽകിയ പേര്.

ദേവാലയം കത്തിയെരിയുന്നതും സംരക്ഷണഭിത്തികൾ തകർന്നു വീഴുന്നതും അയാൾ നിസ്സഹായനായി ദൂരെനിന്നു കണ്ടു. ഈജിപ്തിലെവിടെയോ വച്ച് അയാൾ കല്ലെറിയപ്പെട്ടു എന്ന് പറയപ്പെടുന്നു.
ജെറെമിയ പിന്നീട് നിശബ്ദനായി.

മരണവേദന

 ആധരം കൊണ്ട് യുദ്ധകാഹളം മുഴക്കുമ്പോഴും, ആത്മാവ് മരണവേദനയാൽ ദുഖിച്ചു വിലപിക്കുന്നു. നിരന്തരം ഞെരുക്കപ്പെടുന്ന ആത്മാവ് ശൂന്യമായ ഒരു അന്ത്യം ഭയക്കുന്നു. ധന്യതയോടെയുള്ള കടന്നുപോകലാണ് ഏതൊരു സൃഷ്ടിയുടെയും സർഗ്ഗസൗന്ദര്യം. അങ്ങനെയുള്ള മരണം അന്ത്യമല്ല, കൈമാറ്റമാണ്. അല്ലാത്തത് അതിൽത്തന്നെ ശുഷ്കമായി നശിച്ചുപോകുന്നു. 

ആരാധനയും ബലിയും

പിതാവ് എപ്പോഴും പ്രവർത്തനനിരതനാണ് എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. പിതാവ് എന്നിൽ വസിച്ചുകൊണ്ട് അവിടുത്തെ പ്രവൃത്തികൾ ചെയ്യുന്നു. നമ്മിലൂടെയും പിതാവ് പ്രവർത്തനനിരതനാണ്, എല്ലാവരിലും വ്യത്യസ്തമായ വരങ്ങളിലൂടെ ക്രിസ്തു ശരീരത്തിന്റെ രക്ഷാകരധർമ്മം അവിടുന്ന് തുടരുകയും ചെയ്യുന്നു.

സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന ദൈവം ചക്രവർത്തി പാരമ്പര്യത്തിലെയോ ഗോത്രാധിപ സങ്കല്പത്തിലെയോ രൂപമാണ്. ക്രിസ്തുവിൽ നമ്മൾ കാണുന്ന ദൈവമുഖം നമ്മുടെ കൂടെ വസിക്കുന്ന, സ്വന്തമെന്ന ബന്ധമുള്ള പിതാവാണ്. പരിഹാരങ്ങളർപ്പിക്കേണ്ട, വിദൂരതയിലെ വിധിയാളനല്ല ദൈവം. ചക്രവർത്തിസങ്കല്പം ഇന്നും ഭരിക്കുന്ന നമ്മുടെ മനസുകളെ, ദൈവമക്കൾക്ക് പിതാവിനോടുള്ള സ്നേഹം പരിശീലിപ്പിച്ചെങ്കിലേ ക്രിസ്തു പഠിപ്പിച്ച ആത്മാവിലേയും സത്യത്തിലേയും ആരാധനയും പരിശീലിക്കാനാകൂ.

നമ്മുടെ ആരാധനയും ബലിയും ക്രിസ്തുവിലൂടെയാണ്, ക്രിസ്തുവിലാണ്, ക്രിസ്തുവിനോട് പങ്കുചേർന്നുകൊണ്ടാണ്. അത്തരത്തിൽ ഒരുമിച്ചായിരിക്കുന്ന ഒരു സമൂഹമാണ് ക്രിസ്തു മനസോടെ ആരാധിക്കുകയും, ആ ബലി തുടരുകയും ചെയ്യുന്നത്. അങ്ങനെതന്നെയാണ് ആ ശരീരനിർമ്മിതി സംഭവിക്കുകയും ക്രിസ്തുവിന്റെ വെളിച്ചം കാണപ്പെടുകയും ചെയ്യേണ്ടത്. നമ്മിലായിരിക്കുന്ന, നമ്മോടൊത്തായിരിക്കുന്ന ക്രിസ്തുവിനെ നമ്മുടെ സഭാസമൂഹത്തിൽ അനുഭവിച്ചു കൊണ്ട് ബലിയർപ്പണം നടത്തുകയെന്നതാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ ആഗ്രഹിച്ചത്. ശ്രേണികൾ മാറ്റി നിർത്തിക്കൊണ്ട് ക്രിസ്തുവിൽ ഒന്നായ സഭാസമൂഹം ഒരുമിച്ചു ചേർന്ന് ബലിയർപ്പിക്കുകയും, ഓരോരുത്തരുടെയും ശുശ്രൂഷാപരവും വ്യക്തിപരവുമായ വരദാനങ്ങളെ ഉപയോഗിച്ചുകൊണ്ട് അനുദിനജീവിതത്തിൽ ആഘോഷമാക്കുകയും ഫലപൂർണ്ണമാക്കുകയും ചെയ്യുകയെന്നതാണ് നമ്മൾ ആഗ്രഹിക്കുന്നത്. 

സെപ്റ്റംബർ 09, 2021

പകരക്കാരൻ ക്രിസ്തു

പകരക്കാരൻ ക്രിസ്തുവിനെ വച്ചുകൊണ്ട് എന്തൊക്കെ നിലനിർത്താൻ ശ്രമിക്കുന്നുവോ അവയൊന്നും നിലനിൽക്കില്ല. വരുംതലമുറയ്ക്ക് വച്ചുകൊടുക്കുന്ന കയ്‌പേറിയ ഭാരമാകും ആ ക്രിസ്തു. ചരിത്രത്തിൽ എപ്പോഴൊക്കെ അത്തരം ക്രിസ്തുവിനെ വാർത്തെടുത്ത് ആധിപത്യശ്രമം നടത്തിയിട്ടുണ്ടോ അപ്പോഴൊക്കെ തകർച്ചയും ജീർണ്ണതയുമായിരുന്നു ഫലം. 

അതിമാനുഷശക്തികളിലല്ല ക്രിസ്തു ദൈവികത വെളിവാക്കിയത്. മാനുഷിക സമ്പർക്കങ്ങളുടെ അനുദിനയാഥാർത്ഥ്യങ്ങളിലാണ് ക്രിസ്തു ദൈവസാന്നിധ്യം പകർന്നത്. വെല്ലുവിളികളുണ്ടാകുമ്പോൾ പോലും, അത്തരം ലാവണ്യങ്ങളെ ചേർത്തുപിടിക്കാൻ കഴിയുക എന്നതാണ് സ്ഥിരതയുടെയും സഹനശീലതയുടെയും അർത്ഥം. ആ നിലനിൽപിന് വേണ്ടിയുള്ള ഒരുക്കവും ഉറപ്പുമാണ് വി. പൗലോസ് പടയാളിയുടെ (ഭടന്റെ) രൂപകത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ആരുടേയും കീഴടങ്ങൽ ആഗ്രഹിക്കുന്ന/ സകലരെയും മുട്ട് മടക്കിക്കുന്ന പട്ടാളരീതി അവിടെ അർത്ഥമാക്കുന്നില്ല. യേശു പറഞ്ഞ 'സർപ്പത്തിന്റെ വിവേകത്തെ' വിഷം നിറക്കാനുള്ള ആഹ്വാനമായി എഴുതിച്ചേർക്കുന്നവർ ക്രിസ്തുവിന് നൽകുന്നത് ഒരു വിഷജീവിയുടെ മുഖമാണ്. അത് നമ്മെത്തന്നെ വിഷലിപ്തമാക്കും. 

സ്നേഹമെന്നാൽ നന്മ കാണുകയും നന്മ തേടുകയുമാണ്. കരുണ, സൗഖ്യം, സഹാനുഭൂതി, സഹവർത്തിത്വം, ക്ഷമ തുടങ്ങിയവ സ്നേഹത്തിന്റെ പല ഭാവങ്ങളായി തെളിയുന്നവയാണ്‌. ഇവയൊക്കെയും ആവശ്യപ്പെടുന്ന നഷ്ടങ്ങൾ ജീവനെ നേടുന്നവയാണ്. ഇവയില്ലാതെ നേടുന്നെന്ന് കരുതപ്പെടുന്നവ ക്ഷയിക്കുന്നവയാണ്. 

പുതിയ മേശയും ബഹളവും

കായേൻ ഒരു ഭയങ്കര ഭക്തനായിരുന്നു. മുറ പോലെ നിഷ്ഠയോടെ ബലിയർപ്പിച്ചു പോന്ന ഒന്നാം തരം ഭക്തൻ. ആബേലിന്റെ കഴുത്തു ഞെരുക്കി കുനിച്ചു നിർത്തി അയാൾ സൗമ്യമായി പറഞ്ഞു: നമ്മൾ സഹോദരരാണ്, ഐക്യത്തിലും സ്നേഹത്തിലും കഴിയേണ്ടവർ. നീയും കറ്റഎടുത്താൽ പോരായിരുന്നോ? നീയെന്തിനാണ് ആടിനെ എടുത്തത്? ഒരേ പോലെ ബലിയർപ്പിക്കാരുന്നല്ലോ, നിനക്കെന്തോ മാനസിക പ്രശ്‌നമാണ്‌. 

കുഞ്ഞുമക്കളെല്ലാംകൂടെ ഒരു പുതിയ കളി കളിക്കുകയാണ്. തീക്കൊള്ളി കൊണ്ട് കുത്തുക കൽചീളുകൊണ്ടു എറിയുക തുടങ്ങിയവയാണ് കളിയിലുള്ളത്. ആഹാ! പുതിയ ഓരോ കളികൾ! താരങ്ങളും, വെളിച്ചപ്പാടും, കുതിരപ്പോരാളികളും ഒക്കെ കണ്ടുകൊണ്ടുനിന്നു. കണ്ടു രസിക്കുന്ന കാരണവരെ പിണക്കരുതല്ലോ! പിന്നെ തല മൂത്ത കാരണവരെല്ലാം കൂടെ അങ്ങ് തീരുമാനിച്ചു, പിള്ളേരെല്ലാം ഒരു വശത്തു നിന്ന് വായുവിൽ കുത്തുക, വായുവിലേക്ക് എറിയുക. താരങ്ങളും, വെളിച്ചപ്പാടും, കുതിരപ്പോരാളിയും ഏറ്റു പറഞ്ഞു. അതേ അതാണ് വേണ്ടത്. 

വേലക്കാർ ചിലർ അടക്കം പറഞ്ഞു " ഞങ്ങൾക്കീ മനഃശാസ്ത്രം ഒന്നും അറിയത്തില്ലാത്തതു കൊണ്ട് മനസുകൾ എങ്ങനെ പ്രവർത്തിക്കുമെന്ന് അറിയില്ലല്ലോ." പണ്ട് പോളിടെക്നിക്കിലൊന്നും പഠിക്കാത്തതുകൊണ്ടു  യന്ത്രങ്ങളുടെ പ്രവർത്തനമറിയാതെ പോയ കോൺട്രാക്ടറുടെ കഥ പോലെയാണത് (തലയണ മന്ത്രം - ശ്രീനിവാസൻ, മാമുക്കോയ). 

കൊട്ടാരത്തിൽ അനുമതിയില്ലാതിരുന്ന ചെറുപ്പക്കാരൻ ആശാരി പണികഴിഞ്ഞു പോവുകയായിരുന്നു. അവർ ദൈവത്തെയും പരാജയപ്പെടുത്തിക്കളഞ്ഞല്ലോ അയാൾ പറഞ്ഞു. ഏതായാലും പെസഹായ്ക്കു ഒരു പുതിയ മേശ വേണമെന്ന് അവർ പറഞ്ഞിട്ടുണ്ട്. 

സെപ്റ്റംബർ 06, 2021

മാതാവ് പ്രശോഭിതയായത്

പരിശുദ്ധ മാതാവ് പ്രശോഭിതയായത് എങ്ങനെയാണ്? 

ക്രിസ്തുവെന്ന സത്യവെളിച്ചത്തിന്റെ പൂർണ ശോഭ തെളിക്കുവാൻമാത്രം ആവശ്യമായതെന്തൊക്കെയാണോ അത് മുഴുവൻ മറിയത്തിലുണ്ടായിരുന്നു എന്നത് കൊണ്ടുതന്നെ. 

സാധാരണ മനുഷ്യരിലൊരുവൾ ആണെങ്കിലും, അവളിലുള്ള കൃപാപൂർണ്ണതയാണ് മറ്റെല്ലാ വിശേഷണങ്ങൾക്കും കാരണമായത്. ക്രിസ്തുവിന്റെ അമ്മ എന്നതിൽ നിന്നാണ് മറ്റെന്തു നിർവചനവും ഉത്ഭവിക്കുന്നത്. ക്രിസ്തുവെന്ന വെളിച്ചം ജീവിച്ചതുകൊണ്ടാണ് ഇരുളിൽ കഴിയുന്നവർക്ക് പുതിയ ദിവസങ്ങളിലേക്കുള്ള ഉദയസൂര്യന്റെ കാണും മുമ്പേ പ്രതീക്ഷ നൽകുന്ന പ്രഭാതനക്ഷത്രമായും, ദിശ കിട്ടാതെ ചുറ്റിത്തിരിയുന്നവർക്ക് വഴികാട്ടിയായി സമുദ്രതാരമായും മാതാവിനെ കാണാൻ കഴിയുന്നത്. 

സൂര്യനെ ഉടയടയാക്കിയ, നക്ഷത്രങ്ങളെ കിരീടമാക്കിയ, ചന്ദ്രനെ പാദപീഠമാക്കിയ ദൈവജനനിയിലെ കളങ്കമില്ലാത്ത തിളക്കം അവളുടെ ഹൃദയത്തിന്റെ സുതാര്യതയിലൂടെയാണ് പ്രശോഭിക്കുന്നത്. ആ വെളിച്ചത്തിന്റെ പൂർണതയിലാണ് മാതാവ് സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും റാണിയായിരിക്കുന്നത്. അതിന് ഒരു വിശ്വരൂപം അണിയേണ്ട ആവശ്യമില്ല. ദൈവേഷ്ടത്തിന്റെ പൂർത്തീകരണത്തിനായുള്ള ആത്മാർത്ഥമായ ഉത്സാഹവും സമർപ്പണവും മതി. ദൈവം മനുഷ്യനായി നൽകുന്ന നല്ല വാക്കുകളുടെ ജീവിതരൂപം പരിശുദ്ധ അമ്മയിൽ കാണാം. അത്തരമൊരു ജീവിതം തുടങ്ങി വയ്ക്കുകയെങ്കിലും ചെയ്യുന്നത് നമുക്ക് ധന്യതയാണ്. "നിന്നിലെ വെളിച്ചം മനുഷ്യർക്ക് മുമ്പിൽ പ്രകാശിക്കട്ടെ." 

മറിയത്തിന്റെ അഭിവാദനം

കേൾവിയിലും സംഭാഷണത്തിലും പരിശുദ്ധ മാതാവ് കുലീനതയും സുതാര്യതയും നിലനിർത്തിയിരുന്നു എന്നത് അനുകരണീയമാണ്. ജീവൻ പകരാൻ കഴിയുന്ന സത്യത്തിന്റെ സ്വാതന്ത്ര്യം ഉള്ളിലുള്ളപ്പോഴെ നന്നായി കേൾക്കുവാനും നന്നായി സംസാരിക്കാനുമാകൂ. കേൾവിയിലുള്ള തുറവിയും ഉപയോഗിക്കുന്ന വാക്കുകളിലെ സത്യവും സംഭാഷണത്തെ സുതാര്യമാക്കുന്നു. മംഗളവാർത്തയും, ബാലനായ യേശുവിനെ തിരികെ കണ്ടെത്തുമ്പോഴും, ജനമധ്യത്തിൽ യേശുവിനെ തിരഞ്ഞെത്തുമ്പോഴും, കാനായിലെ കല്യാണ സമയവും മറിയം എങ്ങനെ കേട്ടു എങ്ങനെ സംസാരിച്ചു എന്നതിനെക്കുറിച്ച് ധ്യാനാത്മകമായ സംഭവങ്ങളാണ്.

വേലിക്കെട്ടുകൾക്കുള്ളിൽ നിന്ന് കൊണ്ട് ആദരവോടെ കേൾക്കുവാനും സുതാര്യതയോടെ സംസാരിക്കാനുമാവില്ല. ക്രിസ്തുതന്നെ വേർതിരിക്കുന്ന മതിലുകളെല്ലാം തകർത്തവനാണ്. സകലതും ആരിലൂടെയും ആർക്കു വേണ്ടിയും സൃഷ്ടിക്കപ്പെട്ടുവോ അവനെങ്ങനെ മതിലുകൾ കെട്ടി എന്തിനെയെങ്കിലും അകറ്റാനാകും? സകലതും അവനിൽ സമന്വയിക്കപ്പെട്ടിരിക്കുന്നതു കൊണ്ട് എല്ലാം അവനിൽ ഉൾക്കൊണ്ടിരിക്കുന്നു, സംസ്കാരങ്ങളും, വിശ്വാസങ്ങളും, ദർശനങ്ങളും എല്ലാം. ഏതെങ്കിലും ജനിമൃതികൾക്കോ നാമരൂപങ്ങൾക്കോ അവനെ മുഴുവനായി വിവരിക്കാനാവില്ല. അവനെ അറിയാൻ ആത്മാർത്ഥമായ കേൾവിയും ഹൃദയം തുറന്ന ധ്യാനവും ആവശ്യമാണ്.

ആ വചനത്തെ ജീവിതത്തിലോ ഉദരത്തിന്റെ വഹിക്കുക എളുപ്പമല്ല. അതിരുകളുടെ അകൽച്ചകൾ വച്ച് സത്വബോധം നിർമ്മിച്ചെടുക്കുന്നവരാണ് നമ്മൾ. അതിരുകൾ മായുംതോറും വചനമെന്ന ക്രിസ്തുബോധം കൂടുതൽ തെളിഞ്ഞു വന്നേക്കും. പരിശുദ്ധ അമ്മ പറഞ്ഞതും കേട്ടതും മനുഷ്യപുത്രന്റെ ജീവിതസത്യത്തിലും തെളിഞ്ഞു കാണാം. മനുഷ്യന്റെ സ്വത്വാവബോധത്തിനുവേണ്ടി നിലപാടെടുക്കുന്നതിനാൽ അവമതിക്കിരയാകുന്ന ഗർഭിണിയായ ഒരു സ്ത്രീ ഈയിടെ പറഞ്ഞതാണ്: "കുഞ്ഞും യാഥാർത്ഥ്യത്തിലൂടെ കടന്നു പോകണം." ഭക്തിയുടെ മായികയിൽനിന്നു മാറ്റിനിർത്തി പരിശുദ്ധ അമ്മയിൽ നിന്ന് അനേകം കാര്യങ്ങൾ പഠിക്കേണ്ടതാണ്.

ആരോട് അല്ലെങ്കിൽ എന്തിനോടൊക്കെയാണ് കേൾക്കുന്നതിൽനിന്നു നമ്മൾ വിമുഖത കാണിക്കാറുള്ളത്? വ്യക്തികളോടോ സംസ്കാരങ്ങളോടോ, വിശ്വാസങ്ങളോടോ ആകാം അത്. കേൾക്കാനുള്ള തുറവിയില്ലാത്തിടത്ത് ഉയരുന്നത് സ്വയം അടക്കുന്ന വന്മതിലുകളാണ്. അത്തരം ഒളിത്താവളങ്ങളിൽ വചനത്തിനായുള്ള ഉദരം രൂപപ്പെടില്ല. സ്വന്തമായതെല്ലാം, അതിൽ നിലനിന്നുകൊണ്ടുതന്നെ മറ്റുള്ളവയിലുള്ള നന്മകളുടെ വെളിച്ചം കൂടി കണ്ടുകൊണ്ട് പ്രശോഭിതമാകുവാനാണ്.

സെപ്റ്റംബർ 04, 2021

പരിശുദ്ധ അമ്മ പാലിച്ച ഭക്തി

 "ഇതാ കർത്താവിന്റെ ദാസി" എന്നത് "അങ്ങയുടെ തിരുവിഷ്ടം പൂർത്തിയാക്കുവാൻ ഞാൻ ഇതാ വരുന്നു" എന്നതിനോട് ചേർത്ത് ധ്യാനിക്കാം. ഒരു അടിമയുടെയോ തോഴിയുടെയോ വിധേയത്വമല്ല മാതാവിലുള്ളത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ പൂർത്തീകരണത്തിനായി ഇഷ്ടപാത്രമായതിലുള്ള കൃതജ്ഞത, അതിൽ നിന്നുള്ള എളിമ അതാണ് ആ വാക്കുകളിൽ.


"ഇവൻ എന്റെ പ്രിയ പുത്രൻ, ഇവനിൽ ഞാൻ സംപ്രീതനായിരിക്കുന്നു" എന്നതിലെ പരിശുദ്ധാത്മ നിറവ് നമ്മിലോരോരുത്തരിലേക്കും ദൈവസ്നേഹം ചൊരിയുകയും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതുമാണ്. 'കൃപ നിറഞ്ഞവൾ,' ആത്മാവിന്റെ നിറവ്, അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും ... തുടങ്ങിയവ ദൈവത്തിന്റെ പ്രിയ മകളായിത്തന്നെയാണ് ദൈവേഷ്ടം നിവർത്തിയാക്കാനായി പരിശുദ്ധ അമ്മ ജീവിതത്തെ തുറന്നു വച്ചത് എന്ന് ധ്യാനിക്കുവാനും നമ്മെ ക്ഷണിക്കുന്നു.

പരിശുദ്ധ അമ്മ പാലിച്ച ഭക്തി മനസ്സിലാക്കാൻ നാല് സംഭവങ്ങളിലേക്ക് നോക്കാം, പരിമിതികൾക്കിടയിൽ ദൈവപുത്രന്റെ ജനനം, ഈജിപ്തിലേക്കുള്ള പലായനം, ബാലനായ യേശുവിനെ തേടി നടന്നു കണ്ടെത്തുന്നത്, കാനായിലെ കല്യാണവിരുന്ന്, കുരിശുമരണ സമയത്ത് അടുത്ത് നില്കുന്നത്. പൂർണ്ണാത്മാവോടും പൂർണ്ണ ഹൃദയത്തോടും സർവ ശക്തിയോടും കൂടെ സ്നേഹിക്കുക, നിന്നെപ്പോലെ അയൽക്കാരെയും സ്നേഹിക്കുകയെന്നവയാണ് യഥാർത്ഥ ഭക്തിയിൽ സുഗന്ധമാകുന്നത്. മാതാവ് പാലിച്ച ഭക്തിയിലെയും വിധേയത്വത്തിലേയും സമർപ്പണവും സ്വാതന്ത്ര്യവും ആനന്ദവും നമ്മുടെ ഭക്തിയിലും വിധേയത്വത്തിലും ഉണ്ടാവട്ടെ.

ദൈവാനുഗ്രഹത്തിന് എളുപ്പവഴികളൊന്നും തന്നെയില്ല.

സെപ്റ്റംബർ 03, 2021

ഞാൻ എന്റെ ദൈവത്തിൽ ആനന്ദിക്കുന്നു

കർത്താവ് നിന്നോട് കൂടെ എന്ന സന്ദേശത്തിൽ നിന്നല്ല പരിശുദ്ധ അമ്മ ആദ്യമായി ദൈവസാന്നിധ്യത്തെക്കുറിച്ച അറിഞ്ഞത്. മാതാവിന്റെ ജീവിതത്തിനുണ്ടായിരുന്ന ധന്യത തന്നെ ആ ദൈവസാന്നിധ്യമായിരുന്നു. "ഞാൻ എന്റെ കർത്താവായ ദൈവത്തിൽ ആനന്ദിക്കുന്നു" എന്നത് താൻ ദൈവമാതാവാകാൻ ദൈവം തിരുവുള്ളമായി എന്നതിനേക്കാൾ, അബ്രാഹത്തോടും സന്തതികളോടും ചെയ്ത വാഗ്ദാനത്തിലെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ദൈവം മനുഷ്യർക്ക് നേരെ മുഖം തിരിച്ചിരിക്കുന്നു എന്നതിലാണ് മറിയത്തിന്റെ ആനന്ദം. എന്നും നമ്മോടു കൂടെയായിരിക്കുന്ന ദൈവസാന്നിധ്യം. ആ മുഖം നമ്മൾ ക്രിസ്തുവിൽ കാണുകയും ചെയ്യുന്നു.

മാലാഖമാരുടെ സംഗീതമല്ല മാതാവിനെ ആനന്ദഭരിതയാക്കിയത്, ജീവിതത്തിൽ പാലിക്കാൻ കഴിഞ്ഞ കൃതജ്ഞതാഭാവത്തിന്റെയും സമർപ്പണത്തിന്റെയും വഴികൾ മറിയത്തിൽ ആനന്ദം നിറച്ചു. വചനം മാംസരൂപമായി, മനുഷ്യരൂപമായി, ബലിവസ്തുവായി; അപ്പോഴും അതേ വഴിയിൽ ദൈവത്തെ അറിഞ്ഞു. അവൾ സകല തലമുറകൾക്കും അനുഗ്രഹമാണ്.  

എല്ലാവരോടും കൈകോർത്തു കൃതജ്ഞതാഭാവത്തിന്റെയും സമർപ്പണത്തിന്റെയും വഴിയേ ദൈവത്തിന്റെ കൂടെ നടക്കാം, ആനന്ദത്തിൽ ജീവിക്കാം. സകല ജനപഥങ്ങളെയും സ്നേഹത്തിൽ ഉൾക്കൊള്ളുവാൻ കഴിയുന്ന ആ ഹൃദയത്തിന്റെ ആനന്ദം ജനപഥങ്ങളിലെ ദൈവസാന്നിധ്യമറിഞ്ഞുകൊണ്ട് അമ്മയോടൊപ്പം നമുക്കും ഉണ്ടാവട്ടെ. 

സെപ്റ്റംബർ 02, 2021

ദൈവസ്വഭാവം - ജീവിതചര്യ

സുഖകരമായതു കേൾക്കാനാണ് നമുക്ക് ആഗ്രഹം. എന്ത് സുഖകരമാകുന്നെന്നത് ഹൃദയത്തെ എങ്ങനെ ഒരുക്കിയിരിക്കുന്നു എന്നതിനെ ആശ്രയിച്ചാവും. കേട്ട് കടന്നു പോകാവുന്ന നിരവധി ശബ്ദങ്ങൾ ചുറ്റിലുമുണ്ട്. ഏതു നമ്മുടെ ഹൃദയം കവരുന്നു എന്നത് വിവേചിച്ചറിയണം.

കൃപ നിറഞ്ഞവളേ  എന്ന അഭിവാദനം പരിശുദ്ധ അമ്മക്ക് സ്വീകാര്യമായത് എങ്ങനെയാണ്? ദൈവവചനം കേട്ട് കടന്നു പോയവരിൽ ഒരാളായിരുന്നില്ല മറിയം, ദൈവസ്വഭാവങ്ങളെ സ്വജീവിതത്തിലെ ചര്യയാക്കിയിരുന്നു നസ്രത്തിലെ മറിയം. അതുകൊണ്ടുതന്നെ കർമ്മനിരതയായിരുന്നു പരിശുദ്ധ മാതാവ്, സ്നേഹപൂർണ്ണയും. ഈജിപ്തിൽ അഭയാർത്ഥിയായപ്പോൾ അവിടുത്തെ കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന ഈശോയെ അമ്മ തടഞ്ഞിട്ടുണ്ടാവില്ല.

സെപ്റ്റംബർ 01, 2021

ഓരോ നോമ്പും

പാപത്തിൽ നിന്നും പാപസാഹചര്യങ്ങളിൽനിന്നും അകലാനുള്ള ഒരു പരിശീലനം കൂടിയാണ് ഓരോ നോമ്പും. ജപമാലയുടെയും ആരാധനയുടെയും മറവിൽ, നോമ്പുകാലങ്ങളിൽ ഹൃദയങ്ങളിൽ കയ്പ്പും ഇരുളും നിറക്കാൻ ശ്രമിക്കുകയാണ് ഏതാനം ഭക്ത ചാനലുകളും അവയിലെ പ്രഭാഷണങ്ങളും. മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും തെറ്റിദ്ധരിപ്പിച്ചു കൊണ്ട് അവ തന്നെ പാപസാഹചര്യമാക്കിത്തീർക്കുകയാണ്. 

ആത്മാർത്ഥമായ ഭക്തിയോടെ മാതാവിന്റെ മുമ്പിൽ ജപമാലയർപ്പിച്ചു പ്രാർത്ഥിക്കുവാൻ നമുക്ക് കഴിയില്ലേ? ജീവിതത്തിന്റെ അവസ്ഥകൾ അതിന്റെ ലാളിത്യത്തിലും സങ്കീര്ണതകളിലും ആ ഹൃദയത്തിൽ അർപ്പിക്കാൻ നമുക്കാവട്ടെ. ഓരോ ദിവസത്തിന്റെയും ധന്യതയിൽ "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു" എന്ന് സ്തുതിക്കുവാൻ നമുക്കാവട്ടെ. പരിശുദ്ധാത്മാവ് നൽകുന്ന ആന്തരിക ചലനം അസ്വസ്ഥത ജനിപ്പിക്കുന്നതല്ല, അത് കാലത്തിനും ജീവിതത്തിനും ദൈവപുത്രന്റെ സാമീപ്യം പകരാൻ നമ്മെ പ്രാപ്തരാക്കുന്നതാണ്. പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ എന്ന് ധ്യാനിക്കുന്ന ഓരോ പുണ്യവും ക്രിസ്തു മുഖത്തു ദൃശ്യമായിരുന്നല്ലോ. മാതാവിലും സംഭവിച്ച ഈ നേർകാഴ്ച നമ്മിലും വന്നു ഭവിക്കട്ടെ. ക്രിസ്തു സമാനതയിലേക്കുള്ള രൂപാന്തരമാണ് വിശുദ്ധി. 

ഓഗസ്റ്റ് 31, 2021

'പരിശുദ്ധർ'

'മറ്റുള്ളവരെ' പാപികളെന്നു വിധിക്കുന്ന 'പരിശുദ്ധർ' ദൈവരാജ്യത്തിൽ പ്രവേശിക്കുക ദുഷ്‌കരമാണ്. അവർ സ്വന്തമായൊരു ദൈവരാജ്യം അവർ തീർക്കുന്ന പരിശുദ്ധിവലയത്തിൽ കെട്ടിയുയർത്തിയിരിക്കുന്നു.

ഓഗസ്റ്റ് 28, 2021

ദൈവത്തിന്റെ ഹൃദയവ്യഥ

മതത്തെ സംബന്ധിച്ച് അപരനെ ദൂരെ നിർത്തുവാൻ മനുഷ്യൻ മുറിവുകളെ തേടുമ്പോൾ, മതം മനുഷ്യനെ അന്ധനാക്കുന്നതിനെക്കുറിച്ചാണ് ദൈവത്തിന്റെ മുറിവ്. അത് എങ്ങനെ മനുഷ്യനെ കപടതയും ദുഷ്ടതയും കൊണ്ട് നിറക്കുന്നു എന്നതാണ് ദൈവത്തിന്റെ ഹൃദയവ്യഥ. വ്യര്ഥമായി അവർ എന്നെ ആരാധിക്കുന്നു,അവരുടെ ഹൃദയം തന്നിൽനിന്നും അകലെയാണ് എന്ന് അവിടുന്ന് പറയുന്നു.

ദൈവത്തെ മാറ്റിനിർത്തുന്ന മതം അതിന്റേതായ കാര്യങ്ങളുടെ പ്രാപ്തിക്കായി ദൈവത്തെയും മനുഷ്യന് ദൈവത്തോടുള്ള ബന്ധത്തെയും വികൃതമാക്കും. മതത്തിലെ സത്യം എന്ന് പറഞ്ഞാൽ അവ പാലിക്കപ്പെടുന്നതാകും. 

മനഃശാസ്ത്രം അനാരോഗ്യകരമായി പരിഗണിക്കുന്ന ഭയം, അവമാനം, കുറ്റബോധം എന്നിവ ഈ ദൈവമനുഷ്യബന്ധത്തെ നിർവചിക്കുന്നതിൽ പ്രധാന ഘടകങ്ങളായി പ്രവർത്തിക്കാറുണ്ട്. സുരക്ഷാ ഉറപ്പാക്കാനായി, പ്രീതിപ്പെടുത്തുന്ന മാർഗങ്ങളെ നിരന്തരം അന്വേഷിച്ചു കൊണ്ട് തീർത്തും 'ആത്മീയ' മനുഷ്യരായവർ സത്യത്തിൽ സേവിക്കുന്നത് അവരുടെ ഭയത്തെത്തന്നെയാണ്. തെറ്റുകളോ പരാജയങ്ങളോ നമ്മെ അപമാനിതരാക്കുമ്പോൾ സ്വയം ഒളിക്കാനുള്ള പ്രവണതകൾ ഉണ്ടായേക്കാം. അവയെ എളിമ വിധേയത്വം ലാളിത്യം തുടങ്ങിയവയായി അവതരിപ്പിക്കുവാനും നമുക്ക് കഴിയും. കുറ്റബോധം വലിയ ഭാരമാണ്. അത് ദൈവകൃപയിൽ സമർപ്പിക്കപ്പെടുന്നില്ലെങ്കിൽ നമ്മെ തീർത്തും ഞെരുക്കിക്കളയും. അപ്പോൾ സ്വയം ശിക്ഷിക്കുന്ന പ്രവണത സ്വന്തം താല്പര്യമായി വളർത്തപ്പെട്ടേക്കാം. വേദന, പരിഹാരം, പ്രായശ്ചിത്തം എന്നിവയാകും ദൈവബന്ധത്തിന്റെ ഏകമാനം.മേല്പറഞ്ഞവയെ പ്രോത്സാഹിപ്പിക്കുന്ന മതപരമായ വർണ്ണനകൾ ഇവക്കു ഏറ്റവും നല്ല വൈകാരിക ആകർഷണം നൽകുകയും ചെയ്യും. പാലിക്കുന്നവർക്ക്‌ ധനനഷ്ടവും, ചൂഷണസംവിധാനത്തിന്റെ  ബലപ്പെടലും കൂടി  അവിടെയുണ്ടാകും.

ദൈവം ഭാരങ്ങളേല്പിയ്ക്കില്ല. ദൈവബന്ധത്തിൽ സ്വാതന്ത്ര്യമാണുള്ളത്. അവിടെ കപടതകൾക്കു സ്ഥാനമില്ല, അലങ്കാരങ്ങളുടെ ആവശ്യവുമില്ല. ഹൃദയത്തിന്റെ ആത്മാർത്ഥതയാണ് ആവശ്യം. ഏതവസ്ഥയിലും ദൈവം നമ്മെ സ്വീകരിക്കുന്നതിനാൽ  ഒരിക്കലും മാറി നിൽക്കേണ്ടതില്ല, എന്തൊക്കെയോ ചെയ്തു കൊണ്ട് പ്രീതി സമ്പാദിക്കേണ്ടതില്ല. ഭക്തികളെ ആരാധിക്കുന്ന ഭ്രമിത വിശ്വാസത്തിലേക്ക് നമ്മൾ വീണുപോകാതിരിക്കട്ടെ. ദൈവം ആഗ്രഹിക്കുന്നത് പരിഹാരമല്ല സ്നേഹമാണ്. അപ്പോൾ മാത്രമാണ് ദൈവം നമ്മുടെ സ്നേഹത്തിനു യോഗ്യനെന്നു നമ്മൾ ഹൃദയം കൊണ്ട് ഏറ്റു പറയുന്നത്. അതാണ് ആരാധനയുടെ അർത്ഥം (weorthscipe - worth-ship).  

മുൻനിരയിൽ സഭയുണ്ടാകണം

ആർക്കൊക്കെ അപ്രീതിയുണ്ടാക്കിയാലും സഭക്ക് അതിനിർണ്ണായകമായ ഒരു ചുവടുവയ്‌പിനുള്ള സമയമാണിത്. സാധ്യമായേക്കാവുന്നതും അർത്ഥപൂര്ണവും കരുണാർദ്രവുമായ ഒരു സമീപനം രൂപപ്പെടുത്തിയെടുക്കാൻ, എല്ലാ തലങ്ങളിലും വിട്ടുവീഴ്ചയില്ലാതെ പ്രകൃതിക്കും മനുഷ്യനും സാമൂഹികനീതിക്കായുള്ള സഭയുടേതായ ഇടം പൂർണമായി ഉറപ്പാക്കുക എന്നതാണ് ആ ചുവട്. ആത്മീയവും പാരിസ്ഥിതികവും സാമ്പത്തികവും രാഷ്ട്രീയവുമായ തലങ്ങളിലെ മാറ്റങ്ങളിലേക്ക് നയിക്കാൻ   മുൻനിരയിൽ സഭ കാണപ്പെടണം. ഈ നവീകരണശ്രമങ്ങൾക്ക് പുതിയ ഇടങ്ങൾ സൃഷ്ടിക്കുന്നതിൽ ബൗദ്ധികമായും ധാർമികമായും സഭയുടെ മുൻകൈയിൽ ലോകത്തിന് പ്രതീക്ഷ വയ്കാനാവും വിധം മാറ്റങ്ങൾ സഭയിൽ ഉണ്ടാവണം.

സംഹിതകളിൽ കാണപ്പെടുന്ന സഹാനുഭൂതിയും കാരുണ്യവും സ്നേഹവും, എന്നാൽ പൊതുരംഗത്ത് അവയിൽ നിന്ന് വ്യത്യസ്തമായി സ്വീകരിച്ചുപോന്ന കൗശലം നിറഞ്ഞ രാഷ്ട്രീയസൂത്രങ്ങളും സഭയെ അതിന്റെ ആന്തരിക സത്തയിൽ തന്നെ മുറിവേൽപ്പിച്ചു കീറിമുറിച്ചിട്ടുണ്ടെന്നു ചരിത്രം നമ്മെ ഓർമിപ്പിക്കുന്നു. ആധുനിക കാലത്തും, സ്റ്റേഡിയം ആരാധനകളിൽ ദൈവത്തിലുള്ള ഏറ്റുപറച്ചിൽ സാമൂഹികമായ തനിമയും രാഷ്ട്രീയമായ പ്രതിബദ്ധതയും കൂടിയായിരുന്നു. അതിനൊത്ത 'യേശുക്രിസ്തുവിനെ' രാഷ്ട്രീയക്കാരും തീവ്രചിന്താഗതിയുള്ള മതവിശ്വാസികളും രൂപപ്പെടുത്തുകയും ചെയ്തു. മറ്റു സംസ്കാരങ്ങളോടും മതങ്ങളോടുമുള്ള അസഹിഷ്ണുത വ്യക്തി-യേശു ബന്ധത്തിന്റെ അടിസ്ഥാന സ്വഭാവമാക്കി അവതരിപ്പിക്കപ്പെട്ടു. അവയുടെ പ്രചാരകർ ഏകദൈവത്തിന്റെ വിശ്വസ്തരായ പ്രവാചകരായി. അത്തരം വിശ്വാസവും ആരാധനയും നമ്മൾ കൂടാരങ്ങളിലേക്കു കൊണ്ട് വന്നപ്പോഴും അതിലെ പോരായ്മകളെ വിവേചിക്കാതെ അനുകരിക്കപ്പെട്ടു.  (അമേരിക്കൻ) ക്രിസ്ത്യൻ zionism, prosperity gospel, religious market തുടങ്ങിയവ വേരിറങ്ങിയത് അറിഞ്ഞും അംഗീകരിച്ചു കൊടുത്തു. വിശ്വാസി എന്നാൽ ആത്മീയ ഉപഭോക്താവ് എന്ന അവസ്ഥയായി. അവയെയെല്ലാം കരിസ്മാറ്റിക് എന്ന ലേബലിൽ ആളുകളെ വഞ്ചിച്ചു. യഥാർത്ഥ കരിസ്മാറ്റിക് നവീകരണത്തെ പാടെ അപ്രസക്തമാക്കി.

രാഷ്ട്രീയ കൊലപാതകങ്ങൾ, സാമ്പത്തികരംഗത്തെ സമകാലീന പ്രവർത്തനശൈലികൾ, ക്രിസ്തീയ-മുസ്ലിം മതവിഭാഗങ്ങൾക്കിടയിൽ പരസ്പര വിദ്വേഷവും പരിഹാസവും വളർത്തുന്ന  പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും ദിനം പ്രതിയുള്ള വർദ്ധന , പാശ്ചാത്യലോകത്തും മധ്യപൂര്വേഷ്യയിലും തീവ്രമായിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക സ്പർദ്ധ, ആഫ്രിക്കയിലെ വംശീയ കലഹങ്ങൾ  എന്നിവ നമ്മൾ നേരിട്ട് കാണുന്ന യാഥാർത്ഥ്യമാണ്. അവയോടുകൂടെ, ലോകത്താകമാനം രൂപമെടുക്കുന്ന പുതിയ യാഥാസ്ഥിതിക / പാരമ്പര്യവാദരൂപങ്ങൾ നേടിയിട്ടുള്ള ആധിപത്യവും അവ വിശ്വാസമാക്കിത്തീർത്ത് അവതരിപ്പിക്കപ്പെടുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളും വെല്ലുവിളിയായി നിൽക്കുന്ന സാഹചര്യമാണ് ഇന്ന് (ഇവയോരോന്നും വിശദമായ പരിഗണന അർഹിക്കുന്നവയാണ്). അധികാരം, മേൽക്കോയ്മ, അധിനിവേശം, അക്രമം എന്നിവ എങ്ങനെ സമൂഹത്തെയും സംസ്കാരത്തെയും വിശ്വാസങ്ങളെയും വികലമാക്കുന്നെന്നു വിശദമായ നിരൂപണം നമുക്ക് ആവശ്യമാണ്. അതുകൊണ്ട് വിശ്വാസം, ഭക്തി, സഭാ സംവിധാനം തുടങ്ങിയവയിലെ മാറ്റുനോക്കി ശുദ്ധീകരിക്കേണ്ടത് സഭക്ക് തന്നെ ജീവിക്കേണ്ടതിനുള്ള ആത്മാർത്ഥമായ ചുവടുവയ്പാണ്.

ആഗോളതലത്തിലുള്ള സമകാലീന സംഭവങ്ങളെക്കുറിച്ച് സൗഖ്യപ്പെടുത്തുന്നതും ജീവൻ പകരുന്നതുമായ ഒരു സാമൂഹികരാഷ്ട്രീയ വിശകലനത്തിനായി ശാന്തിപൂർണ്ണവും സഹാനുഭൂതിയുടേതുമായ പുതിയ പദ്ധതിക്രമം രൂപപ്പെടുത്തിയെടുക്കാൻ സഭക്ക് കഴിയണം. വെറുപ്പും അക്രമവും കലഹവും യുദ്ധവും ചെറുക്കാനും സമൂഹങ്ങൾക്കിടയിൽ സഹവർത്തിത്തവും ഐക്യവും വളർത്തുവാനുമുള്ള സമഗ്രമായ പ്രയത്നങ്ങളാണ് വേണ്ടത്. മുൻനിരയിൽ സഭയുണ്ടാകണം. 

Ref. Guido Giacomo Preparata (eds.) New Directions for Catholic Social and Political Research: Humanity vs. Hyper-Modernity Palgrave Macmillan, 2016


ഓഗസ്റ്റ് 27, 2021

നല്ല മനുഷ്യനും ക്രിസ്ത്യാനിയും

നല്ല സമരായക്കാരൻ ക്രിസ്ത്യാനിയായിരുന്നോ?
അതെ. ക്രിസ്തു ചൈതന്യം ജീവിക്കുന്നവരിൽ ക്രിസ്തുവുണ്ട്.
നല്ല സമരായൻ നല്ല മനുഷ്യനായിരുന്നോ?
അതെ. ക്രിസ്തു ചൈതന്യത്തിന് അത് മതിയായ തുറവിയാണ്.

നല്ല ക്രിസ്ത്യാനി നല്ല സമരയക്കാരനാകണോ?
നല്ല ക്രിസ്ത്യാനി നല്ല മനുഷ്യനാകണോ?
നല്ല ക്രിസ്ത്യാനി നല്ല അയൽക്കാരനാകണോ?
നല്ല ക്രിസ്ത്യാനി ക്രിസ്തു അനുയായിയാകണോ?

പരിശുദ്ധാത്മ ദാനങ്ങൾ അടുത്തറിയുമ്പോൾ മനസിലാക്കാം, അത് നമ്മെ നല്ല മനുഷ്യരാക്കാൻ തന്നെയാണ്. ആ മനുഷ്യനിൽ നിന്നാണ് ക്രിസ്തുസമാനമായ ഫലങ്ങൾ ഉണ്ടാകുന്നത്.

ഓഗസ്റ്റ് 26, 2021

സഭക്ക് ആവശ്യമായ സൗഖ്യശുശ്രൂഷ

സ്നേഹിക്കണമെങ്കിൽ അതിനു പറ്റിയ സാഹചര്യം വേണം, സ്നേഹിക്കാൻ അതിനു യോഗ്യരായവർ വേണം, സ്വന്തം നിലനില്പില്ലാതെ സ്നേഹം സാധ്യമല്ല തുടങ്ങിയവ നമ്മുടെ ചിന്തകളിലേക്ക് കടന്നു വരുന്നെങ്കിൽ അത് ക്രിസ്തു നൽകിയ എല്ലാ ധാർമ്മികമൂല്യങ്ങളെയും പുച്ഛിക്കുന്നതാണ്. അത് ക്രിസ്തുവിനു തന്നെ പുതിയ വാർപ്പുരൂപങ്ങൾ സൃഷ്ടിക്കുകയാണ്.

കുതിരപ്പുറത്തു പോയി പടനയിക്കുന്നതല്ല വീര്യവും ധീരതയും. ഒറ്റയായാലും, വിഷമഘട്ടമായാലും ക്രിസ്തു ചൈതന്യം നഷ്ടമാകാതിരിക്കാനാണ് ധീരത എന്ന വരദാനം. അതുകൊണ്ട്, ധൈര്യം പകർന്നു നൽകുന്ന ആദ്യ ഫലം സ്ഥൈര്യമാണ്; 'ക്രിസ്തുവിൽ ആയിരിക്കുക'യാണ് ജീവൻ എന്ന ഉറച്ച ബോധ്യം. ക്രിസ്തുവിന്റെ സമീപനങ്ങളൊക്കെയും ജീവദായകമായിരുന്നു എന്നതാണ് ഓരോ പ്രതികരണത്തിലും സമീപനത്തിലും നമ്മൾ ആദ്യം നമ്മോടുതന്നെ പറയേണ്ടത്. ഈ ദാനങ്ങളൊക്കെയും ഫലദായകമായിത്തീരുന്നത് ക്രിസ്തു എന്ന വ്യക്തിയോട് താദാത്മ്യപ്പെടുവാനുള്ള ആത്മാർത്ഥമായ ആഗ്രഹവും പ്രയത്നവും ഉണ്ടാകുമ്പോഴാണ്. നമ്മൾ നമ്മളല്ലാതായിത്തീർന്നു മരിക്കുന്നതാണ് ഏറ്റവും ദയനീയം. ക്രിസ്തു പരിപൂര്ണസ്നേഹത്തോടെയും ജീവദായകമായും മരിച്ചത് ക്രിസ്തു ക്രിസ്തുവായിത്തന്നെ അവസാനം വരെ ജീവിച്ചു മരിച്ചതുകൊണ്ടാണ്. സഭയെക്കുറിച്ചും, ക്രിസ്തുവിനെ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള നിലനില്പും മരണവും സ്വയം നഷ്ടപ്പെടുത്തലാണ്. 

നമ്മിലാരും തന്നെ പരിപൂർണ്ണമായ സ്നേഹം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്നവരല്ല. അതുകൊണ്ടുതന്നെയാണ് നമ്മൾ കൃപയിലാശ്രയിക്കുന്നതും, വളർച്ചയുടെ പ്രക്രിയയിൽ, മേല്പറഞ്ഞ ധീരതയോടെയും ക്ഷമയോടെയും മുന്നോട്ടു പോകുന്നതും. എന്നാൽ വെറുപ്പും സംശയവും പകയും മനഃപൂർവം സൃഷ്ടിച്ചു താലോലിക്കുന്നതും അതിനെ ആത്മീയവത്കരിക്കുന്നവിധം  നിർവചനം നൽകുന്നതും സത്താപരമായിത്തന്നെ ക്രിസ്തുവിന്റെ സ്വഭാവത്തിന് എതിരാണ്. ക്രിസ്തുവിന്റെ വിളിയെന്നത് ക്രിസ്തുവിനെപ്പോലെയാകുവാനാണ്; ആ വിളിയോടുള്ള വിശ്വസ്തത എന്നത് ക്രിസ്ത്വാനുകരണമാണ്. ക്രിസ്തുവിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കാത്ത സമീപനരീതികളെ എന്തിന്റെ പേരിലാണ് ക്രിസ്തുവിനോടുള്ള വിശ്വസ്തതയായി നമുക്ക് കാണാൻ കഴിയുന്നത്? ക്രിസ്തീയ പൗരോഹിത്യത്തിന്റെ വിളിയും അപരതക്കു കാരണമാകുന്ന മതരൂപീകരണത്തിനും സംരക്ഷണത്തിനുമല്ല, തന്നിലും സമൂഹത്തിലുമുള്ള ക്രിസ്തുരൂപീകരണത്തിനുള്ളതാണ് ആ വിളി. 

ദൈവത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള മതരൂപീകരണങ്ങൾ അത് സംവിധാനം ചെയ്യുന്ന നിര്മാതാക്കൾക്കേ ലാഭമുണ്ടാക്കൂ. ക്രിസ്തു ആഗ്രഹിച്ച സഭയാകുവാനും അങ്ങനെ ലോകത്തിനു സാക്ഷ്യമാകുവാനുമാണ് സഭയുടെ വിളി. നമ്മുടെ താല്പര്യങ്ങൾക്കനുസരിച്ചു ഭാവന ചെയ്യാവുന്ന സഭയിൽ ക്രിസ്തു ആഗ്രഹിച്ചതെന്തോ അത് പൂർത്തീകരിക്കപ്പെടുന്നില്ലെങ്കിൽ അത് സഭയേ അല്ല. അതിനേൽക്കുന്ന മുറിവുകൾ ജീവദായകമാകില്ല, അത് വിഷം വമിപ്പിക്കുന്ന വൃണങ്ങൾ സൃഷ്ടിക്കും. ക്രിസ്തുസ്വഭാവമില്ലാത്ത സഭയെ സ്നേഹിക്കുകയെന്നോ അതിനോട് വിശ്വസ്തത കാണിക്കുകയെന്നോ പറയുന്നതിൽ അർത്ഥശൂന്യത മാത്രമല്ല ജീവശൂന്യതയാണ്. 

സമരായക്കാരൻ വഴിയിൽ കണ്ട മൃതപ്രായനായവനേപ്പോലെ ഇന്ന് സഭക്ക് ആവശ്യമായ സൗഖ്യശുശ്രൂഷക്ക് സ്വയം നൽകുകയെന്നത് കൃപയോടുള്ള സഹകരണമാണ്. അതിന് നമ്മളോരോരുത്തരുമാണ് ക്രിസ്തുവിന്റെ മനോഭാവങ്ങൾ ധരിക്കുവാൻ ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്യേണ്ടത്. അപ്പോഴേ അത് യഥാർത്ഥ സഭാസ്നേഹമാകൂ.

വീണ്ടുമൊരു കുരിശുയുദ്ധം

 2000 ക്രിസ്തുജയന്തി മഹാജൂബിലിയുടെ പശ്ചാത്തലത്തിലാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ സഭയുടെ തെറ്റുകളെക്കുറിച്ചു ലോകത്തിനു മുമ്പിൽ മാപ്പു പറഞ്ഞത്. കുരിശുയുദ്ധത്തിനിടെ നടന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികളെയും ആ തെറ്റുകളിൽ ഉൾപ്പെടുത്തിയിരുന്നു. മധ്യയുഗത്തിലെ യൂറോപ്പിന്റേയും മധ്യപൂർവ്വേഷ്യയുടേയും സാമൂഹികവും സാംസ്കാരികവും, സാമ്പത്തികവുമായ പശ്ചാത്തലങ്ങളോടുകൂടെ യഹൂദ-മുസ്ലിം-ക്രിസ്ത്യൻ കാഴ്ചപ്പാടുകൾ കൂടി വെച്ച് പരിശോധിക്കുമ്പോഴേ കുരിശുയുദ്ധത്തിൽ പ്രവർത്തിച്ചിട്ടുള്ള ഘടകങ്ങളെ യഥാർത്ഥത്തിൽ മനസിലാക്കാനാകൂ.

വീണ്ടുമൊരു കുരിശുയുദ്ധത്തിന്റെ കൂടി അനിവാര്യതയെക്കുറിച്ചു വാചാലരാകുന്നവർ അത് പ്രകടമാക്കിയ അക്രിസ്തീയതയെ ആവർത്തനയോഗ്യമാക്കുകയാണ്. നിയമപരമായ നിർവചനങ്ങളും, ദൈവശാസ്ത്രപരമായ നീതീകരണവും സാധ്യമാക്കാൻ തുടരെയുള്ള പ്രസംഗങ്ങളും, വളർത്തിയെടുത്ത നുണകൾ സൃഷ്ടിച്ച ഭയവും ആദ്യ കുരിശു യുദ്ധങ്ങളുടെ സാധൂകരണത്തിന് ഉപയോഗപ്പെടുത്തിയിരുന്നു. വിശ്വാസത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും സഭയോടുള്ള ബന്ധത്തിന്റെ നിർവ്വചനങ്ങളും, സ്വർഗ്ഗവാഗ്ദാനവും, സംഘർഷങ്ങളിൽ മരിച്ചവർക്കു നൽകപ്പെട്ട ആദരവും വളരെപ്പേരെ ആകർഷിച്ചു.

മറ്റു വർഗ്ഗങ്ങളോടും മതങ്ങളോടും സംസ്കാരങ്ങളോടുമുള്ള അസഹിഷ്ണുത ഒന്നാം പ്രമാണത്തിന്റെ പേരിലും ഏകദൈവത്തിന്റെ പേരിലും ജീവിതശൈലിയാക്കിയത് അമേരിക്കൻ ഇവാൻജെലികൾ സമൂഹങ്ങളായിരുന്നു. നിർഭാഗ്യവശാൽ അവരെ അനുകരിച്ചു പോരുന്ന കാത്തോലിക് ഇവാൻജെലികൽ ഗ്രൂപ്പുകളുമുണ്ട്. നമ്മുടെ പല വേദികളിലും വി കുർബാനയുടെയും, ജപമാലയുടെയും കാതോലികതയുടെ മറവിൽ ഇത്തരം സമീപനങ്ങൾ പ്രഘോഷിക്കപ്പെട്ടപ്പോൾ എത്രയോ പണ്ടേ തിരിച്ചറിയേണ്ടതായിരുന്നു. യാഥാസ്ഥിതികത വിശ്വാസത്തേക്കാളേറെ രാഷ്ട്രീയമാണ്. ആ അവസരം മുതലെടുപ്പിനുള്ള അവസരമായിക്കണ്ട കുറുക്കന്റെ കൗശലവും സർപ്പത്തിന്റെ വിഷവുമുള്ളവരാണ് വിശ്വാസികൾക്ക് പാനപാത്രങ്ങളിൽ വിഷം കലർത്തി നൽകിയത്.

മാർപാപ്പ മാപ്പു പറഞ്ഞത് കൊണ്ട് ഒരു സൗഖ്യവും ഉണ്ടാകുന്നില്ല. ആ മാപ്പുപറച്ചിലിൽ ക്രിസ്തീയമനഃസാക്ഷിയിൽ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്ന തെറ്റുകളിലെ ഘടകങ്ങൾ ആവർത്തിക്കപ്പെടുകയില്ല എന്ന് ഓരോ വിശ്വാസിയും സ്വന്തം സമീപനങ്ങളിൽ ഉറപ്പാക്കുന്നെങ്കിലെ അത് സഭയുടെ ഏറ്റുപറച്ചിലാകൂ. മിലിറ്റന്റ് ആശയങ്ങളും, അതുപോലുള്ള ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനങ്ങളും വളരുന്നെന്നു കാണുമ്പോൾ അതിലെ ലാഭങ്ങൾ അവഗണിച്ചുകൊണ്ട് സമൂഹത്തിനു താക്കീതു നൽകാനും തിരുത്തുവാനും സഭാനേതൃത്വത്തിനു കഴിയേണ്ടതാണ്.

Kenneth M. Setton, Marshall W. Baldwin, A History of the Crusades [Volume I: The First Hundred Years, Volume II: The Later Crusades, 1189-1311, Vol. 3: The Fourteenth and Fifteenth Centuries, Volume IV: The Art and Architecture of the Crusader States, Volume V: The Impact of the Crusader States on the Near East, Vol. 6: The Impact of the Crusades on Europe, Together with a Bibliography of the Crusades] University of Wisconsin Press, Emran Qureshi, Michael A. Sells - The New Crusades_ Constructing the Muslim Enemy-Columbia University Press (2003)


ഓഗസ്റ്റ് 24, 2021

കപടത

നാബോത്തിനെ കല്ലെറിയാനും ദൈവപുത്രനെ ദൈവദോഷിയാക്കാനും മാത്രം സമർത്ഥമായിരുന്നു ദൈവവചനത്തെയും നിയമത്തെയും വളച്ചൊടിക്കാനുള്ള അധികാരം. പുരോഹിതരുടെയും ജനപ്രമാണികളുടെയും നിയമജ്ഞരുടെയും ഫരിസേയരുടെയും കപടത അവരുടെ മാത്രം സ്വകാര്യതയാക്കാമായിരുന്നു. എന്നാൽ അവരുടെ തന്നെ സ്ഥാനങ്ങളെയും ബഹുമതിയെയും താങ്ങിനിർത്തുന്ന വിധം നിയമവും തിരുഗ്രന്ഥം വ്യാഖ്യാനിച്ച്, നിയമത്തെ തങ്ങൾക്കനുകൂലമാക്കിത്തീർത്തു ജനത്തെ ചൂഷണം ചെയ്തതാണ് ആ കപടത സാമൂഹിക നീതിയുടെ കൂടെ അർത്ഥമുണ്ടാകാൻ കാരണം. അത് ചൂണ്ടിക്കാണിക്കുന്നവർ ഇല്ലാതായേ തീരൂ.

വിശ്വാസവും, ദൈവാരാധനയും, നിയമങ്ങളും ആത്മാർത്ഥമായ ബന്ധത്തെക്കുറിച്ചാണ്. സ്വാർത്ഥലക്ഷ്യങ്ങൾ വച്ചലങ്കരിക്കുമ്പോൾ ഈ ബന്ധം മാറ്റിനിർത്തപ്പെടുകയും കപടത കടന്നു വരികയും ചെയ്യും. രണ്ടു വഴിത്താരകൾ രൂപപ്പെട്ടേക്കാം. വിശ്വാസവും, ദൈവാരാധനയും, സാന്മാര്ഗികതയും ആദർശമാക്കപ്പെടുമ്പോൾ മേലാളന്മാർ ധർമ്മികളായി മാനിക്കപ്പെടുകയും സാധാരണക്കാർ പാപികളും അജ്ഞരുമായി വിധിക്കപ്പെടുകയും ചെയ്യും. രണ്ടാമത് വിശ്വാസവും, ദൈവാരാധനയും, നിയമാനുഷ്ഠാനങ്ങളും അറിയാതെയെങ്കിലും മനോരഞ്ജന സാധ്യതകളാകും. കപട സംവിധാനങ്ങൾ നിയന്ത്രിക്കുന്നവരുടെ കുഴലൂത്തിനു നൃത്തം ചെയ്യുന്നവരായി 'പാവങ്ങൾ' മാറ്റപ്പെടും. അതാണ് വിശ്വാസമെന്നും, ദൈവാരാധനയെന്നും നിയമപാലനമെന്നും അവർ പൂർണ്ണമായും ധരിക്കുകയും ചെയ്യും.

ക്രിസ്തുവിനെപ്പോലെയുള്ള ഹൃദയബന്ധവും (വിശ്വാസം) അവന്റേതുപോലെയുള്ള സമർപ്പണവും (ദൈവാരാധന) ക്രിസ്തുവിന്റെ ജീവിതക്രമവും (നിയമം) പാപികളെന്നു വിധിക്കപ്പെട്ടവർക്ക് ആശ്വാസമാണ്, എന്നാൽ നീതിമാന്മാരെന്നു സ്വയം ധരിച്ചവർക്ക് വെല്ലുവിളിയുമാണ്.  

ഓഗസ്റ്റ് 23, 2021

പൂർണ്ണതയിലേക്കുള്ള തുറവി

നമ്മെത്തന്നെ പൂർണ്ണമായി അറിയണമെങ്കിൽ നമ്മുടെ അപൂര്ണതകളെക്കുറിച്ചു കൂടി അറിയേണ്ടതുണ്ട്, പറയേണ്ടതുണ്ട്. അപരത കല്പിക്കപ്പെട്ടിട്ടുള്ള എവിടെയോ ആണ് ഈ അപൂർണ്ണതകൾ കൃപയാൽ പൂർണ്ണമാക്കപ്പെടുന്നത്. സമൂഹവും സഭയും പൂർണ്ണമാക്കപ്പെടുന്നതും അങ്ങനെ തന്നെ.

സാർവ്വത്രികത എന്നത് പൂർണ്ണതയിലേക്കുള്ള തുറവിയാണ്. 'പുറത്ത്' എന്ന് കാണപ്പെടുന്നവയിൽ പ്രകാശിക്കുന്ന കൃപയുടെ വെളിച്ചത്തിൽ ആനന്ദിക്കാനുള്ള എളിമയുണ്ടെങ്കിലേ അവയെ സ്വീകരിക്കാനാകൂ. ആ സാർവ്വത്രിക മാനം (catholicity) ഹൃദ്യമാക്കിയാൽ മനുഷ്യത്വരഹിതമായ സമീപനങ്ങൾ ഒഴിച്ച് മറ്റെല്ലാം സ്വീകാര്യമായി കാണുവാൻ കഴിയും; സംസ്കാരങ്ങളും വിശ്വാസങ്ങളും എല്ലാം. അന്യതാവത്കരണത്തിന് അർഹമാകുന്നത് 'അവിശ്വാസികൾ' എന്ന ഗണമല്ല, ജീവനും നന്മക്കും വിഘാതമാകുന്ന സമീപനങ്ങളാണ്.

തികച്ചും സാധാരണക്കാരായവരുടെ ഹൃദയസ്പന്ദനങ്ങളിലാണ് ഒരു സമൂഹമനഃസാക്ഷിയുടെ യഥാർത്ഥ ശബ്ദം. സാർവത്രികതയുടെ അടിസ്ഥാനം ഈ ശബ്ദത്തോട് സമൂഹം മൊത്തത്തിൽ എങ്ങനെ ചെവികൊടുക്കുന്നു എന്നതിനെ ആശ്രയിച്ചാവും. അപൂർണ്ണതതകളെക്കുറിച്ച് ഏറ്റവും നിഷ്കളങ്കമായി പ്രതികരിക്കാനാവുന്നതും അവർക്കാണ്. അതുകൊണ്ട് ശക്തമായ കോട്ട എന്ന് സ്വയം പറയുമ്പോഴും എവിടെയൊക്കെ പൊളിച്ചുപണി വേണമെന്ന് വിശദമായല്ലെങ്കിലും തിരിച്ചറിയാൻ കഴിയുന്നതും അവർക്കാണ്.

ആധുനികത ഞെക്കിഞെരുക്കിയ മനുഷ്യാവസ്ഥയെ തുറന്നു കാട്ടിയ താത്വികവും സാമൂഹികവുമായ വിലാപങ്ങൾക്കുനേരെ പുറംതിരിച്ചുനിന്ന ഏതാനം വർഷങ്ങളാണ് സഭയെ ഒരു കാലഘട്ടത്തിലേക്കെങ്കിലും കാലഹരണപ്പെട്ടതാക്കിയത്. മാറിയ മനുഷ്യാവസ്ഥയിലും സാമൂഹികക്രമത്തിലും റോമൻ ചക്രവർത്തിയും, ഭരണരീതിയും, നിയമങ്ങളും അസ്പർശനീയമായിരിക്കുമെന്നു കരുതിയ സമീപനങ്ങളെയാണ് ബിഷപ്പ് ക്രിസ്റ്റഫർ ബട്ട്ലർ ശാശ്വതമായ/സ്മരണീയമായ അസംബന്ധം (Monumental Irrelevance) എന്ന് വിളിച്ചത്.

തറവാട് പ്രൗഢിയും, കാരണവരുടെ വാഴ്ചയും, നിശ്ശബ്ദരാവേണ്ട അടിയാനുമാണ് പൈതൃകമായ സഭാസംവിധാനമായി നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ അതിലേർപ്പെട്ടിരിക്കുന്നവർ ഈ കാലഘട്ടത്തെ വീണ്ടും സ്മരണീയമായ അസംബന്ധമാക്കുകയാണ്. ഉത്തരങ്ങളില്ലാത്ത സങ്കീര്ണതകളിൽ കാലം മനുഷ്യന് കുരുക്കിടുമ്പോൾ മതം അവർക്ക് അർത്ഥമായെങ്കിലേ മതത്തിൽ സത്യവും ജീവനും കാണപ്പെടൂ. പകരം, 'ഞങ്ങളുടെ ശരി'കളാണ് എല്ലാവര്ക്കും എക്കാലവും ശരികളാവേണ്ടത് എന്ന് നിർബന്ധിച്ചു പറയുമ്പോൾ അത് ബലപ്രയോഗമാണ്, സത്യത്തോടുള്ള കൂറല്ല. വിദഗ്‌ദരായവർ പുറത്തും അകത്തുമുള്ളപ്പോഴും കേഴ്വിയാണ് അന്യമാകുന്നത്. സ്തുതിപാഠകരും കുഴലൂത്തുകാരും തങ്ങൾക്കു വേണ്ടി കുറച്ചു ആൾബലമുണ്ടാക്കുന്നതിനാൽ അവർ കേൾക്കപ്പെടുകയും ചെയ്യുന്നു.

തകർന്ന കോട്ടഭിത്തികൾ പുനർനിർമ്മിക്കുകയല്ല ആവശ്യം, കോട്ട വിട്ട് പുറത്തിറങ്ങുകയാണ്. കേൾക്കാനും പഠിക്കാനും. സ്വയം തീർത്ത സുരക്ഷയിലുള്ള ശൂന്യതയുടെ ശാശ്വതമായ ഓർമ്മയാവട്ടെ നിലവിലുള്ള കോട്ടകൾ. ഒരു കാലത്ത് സാമൂഹികവും താത്വികവുമായ വെല്ലുവിളികളായിരുന്നെങ്കിൽ ഇന്ന് പാരിസ്ഥിതികവും സംഘർഷപൂർണവുമായ വെല്ലുവിളികളുണ്ട്. പാർപ്പിടം, ഭക്ഷണം തൊഴിൽ എന്നിവ പറയപ്പെടാതെയാണെങ്കിലും മനുഷ്യാവസ്ഥയിലെ ദയനീയഭാവമായിത്തീർന്നു കഴിഞ്ഞു. അസ്പർശനീയമാകുവാൻ നമുക്കാവില്ല. വ്യത്യസ്തമായി പറയുന്നവർ ശത്രുക്കളാവണമെന്നില്ല എന്നത് അറിയേണ്ടതുണ്ട്. വ്യക്തമായ ധാരണയില്ലെങ്കിലും പലതലങ്ങളിൽ നിന്ന് വിദഗ്ദമായ പഠനങ്ങളെ കേൾക്കാൻ നമുക്കാവണം. അവരിലൂടെ സത്യം നമ്മുടെ കാതുകളിലേക്കു വരട്ടെ. സത്യം നമ്മെ സ്വതന്ത്രരാക്കുകയും കൃപ നയിക്കുകയും ചെയ്യുമ്പോൾ ഗതിയില്ലാതെ അലയുന്നവരാവില്ല നമ്മൾ. ഗതികെട്ട (directionless) ഒരു കാലത്തിനു ദിശ നൽകാൻ കഴിയുന്നവരാണ് ഒരു കാലഘട്ടത്തിനുള്ള വെളിച്ചം കണ്ടു മുന്നോട്ടു നയിക്കുന്നത്. പൂർണ്ണതയിലേക്ക് വളരുന്നത് ഒരു പ്രക്രിയയാണ്. ആ പ്രക്രിയയിൽ നിറവ് നൽകുന്നതിൽ 'അപരർ'ക്കു വലിയ പങ്കാണുള്ളത്.

ഓഗസ്റ്റ് 20, 2021

ആരാണ് എനിക്ക് പരദേശി?

'ആരാണ് എന്റെ അയൽക്കാരൻ?' എന്നതുപോലെതന്നെ അർത്ഥവത്തായ ഒരു ധ്യാനമാണ് 'ആരാണ് എനിക്ക് പരദേശി?' എന്നതും. ദൈവജനമെന്നെ നിലയിൽ എങ്ങനെ പരദേശിയെ സമീപിക്കുന്നു എന്നതും പ്രധാനമാണ്. 

പരദേശികളുമായുള്ള സമ്പർക്കം ദൈവജനത്തെ അശുദ്ധമാക്കിയെന്ന 'വിശുദ്ധവിശ്വാസ'ത്തിന്റെ പശ്ചാത്തലത്തിൽ ഏതാനം സാധാരണവിശ്വാസികളുടെ ധ്യാനഫലമാണ് എസ്തേർ, റൂത്ത്, തോബിത് തുടങ്ങിയ ഗ്രന്ഥങ്ങൾ. വിദേശരാജ്യത്തു രാജ്ഞിയായ എസ്തേറും, ഇസ്രയേലിന്റെ മഹാനായ രാജാവായ ദാവീദിന്റെ മുത്തശ്ശിയായ റൂത്തും, വിദേശരാജ്യത്തു രാജ്യസേവ ചെയ്ത തോബിത്തും ദൈവതിരുമുമ്പിൽ വിശ്വസ്തരും ദൈവപദ്ധതിയുടെ ഭാഗവുമായിരുന്നു. ദൈവം അതിരുകൾ വച്ച് വേർതിരിക്കുന്നില്ലെന്നും അവിടുത്തെ കാരുണ്യം സകലരെയും ആലിംഗനം ചെയ്യുന്നെന്നും ഈ ഗ്രന്ഥങ്ങൾ പറഞ്ഞു വയ്ക്കുന്നു. 

മൊവാബ്യദേശത്തുനിന്ന് ഭാര്യമാരെ സ്വീകരിച്ച കുടുംബത്തെ ദൈവം അശുദ്ധമായി കണ്ടില്ല. റൂത്ത് അമ്മയോട് കാണിച്ച ദയാലുത ബോവാസ് വിലമതിക്കുന്നു, ബോവാസ് അവളോട് അലിവ് കാണിക്കുന്നു. ദൈവം അവരുടെ മേൽ വലിയ കൃപ ചൊരിയുന്നു. 

ദൈവം വലിയ കൃപ ചൊരിഞ്ഞിരിക്കുന്നു എന്ന അവബോധമാണ് നല്ലൊരു ആത്മീയജീവിതത്തിന് വഴിയാകുന്നത്. അതിൽ നിന്ന് കൃതജ്ഞതയും മറ്റു മനോഭാവങ്ങളും വളർന്നുകൊള്ളും. അശുദ്ധമെന്നു വിധിക്കപ്പെടുന്ന  ലോകത്തിൽനിന്നു സ്വയം മാറ്റിനിർത്തുന്ന നിഷ്ഠകളല്ല ആത്മീയജീവിതത്തിന്റെ അടയാളം. 

കരുണയില്ലാതെ പോയ അത്തരം വിധിയാണ് യേശുവിനെ ഏറ്റവുമധികം വേദനിപ്പിച്ചത്. മോശയുടെ സ്ഥാനത്തിരിക്കുന്ന അവർ പ്രബോധകരാണ്. എന്നാൽ, ദൈവവചനത്തിന്റെ കാവൽക്കാരെന്നു ധരിച്ച  അവരുടെ വസ്ത്രങ്ങളിലും അധികാര ചിഹ്നങ്ങളിലുമായിരുന്നു അവരുടെ മൂല്യം. അവർ വായിച്ച നിയമാവലികൾ  മറ്റുള്ളവരെ പാപത്തിൽ പിറന്നവരായി കാണാനാണ് പഠിപ്പിച്ചത്. ആ വ്യാഖ്യാനം അവരുടെതന്നെ സ്ഥാനങ്ങളെ നിലനിർത്തുന്നവയും അലങ്കരിക്കുന്നവയുമായിരുന്നു. സാധാരണക്കാരുടെ മേൽ ഭാരങ്ങൾ ഏല്പിച്ചുകൊണ്ട് അവർ ശ്രേഷ്ഠരും ധര്മിഷ്ഠരും വിശുദ്ധരുമായി. 

അശുദ്ധരായി വിധിക്കപ്പെട്ടവർ ദൈവകൃപ സ്വീകരിക്കുന്നത് കണ്ട യേശു ആനന്ദത്താൽ നിറയുന്നതും നമ്മൾ കാണുന്നു. അവർ എളിയവരും, ശിശുക്കളും, തളർന്നവരുമാണ്. എങ്കിലും അവരുടെ വ്യഥകളിൽ അവർ ദൈവത്തെ അറിയുമ്പോൾ ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഓരോരുത്തർക്കുമായി വെളിപ്പെടുകയാണ്. അതിലെ ഓരോ അംശത്തിലും വലിയ സമൃദ്ധിയുണ്ട്. 

ദൈവരാജ്യത്തിലെ സദ്യ

വിരുന്നിനു വിളിക്കപ്പെട്ടവരെല്ലാം വന്നുചേർന്നു, ഭോജനശാല നിറഞ്ഞു. പ്രധാനസ്ഥാനങ്ങളും പ്രത്യേക വിഭവങ്ങളും പ്രതീക്ഷിച്ചവർ നെറ്റി ചുളിച്ചു. കറിക്കൂട്ടുകളുണ്ടായിരുന്നെങ്കിലും എല്ലാം സാധാരണ വിഭവങ്ങൾ; മാത്രമല്ല 'സാധാരണക്കാരുടെ' ഒപ്പം ഒരു ഊണ്. ഞങ്ങൾ ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. പ്രധാനികളായ കുറേപ്പേർ ഇറങ്ങിപ്പോയി. ഹോട്ടലിൽ ഇരുന്നു മുന്തിയ ഭക്ഷണം കഴിക്കുമ്പോൾ അവർ തീരുമാനിച്ചു, സദ്യ എന്താണെന്നു കാണിച്ചു കൊടുക്കണം. ഒരു സ്റ്റേഡിയം തന്നെ ഒരുങ്ങി, സദ്യമാത്രമല്ല ആട്ടവും പാട്ടും മേളവും. ഉഗ്രൻ പ്രകടനം.

ദൈവരാജ്യത്തിലെ സദ്യക്ക് രുചിയില്ലെന്നു നിനച്ചിരിക്കുന്ന കാലമാണിത്, രുചി കൂട്ടുവാനും രാജ്യം നിലനിർത്തുവാനും സ്വന്തം പദ്ധതിയിടുന്നവർ ഏറുകയാണ്. ക്രിസ്തുവിനു പോലും ശക്തിയില്ലെന്നു തോന്നിത്തുടങ്ങിയ നല്ല ഉരിശുള്ള ശിഷ്യരിന്നുണ്ട്.
രുചികൂട്ടാൻ ഭക്തിയും അനുഷ്ഠാനവും അമിതമാക്കി അന്ധവിശ്വാസവും വിഗ്രഹാരാധനയുമാക്കിത്തീർത്ത പാചകക്കാരുമുണ്ട്. സർവശക്തനും സർവ്വവ്യാപിയുമായ ദൈവത്തെക്കാൾ ശക്തിയും ഫലവുമാണ് ചില ഭക്തികൾക്കും ഭക്തവസ്തുക്കൾക്കും.
ദൈവരാജ്യത്തിൽ വിരുന്നിനു നമ്മുടെ സാധാരണ ജീവിതങ്ങളിലെ നൈര്മല്യങ്ങളുടെ രുചിയും ഗന്ധവുമാണ്. എത്ര ആത്മാർത്ഥതയോടും അർപ്പണത്തോടും ജീവിക്കാമെന്നതാണ് പ്രധാനം.

ഓഗസ്റ്റ് 17, 2021

പട വെട്ടുന്നത്

 കുഞ്ഞുങ്ങൾക്ക് ഭയമൊഴിഞ്ഞു പുഞ്ചിരിക്കാനുള്ള നിമിഷങ്ങൾ നൽകാൻ കഴിയുന്നില്ലെങ്കിൽ നേടുന്നതെന്ത് തന്നെയെങ്കിലും അതിലെ നേട്ടമെന്താണ്? അയൽക്കാരുടേതോ, കു
ടുംബത്തിനുള്ളിലേതോ രാഷ്ട്രങ്ങളുടേതോ ആവട്ടെ, സംഘർഷങ്ങളിലൂടെ സ്ഥാപിച്ചെടുക്കുന്ന എന്തും ഏറ്റവും അസ്വസ്ഥപ്പെടുത്തുന്നത് കുഞ്ഞുങ്ങളെയാണ്. ഭീതി നിറഞ്ഞ ആ കുഞ്ഞു മുഖങ്ങളെ കാണാൻ കഴിയാതെ പട വെട്ടുന്നത് എന്തിന് വേണ്ടിയാണ്? 

കൊള്ള ചെയ്യുന്ന മാന്യന്മാരുടെ കള്ളച്ചൂതുകളാണ് യുദ്ധമുണ്ടാക്കുന്നത്. വേദനകൾ പോലും നിശബ്ദമാക്കപ്പെടുന്നത് മനുഷ്യരായുള്ളവരെ ഉലക്കണം. ഒരു വിശ്വാസവും ദൈവവും അക്രമത്തിലും  ആയുധവിപണിയിലും സംതൃപ്തമാവില്ല. സംഘർഷങ്ങലും യുദ്ധവും തുടർക്കാഴ്ച്ചയായേക്കാം, എന്തിന്റെ പേരിലും അതിനു ന്യായീകരണമില്ല. 

യുദ്ധം തുടങ്ങുന്നത് ഹൃദയത്തിലാണെന്നത് സ്വയം ഓരോരുത്തരും താക്കീത് ചെയ്യണ്ട സത്യം.

ഓഗസ്റ്റ് 15, 2021

പുതുക്രിസ്തു

ക്രിസ്തുവിന്റെ ശരീരം തങ്ങൾ മോഷ്ടിച്ച് കൊണ്ട് പോയി എന്ന് കാവൽക്കാർ പ്രചരിപ്പിച്ചിരുന്നല്ലോ. ഒളിപ്പിച്ചു വച്ചിരുന്നിടത്തു നിന്നും അവൻ ഉയിർത്തു വന്നു എന്ന പുതിയൊരു കഥ അവർ പ്രചരിപ്പിച്ചു. ഒത്ത ശരീരമുള്ള ഒരു 'ക്രിസ്തുവിനെ' കയ്യപ്പാസും കൂട്ടരും ഏർപ്പെടുത്തുകയും ചെയ്തു. "നമുക്കിടയിൽ ഒരുമയുണ്ടാകേണ്ടതിന് നമുക്കെല്ലാവർക്കും ഒരേപോലെ ഞാൻ പറയുന്നതുപോലെ ഈ ക്രിസ്തുവിനെ വണങ്ങാം." ഇടക്കിടക്ക് അവർ ആ ക്രിസ്തുവിനെ രഹസ്യങ്ങളുടെ പുകച്ചുരുളിൽ മറക്കുകയും മഹത്വത്തിന്റെ മേഘങ്ങളിലേക്കുയർത്തുകയും ചെയ്തു. ഓശാനപാടി കൈ കൊട്ടി ആർത്തു പാടിയവർക്ക്, മിശിഹാ ഒരു ശത്രുവാണെന്നു മനസിലാക്കാൻ ഒരു ഇരുളിന്റെ സമയം പോലും വേണ്ടിയിരുന്നില്ലല്ലോ. ഈ ക്രിസ്തുവിന്മേൽ മിശിഹായുടെ സേനയുടെ അടിസ്ഥാനം ഇടപെടും.

എങ്ങനെ ആരാധിക്കണം എന്ന് കയ്യാപ്പാസ് പറഞ്ഞത് 'ക്രിസ്തു' പോലും അനുസരിച്ചു. നമ്മൾ രൂപപ്പെടുത്തിയ മിശിഹാസേനയെ അംഗീകരിക്കാത്ത എല്ലാവരും ദൈവദോഷികളാണ്. അവരെ വിശ്വസിക്കരുത്. അവരുമുഴുവൻ നശിക്കാൻ നമുക്ക് ഉപവസിച്ചു ബലിയർപ്പിച്ചു പ്രാർത്ഥിക്കണം. സകല ഭാഷകളിലും ലഭ്യമായ അസഭ്യങ്ങൾ പഠിച്ചെടുത്ത് ക്രിസ്തുവിനെയും മിശിഹാസേനയെയും പ്രതിരോധിക്കണം. അല്ലെങ്കിൽ നമ്മുടെ ദൈവം മരിച്ചു പോകും. ആക്രോശം, വെല്ലുവിളി, പക, പ്രതികാരചിന്ത, വെറുപ്പ് എന്നിവ പുതുക്രിസ്തുവിന്റെ സാധാരണ ഭാഷയായി. മൂർച്ചയേറിയ ആയുധങ്ങൾ തട്ടി ഉള്ളിൽ തന്നെ മുറിവ് വന്നു തുടങ്ങി. 

ചിലർ മിശിഹാസേന വിട്ടകന്നു. ചിലർ പുതുക്രിസ്തുവിന്റെ അടുത്ത് വന്നു ചോദിച്ചു: ഞങ്ങൾക്ക് വേണ്ടി നിന്നിലുണ്ടാവേണ്ട ജീവദായകമായ മുറിവുകളെവിടെ?" "എന്റെ അടുത്ത് വരരുത്, സ്പർശിക്കരുത്." അയാൾ പറഞ്ഞു. കയ്യാപ്പാസ് ഇടപെട്ടു. "നിങ്ങളും അവിശ്വാസികളുടെ ഗണത്തിലുള്ളവരാണ്, റോമാക്കാരുടെ എച്ചിൽ തിന്നുന്നവരാണ്. ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കും, ഞാൻ പറയുന്നത് പോലെ നിങ്ങൾ വണങ്ങും, എന്റെ കർത്താവേ എന്റെ ദൈവമേ എന്ന് നിങ്ങളും പറയും." 

അധികാരചിഹ്നങ്ങൾ കൊണ്ട് അണിയിച്ചൊരുക്കിയ ക്രിസ്തുരൂപം അതണിഞ്ഞയാൾക്കു പോലും ഭാരമായിരുന്നു. എങ്കിലും അയാൾക്ക്‌ വേണ്ടി പ്രവാചകരുണ്ടായി. പ്രവാചകർ ചെറുദൈവങ്ങളായി. കലഹത്തിന്റെ ഭാഷ ആരാധനയാക്കി അനേകം പുകക്കുഴലുകളിലൂടെ വായുവിൽ കലർത്തി. ധൂപത്തിലെ വിഷം ശ്വസിച്ച് അനേകർ പിടഞ്ഞു വീണു. പെസഹാതിരുനാളും, കൂടാരത്തിരുനാളും മുറപോലെ നടന്നു. ചിലർ അവരുടെ ആത്മാവിൽ വിലപിച്ചു തുടങ്ങി: "ഞങ്ങൾക്ക് വേണ്ടി ക്രിസ്തുവിലുണ്ടാവേണ്ട ജീവദായകമായ മുറിവുകളെവിടെ, അതിലെ സ്നേഹമെവിടെ?" കയ്യാപ്പാസിന്റെ ശബ്ദഘോഷങ്ങളിലെ ഓശാനകളിൽ അവ കേൾക്കപ്പെടില്ല. 

---------------------------------------------------------------------- 

"അവനെ സ്നേഹിച്ചവർക്ക് അവൻ ദൈവമക്കളാകുവാൻ വരം നൽകി." ഗലീലിയിലെ സാധാരണക്കാർക്കിടയിൽ അവർ ക്രിസ്തുവിനെപ്പോലെ ജീവിച്ചു.  അധികാരമല്ല സ്നേഹത്തിന്റെ ആധികാരികതയാണ് അവരെ പരസ്പരം ചേർത്ത് നിർത്തിയത്. ക്രിസ്തുവിന്റെ കൃപ അവരോടുകൂടെയുണ്ടായിരുന്നു. സാന്ത്വനിപ്പിക്കുന്ന, സ്വീകരിക്കുന്ന സ്നേഹം അവന്റെ ഹൃദയത്തിലുണ്ടായിരുന്നു.