പക്വമായ ഒരു ജീവിതക്രമത്തിലേക്കു നയിക്കുന്നതിനാണ് നിയമം. നിയമപാലനം പതിയെ, അതിന്റെ ഉദ്ദേശ്യത്തിലേക്ക് സ്വതസിദ്ധമായ ഒരു മാർഗ്ഗം സ്വീകരിക്കുവാൻ വ്യക്തികളെ പ്രാപ്തരാക്കുന്നതുമാവണം. സമൂഹത്തിലും മതത്തിലും സന്യാസത്തിലും നിയമം അതിൽത്തന്നെ ലക്ഷ്യമല്ല. അതുകൊണ്ടു തന്നെ നിയമവും അതിന്റെ പാലനവും ദൈവികമോ പരിശുദ്ധമോ ആകണമെന്നില്ല. നിയന്ത്രണാധികാരം നിലനിർത്തുവാൻ ഏറ്റവും നന്നായി വളച്ചൊടിച്ചുപയോഗിക്കുവാൻ കഴിയുന്നതാണ് നിയമം. നൈയാമികമായിത്തന്നെ തിന്മയെ 'പരിശുദ്ധ'മാക്കാൻ കഴിയും. സാമൂഹിക സംവിധാനങ്ങളുടെ നിലനില്പിനും സാംസ്കാരികമൂല്യങ്ങളുടെ സാധൂകരണത്തിനും നിയമത്തിന്റെ ദൈവിക-കല്പിത സ്വഭാവം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ഡിസംബർ 30, 2023
നിയമപാലനം
ഡിസംബർ 24, 2023
നക്ഷത്രവിളക്ക്
തിരുപ്പിറവിയുടെ ആനന്ദത്തെക്കുറിച്ചു ഒരുപാട് നമ്മൾ സംസാരിക്കാറുണ്ട്. എന്നാൽ ആനന്ദമെന്നാൽ പൊട്ടിച്ചിരിക്കലല്ല. സത്യത്തിന്റെ സ്വാതന്ത്ര്യമില്ലാതെ ആനന്ദമുണ്ടാവില്ല. സത്യത്തെ തുറന്നു കാണാൻ മനസ്സാവാതെ എങ്ങനെ തിരുപ്പിറവിയുടെ സമാധാനവും ആനന്ദവും നമ്മിലും സഭയിലുമുണ്ടാകും?
നിർമ്മിതസത്യങ്ങൾ ഉത്തരവുകളാക്കിയും ദൈവകല്പനയാക്കിയും ബെത്ലെഹെമിന്റെ സ്വാതന്ത്ര്യത്തിലേക്ക് നടക്കാനാവില്ല. വീഴ്ച വരുത്തപ്പെട്ട സത്യാവസ്ഥകളെ ആത്മാവിന്റെ വെളിച്ചത്തിൽ തുറന്നു വയ്ക്കുകയെന്നതാണ് നിർമ്മിതസത്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന വിശുദ്ധകർമ്മങ്ങളെക്കാൾ പ്രധാനം.
രക്ഷകൻ എവിടെ പിറക്കുമെന്നു തിരുവെഴുത്തുകൾ തുറന്നു ഗണിച്ചെടുത്തവർക്ക് ജ്ഞാനികൾ പിന്തുടർന്ന് വന്ന പ്രകാശത്തിന്റെ പൊരുൾ ഗ്രഹിക്കാനായില്ല. വാർത്തയറിഞ്ഞ ജനത്തിന് വേണ്ടി ഹേറോദേസിന്റെ കൊട്ടാരത്തിൽ അവർ നക്ഷത്രവിളക്ക് തെളിച്ചു. വേറൊരു താരവും ഒരിടത്തും ഉദിച്ചിട്ടില്ല. നയിക്കാത്ത താരശോഭയിൽ രമിച്ചു നിന്ന് അവർ പുകഴ്ചയുടെ പാട്ടുപാടി, കല്പനകളിറക്കി. ആവർത്തിക്കുന്ന വായ്ത്താരികളായ കല്പനകളിൽ സത്യത്തിന്റെ സൗന്ദര്യമായിരുന്നില്ല, തന്ത്രങ്ങളുടെ കൂർമ്മതയായിരുന്നു. രാജത്വത്തിന്റെയും ദൈവത്വത്തിന്റെയും മോടികൾ കൊണ്ട് അലംകൃതമായിരുന്നു അവ. നിർമ്മിതനക്ഷത്രങ്ങളിൽ സത്യമില്ലെന്നറിയാത്ത വിഡ്ഢികളായിരുന്നില്ല തിരുവെഴുത്തുകളറിയാത്ത ജനം.
ഡിസംബർ 23, 2023
മനുഷ്യാവതാരത്തെ പ്രശോഭിപ്പിക്കേണ്ടത്
മഹനീയവും ഭീതിതവുമായതിനെ തേടുന്നവരാണ് നമ്മൾ. എന്നാൽ മിശിഹായുടെ വരവിന് വഴിയൊരുക്കാൻ വന്നവന്റെ പേര് 'ദൈവം ദയാലുവാണ് കരുണാമയനാണ്' എന്നർത്ഥമുള്ള യോഹന്നാൻ എന്നായിരുന്നു. ദൈവത്തിലേക്കും അപരനിലേക്കും തിരിയാൻ കഴിയാതെ കഠിനമാകുന്ന ഹൃദയങ്ങളെക്കുറിച്ചാണ് 'ഭീതിതമായ ദിവസത്തിന്റെ' മുന്നറിയിപ്പ്. എന്നാൽ മിശിഹായുടെ വരവറിയാനും അത് സ്വന്തം ജീവിതാനുഭവമാകാനും ദൈവം സ്നേഹനിധിയാണെന്ന് ബോധ്യപ്പെടേണ്ടതുണ്ട്. അല്ലെങ്കിൽ, അവിടുത്തെ രക്ഷയും മനസിലാക്കാനാവില്ല.
രക്ഷയെക്കുറിച്ചു പോലും ഭീതിതമായി വിവരിക്കാനാണ് നമുക്ക് പ്രിയം. പക്ഷെ അതുമൂലം നമ്മൾ നഷ്ടപ്പെടുത്തുന്ന ദൈവമുഖ ദർശനം മിശിഹായെക്കുറിച്ചുപോലും തെറ്റായ സങ്കൽപ്പം നൽകുന്നു. സുവിശേഷഗീതകങ്ങൾ മൂന്നും (മറിയത്തിന്റെയും സക്കാരായയുടെയും സ്തോത്രഗീതങ്ങൾ, ശിമെയോന്റെ സ്തുതി) ദൈവം കൃപാലുവാണെന്നു നേരിട്ടറിഞ്ഞതിന്റെ സ്വാതന്ത്ര്യത്തിൽ നിന്നാണ്. മനുഷ്യാവതാരത്തെ പ്രശോഭിപ്പിക്കേണ്ടത് ഈ സ്വാതന്ത്ര്യത്തിന്റെ പ്രകാശമാണ്.
ആത്മീയവൽക്കരണം പലപ്പോഴും വഴിവിട്ടു പോകുന്നത്, ദൈവത്തിന്റെ കരുണയുള്ള ഹൃദയത്തെ മാറ്റി നിർത്തുന്നതുകൊണ്ടാണ്. ഓരോ പ്രശ്നങ്ങളെക്കുറിച്ചും ഭീതിതവും എന്നാൽ സ്വീകാര്യവുമായ വിവരണങ്ങൾ നിർമ്മിക്കുകയും, അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന പരിഹാരവഴികൾ വഴി അവയെ സാധൂകരിക്കുകയും, ആ ന്യായീകരണങ്ങൾ ആത്മീയവൽക്കരിക്കുകയും ചെയ്യുന്നു.
നമ്മുടെ അനുഭവങ്ങൾക്ക് ആത്മീയമാനം നൽകാനുള്ള ശ്രമങ്ങളിലെല്ലാം ദൈവം ആർദ്രഹൃദയമുള്ളവനാണെന്ന തെളിമയുണ്ടാവണം. ഈ പ്രക്രിയയിൽ നമ്മെ സഹായിക്കുവാൻ പരിശുദ്ധാത്മാവ് നൽകപ്പെട്ടിരിക്കുന്നു. നമ്മുടെ ഏറ്റവും അഗാധമായ സത്യങ്ങളിലേക്കു പ്രകാശം നൽകാൻ പരിശുദ്ധാത്മാവിനു കഴിയും. ഹൃദയത്തിന്റെ കാഠിന്യവും, തകർച്ചയും, കയ്പ്പും മനസിലാക്കുവാൻ അത് സഹായിക്കും. ഈ ആന്തരിക വെളിപാട് നമുക്കുള്ളിൽ സംഭവിക്കുന്ന കൃപയുടെ പ്രവൃത്തിയാണ്. ഒരു നിയമത്തിനും ക്രമങ്ങൾക്കും ആ പ്രകാശം നൽകാനാവില്ല. ഉള്ളിലെ സത്യത്തിലേക്ക് ലഭിക്കുന്ന പ്രകാശത്തിൽ നമ്മൾ സ്വാതന്ത്ര്യം അറിയുന്നു. ക്രിസ്തുവിനെ സ്വാഗതം ചെയ്യുന്നതിൽ ഈ സ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യമുണ്ട്.
ഡിസംബർ 20, 2023
സ്വവർഗ്ഗാനുരാഗികൾക്കു വേണ്ടി പ്രാർത്ഥിക്കാമോ?
സ്വവർഗ്ഗാനുരാഗികൾക്കു വേണ്ടി പ്രാർത്ഥിക്കാമോ? ഒരു ശുശ്രൂഷകന് അവർക്കു ആശീർവാദം നൽകാമോ? അവരിൽ ജീവിതപങ്കാളികളായവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ആശീർവാദം നൽകുകയും ചെയ്യാമോ? ചെയ്യാമെന്നാണ് കത്തോലിക്കാ സഭ പുതുതായി നൽകിയ പ്രസ്താവനയിലുള്ളത്. എന്നാൽ, അവരുടെ ബന്ധത്തെ സാധൂകരിക്കാനോ അതിനെ ആശീര്വദിക്കാനോ ഉള്ളതല്ല ഈ പ്രസ്താവന. അവരുടെ വിവാഹമോ അങ്ങനെ തോന്നിപ്പിക്കാവുന്ന ചടങ്ങുകളുടെ സാഹചര്യമോ ഈ ആശീർവാദങ്ങൾക്കു പശ്ചാത്തലമാവരുത് എന്നും വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ വിവാഹമോ ശാരീരിക ബന്ധമോ ഈ പ്രസ്താവന വഴി സാധുത നല്കപ്പെടുന്നില്ല.
സഭയിൽ ആശയക്കുഴപ്പമുണ്ടാകുമെന്നും ഭിന്നിപ്പുണ്ടാകുമെന്നും അഭിപ്രായമുള്ളവർ, സഭയിൽ പാപം അംഗീകരിക്കാനാവില്ല എന്ന തത്വമാണ് ഉയർത്തിപ്പിടിക്കുന്നത്. പാപത്തെ ഉദാത്തവൽക്കരിക്കുകയല്ല ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു മനുഷ്യാവസ്ഥയെ മനസിലാക്കാനും മനുഷ്യരായി സ്വീകരിക്കാനും ക്രിസ്തുശരീരത്തിൽ അവരുടെയും അംഗത്വം അംഗീകരിക്കാനുമുള്ള ആഹ്വാനമാണിത്. സഭക്ക് അവരോടുള്ള 'അടുപ്പത്തിന്റെ' അടയാളമായിട്ടാണ് ഒരു ശുശ്രൂഷകന് അവർക്ക് ആശീർവാദം നൽകാമെന്ന് അനുവദിച്ചത്.
ഏറ്റവുമധികം അശുദ്ധമായ രാഷ്ട്രീയ താല്പര്യങ്ങൾ സ്വാധീനിക്കുന്നതുകൊണ്ടാണ് സ്വവർഗാനുരാഗികളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഒരിടത്തുമെത്താതെ പരസ്പരം ഏറ്റുമുട്ടുന്ന വാളുകളായി നില്കുന്നത്. ഈ രാഷ്ട്രീയം ഈ വിഷയത്തിലുള്ള എല്ലാ നിലപാടുകളെയും വളരെയധികം നിയന്ത്രിക്കുന്നുമുണ്ട്. വിവാഹമോചിതരായവരിൽ വീണ്ടും വിവാഹിതരായവർ, അവിവാഹിതരായ എന്നാൽ കുഞ്ഞുങ്ങളുള്ള അമ്മമാർ, തങ്ങൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ആശീർവാദമോ കുർബാന സ്വീകരണമോ തേടുമ്പോൾ അകറ്റി നിർത്തപ്പെടേണ്ട പാപികളാണ് അവർ എന്ന് കണിശം പറയുന്ന ധാർമ്മികത അധാർമ്മികതയാണ്. Transgenders പൈശാചിക സ്വാധീനമുള്ളവരാണെന്നു കരുതപ്പെട്ടിരുന്ന ഒരു സമയമുണ്ടായിരുന്നു.
സ്വവർഗാനുരാഗമുള്ള ഒരാൾ അകറ്റി നിർത്തപ്പെടണം എന്ന് അഭിപ്രായമുള്ളവർ, സ്വവര്ഗാനുരാഗത്തിലെ 'പാപത്തെ' കണ്ടുകൊണ്ടാവണം അങ്ങനെ ചെയ്യുന്നത്. പാപത്തെക്കുറിച്ചു ഗൗരവമുണ്ടാവുമ്പോൾ അതേ ഗൗരവം, അഴിമതിയുടെയും കൊള്ളപ്പലിശയുടെയും, യുദ്ധങ്ങളുടെയും പാപങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ആശീർവാദം നല്കപ്പെടരുത് എന്ന് ന്യായമായും ആവശ്യപ്പെടേണ്ടതാണ്. ഒരു ലൈംഗികത്തൊഴിലാളി അനുഗ്രഹത്തിനായി കടന്നു വന്നാൽ വ്യക്തി സ്വീകരിക്കുന്ന ആശീർവാദവും അംഗീകരിക്കാനാവാത്ത തൊഴിലും ഉണ്ട്. പാപത്തെ കാരണമായെടുക്കുന്ന വാദഗതികളിൽ, ലൈംഗികതയുടെ ലക്ഷ്യത്തിനും അർത്ഥത്തിനും യോജിച്ചതല്ലാത്ത ഏതു പ്രവൃത്തിയിൽ ഏർപ്പെടുന്നവരും ഒരു ആശീർവാദത്തിനും അർഹരല്ല എന്ന തലത്തിലേക്ക് വരുന്നുമില്ല.
കുടുംബത്തിന്റെ സ്ഥാപനത്തിലും കുഞ്ഞുങ്ങളുടെ ജനനത്തിനുമല്ലാതെ നടക്കുന്ന വിവാഹങ്ങൾ അതിന്റെ ഉദ്ദേശ്യത്തിന്റെ വികലത കൊണ്ടു തന്നെ അസാധുവാണ്. വിദേശത്തു പോകാനും കടം തീർക്കാനും മറ്റുമായി നടത്തുന്ന വിവാഹങ്ങൾ വിവാഹങ്ങളല്ലെന്നും, അവരുടെ ബന്ധങ്ങൾ നിയമരഹിതമാണെന്നും സാരം. അവർക്ക് ആശീർവാദം സ്വീകരിക്കാമോ? പ്രകൃത്യാ ഉള്ളതും സാന്മാര്ഗികമായതും എന്ന തത്വം എല്ലാവര്ക്കും ബാധകമാകേണ്ടതാണ്.
അശ്ലീലതയും അധാർമ്മികതയും അങ്ങനെ തന്നെയാണ്. പാപത്തെ പരിഗണിക്കുന്നത് അറിവ് സ്വാതന്ത്ര്യം, ഇച്ഛ എന്നിവയെ കണക്കിലെടുത്തുകൊണ്ടാണ്. പ്രകൃത്യാ ഉള്ള ഒരു അവസ്ഥയെ അതിന്റെ ധാർമ്മിക വശത്തോട് ഒത്തു ചേർത്തുനിർത്തി പരിശോധിക്കാൻ വലിയ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. അതാണ്, ഗവേഷങ്ങൾ സുതാര്യമായല്ല നടക്കുന്നത് എന്ന പരാമർശം കൊണ്ട് ഉദ്ദേശിച്ചത്. പാപത്തെ പ്രവൃത്തിയിൽ നിന്നും വ്യത്യസ്തമായി കൃപയെ ബോധപൂർവ്വം അകറ്റി നിർത്തുന്ന ഒരു അവസ്ഥയായി ഇന്ന് കാണുന്നുണ്ട്. കാലത്തോടൊപ്പം മനുഷ്യപ്രകൃതിയും വളരെ സങ്കീർണ്ണമാവുകയാണ്. അരിസ്റ്റോട്ടിൽ ന്റെയും പ്‌ളേറ്റോയുടെയും മറ്റും നരവംശ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളാണ് മാനുഷികവ്യവഹാരങ്ങളെ വിവരിക്കാനും അവയിലെ ശരിതെറ്റുകളെ കാണാനും ഇന്നുമുപയോഗിക്കുന്നത്. ജീവശാസ്ത്രം ജനിതക ശാസ്ത്രം മനഃശാസ്ത്രം തുടങ്ങിയവയുടെ സംഭാവനകൾ ഈ ശരിതെറ്റുകളുടെ അവലോകനത്തിൽ തഴയപ്പെടുന്നു എന്നത് ദൗർഭാഗ്യകരമാണ്.
ഡിസംബർ 17, 2023
കാന്തികമണ്ഡലവും ദൈവശക്തിയും
ഒരു തീർത്ഥാടനസ്ഥലമോ ധ്യാനകേന്ദ്രമോ അതിൻ്റെ ഭക്തിയുടെയും പ്രാർത്ഥനകളുടെയും അന്തരീക്ഷം വഴി ഒരാൾക്ക് ദൈവത്തിലേക്ക് സ്വയം തുറക്കാനും ദൈവാശ്രയത്തിൽ ആഴപ്പെടാനുമുള്ള വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ഒരു കാന്തികമണ്ഡലത്തിനു സമാനമായി ഒരു കേന്ദ്രത്തിൽ നിന്ന് പ്രവഹിക്കുന്നതും ഒരു ആവൃത്തിക്ക് ഒരു പരിധി വരെ എത്തിചേരാൻ കഴിയുന്ന ഊർജ്ജസ്രോതസ്സായി ദൈവസാന്നിധ്യത്തെ അവതരിപ്പിക്കുമ്പോൾ ദൈവത്തെയല്ല, അവരുടെ സ്ഥാപനങ്ങളെണ് അവർ കേന്ദ്ര സ്ഥാനത്ത് നിർത്തുന്നത്. ഈ ഊർജ്ജം വൈദ്യുതനിലയത്തിൽ നിന്ന് മറ്റൊരിടത്തേക്ക് എത്തുന്ന വൈദ്യുതി പോലെ തങ്ങളുടെ ചാനലുകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും എത്തിച്ചു കൊടുക്കുന്ന ദൈവാനുഗ്രഹവും അഭിഷേകവും അത്ഭുതങ്ങളും ദൈവത്തിൻ്റെ പേര് പറഞ്ഞു കൊണ്ട് തന്നെ ദൈവാരാധനയിൽ നിന്ന് ആളുകളെ അകറ്റുകയാണ്. അത്തരം ആവാഹന മാതൃകകൾ ദൈവസാന്നിധ്യത്തെക്കുറിച്ചും കൃപയുടെ സ്വഭാവത്തേക്കുറിച്ചും തെറ്റായ ബോധ്യമാണ് നൽകുന്നത്. പ്രത്യേക അഭിഷേകവും, സൗഖ്യവും അവകാശപ്പെടുന്ന കേന്ദ്രങ്ങളും, ചാനലുകളും, പ്രസിദ്ധീകരണങ്ങളും ഇതിൽ ഉൾപ്പെടും. കേരളം അനാരോഗ്യകരമായ അനുകരണത്തിന്റെ പാതയിലാണ്. പ്രിന്റ് മീഡിയ പ്രബലമായപ്പോൾ, ടെലിവിഷൻ വന്നപ്പോൾ, ഒക്കെ വിദേശ പ്രഘോഷകൻ എന്തൊക്കെ ചെയ്തോ, ഇന്നത്തെ ട്രെൻഡ് അനുസരിച്ചു എന്തൊക്കെ ചെയ്യുന്നോ അവയിലെ സത്യാവസ്ഥയോ ശരികളോ ക്രിസ്തീയ മൂല്യമോ പരിഗണിക്കാതെയുള്ള അനുകരണമാണിവിടെ. ചാനൽ ഓൺ കിട്ടുന്ന അഭിഷേകം, നിശ്ചിത മീറ്റർ കണക്കിനുള്ള ദൈവസാന്നിധ്യ അനുഭവം അങ്ങനെ പലതുണ്ട് അവകാശവാദങ്ങളിൽ. "ഞങ്ങളുടെ ചാനലിലെ ആരാധനയിലുള്ള പ്രത്യേക അഭിഷേകം" ആരാണ് അല്ലെങ്കിൽ എന്താണ് അഭിഷേകത്തിന്റെ ഉറവിടം? ഒരു വസ്തുവിലേക്കോ സ്ഥലത്തേക്കോ പ്രാർത്ഥനയും പൂജയും വഴി സംക്ഷേപിക്കാവുന്നതല്ല ദൈവം. അങ്ങനെ ഒരു സ്ഥലമോ വസ്തുവോ ദൈവം തിരഞ്ഞെടുക്കുന്നുമില്ല.
സ്വയം കേന്ദ്രീകൃതമാകുന്ന ശുശ്രൂഷകരും സ്ഥാപനങ്ങളും ജനത്തെ വഞ്ചിക്കുകയാണ്.
ഡിസംബർ 14, 2023
വേരുകൾ
ഉറവിടങ്ങളിലേക്കു മടങ്ങുക, വേരുകളെ കണ്ടെത്തുക ......
ഏലിയായെക്കുറിച്ചുള്ള പ്രതീക്ഷ, വരാനിരുന്ന മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷ പോലെതന്നെ അർത്ഥമുള്ളതായിരുന്നു. ഏലിയായോ പ്രവാചകനോ അത്ഭുതപ്രവർത്തകനോ ആയി ജനത്തിന് കാണപ്പെട്ടാലും ശിഷ്യരുടെ അടിത്തറയാവേണ്ടത് യേശു ക്രിസ്തുവാണ് എന്ന തികഞ്ഞ ബോധ്യമായിരുന്നു. തിരമാലകളിൽ മുങ്ങിത്താന്ന പത്രോസ് ക്രിസ്തുവിൽ കണ്ട അഭയശിലയാണ് ശാശ്വതമായ പാറ. അവനിൽ അർപ്പിക്കപ്പെടുന്ന വിശ്വാസത്തിന്മേലാണ് സഭ പണിയപ്പെടുന്നത്. (തീവ്ര-ഉത്സാഹികളായ അപ്പോളോജിസ്റ്റുകൾ പേപ്പസിയെ പ്രതിരോധിക്കുവാൻ ഈ സംഭവത്തെ പത്രോസെന്ന വ്യക്തിയിലേക്ക് ചേർത്ത് വയ്ക്കാറുണ്ട്. സ്റ്റേറ്റ് പേപ്പൽ അധികാരത്തെ മാറ്റി നിർത്തിയ പശ്ചാത്തലത്തിൽ അത് പ്രസക്തമായിരുന്നിരിക്കാം. എന്നാൽ യാഥാർത്ഥമായതിനെ അവഗണിക്കാനാവില്ല).
ക്രിസ്തുവിൽ അർപ്പിക്കപ്പെടുന്ന ഈ വിശ്വാസത്തിലേക്കാണ്, ഉറവിടങ്ങളിലേക്കു മടങ്ങുക, വേരുകളെ കണ്ടെത്തുക എന്നൊക്കെയുള്ള ആഹ്വാനങ്ങളിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ ആഗ്രഹിച്ചത്. അനുഷ്ഠിക്കപ്പെടുന്നതും വിശ്വസിക്കപ്പെടുന്നതുമായ ഉറവിടങ്ങളിലേക്ക് ആത്മാർത്ഥവും ആഴമേറിയതുമായ ഒരു മടക്കം. വിശ്വാസമായി ഹൃദയങ്ങൾ ഉയർത്തുന്നതിലും ആരാധനയായി അനുഷ്ഠിക്കുന്നവയിലും, ചരിത്രത്തിന്റെ നാൾവഴികളിലൂടെ സഭ അടുത്തറിഞ്ഞ ക്രിസ്തുവിലേക്കു ആഴ്ന്നിറങ്ങുവാൻ ശ്രമിക്കുകയാണ്.
വേരുകളിലേക്കു പോവുകയെന്നത്, പഴയതും പുതിയതുമായ നിധിശേഖരം പുറത്തേക്കു കൊണ്ടുവരുന്ന (Mt 13,52) ദൈവരാജ്യ ശിഷ്യന്റെ പ്രവൃത്തിയാണ്. കൈമാറി ലഭിച്ച പാരമ്പര്യളിൽ മറഞ്ഞിരിക്കുന്ന പുതിയ നിധികളെ തുടർച്ചയായ പുനർവായനയിലൂടെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരികയാണ്. സത്യത്തിന്റെ പ്രബോധകയെന്ന നിലയിൽ പാരമ്പര്യങ്ങളുടെ നിക്ഷേപങ്ങളോട് വിശ്വസ്തമായിരിക്കുന്നതു പോലെ, വിവേകപൂർവ്വം പുതിയതിനെ പുറത്തുകൊണ്ടു വരികയും ചെയ്യുന്നു. വി. ഗ്രന്ഥം, സഭാപിതാക്കന്മാർ, ആരാധനക്രമം ഉറവിടങ്ങൾ തുടങ്ങിയവ ചരിത്രത്തിൽ ഉറച്ചുപോയ സാക്ഷ്യങ്ങളല്ല. ജീവിക്കുകയും വളരുകയും ചെയ്യുന്ന സാക്ഷ്യങ്ങളാണവ. വേരുകളെ തേടുമ്പോൾ പുതിയ വേരുകൾക്ക് ഇറങ്ങാൻ ഇടം നൽകാതെ നില്കുന്നത് ആരോഗ്യകരമല്ല. പഴയ വേരുകളെ തിരയുകയെന്നാൽ അവയിലെ അടിസ്ഥാനസത്തയെ സ്വാംശീകരിക്കുകയും വളരുകയും ചെയ്യുകയെന്നതാണ്. വേരുകൾ പുറത്തെടുത്തു അലങ്കാരമാക്കി അഹങ്കാരമാക്കുമ്പോൾ വേരുകൾ ഉണക്കപ്പെടുകയാണ്. യാഥാസ്ഥിതികരും സങ്കുചിതമായ പാരമ്പര്യവാദികളും ഫലത്തിൽ കൊണ്ട് വരുന്നത് ഈ അവസ്ഥയാണ്.
ഐതിഹാസികമായ ഒരു ഭൂതകാലത്തിന്റെ സന്താനങ്ങളാവേണ്ടവരല്ല നമ്മൾ. വരാനിരിക്കുന്ന ക്രിസ്തുവിൽ പൂർത്തിയാകുന്ന കൃപാജീവിതത്തെ മുന്നിൽ കാണുന്നവരാണ് നമ്മൾ. ഒരു കാലത്തിന്റെയും സംസ്കാരത്തിന്റെയും നിർമ്മിതികളിൽ നമ്മെ ഉടക്കിക്കളയുന്നവയല്ല ക്രിസ്തുവിലുള്ള നമ്മുടെ വേരുകൾ. ക്രിസ്തുവെന്ന ഉറവിടം, ആത്മാവിന്റെ ചൈതന്യത്തിൽ ഓരോ കാലത്തിലും പുതുവേരുകൾ നൽകുന്നതാണ്. ക്രിസ്തുവിലേക്കെത്താത്ത വേരുകൾ ഫലം നൽകാത്ത മുന്തിരിച്ചെടികളെ രൂപപ്പെടുത്തിക്കൊണ്ടിരിക്കും, അവ മുള്ളുകളും പുളിപ്പുള്ള ഫലങ്ങളും നൽകും.
ഉറവിടങ്ങളിലേക്കു മടങ്ങുക, വേരുകളെ കണ്ടെത്തുക
ഡിസംബർ 08, 2023
എല്ലാം പരിഹരിക്കപ്പെടുമോ?
പരിഹരിക്കപ്പെടാവുന്നതാണ്.
എന്നാൽ മേജർ ആർച്ച്ബിഷപ്പിന്റെ രാജിയിലൂടെയും, എറണാകുളം-അങ്കമാലി അതിരൂപത ഏകീകൃത കുർബാന അർപ്പിക്കാൻ സമ്മതിക്കുന്നതിലൂടെയും സീറോ മലബാർ സഭയിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ?
കലഹങ്ങൾ നിർമ്മിക്കപ്പെട്ടവയാണ്. അതിന് സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ അഹന്തയുടെയും അപമാനിക്കലിന്റെയും താഴ്ത്തിക്കെട്ടലിന്റെയും പുച്ഛത്തിന്റെയും ചരിത്രവഴികളുണ്ട് എന്നത് അംഗീകരിക്കാതിരിക്കാനാവില്ല. ഒരു സ്ഥാനത്യാഗവും, ആരാധനാക്രമത്തിലെ ഐക്യരൂപവും കൊണ്ട് സുഖപ്പെടുത്താവുന്ന ഒന്നല്ല അത്. ഈ നാളുകളിലൊക്കെയും, അനുരഞ്ജിതരായി തീർന്നീടാം എന്ന് പാടിത്തന്നെയാണ് കുർബാനകൾ തുടങ്ങിയത്. ചൊല്ലുന്നതിൽ അർത്ഥവും ആത്മാർത്ഥതയും ആവശ്യമില്ലായെങ്കിൽ ഏകീകൃത രൂപങ്ങളിൽ എന്ത് നവീകരണമാണ് കൈവരിക്കാനാവുന്നത്? നേതൃത്വത്തിലുള്ളവർ തന്നെ നവീകരണത്തിന്റെയും അനുരഞ്ജനത്തിന്റെയും ഒരു ഘട്ടം തങ്ങൾക്കായി അനുവദിച്ചു ആത്മാർത്ഥതയോടെ പൂർത്തിയാക്കേണ്ടതുണ്ട്. ആരാണ് വലിയവൻ എന്ന തർക്കം ശിഷ്യന്മാരുടെ അനുകരണത്തിൻറെ അടയാളമല്ല. സാമൂഹിക പ്രതിച്ഛായക്കും രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടി ക്രിസ്തുവിന്റെ സത്യത്തെ സഭയിൽ നിന്ന് മാറ്റിനിർത്തി മുതലെടുപ്പ് നടത്തിക്കൊണ്ട് നേടിയെടുക്കുകയും നിലനിർത്തപ്പെടുകയും ചെയ്യുന്ന സ്ഥാനങ്ങൾ സഭയുടെ അടിത്തറ പുനഃനിർമ്മിക്കുന്നവയല്ല. അനുരഞ്ജനം യാഥാർത്ഥ്യമാകുന്നില്ലെങ്കിൽ അധികാരവും മേല്കോയ്മയും ഭരണവും വീണ്ടും പ്രധാനതാല്പര്യങ്ങളാവുകയും, ലാഭകരമായ കലഹങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ആത്മാർത്ഥമായ തുടർച്ചയായ സംഭാഷണങ്ങൾ തുടങ്ങിയെങ്കിലേ ശാശ്വതമായ പരിഹാരത്തിലെത്തുകയുള്ളു. നീതിയും ധാർമ്മികതയും സൗഖ്യവും എല്ലാഭാഗത്തും നിന്നും അനുഭവമാകുന്നെങ്കിലേ അനുസരണം സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റെയും അനുഭവമാകൂ. ക്രമപ്പെടുത്തലിനു വേണ്ടി മാത്രമുള്ള ഉദ്യമങ്ങൾ ദീർഘകാലം നിലനിൽക്കില്ല.
തങ്ങളേറ്റതും ഏൽപ്പിച്ചതുമായ അപമാനങ്ങളും നഷ്ടങ്ങളും വിഷമങ്ങളും, അനുരഞ്ജനവും സമാധാനവും ലക്ഷ്യമാക്കിക്കൊണ്ടുതന്നെ തുറന്നു പറയാനും കേൾക്കാനും ഗ്രഹിക്കാനും സാധിക്കുന്ന അന്തരീക്ഷങ്ങൾ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു. ആ തുറന്നു പറച്ചിലുകൾ സമൂഹം കേൾക്കുകയും മനസ്സിലാക്കുകയും പകർത്തുകയും ചെയ്യണം. പ്രതിരോധിച്ചുകൊണ്ടോ നിഷേധിച്ചുകൊണ്ടോ, ന്യായീകരിച്ചുകൊണ്ടോ തള്ളിക്കളഞ്ഞുകൊണ്ടോ ഐക്യത്തിലേക്കു കടക്കാൻ കഴിയില്ല. സൗഹാർദ്ദപരമായ പരസ്പരബന്ധങ്ങളിലൂടെയേ കാലങ്ങളായി പരസ്പരമേല്പിച്ച മുറിവുകളെ പരസ്പരം ആശ്വസിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യാനാകൂ. വിശ്വാസത്തിന്റെ പേരിൽ, പ്രാദേശിക സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ പക്ഷം ചേർന്ന് കലഹിച്ചപ്പോൾ മാറ്റി നിർത്തിയ ക്രിസ്തുശീലങ്ങൾ പുതിയ വഴിയാകണം. തിരഞ്ഞെടുത്ത ജീര്ണതകളെക്കുറിച്ചു ലജ്ജിക്കുകയും പശ്ചാത്തപിക്കുകയും ഏറ്റുപറയുകയും വേണം. അത് മെത്രാന്മാരാവട്ടെ, വൈദികരാവട്ടെ, അത്മായരാവട്ടെ. ക്രിസ്തുവിൽ, സത്യം സ്വാതന്ത്ര്യം നൽകുമെന്ന പ്രത്യാശ അനുരഞ്ജനത്തിന്റെ പ്രേരണയാവണം.
ആരു മുൻകൈയെടുക്കും? ആർക്കുമാകാം. വരുവിൻ നമുക്ക് രമ്യതപ്പെടാം എന്ന ദൈവിക വിളി നമുക്കുമുണ്ടാവണം. ശരികളുടെ കൂട്ടിമുട്ടലും വിധേയത്വങ്ങളുമല്ല രമ്യതയുടെ ഭാഷ. പരസ്പരം സ്വീകരിക്കുകയെന്നതാണ്. ആത്മീയനേതാക്കളും പ്രഘോഷകരും നേതൃത്വപാടവമുള്ളവരും നന്മ ആഗ്രഹിക്കുന്നവരുമായ ആർക്കും അത് തുടങ്ങി വയ്ക്കാം.
ദൈവരാജ്യം നൽകുന്ന വിളിയോട് ആത്മാർത്ഥതയുണ്ടെങ്കിൽ, സഭയുടേതെന്ന പേരിൽ സഭക്കുവേണ്ടിയെന്ന പേരിൽ വിഷം നിറഞ്ഞ ധ്രുവീകരണം നടത്തുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ തള്ളിപ്പറയാൻ ഇനിയെങ്കിലും സിനഡ് തയ്യാറാകണം. അവയിലാണ് സിനഡ് ഇനിയും വിശ്വാസമർപ്പിക്കുകയും പിന്താങ്ങുകയും ചെയ്യുന്നതെങ്കിൽ സിനഡ് ഐക്യമോ ഒരുമയോ ആഗ്രഹിക്കുന്നില്ലെന്നും കലഹങ്ങളിലെ ലാഭമാണ് തേടുന്നതെന്നും കരുതേണ്ടി വരും.
സ്വയം ഉയർത്താനുള്ള ശ്രമങ്ങളാണ് പരസ്പര വൈരാഗ്യങ്ങളിലേക്കു നയിച്ചത്. തന്നെത്തന്നെ പരിത്യജിച്ചു കൊണ്ടല്ലാതെ ഒരു അനുരഞ്ജന ആഹ്വാനവും ഫലമണിയില്ല.
ആരാണ് തെറ്റുകാർ?
രാജാക്കന്മാരെ മാനിക്കാത്ത പ്രവാചകരോ?
മന്ത്രിമാർ സ്തുതിച്ചത് രാജാവിനെയായിരുന്നു.
ആരാണ് തെറ്റുകാർ?
നവംബർ 27, 2023
അവനെ നിങ്ങളുടെ വഴികളിൽ കണ്ടിട്ടുണ്ടോ?
ക്രിസ്തു ഉയിർത്തോ?
നവംബർ 25, 2023
ക്രിസ്തുരാജ
സമാധാനത്തിന്റെ ദാനം സ്വീകാര്യമാവേണ്ടതിന്റെ ഒരുക്കത്തിനായാണ് ദൈവഹിതം നടപ്പിലാവാനായി ഹൃദയങ്ങളെ യോഗ്യമാക്കാൻ ക്രിസ്തുരാജ തിരുനാൾ ആചരിച്ചു തുടങ്ങിയത്. സമാധാന യത്നങ്ങളില്ലാതെയുള്ള തിരുനാളുകൾ ദൈവഹിതത്തിനെതിരാണ്. സമാധാനം ജീവന്റെ സമൃദ്ധിയിൽ നിന്ന് ഉയർന്നു വരേണ്ടതാണ്. ആ ജീവന്റെ കാരണമാണ് വചനമായ ക്രിസ്തു. സകലത്തിന്റെയും കാരണവും ലക്ഷ്യവും ഉത്ഭവവും അന്ത്യവും ആയതുകൊണ്ടാണ് സകലതിനും ജീവൻ നൽകാനും, സകലതിനെയും 'ഭരിക്കാനും' അവനു കഴിവുള്ളത്. ജീവൻ വളരാനും സമാധാനം സ്ഥാപിക്കാനും ആത്മാർത്ഥതയോടെ ആഗ്രഹിക്കാത്ത ഒരു ക്രിസ്തുരാജ പ്രദക്ഷിണവും ക്രിസ്തുവിനോടുള്ള ആദരവല്ല.
ദേശങ്ങൾ കീഴടക്കിയ ഒരു രാജാവിന്റെ ചിത്രം ക്രിസ്തുവിനുമേൽ നൽകപ്പെട്ട ഭാരമാണ്. രാജാവായവൻ മുൾക്കിരീടമണിഞ്ഞു എന്ന് പരിതപിച്ചാലും ആ ശാപത്തിൽ നിന്ന് അവൻ മോചിതനാവുന്നില്ല.
നവംബർ 16, 2023
യുദ്ധകാഹളങ്ങളിലെ ക്രിസ്തു
'സഭ'ക്കുള്ളിൽ നിന്നും കേൾക്കുന്ന യുദ്ധകാഹളങ്ങളിലെ വിശ്വാസപരമായ യുക്തി, കുറെ വർഷങ്ങളായി അനുവദിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും വിശുദ്ധമാനമണിയിക്കപ്പെടുകയും ചെയ്ത അപരവത്കരണത്തിന്റെ വീര്യമാണ്. ശ്ലൈഹീക പാരമ്പര്യങ്ങൾ അഹങ്കാരമാക്കുകയും എന്നാൽ മക്കബായൻ സമരമുറ ആത്മീയതയാക്കുകയും ചെയ്യുന്ന ശൈലിയിൽ ക്രിസ്തു എവിടെയാണ്? ക്രിസ്തുവിന്റേതല്ലാത്ത ഭാഷ സഭയിൽ നിന്ന് ഉയരുകയും അത് പ്രബലമാവുകയും ചെയ്യുമ്പോൾ അത് സഭയുടെ തന്നെ ആന്തരികമായ തകർച്ചയെ എടുത്തുകാണിക്കുന്നു. ക്രിസ്തു ഒരു മൂല്യമാവാത്ത സഭ, ക്രിസ്തുവിനെ കാര്യമായെടുക്കേണ്ടതില്ലെന്നു കരുതുന്ന സഭ.
സഭക്കങ്ങനെ ഒരു നിലപാടില്ലെന്ന് പറഞ്ഞേക്കാം. ആരാണ് സഭ? പ്രബലപ്പെടുന്ന സ്വരം സഭയിലുണ്ടെങ്കിൽ അത് സഭയുടേത് തന്നെയല്ലേ? അല്ല എങ്കിൽ, അങ്ങനെയാവരുത് എന്ന് സഭ പറയാത്തതെന്തേ? യുദ്ധകാഹളങ്ങളുടെ കാഴ്ചപ്പാടുകളെ ശരിവച്ച ഉറവിടങ്ങൾ ഇന്നും വിശുദ്ധ സുവിശേഷത്തിന്റെ പ്രഘോഷകരല്ലേ? സഭയുടെ സംരക്ഷകരായി വാഴ്ത്തപ്പെടുന്ന അവരിട്ട കനൽ വരും നാളുകളിൽ ഏതു അവസ്ഥ സ്വീകരിക്കുമെന്നും അത് സഭക്ക് ഏതു മുഖം നൽകുമെന്നും ഇന്നത്തെ പ്രതികരണങ്ങളിൽ നിന്നും നോക്കിക്കാണാവുന്നതേയുള്ളു.
നവംബർ 05, 2023
നിങ്ങൾക്ക് ഒരു ഗുരുവേയുള്ളു
ഒരു മതം അതിന്റെ ശൂന്യത വെളിപ്പെടുത്തുന്നത് നിരീശ്വരരുടെ വെല്ലുവിളികളിൽ നിന്നല്ല. കപടവിശ്വാസികളുടെ നിഗളിപ്പുകളിൽ നിന്നാണ്. ക്രിസ്തീയതയിൽ എല്ലാക്കാലത്തും അകറ്റി നിർത്താൻ ശ്രമിച്ചിട്ടുള്ളത് ക്രിസ്തു പഠിപ്പിച്ച മൂല്യങ്ങളെത്തന്നെയാണ്. കാരണം, അത് സ്വന്തമെന്നു കരുതാവുന്ന, നിഗളിക്കാവുന്ന എല്ലാത്തിനും വെല്ലുവിളിയാണ്. ഈ 'സ്വന്തങ്ങളെ' വിഗ്രഹവൽക്കരിക്കാൻ അവയെ ക്രിസ്തീയമായി അലങ്കരിക്കാനുള്ള ഉദ്യമങ്ങളാണ് നടത്തിപ്പോരുന്നത്. കൂടുതൽ വിശുദ്ധരും, കൂടുതൽ അറിവുള്ളവരും, കൂടുതൽ സംസ്കാരമുള്ളവരും, കൂടുതൽ പരമ്പരാഗതരും ആയിക്കൊണ്ട് മറ്റുള്ളവരെ, പാപികളും അപകടകാരികളും അറിവില്ലാത്തവരും ആയി പ്രഖ്യാപിക്കുന്നിടത്താണ് സ്വന്തം ക്രിസ്തീയ തനിമ കണ്ടെത്തപ്പെടുന്നത്. ക്രിസ്തുവിന്റെ സമീപനരീതിക്ക് ഏറ്റവും വിരുദ്ധമാണത്. ആവശ്യാനുസരണം വളച്ചും തിരിച്ചും ക്രിസ്തുവിനെ വികലമാക്കുന്ന 'സത്യവിശ്വാസികൾ' പഴയ ഫരിസേയരുടെ പിൻഗാമികളാണ്. 'വിശുദ്ധരും സത്യരും ശുദ്ധരും' നിർമ്മിച്ചെടുക്കുന്ന സാമൂഹിക വ്യവസ്ഥിതിയനുസരിച്ച് 'ലൗകിക' ജോലികൾ ഉപേക്ഷിച്ച് സ്ത്രീകളുടേതായി ബൈബിൾ അനുശാസിക്കുന്ന 'നിശ്ചിത'കർത്തവ്യങ്ങൾ പാലിക്കുവാൻ തീരുമാനിക്കുന്ന സ്ത്രീകളുണ്ട്.
അനേകം വിദഗ്ദരും സഭാസംരക്ഷകരും വിശ്വാസ വിശദീകരണ ചാനലുകളും നിറഞ്ഞാടുന്ന ഇന്ന്, "നിങ്ങൾക്ക് ഒരു ഗുരുവേയുള്ളു, കർത്താവായ ക്രിസ്തു" എന്ന് സുവിശേഷം പറഞ്ഞുവെച്ചത് കാര്യമായെടുക്കേണ്ടതാണ്. എല്ലാവരും ജീവൻ പ്രാപിക്കുക എന്നതാണ് പിതാവിന്റെ ഇഷ്ടം എന്ന് ക്രിസ്തു പഠിപ്പിച്ചു. എന്നാൽ, സമരിയാക്കാരും, ചുങ്കക്കാരും, പാപികളും പ്രവേശിക്കുന്ന സ്വർഗം വിശുദ്ധരായ സദുക്കായർക്കും ഫരിസേയർക്കും അസ്വീകാര്യമായിരുന്നു. വേദശാസ്ത്രികൾക്ക് വിശദീകരിക്കാനാവാത്തതായിരുന്നു. എന്റെ നീതിശാസ്ത്രങ്ങൾക്കനുസരിച്ചു ശുദ്ധിയുടെ സമ്മതപത്രം നേടിയെങ്കിലേ അവർ ശുദ്ധരാക്കപ്പെടൂ എന്ന് കരുതുന്നവർ ദൈവത്തിന്റെ കരുണയെക്കുറിച്ചു പറയുന്നത് കപടതയാണ്. നീതിയോ, സത്യമോ, കരുണയോ അല്ല അവരെ നയിക്കുന്നത്. ദൈവത്തിനെ പരിശുദ്ധിയെ സംരക്ഷിക്കുന്ന അവർ ക്രൂരമായ അതിരുകൾ വഴി 'മറ്റുള്ളവരെ' പാപികളെന്നു വിധിക്കുന്നു.
താന്താങ്ങളുടെ പകയും, വെറുപ്പും, രാഷ്ട്രീയവും വളർത്തുന്ന പ്രത്യയശാസ്ത്രങ്ങൾക്ക് വേര് നൽകും വിധം ഹൃദയം മലിനമാക്കുന്ന ക്രിസ്തുരൂപങ്ങൾ ആവർത്തിച്ച് നിർമ്മിക്കപ്പെടുന്നുണ്ട്. ദൈവരാജ്യത്തിലേക്കു തുറന്ന ക്രിസ്തുസന്ദേശങ്ങളെ, കണിശതയും ശുദ്ധതയും വിശുദ്ധിഹുങ്കുകളും നിറഞ്ഞ ഫരിസേയ അളവുകോലുകളിലേക്കു കെട്ടിയിടാനാണ് വിശുദ്ധരും സത്യരും ശുദ്ധരും ശ്രമിക്കുന്നത്. അതല്ല ക്രിസ്തുവിൽ നിന്ന് നമ്മൾ പഠിച്ചത്.
ഒക്‌ടോബർ 30, 2023
ആരാണ് എന്റെ സഹോദരർ?
തങ്ങൾ വെളിച്ചത്തിലാണെന്നു പറയുകയും എന്നാൽ സഹോദരരെ (ജൂതരോ മുസ്ലീമോ ആവട്ടെ) വെറുക്കുകയും ചെയ്യുന്നവർ അന്ധകാരത്തിൽത്തന്നെയാണ്.
സ്വയം സാധൂകരിക്കാനായി പഴയ ചോദ്യം ആവർത്തിക്കാം, "ആരാണ് എന്റെ സഹോദരർ?"
പ്രത്യയശാസ്ത്രങ്ങളും, രാഷ്ട്രീയവും സങ്കുചിത പാരമ്പര്യവാദങ്ങളും വഴി, ആധിപത്യത്തെക്കുറിച്ചു മാത്രം ചിന്തിക്കാൻ ശ്രമിക്കുന്ന മാഫിയ സംഘങ്ങളായി ക്രിസ്തീയത അധഃപതിച്ചു കഴിഞ്ഞു. ക്രിസ്തുവിന്റെ രീതികൾക്ക് ഒരു ഇടം പോലും നൽകാത്ത ക്രിസ്തീയസമൂഹങ്ങൾ ഏതു ക്രിസ്തുവിനെയാണ് അനുഭവിക്കുന്നതും പ്രഘോഷിക്കുന്നതും?
ഒക്‌ടോബർ 29, 2023
സ്ത്രീകൾക്ക് നിവർന്നു നടക്കാനാവാത്തത്
യേശുവിന്റെ കാലത്തും ഇന്നും, സ്ത്രീകൾക്ക് നിവർന്നു നടക്കാനാവാത്തത് ശാരീരികാസ്വാസ്ഥ്യം കൊണ്ട് മാത്രമല്ല. നിയമവും സംസ്കാരവും തീർക്കുന്ന സംവിധാനങ്ങളിൽ അവർക്ക് നിവർന്നു നിൽക്കാനോ സ്വന്തം ശബ്ദം പ്രകടിപ്പിക്കാനോ കഴിയാറില്ല. ദൈവം അങ്ങനെ നിശ്ചയിച്ചു എന്ന് പുരുഷർ സമർത്ഥിച്ചതിനെ ദൈവനിവേശിതമെന്നു വിശ്വസിക്കുന്ന സ്ത്രീ സമൂഹത്തിനു സ്വന്തമാക്കാൻ ഇനിയും കഴിയാത്തത് സ്ത്രീത്വത്തിന്റെ അന്തസ് തന്നെയാണ്.
സ്ത്രീയുടെ തനിമയെന്താണ്? പുരുഷന് സ്വന്തമാക്കാവുന്ന വസ്തുക്കളിൽ ഒന്നാണ് സുന്ദരിയും സ്വഭാവശുദ്ധിയുമുള്ളതുമായ ഒരു സ്ത്രീ എന്നത് ഒരു വിശ്വാസമാണ്. അതിൽ സ്ത്രീക്ക് അമൂല്യമായ വില നൽകുന്നെന്നു എത്ര വാദിച്ചാലും മനുഷ്യ വ്യക്തിയെന്ന നിലയിലും സ്ത്രീയെന്ന നിലയിലുമുള്ള യഥാർത്ഥ മൂല്യം നല്കപ്പെടുന്നില്ല. പുരുഷന് തോഴിയും സഹകാരിയും, പങ്കാളിയും ആണ് സ്ത്രീയെന്നു, ഏകനായിരുന്ന ആദത്തിനു തുണയായി ഹവ്വയെ നൽകിയതിനെ ഉദ്ധരിച്ചുകൊണ്ട് ചിലർ സ്ത്രീയെ നിർവ്വചിക്കാറുണ്ട്. സ്ത്രീയുടെ യഥാർത്ഥ അന്തസ്സിനെ അതും പ്രകടമാക്കുന്നില്ല. എന്നാൽ മേല്പറഞ്ഞ എല്ലാ അർത്ഥങ്ങളും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്ത്രീ തന്റെമേൽ വഹിക്കുന്നു എന്നതാണ് സത്യം. സമൂഹത്തിലും മതത്തിലും ഭക്തിയിലുമൊക്കെ സ്ത്രീയുടെ സ്ഥാനവും പങ്കുമെല്ലാം ചർച്ചയാവുകയും വിവരിക്കുകയും നിര്വചിക്കുകയും ചെയ്യുമ്പോൾ മേല്പറഞ്ഞ വികല ധാരണകൾ അവയിലെ അടിസ്ഥാന ഘടകങ്ങളായി നിലനിൽക്കുന്നത് കാണാം.
ക്രിസ്തുവിന്റെ കാഴ്ചപ്പാടിൽ സകലരും ദൈവമക്കളാണ്. തന്റെ ശരീരത്തിൽ അംഗങ്ങളാകുന്ന ആരും സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ആത്മാവിന്റെ ചൈതന്യത്തിൽ വളരുന്നത് ആ ശരീരത്തിലെ ഉയർന്നു പ്രകാശിക്കുന്ന വെളിച്ചമാണ്. നിശ്ശബ്ദയാവേണ്ട, തോഴിയാവേണ്ട സ്ത്രീ, ദാമ്പത്യത്തിലോ സന്യാസത്തിലോ ക്രിസ്തുവിന്റെ മനസ്സറിയുന്ന മണവാട്ടിയെയോ, സഭയുടെ മാതൃത്വത്തെയോ പ്രതിനിതീകരിക്കുന്നില്ല.
സ്ത്രീകളുടെ പൗരോഹിത്യം കൂടെക്കൂടെ ചർച്ചയാകാറുണ്ട്. കത്തോലിക്കാപൗരോഹിത്യത്തിന് സ്ത്രീകളിൽ സ്വാഭാവികമായും ദൈവശാസ്ത്രപരമായുമുള്ള കഴിവില്ലായ്മ, അനുചിതത്വം, അയോഗ്യത തുടങ്ങിയവ എടുത്തു കാണിക്കപ്പെടുന്നു. അവയിൽ ഒന്നുപോലും, വ്യക്‌തിപരമായി, എന്തെങ്കിലും അടിസ്ഥാനമുള്ളതായോ യുക്തിസഹമായോ തോന്നിയിട്ടില്ല. പൗരോഹിത്യത്തെക്കാൾ മൂല്യമേറിയ പങ്കും സ്ഥാനവും അവർ സഭയിൽ നിർവഹിക്കുന്നു എന്നതൊക്കെ കപടമായ വാചിക അലങ്കാരങ്ങൾ മാത്രമാണ്. എങ്കിലും, യഥാർത്ഥത്തിൽ പരിഗണിക്കപ്പെടേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതും സഭയിൽ അവരുടെ അന്തസിനെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചുമാണ്. സഭയിൽ എന്നതുകൊണ്ട്, പള്ളിക്കാര്യങ്ങളിൽ മാത്രമല്ല, കുടുംബങ്ങളിലും സന്യസ്ത ഭവനങ്ങളിലും സമൂഹത്തിലും ഏതൊക്കെ തലങ്ങളിൽ അവരുണ്ടോ അവയെല്ലാം ഉൾപ്പെടുന്നു. ആധിപത്യ സ്വഭാവമുള്ള പൗരോഹിത്യം സ്വയം വികലമാവുകയും എന്നാൽ ആകർഷകമാവുകയും ചെയ്യുന്നത് കൊണ്ടുകൂടിയാണ് സ്ത്രീസമത്വത്തോട് ചേർത്തുവെച്ചുകൊണ്ട് പൗരോഹിത്യം ചർച്ചയാകുന്നത്. യഥാർത്ഥ തിരുത്തൽ ഉണ്ടാവേണ്ടത് പൗരോഹിത്യം ശുശ്രൂഷയുടെ സ്വഭാവം കണ്ടെത്തുക എന്നതിലാണ്. മാതൃത്വം പൗരോഹിത്യതോടൊപ്പം തന്നെ വിശുദ്ധിയും മഹിമയുമുള്ളതാണെന്ന് ബോധ്യമുള്ള ഒരു സാംസ്‌കാരിക അന്തരീക്ഷത്തിലേ സ്ത്രീകളിൽ സ്വാഭാവികഗുണങ്ങളായ ശുശ്രൂഷ സ്വയംപ്രേരിതജ്ഞാനം ഭക്തി തുടങ്ങിയവ അമൂല്യമായ വരങ്ങളാണെന്ന് തിരിച്ചറിയപ്പെടൂ. ആധിപത്യ പൗരോഹിത്യം സഭക്ക് അന്യമാക്കുന്നതും ഈ ഗുണങ്ങളാണ്.
സ്ത്രീ കുനിഞ്ഞു നടക്കേണ്ടവളാണ് എന്നത് നിയമവും സമ്പ്രദായവും ദൈവിക കല്പനയുമാക്കുന്ന വിശ്വാസം സ്വപ്നങ്ങളുള്ള ഒരു പുതുതലമുറയെ ഉദരത്തിൽ വഹിക്കാനോ ജന്മം നൽകാനോ കഴിവില്ലാത്തതാണ്. 'വിധേയപ്പെടുന്ന സ്ത്രീയുടെ' മഹിമ പാടുന്ന മതസംഹിതകൾ ഏതു സമാധാനത്തെയും ആരുടെ സമാധാനത്തെയും കുറിച്ചാണ് പുകഴ്ത്തുന്നത്? പുരുഷന്റെ സംതൃപ്തികൾക്കൊത്തവിധം താല്പര്യങ്ങൾ ഉണ്ടാക്കിയെടുക്കേണ്ട തയ്യാറാവേണ്ട സ്ത്രീധർമ്മം കുടുംബ പരിശീലകരുടെ പുതിയ പാഠങ്ങളാണ്. വിധേയപ്പെടുക മാത്രം ചെയ്യേണ്ട ലൈംഗിക ബന്ധങ്ങളിലെ സന്മാർഗികതയിൽ സ്ത്രീയുടെ 'നിർവൃതി'യെക്കുറിച്ചു വേണ്ട ശ്രദ്ധ നൽകാൻ പ്രബോധനങ്ങൾ നടക്കേണ്ടത് ആവശ്യമല്ലേ? മനുഷ്യന്തസിനൊത്ത ജീവിത നിർവൃതിയിലേക്കു തുറന്നിടുന്ന അന്തരീക്ഷം സന്യസ്ത ഭവനങ്ങളിൽ രൂപപ്പെടുന്നുണ്ടോ? പുരുഷന്റെ ആജ്ഞാനുവർത്തികളായി 'തങ്ങൾ അടിമയല്ലെന്നു' മുദ്രാവാക്യം വിളിക്കുന്ന സ്ത്രീത്വം ദൈവമഹത്വത്തിലേക്കു വളരുന്നില്ല. 'വർഷങ്ങളോളം കെട്ടിയിടപ്പെട്ട അവൾ സ്വതന്ത്രയാകേണ്ടതല്ലേ' എന്ന ക്രിസ്‌തുശബ്ദം എല്ലാക്കാലത്തും പ്രസക്തമാണ്. സുവിശേഷത്തിന്റെ സ്വാതന്ത്ര്യം മറിയം മദ്ഗലേനയെ ഉയിർപ്പിന്റെ ആദ്യപ്രഘോഷകയാക്കി. അപ്പസ്തോലരുടെ അപ്പസ്തോലിക എന്ന് വിളിക്കപ്പെടുന്നു. സ്ത്രീ, തുണയും ഇണയുമാണോ? അതെ. പുരുഷന് കീഴ്പെടുന്ന തുണ എന്നതിനേക്കാൾ ദൈവത്തിന് ഇണയാകുന്ന രൂപകം ഏറെ ചിന്തനീയമാണ്. ക്രിസ്തുവിനു പ്രേയസിയാകുന്ന സ്ത്രീത്വം മാതൃത്വത്തോടൊപ്പം ധ്യാനിക്കപ്പെടണം. ഇവ വിസ്മരിക്കപ്പെടുകയും എന്നാൽ പൗരോഹിത്യം വാനോളമുയർത്തപ്പെടുകയും ചെയ്യുന്നിടത്തോളം കാലം കുനിവിന്റെ നിശബ്ദ വിലാപം തുടർന്നു കൊണ്ടിരിക്കും.
ഒക്‌ടോബർ 26, 2023
മതം ചരിത്രം സംസ്കാരം ദൈവം
ചില ദൈവികമനുഷ്യർക്ക് ദൈവം നേരിട്ട് നൽകുന്ന വെളിപാടുകൾ ഉടനടി പകർത്തി എഴുതിയതാണ് തിരുവെഴുത്തുകൾ എന്ന് കരുതിപ്പോന്ന ഒരു സമയമുണ്ടായിരുന്നു. എഴുതിയ ആളിന്റെ ചിന്തകളും ധ്യാനവും ലക്ഷ്യങ്ങളും സംസ്കാരവും എഴുതപ്പെട്ടവയെ സ്വാധീനിച്ചിട്ടുണ്ട് എന്നത് കാര്യമായെടുക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞത് ഏറെക്കഴിഞ്ഞാണ്. ഈ യാഥാർത്ഥ്യത്തെ വേണ്ടവിധം മനസിലാക്കാത്തതിനാൽ ബൈബിൾ വായനയും തെറ്റായ രീതിയിൽ നടക്കുകയാണ്. സമ്പ്രദായങ്ങൾ, ആചാരരീതികൾ, പ്രാദേശിക വിശ്വാസങ്ങൾ തുടങ്ങിയവ ബൈബിൾ ഗ്രന്ഥങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു മതഗ്രന്ഥത്തിലുള്ള 'ചരിത്രം' ആ മതത്തിന്റെ കാഴ്ചപ്പാടുകളിലുള്ള ചരിത്രമാണ്. യഥാർത്ഥ ചരിത്രസംഭവങ്ങളിലേക്കുള്ള സൂചനകൾ നൽകാൻ അതിനു കഴിഞ്ഞേക്കും, എന്നാൽ ചരിത്രമായി അതിനെ ഉദ്ധരിക്കുന്നത് നീതിയല്ല. അവയിലെ ശാസ്ത്രീയ കൃത്യത കണ്ടെത്താൻ ഉപയോഗിക്കപ്പെടുന്ന ശാസ്ത്രവും pseudo science വിഭാഗത്തിലുള്ളതാണെന്ന് തിരിച്ചറിയണം. ആ ചരിത്രത്തിനു ചരിത്രപരതയെക്കാൾ മതാഖ്യാനമാണുള്ളത്.
അതുപോലെതന്നെ, സ്വന്തം വിശ്വാസങ്ങളെ മുൻപിൽ വെച്ചുകൊണ്ട് മറ്റു മതഗ്രന്ഥങ്ങളെ വായിച്ചെടുക്കുകയും അത് തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചാണെന്നു അവകാശവാദമുയർത്തുകയും ചെയ്യുന്നത് ആ മതപരമ്പര്യങ്ങളോട് ചെയ്യുന്ന അനീതിയാണ്. ആ ഗ്രന്ഥങ്ങളെ അവയുടെ വിശ്വാസങ്ങൾക്കും സംസ്കാരങ്ങൾക്കും അനുസരിച്ചു വ്യാഖ്യാനിക്കുകയും പഠിക്കുകയുമാണ് വേണ്ടത്. മനുഷ്യന്റെ ആന്തരികതയിൽ ഉണർന്ന പ്രചോദനങ്ങൾക്ക് സമാനത കാണുവാൻ കഴിഞ്ഞേക്കാം. എന്നാൽ അത് പ്രാദേശികസംസ്കാരങ്ങൾ രൂപപ്പെടുത്തിയ ദൈവസങ്കല്പങ്ങളെക്കുറിച്ചുള്ള സാർവ്വത്രികതയല്ല. വേദങ്ങളും ഉപനിഷത്തുകളും പറയുന്ന ഒരേ ഒരു ദൈവം ക്രിസ്തുവാണ് എന്ന വാദത്തിലെ സമീപനരീതി ശരിയായതല്ല. യവന-റോമൻ-യഹൂദ സങ്കല്പങ്ങൾക്കുള്ളിൽ രൂപപ്പെട്ട മിശിഹാ വേദപാരമ്പര്യങ്ങളിലില്ല.
സകലവും സൃഷ്ടിക്കപ്പെടുകയും നിലനിർത്തപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യുന്നത് ഏത് തത്വം മൂലമാണോ ആ ജ്ഞാനത്തെ വചനമെന്നോ ആദിശബ്ദമെന്നോ നാദമെന്നോ വിളിക്കാമെങ്കിൽ അത് സകല സംസ്കാരങ്ങളിലും കാലങ്ങളിലും വിശ്വാസങ്ങളിലുമുണ്ട്. അതിനെക്കുറിച്ചു പറയുന്നതും വിവരിക്കുന്നതും വ്യത്യസ്തമായിരിക്കും. അത് വെളിപാടായി, പ്രചോദനമായി അംഗീകരിക്കാൻ യവന-റോമൻ-യഹൂദ പൈതൃക വെളിപാട് മേൽക്കോയ്മ തയ്യാറാവുകയുമില്ല. ഹൈന്ദവവേദങ്ങളിലുള്ള ദൈവം ക്രിസ്തുവാണെന്നും ആ ക്രിസ്തു യവന-റോമൻ-യഹൂദ സങ്കല്പങ്ങൾക്കനുസരിച്ചുള്ളതാണെന്നുമുള്ള അപഹരണപ്രക്രിയ ദൈവികപ്രചോദനങ്ങൾക്ക് വിരുദ്ധമായി നില്കുന്നു.
എതിർത്തും പ്രീതിപ്പെടുത്തിയും വേർപെട്ടും ഒത്തുചേർന്നും വിറ്റും ലാഭമെടുത്തും ഏറ്റെടുക്കുന്ന അധികാരമോഹങ്ങൾക്കും അത്യാഗ്രഹത്തിനും കൊഴുപ്പേകുന്ന എളുപ്പമാർഗ്ഗമാണ് കൾട്ടുകൾ. മതത്തിന്റെയും വിശ്വാസത്തിന്റെയും ജീർണ്ണത, സമൂഹത്തിന്റെ ആന്തരികമായുള്ള അസ്വസ്ഥതകൾ, ചൂഷണ സാധ്യതയെ അംഗീകരിക്കുന്ന വ്യവസ്ഥിതികൾ ഇവയൊക്കെ അത്തരം കൾട്ടുകൾ വളരാൻ ഇടം കൊടുക്കുകയും ചെയ്യുന്നു.
എല്ലാറ്റിനും ഒരു കാലമുണ്ട് എന്ന് പറയുന്നതുപോലെ ബൈബിൾ പണ്ഡിതരുടെ മൗനകാലമാണിത്. പ്രബോധകരുടെ വേഷമണിയുന്ന ജനപ്രിയനായകർ ജനത്തെ ആവേശം കൊള്ളിക്കുന്ന കഥകൾ സുവിശേഷങ്ങളാക്കുന്നു. അത് പുതിയ രക്ഷയാവുകയും ചെയ്യുന്നു.
കാഴ്ച
നിയമം മരണകാരണമായി എന്ന് വി. പൗലോസ് ഊന്നിപ്പറഞ്ഞത് അതിലെ കൃപാശൂന്യതയെ കണ്ടുകൊണ്ടാണ്. ഉപഭോക്തൃസംസ്കാര ശൈലി സ്വീകരിച്ച ഭക്തിരൂപങ്ങളും സെക്കുലർ മൂല്യങ്ങൾ പാലിച്ചുപോരുന്ന ആഘോഷങ്ങളും ഇവന്റുകളും നമ്മുടെ തിരുനാളുകളെയും ആഘോഷങ്ങളെയും കൃപാശൂന്യമാക്കുകയും ജീവരഹിതമാക്കുകയും ചെയ്യുകയാണ്.
കൂദാശയാവട്ടെ, ഏതൊരു കാഴ്ചയും അർച്ചനയുമാവട്ടെ, മനുഷ്യന്റെ മനഃസ്ഥിതിയെയും ഹൃദയാഭിലാഷങ്ങളെയും ചേർത്തുവെക്കാൻ കഴിയുന്നതിലാണ് അത് ദൈവമനുഷ്യ സമ്പർക്കത്തിന്റെ ഉപാധിയാകുന്നത്. ഒരു കാഴ്ച (എണ്ണ, പൂവ്, വെള്ളരിക്ക, പാൽ, പഴം) മനുഷ്യന്റെ അധ്വാനമായോ ജീവിതമായോ, കാഴ്ചയുടെ സ്വഭാവവുമായി ബന്ധപ്പെടുത്താൻ കഴിയുന്ന ഗുണവുമായോ ചേർന്ന് നിൽക്കുന്നു. സ്വാഭാവികത നഷ്ടപ്പെടുത്തിയാൽ ഭക്തിയും വിശ്വാസവും ഹൃദയം നഷ്ടപ്പെട്ടു ശൂന്യമാകും. സ്വർണ്ണത്തിന്റെയോ രത്നത്തിന്റെയോ പൂവോ പഴമോ കാഴ്ചയുടെ ആന്തരിക അർത്ഥം ഉൾക്കൊള്ളുന്നതല്ല. സ്വർണ്ണം അർപ്പിക്കേണ്ടവർ സ്വർണ്ണം എന്തിനുപയോഗിക്കുന്നോ ആ രീതികളിൽ അർപ്പിക്കട്ടെ. സ്വർണ്ണമോ രത്നമോ ആയതു കൊണ്ട് ദൈവം കൂടുതൽ അനുഗ്രഹം തരുമെന്ന് പ്രതീക്ഷിക്കുകയുമരുത്. ദൈവമോ വിശുദ്ധരോ ഏതെങ്കിലും പ്രത്യേക കാഴ്‌ച ഇഷ്ടപ്പെടുന്നു എന്ന ഒരു വിശ്വാസവും ക്രിസ്തീയതയിലില്ല. അങ്ങനെയുള്ള ഒരു കാഴ്ച 'വണക്കയോഗ്യ'മാണെന്നു കരുതുന്നത് തീർത്തും അസ്വീകാര്യമാണ്.
നിരവധി ഉദാഹരണങ്ങൾ കൺമുമ്പിലുണ്ട്. കൃപാസനം പത്രത്തിന്റെ ശക്തി, നിയോഗമാതാവ്, പല സ്ഥലങ്ങളിലായി ശക്തി കൂടുതലും കുറവുമുള്ള ഉണ്ണീശോ, സെഹിയോനിലെ അഭിഷേകമുള്ള മണ്ണ്, അവിടുത്തെ കുരിശിന്റെ ഫോട്ടോ ഷെയർ ചെയ്യുന്നതുകൊണ്ടുള്ള അത്ഭുതങ്ങൾ അങ്ങനെ നിരവധി. അവയിലെ ന്യൂന്യതകളെ കണ്ടിട്ടും എല്ലാം വിശ്വാസമായും ഭക്തിയായും വാഴ്ത്തിയ നമ്മൾത്തന്നെ ഒരു നിമിഷം സത്യവിശ്വാസവും ശുദ്ധവിശ്വാസവും ആഗ്രഹിക്കുന്നത് ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതിയല്ല. എന്റെ തെറ്റ് മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ന്യായീകരിക്കാനാവില്ല എന്നതുപോലെ തന്നെ, എന്റെ തെറ്റുകളെ പൂജനീയമാക്കിക്കൊണ്ട് മറ്റുള്ളവരുടെ തെറ്റുകളെ എതിർക്കാനുമാവില്ല. രണ്ടിലും വിശ്വാസത്തിന്റെ നവീകരണമല്ല.
ലക്ഷങ്ങൾ കത്തിത്തീരുന്ന കരിമരുന്നു കലാപ്രകടനങ്ങൾ, സംഗീതവിരുന്നുകൾ, സ്വീകരണങ്ങൾക്കായി കിലോമീറ്ററുകൾ നീളുന്ന ഫ്ളക്സ് പ്രദർശങ്ങൾ എന്നിവയിലെല്ലാം, വിശുദ്ധീകരിക്കപ്പെട്ട ലൗകികതയാണ്. സെക്കുലറിസമെന്നും കൺസ്യൂമേറിസമെന്നും വിളിക്കപ്പെടുന്നവ മതവ്യാപാരങ്ങളിൽ കാണുമ്പോൾ എല്ലാം ശുദ്ധമാണ്. എല്ലാം ദൈവത്തിനു വേണ്ടിയുള്ളതാണല്ലോ.
ഒക്‌ടോബർ 15, 2023
ക്രിസ്തുവിനെ ധരിക്കാത്ത
ക്രിസ്തുവിനെ ധരിക്കാത്ത ക്രിസ്ത്യാനി, ദൈവരാജ്യ വിരുന്നിൽ പങ്കാളിയാകുന്നത് സ്വയം നഷ്ടപ്പെടുത്തലാണ്. എത്രമാത്രം ക്രിസ്തീയ അലങ്കാരങ്ങൾ ഉണ്ടായിരുന്നാലും ക്രിസ്തുവിന്റെ മനോഭാവമില്ലാത്ത വ്യക്തിയോ സഭയോ ക്രിസ്ത്യാനിയല്ല.
ഒക്‌ടോബർ 10, 2023
യുദ്ധം തകർക്കുന്നത്
ജൂതനെയും ഇസ്ലാമിനെയും കൊല്ലുമ്പോൾ സന്തുഷ്ടനാകുന്ന ക്രിസ്ത്യൻ ദൈവം, ക്രിസ്ത്യാനിയെയും ജൂതനെയും കൊല്ലുമ്പോൾ സന്തോഷിക്കുന്ന മുസ്ലിം ദൈവം, മുസ്ലിമിനെയും ലെബനീസിനെയും ഇറാനിയെയും കൊല്ലുമ്പോൾ സന്തോഷിക്കുന്ന ജൂതദൈവം, ... എത്ര വൈകൃതമായ ദൈവചിന്തയാണത്. രക്തച്ചൊരിച്ചിലിനെ അംഗീകരിക്കുന്ന ആവശ്യപ്പെടുന്ന ദൈവം. വീരനായ, ആത്മാഭിമാനിയായ, കലഹങ്ങൾ ആസ്വദിക്കുന്ന ആ ദൈവം പതിയെയെണീക്കുന്ന പിശാചാണ്.
യുദ്ധങ്ങളിൽ പക്ഷം ചേരുമ്പോൾ പുറത്തു വരുന്നത്, അടക്കി വെച്ചിരിക്കുന്ന പ്രതികാരചിന്തയും വെറുപ്പുമാണ്. യുക്തിയെ ഉയർത്തിപ്പിടിക്കുന്നവർ പോലും യുദ്ധകാര്യത്തിൽ എല്ലാ യുക്തിയെയും അകറ്റി നിർത്തി മത-ദേശീയ പ്രത്യയശാസ്ത്രങ്ങളുടെ അടിമകളായി ചിന്തിക്കുന്നത് കാണാം. പക്ഷം ചേരുന്നത് കൂടാതെ ചുറ്റുമുള്ളവരുമായി കലഹങ്ങൾ തുടങ്ങി വയ്ക്കുകയും ചെയ്യും.
നീറുന്ന, പ്രതികാരചിന്തയും പകയും പടർത്തുന്ന, സാമൂഹിക അന്തരീക്ഷമല്ലാതെ യുദ്ധം ഒന്നും മുളപ്പിച്ചിട്ടില്ല. ഒരു യുദ്ധത്തെ താങ്ങാനാവുന്ന മനസ്സോ ഭൗമാന്തരീക്ഷമോ ഇന്നില്ല. വൈകൃതങ്ങളായ മനസിനെ സൃഷ്ടിച്ചു അത് മനുഷ്യനെ ഹീനമാക്കും. യുദ്ധം തകർക്കുന്നത് അതിൽ ഏർപ്പെട്ടിരിക്കുന്നവരെ മാത്രമല്ല. തകരുന്ന സാമ്പത്തിക 'സാധ്യതകൾ' എല്ലാ രാജ്യത്തിന്റേതുമാണ്. അതിൽ ലാഭമെടുക്കുന്നത് 'സമാധാന സ്ഥാപകരായ' ആയുധ വില്പനക്കാരാണ്.
റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ വ്യാപക ഫലങ്ങൾ പല രാജ്യങ്ങളിലും പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. അഹങ്കാരവും നെറികെട്ട ആഗോള രാഷ്ട്രീയതാല്പര്യങ്ങളും പച്ചമനുഷ്യരെ നിർജ്ജീവമാക്കുന്നു.
കാട്ടുമുന്തിരിയാകുന്ന ദൈവജനം
ഒരു കൂട്ടർ തങ്ങളെമാത്രമായി ദൈവജനമെന്നു വിളിക്കുകയും, അതിന്റെ പേരിൽ മറ്റുള്ളവരെ കൊന്നൊടുക്കുകയുംചെയ്യുന്നതിനേക്കാൾ വലിയ ദൈവദൂഷണമൊന്നുമില്ല. ഏതു ജനതയുമാവട്ടെ, ഏതു ദൈവവുമാവട്ടെ!
എല്ലാവരും ദൈവത്തിന്റെ ജനമാണ്, ഒരു പ്രത്യേക ജനം മാത്രമായി ദൈവജനമല്ല. ഒരു യുദ്ധവും ദൈവഹിതമല്ല. ദാവീദും സോളമനും നയിച്ച യുദ്ധമാവട്ടെ, അസീറിയയും ഈജിപ്തും, ബാബിലോണും നടത്തിയതാവട്ടെ, മഹായുദ്ധങ്ങളാവട്ടെ. 'സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങൾ' എന്ന പൊള്ളത്തരത്തിൽ ഉൾക്കൊണ്ടിട്ടുള്ള കൊള്ളലാഭങ്ങൾ, രാഷ്ട്രീയ കുതന്ത്രങ്ങൾ ആർക്കു നേട്ടമുണ്ടാക്കി. ഒരു യുദ്ധവും നീതിയുദ്ധങ്ങളായിരുന്നില്ല.
പഴയ നിയമത്തിന്റെ അപൂർണ്ണതകളെ ക്രിസ്തുവിനെ ഹൃദയത്തിനു മീതെ വെച്ചുകൊണ്ട് സുവിശേഷത്തിന്റെ ശക്തി വ്യാഖ്യാനിക്കുന്ന ജനത ബൈബിളിൽ വായിക്കുന്നത് മത-അക്രമ-രാഷ്ട്രീയമാണ്, ദൈവഹിതം അന്വേഷിക്കുകയല്ല. രക്തച്ചൊരിച്ചിലിനെ, ആരുടേതുമാവട്ടെ, ന്യായീകരിക്കുന്ന വചനപൂർത്തീകരണം ദൈവഹൃദയത്തിന്റെയല്ല, നമ്മുടെ പകയുടെ തീവ്രദാഹം തുറന്നു കാണിക്കുന്നു.
ദൈവത്തെ വെറുതെ വിടൂ.
ഒക്‌ടോബർ 08, 2023
കാട്ടുമുന്തിരിയുടെ ഫലം
തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന് സ്വയം ഗണിക്കുമ്പോൾ ആരു തെരഞ്ഞെടുത്തു, ആ തെരഞ്ഞെടുപ്പിന്റെ ഉദ്ദേശ്യം എന്താണ് എന്ന് സാരമായ ധ്യാനത്തിന്റെ ആവശ്യമുണ്ട്. ആ ധ്യാനം ആന്തരികചൈതന്യമായി അനസ്യൂതം ഒഴുകുന്നില്ലെങ്കിൽ, തിരഞ്ഞെടുത്തു നടപ്പെട്ട മുന്തിരിച്ചെടി കാട്ടുമുന്തിരിയുടെ ഫലം പുറപ്പെടുവിക്കും.
തിരഞ്ഞെടുക്കപ്പെട്ട ജനത്തിൽ നിന്ന് ദൈവജനത്തിലേക്ക് വികാസമുണ്ടെന്ന് കരുതാം. ആദ്യത്തേത് ഒരു പ്രത്യേക ജനമെന്ന് പറയാൻ ശ്രമിക്കുമ്പോൾ രണ്ടാമത്തേത് ഒരു ദൈവബന്ധം ചേർത്തുവയ്ക്കുന്നു. ഇവിടെ ധ്യാനത്തിന്റെ അനിവാര്യത ദൈവത്തിന്റെ ജനമാകുന്നത് ആര്, എങ്ങനെ എന്നതാണ്.
നീ എന്റെ കല്പനകൾ പാലിച്ചാൽ നീ എന്റെ ജനമായിരിക്കും, നീ ജീവിക്കും, ഞാൻ നിന്നിൽ വസിക്കും അങ്ങനെ വിവിധരീതിയിൽ മുന്തിരിച്ചെടിയെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. വഴിപിഴച്ചത് "നീ എന്റെ കല്പനകൾ പാലിച്ചാൽ" എന്നതിൽത്തന്നെയാണ്. സ്വയം ഗ്രഹിച്ച കല്പനാപാലനം, നിർദ്ദേശിക്കപ്പെട്ട വ്യാഖ്യാനിക്കപ്പെട്ട കല്പനാപാലനം, ദൈവം ആഗ്രഹിച്ച കല്പനാപാലനം ഇവയിൽ വലിയ അന്തരങ്ങളുണ്ടായി. ഏതാനം സമ്പ്രദായങ്ങളും സംവിധാനങ്ങളും കണിശമായി നിലനിർത്തുകയെന്നാണ് 'കല്പനയുടെ പാലന'മെന്ന് പ്രമാണികൾ തീരുമാനിച്ചു. അതിനെ സംരക്ഷിക്കുന്ന ശീലങ്ങളും വിശ്വാസങ്ങളുമുണ്ടാക്കി. ദൈവം ആഗ്രഹിച്ചത് അവർ അന്വേഷിച്ചില്ല. പ്രവാചകർ ശ്രദ്ധ ക്ഷണിച്ചത് മുഴുവനും ഈ വഴിതെറ്റി നടന്നതിനെക്കുറിച്ചാണ്.
ദൈവജനമെങ്കിൽ, എല്ലാവര്ക്കും ദൈവജനത്തിന്റെ സ്വാതന്ത്ര്യവും ആനന്ദവും ആശ്വാസവും തേടുകയും ഉറപ്പാക്കുകയും ചെയ്യുക എന്നത് ദൈവജനത്തിന്റെ ഹൃദയദാഹമാണ്. ദേവാലയത്തിൽ അടക്കപ്പെടുകയും പൂജകളിൽ അന്ധനാക്കപ്പെടുകയും ചെയ്യുന്ന ദൈവം, ദൈവത്തെ തേടാത്ത 'പുരോഹിത'സമൂഹത്തിന്റെ സൃഷ്ടിയാണ്. "നീതിക്കു വേണ്ടി കാത്തിരുന്നു, പകരം രക്തച്ചൊരിച്ചിൽ മാത്രം, ധർമ്മനിഷ്ഠക്കു വേണ്ടി കാത്തിരുന്നു പകരം നീതി നിഷേധിക്കപ്പെട്ടവരുടെ നിലവിളി" അതാണ് ഫലം. 'തിരഞ്ഞെടുക്കപ്പെട്ടവർ' എങ്കിൽ എന്ത് കൊണ്ട് ആ തിരഞ്ഞെടുപ്പ് ഏതാനം പേരുടെ സ്വകാര്യലാഭത്തിലേക്കു ചുരുങ്ങി?
'തിരഞ്ഞെടുപ്പിന്റെയും' 'ദൈവജന' സ്വഭാവത്തിന്റെയും തിരസ്കരണം തോട്ടത്തിന്റെ ചുമതല ഏറ്റവരുടെ സമീപനരീതികളിലുണ്ട്. മുന്തിരിച്ചെടി അവരുടെ സ്വകാര്യസ്വത്തായി അവർ കരുതി എന്നതാണ് യജമാനനോടുള്ള അവരുടെ കടപ്പാടിൽ നിന്നും അവരെ സ്വയം ഒഴിവാക്കിയത്. യജമാനപുത്രനെപ്പോലും കൊന്നു തള്ളാനുള്ള മനസ്ഥിതി അവർക്കു നൽകിയതും അത് തന്നെയാണ്. ദൈവജനത്തിനു അർഹമായ പോഷണം അവർ എങ്ങനെ നൽകും. ആട്ടിൻപറ്റത്തെക്കുറിച്ചു എസെക്കിയേൽ അസ്വസ്ഥനാകുന്നത് അതുകൊണ്ടാണ്.
ഏതെങ്കിലും അതിരുകൾക്കുള്ളിൽ ബന്ധിക്കാവുന്നതല്ല ദൈവത്തിന്റെ മുന്തിരിത്തോപ്പ്. തോട്ടത്തിന്റെ ചുമതല ഏറ്റവരുടെ സ്വന്തമല്ല അത്. "പിതാവിന്റെ ഇഷ്ടം പൂർത്തിയാക്കുന്നവരാണ്" മുന്തിരിത്തോട്ടത്തിന്റെ അവകാശികൾ. അവരാണ് യഥാർത്ഥ ഫലം നൽകുന്ന മുന്തിരിച്ചെടികൾ; നീതിയും സമാധാനവും അന്വേഷിക്കുന്നവർ.
'തിരഞ്ഞെടുക്കുന്നവരെ' നിശ്ചയിക്കുന്നത് പ്രമാണികളുടെ വിശുദ്ധിയുടെ മുൻവിധികളായിരുന്നു പലപ്പോഴും. ആരാണ് ദൈവജനമെന്നു വരയിട്ടുറപ്പിച്ചവരും അവരാണ്. അവരുടെ അധികാരങ്ങളെ ശക്തമാക്കിനിർത്തുന്ന അതിർവരമ്പുകൾ തന്നെയാണ് കാട്ടുമുന്തിരി നല്കുമാറ് ദൈവികചൈതന്യം വറ്റിച്ചു കളഞ്ഞതും. വിശ്വാസത്തിന്റെയും ദേശത്തിന്റെയും ദൈവത്തിന്റെയും പേരിൽ രക്തച്ചൊരിച്ചിൽ തുടരുന്നത് അതുകൊണ്ടാണ്.
ദൈവഹിതം തേടുന്ന സകല ജനതയെയും ഉൾക്കൊള്ളുന്നതാണ് ദൈവജനം. 'ഇതാണ് ദൈവഹിതമെന്ന്' തിരിച്ചറിയേണ്ടത് 'ചിലർ' അല്ല. ദൈവജനം ഒരുമിച്ചാണ്. നമ്മളാണ്, അവരല്ല ദൈവജനമെന്ന ചിന്തപോലും ദൈവജനസ്വഭാവത്തിനെതിരാണ്. നിയമവ്യവസ്ഥിതമായ ദൈവജനനിർവ്വചനങ്ങൾ ദൈവജനത്തിലേക്കു വളരാൻ കഴിയാത്ത സങ്കുചിതാവസ്ഥയാണ് കാണിക്കുന്നത്. കേൾക്കാനും സ്വാഗതം ചെയ്യാനും കരുണ അനുവദിക്കാനും എനിക്ക് കഴിയാത്തപ്പോൾ 'ഞാൻ' ദൈവത്തിന്റെയും മനുഷ്യന്റെയും സ്വഭാവം എങ്ങനെയാവണം എന്ന് തീരുമാനിക്കുന്നു. ദൈവം എങ്ങനെ സൃഷ്ടികർമ്മം നടത്തണമെന്ന് പോലും 'ഞാൻ' തീരുമാനിക്കുന്നു.
മുന്തിരിത്തോട്ടം സ്വകാര്യസ്വത്താക്കുന്ന ഇരുമ്പു മതിലുകൾ തകർക്കുവാൻതക്ക നന്മയോടുള്ള ഭയമാണ് സിനഡൽ പ്രക്രിയയെക്കുറിച്ച് കേൾക്കുന്ന അപായവിലാപങ്ങളൊക്കെയും. എല്ലാവരുടേതുമല്ലെങ്കിൽ ദൈവജനത്തിനു കാതോലികസ്വഭാവമില്ല, സിനഡൽ ആവാതെ കാതോലികമാകാനും കഴിയില്ല. പരസ്പരം പരിപോഷിപ്പിച്ചുകൊണ്ടേ യഥാർത്ഥ മുന്തിരിഫലം പുറപ്പെടുവിക്കാനാകൂ. അല്ലെങ്കിൽ പുത്രന്റെ സാന്നിധ്യം നമ്മുടെ അധികാരസുഖങ്ങളെ അസ്വസ്ഥമാക്കുമെന്ന ഭീതിയിൽ മുന്തിരിത്തോട്ടം നശിപ്പിക്കാനാണ് അവൻ വരുന്നതെന്ന് പുത്രനെതിരെ ആരോപണമുന്നയിക്കാം.
പിതാവ് 'സന്മനസുള്ളവർ'ക്കായി വേലികൾ പൊളിച്ച് മുന്തിരിത്തോട്ടം തുറന്നിടും.
ഒക്‌ടോബർ 05, 2023
പ്രബോധനങ്ങൾ
ശാസ്ത്രവും വിശ്വാസവും ഒരുമിച്ചു വെച്ചുകൊണ്ടേ ഇന്ന് പ്രബോധനങ്ങൾ അർത്ഥപൂർണ്ണമായ വിധം ഗ്രഹിക്കാനും രൂപപ്പെടുത്താനും കഴിയൂ. പനിക്ക് പോലും കാരണം ഭൂതങ്ങളാണെന്നു ഒരു കാലത്തെ നരവംശശാസ്ത്ര കാഴ്ചപ്പാടുകൾ കരുതിയിരുന്നു. അത് ബൈബിളിലുണ്ടെന്ന് വെച്ച് അതാവരുത് പ്രബോധനം. സാന്മാര്ഗികപ്രബോധനങ്ങളിലും ഇത് ബാധകമാണ്. സാമൂഹ്യവും മാനുഷികവുമായ അവസ്ഥകളെ ശാസ്ത്രത്തിന്റെ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ കൂടി കണ്ടുകൊണ്ടേ വിശ്വാസം നമ്മെ എങനെ നയിക്കുന്നു എന്ന് പഠിപ്പിക്കാൻ കഴിയൂ. അതിനു കഴിയാത്തവർ കാത്തുസൂക്ഷിക്കുന്നെന്നു കരുതുന്ന വിശ്വാസം, അവർ ഇഷ്ടപ്പെടുന്ന കാഴ്ചപ്പാടുകൾ മാത്രമാണ്.
പ്രബോധനങ്ങൾ കൂടുതൽ തെളിമക്കു വേണ്ടി തുറവിയുള്ളവരായിരിക്കണം. കാഴ്ചപ്പാടുകൾക്കനുസരിച്ചു ഒരു പക്ഷേ പ്രബോധനങ്ങൾ വ്യവസ്ഥാപിതമായിരുന്നിട്ടുണ്ടാകാം. വളരേണ്ടതാണ് പ്രബോധനവും.
ഒക്‌ടോബർ 04, 2023
കൾട്ട് നിർമ്മിതിയുടെ ആസ്വാദ്യത
മതവിശ്വാസമെന്ന പേരിൽ നിലനിർത്തപ്പെടുന്ന കൾട്ട് നിർമ്മിതിയുടെ എല്ലാ ഘടകങ്ങളും കേരളസഭയിലുണ്ട്. അത് സഭാസംവിധാനങ്ങളിലും നേതൃത്വശൈലിയിലും ഭക്തിരൂപങ്ങളിലും സുവിശേഷപ്രഘോഷണവും സഭാസംരക്ഷണവും ഉറപ്പാക്കുന്ന മാധ്യമരംഗത്തും വളരെ പ്രബലവുമാണ്. നവീകരണത്തിന് ആത്മാർത്ഥമായ ശ്രമം എവിടെയെങ്കിലുമുണ്ടെങ്കിൽ ഈ ഘടകങ്ങൾക്ക് സവിശേഷമായ ശ്രദ്ധ നൽകേണ്ട സമയം ഇതിനകം തന്നെ വൈകിയിരിക്കുന്നു.
ഭക്തിയോ നിലപാടുകളോ പ്രസ്താവനകളോ ആഹ്വാനങ്ങളോ ആവട്ടെ കൾട്ട് നിർമ്മിതികൾ ആളുകളുടെ സാമൂഹ്യ-സാമ്പത്തിക സാംസ്കാരിക നിലകൾക്കനുസരിച്ചു ക്രമങ്ങൾ ഉയർത്തി വെക്കാറുണ്ട്. പരസ്പരമുള്ള ആക്ഷേപങ്ങളും മത്സരങ്ങളും അധികാരമോഹങ്ങളും നീതീകരിക്കപ്പെടുന്നത് ഈ ക്രമങ്ങളുടെ ആസ്വാദ്യതയിൽ നിന്നാണ്. ദൈവവും ക്രിസ്തുവും സഭയുമൊക്കെ മാറ്റിനിർത്തപ്പെടുകയും, അവ ഈ ക്രമങ്ങൾക്കുള്ളിൽ ചേർക്കപ്പെടുന്ന അലങ്കാരങ്ങൾ മാത്രമാവുകയും ചെയ്യും. ഈ ക്രമങ്ങൾ സ്വകാര്യ അഹങ്കാരങ്ങളാവുകയും പരസ്പരം മത്സരിപ്പിക്കുകയും ചെയ്യും. ഒരു പ്രത്യേക സ്ഥലത്തെക്കുറിച്ചോ വംശത്തെക്കുറിച്ചോ ഒരു സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക നിലയെക്കുറിച്ചോ ഉള്ള ഹുങ്കുകൾ, സാമ്പത്തികമായ ഉയർച്ചതാഴ്ചകൾ രൂപപ്പെടുത്തുന്ന സംഘർഷങ്ങൾ, അധികാര ധ്രുവീകരണം, എന്ത് വിശ്വസിക്കണമെന്നു ഈ ക്രമങ്ങൾ ആഗ്രഹിക്കുന്നുവോ അവയെ നിലനിർത്തുന്ന പ്രത്യയശാസ്ത്രങ്ങൾ, ഈ സംവിധാനങ്ങളെ സംരക്ഷിക്കാൻ ഉപയോഗിക്കപ്പെടാവുന്ന ആളുകൾ, അവരെ നിയന്ത്രിക്കാനുള്ള വഴികൾ ഇവയെല്ലാം പ്രധാന ഘടകങ്ങളാണ്. എന്നാൽ ഇവയൊന്നും ഒരു സാമൂഹ്യവ്യവസ്ഥിതിയായി നമുക്ക് അനുഭവപ്പെടാറില്ല. പരിചിതമായ, പരിശുദ്ധമായ വിശ്വാസ ക്രമങ്ങളായാണ് അവ ശീലിച്ചു പോരുന്നത്.
സങ്കീർണ്ണങ്ങളാണെങ്കിലും, ഈ മേഖലകളിൽ നിലനിർത്തപ്പെടുന്ന രൂക്ഷവും അശ്‌ളീലവുമായ സമ്മർദ്ദങ്ങളെ തുറന്നു പറച്ചിലിന് വിധേയമാക്കണം. സഭയുടെ നവീകരണം ആഗ്രഹിക്കുന്ന ധ്യാനപ്രസംഗകർ ആത്മാർത്ഥതയുള്ളവരാണെങ്കിൽ സഭയുടെ സത്യസന്ധമായ ഏറ്റുപറച്ചിലിനു ആഹ്വാനം ചെയ്യണം. ഇത്തരം സംഘർഷണങ്ങളുടെ യാഥാർത്ഥ്യങ്ങൾ അനുവദനീയമായി പാലിച്ചു പോരുന്ന കേരള സഭയിൽ ഇവയെ തിരുത്തേണ്ടത് ആവശ്യമാണെന്ന് ഏതെങ്കിലും സഭാധ്യക്ഷനോ ധ്യാനഗുരുവിനോ തോന്നാത്തത് എന്തുകൊണ്ടാണ്? റീത്തുകൾക്കിടയിലും രൂപതകൾക്കിടയിലും, സമൂഹങ്ങൾക്കിടയിലും (ധ്യാനകേന്ദ്ര ഭക്തർ / അനുയായികൾ ഉൾപ്പെടെ) ഉള്ള അധിക്ഷേപവും മാത്സര്യവും സഭയുടെ ജീർണതയുടെ ആഴങ്ങൾ കാണിക്കുന്നതാണ്. സാരമായതിനെ ചൂണ്ടിക്കാണിക്കുവാൻ ആവശ്യമായ സത്യത്തിന്റെ പ്രവാചക ധീരത നമുക്ക് നഷ്ടമായിക്കഴിഞ്ഞു. ഈ അപജയങ്ങളെ പതിറ്റാണ്ടുകളായി അലങ്കാരമായി കൊണ്ട് നടക്കുന്ന നമ്മൾ ഏകീകരണവും ഐക്യരൂപവും കൊണ്ടുവന്ന് ദൈവത്തെത്തന്നെ പുച്ഛിക്കുകയാണ്.
ലത്തീൻ-മലങ്കര-സീറോമലബാർ രൂപതകൾ, അതിലെ ആളുകൾ എങ്ങനെ പരസ്പരം കാണുന്നു? നമ്മൾ ഉൾകൊള്ളുന്ന മുൻവിധികളും ആക്ഷേപങ്ങളും പരാതികളും എന്തൊക്കെയാണ്? മേൽക്കോയ്മയുടെയും, മേന്മയുടെയും, പരിശുദ്ധിയുടെയും അവകാശവാദങ്ങൾ നമ്മെ സഭയാക്കുന്നുണ്ടോ?
സത്യത്തിന്റെ ചൈതന്യം
വേദനിപ്പിക്കുന്നതാണെങ്കിലും, നമുക്ക് അസഹനീയമാകുന്ന സത്യങ്ങൾ തിരിച്ചറിയപ്പെടേണ്ടതാണ്. അവമാനകരമായ സത്യങ്ങൾ നേരിട്ട് കാണാൻ തുറവിയുണ്ടെങ്കിൽ സത്യം നമ്മെ സ്വാതന്ത്രമാക്കും. യാഥാർത്ഥ്യത്തിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിക്കുന്ന ലോകത്തിനായി അതിലും മികച്ച ഒരു സാക്ഷ്യം സഭക്ക് ഇന്ന് നല്കാനില്ല. ദുരന്തങ്ങൾ അടുത്തെത്തിയിട്ടും പ്രകൃതിയിൽ മനുഷ്യൻ ഉണ്ടാക്കുന്ന തകർച്ചകളെ കാണാൻ രാഷ്ട്ര നേതാക്കൾ ഒരുക്കമല്ല. വഴിയിൽ വീണുപോകുന്ന പാവങ്ങളെ കാണുവാൻ സമ്പന്ന രാഷ്ട്രങ്ങൾ ഒരുക്കമല്ല. സ്വന്തം ശരീരത്തിൽ നിന്നും ഒളിക്കാൻ ശ്രമിക്കുന്നവർ, അപരർ ഉന്മൂലനം ചെയ്യപ്പെടണം എന്ന് കരുതുന്നവർ.
യഥാർത്ഥ ലോകത്തു ജീവിക്കേണ്ടതിനു ധീരതയോടെ സത്യങ്ങളെ നേരിട്ടറിയണം. സത്യമേ കൂടുതൽ ഫലം കായ്ക്കുംവിധം നമ്മെ വെട്ടിയൊരുക്കൂ. സ്വന്തം സത്യങ്ങൾക്കതീതമായ സത്യം പരസ്പരം സത്യം സംസാരിക്കുന്നതിലൂടെയേ വെളിപ്പെടൂ. പരസ്പരം വെല്ലുവിളിക്കപ്പെടുന്നതിൽ സൗമ്യതയും മൃദുലതയും ഉണ്ടാവണമെങ്കിൽ സത്യത്തിന്റെ വെളിച്ചം ആദ്യമേ ഉള്ളിലുണ്ടാവണം. സത്യം സംസാരിക്കുക എന്നത് സ്വയം ശൂന്യവത്കരണത്തിലൂടെയേ സാധിക്കൂ. ഉറപ്പായ സത്യങ്ങളുടെ നിശ്ചിതത്വങ്ങളെ ഉപേക്ഷിച്ചു കളയാനുള്ള വിലാപങ്ങളോട് കൂടിയേ സത്യത്തിന്റെ അടുത്തെത്തൂ.
സത്യത്തിലേക്ക് സ്വയം വിട്ടു കൊടുക്കാൻ പ്രാർത്ഥനയിലൂടെയേ കഴിയൂ. അത് കൊണ്ട് സിനഡ് ഒരു പ്രാർത്ഥനാനുഭവമാണ്. സുഖപ്രദമായ കൂടുകളിൽ നിന്ന് പുറത്തു ചാടിച്ചു പറക്കാൻ കരുത്ത് നൽകുന്ന പ്രാർത്ഥന സിനഡിൽ നമുക്ക് പരിശീലിക്കണം. സഭയുടെ നിശ്ചിതമായ ഭാവങ്ങൾ നിലനിർത്താനും നിയന്ത്രിക്കാനും പാടുപെടുന്ന നമുക്ക് ദൈവം അനുവദിക്കുന്ന മരണങ്ങളെ സ്വീകരിക്കാൻ കഴിയാറില്ല. നിലവിലിരുന്ന സംവിധാനങ്ങളെ മാറ്റിയും നവീകരിച്ചും തീർത്ത ക്രിയാത്മകതയിലൂടെ തന്നെയാണ് സഭ കാലാകാലങ്ങളിൽ അർത്ഥപൂർണമായി വെളിച്ചം പകർന്നത്.
പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഏറ്റവും നല്ലതു ലഭ്യമാകുന്നത്. പക്ഷേ, അത് വലിയ ആഴമുള്ള എളിമ ആവശ്യപ്പെടുന്നു.
Timothy Radcliffe OP meditations at the opening of synod
ഒക്‌ടോബർ 03, 2023
സഭയിലെ അധികാരത്തിന്റെ സ്വഭാവം
സഭയിലെ അധികാരത്തിന്റെ സ്വഭാവം എന്താണ്? സിനഡിന്റെ സ്വഭാവം എന്താണ്? , ഭരണനിർവ്വഹണത്തെ സംബന്ധിക്കുന്ന തീർത്തും സങ്കുചിതമായ ഒരു അധികാര സങ്കൽപ്പം നിലനിൽക്കുന്നു. സഭയിലെ എല്ലാവരും ആധികാരികതയോടെ സംസാരിക്കുന്നു എന്ന് തിരിച്ചറിയുകയാണ് സിനഡിന് നേടാവുന്ന ഒരു ധന്യത. തങ്ങൾ കേൾക്കപ്പെടുന്നു എന്ന് ആദ്യമായി അല്മായർക്കു തോന്നിയ ഒരു സമയമായിരുന്നിരിക്കാം സിനഡിന്റെ ഒരുക്കത്തിന്റെ ഭാഗമായി നടന്ന കേൾവി പ്രക്രിയ.
ലോകം മുഴുവനും, സഭയുൾപ്പെടെ, എല്ലാ സ്ഥാപനസംവിധാനങ്ങളും അധികാരം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ആധികാരികതയോടെ സംസാരിക്കുന്ന ശബ്ദത്തിനു വേണ്ടി ലോകം വിശക്കുന്നു. ശിഷ്യരുടെ ഹൃദയങ്ങളെയും മനസിനെയും സങ്കല്പങ്ങളെയും സ്പർശിക്കുന്ന അധികാരമായിരുന്നു ക്രിസ്തുവിന്റേത്. എങ്കിലും പത്രോസ് അതിനു തടസം നിന്നു. ഇതു സംഭവിക്കാതിരിക്കട്ടെ എന്ന് മുടക്കം പറഞ്ഞ പത്രോസിനെയും കൂട്ടരെയും ഒരിക്കൽക്കൂടി അവൻ മലയിലേക്കു കൂട്ടിക്കൊണ്ടു പോയി. ക്രിസ്തുവിനെ കേൾക്കാൻ ഉള്ള ആഹ്വാനവുമായി അവർ മലയിറങ്ങി.
ദൈവത്തിന്റെ സൗന്ദര്യത്തെയാണ് മഹിമയെന്നു വിളിക്കുന്നത്. ക്രിസ്തുവിലുള്ള ആനന്ദം അനുഭവിക്കാത്ത, പകരാത്ത ഒരു അധികാരവും ക്രിസ്തീയമല്ല. ഒരു ദുരന്തമായി ക്രിസ്ത്യാനിയെ ആരും കേൾക്കില്ല. മാത്സര്യം സൂക്ഷിക്കുന്ന അധികാരം ക്രിസ്തീയമല്ല. ഏറ്റവും ഹൃദ്യവും ആന്തരികവുമായ സ്വാതന്ത്ര്യത്തെ സ്പർശിക്കുന്നതാണ് സൗന്ദര്യം. ഈ സൗന്ദര്യത്തെ ഉണർത്താൻ കഴിയുന്നതാണ് യഥാർത്ഥ അധികാരം. ഈ സൗന്ദര്യത്തിലെ നമ്മുടെ യഥാർത്ഥ ലക്‌ഷ്യം നമുക്കായി വെളിപ്പെട്ടുകിട്ടൂ. എല്ലാ സൗന്ദര്യങ്ങളിലും ദൈവസാന്നിധ്യമില്ല. യഥാർത്ഥ സൗന്ദര്യം നാശകാരകമല്ല, അത് വഞ്ചിക്കില്ല.
നന്മയാണ് പരിശുദ്ധി. അധികാരത്തെ അടുത്തറിയാൻ വേണ്ട ഗുണമാണ് നന്മ. നന്മ വിശാലമാണ്. ഇസ്രായേൽക്കാർ മരുഭൂവിൽ സ്വാതന്ത്ര്യം ഭയപ്പെട്ടു, ശിഷ്യന്മാർ ജെറുസലേമിലേക്കുള്ള യാത്രയും. സമാനമായ ഭയമാണ് സിനഡിനെക്കുറിച്ചു അനേകർക്കുള്ളത്. ജീവന്റെ വഴികളിലേക്ക് നടക്കാനുള്ള ധീരതയാണ് യഥാർത്ഥ അധികാരം.
നുണകൾ അടക്കി വാഴുന്ന ലോകത്തും സത്യത്തോടുള്ള അഭിവാഞ്ജ അന്യം നിന്ന് പോയിട്ടില്ല. നമ്മെകുറിച്ചു തന്നെ സത്യമുള്ളവരാകാതെ, സത്യം ആയവനിലേക്കു എങ്ങനെ ലോകത്തെ നയിക്കാൻ നമുക്കാകും. സത്യം സംസാരിക്കുന്ന പ്രവാചക ധീരത അത്യാവശ്യമായ ഒരു ഘട്ടമാണിത്. സുഖദുഃഖങ്ങളെ സത്യത്തോടെ തുറന്നു പറയുകയെന്നത് വെല്ലുവിളിതന്നെയാണ്. അനീതി സഹിക്കുന്ന പാവങ്ങളെക്കുറിച്ച് സത്യസന്ധമായി സംസാരിക്കുന്നെങ്കിൽ അധികാരം അല്പമെങ്കിലും ഇനിയും ഉണ്ടാകും.
വചനവും പ്രബോധനങ്ങളും ഗ്രഹിക്കേണ്ടത് ദൈവത്തെ കേട്ടുകൊണ്ടാണ്. പാണ്ഡിത്യത്തിലേക്കു സത്യസന്ധത കൊണ്ടുവരേണ്ടത് അനിവാര്യമായിരിക്കുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി വചനത്തെയും പ്രബോധനങ്ങളെയും ആധാരമാക്കി അസത്യം പഠിപ്പിക്കപ്പെടരുത്. പകരം ദൈവത്തെ കേൾക്കാൻ ശ്രമിക്കുമ്പോൾ,അവിടുന്നുതന്നെ പരിപൂർണ്ണമായ സത്യത്തിലേക്ക് നയിക്കും. അതാണ് സിനഡിലും സംഭവിക്കേണ്ടത്.
ഒക്‌ടോബർ 02, 2023
അതിരുകൾക്കപ്പുറം, വിഭജനങ്ങളെ അതിജീവിക്കുന്ന സൗഹൃദങ്ങൾ ...
തിമോത്തി റാഡ്ക്ലിഫ് OP രണ്ടാം ദിവസം , ഹ്രസ്വമായി
Hope Christ gave, God finding home in us
സിനഡിന് തുടക്കമായി തിമോത്തി റാഡ്ക്ലിഫ് OP നൽകിയ ധ്യാനചിന്തകളിൽ നിന്ന്...
സഭയെ ഒരു ഭവനമായി കാണുക എന്നതാണ് സഭയുടെ വിളി. എല്ലാവർക്കും അത് ഭവനമാകുന്നത് വരെ അതിൽ ഒരു ഭവനാന്തരീക്ഷമില്ല. പരിചിതമായ അനുഷ്ടാനങ്ങളും, പരമ്പരാഗത രീതികളും സന്മാർഗികതയും കണ്ടുകൊണ്ട് നമ്മിൽ ചിലർ 'സഭയിൽ' സന്തുഷ്ടരാണ്. എന്നാൽ അനേകർ ആ ഭവനത്തിൽ ഇടം ഇല്ല എന്ന് അനുഭവപ്പെടുന്നവരാണ്.
എല്ലാവരെയും സ്വീകരിക്കുകയെന്നാൽ 'സഭ' എന്താണോ അത് തകർന്നു വീഴുമെന്നു ഭയക്കുന്നവരുണ്ട്. സഭയുടെ തനിമയെ അതിരുകളിൽ വരച്ചിടുന്നവരാണവർ. സഭയുടെ തനിമ 'തുറന്നിടപ്പെട്ട' സ്വഭാവമാണ്. അതാണ് ക്രിസ്തു തന്നെക്കുറിച്ചു തന്നെ പറഞ്ഞത്, "ഞാനാകുന്നു വാതിൽ."
അറിയാവുന്നതും (നല്കപ്പെട്ടിട്ടുള്ളത്) ഇനിയുമറിഞ്ഞിട്ടില്ലാത്തതും, ഇപ്പോഴുള്ളതും ഇനിയും അല്ലാത്തതും അങ്ങനെ രണ്ടും ഒരുമിച്ചുള്ളതാണ് സഭയുടെ തനിമ. സകലർക്കുമുള്ള രക്ഷയുടെ സന്ദേശം വഹിക്കുന്നതാണ് സഭയെങ്കിൽ ഈ രണ്ടു തലകളും അനിവാര്യമാണ്.
ദൈവം നമ്മിൽ ഭവനം കണ്ടെത്തുന്നെങ്കിൽ, വചനം ഓരോ മനുഷ്യസംസ്കാരത്തിലും മാംസം ധരിക്കുന്നു. നമ്മുടെ ഭവനം എവിടെയുമാകട്ടെ ദൈവം അതിൽ വസിക്കാൻ വരുന്നു. ദൈവം തന്റെ ഭവനം കണ്ടെത്തുന്നത് ലോകം വെറുക്കുന്ന ഇടങ്ങളിലാണ്. നമ്മൾ ഓരോരുത്തരുടെയും താബോർ മലകളിൽ മാത്രം ദൈവഭവനം കാണാൻ ശ്രമിക്കുന്ന നമ്മൾ പത്രോസിനെപ്പോലെ ദൈവത്തിനു നിശ്ചിതമായ കൂടാരമൊരുക്കാൻ തുനിയുന്നവരാണ്. കൂടാരത്തിനു പുറത്തുവച്ചു സഹിച്ച ക്രിസ്തുവിനെ അടുത്തറിയാൻ കൂടാരത്തിനു പുറത്തുള്ളവരെ അടുത്തറിയണം. 'പുറത്തുള്ള' കാഴ്ചപ്പാടുകളും വിശ്വാസങ്ങളും ഹൃദ്യമാകുമ്പോഴേ കൂടാരങ്ങളിൽ നിയന്ത്രിക്കപ്പെടാനാവാത്ത ദൈവത്തെ കണ്ടുമുട്ടാനാകൂ.
സഭയുടെ പുതിയ മുഖം ഏറ്റവും പ്രകടമാവേണ്ടത് സാഹോദര്യം കാണപ്പെടുന്ന പൗരോഹിത്യത്തിലാണ്. അധികാരം മുഖമുദ്രയാക്കുന്ന പൗരോഹിത്യമാണ് സിനഡാലിറ്റിക്കെതിരെ നിലകൊള്ളുന്നത്.
സഭയുടെ നവീകരണം മാവ് കുഴച്ചെടുക്കുന്നതുപോലെയാവണം. അരികുകൾ തീർത്തും ആസ്ഥാനത്താവുന്നതുപോലെ,നടുവിലുള്ളത് അരികിലേക്കും അരികിലുള്ളത് നടുവിലേക്കും പലവിധം മാറ്റപ്പെടണം. എല്ലാവർക്കും ഭവനമാകുന്ന സഭ. സിനഡ് എന്നാൽ വാക്കുകളും അഭിപ്രായങ്ങളും പങ്കുവയ്ക്കുക എന്നല്ല, അത് സ്വയം നൽകുന്നതിന്റെ പാതയാണ്.
സിനഡ് നയിക്കപ്പെടുന്നത് ചർച്ചകളിലല്ല, പ്രത്യാശയാണ്. അവസാനഅത്താഴത്തിൽ പങ്കുവയ്ക്കപ്പെട്ട പ്രത്യാശ. പരാജയവും, വെല്ലിവിളികളും, സമൂഹത്തിന്റെ തകർച്ചയും എല്ലാം വരാനിരിക്കുമ്പോഴും നൽകപ്പെട്ട പ്രത്യക്ഷ 'ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും എന്നതാണ്. ആ പങ്കുവയ്ക്കൽ ഹൃദയത്തിലേൽക്കാൻ ആണയാൾ നമ്മൾ നിർമ്മിക്കുന്ന പ്രത്യാശകൾ നിരർത്ഥകമാണെന്നു മനസ്സിലാക്കാനാകും. നമ്മൾ പാരമ്പര്യവാദികളോ പുരോഗമനവാദികളോ ആയിക്കൊണ്ട് ഉള്ളിൽ വയ്ക്കുന്ന പ്രത്യാശയെക്കാൾ ജീവനുറ്റതാണ് ക്രിസ്തു പകരുന്ന പ്രത്യാശ. മലയിൽ നിന്നിറങ്ങി അവനെ കേൾക്കാൻ ശ്രമിക്കാം.
ഒക്‌ടോബർ 01, 2023
ഭക്തി ജീവവായു ആരാധനക്രമം
മനുഷ്യാവതാരത്തിൽ കടന്നു പോയ വഴികൾ,
തുറന്ന ഹൃദയങ്ങൾ, തെളിഞ്ഞ സുകൃതങ്ങൾ,
വേദനകളും ആശ്വാസങ്ങളും, ......
ഭക്തിയും ആരാധനാക്രമവും സഭയുടെ ജീവശ്വാസമാണെന്നു പറയപ്പെടുന്നു. സുവിശേഷത്തിന്റെ ജീവവായു സഭാശരീരത്തിലേക്ക് ഉൾകൊള്ളുന്ന ശ്വാസം. വാക്കുകൾ ഉണ്ടെങ്കിലും സുവിശേഷ ശൈലിയും സത്തയും ചൈതന്യവും നഷ്ടപ്പെടുത്തുന്ന ഭക്തികളും ആരാധനാക്രമണങ്ങളും ജീവശ്വാസത്തിനു പകരം ദുഷിച്ച വായുവാണ് നിശ്വസിക്കുന്നത്. ശ്വസിക്കുന്ന സുവിശേഷ-ജീവവായു ജീവിതാരൂപാന്തരണം കൂടി സംഭവ്യമാക്കുന്നു.
ശ്വസനം ഉയിർപ്പാണ്. അതുകൊണ്ട് ശ്വസനം ഉറപ്പാക്കേണ്ട ഭക്തികളും ആരാധന ക്രമങ്ങളും ജീവവായുവാണെന്ന അവകാശവാദത്തോടൊപ്പം, എപ്രകാരം മനുഷ്യന്റെ വ്യഥകളും സംഘർഷങ്ങളും കിതപ്പും വഹിക്കാൻ കഴിവുള്ളതാണെന്നു പരിശോധിക്കണം. ആ സംവഹനശേഷി അവയ്ക്കില്ലെങ്കിൽ അലംകൃതമാണെങ്കിലും അവ മൃതമാണ്.
നിയോഗങ്ങളെക്കാൾ,
അർപ്പിക്കപ്പെടേണ്ടത്ത് ജീവിതങ്ങൾതന്നെയാണ്.
പോകാമെന്ന് ഏറ്റവൻ
പോകാമെന്ന് ഏറ്റവൻ 'അയക്കപ്പെട്ടവന്റെ' അധികാരം പ്രയോഗിച്ചു വേലക്കാരെ അടിക്കാനും ഭരിക്കാനും തുടങ്ങി. തന്ത്രശാലികളായ വേലക്കാരിൽ ചിലർ അയാളുടെ ആരാധകവൃന്ദമായി. അവരുടെ വാക്കുകളാണ് മുന്തിരിത്തോട്ടത്തിന്റെ സ്വഭാവമെന്നു തോന്നിക്കുമാറ് ശരികളാക്കപ്പെട്ട ജീർണതയുടെ സ്തോത്രങ്ങൾ എങ്ങും മുഴങ്ങിക്കേട്ടു. പിതാവിന്റെ പദ്ധതിയനുസരിച്ചു പ്രവർത്തിക്കുന്നതും, കുടുംബമഹിമ നഷ്ടപ്പെടാതെ നിലനിർത്തുന്നതും തങ്ങളാണെന്ന് ഈ ആരാധകവൃന്ദം ഉറപ്പിച്ചു പറഞ്ഞു.
പോകില്ല എന്ന് പറഞ്ഞ മുടിയൻ തിരിച്ചു വരവിനു ശേഷം തോട്ടത്തിലേക്ക് പോയി. പിതാവ് തന്നെ ചേർത്ത് പിടിച്ചത് പോലെ തന്നെ, തളർന്നിരുന്ന വേലക്കാർക്ക് വെള്ളവും, മുറിപ്പെട്ടവർക്കു ആശ്വാസവും നൽകി. കൊട്ടിഘോഷമൊന്നും ഉണ്ടായില്ല, എന്നാൽ അവരുടെ സംഖ്യ വലുതായിരുന്നു.
സെപ്റ്റംബർ 26, 2023
സാക്ഷ്യങ്ങളുടെ ആധികാരികത
സാക്ഷ്യങ്ങളുടെ അടിത്തറ വിശ്വാസമാണ്. അതിന്റെ ലക്ഷ്യവും വിശ്വാസമാണ്. സാക്ഷ്യങ്ങളുടെ ഉള്ളടക്കമെന്താണ്? ദൈവം എങ്ങനെ ഒരാളുടെ കൂടെ നടക്കുന്നു എന്നതാണത്. ആന്തരികമായ ഒരു മാറ്റമുണ്ടായത്, ജീവിതത്തിന് ഒരു അർത്ഥം കണ്ടത്, പുതിയ ഒരു ജീവിതദർശനം ഉണ്ടായത് ഇവയിലൊക്കെ തിരിച്ചറിയപ്പെടുന്ന ദൈവകൃപ, ആ കൃപ എങ്ങനെ ഒരു ജീവിതത്തെ മുന്നോട്ടു നയിക്കുന്നു എന്ന തുടർച്ചയുടെ അവസ്ഥ, ഇന്നും, തകർച്ചയും ബുദ്ധിമുട്ടുകളുമുണ്ടെങ്കിലും എങ്ങനെ ആ കൃപാനുഭവം മുന്നോട്ടു നടക്കാനുള്ള ജീവൻ നൽകുന്നു ... അങ്ങനെ ഒരു സമഗ്രതയിലേ സാക്ഷ്യമുണ്ടാകൂ. മാത്രവുമല്ല സാക്ഷ്യങ്ങളുടെ ആധികാരികത, ഈ ദൈവിക ജീവന്റെ അടയാളം കുടുംബത്തിലും സമൂഹത്തിലുമുള്ള ഒരാളുടെ ജീവിതത്തിൽ എങ്ങനെ ക്രിസ്തുസാക്ഷ്യമായി മാറുന്നു എന്നതു കൂടിയനുസരിച്ചാണ്.
'ദൈവാനുഭവങ്ങൾ' വിശ്വാസത്തിന്റെ പക്വമായ അന്തരീക്ഷത്തിൽ നിരൂപിക്കപ്പെടേണ്ടതാണ്. ആൾക്കൂട്ടത്തിന്റെയും ധനത്തിന്റെയും ലാഭത്തിനു മുമ്പിൽ നിരൂപണത്തിനുള്ള ആത്മാർത്ഥത സഭ നഷ്ടപ്പെടുത്തിക്കളഞ്ഞു. ഒരു അനുഭവത്തിൽ, 'വെളിപാടിൽ' യഥാർത്ഥ ദൈവാനുഭവമുണ്ടോ എന്ന് സ്വയം വിചിന്തനം ചെയ്യുകയോ വിവേചിച്ചറിയാൻ സഹായിക്കുന്ന ഒരാളുടെ അടുത്ത് ചെല്ലുകയോ ചെയ്യുന്ന എത്ര പേരുണ്ടാകും. സാക്ഷ്യപ്പെടുത്തിയില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നുള്ള ഭയം മൂലം, സാക്ഷ്യപ്പെടുത്താമെന്നുള്ള നേർച്ച മൂലം എല്ലാം സാക്ഷ്യമാവുകയാണ്. സാക്ഷ്യങ്ങളുടെ Thumbnail കളിലെ ഭാഷ നൽകുന്ന ക്രൈസ്തവ സാക്ഷ്യം എന്താണ്? തന്നെയല്ലേ ലോകത്തിനു അനുരൂപരാവരുതെന്നു പഠിപ്പിക്കുന്നത്? പരസ്യകലയിലെ, മാർക്കറ്റിങ് തന്ത്രങ്ങളിലെ 'ലോകത്തെ' ആകർഷണീയമാക്കി പുൽകാൻ തയ്യാറാകുന്ന ജീർണത വിശ്വാസത്തെയും, ആരെ അതിൽ കൊളുത്തിയിടാൻ ശ്രമിക്കുന്നു അവരിലെ സാമൂഹിക-സഭാ ജീവത്തെയും ബാധിക്കും.
ഞാൻ ഇന്നത് ചെയ്തതിന്റെ ഫലമായി ദൈവം, മാതാവ്, വിശുദ്ധർ ഇന്നത് തന്നു എന്ന് പറഞ്ഞവസാനിപ്പിക്കുന്നതിൽ ക്രൈസ്തവസാക്ഷ്യത്തിന്റെ സത്തയില്ല. എത്ര അത്ഭുതങ്ങളാണ് നടക്കുന്നത്! അത്ഭുതങ്ങൾ എല്ലാം സാക്ഷ്യമാവണമെന്നില്ല. അത്ഭുതങ്ങളെത്തന്നെ പരിശോധനാവിധേയമാക്കുകയും വേണം. അത്ഭുതങ്ങളും നേട്ടങ്ങളും ഉപകാരങ്ങളും തേടുന്ന ജീവിതപ്രവണത വിശ്വാസത്തിന്റേതല്ല. അങ്ങനെയല്ല, ദൈവത്തിലും മാനസാന്തരത്തിലും നവീകരണത്തിലും ഊന്നിത്തന്നെയാണ് ശുശ്രൂഷകൾ നടക്കുന്നതെന്ന് പറഞ്ഞു വെക്കാനായേക്കും. എന്നാൽ ഒരു പ്രതിഭാസം വിശ്വാസിസമൂഹത്തിൽ എപ്രകാരമാണ് സ്വാധീനം ചെലുത്തുന്നത് എന്ന് കണ്ടറിയാൻ ശ്രമിക്കണം. അല്ലായെങ്കിൽ പരസ്യങ്ങളാക്കപ്പെടുന്ന സാക്ഷ്യങ്ങളുടെ നേട്ടം കൊയ്യുന്ന ശുശ്രൂഷാകേന്ദ്രങ്ങൾ വളർച്ചയല്ല തകർച്ചയാണ് നൽകിയതെന്ന് മനസിലാക്കാൻ വൈകിയേക്കും.
മനുഷ്യരിൽ ദൈവത്തിന്റെ മഹത്വം ഉണ്ടാകുന്നത് മനുഷ്യർ എന്താണോ അതിന്റെ ലാവണ്യത്തിന്റെ പൂർണ്ണത തെളിഞ്ഞു കാണുമ്പോഴാണ്. ദൈവകൃപ പ്രവർത്തിക്കുന്നത് മനുഷ്യപ്രകൃതിയിലൂടെ തന്നെയാണെന്നാണ് ക്രിസ്തീയ വിശ്വാസം. ആ പ്രകൃതി ബുദ്ധിയും, ചിന്തയും, സങ്കല്പശക്തിയും, ഭാവനയും, സാമൂഹിക-സാംസ്‌കാരിക പാടവവും ഭക്തിയുമെല്ലാം ഉൾപ്പെടും. അവ അവയുടെ ഉദ്ദേശ്യത്തിൽ ഉപയോഗിക്കപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതൊന്നുമുപയോഗിക്കാതെ ദൈവം എല്ലാം ചെയ്യും എന്ന് പറയുന്നതിൽ അർത്ഥമില്ല. എനിക്ക് ഒരുപാടു സമയമുള്ളതു കൊണ്ടല്ല ഇതൊക്കെ എഴുതുന്നത്. ഒരുപാടു ജോലികളുണ്ട്. ദൈവം നൽകിയ ധ്യാനാത്മക ചിന്താശൈലിയെ ഇങ്ങനെയൊരു കാലഘട്ടത്തിൽ ദൈവത്തിനു മുമ്പിൽ തുറന്നു വെച്ചില്ലെങ്കിൽ അത് ശരിയാകുമെന്ന് തോന്നുന്നില്ല. ദൈവം എല്ലാം തന്റെ സമയത്തു നേരിട്ട് ചെയ്യും എന്നായിരുന്നെങ്കിൽ ബൈബിൾ പോലും എഴുതപ്പെടുമായിരുന്നില്ല.
ജോലിക്കു കൂലി നൽകുന്ന ഒരു ദൈവത്തെയല്ല ക്രിസ്തു വെളിപ്പെടുത്തിയത്. ദൈവത്തോട് മക്കളുടെ സ്വാതന്ത്ര്യമാണ് ഭക്തിയുടെ ആന്തരികത. അതില്ലാതെ നടമാടുന്ന ഭക്തിപ്രഭാവങ്ങൾ ദൈവബന്ധത്തിന്റെതല്ല. ദൈവഭക്തി അതിന്റെ യഥാർത്ഥ തലം കാണുന്നത് സ്നേഹത്തിലാണ്. ദൈവത്തിനെ മഹനീയതയെക്കാണുന്ന ദൈവഭയം എന്നത് ക്രിസ്തീയആത്മീയതയുടെ വെളിച്ചത്തിൽ ദൈവസ്നേഹത്തിലെ ആലിംഗന അനുഭവമാണ്. ആ വലിയ സ്നേഹത്തിന്റെ സ്വീകാര്യതയാണ് ദൈവഭക്തി. അതിലേക്കു നോക്കാനും വളരാനും പ്രസംഗങ്ങൾക്കും ധ്യാനകേന്ദ്രങ്ങൾക്കും കഴിയണം.
സെപ്റ്റംബർ 24, 2023
പ്രശ്നം മാതാവിന്റേതല്ല
പ്രശ്നം മാതാവിന്റേതല്ല, പ്രശ്നം സഭയുടേതാണ്. കൃപാസനം മാതാവ് ഒരു ബ്രാൻഡ് ഐക്കൺ ആയി മാറിയപ്പോൾ വിശ്വാസത്തിന്റെയും ഭക്തിയുടെയും സ്വഭാവം വിട്ട് കൾട്ട് തലത്തിലേക്ക് പോകുന്നത് കാണാമായിരുന്നിട്ടും മൗനം ഭുജിച്ച നേതൃത്വമാണ് പ്രശ്നം. പ്രശ്നം കൃപാസനത്തിന്റേതല്ല. വിശ്വാസമില്ലാത്ത ഭക്ത്യാഭാസങ്ങളുടെ ഒരു സംസ്കാരം അനുവദിച്ച നേതൃത്വത്തിന്റേതാണ്. ധ്യാനകേന്ദ്രങ്ങളിൽ കാണിക്കപ്പെടുന്ന ഭക്ത്യാഭാസങ്ങളാണ് കരിസ്മാറ്റിക് ശൈലി എന്നാണ് ബഹുഭൂരിപക്ഷം ആളുകളും ധരിച്ചിരിക്കുന്നത്. കരിസ്മാറ്റിക് മുന്നേറ്റം ആഗ്രഹിച്ചതും ഈ കേന്ദ്രങ്ങൾ നടത്തിക്കൊണ്ടു വരുന്നതും എത്രയോ വ്യത്യസ്തമാണ്.
ധ്യാനകേന്ദ്രങ്ങളും അതിലെ ഗുരുക്കന്മാരും ബ്രാൻഡ് തലത്തിലേക്ക് കടന്നപ്പോൾ മുതൽ അവയുടെ സ്വഭാവം വേറെയാണ്. ഈ പല ബ്രാൻഡുകൾക്കിടയിൽ മാത്സര്യവും കലഹങ്ങളും വന്നു തുടങ്ങിയിരുന്നു. കൾട്ട് സ്വഭാവമെടുക്കുന്ന ഏതിലും രാഷ്ട്രീയആനുകൂല്യം നേടിയെടുക്കാം എന്നുള്ളത് തീർച്ചയാണ് - അത് പാരമ്പര്യ-യാഥാസ്ഥിതിക ആദർശങ്ങൾ പ്രചരിപ്പിക്കുവാനുള്ള പ്രവണതകൾ തന്നെയായി സഭക്കുള്ളിൽത്തന്നെ നിന്നതോ രാഷ്ട്രീയ പാർട്ടികളോടുള്ള താല്പര്യങ്ങളായി പുറമെയുള്ളതോ ആവട്ടെ. അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇവിടെയും ഭക്തി ഗ്രൂപ്പുകളിൽ തമ്മിൽത്തല്ല് നടക്കുന്നുണ്ടായിരുന്നു. ആരായിരുന്നു നമ്മളെ ഡെമോക്രറ്റിക്കും റിപ്പബ്ലിക്കൻസുമാക്കിയത്? അതെ രാഷ്ട്രീയം നേരിട്ട് പറയാതെയും അനേകരെ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിഢിത്തങ്ങളെക്കുറിച്ചും സഭയുടെ ആസന്നമായ തകർച്ചയെക്കുറിച്ചും ആകുലപ്പെടാൻ പ്രേരിപ്പിക്കുന്നു. പുതിയ വേദപാഠം വരെ രഹസ്യമായി രൂപപ്പെടുന്നുണ്ട്.
കൃപാസനത്തിലെ ജോസഫച്ചൻറെ വ്യക്തിപരമായ വെളിപാട്/ ദർശനം എന്തുതന്നെയാണെങ്കിലും, അത് രൂപപ്പെടുത്തിയിരിക്കുന്ന ഭക്തിരൂപം പരിശോധിക്കപ്പെടേണ്ടതാണ്. 'പ്രേഷിതപ്രവർത്തനം' എന്ന പേരിൽ വിതരണം ചെയ്യപ്പെടുന്ന കൃപാസനം പത്രത്തിന്റെ സ്വഭാവം എന്താണ്? a relic, a sacramental, a devotional object, a holy thing? ഉപ്പിനും എണ്ണക്കുമൊപ്പം പാക്കറ്റുകളിലാക്കി ലോകമെങ്ങും വിതരണം ചെയ്യപ്പെടുന്ന പത്രം അച്ചന്റെ അറിവോടെയല്ല എന്ന് പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ല. വീടുകളിലും കാറുകളിലും ബാഗിലും മാതാവിന്റെ 'സംരക്ഷണ'ത്തിനായി ഒരു ഭക്തവസ്തുവെന്നപോലെ സൂക്ഷിക്കപ്പെടുന്നതിന്റെ ദൈവശാസ്ത്ര അടിത്തറ എന്താണ്? ബൈബിളിന്റെ പേജുകൾ പോലും അത്തരത്തിൽ സൂക്ഷിക്കപ്പെടുന്നതിൽ ഭക്തിയോ വിശ്വാസമോ ഉള്ളതായി കാണാൻ കഴിയില്ല. തികഞ്ഞ മരിയൻ ദൈവശാസ്ത്രവും സഭാശാസ്ത്രവും കണ്ടെത്തിയ വിദഗ്ദർ അവിടെ നിന്നുള്ള സാക്ഷ്യങ്ങളിലെ വിശ്വാസകാമ്പിനെ വിലയിരുത്തുന്നത് എങ്ങനെയാവും?
സൂപ്പർതാരങ്ങൾക്ക് (മതത്തിലോ, സമൂഹത്തിലോ, സിനിമാരംഗത്തോ ആവട്ടെ) ജനം നൽകുന്ന അന്ധമായ വിശ്വാസത്തെ രാഷ്ട്രീയവൽക്കരിക്കാൻ കഴിയും. താരപരിവേഷം ഉത്തരാധുനികതയുടെ വലിയ സ്വാധീന ശക്തിയാണ്. ജനം എന്ത് തേടുന്നോ അതനുസരിച്ചു താരങ്ങളാവുകയാണ് വലിയ സംഖ്യയിൽ അനുയായികളുള്ളവർ. സത്യം പറയണമെന്നു അധികാരികതയുണ്ടാവണമെന്നോ സത്തയുണ്ടാവണമെന്നോ ഇല്ല. ഒരു മതത്തിൽ അത് അനുവദിക്കപ്പെടുകയെന്നത് അതിന്റെ ജീർണ്ണതയാണ്. ഒരു പ്രവണത രൂപപ്പെടുത്തുന്ന ആൾക്കൂട്ടത്തെ കണ്ടുകൊണ്ട് വിശ്വാസവും അതിന്റെ സത്തയും ശുഷ്കമാവുന്നതു കണ്ടുകൊണ്ടു നിൽക്കുന്നവർ ആഗ്രഹിക്കുന്നത് തങ്ങളുടെ കാലത്തെ നിലനില്പും ആൾക്കൂട്ടവും രാഷ്ട്രീയസാമ്പത്തിക ആനുകൂല്യങ്ങളുമാണ്.
മുന്തിരിത്തോട്ടത്തിലെ പ്രതിഫലം
മുമ്പന്മാരും, ആദ്യമെത്തിയവരും, മുന്തിയവരും, അടുത്തുള്ളവരും (അവർ തന്നെയാണ് അവരെ അങ്ങനെ വിളിക്കുന്നത്) പിമ്പന്മാരെയും, പിന്നീടെത്തിയവരെയും താഴ്ന്നവരെയും വിദൂരത്തുള്ളവരെയും സ്വീകരിക്കാനുള്ള മനസ്സില്ലെങ്കിൽ മുന്തിരിത്തോട്ടത്തിലെ പ്രതിഫലം അവർക്കില്ല എന്ന് പല ഉപമകളിലും ക്രിസ്തു സൂചന നൽകി. രണ്ടാമത്തെ തരക്കാരെ ഒരുമിച്ചു ജോലി ചെയ്യുന്ന യോഗ്യതയിലേക്ക് വളർത്താനുള്ള വിളി ആദ്യത്തെ ആളുകൾക്കുണ്ട്. എന്നാൽ അവർ തങ്ങൾക്കായി സൃഷ്ടിച്ച യോഗ്യതാ നിലവാരം മറ്റുള്ളവരെ അയോഗ്യരും പാപികളുമാക്കി മാറ്റി നിർത്തുകയാണ് ചെയ്തത്.
ദൈവം ദയാലുവാണെന്നു കണ്ടാൽ, ആ ദയയിൽ ദൈവത്തിന്റെ അപക്വത കാണുന്ന നീതിമാന്മാരുണ്ട്. അവരുടെ നീതിശാസ്‌ത്രം മുഴുവനും തങ്ങൾ ഉൾപ്പെടാത്ത പാപലോകത്തെക്കുറിച്ചാണ്. തങ്ങളെ സംരക്ഷിക്കുകയും പാപികൾക്ക് ശിക്ഷ വരുത്തുകയും ചെയ്യണ്ടതാണ് അവർക്കു ദൈവത്തിന്റെ പക്വത. സമ്പത്തും സാമൂഹിക പദവികളും അധികാരങ്ങളും ധർമ്മിയുടെ ഉടയാടകൾ ഉറപ്പാക്കുമ്പോൾ ഹതഭാഗ്യർ ദൈവകോപമേറ്റ പാപികളായി നിർത്തപ്പെടുന്നു. ബലികളർപ്പിക്കാനുള്ള പണമോ, സമയക്രമമനുസരിച്ചു പ്രാർത്ഥിക്കാനുള്ള സമയമോ അവർക്കില്ല. അവർ പാപികളാകേണ്ടത് മേൽത്തരക്കാർക്കു ആവശ്യവുമാണ്.
സ്വയം മാത്രം ശരി ആകുമ്പോൾ മറ്റുമുള്ളവർ പാപികളാകും. സ്വന്തം വിധികൾക്കനുസരിച്ചു പാപികളാക്കപ്പെട്ടവർക്ക് ദൈവരാജ്യം അനുവദിക്കാതിരിക്കുക എന്നതാണ് ഹൃദയകാഠിന്യത്തിന്റെ രൂക്ഷാവസ്ഥ. അവർക്കു ദൈവരാജ്യം തുറക്കുന്നവരെ കൊന്നു കളയാനും നീതിമാന്മാർ മടിക്കില്ല. ഓരോരുത്തരുടെയും ശരികൾ കൊണ്ട് പരസ്പരം മാറ്റി നിർത്തുന്നതിൽ ദൈവരാജ്യ സാന്നിധ്യമില്ല. ക്രിസ്‌തുവിനേക്കാൾ വലിയ ശരി ഇല്ല എന്നതാണ് അതിനു കാരണം. ഓരോ ശരിയ്ക്കും പരസ്പരം സ്വീകരിക്കാനുള്ള വഴി ക്രിസ്തു തന്നിൽ തുറന്നിടുന്നു എന്നതാണ് അതിനു കാരണം.
ക്രിസ്തുവിന്റെ ഏറ്റവും വലിയ വെല്ലുവിളി ഈ തരംതിരിവിനെ ഭേദിക്കുക എന്നതായിരുന്നു. സ്വയം യോഗ്യത കല്പിച്ചവരുടെ കപടതയായിരുന്നു ഏറ്റവും കഠിനമായത്. പാപികൾ എന്ന ഒറ്റ വിഭാഗത്തിലേക്ക് മറ്റുള്ളവരെയെല്ലാം മാറ്റി നിർത്തുവാൻ അവർക്കു കഴിഞ്ഞു. ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങൾ എന്ന നിലയിൽ പരസ്പരം പരിപോഷിപ്പിക്കുകയാണ് മുന്തിരിത്തോട്ടത്തിലെ ജോലി. അതിന്റെ പ്രതിഫലം ഉയർന്ന പദവികളോ വിശുദ്ധ സ്ഥാനമോ അല്ല. ക്രിസ്തുവിൽ ഒന്നായിരിക്കുക എന്ന അവസ്ഥയാണ്, അതിലെ ആനന്ദമാണ്.
സെപ്റ്റംബർ 19, 2023
പുറത്തുപോകുന്നവർ
പാരമ്പര്യങ്ങളുടെ മൗലികവാദങ്ങളുടെ ഭാഗമായി ഈ അടുത്ത് അധികം കേൾക്കപ്പെടുന്ന ഒന്ന് വിദേശത്തേക്ക് കുടിയേറുന്ന ക്രിസ്ത്യാനികളെക്കുറിച്ചാണ്. നാട്ടിൽ ആളുകൾ കുറയുന്നു. ദേവാലയങ്ങളിൽ ആളുകൾ കുറയുന്നു. പാരമ്പര്യങ്ങൾ നഷ്ടപ്പെട്ടു പോകുന്നു തുടങ്ങിയ ഒട്ടധികം ആകുലതകൾ മുന്നോട്ടു വയ്ക്കപ്പെടുന്നുണ്ട്.
പോകുന്നിടം സ്വർഗ്ഗതുല്യമല്ലെന്നും വീട്ടിൽ നിന്നുള്ള അകൽച്ച വേദനയും വെല്ലുവിളികളുമുണ്ടാക്കുന്നുണ്ടെന്നും അവർക്കു അറിയാം. എങ്കിലും അവർ പുറത്തു പോകുന്നു. എന്തു കൊണ്ടാവാം?
പുറത്തുപോകുന്നവർക്കായി നാട്ടിൽ നിന്ന് അവിടെ ലഭ്യമാക്കിവരുന്ന പാരമ്പര്യ സേവനങ്ങൾ സ്വീകരിക്കാൻ അധികം ആളുകളും തയ്യാറാവുന്നില്ല. അങ്ങനെ അവർ പാരമ്പര്യങ്ങളിൽ നിലനില്കുകയോ അവരുടെ കുഞ്ഞുങ്ങൾ പാരമ്പര്യങ്ങൾ പഠിക്കുകയോ ചെയ്യുന്നില്ല. എന്താവും കാരണം?
പോയവരുടെ കുഞ്ഞുങ്ങളിൽ പലരിലും ഇവിടെ പ്രബലമായ അമിത-ഭക്താനുഷ്ഠാന ആത്മീയതയോട് തീർത്തും വിരുദ്ധ മനോഭാവങ്ങൾ സ്വീകരിക്കുന്നു. അവരുടെ പ്രതികരണങ്ങൾ ചിലപ്പോഴെങ്കിലും ദുഃശീലങ്ങളിലൂടെ പ്രകടമാക്കും വിധം വരെ എത്തുകയും ചെയ്യുന്നു. അവയുടെ വേരുകൾ എവിടെയാണ്?
പാരമ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന് ആളുകളെ ഉറപ്പാക്കാൻ നിശ്ചിത കാലത്തിനുള്ളിൽ നാട്ടിലേക്കു തിരിച്ചു വരേണ്ട വിധം നിയമനിർമാണം നടത്താൻ സർക്കാരിൽ പ്രേരണ ചെലുത്തും എന്നും കേൾക്കുന്നു. നിലനിർത്താൻ ആഗ്രഹിക്കുന്ന പാരമ്പര്യങ്ങൾക്കു വിധേയപ്പെടാൻ അങ്ങനെ തിരികെ വരേണ്ടി വരുന്നവർ പള്ളികളിലേക്ക് വരുമെന്ന് സങ്കല്പിക്കുന്നവരുടെ യാഥാർത്ഥ്യബോധം അതിശയിപ്പിക്കുന്നതാണ്. ഇവിടെ വന്നവർ എന്ത് ചെയ്യണമെന്നാണ്? പാരമ്പര്യങ്ങൾ സംരക്ഷിക്കുക എന്നത് ജീവിതമാർഗമായവർക്കു അതിന്റെതായ സുരക്ഷാമതിലുകളുണ്ട്. പക്ഷേ മറ്റുള്ളവർ? തിരിച്ചു വരവിനെ സാധൂകരിക്കാൻ മൗലികവാദം നിറച്ച പ്രമുഖർ എഴുതുന്ന പുസ്തകങ്ങൾ ഉദ്ധരിച്ചു കൊണ്ട് അനുസരണം വിശ്വാസ സംരക്ഷണം, വിശ്വസ്തത തുടങ്ങിയവയെക്കുറിച്ചു പുതിയ പ്രസംഗങ്ങളും ഉത്ബോധനങ്ങളും വന്നേക്കാം. ആത്മീയം മാത്രം അറിയാവുന്ന അവർ തികഞ്ഞ യാഥാസ്ഥിതിക രാഷ്ട്രീയക്കാരാണെന്ന്, വിശ്വസിക്കാൻ മാത്രമറിയാവുന്നവർക്കു കഴിയുന്നുമില്ല.
പോകുന്നവരിൽ ചിലർ 'നമ്മുടെ പാരമ്പര്യങ്ങൾക്കു' പുറത്തു വിവാഹിതരാകുന്നത് കൊണ്ട് പാരമ്പര്യങ്ങൾ നഷ്ടപ്പെടുന്നു. പല വിശ്വാസങ്ങളും സംസ്കാരങ്ങളും ആളുകളും പരസ്പരം കണ്ടുമുട്ടുന്ന ഒരുമിച്ചു നടക്കുന്ന ഒരു പശ്ചാത്തലത്തിൽ വളരുന്ന ഒരു തലമുറയെ 'മനസിലാക്കാൻ' എന്ത് ഒരുക്കമാണ് 'സഭ'ക്കുള്ളത്? ബക്കറ്റുകളിൽ വന്നു വീഴുന്ന പാപത്തിന്റെയും കണ്ണുനീരിന്റെയും കണക്കെടുത്തു ശിക്ഷാവിധികൾ പറയാനല്ലാതെ പാപങ്ങളെയും വേദനകളെയും മനസിലാക്കാനുള്ള ജ്ഞാനവും അജപാലനഹൃദയവും യാഥാർത്ഥ്യബോധവും പരിശീലിക്കുവാൻ ഇനിയും ശ്രമിച്ചിട്ടില്ല.
അതുകൊണ്ട് മുന്നോട്ടു വയ്ക്കപ്പെടുന്ന പ്രശ്നങ്ങളിൽ യഥാർത്ഥ പ്രശ്നങ്ങൾ എന്തൊക്കെയാണ്? അവ ആരുടെ പ്രശ്നങ്ങളാണ്? യഥാർത്ഥ പ്രശ്നങ്ങളെ കാണാതെ ഠ വട്ടത്തിന്റെ സുഖത്തെ അസ്വസ്ഥപ്പെടുത്തുന്ന പ്രശ്നങ്ങളെ പ്രശ്നങ്ങളാകുകയാണോ?
ഉപ്പുമാങ്ങ പോലെ നമുക്ക് പാരമ്പര്യങ്ങളെ സംരക്ഷിക്കാനാവില്ല, പ്രശ്നങ്ങളെ പരിഹരിക്കാനുമാവില്ല. പാരമ്പര്യം വികസിക്കുന്നതും രൂപാന്തരപ്പെടുന്നതും ജീവനും അർത്ഥവും നൽകുന്നതുമാണ്. പാരമ്പര്യത്തിന് വേണ്ടി ഒരു സമൂഹത്തെ ജീർണ്ണതയിലേക്ക് തള്ളുന്നത് ഈ പാരമ്പര്യവാദങ്ങൾ കൊണ്ട് മാത്രം നിലനിൽപ്പ് കാണുന്ന സ്വാർത്ഥലക്ഷ്യങ്ങളുള്ള സിംഹാസനങ്ങൾ മാത്രമാണ്.
വേണമെന്നുള്ളവർ വന്നാൽ മതി
"അല്പം നീട്ടിപ്പാടിയൊക്കെയേ ഇനി കുർബാന ചൊല്ലൂ. വേണമെന്നുള്ളവർ വന്നാൽ മതി." ഊന്നൽ രണ്ടാമത്തെ വാക്യത്തിനാണ്. ശുശ്രൂഷാപൗരോഹിത്യം പ്രത്യേക അഭിഷേകമായി ലഭിച്ചവർ, അതിനെ ഭരണാധികാരത്തിന്റെ വൃത്തിഹീനമായ ഉപകരണമാക്കി തീർക്കുന്നത് സഭയുടെ ശോചനീയമായ അവസ്ഥയെ കാണിക്കുന്നു. ഈ അധികാരം കൊണ്ട് അവർ അർപ്പിക്കുന്നത് ക്രിസ്തുവിന്റെ ബലിയാണോ? വേണമെങ്കിൽ വന്നു കണ്ടുകൊള്ളൂ എന്ന് പറഞ്ഞുകൊണ്ട് അവർ നടത്തുന്ന നാടകം അവതരിപ്പിക്കപ്പെടുന്നത് ആർക്കു വേണ്ടിയാണ്?
അല്മായ പങ്കാളിത്തം
സഭയിലെ അല്മായ പങ്കാളിത്തം എന്താണ്? പിന്തുണ നൽകുക, പറയപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കുക എന്നത് പങ്കാളിത്തമല്ല, അത് സഹകരണം മാത്രമാണ്. അല്മായരുടെ സഹകരണം ഉറപ്പാക്കുക, പ്രോത്സാഹിപ്പിക്കുക എന്ന് മാത്രമാണ് 'പങ്കാളിത്തം' എന്നതിലൂടെ 'സഭ'യുടെ സംവിധാനം ആഗ്രഹിക്കുന്നത്. നൈജീരിയയുടെ മെത്രാൻ സമിതി ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്നതിൽ പ്രധാനമായ ഒരു തീരുമാനം അല്മായ 'നേതൃത്വം' പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ചാണ്.
സഭ ഒരു ശരീരമായി ഒരുമിച്ചു കേൾക്കുക എന്നത് സാധ്യമാകുന്നെങ്കിലെ എല്ലാവരുടെയും പങ്കാളിത്തം സഭയെ ജീവസ്സുറ്റതാക്കിത്തീർക്കൂ. ദൈവഹിതം തിരിച്ചറിയുന്നതും, നാളെയിലേക്കു നടക്കുന്നതിനു ദൈവാരൂപിയിൽ പ്രേരിതരായി ദർശനങ്ങൾ രൂപപ്പെടുത്തുന്നതിനും ഏകശരീരഭാവം കൂടിയേ തീരൂ. എന്നാൽ, പിരിവെടുക്കുക, പള്ളി വൃത്തിയാക്കുക, അലങ്കരിക്കുക, പരിപാടികൾ നടത്തുക തുടങ്ങിയ ലൗകികമായ പ്രവൃത്തികൾ അത്മായരും, കൂടിയാലോചന, തീരുമാനങ്ങൾ എടുക്കുക തുടങ്ങിയ 'ദൈവികമായ' കാര്യങ്ങൾ 'അസാധാരണ'ക്കാരായവരും ചെയ്യുന്നതിൽ പങ്കാളിത്തമില്ല. ഓരോരുത്തർക്കും, ഒരു ശരീരത്തിലെ അവയവങ്ങളെന്ന പോലെ ഓരോ നിശ്ചിത ശുശ്രൂഷകൾ ഉണ്ടെന്നത് ഈ തരംതിരിച്ചിലിൽ അർത്ഥപൂർണമല്ല.
പൗരോഹിത്യം ഒരു ശുശ്രൂഷയാണ്. അതിൽ നേതൃത്വം ഉൾക്കൊള്ളുന്നുമുണ്ട്. എന്നാൽ പുരോഹിതരോ അവർക്കു സ്തോത്രം പറയുന്നവരോ മാത്രമാണ് നേതൃത്വത്തിൽ ഉണ്ടാവേണ്ടത് എന്ന് അത് അർത്ഥമാക്കുന്നില്ല. സഭയിൽ നേതൃത്വം എന്തിനു വേണ്ടിയുള്ളതാണെന്ന ധാരണ ഇല്ലാതാവുന്നതാണ് നേതൃത്വത്തിന്റെ അധികാരികത നഷ്ടപ്പെടുത്തുന്നത്. സഭയിലെ നേതൃത്വത്തിന്റെ ലക്ഷ്യങ്ങൾ നേതൃത്വം കാണിക്കുന്നില്ലെങ്കിൽ നേതാക്കളെ പിഞ്ചെല്ലുവാൻ അംഗങ്ങൾ ഉണ്ടാവില്ല. അപ്പോൾ, നഷ്ടപ്പെടുന്ന അധികാരത്തെ ഉറപ്പിക്കുവാൻ അധികാരം തങ്ങളിൽ തന്നെയെന്ന് ഉറക്കെപ്പറയുവാൻ ശ്രമിക്കുന്ന വിഫലശ്രമങ്ങൾ പല രൂപങ്ങളിൽ ഇന്ന് പ്രകടമാണ്.
കാലഘട്ടത്തെയും, ജീവിതങ്ങളെയും, അവയുടെ സങ്കീർണ്ണതകളെയും വിലയിരുത്താനും അർത്ഥം പകരാനും ശേഷിയുള്ള അനേകർ അല്മായർക്കിടയിലുണ്ട്. അവരാണ് തലമുറകൾക്കായി ദർശനങ്ങൾ രൂപപ്പെടുത്തേണ്ടത്. എന്നാൽ അവർക്കു അതിനുള്ള ഇടം നല്കപ്പെടുന്നില്ല. 'സഭ' നൽകുന്ന വിവരണങ്ങൾക്കുള്ളിലേക്ക് ചേർത്ത് വെയ്ക്കാൻ കഴിയുന്ന സംഭാവനകളേ സ്വാഗതം ചെയ്യപ്പെടുന്നുള്ളു. cosmology, sociology, anthropology, culture, psychology, neuroscience, genetics എന്നീ മേഖലകൾ വളരെ പ്രധാന്യമർഹിക്കുന്നതായി ഞാൻ കരുതുന്നു. ഇവയിൽ ഗ്രാഹ്യമുള്ളവരും നമുക്കിടയിൽ ഉണ്ട്. അവർ എത്ര പരിഗണിക്കപ്പെടുന്നു? ഈ മേഖലകയിൽ അല്പമെങ്കിലും കൂടുതൽ വായനക്ക് ശ്രമിക്കുന്നവർ നേതൃത്വത്തിൽ എത്രപേരുണ്ടാകും? അല്മായരിലുള്ള ബൗദ്ധികവും ആത്മീയവുമായ സമ്പന്നമായ ഉറവിടങ്ങളെ 'സഭാ'നേതൃത്വം ഭയക്കുന്നു എന്നതാണ് പൗരോഹിത്യ നേതൃത്വത്തിലേക്ക് നിയന്ത്രണാധികാരം ഉറപ്പിച്ചു വെക്കുന്നതിന്റെ പ്രധാന കാരണം. അവരുടെ അറിവും അവലോകനവും പ്രാവീണ്യവും തങ്ങളുടെ സ്ഥാനം അപ്രസക്തമാകുന്നു എന്ന തോന്നൽ (യാഥാർത്ഥ്യം) അധികാരസങ്കല്പങ്ങളെ ദൃഢപ്പെടുത്തുകയും ചെയ്യുന്നു. പൗരോഹിത്യശുശ്രൂഷയുടെ ആധികാരികത മറ്റെല്ലാ ശുശ്രൂഷയും പോലെ ക്രിസ്തുമാതൃകയാണ്. നയിക്കുകയും മരിക്കുകയും ചെയ്ത ക്രിസ്തുവിനു പകരം ഭരിക്കുന്ന രാജാവിനെ മാതൃകയാക്കുന്ന പൗരോഹിത്യത്തിന്റെ 'സഭക്ക്' ക്രിസ്തുവിന്റെ സഭയാകാൻ കഴിയില്ല. മാതാവും ഗുരുവുമായ സഭക്ക്, ഗുരുവിനെ വാളെടുത്തു ഭരിക്കുന്ന രാജാവാക്കേണ്ടതിന്റെ ആവശ്യം എന്താണ്?
സഭ ജീവിക്കുന്നതായി കാണപ്പെടുന്നത് സഭാസമൂഹം ജീവദായകമാകുമ്പോഴാണ്. പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള സഭാരീതികൾ അത് സാധ്യമാക്കില്ല. നിലവിലുള്ള പ്രോജക്ടുകൾ എന്തൊക്കെയെന്ന് പരിശോധിക്കുന്നത് നല്ലതാണ്. കുടുംബങ്ങളെ അറിയാൻ, സാമൂഹിക സാംസ്‌കാരിക മാറ്റങ്ങളെ പഠിക്കാൻ, ശാസ്ത്രവും പുതിയ ചിന്താധാരകളും മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടുകളിലെ നന്മതിന്മകളെ തിരിച്ചറിയാൻ, ഏകശരീരമായിത്തന്നെ പങ്കുവയ്ക്കലുകളും അവലോകനങ്ങളും ദർശന രൂപീകരണങ്ങളും നടക്കണം. അത് നടക്കുന്നില്ലെങ്കിൽ, അനുഷ്ഠാനപൗരോഹിത്യത്തിന്റെ വക്രനിർമിതികളിൽ ജീവിതത്തിന്റെ സങ്കീര്ണതകള് മുഴുവൻ കൊളുത്തിയിടുന്ന ദൈവശാസ്ത്രങ്ങളിൽ സഭയും തളച്ചിടപ്പെടും. കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സങ്കീർണ്ണ സാഹചര്യങ്ങൾക്ക് പരിഹാരം മാത്രമല്ല, പഠനങ്ങളും വിശകലനങ്ങളും അർത്ഥവും ലക്ഷ്യവും ആവശ്യമാണ്. അത് കാണാനും ഗ്രഹിക്കാനുമുള്ള കണ്ണും ഹൃദയവും ബുദ്ധിയും അത്മായർക്കിടയിൽ തീർച്ചയായും ഉണ്ട്. പാപ-ശാപ-ബന്ധന യുക്തി കൂടുതൽ ആഴവും സമഗ്രതയുമുള്ള ആത്മീയത തേടുന്നുണ്ട്. സഭയായി ചിന്തിക്കാൻ കഴിഞ്ഞാൽ അത് സാധ്യവുമാണ്. എന്നാൽ 'സഭ' അതിനു തയ്യാറാവാത്തതിനാൽ സഭ നന്മ-തിന്മയുടെ ചക്രച്ചുഴിയിൽ അർത്ഥം തേടാൻ തുടർന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നു. തിന്മയെ അടിച്ചോടിക്കാൻ ശ്രമിക്കുന്ന പൗരോഹിത്യ ഭരണാധികാരം, സമഗ്രമായ നന്മ സഭാസമൂഹത്തിൽ നിറച്ചുകൊണ്ട് തിന്മകളെ അതിജീവിക്കാവുന്ന ദർശനത്തിലേക്കു വഴിമാറിയെങ്കിലേ ജീവനുള്ള സഭയാകാനും, പരസ്പരം പരിപോഷിപ്പിക്കുന്ന അവയവങ്ങളാകുവാനും കഴിയൂ.
സ്ത്രീ'പങ്കാളിത്തം' എന്നാൽ എന്താണ്? വിധേയപ്പെടുന്ന മാതൃകയായ സ്ത്രീയാണെന്ന പ്രബോധനങ്ങൾ ഈ അടുത്ത കാലത്ത് വർദ്ധിക്കുന്നുണ്ട്. മണവാട്ടിയായ സഭ ക്രിസ്തുവിനു വിധേയപ്പെടുന്നതും, ആ അത്മായ സഭ ഭരിക്കുന്ന ക്രിസ്തുവിന്റെ പ്രതി'പുരുഷർക്ക്' വിധേയപ്പെടുന്നതും ന്യായവും യുക്തവുമായ വിവരണമാണ്. അപ്പോൾ 'സഭ'യായ ഈ പ്രതിപുരുഷർ സഭയല്ലാതാകുന്നു. ഭരിക്കുന്നവരും വിധേയപ്പെടുന്നവരുമായ രണ്ടു ശ്രേണിയുള്ള സഭ സഭയല്ല. വളരുന്ന കുഞ്ഞുങ്ങളെയും സമർത്ഥയായ ഭാര്യയെയും തന്റെ 'അധികാരത്തിനു' ഭീഷണിയായി കാണുന്ന കുടുംബനാഥൻ്റെ മനോഭാവമാണ് 'സഭ' സ്വീകരിക്കുന്നത്.
.......
രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ദർശനങ്ങളായിരുന്നല്ലോ കരിസ്മാറ്റിക് മുന്നേറ്റത്തിന് പിൻബലമായി നിന്ന ദൈവശാസ്ത്ര അടിസ്ഥാനം. പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാൽ പരിപോഷിതയാവുകയും വളരുകയും 'മലമേൽ തെളിയിച്ചു വെച്ച ദീപം' പോലെയാവുകയും ചെയ്യുന്ന സഭയെയാണ് (pneumatological ecclesiology) അത് ആഗ്രഹിച്ചത്. പരിശുദ്ധാത്മ വരദാനങ്ങൾ ആത്മീയലോകത്ത് ചുരുങ്ങി നില്കുന്നതായിരുന്നില്ല. അതിന് വ്യക്തിപരവും സാമൂഹികവുമായ മാനങ്ങൾ ആ ദാനങ്ങളിൽ കാണുവാൻ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ ദൈവശാസ്ത്രം തിരിച്ചറിഞ്ഞവർ ശ്രമിച്ചിരുന്നു. എന്നാൽ 'ലോകത്തിന്റെ' പ്രവൃത്തികളിൽ നിന്ന് അകന്ന് സ്വർഗീയവും ആത്മീയവുമായ കാര്യങ്ങൾ മാത്രം അന്വേഷിക്കുന്ന ഒരു 'വിശുദ്ധ' സമൂഹമെന്ന രീതിയിൽ സ്വയം മാറ്റി നിർത്തുന്ന സമീപനങ്ങളിലേക്കു തിരിഞ്ഞു പോയത് മുന്നേറ്റം കണ്ട പരാജയമാണ്.സഭയിൽ സഭ എന്താഗ്രഹിക്കുന്നോ അത് ചെറു സമൂഹങ്ങളായി ജീവിക്കുന്ന ശൈലികൾ ഉണ്ടായിരുന്നല്ലോ. ഓരോ അംഗങ്ങൾക്കും നല്കപ്പെട്ടിട്ടുള്ള വരദാനങ്ങളാൽ പരസ്പരം പരിപോഷിപ്പിക്കപ്പെടുന്ന 'ക്രിസ്തുശരീരത്തിന്' എല്ലാ അവയവങ്ങളും പ്രധാനമാണ്. ദര്ശങ്ങളും, വെളിപാടുകളും, അറിവും, വ്യാഖ്യാനവും കേൾവിയുടെയും പങ്കുവയ്ക്കലിന്റെയും പശ്ചാത്തലത്തിൽ ചെറു സമൂഹങ്ങളിൽ വളർന്നിരുന്നില്ലേ? അതിനെ ബ്രാൻഡ് തലങ്ങളിലേക്ക് ഉയർത്തി മാസ്മരിക പ്രകടങ്ങളാക്കി മാറ്റി തകർത്തവരല്ലേ ഇന്ന് കരിസ്മാറ്റിക്കുകാരാണെന്നു അവകാശപ്പെട്ടു കൊണ്ട് അരങ്ങു വാഴുന്നത്?
സഭയുടെ അതേ ആഗ്രഹമാണ് വീണ്ടും ഇന്ന് സിനഡാലിറ്റിയുടെ ശൈലിയായി അവതരിപ്പിക്കപ്പെട്ടത്. പരസ്പരം കേൾക്കുകയും പ്രചോദനങ്ങൾ ഉൾക്കൊണ്ട് സംസാരിക്കുകയും ഒരുമിച്ച് നടക്കുകയും ദൈവഹിതം അറിയുകയും ചെയ്യുന്ന ഒരു സഭാശൈലി പരിശീലിക്കുവാനാണ് ആ ശ്രമം. ഈ പ്രക്രിയയിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം കരിസ്മാറ്റിക്ക് പ്രവർത്തകർക്ക് കാണാൻ കഴിയാത്തത് എന്ത് കൊണ്ടാണ്? എത്രമാത്രം പ്രാധാന്യം അവർക്കു നൽകാൻ കഴിഞ്ഞിട്ടുണ്ട്? സഭയിലെ കൂട്ടായ്മയുടെ പ്രവൃത്തിരൂപമാണ് സിനഡൽ പ്രക്രിയ. അത് സഭാഭരണത്തിലും തീരുമാനങ്ങളിലും സഭയുടെ പൊതുവായ ജീവിതത്തിലുമുൾപ്പെടെയുള്ള സഭാഅംഗങ്ങൾ എല്ലാവരുടെയും പങ്കാളിത്തവുമാണ്. എല്ലാവരും എന്നത് വളരെ പ്രാധാന്യമുള്ളതാണ്
സെപ്റ്റംബർ 06, 2023
ക്രിസ്തുവിനെ എത്രയോ അകറ്റിയിരിക്കുന്നു
ഇന്നത്തെക്കുറിച്ചുള്ള സത്യം, നാളെയെക്കുറിച്ചുള്ള ദർശനം, മുന്നോട്ടു നടക്കാനുള്ള ആന്തരികപ്രചോദനം ഇവ നൽകാൻ ഒരു മതത്തിനു കഴിയുന്നില്ലെങ്കിൽ അത് കാലഹരണപ്പെട്ടു കഴിഞ്ഞു എന്നാണ് അർത്ഥം. പ്രത്യയശാസ്ത്രങ്ങളാക്കപ്പെടുന്ന പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും അപര്യാപ്തമാകുന്നതും ഈ കഴിവാണ്. സ്വന്തം വ്യക്തിയെ ആദർശങ്ങളോട് താദാത്മ്യപ്പെടുത്തുന്നതിനാൽ ഏതു വിധേനയും പ്രതിരോധിക്കണമെന്ന ഭ്രാന്തമായ ആവേശം സത്യത്തോടുള്ള താല്പര്യവും ക്രിയാത്മക ദർശനവും പാടെ മാറ്റി നിർത്തും.
ഭൂമിയുടെ ഉപ്പും ലോകത്തിനു പ്രകാശവും, മലമുകളിൽ തെളിച്ചു വെച്ച ദീപവും ആകേണ്ട സഭ ഈ കഴിഞ്ഞ ആറേഴു വർഷങ്ങളിൽ എന്ത് ആയിട്ടാണ് കടന്നു പോന്നത് എന്നത് ചിന്താവിഷയമാക്കണം.പ്രസ്താവനകൾ, പ്രഖ്യാപനങ്ങൾ തുടങ്ങിയവ വിശദീകരണങ്ങളും പ്രത്യാരോപണങ്ങളും ചിലപ്പോൾ അധിക്ഷേപങ്ങളും ഭീഷണികളും ശിക്ഷാവിധികളുമായി ചുരുങ്ങിയത് അവ സഭാത്മകമായോ ക്രിസ്തുചൈതന്യത്താലോ ആയിരുന്നില്ലെന്ന് കാണിക്കുന്നു. സഭയെയോ ക്രിസ്തുവിനെയോ കാണിക്കാത്ത സമീപനരീതികളാണ് വക്താക്കളിലും പ്രസ്താവനകളിലും ഉള്ള ഭാഷയുടെയും ഉള്ളടക്കത്തിന്റെയും സ്വഭാവത്തിലുള്ളത്. സാമൂഹ്യമാധ്യമങ്ങളിലെ പോർവിളികളും വിജയഭേരികളും കാണിക്കുന്ന ശൂന്യതയാണ് ഔദ്യോഗിക പ്രസ്താവനകളിൽ ഇന്ന് ലഭ്യമാകുന്നത്. പ്രസ്താവിക്കുന്ന ശരികളിൽ ആവർത്തിച്ചാഘോഷിക്കുന്നത് ഭരണാധികാരത്തിന്റെ അഹന്തയും പിടിവാശികളുമാണ്. നിയമങ്ങളുടെ കാഠിന്യത്തിൽ ക്രിസ്തു ഞെരുക്കപ്പെടുകയാണ്.ഇന്റർനെറ്റ് യുഗത്തിൽ ആധുനിക സമ്പർക്ക മാധ്യമങ്ങളിൽക്കൂടിയാണ് സഭയും സംസാരിക്കുന്നത്. പക്ഷേ അത് സഭയായും ക്രിസ്തുചൈതന്യത്തോടെയും സംസാരിക്കേണ്ടിയിരിക്കുന്നു എന്ന് പാടെ മറന്ന ഒരു സ്ഥിതിയാണുള്ളത്. സഭാസ്നേഹത്തിന്റെ തീക്ഷ്ണതയിൽ സംസാരിക്കുന്നവയിൽ എന്ത് കൊണ്ട് ക്രിസ്തുസാന്നിധ്യം കാണപ്പെടുന്നില്ല? തങ്ങളുടെ ശരികളാണ് ദൈവഹിതമെന്നു തീരുമാനിച്ചുറപ്പിക്കുന്ന അധികാര ലഹരി ക്രിസ്തുവിനെ എത്രയോ അകറ്റിയിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ആക്രമിക്കാനും അധിക്ഷേപിക്കാനും അടിച്ചമർത്താനും ശമ്പളം കൊടുത്തു ചെയ്യിക്കുന്ന മാധ്യമപ്രവർത്തനം 'സഭക്ക് വേണ്ടി'യാണ് എങ്കിൽ ഏതു സഭയെ ആരുടെ സഭയെ ആണ് അത് സംരക്ഷിക്കുന്നത്?
സമൂഹത്തിന്റെ ചോദ്യങ്ങളും സന്ദേഹങ്ങളും കേൾക്കാനും മനസ്സിലാക്കാനും തയ്യാറാവാത്ത നേതൃത്വം ആവശ്യപ്പെടുന്ന അനുസരണത്തിൽ ഏതുതരത്തിലുള്ള സഭാശരീരമാണ് കാണപ്പെടുന്നത്. വ്യത്യസ്തതയോ വിയോജിപ്പോ അധികാരക്കസേരകൾക്ക് ഉലച്ചിലുണ്ടാക്കുന്നെന്ന ഭീതി നന്മയിൽ വേരൂന്നേണ്ട ആധികാരികതയുടെ കുറവിൽ നിന്നാണ്. അറിവും വിജ്ഞാനവും ദർശനപാടവവുമുള്ള അനേകർ വേദനയോടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ നോക്കിക്കാണുകയാണ്. അവർ സംസാരിച്ചാൽ, "പാപത്തിൽ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നോ" എന്ന സമീപനരീതിയാണ് അവരെ കാത്തിരിക്കുന്നത്. ദ്രവിക്കുന്ന അധികാരത്തിന്റെ സാന്ദ്രീകൃത ഭാവമാണത്. അതിൽ നിന്ന് നന്മ പുറപ്പെടുവിക്കാനാവില്ല. അപക്വവും അവിവേകപൂർണ്ണവുമായ സമീപനരീതികളിലേക്കു കടക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നതും ശിഥിലമായതിനെ പുറത്തു കാണിക്കാൻ ആവാതെ ദൃഢപ്പെടുത്തപ്പെടുന്ന കപടകവചങ്ങളാണ്.
2020-2023 കാലയളവിലേക്ക് കെസിബിസി മുന്നോട്ടു വെച്ച ഒരു നവീകരണ പദ്ധതിയുണ്ടായിരുന്നു. അവയിലോരോന്നും എത്രമാത്രം പൂർത്തിയാക്കാൻ നമുക്ക് കഴിഞ്ഞു എന്ന് ചിന്തിക്കുന്നത് ഈ അവസരത്തിൽ നല്ലതാണ്. നമ്മുടെ വിശ്വാസജീവിതവും മതാനുഷ്ഠാനവും കപടതകളുടെ ആഘോഷമായി മാറുന്നതിനെ അതിജീവിക്കാൻ സത്യത്തെ അന്വേഷിക്കുവാനുള്ള ആത്മാർത്ഥമായ പ്രയത്നം കൂടിയേ തീരൂ.
വിചാരങ്ങളെയോ കരുനീക്കങ്ങളെയോ ലോകത്തിനറിയാൻ കഴിയാത്തവിധം മതത്തിന്റെയും വിശ്വാസത്തിന്റെയും ആരാധനാക്രമത്തിന്റേയും പരിശുദ്ധ തിരശീലക്കു പിറകിലാണ് യാഥാർത്ഥ്യം. ആ സത്യത്തെ മുഖാഭിമുഖം കാണാൻ സുതാര്യത കാണിക്കുന്നെങ്കിലേ എന്നെങ്കിലും, നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടൂ.
....................................
കുറച്ചുനാളുകളായി സഭ വ്യഗ്രതപ്പെടുകയും, കുറെയേറെ കുറ്റപ്പെടുത്തലുകൾ നടത്തുകയും ചെയ്യുന്ന ഒരു മേഖലയാണ് അനേകർ വിദേശത്തേക്ക് കുടിയേറിപ്പോകുന്ന അവസ്ഥ. അതിനെ ഒരു പ്രശ്നമായി കാണുന്നതല്ലാതെ അതിൽ ഉൾപ്പെട്ടിട്ടുള്ള പ്രശ്നങ്ങളെ പഠിക്കാനോ വിശകലനം ചെയ്യാനോ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ജോലിസാധ്യതകൾ, ശമ്പളം, ജീവിതസംഘർഷങ്ങൾ, സാമ്പത്തികഭദ്രത, സാമൂഹികമായ സ്ഥാനം തുടങ്ങി നിരവധിയായ ഘടകങ്ങൾ പശ്ചാത്തലത്തിലുള്ളപ്പോൾ സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നതും വിശ്വസിക്കാനും ആചരിക്കാനും പള്ളിയിൽ വരാൻ ആളില്ലാതാകുന്നതും ഭാവിയിലെ ഏറ്റവും വലിയ വെല്ലുവിളികളായി കാണുന്നതിൽ 'സത്യ'മില്ല. യഥാർത്ഥ പ്രശ്നങ്ങൾ അപഗ്രഥനമായോ പ്രാർത്ഥനയായോ സമൂഹത്തിനു മുമ്പിൽ വെളിച്ചത്തിലേക്ക് എടുക്കപ്പെടുന്നില്ല. ഈ പ്രശ്നങ്ങൾ സഭക്ക് മാത്രമായി പരിഹരിക്കാവുന്നതുമല്ല. എന്നാൽ, ഈ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക യാഥാർഥ്യങ്ങളെക്കുറിച്ച് ശരിയായ പഠനത്തിന്റെയും പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും വെളിച്ചത്തിൽ സഭയുടെ കാഴ്ചപ്പാട് എന്താണ്? മൂല്യശോഷണങ്ങളും അനീതിയും ഈ അവസ്ഥക്ക് കാരണമാകുന്നെങ്കിൽ, രാഷ്ട്രീയലാഭങ്ങൾ മാറ്റി വെച്ചുകൊണ്ട് നീതിബോധത്തോടെയും സുതാര്യതയോടെയും അവയെക്കുറിച്ച് സംസാരിക്കാൻ കഴിയാതായതു എന്ത് കൊണ്ടാണ്? കുറെ നാളുകളായി വളർത്തിക്കൊണ്ടു വന്ന ഭക്തിസംസ്കാരത്തിൽ നിന്ന് രക്ഷപ്പെടാനായി പുറത്തു പോയവരും ഉണ്ട് എന്നതും മാറ്റി നിർത്താവുന്നതല്ല.
സെപ്റ്റംബർ 03, 2023
നിങ്ങൾ ഒരുമിച്ചു കൂടുമ്പോൾ ...
'സിനഡൽ പാത' ഇതിനോടകം നമുക്ക് പരിചിതമായിക്കഴിഞ്ഞിട്ടുണ്ടാവും. അത് എന്താണെന്നും, അതിന്റെ വിവിധങ്ങളായ തലങ്ങൾ പ്രാദേശികമായ ഓരോ പശ്ചാത്തലത്തിലും എങ്ങനെ യാഥാർത്ഥ്യമാക്കും എന്നതിനെക്കുറിച്ചും കൂടുതൽ ചർച്ചകൾ നടന്നു വരികയാണ്.
സിനഡ് 2021 - 2024 അതിന്റെ ഔദ്യോഗിക ചർച്ചകളുടെ അവസാന ഘട്ടങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. ജീവിതശൈലിയായും സഭാദര്ശനവുമായും അത് മാറേണ്ടതിന്റെ വഴികൾ ക്കൂടി തിരിച്ചറിയാൻ ശ്രമിക്കുകയാണ് സഭ. ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്ന ഒരു സഭയായി ജീവിക്കാൻ എങ്ങനെ നമുക്ക് കഴിയും എന്നതായിരുന്നു പ്രധാന ചിന്ത. 'വിദഗ്ദരായവരല്ല' ഈ ചർച്ച ചെയ്തത്. ദൈവജനം ആണ് സഭ എന്നതുകൊണ്ട്, ആ ദൈവജനമാണ് ക്രിസ്തുശരീരം രൂപപ്പെടുത്തുന്നത് എന്നതുകൊണ്ട്, ദൈവസ്വരം തിരിച്ചറിയേണ്ടതിന് ജീവിതത്തിന്റെ സകല തുറകളിൽ നിന്നുമുള്ളവരെ കേൾക്കാൻ ഈ സിനഡ് ആഹ്വാനം ചെയ്തു. സഭയിൽ നിന്ന് അകന്നവരെയും, സഭക്ക് പുറത്തുള്ളവരെയും കൂടി കേൾക്കാനുള്ള മാതൃകകൾ സ്വീകരിക്കപ്പെട്ടു. ഒരുക്കത്തിന്റെ സമയത്ത്, രണ്ടോ മൂന്നോ മാസങ്ങൾ വാർഡ് തലങ്ങളിൽ സിനഡിന്റെ അർത്ഥത്തേയും പ്രാധാന്യത്തെയും ലക്ഷ്യത്തെയും കുറിച്ച് ഇടവകകളിലും വാർഡുകളിലും ലഖുലേഖകൾ വഴിയും ചെറിയ വിഡിയോകൾ വഴിയും അവബോധം വളർത്തുകയും പിന്നീട് ചർച്ചകൾ നടക്കുകയും ചെയ്തു. ജനത്തിനിടയിലും, സന്യസ്തർക്കിടയിലും ഫൊറോനാതലങ്ങളിൽ വൈദികർക്കിടയിലും ചർച്ചകൾ നടക്കുകയും അവ ക്രോഡീകരിക്കുകയും ചെയ്തു. വിവിധ ഭാഷക്കാരുള്ള രൂപതകളിൽ വിവിധങ്ങളായ ഭാഷകളിലേക്ക് മാർഗ്ഗരേഖകൾ പരിഭാഷ ചെയ്യുകയും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
മെത്രാനിൽ കേന്ദ്രീകൃതമാവുകയോ പിഞ്ചെല്ലുന്നതോ ആയ സഭാമാതൃകയിൽ നിന്ന് വ്യത്യസ്തമായി, മെത്രാനടക്കമുള്ള ഒരു സമൂഹമായി ക്രിസ്തുവിന്റെ വെളിച്ചത്തിൽ ഒരുമിച്ചു നടക്കുന്ന ദർശനമാണ് സ്വീകരിച്ചിട്ടുള്ളത്. നാളെയുടെ സഭയിൽ വിശ്വാസത്തിനു സാക്ഷികളാവേണ്ട കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ് മുന്നിൽ നടക്കുന്നത്.
നമ്മൾ ഓരോരുത്തരും ഒരുമിച്ചു ചേരുന്നതായ സഭ ഒരു 'സാർവ്വത്രിക കൂദാശയായി' ജീവിക്കണമെങ്കിൽ ഈ സിനഡൽ പാത പ്രേരിപ്പിക്കുന്ന കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം (സാക്ഷ്യജീവിതം) എന്നീ മൂല ഘടകങ്ങൾ അനിവാര്യമാണ്. കൂട്ടായ്മ എന്നത് ആശയപരമായ പരസ്പര ധാരണയല്ല, പരസ്പരം അനുരഞ്ജിതരായി, ദൈവവുമായി നമ്മെ അനുരഞ്ജിപ്പിച്ച ക്രിസ്തുവിൽ ഒന്നിച്ചു ചേരുന്നതാണ് ആ ഐക്യം. വിവിധങ്ങളായ ദാനങ്ങൾ ഉള്ള നമ്മൾ ഓരോരുത്തരും ഈ ശരീരത്തിൽ അതാതിന്റേതായ ധർമ്മങ്ങൾ നിര്വഹിച്ചുകൊണ്ട് സമൂഹത്തിലും സ്വജീവിതത്തിലും ദൈവാരാധനയിലും പങ്കുചേരുന്നതാണ് പങ്കാളിത്തം. അത് വഴി ക്രിസ്തുസാന്നിധ്യം ഈ ലോകത്തിൽ അനുഭവവേദ്യമാക്കുന്നതാണ് പ്രേഷിതപ്രവർത്തനം. അതുകൊണ്ട്, ഈ നവീകരണം നമ്മുടെ മാനസാന്തരത്തിനുകൂടിയുള്ള സമയമാണ്.
പ്രാഥമിക ചർച്ചകളിൽ നിന്ന്, ചേർത്തുവെച്ച വിലയിരുത്തലുകളും നിർദ്ദേശങ്ങളും അടിസ്ഥാനമാക്കി പുതിയ മാതൃകകൾ രൂപീകരിക്കാനും നിലവിലുള്ള സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും വിവിധ രൂപതകളിൽ തുടർചർച്ചകൾ നടന്നു വരികയാണ്. ആശയപരമായി സുവിശേഷം തന്നെയാണ് അവയിലൊക്കെയും പ്രതിഫലിക്കുന്നത്. എന്നാൽ സഭാസമൂഹത്തെക്കുറിച്ചും, അജപാലനരീതികളെക്കുറിച്ചും, ഇടവകനടത്തിപ്പിനെക്കുറിച്ചും, ഇടവകങ്ങൾക്കിടയിലും, മറ്റു മതങ്ങളോടും മറ്റു ക്രൈസ്തവവിഭാഗങ്ങളോടുമുള്ള പരസ്പരബന്ധത്തെക്കുറിച്ചും, കുട്ടികളുടെയും യുവജനങ്ങളുടെയും വളർച്ചയെക്കുറിച്ചും പുതിയ രൂപരേഖകൾ ഉരുത്തിരിയപ്പെടുന്നുണ്ട്.
ക്രിസ്തുവിനെയും അവന്റെ സുവിശേഷത്തെയും അടുത്തറിയുവാൻ കഴിയുക എന്നതാണ് വളരെ പ്രധാനമായിട്ടുള്ളത്. ക്രിസ്തുവിനോടുള്ള സ്നേഹം നഷ്ടപ്പെടുന്ന സമയങ്ങളിലാണ് അവനെയും അവന്റെ സുവിശേഷത്തെയും നമുക്ക് സൗകര്യമായ രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുന്നത്. ഈ അടുത്ത ബന്ധം വളരേണ്ടത് പ്രാർത്ഥനയിലൂടെയും ആത്മവിചിന്തനങ്ങളിലൂടെയുമാണ്. ഈ പാതകൾ പരിശീലിക്കേണ്ടത് അനിവാര്യമാണ്.
ഉത്തരവാദിത്തപൂർണ്ണമായ സംഭാഷണങ്ങൾ നടക്കാൻ ധീരത സ്വരൂപിക്കുകയും അതിനു വേണ്ട വളർച്ച ഉറപ്പാക്കുകയും ചെയ്യേണ്ടത് ഈ പാതയുടെ വലിയ ധർമ്മമാണ്. അധികാര ഘടനകൾ ഉത്തരവുകളിലൂടെ നടപ്പിലാക്കുന്ന ഒരു സംവിധാനമല്ല ദൈവരാജ്യം. അധികാരധാർഷ്ട്യം ഭാരമേല്പിക്കുന്ന ഒന്നാവരുത് തൻ്റെ ശിഷ്യരുടെ നേതൃത്വം എന്ന് ക്രിസ്തു പഠിപ്പിച്ചതുമാണ്. ക്രിസ്തുവിൽ വേരുറച്ച സ്വഭാവരൂപീകരണവും ആത്മശുദ്ധിയും സ്വായത്തമാക്കുന്നെങ്കിലെ കേൾക്കുകയും, ആത്മാവിന്റെ സ്വരം കേൾക്കുകയും ചെയ്യുന്ന നേതൃത്വമുണ്ടാകൂ. സിനഡൽ പാതയുടെ പരിശീലനമാനം ഇത്തരത്തിലുള്ള ശൂന്യവത്കരണം മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ, സിന്ഡിനെതിരെ ആരംഭം മുതൽ എതിർപ്പുകളും തള്ളിക്കളയലുകളും ഉണ്ടായിട്ടുണ്ട്.
കേൾക്കാനുള്ള എളിമയും സംസാരിക്കാനുള്ള സുതാര്യതയും ദൈവസ്വരം വിവേചിച്ചറിയാനുള്ള പ്രക്രിയയിൽ അതിപ്രാധാന്യമർഹിക്കുന്നു. അത് നിരന്തരമായ സംഭാഷണങ്ങൾ അർഹിക്കുന്നതുമാണ്. എന്ന് വെച്ചാൽ, ഈ പ്രക്രിയ സ്ഥായിയായ ഒരു കൂട്ടായ്മയിൽ നിന്ന് മാത്രമേ രൂപപ്പെടുകയുള്ളു. ഈ പരസ്പര സംഭാഷണങ്ങൾ നടക്കേണ്ടത് ക്രിസ്‌തുശരീരത്തിലെ പരസ്പരബന്ധം എന്ന നിലയിലാണ്. അതുകൊണ്ട് ഈ കേൾവിയും സംസാരവും ആത്മാർത്ഥവും ആഴവുമുള്ളതാക്കാൻ ഏതാനം ചില അത്യാവശ്യ ഘടകങ്ങളുണ്ട്. സഭാപ്രബോധനങ്ങളിലെ സത്യത്തെയും അതിൻ്റെ ജ്ഞാനത്തെയും ആഴത്തിൽ അറിയാൻ ശ്രമിക്കുക എന്നത് പ്രാധാന്യമർഹിക്കുന്നു. പ്രത്യയശാസ്ത്രങ്ങളാക്കപ്പെടുന്ന വിശ്വാസധാരകളെയാണ് ഏറെയും ഔദ്യോഗിക-യഥാർത്ഥ വിശ്വാസങ്ങളായി അവതരിപ്പിക്കപ്പെടുന്നത്. വിശ്വാസം നിര്വചനങ്ങളിലുള്ള ബോധ്യമോ ബൗദ്ധിക ആശ്വാസമോ അല്ല. അത് ക്രിസ്തുവിനെ ആന്തരിക വെളിച്ചമാണ്. ക്രിസ്തുസ്വഭാവം മനസ്സിലാക്കിക്കൊണ്ട് വേണം വിശ്വാസത്തിന്റെ സത്യം തിരിച്ചറിയാൻ. അല്ലെങ്കിൽ പ്രബോധനങ്ങളാക്കപ്പെടുന്ന വിശ്വാസത്തിൽ പോലും ക്രിസ്തുവിന്റെ വെളിച്ചമുണ്ടാവില്ല.
സംഭാഷണങ്ങളിൽ, വിശ്വാസത്തിന്റെ പ്രാധാന്യം, അവയുൾക്കൊള്ളുന്ന വിചിന്തനങ്ങളുടെ വേരുകൾ ശുദ്ധമായിരിക്കുക എന്നതാണ്. മുറിവുകളുടെയും അകൽച്ചകളുടെയും പ്രതിരോധങ്ങൾ സംഭാഷണങ്ങളെ തുറവിയില്ലാത്തതാക്കുന്നു. അനുരഞ്ജനത്തിന്റെയും സൗഖ്യത്തിന്റേയും പ്രക്രിയ ആത്മാർത്ഥ പ്രയത്നമാക്കിയെങ്കിലേ സമാധാനത്തിൽ വിശുദ്ധി വിളയിക്കുന്ന ക്രിസ്തുസാക്ഷ്യം നമ്മുടെ സമൂഹങ്ങളിലുമുണ്ടാകൂ.
സത്യമാണ് സ്വാതന്ത്രമാക്കുന്നതും ജീവൻ പകരുന്നതും. അതുകൊണ്ടു സംഭാഷണങ്ങളിൽ സൂക്ഷിക്കേണ്ട സുതാര്യതയും മാന്യതയും പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. വൈവിധ്യങ്ങളെ ബഹുമാനിക്കുവാനും അവയെക്കൂടി ഉൾപ്പെടുത്തുവാനും കഴിയുന്നെങ്കിലേ കാത്തോലിക് എന്നത് യാഥാർത്ഥ്യമാകൂ. കൂടാരങ്ങൾ വലുതാക്കാനുള്ള സന്നദ്ധതയെ സിനഡൽ പാതയുടെ അടയാളമായി ഫ്രാൻസിസ് മാർപ്പാപ്പ എടുത്തു കാണിച്ചത് അതുകൊണ്ടാണ്.
ഇവയെല്ലാം കൈവരിച്ചു കഴിഞ്ഞു എന്ന് നമുക്ക് പറയാനാവില്ല. അങ്ങനെ ഒരു ലക്ഷ്യപ്രാപ്തി ഈ സിനഡൽ പാതയുടെ ലക്ഷ്യവുമല്ല. "എല്ലാവരും, എന്നാൽ അത്മായർ, മെത്രാൻസംഘം, മാർപാപ്പ, എല്ലാവരും പരസ്പരം കേൾക്കുകയും, എല്ലാവരും ഒരുമിച്ചു പരിശുദ്ധാത്മാവിനെ കേൾക്കുകയും ചെയ്യുന്ന സിനഡൽ സഭയെ കണ്ടെത്താനുള്ള യാത്രയാണ് സിനഡാലിറ്റിക്കായുള്ള സിനഡ്. വചനത്തിന്റെ വെളിച്ചത്തിൽ പ്രാർത്ഥനയിൽ ഒരുമിച്ചുകൊണ്ട് ഈ പാതയുടെ വിവിധവശങ്ങളെ തിരിച്ചറിയാൻ നമ്മൾ ശ്രമിക്കുകയാണ്. അങ്ങനെ സിനഡുകൾ ഇനിമേൽ, മെത്രാന്മാരുടെ അസംബ്ലി മാത്രമാക്കാതെ വിശ്വാസികൾ എല്ലാവരുടെയും ഒരുമിച്ചുള്ള യാത്രയാവുകയാണ്. ഓരോ കാലത്തിലും ദൈവം നൽകുന്ന വിളിയെ തിരിച്ചറിയും വിധം നമ്മുടെ ഓരോരുത്തരുടെയും മനസുകളെയും സഭാസംവിധാനങ്ങളെയും നവീകരിക്കുവാൻ നമ്മെ ഒരുക്കുന്നതാണ് ഈ ജീവിതശൈലി.
സിനഡ് 2021 - 2024 റോമിലെത്തി അവസാനിക്കേണ്ടതല്ല. പതിവുശൈലിയിൽ ഒരു സിനഡ് രേഖയായി അത് ചുരുങ്ങേണ്ടതല്ല. ഇത് വരെ നടന്ന പ്രക്രിയകളും അത് നൽകുന്ന വെളിച്ചവും നാളെയുടെ സഭയുടെ മുഖമാണ് എന്നാണ് സിനഡിനെക്കുറിച്ചുള്ള സിനഡ് മുന്നിൽക്കാണുന്നത്. ഈ സിനഡ് ശൈലി, കുടുംബങ്ങളിലും, ഇടവകകളിലും, മെത്രാൻസംഘങ്ങളിലും, പ്രാദേശിക സിനഡുകളിലും യാഥാർത്ഥ്യമാകുന്ന പുതിയ ക്രമം ആവുക എന്നതാണ് സിനഡിന്റെ ലക്‌ഷ്യം. പരസ്പരം കേൾക്കുകയും തുറന്നു സംസാരിക്കുകയും ഒരുമിച്ചു ദൈവസ്വരം കേൾക്കുകയും ചെയ്യുന്ന സമൂഹത്തിലേ, ഒരുമിച്ചു കൂടുമ്പോൾ സത്യത്തിലുള്ള 'അപ്പം മുറിക്കലുകൾ' സംഭവിക്കൂ.
ഭക്തിപ്രസിദ്ധീകരണങ്ങളും ചാനലുകളും പ്രസംഗങ്ങളും ഒരുപാട് ലഭ്യമായ നമുക്കിടയിൽ ഈ സിനഡിനെക്കുറിച്ച് കേൾക്കാൻ ഇനിയും അവസരം ലഭിക്കാത്തവരുണ്ട് എന്നതാണ് പരിതാപകരം.