Gentle Dew Drop

ഡിസംബർ 22, 2024

കൊട്ടാരവിരുന്നിൽ ഇല്ലാത്ത മെനു


സ്വർഗ്ഗരാജ്യത്തെ ഏറ്റവും ഇടുക്കി ചുരുങ്ങിയതാക്കുന്ന മതലഹരിയിലാണ് ഈ കഴിഞ്ഞ ഏതാനം വർഷങ്ങളിലൊക്കെയും ക്രിസ്മസും ഈസ്റ്ററുമെല്ലാം കടന്നു പോയത്. ഹേറോദേസിന്റെ കൊട്ടാരവിരുന്നിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് പൊലിമ ലഭിക്കുന്നതായി ഇക്കാലങ്ങളിൽ കാണപ്പെടുന്നു.

സ്വർഗരാജ്യത്തിൻ്റെ വിശാലത തന്നെയാണ് അതിൻ്റെ വാതിലുകളെ ഇടുങ്ങിയവയാക്കുന്നത്. ക്രിസ്തുവെന്ന വിരുന്നിൽനിന്നു ഭക്ഷിക്കുവാൻ, വിരുന്നിനെത്തുന്ന സകലരെയും സ്വീകരിക്കുവാനുള്ള ഹൃദയം അനിവാര്യമാണ്. ബെത്ലെഹെമിലെ കുടുംബത്തിന്റെ വിസ്തൃതിയും അതാണ്. മാതാവും ജോസഫും, ജ്ഞാനികളും, ആട്ടിടയരും, മാലാഖമാരും, നക്ഷത്രങ്ങളും ... അകൽച്ചകളെ ആഘോഷമാക്കിയവരല്ല. അകൽച്ചകളെ പവിത്രീകരിച്ചവരുമല്ല. ആരെയെങ്കിലും അന്യരായി കാണുന്ന ഹൃദയം കൊണ്ട് കാലിത്തൊഴുത്തിലെ മനുഷ്യാവതാരം സ്വന്തമാക്കാനാവില്ല.



ഡിസംബർ 01, 2024

വൈകരുതേ

 'കർത്താവേ, വരേണമേ' എന്ന പ്രാർത്ഥനയോട്, 'വൈകരുതേ' എന്നു കൂടെ ചേർക്കാറുണ്ട്.

കർത്താവിനെ വരവിനെ തിളങ്ങുന്ന മേഘങ്ങളിൽ പ്രതീക്ഷിക്കുന്ന നമ്മൾ, നമ്മിൽത്തന്നെ ഒട്ടും തന്നെ വൈകാതെ സംഭവിക്കേണ്ട രൂപാന്തരണമായി ആഗ്രഹിക്കാത്തതെന്തേ? ക്രിസ്തു നൽകിയ കൃപയാൽ, ഒരു ക്രിസ്തുവായി ജനിക്കാൻ 'ഒട്ടും വൈകാതെ' എന്ന തിടുക്കം, സഭയിലോ സമൂഹത്തിന്റെ, നമ്മുടെ സ്ഥാപനങ്ങളിലോ, വ്യക്തികളിലോ ഉൾക്കൊള്ളുന്നുണ്ടോ? 

നവംബർ 30, 2024

'നമ്മുടെ' ദൈവവും 'നമുക്കായുള്ള' അനുഗ്രഹങ്ങളും

 'നമ്മുടെ' ദൈവവും 'നമുക്കായുള്ള' അനുഗ്രഹങ്ങളും 'മറ്റു' ദൈവങ്ങളും, 'നമ്മുടെ' ദൈവത്തിനു അവരോടുള്ള എതിർപ്പും, ഈ ദൈവങ്ങളുടെ ആളുകളോട് നമ്മുടെ ദൈവത്തിനുള്ള സമീപനവും വരച്ചിടുന്ന വേർതിരിവുകളുടെ ദൈവശാസ്ത്രത്തേക്കാൾ മ്ലേച്ഛമായി ദൈവത്തെ അവതരിപ്പിക്കുന്ന രീതിയില്ല. അനേക ദൈവങ്ങളിൽ യാഹ്‌വെ നമ്മുടെ ദൈവമെന്നതിൽ നിന്ന് യാഹ്‌വെ ദൈവങ്ങളുടെ ദൈവമായതും, യാഹ്‌വെ മാത്രം ദൈവമായതുമായ പ്രക്രിയ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഈ ഓരോ ഘട്ടവും 'നമ്മളെയും' 'മറ്റുള്ളവരെയും' എങ്ങനെ കാണാൻ ശ്രമിച്ചു എന്നതും ശ്രദ്ധിക്കണം.

ഈ വേർതിരിവിന് തികച്ചും പുതുതായ മുഖം നൽകിയ പ്രവണതയാണ് ഇവാൻജെലിക്കലിസം. സുവിശേഷം പ്രസംഗിക്കുക, ലോകം മുഴുവനെയും ശിഷ്യത്വപ്പെടുത്തുക എന്നതിന് യേശുവിനുണ്ടായിരുന്ന ഉൾക്കാഴ്ചയിൽനിന്നും വ്യത്യസ്തമായി ശരികളുടെയും വിശ്വാസത്തിന്റെയും ദൈവബന്ധത്തിന്റെയും പുതിയ വ്യാഖ്യാനങ്ങൾ അത് കൊണ്ടുവന്നു. കൂടുതൽ അടുത്ത പഠനത്തിൽ അവ ഏറെയും രാഷ്ട്രീയസ്വഭാവമുള്ളതായിരുന്നെന്നും കാണാൻ കഴിയും. പരിശുദ്ധാത്മാവിന്റെ സ്വാതന്ത്ര്യത്തിൽ തുടങ്ങി വച്ച ധ്യാനകേന്ദ്രങ്ങളും പ്രമുഖക്രിസ്തീയ ചാനലുകളും ഇവാൻജെലിക്കലിസത്തിന്റെ വക്താക്കളായതിനു പിന്നിൽ അതിന്റെ സ്വാധീനശക്തി മാത്രമല്ല രാഷ്ട്രീയ സ്വഭാവം കൂടിയാണെന്ന് പതിയെ തെളിയിക്കപ്പെടുന്നുമുണ്ട്. എന്നാൽ അതിനു കീഴ്വഴങ്ങിയ നേതൃത്വമാണ് ഏറ്റവും വലിയ പരാജയം.
വിശ്വസിക്കുന്ന ദൈവത്തിന്റെ പേരിൽ 'തങ്ങൾ' മാത്രമാണ് ശരിയെന്നു കരുതുന്ന അസഹിഷ്ണുത പരിശുദ്ധിയുടെ കുത്തക ഏറ്റെടുക്കുന്ന തലത്തിലേക്ക് നയിക്കുന്നുണ്ട്. വിശ്വാസത്തിന്റെയും സാന്മാര്ഗികതയുടെയും അവയെക്കുറിച്ചുള്ള തീക്ഷണതയുടെയും പേരിൽ സ്വയം വിശുദ്ധരാക്കുകയും മറ്റുള്ളവരെ പാപികളാക്കുകയും ചെയ്യുന്ന പ്രവണത ശക്തമായുണ്ട്. ഈ സമീപനരീതി ക്രിസ്ത്യാനികളെക്കുറിച്ചാണെങ്കിൽ മറ്റുള്ളവരെക്കുറിച്ചു പഠിപ്പിക്കപ്പെടുന്ന രീതികൾ വിചിത്രമായതാണ്.
വിശ്വാസം ഉൾകൊള്ളാൻ മാത്രം പ്രദീപ്തമായിരുന്നില്ല 'മറ്റുള്ളവർ' എന്നത് അവരുടെ നിറവും സ്ഥലവും അടിസ്ഥാനപ്പെടുത്തി അളന്ന് ക്രിസ്തീയതക്ക് കുത്തക നിർമ്മിച്ചവർ ഏതു സുവിശേഷത്തെയാണ് പാലിച്ചു പോന്നത്? ഈ 'മറ്റുള്ളവർ' മുഴുവൻ പിശാചിന്റെ സ്വാധീനത്തിലുള്ളവരാണെന്ന വാദഗതിയാണ് ഇന്ന് പ്രബലപ്പെടുന്നത്. ഈ ആശയങ്ങളും, സഭാപിതാക്കന്മാരുടെ കാഴ്ചപ്പാടുകൾ, സാമ്രാജ്യശക്തികളുടെ സമീപനങ്ങൾ, കോളനിവത്കരണസമയത്തെ വീക്ഷണങ്ങൾ എന്നിങ്ങനെ പല ഘട്ടങ്ങളായി കാണേണ്ടതും ഇന്ന് എന്തുകൊണ്ട് ആര് എപ്പോൾ ഇവയെ പുറത്തെടുക്കുന്നു എന്നും ശ്രദ്ധിക്കേണ്ടത് ആത്മീയമായുള്ള കരുതലിന്റെ ഭാഗമാണ്.
'നമ്മുടെ' രീതികളുടെയും സമ്പ്രദായങ്ങളുടെയും ശരികളെ അധികാര ഉപകരണങ്ങളായി രൂപപ്പെടുത്തുന്നതിനായി അതിനു ദൈവികത്വം ആരോപിച്ചു വെളിപാടുകളാക്കപ്പെടാറുണ്ട്. ദൈവത്തിന്റെ സ്വഭാവവുമായി ഒരുബന്ധവുമില്ലാത്ത അത്തരം 'വെളിപാടുകൾ' എല്ലാക്കാലത്തും വേർതിരിവുകൾ സൃഷ്ടിച്ചിട്ടുമുണ്ട്. ദൈവഹൃദയത്തേക്കാൾ, മതപ്രചാരകർ ആശ്ലേഷിക്കുന്നത് ഈ കപടവെളിപാടുകളെയാണെന്നത് ദൗർഭാഗ്യകരമാണ്. സുവിശേഷത്തിന്റെ സാധ്യത പോലുമില്ലാത്ത അത്തരം മനോഭാവങ്ങളെ ദൈവികമായി പഠിപ്പിക്കാൻ എങ്ങനെ അവർക്കു കഴിയുന്നു!
ക്രിസ്തുവോ സുവിശേഷമോ ഈ രീതികൾ പഠിപ്പിച്ചില്ല എന്ന് തിരിച്ചറിയണം.

നവംബർ 09, 2024

ചെമ്പുനാണയങ്ങളുടെ വില

വിധവ കൊടുത്ത ചെമ്പു നാണയങ്ങൾക്ക് എന്ത് വിലയാണുണ്ടായിരുന്നത്? ആ സ്ത്രീ ഒരു ക്രിസ്തുശിഷ്യയായി യേശുവിന്റെ പിറകെയുണ്ടായിരുന്നോ? ഉണ്ടായിരിക്കില്ല. ഉപേക്ഷിക്കാൻ റാണിയുടെ മുകുടമോ വിലപിടിച്ച രത്നശേഖരമോ അവൾക്കില്ലായിരുന്നു. ചെമ്പുനാണയങ്ങളുടെ വില നാണയമൂല്യമല്ല ഉദാരതയുടെയും ആശ്രയബോധത്തിന്റെയും വിലയാണ്.

ഉപേക്ഷിക്കപ്പെടുന്ന നാണയമൂല്യം വെച്ചു ദൈവരാജ്യത്തിന്റെ പ്രഥമസ്ഥാനീയരുടെ എണ്ണം നൽകുന്ന പ്രവണത പലവിധത്തിൽ വർധിക്കുകയാണ്. ദൈവരാജ്യം എന്താണ്? ദൈവരാജ്യത്തിന്റെ പ്രവൃത്തികൾ എന്താണ്? ദൈവരാജ്യത്തിന്റെ പുണ്യങ്ങൾ ഞാൻ കണ്ടത് ഏതാനം സാധാരണക്കാരിലാണ്. ഈ അടുത്ത കാലത്തു 'സുവിശേഷവേല'ക്കു നല്കപ്പെട്ടിട്ടുള്ള നിർവചനത്തെ അടിസ്ഥാനമാക്കിയാൽ അവരൊക്കെ ലൗകികരായിരുന്നു. റബ്ബർക്കുഴി കുത്താനും തെങ്ങിന് തടമെടുക്കാനും മാത്രമറിയാമായിരുന്നവർക്ക് ഉപേക്ഷിക്കാൻ ഒരുപാടൊന്നും ഉണ്ടായിരുന്നില്ല. നന്മയുടെ മനുഷ്യരായിരുന്നു അവർ എന്നതിന് സംശയവുമില്ല. വായിക്കാൻ ബൈബിൾ പോലുമില്ലാതെ അവർ ജീവിച്ചിരുന്ന സുവിശേഷമുണ്ട്. ദൈവരാജ്യത്തിന്റെ പ്രവൃത്തികൾ അവർ ചെയ്തിരുന്നോ?

പ്രാർത്ഥനയുടെയും ഭക്തിയുടെയും തിരുനാളുകളുടെയും ആർഭാടങ്ങളിൽ നന്മ നഷ്ടപ്പെടുന്ന സമൂഹത്തിൽ നാണയമൂല്യം തന്നെയാണ് അനുഗ്രഹങ്ങളുടെയും സുവിശേഷത്തിന്റെ തന്നെയും അർത്ഥം. അറിഞ്ഞോ അറിയാതെയോ അത് ഉദാത്തവൽക്കരിക്കപ്പെടുന്നുമുണ്ട്.

മറുവശത്ത്, 'ലൗകികം' എന്ന് വിധിക്കപ്പെടുന്ന മേഖലയാണ് സുവിശേഷത്തിന്റെ ഭാഷയനുസരിച്ച് 'ഈ ചെറിയവരിൽ എളിയവരു'ടെയും 'കുഞ്ഞുങ്ങളു'ടെയും ലോകം. 'ദൈവിക'മെന്നു അലംകൃതഭാഷ നൽകി ആഘോഷിക്കപ്പെടുന്നിടത്താണ് കൂടുതൽ ലൗകികതയും ജഡികതയും നിറഞ്ഞിരിക്കുന്നതും. കാരണം അവ ഓരോരുത്തരുടെയും മനോഭാവത്തിലാണ്. ശക്തനും സമ്പന്നനുമായ ഒരാൾ കൈയിൽ ബൈബിൾ ഉയർത്തിപ്പിടിച്ചാൽ അയാൾ ക്രിസ്തുസാക്ഷിയായി കാണപ്പെടും. മനുഷ്യനെ അമർച്ച ചെയ്യുകയും ആയുധവിൽപ്പന ചെയ്യുകയും ചെയ്‌താൽ പോലും അയാൾ ന്യായീകരിക്കപ്പെടും. ആ അളവുകോൽ സൃഷ്ടിക്കുന്ന സുവിശേഷം സദ്വാർത്തയല്ല, ദുഷിച്ച വാർത്തയാണ്.

ഇട്ടുകളഞ്ഞ പൊൻനാണയങ്ങളുടെ തിളക്കം നോക്കി ദൈവരാജ്യത്തിൽ വലിയസ്ഥാനം നൽകുന്ന മിശിഹാ ഒരു കോർപ്പറേറ്റ് ഉല്പന്നമാണ്. വില നല്കുന്നതനുസരിച്ചു അനുഗ്രഹിക്കുന്ന ദൈവവും കോർപ്പറേറ്റ് മാനേജരാണ്. അത്തരമൊരു ദൈവവരാജ്യത്തിനു നീതിയും സമാധാനവും ആനന്ദവും നൽകാൻ കഴിയില്ല. ഉപേക്ഷിച്ചതിന് കൂടുതൽ വില നല്കുന്നതുകൊണ്ടാണ് ഉപേക്ഷിച്ചതിനെക്കുറിച്ചു കൂടുതൽ സംസാരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ടതിന്റെ മേന്മയോ മൂല്യമോ അല്ല, ഒരാളുടെ ശിഷ്യതയിൽനിന്നുള്ള ഫലദായിത്വമാണ് ദൈവരാജ്യപ്രവൃത്തിയുടെ മാനദണ്ഡം.

നവംബർ 03, 2024

മണവറയുടെ ആനന്ദം

 എന്നും കൂടെ വസിച്ച ദൈവം ജനത്തിനിടയിലൂടെ 'കടന്നുപോയി' കൃപകൾ വർഷിച്ചുപോന്നു. എന്നാൽ കൂടാരങ്ങളുടെ ശക്തമായ അതിരുകൾ ഈ കൃപകളെ എന്നും തടഞ്ഞു നിർത്തി. പരിശുദ്ധനായ ദൈവം അപ്രാപ്യമായിരിക്കേണ്ടതിനു മോശ വിദൂരതയിൽ ദൈവത്തിന്റെ കൂടാരമൊരുക്കി. 

നന്മയുടെ സൗന്ദര്യം ആന്തരിക വിളക്കായി തെളിയുകയും സമാധാനം ആനന്ദത്തിലേക്ക് ഫലദായിത്തമായി നയിക്കുകയും ചെയ്യുന്നതാണ് ക്രിസ്തുവിനെ കാത്തിരിക്കുന്ന വിവേകം. അല്പനേരത്തേക്കു മാത്രം ഒരു ആളലുണ്ടാക്കുന്ന കരിമരുന്നുവസ്തുക്കളാവുകയാണ് രാഷ്ട്രീയവും മതവും സാമൂഹികസേവനങ്ങളുമെല്ലാം. ഏറ്റവും ഇടുങ്ങിയ കൂടാരങ്ങളിലേക്ക് ദൈവത്തെ ഒതുക്കി നിർത്താമെന്നു കരുതുന്നതാണ്  ആധുനികആത്മീയതയുടെയും മതങ്ങളുടെയും ദുരന്തം.

കൂടാരങ്ങൾ തുറന്ന്  ക്രിസ്തുവിലേക്കു പ്രവേശിക്കാൻ മനസാകുന്ന സകലരെയും മറയില്ലാത്ത വിശുദ്ധസ്ഥല സാധ്യതയിലേക്കു അവൻ നയിക്കുന്നു.  ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്  - മണവറയുടെ ആനന്ദം.  

ഒക്‌ടോബർ 25, 2024

പരിഹാരങ്ങളുടെ ഭക്തി

നിങ്ങൾ എന്റെ മഹത്വത്തിനായി സഹനങ്ങളും ത്യാഗങ്ങളും ഏറ്റെടുക്കൂ, ഞാൻ നിങ്ങളെയും ലോകത്തെയും അനുഗ്രഹിക്കും എന്ന് പറയുന്ന ദൈവത്തോട് യോജിപ്പില്ല. 

പരിഹാരങ്ങളുടെ ഭക്തിയിൽ സംതൃപ്തിയുണ്ടാകുമ്പോൾ ...

നീതിക്കു വേണ്ടിയുള്ള വിശപ്പും ദാഹവും ജനിപ്പിക്കാത്ത ഉപവാസങ്ങളും പരിഹാരങ്ങളും വ്യർത്ഥമാണ്. നീതിയുടെ പ്രവൃത്തികളും പരസഹായവും ലക്ഷ്യമാക്കാത്ത ഉപവാസങ്ങൾ ക്രിസ്തീയമായി ശൂന്യമാണ്. അത്തരം പരിഹാരങ്ങൾ ആഗ്രഹിക്കാതെ, ദിനംപ്രതിയായുള്ള കുര്ബാനകളും ആരാധനകളും ദൈവത്തിന്റെ മനം മടുപ്പിക്കും. അനുരഞ്ജനത്തിനും സമാധാനത്തിനും ഇടം കൊടുക്കാതെ എന്തെല്ലാം കപടതകളാണ് പരിഹാരങ്ങളുടെ പേരിൽ ദൈവമുഖം വികൃതമാക്കുന്നത്.

നീതിയും സത്യവും തുറന്നു തരുന്ന സ്വാതന്ത്ര്യമാവണം പരിഹാരങ്ങളുടെ ലക്‌ഷ്യം. കാരണം, അവയുടെ സത്ത നീതിയാണ്, ദൈവപ്രീതിയല്ല. ഉദ്ദേശ്യ നിവൃത്തിക്കായുള്ള ഉപവാസങ്ങൾ മനുഷ്യനിർമ്മിതമാണ്. മർദ്ദിതരുടെ കെട്ടുകൾ പൊട്ടിക്കുകയും പീഡിതരുടെ നുകമഴിക്കുകയും അനാഥർക്കു തുണയാവുകയും ചെയ്യുന്നത് സാമൂഹിക (അതിനാൽ ലൗകികവും) പ്രവൃത്തി മാത്രമാണെന്ന് പറയുന്നവരുണ്ട്. നീതിയുടെ സ്വാതന്ത്ര്യമുള്ള ആത്മീയതയിൽ നിന്നേ അപരരുടെ സ്വാതന്ത്ര്യത്തിനായി ആഗ്രഹിക്കാൻ കഴിയൂ എന്ന സത്യം അവർ മാറ്റി നിർത്തുന്നു.

ദൈവത്തെ അറിയുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ദൈവജനം വിശ്വാസത്തിന്റെ പ്രകടരൂപമായി കണക്കാക്കേണ്ടതാണ് നീതിയുടെ  പ്രവൃത്തികൾ. വെറുപ്പും അക്രമവും ശേഷിപ്പിച്ച നാശനഷ്ടങ്ങൾക്കിടയിൽ നിന്നുകൊണ്ട് ക്രിസ്തുആഗ്രഹിക്കുന്ന സ്നേഹസംസ്കാരം രൂപപ്പെടുത്തുകയാണ് ആ നീതിപ്രവൃത്തി. നീതി ആഗ്രഹിക്കുന്ന ക്രിസ്തീയ സാന്മാർഗിക ബോധം, തിന്മയെ പരിപോഷിപ്പിക്കുന്ന സംവിധാനങ്ങളെ എതിർക്കുകയെന്നത് യേശുവിന്റെ സ്നേഹത്തോടുള്ള പ്രതികരണമാണ്. രക്ഷകന്റെ ഹൃദയം ആഗ്രഹിക്കുന്ന യഥാർത്ഥ പരിഹാരപ്രവൃത്തിയും അതുതന്നെയാണ് (Ref Dilixir nos 184).


യുദ്ധത്തിൽ സന്തോഷിക്കുന്നവർ

 യുദ്ധത്തിൽ സന്തോഷിക്കുന്ന, അതാവശ്യപ്പെടുന്ന ദൈവം മനുഷ്യന്റെ കുടിലതയുടെ സൃഷ്ടിയാണ്. അതിനാൽത്തന്നെ അത് വിഗ്രഹവുമാണ്. 

"ഞങ്ങൾ മാത്രം" ദൈവജനമായുള്ള ഒരു ഉടമ്പടിയും ദൈവത്തിൽ നിന്നുള്ളതല്ല. ആ ദൈവം കഠോരവും സങ്കുചിതവുമായ ഹൃദയങ്ങളെ  സേവ  ചെയ്യുന്ന വിഗ്രഹമാണ്.

യുദ്ധത്തിൽ ആവേശം കൊള്ളുന്ന മതപ്രവാചകരുടെ ദൈവസങ്കല്പം, ഇഷ്ടമനുസരിച്ച് പാകപ്പെടുത്തിയ പലഹാരം പോലെയാണ്. സ്റ്റേഡിയത്തിൽ കളികണ്ട് വാതു വയ്ക്കുന്നവരുടെ ഹരമാണവർക്ക്. ദൈവത്തെക്കുറിച്ചോ ഇരയാക്കപ്പെടുന്നവരുടെ സഹനത്തെക്കുറിച്ചോ സത്യാവസ്ഥ തിരയാതെ  ബൈബിൾ വാക്യങ്ങളെക്കൂട്ടി ഗണിച്ചു ദുർവ്യാഖ്യാനം ചെയ്യുകയാണവർ.  ക്രിസ്തു കാണിച്ചു തന്ന ദൈവത്തെക്കുറിച്ചല്ല അവർ സംസാരിക്കുന്നത്. 

നമുക്ക് നമ്മുടെ കണക്കുകൂട്ടലുകളുണ്ടല്ലോ ക്രിസ്തു പറഞ്ഞത് പിന്നെ നോക്കാം.

ഒക്‌ടോബർ 23, 2024

Gustavo Gutiérrez

 വിമോചനം രക്തച്ചൊരിച്ചിലുള്ള വിപ്ലവമാവണമെന്നില്ല. അത് രക്ഷാകരസംഭവത്തിന്റെ തുടർച്ചയാണ്. വിമോചന ദൈവശാസ്ത്രത്തെ മാർക്സിസവുമായി കൂട്ടിക്കെട്ടിയവർക്ക് സുവിശേഷം പങ്കുവയ്ക്കാൻ ക്ഷണിച്ച സ്വാതന്ത്ര്യം അസ്വീകാര്യമായിരുന്നു. പാവങ്ങളും പീഢിപ്പിക്കപ്പെട്ടവരും സഭാശരീരത്തിന്റെ വേദനിക്കുന്ന അംഗങ്ങളായി കാണാവുന്ന, അവരും ഒത്തുചേർക്കപ്പെടുന്ന സഭാതുറവിയാണ് Gustavo Gutiérrez ധ്യാനമാക്കിയത്. നിർധനതയെന്ന മൂല്യം പാവങ്ങളോട് പക്ഷം ചേരുകയെന്നതോടൊപ്പം അനീതിക്കും ദാരിദ്ര്യത്തിനുമെതിരെ സമരം ചെയ്യുക എന്നതുകൂടിയാണെന്ന്‌ Gutiérrez മനസ്സിലാക്കി.

പരമ്പരാഗതമായ വിശ്വാസശൈലി പലപ്പോഴും രക്ഷയെ ആത്മീയതലത്തിലേക്ക് ചുരുക്കുകയും വ്യക്തിപരമായ ഭക്തിയിൽ ദൈവസായൂജ്യം കണ്ടെത്തുന്നശൈലിയിൽ സംതൃപ്തമാവുകയും ചെയ്തപ്പോൾ സാമൂഹികവും സാമ്പത്തികവുമായ തലങ്ങളിലെ രക്ഷാശൂന്യതയെക്കുറിച്ചു അന്ധമായിരുന്നു. ആ വെല്ലുവിളിയിലേക്കു കടന്നു ചെല്ലുക എന്നത് പ്രേഷിതദൗത്യമാണെന്നു ചിന്തിക്കാൻ വിശ്വാസ-ചട്ടക്കൂടും സഭയുടെ സംവിധാനവും തുറക്കുമായിരുന്നില്ല. ലോകത്തിന്റെ യഥാർത്ഥ ഞെരുക്കങ്ങളിൽ വിശ്വാസത്തിന്റെ അർത്ഥവും പ്രസക്തിയും 'മാംസമായ വചനവും' കണ്ടെത്താനാണ് Gutiérrez പ്രോത്സാഹിപ്പിച്ചത്.
പാവങ്ങളും ബലഹീനരും അവരുടെ വ്യക്തിപരമായ ദുര്യോഗം മൂലം അങ്ങനെയായവരല്ല. തിന്മയെ പരിപോഷിപ്പിക്കുന്ന സംവിധാനങ്ങളുടെ പരിണിതഫലമാണത്. തങ്ങളുടെ കാലികപ്രസക്തിയും അധികാരവും നിലനിർത്തുവാൻ യാഥാസ്ഥിതികമായ നിലപാടുകളിൽ നിന്നുകൊണ്ട് ദുരിതാവസ്ഥകളിൽനിന്ന് അസ്പർശ്യമായി സ്വയം സൂക്ഷിക്കുകയാണ് പല വിശ്വാസീഗണങ്ങളും ചെയ്തത്. Gutiérrez ന്റെ ആശയങ്ങൾ, അത്തരം സംവിധാനങ്ങളെ വെല്ലുവിളിക്കേണ്ടത് സഭയുടെ സുവിശേഷപ്രഘോഷണദൗത്യത്തിന്റെ ഭാഗമാക്കേണ്ടതാണെന്നു പഠിപ്പിച്ചു. നീതിയുടെയും സമാധാനത്തിന്റെയും യഥാർത്ഥ അനുഭവമാണ് വിമോചനത്തിന്റെ അർത്ഥവും ലക്ഷ്യവും. സമൂഹത്തിന്റെയും സഭയുടെയും സംവിധാനങ്ങൾ സ്ഥാപനഘടനകൾ തിന്മയുള്ളതാണെങ്കിൽ അതിനെതിരെ സമരം ചെയ്യേണ്ടത് സുവിശേഷ ദൗത്യമാണ്.

ഒക്‌ടോബർ 21, 2024

വൃണപ്പെടുന്ന മതങ്ങൾ

വേദനകളും ദുരന്തവും കടന്നുപോകേണ്ട മനുഷ്യന് ആശ്വാസവും കരുത്തും അർത്ഥവും കണ്ടെത്താനുള്ള വഴി കാട്ടിക്കൊടുക്കേണ്ടതാണ് മതങ്ങൾ. എന്നാൽ ഏറ്റവും വേഗം വേദനിക്കുന്ന കുറെ സംവിധാനങ്ങളായി ചുരുങ്ങുകയാണ് മതങ്ങൾ. ബാല്യങ്ങളിലും കൗമാരങ്ങളിലും ഉൾക്കൊള്ളാവുന്നതിലുമധികം  മതം നമ്മൾ കുത്തിനിറച്ചുകഴിഞ്ഞു. ചട്ടങ്ങളും ആചാരങ്ങളും മതപ്രതീകങ്ങളാകുന്ന വസ്ത്രങ്ങളും കൊണ്ട് അവരെ നമ്മൾ അലങ്കരിച്ചു പൊതിഞ്ഞു. അവരിൽ തെളിഞ്ഞു വരേണ്ടിയിരുന്ന ദൈവാംശത്തെ അണച്ചുകളഞ്ഞു. ശിഥിലമാകുന്ന ചട്ടക്കൂടുകളെ പൊടിതട്ടിയെടുത്തു രൂപക്കൂടുകളിൽ ഉയർത്തി നിർവൃതിയടയുകയാണ് മതങ്ങളൊക്കെയും. സമൂഹത്തിന്റെ പൊതുവായും, അവരവരുടെ വിശ്വാസിഗണത്തിനിടയിലും അവർക്കു ഫലദായകമാകും വിധം ഒരു അന്തരീക്ഷമുണ്ടാക്കാനുള്ള ആത്മീയ-വൈകാരിക ആർജ്ജവത്വം മതങ്ങൾക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ഹൃദയങ്ങളുടെ നന്മയറിഞ്ഞുകൊണ്ട് വ്യക്തിപരമായോ കൂട്ടമായോ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ച്, അവ മതവിശ്വാസങ്ങളിലൂന്നിയ ബോധ്യങ്ങളിൽനിന്നാണെങ്കിൽക്കൂടി, ഒരു മതസംവിധാനത്തിനും  അവകാശവാദമുന്നയിക്കാനാവില്ല.

ജീർണ്ണാവസ്ഥയിൽ, ഏറ്റവും ഉറപ്പുള്ള ശവപ്പെട്ടികൾ നിർമ്മിക്കാൻ ശ്രമിക്കുന്ന അധികാരഭ്രമമാണ് മതങ്ങൾക്ക്. ഭക്തിയിൽ ദൈവത്തെ തേടേണ്ട ആത്മീയ യാത്രകൾ പ്രകടനങ്ങളും മതങ്ങളുടെ സാമൂഹിക ആധിപത്യം ഉറപ്പാക്കാനുള്ള ഉപാധികളുമാക്കിത്തീർക്കുമ്പോൾ മതങ്ങൾ അവയുടെ കാതൽ നഷ്ടപ്പെടുത്തുകയാണ്. 

ബോഗൻവില്ല വൃണപ്പെടുത്തിയതാരെയൊക്കെയാണ്? കേശുവിന്റെ വീട്ടിൽ എന്ത് ആക്ഷേപമാണുണ്ടായിരുന്നത്? ഈശോ ആരെയാണ് വേദനിപ്പിച്ചത്? ട്രാൻസ് ആർക്കാണ് വെല്ലുവിളിയായത്? കദീജയും രാമനും, ബിരിയാണിയും നോവിച്ചതാരെയാണ്? വിശ്വാസവും അഭിഷേകവുമില്ലാത്തതുകൊണ്ടാകാം എനിക്ക് നോവാത്തത്. പക്ഷേ, യഥാർത്ഥത്തിൽ ആഴത്തിൽ മുറിവുകളുണ്ടാക്കുന്ന മാധ്യമസൃഷ്ടികളെ  നീതിബോധത്തോടെയും സത്യത്തിന്റെ ധീരതയോടെയും നേരിടാത്തത് എന്നെ വേദനിപ്പിക്കുന്നു. വിശ്വാസവുമായി ഒരു ബന്ധവുമില്ലാത്ത ഗാനാലാപങ്ങൾ ദൈവാരാധനയിൽ പോലും സ്വീകാര്യമാകുമ്പോൾ വിശ്വാസത്തിനു വെല്ലുവിളിയാകാത്തത്  സൗകര്യപൂർണ്ണമായ വേദനിക്കലാണ്. 

സമൂഹം നൽകാവുന്ന അകറ്റലിനെയോ ദൈവത്തെക്കുറിച്ചുതന്നെയോ ഭയക്കുന്ന വിശ്വാസിഗണം നേതാക്കളുടെ ആത്മവിശ്വാസമാണ്. ഉറപ്പായും തകരുന്ന വിശ്വാസമാണത്. നീറ്റലും തകർച്ചയും വെറുപ്പ് നിറക്കുന്ന വടുക്കളാക്കി  തീർക്കുന്ന മതനേതൃത്വം ആത്മീയപാതയല്ല നൽകുന്നത്.

ദൈവത്തിന്റേതെന്നു മനസാക്ഷിയുടെ നിർമ്മലതയിൽ തിരിച്ചറിയപ്പെടേണ്ട സത്യം പോലും വിദൂരത്താക്കുന്ന മത-ഉപദേശങ്ങളാണ് നിർമ്മിക്കപ്പെടുന്നത്. ദിവ്യഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുമ്പോഴും, വിശ്വാസസംഹിതകൾ തിന്മയുടെ ചട്ടക്കൂടുകളാകുംവിധം പുനഃനിർമ്മിതി  ചെയ്യുമ്പോഴും ന്യായമായ നന്മയുടെ സന്ദേഹങ്ങൾ പോലും അധികാരത്തിന്റെ പേരിൽ നിശബ്ദമാക്കപ്പെടുമ്പോഴും ദൈവത്തെ കൊലചെയ്ത സംതൃപ്തിയിലാണ് യഥാർത്ഥത്തിൽ വിശ്വാസികൾ. പക്ഷേ, മതപാരമ്പര്യം സുന്ദരമായി കാത്തുസൂക്ഷിക്കപ്പെടുന്നു. 

വിശ്വാസത്തെയും സംഹിതകളെയും, ദിവ്യഗ്രന്ഥങ്ങളെയും മതത്തിന്റെ ഉത്ഭവപ്രേരണയോടൊത്ത് വായിച്ചെടുക്കാൻ പരിശീലനം നേടേണ്ടത് ഇന്ന് ഓരോ മതത്തിനും ആവശ്യമാണ്. മതങ്ങൾക്ക് വേദനയേൽക്കുന്നുണ്ടെങ്കിൽ, അത് യുദ്ധകാഹളമാക്കുകയല്ല മതത്തിന്റെ ധർമ്മം. ആ വെല്ലുവിളിയിൽ, ആക്രോശത്തിൽ, പരിഹാസത്തിൽ മതത്തിൽ നിന്ന് എന്ത് തേടപ്പെടുന്നു എന്ന് തിരിച്ചറിയുകയും അതിനൊത്ത് ഏറ്റവും ക്രിയാത്മകമായി പുനഃസൃഷ്ടി ചെയ്യുകയുമാണ് മതങ്ങൾ ചെയ്യേണ്ടത്. അധികാരത്തിനും സ്വത്തിനും കവചമായി മതം ഉപയോഗിക്കപ്പെടുമ്പോൾ വേദനകളുടെ വിലാപഗാനങ്ങൾ ആ അധികാരധ്രുവീകരണങ്ങൾക്കു പുകഴ്ത്തുപാട്ട് പാടാനുള്ള ക്ഷണമാണ്. അവിടെയുയർത്തപ്പെടുന്ന ദുഷിച്ച പുകക്കുള്ളിൽ ഈശ്വരകടാക്ഷമുണ്ടാകാവുന്ന നന്മകളില്ല. വടുക്കൽ മറച്ചുകൊണ്ട് പട്ടുവസ്ത്രങ്ങളിൽ കൂടുതൽ സ്വർണ്ണനൂലുകൾ ചേർക്കുകയാണ് മതങ്ങൾ.

ഹൃദയം ദേവാലയമാകുംവിധം മതങ്ങൾ സ്വയം തുറക്കുന്നില്ലെങ്കിൽ കൂടുതൽ കൂടുതൽ മുറിപ്പെട്ടുകൊണ്ട് കൊത്തിപ്പറിക്കപ്പെടുന്ന ദുരന്തമാകും മതങ്ങൾ. നന്മ മതങ്ങളെ തഴുകട്ടെ. ആശ്വാസവും സൗഖ്യവുമാകട്ടെ.


ഒക്‌ടോബർ 05, 2024

ജപമാല തീർത്ഥാടകന്റെ വഴികാട്ടി

ജപമാല ഒരു പ്രാർത്ഥനഎന്നതിനെക്കാൾ ഒരു തീർത്ഥാടനമാണ്; അത് ധ്യാനിക്കുന്ന സംഭവങ്ങളിൽ പങ്കുചേരലാണ്. പരിശുദ്ധ മാതാവിന്റെ കൃപാജീവിതവും മാധ്യസ്ഥവും തീർത്ഥാടകന്റെ വഴികാട്ടിയാണ്. ഈ തീർത്ഥാടനം യേശു ആഗ്രഹിച്ചതിനെ തേടുവാനുള്ള പ്രതിബദ്ധതയുമാണ്.

ജപമാലയെ ഒരു മാന്ത്രികവസ്തുവാക്കി അവതരിപ്പിക്കുന്ന ജപമാല ഭക്തി അതിനെ സുവിശേഷത്തിൽ നിന്ന് അകറ്റുന്നു. ജപമാലപ്രാർത്ഥനയെ അതിശക്തിയുള്ള മന്ത്രമാക്കുന്നതും അതിനെ മാതാവിന്റെ പരിശുദ്ധ ജപമാലയല്ലാതാക്കുന്നു. സ്വാർത്ഥവും അഹന്തനിറഞ്ഞതുമായ നിയോഗങ്ങൾ അത്ഭുതങ്ങളായി നിവർത്തിയാക്കപ്പെടുന്നുണ്ടെങ്കിൽ അതിനു മാതാവും യേശുവുമായി ബന്ധം നൽകരുത്‌. തനിക്കെതിരു നിൽക്കുന്നവരെല്ലാം നാശമടിഞ്ഞു കാണണം എന്ന രീതിയിൽ ജപമാലചൊല്ലുന്നതിൽ സുവിശേഷത്തിന്റെ സമാധാനമോ സ്വാതന്ത്ര്യമോ ഇല്ല. ജപമാല ഒരു യുദ്ധകാഹളമോ അപരർക്കെതിരെയുള്ള പടവാളോ അല്ല.

ഒക്ടോബർ 7 ന് ലോകസമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ മാർപാപ്പ ആഹ്വാനം ചെയ്യുന്നു.  ഒരു കൂട്ടരുടെ വിജയത്തിലും ഒരുകൂട്ടരുടെ പതനത്തിലും ഒരിക്കലും ലോകസമാധാനമുണ്ടാക്കില്ല. "സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങൾ" അതിൽത്തന്നെ പരസ്പരവൈരുധ്യമുൾക്കൊള്ളുന്നതാണ്. ലാഭക്കൊതികളും അപരതകളും മാറ്റിനിർത്തിക്കൊണ്ട്  പരസ്പരം സ്വീകരിക്കുവാനും സഹാനുഭൂതിയോടെ ഒരുമിച്ചു നടക്കാനുമാകുന്നെങ്കിലെ സമാധാനം സാധ്യമാകൂ. വിജയത്തിന്റെ നാഥയെന്നു ജപമാലയുടെ നാഥ വിളിക്കപ്പെടാവുന്നതും അപ്പോൾ മാത്രമാണ്.  

ജൂലൈ 22, 2024

അപ്പസ്തോലിക

കല്ലറ അപരിചിതമായ ഒരു സ്ഥലമായിരുന്നില്ല മഗ്ദലേന മറിയത്തിന്.
അന്ധകാരത്തിന്റെ കനത്ത ഭാരമേല്പിക്കുന്ന അങ്ങനെയൊരു കല്ലറക്കുള്ളിലേക്ക് ജീവന്റെ നാഥനെ അടച്ചുകളയാനാകുമോ?

മറിയം കല്ലറക്കുള്ളിലേക്കു കുനിഞ്ഞു നോക്കി - ഒരിക്കൽ അവൾത്തന്നെ ചുമന്ന അവളുടെ ജീവശൂന്യത, സഹിച്ചു പോന്ന യാതനകൾ ...
ബോധങ്ങളെ അമർത്തി ഞെരിക്കുന്ന, ജീവന്റെ ശേഷിക്കുന്ന അംശവും മരവിപ്പിച്ചു കളയുന്ന ജീവശൂന്യമായ അന്ധകാരം, വേദനിപ്പിക്കുന്ന ചുമടുകൾ

മറിയം കല്ലറക്കുള്ളിലേക്കു കുനിഞ്ഞു നോക്കി
ഒരിക്കൽ അവളുടെ കല്ലറ അവളില്ലാതെ ശൂന്യമായി

ശൂന്യത

ദൈവം അവളെ സ്വന്തമാക്കിയിരുന്നു "നീ എന്റേതാണ്."
അതേ കർത്താവേ, നീ എന്റേതാണ്
സ്നേഹം അവളെ കല്ലറക്കു പുറത്തേക്കു വിളിച്ചു. അപ്പസ്തോലരുടെ അപ്പസ്തോലിക സൃഷ്ടിക്കപ്പെട്ടു.

ജൂലൈ 03, 2024

എല്ലാം സുഖകരമല്ല

 എല്ലാം സുഖകരമല്ല എന്ന് തുറന്ന മനസ്സോടെ ഏറ്റുപറയുവാൻ ഈ സമയത്തു നമുക്ക് കഴിയണം. ജയപരാജയങ്ങളുടെ കണക്ക് എണ്ണിത്തുടങ്ങേണ്ട സമയമല്ല ഇത്. സഭ ക്രിസ്‌തുശരീരമാണെന്ന ബോധ്യമുണ്ടെങ്കിൽ, ആ ശരീരത്തിനേറ്റ ക്ഷതങ്ങളും ആണിപ്പഴുതുകളും അടുത്ത് കാണുവാനും സ്വന്തം മുറിവുകളായി അവയെ തിരിച്ചറിഞ്ഞു കൊണ്ട്  ദൈവകൃപ തേടി എന്റെ കർത്താവേ എന്റെ ദൈവമേ  എന്ന് ഏറ്റു പറയുവാനും സഭക്ക് കഴിയട്ടെ. 

പകയും മാത്സര്യവും അധിക്ഷേപവും തുടരുന്ന നീറ്റലായി കൂടെയുണ്ടാകും. സൗഖ്യം അസാധ്യമല്ല, എങ്കിലും അത് ആഗ്രഹിച്ചെങ്കിലേ പ്രാപ്യമാകൂ. ആരാധനക്രമം-സഭ ഭാഷയിൽ പടവെട്ടിയ പ്രാദേശിക അഹങ്കാരങ്ങളും പുച്ഛവും മാർക്കടമുഷ്ടിയും  ലാഭം നേടിക്കൊടുത്തവരുണ്ട്. അവർക്കു സമാധാനത്തിന്റെ സമയം അസ്വസ്ഥമാണ്. മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയുന്ന, പരസ്പരം ദൈവമക്കളായി സ്വീകരിക്കാൻ കഴിയുന്ന സംഭാഷണങ്ങൾ ബോധപൂർവം രൂപീകരിച്ച മതിയാകൂ. അത് ആത്മാർത്ഥമായി ആഗ്രഹിക്കുന്നെങ്കിൽ  ഭക്തചാനലുകളും ധ്യാനഗുരുക്കന്മാരും  ഈ ആഖ്യാനങ്ങൾ തുടങ്ങിവയ്ക്കണം. 

സഭക്ക് സത്യവും സൗന്ദര്യവും നഷ്ടപ്പെടുത്തിയ, സഭാസ്നേഹികളെന്ന പേരിൽ സഭയുടെ പ്രബോധനത്തെയും ആരാധനയെയും ഹൈജാക്ക് ചെയ്ത  സമൂഹമാധ്യമസംഘങ്ങളെയും അവരുടെ പിന്നിലുള്ളവരെയും അവരുടെ ആശയങ്ങളെയും അവർ തീർക്കുന്ന സഭാസംവിധാനത്തെയും പാരമ്പര്യനിർവചനങ്ങളെയും  അകറ്റി നിർത്താൻ സിനഡിനും കഴിയണം.  

ഫരിസേയരും വേദശാസ്ത്രികളും നിയമജ്ഞരും തികച്ചും ശരിയായിരുന്നു എന്നതാണ് നമ്മെ ഓരോരുത്തരെയും താക്കീത് ചെയ്യേണ്ടത്. അവരുടെ വ്യാഖ്യാനങ്ങളും നിയമങ്ങളും അനുസരിച്ചു യേശു പറഞ്ഞതും പ്രവർത്തിച്ചതും ദൈവദൂഷണവും ദൈവനിന്ദയുമായിരുന്നു. ദൈവപുത്രൻ തീർച്ചയായും വധിക്കപ്പെടണമായിരുന്നു. 

ജൂൺ 29, 2024

അധികാരഭാഷ

അധികാരത്തിന്റെ നുകം വെച്ചുകൊടുത്തുകൊണ്ട് ഒരു കൂട്ടരെ മുട്ടുകുത്തിച്ചു നടപ്പിലാക്കപ്പെടുന്നത് ദൈവാരാധനയല്ല, സ്വയം വിഗ്രഹമാക്കപ്പെടുന്ന ആരാധനയാണ്. അധികാരത്തിന്റെ പൂജയാണത്. അംഗീകരിക്കുന്നെന്നു പറഞ്ഞ് അത് ആഘോഷിക്കുന്നിടത്ത് ഈ പൂജയുടെ കളങ്കമുണ്ടാകും. "എന്റെ ഓർമ്മക്കായി" ചെയ്യേണ്ടിയിരുന്നത്, ഒരു അധികാരവിജയത്തിന്റെ ഓർമ്മ നുകർന്ന് കൊണ്ടാകും അനുഷ്ഠിക്കപ്പെടുക. 

ഈ അധികാരസംവിധാനം വാഴ്ത്തപ്പെടുന്നത് അടിസ്ഥാനപരമായ ചില തെറ്റുകളിന്മേലാണ്. ഒന്ന്, സത്യം, അധികാരത്തിൽ നിശ്ചിതമായ ഒന്നാണ് എന്ന അനുമാനം. അധികാരകേന്ദ്രത്തിൽ നിന്ന് വരുന്നതെന്തും സത്യമാണെന്നും അത് അതേപടി പാലിക്കപ്പെടേണ്ടതാണെന്നുമുള്ള അബദ്ധധാരണ ആത്മീയതയുടെയും മതത്തിന്റെയും ഭാഷ്യങ്ങളിൽ സാധൂകരിക്കപ്പെടുന്നത്  തിന്മ തന്നെയാണ്. അധികാരം സത്യം പാലിക്കുമ്പോൾ മാത്രമാണ് നീതിയും സമാധാനവും  ഉണ്ടാവുന്നത്. ദൈവത്തെ ചേർത്തുപറയപ്പെടുന്നവയിലെല്ലാം, പ്രത്യേകിച്ച് അത് അധികാരവും ജനപ്രിയതയും കൂടിക്കലർന്നതാവുമ്പോൾ, സത്യമുണ്ടെന്ന മിഥ്യാധാരണയാണ് മറ്റൊരു തെറ്റ്. അവിടെ പറയപ്പെടുന്ന ദൈവം സത്യദൈവമാണെന്നു വിശ്വാസികളെ ധരിപ്പിക്കാൻ അധികാരത്തിനും അതിനെ പ്രകീർത്തിക്കുന്ന ഭക്തിപ്രസ്ഥാനങ്ങൾക്കും കഴിയുകയും ചെയ്യുന്നു. അവിടെ നീതീകരിക്കപ്പെടുന്നതും, പ്രകീർത്തിക്കപ്പെടുന്നതും, വിധിക്കപ്പെടുന്നവയും ഈ ചട്ടക്കൂടിനുള്ളിൽ നിർവചിക്കപ്പെടുന്നതനുസരിച്ചാണ്.

അധികാരഭാഷക്കു വശപ്പെടാത്തവർ വിമതരാക്കപ്പെട്ടപ്പോൾ, അധികാരത്തിന്റെ ഭാഗത്തു ശരികൾ മാത്രമാണ് നിരത്തപ്പെട്ടത്. പൂർണതയും വിശുദ്ധിയും അവരുടെ പക്ഷത്തു മാത്രമായി. സഭയും കുടുംബങ്ങളും വേദന അനുഭവിച്ചപ്പോൾ അധികാരത്തിനു അത് വേദനയാവുന്നില്ല. കാരണം അധികാരത്തിന്റെ കടുംപിടുത്തത്തെ പ്രതിരോധിക്കേണ്ടതുണ്ടായിരുന്നു. അതിന്റെ വലിയ വില ഇന്നും നിഷേധിച്ചുകൊണ്ട് തിന്മയെ പരിശുദ്ധമാക്കുകയാണ്. 

അധികാരത്തിന്റെ ആത്മീയതയും ശരീരഭാഷയും ആഹ്വാനങ്ങളും ക്രിസ്തുശരീരത്തിന്റെ അടയാളങ്ങൾ  നഷ്ടപ്പെടുത്തിയിരിക്കുന്നു. ക്രിസ്തുശരീരമായി ആരാധിക്കാൻ കഴിയുന്നില്ലെന്നാണ്, അതിനു അനുവദിക്കാൻ അധികാരത്തിനു മനസ്സില്ലെന്നതാണ്  ആരാധനാക്രമത്തിന്റെ ശുഷ്കത. സുവിശേഷത്തിനും ക്രിസ്തുവിനും മൂല്യം നൽകാത്ത അധികാരങ്ങൾ ഏതു ദൈവരാജ്യമാണ് വിഭാവനം ചെയ്യുന്നത്. അവർ വരച്ചിടുന്ന ദൈവാരാജ്യത്തിനു മേല്പറഞ്ഞ അധികാരത്തിന്റെയും ദൈവചിത്രത്തിന്റെയും ഭക്തിയുടെയും മനോഹര വർണ്ണങ്ങളാണ്. പാരമ്പര്യം പൈതൃകം പ്രേഷിതപ്രവൃത്തികൾ, സംഭാവനകൾ  .... വാക്കുകൾ കൊണ്ട് അലംകൃതമാകുന്ന സൗധങ്ങളുടെ പിറകിൽ ആഴത്തിലുള്ള മുറിവുകളും ദുർഗന്ധങ്ങളും  അടക്കപ്പെട്ടുകഴിഞ്ഞു. ആവർത്തിച്ചുള്ള സ്വയം പ്രകീർത്തനങ്ങളിൽ വെളിപ്പെടുന്നത് ആത്മശൂന്യതയാണ്. എങ്കിലും അതിൽ അഭിരമിക്കുന്ന പാവകളാക്കപ്പെടുകയാണ് വിശ്വാസികൾ. 

അധികാരം കർക്കശമായ പാരമ്യത അവകാശപ്പെടുമ്പോഴും ഏറ്റവും ദയനീയമാം വിധം അത് ഇരുമ്പു നുകം വഹിച്ചു വിധേയപ്പെടുന്നു എന്നതാണ് പരിതാപകരമായ വിരോധാഭാസം. സമൂഹമാധ്യമങ്ങളിലൂടെ വൈകാരിക-വിചാര-വിശ്വാസ ധ്രുവീകരണം നടത്തുന്ന ഏതാനം സംഘങ്ങൾക്ക് വിധേയപ്പെട്ടിരിക്കുകയാണ് അത്. തങ്ങളല്ല ഈ സംഘങ്ങളാണ് ആലോചിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതെന്നും  ജനത്തിന് മുമ്പിലും മാർപാപ്പയ്ക്ക് മുമ്പിലും ഏറ്റുപറയുകയാണ് വീണ്ടും ജനനം ആഗ്രഹിക്കുന്നെങ്കിൽ അധികാരത്തിനു ചെയ്യാനുള്ളത്.

ക്രിസ്തു കരങ്ങൾ വിടർത്തി പ്രാർത്ഥിച്ചു: " സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" ആ വിസ്തൃതിയുടെ സ്വാതന്ത്ര്യത്തിൽ ദൈവബന്ധം അനുഭവിക്കുന്നതിലേക്ക് നയിക്കത്തക്കവണ്ണം ആരാധനാക്രമങ്ങൾ തുറവിയുള്ളതല്ല.

ജൂൺ 12, 2024

ഉപ്പിന് ഉറ കെട്ടുപോയാൽ

ദൈവശാസ്ത്രപരമായ ദർശനത്തിലെ സങ്കുചിതത്വമാണ് 'ഏകീകരിക്കപ്പെട്ട' 'പരമ്പരാഗത-അപ്പസ്തോലിക' ശൈലിയുടെ പോരായ്മ. അത് ഇവിടെ സീറോമലബാർ സഭയിൽ മാത്രമല്ല, ആഗോളതലത്തിലും വീണ്ടും പ്രബലപ്പെടുന്നുമുണ്ട്. കർദിനാൾ സാറയും സംഘവും ഈ 50 -50 രീതി ഒരു സമവായ ക്രമമെന്ന നിലയിൽ വര്ഷങ്ങള്ക്കു മുമ്പേ മുന്നോട്ടു വെച്ചതുമാണ്. സമവായ ശൈലികൾ സഭയെ മുന്നോട്ടു നയിക്കുമോ എന്ന ചോദ്യം നിലനിൽക്കെ തന്നേ, പരമ്പരാഗത-പുരോഗമന വാദങ്ങളിലെ രാഷ്ട്രീയം അധികാര-സാമ്പത്തിക താല്പര്യങ്ങൾ തുടങ്ങിയവ അവഗണിക്കാനാവില്ല. 

'ആധുനികലോകത്തെ' state-church വിടവും അധികാര സംഘർഷങ്ങളും യൂറോപ്പിലുണ്ടാക്കിയ (പൊതുവെയും സഭയിലും) മാറ്റങ്ങൾ  ശ്രദ്ധാർഹമാണ്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും മാനവീയ മൂല്യങ്ങളായി ഉയർത്തിപ്പിടിച്ചവർ ഈ മൂല്യങ്ങൾ സഭയിൽ കാണാതെ പോയത്, ആ സഭയുടെ ശൈലിയെ എതിർക്കാൻ വളരെയേറെപ്പേരെ പ്രേരിപ്പിച്ചു.  മതരഹിത സമൂഹം, പക്ഷേ അവർ ആഗ്രഹിച്ചത് സാധിച്ചോ എന്നത് ചരിത്രത്തിന്റെ  ആത്മവിചിന്തനത്തിനും വിധേയമാകണം. മറുഭാഗത്ത് സഭയുടെ അധികാരം നഷപ്പെട്ടിട്ടില്ല എന്ന് സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങൾ  പലതാണ്. നീതി സമാധാനം സഹവർത്തിത്വം എന്ന തലങ്ങളിൽ നിർണ്ണായകമായ ആഹ്വാനങ്ങൾ  സഭ ചെയ്തപ്പോഴും 'ക്രിസ്തുസാമ്രാജ്യ' വാദികൾ അധികാരത്തിന്റെ ഭാഷയും സ്വപ്നങ്ങളും  തുടർന്നുപോന്നു. പൊതുസ്വഭാവമുള്ള നീതി സമാധാനം സഹവർത്തിത്വം എന്നിവയെ പ്രത്യക്ഷമായും പരോക്ഷമായും അവർ എതിർക്കുകയും ചെയ്തു. ക്രിസ്തുസാമ്രാജ്യത്തിൽ 'മറ്റുള്ളവർക്ക്' സ്ഥാനമില്ലല്ലോ. മേല്പറഞ്ഞ അധികാരഭാഷയുടെ ഏറ്റവും ശക്തമായ ഉപകരണങ്ങളായിരുന്നു സാന്മാര്ഗികതയും ആരാധനാക്രമവും.

അധികാരപ്രമാണികളും പുരോഹിതരും ഉൾപ്പെടുന്ന വിശുദ്ധലോകവും, വിയർപ്പിന്റെയും മണ്ണിന്റെയും അഴുക്കുള്ള പാപികളുടെ ലോകവും തമ്മിലുള്ള അകൽച്ച ഇല്ലാതാക്കിയാണ് ക്രിസ്തു സുവിശേഷം അവതരിപ്പിച്ചത്. ദൈവരാജ്യത്തിന്റെ താക്കോലും വീക്ഷണവുമാണ് സുവിശേഷം. സുവിശേഷം സ്വന്തമാക്കാതെ  ഒരു അധികാരസ്ഥാനവും ദൈവരാജ്യത്തിന്റെ താക്കോലാകുന്നില്ല. എല്ലാവരും ദൈവമക്കളാണെന്ന് പഠിപ്പിച്ച ക്രിസ്തുവിന് ദൈവരാജ്യനീതിയും സമാധാനും തേടുക എന്നതാണ് ആരാധനയുടെയും ദൈവബന്ധത്തിന്റെയും കാതൽ. ക്രിസ്തുവിൽ ഒരു ശരീരമായി ദൈവമക്കളാണ് ബലിയർപ്പിക്കുന്നത്. ആരാധയർപ്പിക്കുന്ന ക്രിസ്തുവിന്റെയും ആരാധിക്കുന്ന ജനത്തിന്റെയും കൗദാശിക അടയാളമാണ് പുരോഹിതൻ. പുരോഹിതൻ ഒരു മധ്യവർത്തിയല്ല. അയോഗ്യരും പാപികളുമായ ജനത്തിനുവേണ്ടി ദൈവികത്വം ഉൾകൊള്ളുന്ന പുരുഷൻ ചെയ്യുന്ന പരികർമ്മങ്ങളല്ല ആരാധന. മഹിമയുടെ ആ അതിവിശുദ്ധസ്ഥലം ജനത്തിൽ നിന്ന് അകലെയല്ല, അവർക്കിടയിലാണ് എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ആരാധനാക്രമണങ്ങളുടെ രാഷ്ട്രീയം ക്രിസ്‌തുതത്വങ്ങളെ എത്രമാത്രം ഉൾകൊള്ളുന്നു എന്നത് നേതൃത്വത്തിന്റെയും വിശ്വാസികളുടെ ആത്മാർത്ഥമായ ആത്മവിചിന്തനത്തിനു വിധേയമാക്കേണ്ടതാണ്. അത് സംഭവിക്കുന്നില്ലെങ്കിൽ മാർപ്പാപ്പയെയും പ്രതിനിധികളെയും പോലും ഉൾക്കൊള്ളിക്കുന്ന നാടകങ്ങൾ അവതരിപ്പിക്കാം. ഭാഷയും ഉള്ളടക്കവും ഉദ്ദേശ്യവും ഒന്ന് തന്നെയാവുകയും അത് ആവർത്തിക്കുകയും ചെയ്യപ്പെടുമ്പോൾ ദൈവാരൂപിയോ അനുസരണയെന്ന പുണ്യമോ മാർപാപ്പയെ അല്ല യഥാർത്ഥ ഉറവിടമെന്നത് പകൽ പോലെ തെളിവുള്ളതാണ്. മാർപാപ്പ പറഞ്ഞത് എന്ന ആമുഖ ശൈലി തന്നെ അർത്ഥശൂന്യമാക്കിക്കളഞ്ഞു പുതിയ ഉത്തരവുകൾ. 

സുവിശേഷത്തെ ഉപേക്ഷിച്ചുകളഞ്ഞ സഭക്ക് ദൈവരാജ്യനീതി ഉൾപ്പെടാത്ത രാഷ്ട്രീയസമീപനങ്ങളോട് ഒത്തുപോകുവാൻ ബുദ്ധിമുട്ടുണ്ടാവില്ല. മനുഷ്യരെ തുല്യരായി കാണാൻ കഴിയാത്ത, ജാതിമത വിഭാഗീയത അസ്തിത്വ സത്തയായ സേനകളിൽ അംഗമാകുവാൻ മടിയുമുണ്ടാവില്ല. അധികാരസംവിധാനങ്ങളെ ഉയർത്തിപ്പിടിക്കാൻ കുർബാനയും ആരാധനയും ഉപകരണമാക്കുന്ന ഭരണക്രമത്തിനു സുവിശേഷമൂല്യങ്ങൾ തങ്ങളുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി നിൽക്കുന്നവയാണ്. ദൈവമക്കളുടെ സ്വാതന്ത്ര്യം അവർക്കു ഇടർച്ചയാണ്. 

ചക്രവർത്തിമാരുടെ ഭരണകാലം കഴിഞ്ഞു എന്ന തിരിച്ചറിവിലേക്ക് സഭ ഇനിയെങ്കിലും കടക്കേണ്ടതുണ്ട്. മാനവിക സമുദ്ധാരണം, വിമോചനം സ്വാതന്ത്ര്യം തുടങ്ങിയ പ്രക്ഷുബ്ധതകളിൽ  നിന്ന് കടന്നു, പ്രകൃതിയെ മുഴുവൻ ഉൾകൊള്ളുന്ന ലോകക്രമത്തിലേക്ക് മനുഷ്യദർശനം അകക്കണ്ണ് തുറന്നു കഴിഞ്ഞു. അപ്പോഴാണ്, ക്രിസ്തുരാജ്യത്തിന്റെ അധികാര സങ്കുചിതത്വങ്ങളിലേക്കു 'സഭ' സ്വയം അടച്ചിടുന്നത്. മധ്യവർത്തിയും ആരാധ്യനുമാകുന്ന ചക്രവർത്തിയും അതിന്റെ പ്രതീകമായ പൗരോഹിത്യവും ക്രിസ്തു പഠിപ്പിച്ചതല്ല. ആ വീക്ഷണത്തിലൂന്നിയ ആരാധനാശൈലികൾ ക്രിസ്തുചൈതന്യത്തിലേതുമല്ല. സാമ്രാട്ടുഭരണം നാട്ടുരാജാക്കന്മാർക്കുള്ള ഇടം അനുവദിക്കാത്തതുകൊണ്ടാണ് നേതൃത്വം കർക്കശമനോഭാവവും കൗടില്യവും കൗശലവും സ്വീകരിക്കുന്നത്. നീതിയും സമാധാനവും മാറ്റിനിർത്തുന്നത്. വിഭാഗീയവും വിഷലിപ്തവുമായ ആഖ്യാനങ്ങളെ പുണരുവാനും നുണകൾ അംഗീകരിക്കുവാനും പ്രചരിപ്പിക്കാനും മനസാകുന്നത്. താൻ ഒരു ക്രിസ്തീയ വിശ്വാസിയാണെന്നും, ജാതിമേൽക്കോയ്മയും മതവിഭാഗീയതയും അക്രമവും പ്രോത്സാഹിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തോടു പരിപൂർണ്ണ വിശ്വസ്തനാണെന്നും ഒരു മടിയുമില്ലാതെ  പറയാൻ ഒരാൾക്ക് കഴിയുന്നതെങ്ങനെയാണ്? വിശ്വാസത്തിന്റേതെന്നു കരുതപ്പെടുന്ന സംവിധാനം അതിനു അംഗീകാരം നൽകി സാധൂകരിക്കുന്നു എന്നുള്ളതുകൊണ്ട് തന്നെ. 

അവസരങ്ങൾ സാധ്യതകൾ അപകടങ്ങളായി അന്ത്യകാസകളായി വരുന്നുണ്ട്. religious tourism, കമനീയമായി ഉയർത്തിയ ആരാധനാലയങ്ങളെ കാഴ്ചവസ്തുക്കളാക്കുമ്പോൾ പുണ്യങ്ങളെ ബലികഴിച്ചിട്ടേ ആസ്വാദനത്തിന്റെ പാത്രങ്ങളിലേക്കു ഇട്ടു കൊടുക്കാനാകൂ. Assimilation പ്രക്രിയ വിശ്വാസത്തിനും സഭാചരിത്രത്തിനും പാരമ്പര്യത്തിനും പുതിയ അധ്യായങ്ങൾ ചേർത്തുവയ്ക്കുമ്പോൾ അവയെ നിശബ്ദം അംഗീകരിക്കാം. അത് കുറെ വര്ഷങ്ങളായി വണക്കമാസസമയത്തും മറ്റും ചെയ്തുതുടങ്ങിക്കഴിഞ്ഞു. ലാഭവും പ്രശസ്തിയും ആകർഷകമാകുമ്പോൾ, കീഴ്പ്പെട്ടു കൊടുക്കുകയും വിശ്വാസവും മൂല്യങ്ങളും അടിയറവു വയ്ക്കുകയും  ചെയ്യേണ്ടി വന്നേക്കാം.

ഉപ്പിന് ഉറ കെട്ടുപോയാൽ ... 

കുടുംബങ്ങളും യുവജനങ്ങളും കുട്ടികളും അഭിമുഖീകരിക്കുന്ന ജീവിതപശ്ചാത്തലങ്ങളിലേക്കു വിശ്വാസം മൂല്യവ്യവസ്ഥിതിയായും സന്മാർഗബോധമായും കാലോചിതമായി പരിഭാഷ ചെയ്യേണ്ടവരാണ് സഭാനേതൃത്വം. അതിനുള്ള പ്രാവീണ്യം മെത്രാന്മാർക്കും പുരോഹിതർക്കും മതബോധനാധ്യാപകർക്കും ഉണ്ടാവേണ്ടതുമാണ്. എന്നാൽ ഇന്ന് കാര്യക്ഷമതയില്ലായ്മയുടെ കുടക്കീഴിൽ സുരക്ഷയുടെ ആസ്വാദനത്തിലാണ് ഈ നേതൃത്വം ഏർപ്പിട്ടിരിക്കുന്നത്. നമ്മൾ ശരിയാണ്, നമ്മൾ ചെയ്യുന്നതെല്ലാം ശരിയാണ് നമ്മൾ മാത്രമാണ് ശരി തുടങ്ങിയ ആത്മവഞ്ചനാ സൂക്തങ്ങളിൽ കഴിവുകേടുകളെ മറച്ചു പിടിച്ച് സൃഷ്ടിക്കപ്പെടുന്ന മായിക ലോകത്ത്  ധാർമ്മികരായി പുളകമണിയുന്ന വിശ്വാസിഗണവും. കാലഘട്ടത്തോടുള്ള ആശയസംവാദം ദുഷ്കരമായതു കൊണ്ട് സങ്കുചിതമായ വൈകാരിക തലത്തിലേക്ക് വിശ്വാസി സമൂഹത്തെ തളച്ചിടുകയാണ്. നന്മ-തിന്മ-ദൈവം-പിശാച് വൈരുദ്ധ്യതയുടെ മതാഖ്യാനങ്ങൾ, ഭക്തിലഹരി, പാരമ്പര്യ മതമൗലികവാദം ഇവയൊക്കെ ആസ്വാദ്യമായ ഇടത്താവളങ്ങളാണ്. ഒരു മതം അതിന്റെ ആന്തരികപ്രേരണയെ ഒരു കാലഘട്ടത്തിനായി എങ്ങനെ സന്നിവേശിപ്പിക്കുന്നു എന്നത്  അതിന്റെ ഫലപ്രദമായ അസ്തിത്വമാണ്. അവഗണിക്കപ്പെടുന്നത് അതാണ്. 

ഭക്തിയും പാരമ്പര്യങ്ങളും ദൈവാന്വേഷണത്തിന്റെ മാര്ഗങ്ങളാകേണ്ടതിനു പകരം അവയെ ലഹരിയാക്കുകയും വിഗ്രഹങ്ങളാക്കുകയും ചെയ്തതിൽ വിശ്വസ്ത-ഭക്ത-സഭാ ചാനലുകൾക്കും സമൂഹമാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. കവലചർച്ചകളുടെ മൂല്യബോധം പോലുമില്ലാത്ത 'പ്രബോധനങ്ങളിൽ' സത്യം ഇല്ലായെന്ന് ഉറപ്പിച്ചു പറയാൻ പോലും കഴിയാത്തത് നേതൃത്വത്തിന്റെ കാര്യക്ഷമതയില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. സമൂഹ മാധ്യങ്ങളിലെ content പിന്നീട്, നിയമമായും അച്ചടക്കനടപടിയായും ഔദ്യോഗിക റിപ്പോർട്ടുകളായി പരിണമിക്കുമ്പോൾ നേതൃത്വത്തിനുള്ള വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. 


ജൂൺ 06, 2024

ചാനലുകളും സഭാനേതൃത്വവും അവർ പ്രതീക്ഷിക്കുന്ന മിശിഹായും

കേരളത്തിലെ ഭക്തചാനലുകൾ ഏറ്റുപറയുന്ന ദൈവം ക്രിസ്തു പഠിപ്പിച്ച ദൈവമല്ലെന്നു ഉറപ്പായിരുന്നു. അവർ പ്രതീക്ഷിക്കുന്ന മിശിഹാ ആരെന്നും ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു....

അഭിവന്ദ്യ നേതാക്കളെ, ആരുടെ അടുത്താണ് സുവിശേഷത്തിന്റെ അംശമില്ലാത്തത് എന്നറിയാൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പ്രസംഗങ്ങൾ മാത്രം മതിയായിരുന്നു. നിങ്ങളുടെ ഗുരുമുഖത്തുനിന്നു തന്നെ വന്ന വെറുപ്പിന്റെയും വിഷത്തിന്റെയും വചനങ്ങൾ ദൈവവെളിപാടുകളായിരുന്നു എന്ന് നിങ്ങള്ക്ക് തോന്നുന്നെങ്കിൽ ക്രിസ്തുവിന്റെ പേരിലുള്ള നിങ്ങളുടെ വ്യവസായത്തിനുകൂടി അന്ത്യനിമിഷങ്ങളാണ്. സ്വർണ്ണക്കിരീടത്തിന്റെ തിളക്കത്തിൽ നിങ്ങൾ അവഗണിച്ചുകളഞ്ഞത് ദൈവരാജ്യനീതിയും സമാധാനവും എന്ന ചെറിയ ക്രിസ്‌തുതത്വമാണ്.
വരേണ്യതയുടെ ആഢ്യസംസ്കൃതിയിലേക്ക് ദൈവരാജ്യത്തിന്റെ മഹത്വം വരച്ചുചേർക്കാൻ ശ്രമിക്കുന്ന ചാനലുകളും സഭാനേതൃത്വവും ഹൃദയശുദ്ധിയുള്ളവർ കണ്ടെത്തുന്ന പരമപരിശുദ്ധനെ കുത്തകയാക്കി വിൽക്കാൻ ശ്രമിക്കുകയാണ്.
"സീസറല്ലാതെ ഞങ്ങൾക്ക് മറ്റൊരു രാജാവില്ല" അതേ അവസരവാദമാണ് ഭക്തിയുടെയും വിശ്വാസത്തിന്റെയും ആരാധനയുടെയും പാരമ്പര്യത്തിന്റെയും കാതൽ.

ഏപ്രിൽ 14, 2024

ദീപികയുടെ ഏപ്രിൽ 13 എഡിറ്റോറിയൽ

 ദീപികയുടെ ഏപ്രിൽ 13  എഡിറ്റോറിയൽ ഒരു നിസ്സംഗത മാത്രമേ എനിക്കുള്ളിലുണ്ടാക്കിയുള്ളു. എന്നെ അത് സന്തോഷിപ്പിക്കുകയോ പ്രചോദിപ്പിക്കുകയോ ചെയ്തില്ല. ആശ്വസിപ്പിക്കുക പോലും ചെയ്തില്ല. കാരണം, ആ എഡിറ്റോറിയൽ പരാമർശിക്കുന്ന വിഷം പടരാൻ തുടങ്ങിയത് ഇന്നലെയോ ഈ ആഴ്ചയിലോ അല്ല. 2018 മുതലെങ്കിലും പല സാഹചര്യങ്ങളിലായി, പല പോസ്റ്റുകളിലായി, ആവർത്തിച്ചെഴുതിയിട്ടുണ്ട്. മറ്റു പലരും അതേക്കുറിച്ചു തന്നെ സൂചിപ്പിച്ചുകൊണ്ട് എഴുതിയത് ശ്രദ്ധിച്ചിട്ടുമുണ്ട്. കഴിയുംവിധം, അധികാരങ്ങളിലുള്ളവരോട് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ആ വിഷപ്രക്രിയ 'ആവശ്യമായിരുന്നു' പലർക്കും. ക്രിസ്ത്യാനികളുടെ പേരിൽ മറ്റാരൊക്കെയോ എഴുതുന്നതാണെന്നും പ്രതികരണമുണ്ടായി. ഏറെ നാളുകൾ കഴിയും മുമ്പേ പരിചിതനായ പുരോഹിതരുടെയും മറ്റും പ്രസ്താവനകളും എഴുത്തുകളും, വളരുന്ന പ്രവണതകളെക്കുറിച്ചു വ്യക്തത നൽകിത്തുടങ്ങിയിരുന്നു. ചാനലുകളിലും, പൊതുപ്രസംഗങ്ങളിലും വിശ്വാസപരിശീലനക്ലാസുകളിലും  വിഷം അത്യാവശ്യമായി പരിചയപ്പെടേണ്ട സത്യമായി പഠിപ്പിക്കപ്പെട്ടു. സഭയുടെ പ്രബോധനത്തിന്റെ അധികാരവും സത്യത്തിന്റെയും നീതിയുടെയും അവബോധവും ഇതു കാണുന്നുണ്ടായിരുന്നില്ലേ? ഉത്തരവാദിത്വപ്പെട്ടവർ പ്രതികരിച്ചുകൊള്ളും എന്ന പ്രതികരണമായിരുന്നു അന്ന്.  ആരായിരുന്നു ആ ഉത്തരവാദിത്തപ്പെട്ടവർ?


സഭയിൽ ഉത്തരവാദിത്തപ്പെട്ട സ്വരം നൽകാൻ അധികാരികതയുള്ള ആരും ഇല്ലാതെ പോയി എന്നതാവണം സത്യം. സഭ പല പ്രശ്നങ്ങളിൽ ആടിയുലഞ്ഞു പോയപ്പോഴും അതിന്റെ മഹിമാമയമായ ഗർവ്വ്  ഉയർത്തിപ്പിടിക്കാനാണ് 'സഭ' ശ്രമിച്ചത്. പരിശുദ്ധിയുടേയുടെയും അനുസരണത്തിന്റെയും, ആരാധനയുടെയും ഭാഷ്യങ്ങളിൽ ആന്തരികമായി നിലനിൽക്കുന്ന ജീർണ്ണതയെ മറച്ചുപിടിക്കാൻ ശ്രമിച്ചതിന്റെകൂടെയാണ് രാഷ്ട്രീയ അരക്ഷിതാവസ്ഥയും സാമൂഹിക അപ്രസക്തിയും പ്രകടമായിത്തുടങ്ങുന്നത്. ധ്രുവീകരണത്തിനുള്ള ഉപാധിയായി ഇരവാദം ഉപയോഗിച്ചപ്പോൾ രക്ഷക്കായുള്ള ഉപാധിയായി  രക്ഷകരുടെ താൽപര്യങ്ങൾക്കു വഴങ്ങുക എന്നതു കൂടി സ്വീകാര്യമായി. തുറന്ന കണ്ണുകളുള്ള ജനം വിശ്വാസികൾക്കിടയിലുണ്ടെന്നു 'സഭ' മറന്നു. ആ തിരിച്ചറിവ് വൈകി വന്നു എന്ന് മാത്രമാണ് എഡിറ്റോറിയൽ സൂചിപ്പിക്കുന്നത്. 

ഒറ്റപ്പെട്ട വേദനകളുടെ പ്രതികാരത്തിനായി സമൂഹത്തെ കരുവാക്കുന്ന പ്രവണത പല സാഹചര്യങ്ങളിലും മത-വർഗീയ ധ്രുവീകരണങ്ങളിൽ കണ്ടെത്തുവാൻ കഴിയും അത്തരം സംഭവങ്ങളോ വ്യക്തികളോ 'ലാഭഹേതുവാകുന്നത്' കാണ്ടു സന്തോഷിച്ച തെറ്റാണു അധികാരികളുടേത്. അതുകൊണ്ടാണ് അവരുടെ താല്പര്യങ്ങളെ വളർത്തുന്ന പ്രസ്താവനകൾ പുതിയ സുവിശേഷത്തിന്റെ സ്വരം നൽകിയത്.  സഭയുടെ സ്വരമായി സംസാരിച്ചത് ആരാണ്? പ്രസക്തിയും മേന്മയും കേമത്തവും തെളിയിക്കാനും ഊന്നിപ്പറയാനും മത്സരിക്കുന്ന രാജാക്കന്മാരായിരുന്നു ഓരോ അധികാരിയും. സ്തുതിപാഠകരുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങുമ്പോൾ സുവിശേഷം മാറ്റിവയ്ക്കപ്പെട്ടു. 


മാതാവിന്റെ നൊവേനകൾ, വണക്കമാസം, തിരുനാളുകൾ, മതബോധനം, ധ്യാനങ്ങൾ എവിടെയാണ് ഈ വിഷം വിളമ്പപ്പെടാത്തത്? ആവർത്തിക്കപ്പെട്ട നുണകളും സൃഷ്ടിക്കപ്പെട്ട വെറുപ്പും ഇന്ന് നിലനിൽക്കുന്ന സത്യമാണ്. സുവിശേഷത്തിന്റെ മൂല്യത്തെക്കുറിച്ചു വിചിത്രമായ യുക്തികൾ നിരത്തിയ സെമിനാരി അധ്യാപകർ വരെയില്ലേ? "ആരാണ് അയൽക്കാരനെ"ന്നതിൽ അതിരുകൾ വ്യക്തമാക്കിയവരില്ലേ? 

തിന്മയെ എതിർക്കേണ്ടേ? തീർച്ചയായും വേണം. പക്ഷെ തിന്മയെ എതിർക്കുകയായിരുന്നോ ലക്‌ഷ്യം എന്നത് സത്യസന്ധമായ മനഃസാക്ഷിക്കൊത്ത ആത്മവിചിന്തനം ആവശ്യപ്പെടുന്നു. തിന്മയോടുള്ള പ്രതികരണം രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിവെച്ചുകൊണ്ടും രാഷ്ട്രീയ ലാഭത്തെ മുന്നിൽ കണ്ടുമാകരുത്. 'അത് കണ്ടില്ലേ' 'അവിടെ കണ്ടില്ലേ' എന്നത് ഇവിടെ അവരെ അകറ്റാനോ 'ഞങ്ങൾക്ക്' ക്രിസ്തീയമൂല്യങ്ങൾ ഉപേക്ഷിച്ചു കൊണ്ട് പ്രതികരിക്കാനോ ' ഉള്ള യുക്തിയായി. മാത്രമല്ല സുവിശേഷമൂല്യങ്ങൾ അപഹസിക്കപ്പെട്ടു. തിന്മ എതിർക്കപ്പെടണമെങ്കിൽ നന്മയുള്ള ഒരു സമൂഹമുണ്ടാവണം. അടവുള്ള മത-വർഗീയ-സാമുദായിക ധ്രുവീകരണങ്ങളിൽ ഈ നന്മയെ പ്രതീക്ഷിക്കാനാവില്ല. 'ഞങ്ങളുടേ'തെന്ന മുറവിളികളുമായി എങ്ങനെ പൊതുനന്മ ആഗ്രഹിക്കും? 'സഭ' ക്കു സഭയെ നഷ്ടപ്പെട്ടതിന്റെ മറ്റൊരു കാരണം 'സഭ'യുടെ ഞങ്ങളാക്കൽ ഉദ്യമങ്ങളാണ്. അങ്ങനെതന്നെ അതിന്റെ സാമൂഹികമൂല്യവും നഷ്ടമാക്കി. 

ക്രിസ്തീയമായ മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് (സകലമനുഷ്യരുടേയും സമഗ്രമായ നന്മയും വളർച്ചയുമാണ് അതിന്റെ ലക്‌ഷ്യം) രാഷ്ട്രീയപ്രക്രിയകളെ നിരീക്ഷിക്കാനും സംസാരിക്കാനുമുള്ള പാടവം 'സഭ' നഷ്ടപ്പെടുത്തി. സ്വതാല്പര്യലക്ഷ്യങ്ങളോടെ ചെയ്തുപോന്ന പ്രീണനം, ക്രിസ്തീയ മൂല്യങ്ങൾ  ഉയർത്തിപ്പിടിക്കുന്ന ധാർമ്മികത ഉൾക്കൊണ്ടിട്ടുണ്ടോ എന്നത് ചിന്തായോഗ്യമാണ്‌. അന്തസത്തയെ കാര്യമായെടുക്കുന്നെങ്കിൽ നേട്ടം തരുന്ന പാർട്ടിയേക്കാൾ നീതി ഉറപ്പാക്കുന്ന പാർട്ടികൾക്ക്, നന്മ ഉറപ്പാക്കുന്ന സാമൂഹിക മുന്നേറ്റങ്ങൾക്ക്  കരുത്തായി സഭക്ക് മാറാനാകും. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും  സഹവർത്തിത്തത്തിനും വിലനൽകുന്ന തത്വങ്ങളെ പിന്തുണക്കുവാൻ വ്യക്തിയായും സഭയായും ആധികാരികത വീണ്ടെടുക്കേണ്ടതായുണ്ട്. 


ഇത് രാഷ്ട്രീയ പശ്ചാത്തലമാണ്. അത് കൂടാതെ, മതം, ഭക്തി, വിശ്വാസം എന്നീ പേരുകളിൽ സംഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് ആർക്ക് ഇനി എന്നാണ് തിരിച്ചറിവുണ്ടാകാൻ പോകുന്നത്? അതും ഒരു വിഷമായി ലഹരിയായി അനേകരിൽ പ്രവേശിച്ചിട്ടുണ്ട്. രണ്ടും കലരപ്പെടുന്നു എന്നതാണ് നടുക്കമുണ്ടാക്കുന്നത്. 

 

ഏപ്രിൽ 11, 2024

സഭ ലോകത്തെ കാണുന്നത്

ലോകത്തിൽ, രക്ഷയുടെ കൂദാശയായിട്ടാണ് സഭയുള്ളത്. എന്നാൽ സ്വയം നിർമ്മിക്കുന്ന ലോകത്ത് ആ കൂദാശമാനം സഭ നഷ്ടപ്പെടുത്തുന്നു. കാരണം അത്തരം ലോകത്തിനുള്ളിലെ സംതൃപ്തിയും ചോദ്യങ്ങളും ഉത്തരങ്ങളും യാഥാർഥ്യത്തെ നിന്നും അകലെയാണ്. ആ ലോകത്തിനനുയോജ്യമായ സുരക്ഷിതത്വവും രക്ഷകരെയും അത് നിർമ്മിച്ച് കൊണ്ടിരിക്കും. സത്യമില്ലാത്ത കഥകൾ സുവിശേഷത്തെക്കാൾ മൂല്യമുള്ളതാകും. രണ്ടായിരം വർഷത്തെ പാരമ്പര്യം അവകാശപ്പെടുമ്പോഴും ഏതു നിലയിലുള്ള ക്രിസ്തീയ ധാർമ്മിക അവബോധത്തിൽ നിലനിന്നു കൊണ്ടാണ് സഭ ലോകത്തെ കാണുന്നത് എന്ന് വെളിവാക്കുന്നതാണ് ഈ അടുത്ത് സീറോമലബാർ സഭ സ്വീകരിക്കുന്ന നിലപാടുകളും പ്രതികരണങ്ങളും പ്രീണനങ്ങളും. ചിലർ പാലിക്കുന്ന മൗനം പോലും, അവരുടെ ചുമതലയെക്കുറിച്ച് 'ഉത്തരവാദിത്തപൂർവ്വം' അവർ എടുക്കുന്ന തീരുമാനമാണ് (responsible choice).

They exist in a world created by themselves, and time to time create saviours for themselves.

മനുഷ്യാവസ്ഥ

പരിചിതമായിട്ടുള്ള മനുഷ്യാവസ്ഥകൾ രണ്ടാണ്;  പാപിയായ മനുഷ്യനും, ധ്യാനകേന്ദ്ര മായികലോകത്തെ ധാർമ്മിക പ്രക്ഷാളനം വഴി രൂപപ്പെടുന്ന 'പരിശുദ്ധിയിൽ' പ്രവേശിക്കുന്ന മനുഷ്യനും. മനുഷ്യസ്ഥിതി എന്തൊക്കെ മനുഷ്യരെ രൂപപ്പെടുത്തുന്നോ അവയെല്ലാം ഉൾപ്പെട്ടിട്ടുള്ളതാണ്. അന്തസത്തയിലും ധാർമ്മികതയിലും സമൂഹത്തിലും അസ്ത്വിത്വപരമായ  യാഥാർത്ഥ്യങ്ങളിലുമാണ് മനുഷ്യൻ രൂപപ്പെടുകയും വളരുകയും വെളിപ്പെടുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്നത്. ഇവയിലൊക്കെയും കൃപയുടെ പ്രവൃത്തിയിലൂടെയാണ് 'ആത്മീയ മനുഷ്യൻ,' 'പുതിയ മനുഷ്യൻ,' എന്ന തലത്തിലേക്ക് കടന്നു പോകുന്നത്. വിശ്വാസപരിശീലനം എന്ന പ്രക്രിയ, വിദ്യാഭാസ രംഗങ്ങൾ എല്ലാം ഈ യാഥാർഥ്യങ്ങളെ ഗൗരവമായെടുത്തുകൊണ്ടുതന്നെ  മനുഷ്യരുടെ വളർച്ച ആസൂത്രണം ചെയ്യുന്നെങ്കിലേ അവരിൽ ക്രിസ്തുരൂപീകരണം സംഭവ്യമാകൂ. വിധിക്കപ്പെട്ടു പരിതാപകരമായ അവസ്ഥയിൽ നിൽക്കുന്ന കുറ്റബോധത്തിന്റെ സ്വത്വം  സുവിശേഷം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിരൂപമല്ല. പ്രഘോഷകരും ധ്യാനകേന്ദ്രങ്ങളും മാനസാന്തരപ്പെട്ട് സ്വീകരിക്കേണ്ട മനുഷ്യനെക്കുറിച്ചുള്ള സത്യാവസ്ഥ ക്രിസ്തുഹൃദയം നമ്മിൽ നിന്ന് തേടുന്ന ആത്മാർത്ഥതയാണ്. 

ഏപ്രിൽ 09, 2024

ആധുനിക അപ്പസ്തോലന്മാർ

 ഉയിർത്തെഴുന്നേൽപിനു ശേഷവും ഭയത്താൽ മുറിക്കുള്ളിൽ അടച്ചിരിക്കുകയായിരുന്നു അപ്പസ്തോലന്മാർ. ശരീരം മോഷ്ടിച്ച് കൊണ്ടുപോയി എന്ന കഥക്ക് പ്രചരണം കൊടുക്കാനള്ള പണം കൂടി മുടക്കാൻ തയ്യാറാവുന്നവരാണ് ആധുനിക അപ്പസ്തോലന്മാർ. ശരീരം മോഷ്ടിക്കുവാൻ വിളക്കു തെളിക്കുകയാണവർ

മാർച്ച് 23, 2024

മതത്തിന്റെ കാപട്യം

 ഞാൻ കല്പിക്കുന്നത് എന്തോ അത് ദൈവകല്പനയാവുകയും അതിന്റെ പാലനം സ്വർഗ്ഗരാജ്യം നൽകുകയും ചെയ്യുന്നിടത്താണ് മതത്തിന്റെ കാപട്യം പരിശിപ്പിക്കപ്പെട്ടു തുടങ്ങുന്നത്. സ്വകാര്യ അഹങ്കാരങ്ങളും അധികാരചിന്തയും അതിനു പിന്നിലുള്ളതിനാൽ അത് മറനീക്കി പുറത്തു വരും. അതുകൊണ്ടാണ് മതപ്രസ്താവനകളിൽ ഈ അടുത്ത് സ്ഥിരത നഷ്ടപ്പെടുന്നത്. 

ത്യാഗമൊരു പുണ്യമാണെങ്കിൽ അതിനെക്കുറിച്ചു വായ്ത്താരിയുടെ ആവശ്യമില്ല. ഭീരുത്വത്തെ ക്ഷമയായി കരുതി പരിശീലിക്കരുതെന്ന് ഉപദേശിക്കുന്നവർ വാലാട്ടി ഓച്ഛാനിച്ചു നില്കുന്നത് അനുസരണയോ എളിമയോ അല്ലെന്നു ഒരിക്കലും പറയാറില്ല. അസുഖങ്ങളിലും പരീക്ഷകളിലും, മനുഷ്യനിലാശ്രയിക്കാതെ 'ദൈവത്തിൽ മാത്രം' ആശ്രയിച്ചു അത്ഭുതം കാണിക്കുന്ന ദൈവം, പക്ഷേ, ചിലസമയത്ത് ശക്തിശാലിയല്ല. "നമ്മൾ സമുദായികവിഭാഗീയ ശൈലി സ്വന്തമാക്കണം, സംഘടിക്കണം ...." 

എത്ര മനോഹരമായ പ്രസംഗങ്ങളാകും സ്നേഹത്തെക്കുറിച്ചും ത്യാഗത്തെക്കുറിച്ചും സേവനത്തെക്കുറിച്ചുമൊക്കെ  ഈ ആഴ്ചയിൽ അവതരിപ്പിക്കപ്പെടുക. പീഢാനുഭവത്തിന്റെ ശോകമൂകതയിൽ  ആ പ്രസംഗങ്ങളെല്ലാം സാധൂകരിക്കപ്പെടും. വർഷത്തിന്റെ മറ്റവസരങ്ങളിൽ ആ ആശയങ്ങളും അവയുടെ പാലനവും  എവിടെയാണ്? സഭാവിശ്വാസികൾ പൊതുവായും നേതൃത്വം പ്രത്യേകിച്ചും. കപടത നീക്കിക്കളയാൻ മനസ്സാകുന്നില്ലെങ്കിൽ ഒരു വിശുദ്ധവാര ചൈതന്യവും സഭയെ നവീകരിക്കില്ല.

മാർച്ച് 19, 2024

ആ ഭവനം യേശുവായിരുന്നു

"... ആ താതൻ ദൈവമായിരുന്നു,
ആ ഭവനം യേശുവായിരുന്നു ..." ഒക്കെ പഴങ്കഥയാണ്.

യേശു വഴിയും ഭവനുമായ ക്രിസ്തീയചൈതന്യത്തെ, മതിൽക്കെട്ടുകൾ തീർത്ത് ഇല്ലായ്മ ചെയ്യുകയാണ് ഇന്ന്. മരണശേഷം ഒരു യാത്രക്കാരനായി/ക്കാരിയായി ഒരാൾ എത്തിച്ചേരുന്ന ഭാവനമല്ല യേശു. സകലരും പിതാവിന്റെ സ്നേഹത്തിൽ ഒന്നിച്ചു വസിക്കുന്ന ഭവനമാണ് ക്രിസ്തു. ആ സഭാശാസ്ത്രം, വേർതിരിവുകളുടെയും വെറുപ്പിന്റെയും അധികാരത്തിന്റെയും ലാഭങ്ങളുടെ ലഹരിക്ക് തടസം നില്കുന്നതായതുകൊണ്ട്‌ സ്വയം അടക്കുന്ന സംഘടനാത്മകതയെ സഭാചൈതന്യമായി ഉയർത്തിപ്പിടിക്കുകയാണ്.

കേരളസഭയിലെ ചാനലുകൾ താരശോഭനല്കി ദൈവപുരുഷരും പ്രവാചകരുമാക്കിയവർ ഒരു രാഷ്ട്രീയപാർട്ടിയായി രജിസ്റ്റർ ചെയ്യുന്നതല്ലേ ഉചിതം. ആ രാഷ്ട്രീയ അജണ്ടകൾക്ക് പിന്തുണ നൽകുന്നവർ കൂടെ നിൽക്കട്ടെ. എന്തിനാണ് സഭയാണെന്നും വിശ്വാസമാണെന്നും പറഞ്ഞുകൊണ്ട് ആളുകളെ വഞ്ചിക്കുന്നത്.

മാർച്ച് 18, 2024

പുണ്യങ്ങൾ

 ജനപ്രിയതയുടെ മാദകലഹരിയിൽ പുണ്യങ്ങളും ദുർഗുണങ്ങളുമൊക്കെ എങ്ങനെയാണ് പുനഃനിർവ്വചനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നത്! 

വിവേകത്താൽ നയിക്കപ്പെടുന്നതും സമാധാനത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കുന്നതുമാണ് പുണ്യങ്ങൾ. ഒരു പുണ്യവും സങ്കുചിതത്വങ്ങളിൽ പരിപോഷിപ്പിക്കപ്പെടുകയില്ല. കെട്ടിയടച്ചു തീർക്കുന്ന സങ്കുചിതത്വങ്ങളെ ധാർമ്മികമായ ഉത്തരവാദിത്തങ്ങളായും സാമൂഹിക പ്രബലതയായും വാഴ്ത്തുന്നവർ സമൂഹത്തെ വഞ്ചിക്കുകയാണ്. 

ധീരത, അതിൽത്തന്നെ ഒരു പുണ്യമാണ്. ധീരത മറ്റു പുണ്യങ്ങളിൽ വളരാനുള്ള ധൈര്യം കൂടിയാണ്. നീതി ഉറപ്പാക്കപ്പെടുമ്പോൾ മാത്രം വെളിപ്പെടുന്ന സത്യം അന്വേഷിക്കുക എന്നത് ധീരതയുടെ അടയാളമാണ്. സത്യം അന്വേഷിക്കാത്ത, സ്വയം അടക്കുന്ന ആക്രോശങ്ങളും എടുത്തുചാട്ടങ്ങളും ധീരതയല്ല. സത്യനിർമ്മാണങ്ങളിൽ നിന്ന് സ്വതന്ത്രമായിരിക്കുവാൻ എടുക്കുന്ന ഓരോ പ്രയത്നവും ഇന്ന് ധീരതയാണ്. 

ഉദാരത പുണ്യമാണെങ്കിലും, അതിരുകൾ വയ്ക്കുന്ന ഉദാരത നന്മയുള്ളതല്ല. സ്വയത്തെക്കുറിച്ചുള്ള കൃതജ്ഞതയാണ് എളിമ. എങ്കിലേ എളിമ നന്മയുണ്ടാക്കൂ. ഭക്തി പുണ്യമാണ്. എന്നാൽ അത് സത്യം പരിശോധിക്കുന്നില്ലെങ്കിൽ, വാണിജ്യവത്കരിക്കപ്പെടുകയും അന്ധവിശ്വാസമാക്കപ്പെടുകയും ചെയ്യും.

മാർച്ച് 14, 2024

സഭ ചെയ്യേണ്ടത്

അഭിവന്ദ്യ പൊരുന്നേടം പിതാവിന്റെ അഭിമുഖത്തിൽ സീറോമലബാർ സഭയിലെ അസ്വസ്ഥതകൾ പാരമ്പര്യസംബന്ധിയെന്നതിനേക്കാൾ ചരിത്രപരമാണെന്ന രീതിയിൽ പിതാവ് സമീപിക്കുന്നു. ദൈവികമായ ഒരു കടന്നുപോകലിന്റെ സമയം അനുവദിക്കേണ്ടത് സൗഖ്യത്തിന്റെ ജീവിതാവസ്ഥക്കു ആവശ്യമാണെന്ന് പിതാവ് ഊന്നിപ്പറയുന്നു. കാർക്കശ്യങ്ങൾ വിഗ്രഹമായതും, പ്രാർത്ഥനയുടെ അഭാവവും പിതാവ് എടുത്തുകാണിക്കുന്നു.

സഭാപരമായി, ആത്മാർത്ഥ മനഃസാക്ഷിയുടെ അഭാവമാണ് അസ്വസ്ഥതകളെ നിലനിർത്തുന്നതെന്ന് കരുതാൻ ഞാൻ ആഗ്രഹിക്കുന്നു. അഭിമുഖത്തിൽ പിതാവ് സൂചിപ്പിക്കുന്ന പ്രാദേശിക വിശ്വാസങ്ങളും കാഴ്ചപ്പാടുകളും പിറവിയെടുത്തതും ഇന്നും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നത് എങ്ങനെയാണ്? വിശ്വാസം ഒരു ഭാഷ മാത്രമാവുകയും, എന്നാൽ മേനിപറച്ചിലും സ്വകാര്യ അഹങ്കാരങ്ങളും പരസ്പരമുള്ള ഇകഴ്ചകളും പുച്ഛവും മുൻവിധികളും, ആചാരങ്ങളുടെയും സംഘടനാശൈലികളിലും ആത്മീയതകളിലും ദൃഢമാക്കപ്പെടുകയും ചെയ്തുപോന്നു എന്നതാവും ശരി. മനഃസാക്ഷിയിൽ ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ഈ വൈകല്യങ്ങളിലേക്കു തിരിഞ്ഞു നോക്കി പശ്ചാത്തപിക്കുവാൻ സഭ മനസ്സാകുമായിരുന്നു. ഈ കഴിഞ്ഞ വർഷങ്ങളിലുണ്ടായ സംഘർഷങ്ങളിലെ ആശയവിനിമയങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും ഇതേ  വൈകല്യങ്ങളാണ്. ശുശ്രൂഷാചൈതന്യം അപ്രത്യക്ഷമാവുകയും അധികാരശക്തിയുടെ പ്രകടമായ ഭാഷ പ്രബലമാവുകയും ചെയ്തു എന്നത് മുറിവിനു മേൽ വന്നു പതിച്ച ആഘാതമാണ്.

പ്രാദേശികമായി വ്യത്യസ്തമായവയെ ഒരുമിച്ചു മുന്നോട്ടു നയിക്കേണ്ടത് കത്തോലിക്കാസഭയുടെ വിശ്വാസപ്രബോധനമാണ്. അവയെ വിലവയ്കാത്ത ജനപ്രിയപ്രസംഗകരുടെ സ്വാധീനം ലോകമെമ്പാടും വിശ്വാസത്തെയും ധാര്മികതയെയും സമ്പന്ധിച്ചു വലിയ ആശയക്കുഴപ്പങ്ങളും  സംഘര്ഷങ്ങളും സൃഷ്ടിക്കുന്നുണ്ട്. അവയെ തിരിച്ചറിയാനോ തിരുത്താനോ പോലും കഴിയാത്ത അവസ്ഥയിൽ, വേര് പിടിച്ചു വളർന്ന പ്രാദേശിക വാദങ്ങളെ നേരിടാൻ ബുദ്ധിമുട്ടാകും. വിശ്വാസപ്രബോധനത്തോടൊപ്പം കൂട്ടായ വിശ്വാസദര്ശനത്തിലേക്കു സഭയെ നയിക്കേണ്ടത് കാലത്തെയും അതിന്റെ സങ്കീർണ്ണതകളെയും, അവയുടെ കാലിക പരിണാമങ്ങളിലെ ആത്മീയ പ്രേരണകളെയും തിരിച്ചറിയാൻ ഉള്ള കഴിവാണ്. ശാന്തവും സന്തുലിതവുമായ  ഒരു ഇന്നിനെ നാളേക്ക് വേണ്ടി സ്ഥിരമായ ഒരു കൂടാരമായി ഉറപ്പിക്കാനാവില്ല. വിശ്വാസരാഹിത്യവും, ബഹുവിശ്വാസ-സാംസ്‌കാരിക മൂല്യങ്ങൾ സമൂഹത്തിൽ മാത്രമല്ല, ഒരേ കുടുംബത്തിൽത്തന്നെ ഒരുമിച്ചുണ്ടായിരിക്കുന്നതുമായ പരിസ്ഥിതിയും പ്രതീക്ഷിക്കേണ്ടതാണ്. രാഷ്ട്രീയസംഘർഷങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും സാമൂഹികവും സാംസ്കാരികവുമായ ഉലച്ചിൽ ഉണ്ടാക്കുമ്പോൾ ധാർമികവും  വിശ്വാസപരവുമായ പുനർചിന്തകൾ അനിവാര്യമാകും. അതിനൊത്ത വെളിച്ചം ഇന്ന് തേടുകയാണ് സഭ ചെയ്യേണ്ടത്.    

മാർച്ച് 10, 2024

മനുഷ്യപുത്രൻ ഉയർത്തപ്പെടുമ്പോൾ

രൂപരഹിതവും ഇരുണ്ടതുമായിരുന്നു എല്ലാം. അതിൽ പ്രകാശം നിറഞ്ഞപ്പോൾ അത് ക്രമമുള്ള പ്രപഞ്ചമായി. ദൈവത്തിന്റെ സൗന്ദര്യത്തിന്റെ(മഹിമ)യും നന്മയുടെയും സ്നേഹത്തിന്റെയും അടയാളമായി. അതേ പ്രകാശം നമ്മിലും,നമ്മുടെമേലും പ്രകാശിക്കുന്നു.

ഏശയ്യായുടെ പ്രവചനങ്ങളിൽ പ്രത്യാശാനിർഭരമായി നിൽക്കുന്ന ഒന്നാണ്, 'അന്ധകാരത്തിലായിരുന്ന ജനം ഒരു വലിയ പ്രകാശം കണ്ടു' എന്നത്. അതിക്രമത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ദാസ്യതയുടെയും ജീവിതമായി അന്യദേശത്തു കഴിഞ്ഞവരെക്കുറിച്ചുള്ളതാണത്. ആ ഇരുൾ തങ്ങളുടെ പാപങ്ങളുടെ ഫലമാണെന്ന വ്യാഖ്യാനം അന്ധകാരത്തിനു പാപത്തിന്റെ പ്രതിഫലനം കൂടി നൽകുന്നു. 

ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്ത, ക്രിസ്തുവിലല്ലാത്ത പ്രകാശരാഹിത്യത്തിലുള്ള ജീവിതത്തെ വി. പൗലോസ് കാണിക്കുന്നത് മൃതമായ (ജീവരഹിതമായ) അവസ്ഥയായാണ്. ക്രിസ്തുവിൽ ആയിരിക്കുന്നതിലാണ്, നമുക്ക് ജീവനുള്ളത്, കൃപയുള്ളത്.  ഈ പ്രകാശരാഹിത്യത്തെ വി. യോഹന്നാൻ കാണുന്നത് അജ്ഞതയുടെ/ അബദ്ധചിന്തയുടെ ഇരുളായാണ്. ക്രിസ്തുവാണ് സത്യം. ക്രിസ്തുവിനെ അറിയുന്നതിലാണ് അറിവും പ്രകാശവും ജീവനും. 

ഈ പ്രകാശവും ജീവനും എന്താണ്?

ഈ പ്രകാശവും ജീവനും സുവിശേഷം തന്നെയാണ്. സുവിശേഷം, 'തന്റെ ഏകജാതനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു' എന്നതാണ്. അന്ധകാരത്തിലായിരുന്നവർ കണ്ട വലിയ പ്രകാശം മനുഷ്യപുത്രൻ ഉയർത്തപ്പെടുമ്പോൾ തങ്ങളുടെമേൽ പ്രകാശിക്കുന്ന സ്നേഹകിരണങ്ങളാണ്. ഏറ്റവും ഹീനമായ അനീതി സഹിച്ചപ്പോഴും സൃഷ്ടികൾക്കു മേൽ ക്രിസ്തു സ്നേഹമൊഴുക്കി. ആ സ്നേഹത്തെയാണ് കുരിശിൽ കാണേണ്ടത്. ക്രിസ്തു നമ്മുടെ അനുകമ്പ തേടുന്നില്ല, അനുകമ്പയെ അടിസ്ഥാനപ്പെടുത്തി പരിഹാരങ്ങളുടെയും പ്രായശ്ചിത്തത്തിന്റെയും ഭക്തികൾ സൃഷ്ടിക്കാനും അവൻ ആവശ്യപ്പെടുന്നില്ല.  തന്നിൽ പ്രകാശിക്കുന്ന സ്നേഹമാണ്, ക്രമരഹിതവും കൃപാശൂന്യവും, ഭാരമുള്ളതും ദാസ്യതയുടേതുമായ ജീവിതങ്ങളിലേക്കു ക്രിസ്തു പകരുന്നത്. ആ സ്നേഹം വേദനകളെ ആശ്വസിപ്പിക്കുന്നു, ജീവരഹിതമായ അവസ്ഥകളെ കൃപയുടെ ജീവൻ കൊണ്ട് നിറക്കുന്നു, പുണ്യങ്ങളെ പുഷ്ടിപ്പെടുത്തുന്നു. അവൻ ശൂന്യവത്കരിക്കപ്പെട്ട് ഉയർത്തപ്പെടുമ്പോൾ, ദൈവസ്നേഹത്തിന്റെ അനസ്യൂതമായ പ്രകാശം നമ്മുടെ മേലും നമ്മുടെ സമൂഹങ്ങളുടെ മേലും പടരുന്നു. യോഹന്നാൻ എഴുതിയതുപോലെ, അപ്പോൾ നമ്മൾ പ്രകാശത്തിൽ  ജീവിക്കുന്നവരാകുന്നു, നമ്മളുടെ പ്രവൃത്തികൾ ദൈവത്തിന്റെ പ്രവൃത്തികളാണെന്നു അനേകർ അറിയുകയും ചെയ്യുന്നു. 

ജീവിതത്തിന്റെ ക്രമരാഹിത്യങ്ങളിൽ ഇരുളിൽ ശൂന്യതയിൽ ദൈവസ്വരം കടന്നു പോകുമ്പോൾ നമ്മുടെ ജീവിതങ്ങളും ദൈവത്തിന്റെ സൗന്ദര്യത്തിന്റെയും നന്മയുടെയും സ്നേഹത്തിന്റെയും അടയാളമാകും. ക്രിസ്തുവിൽ തെളിഞ്ഞ ദൈവസ്നേഹാനുഭവത്തിൽ നിന്നാണ് ഈ ദൈവസ്വരം കേൾക്കേണ്ടത്. ആയിരം ബൈബിൾ വാക്യങ്ങൾ ഉരുവിട്ടുകൊണ്ട് മാന്ത്രികമായി വന്നു ഭവിക്കുന്നതല്ല ഈ അടയാളം. വ്യത്യസ്തമായ ഓരോ ജീവിതത്തിനും ശൂന്യതയും സൗന്ദര്യവും പോലും വ്യത്യസ്തമാകും. അവിടെത്തന്നെയാണ് അനേകർക്ക്‌ സ്നേഹത്തിന്റെ അടയാളമായി മനുഷ്യപുത്രൻ ഉയർത്തപ്പെടുന്നത്.

സാന്ത്വനപ്പെടുത്തുവാനും മുന്നോട്ടു നയിക്കാനും ദൈവം തന്റെ സ്നേഹത്തിന്റെ പ്രകാശം നമുക്ക് നൽകുന്നു എന്നതാണ് വിചിന്തനീയം. ദൈവം ജീവൻ നൽകുന്നു. കുറ്റവിചാരണയുടെ 'ആത്മീയതയാണ്' പലരും തിരഞ്ഞെടുക്കുന്നത്. ആ സമീപനത്തെ, വിനയമായും, പശ്ചാത്താപമായും, പരിഹാരമായും മനഃസാക്ഷിയുടെ നീതിബോധമായൊക്കെ അവതരിപ്പിക്കപ്പെട്ടേക്കാം. ദൈവത്തിന്റെ ക്രോധവും, ശാപവും, ശിക്ഷയുമാണ് കേന്ദ്രസ്‌ഥാനം സ്വന്തമാക്കുന്നത്. യോഹന്നാൻ എഴുതിയതുപോലെ, "പ്രകാശം ലോകത്തിലേക്ക് വന്നിട്ടും, അവർ പ്രക്ഷത്തേക്കാൾ അധികമായി അന്ധകാരത്തെ ഇഷ്ടപ്പെട്ടു." "അവർ വിധിക്കപ്പെട്ടു കഴിഞ്ഞു," ദൈവത്താലല്ല, പ്രകാശവും ജീവനും സ്വീകരിക്കാനുള്ള അവരുടെ തന്നെ വൈമുഖ്യം കൊണ്ട് തന്നെ.

മാർച്ച് 06, 2024

കിരീടത്തിനു വിലയുള്ളത്

ഹൃദയത്തിൽ നിന്നർപ്പിക്കുന്ന എന്തും നിഷ്കളങ്കമായ ഭക്തിയുടെ രൂപത്തിൽ അർച്ചനയാകാം. എന്നാൽ, ഉപഭോഗസംസ്കാരത്തിന്റെ രുചിയും മണവും ചേർത്തു കൊത്തിയെടുത്ത ഉപകാരമാതാവ്, നിയോഗമാതാവ് തുടങ്ങിയ മാതാവ്-രൂപങ്ങൾക്ക് മുമ്പിലാണ് രത്നവും വൈഡൂര്യം പതിച്ച ലക്ഷങ്ങളുടെ കിരീടത്തിനു വിലയുള്ളത്. അത്തരം മാതാവുരൂപങ്ങളെ ഭക്തിയുടെ ഹേതുവായവർക്കു ആ കിരീടം വലിയ കാഴ്ചയാകും. കേരളത്തിൽ പ്രോത്സാഹിപ്പിക്കപ്പെട്ട ശിഥിലമായ ഭക്തിരൂപങ്ങൾക്ക് വൈകാരികവും സാമ്പത്തികവുമായ മാനങ്ങൾ കടന്ന് രാഷ്ട്രീയ മാനം ലഭിക്കുന്നത് ശ്രദ്ധേയമായ കാര്യമാണ്. 

ശക്തി, ഉപകാരം, സമൃദ്ധി തുടങ്ങിയ പദങ്ങൾ വി. കുർബാനയുടെ വാഴ്വിന്റെയും മരിയഭക്തിയുടെയും ഉദ്ദേശ്യ ലക്ഷ്യങ്ങളാകും വിധം രൂപീകരിക്കപ്പെട്ട ഭാഷ സ്വയം നശിപ്പിക്കുന്ന ആത്മീയതയുടെ കമനീയഭാഷയാണ്.  

ഫെബ്രുവരി 20, 2024

സ്വർഗ്ഗസ്ഥനായ പിതാവേ

പരിതാപകരമായ അവസ്ഥയിൽ കേണുയാചിക്കുന്ന ഒരു യാചകന്റെ മനോഭാവം പ്രാർത്ഥനയുടെ സ്വഭാവമായി ക്രിസ്തു പരിചയപ്പെടുത്തിയില്ല. അത്തരം മനോഭാവം വിനയത്തിന്റേയോ ദൈവാശ്രയത്തിന്റെയോ അടയാളവുമല്ല. പ്രാർത്ഥന പിതാവുമായുള്ള ബന്ധമായി ക്രിസ്തു പഠിപ്പിച്ചു. ആവശ്യങ്ങൾ പറയുന്നത് മക്കളുടെ സ്വാതന്ത്ര്യത്തിലാണ്. നിർബന്ധമായും കരഞ്ഞു പ്രാർത്ഥിക്കുക, ആവർത്തിച്ചു പ്രാർത്ഥിക്കുക തുടങ്ങിയ ഉപദേശങ്ങൾ ദൈവികബന്ധത്തേക്കാൾ, നിസ്സഹായഘട്ടങ്ങളിൽ തേടപ്പെടുന്ന മാനസികാശ്വാസം മാത്രമായി നിലനിൽക്കും. ആ ദയനീയാവസ്ഥക്കു യോജിച്ച 'വചനം' സൃഷ്ടിക്കുന്ന ദൈവപുരുഷർ നമ്മുടെ ഇടയിലുമുണ്ട്.

ക്രിസ്തുവിന്റെ പ്രാർത്ഥനാനുഭവത്തിന്റെ അന്തരീക്ഷം നമുക്കുവേണ്ടിയും പങ്കുവയ്ക്കപ്പെടുകയാണ് 'സ്വർഗ്ഗസ്ഥനായ പിതാവേ...' പ്രാർത്ഥനയിൽ. എന്നാൽ, ഈ പ്രാർത്ഥന ഒരു മന്ത്രസൂക്തമായി ആയിരം തവണ ഒരാൾ ആവർത്തിച്ചാൽ, ആയിരം പേര് അതിൽ ഒരുമിച്ചു ചേർന്നാൽ, അങ്ങനെ പത്തുലക്ഷമാക്കിയാൽ ദൈവത്തിന്റെ രാജ്യം തനിയെ വന്നു ചേരില്ല. ദൈവരാജ്യത്തിന്റെ നീതി യാഥാർത്ഥ്യമാവുകയുമില്ല. അളവും കണക്കും വെച്ച് ആവശ്യപ്പെടാവുന്നതല്ല ദൈവകൃപ. പുത്രസ്വീകാര്യത എന്ന് വിളിക്കപ്പെടുന്ന ആനന്ദാനുഭവമായ മാനസാന്തരമാണ് അതിനാവശ്യം. ദൈവശിക്ഷയൊഴിവാക്കാനുള്ള മാറത്തടിയും വിലാപവും പരിഹാരങ്ങളും ഫലദായകമായ മാനസാന്തരമല്ല. അളവുകളിലേക്കും എണ്ണങ്ങളിലേക്കും കേന്ദ്രീകരിക്കപ്പെടുന്ന മാനസാന്തര ആഹ്വാനങ്ങളും ദൈവരാജ്യതീക്ഷ്ണതയും മാർക്കറ്റ് ശൈലികളെ പിന്തുടരുകയാണ്. വ്യക്തിപരമായി കുറ്റബോധം നിറക്കുകയും, അപരരെയെല്ലാം ദൈവനിഷേധികളായി കാണുകയും, എന്നാൽ സഭയും സമൂഹവുമായിക്കൊണ്ട് മാനസാന്തരമുണ്ടാവേണ്ട തലങ്ങളെ പാടെ നിരാകരിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ പേരിലാണെങ്കിലും ദൈവവിരുദ്ധമാണ്.
ദൈവത്തിന്റെ പേരിൽ സ്വയം ശക്തിസ്രോതസുകളാവുന്നത് ദൈവദൂഷണവും വിഗ്രഹാരാധനയുമാണ്. ഉപവസിച്ചൊരുങ്ങി ഞങ്ങളുടെ പ്രോഗ്രാമിൽ സംബന്ധിക്കുന്നത് ദൈവാനുഗ്രഹം ഉറപ്പാക്കും, ഉടമ്പടികൾ കാര്യങ്ങൾ നേടിത്തരും, ഞങ്ങളുടെ ചാനലിലെ ആരാധനകൾക്ക് പ്രത്യേക അഭിഷേകമാണ് എന്നിങ്ങനെയുള്ള അവകാശവാദങ്ങൾ വിശ്വാസത്തിന്റെയും ഭക്തിയുടെയും ശോഭയുള്ള ആധുനിക മതമാധ്യമ തന്ത്രങ്ങളാണ്.
All reac

ആസന്നമായ ദുരന്തം

അടുത്തിടെ മാർപ്പാപ്പാ-പ്രേമികളായവർത്തന്നെ മാർപ്പാപ്പ ലൗകികനാണെന്നു പറയാൻ കാരണമാക്കിയ ചാക്രികലേഖനമാണ് ലൗദാറ്റോ സി. നിത്യജീവിതത്തെക്കുറിച്ചു ധ്യാനിക്കേണ്ട നമ്മൾ പ്രകൃതിയെക്കുറിച്ചു വ്യഗ്രത കാണിക്കുന്നത് ലൗകികമാണെന്ന് ആത്മീയർ വാദിക്കുന്നുണ്ടായിരുന്നു. ആമസോൺ സിനഡ് പ്രകൃതിയെക്കുറിച്ചുള്ള കരുതൽ മാനസാന്തരത്തിന്റെ ഒരു മാനമായി പരിഗണിച്ചു. ആ കരുതൽ അനേകം കൊള്ളമോഹങ്ങളെ  എതിർക്കുന്നതിനാൽ പച്ചാമാമയിൽ വിഗ്രഹാരാധന ചാർത്തി മാർപ്പാപ്പയെ വിഗ്രഹാരാധകനാക്കി. പ്രാദേശികമായ സാംസ്‌കാരിക വീക്ഷണങ്ങൾ പാശ്ചാത്യ-മുഖ്യധാരാ സംവിധാനങ്ങളിൽ നിന്ന് അകലുന്ന പ്രവണതകളുള്ളപ്പോൾ ആ പ്രാദേശിക സംസ്കാരങ്ങളിൽത്തന്നെ വിശ്വാസത്തെ  അനുഭവമായും അനുഷ്ഠാനമായും കണ്ടെത്തുവാനും ആമസോൺ സിനഡ് പ്രയത്നിച്ചു. പേഗനിസത്തിന്റെയും വിഗ്രഹാരാധനയുടെയും ഒന്നാം പ്രമാണത്തിന്റെയും പേരിൽ  അതും എതിർക്കപ്പെട്ടു. വെളുപ്പിന്റെ വിശുദ്ധിയുടെ പുകഴ്ചയെ ദൈവവൽക്കരിക്കുന്ന വിശ്വാസപ്രമാണങ്ങൾ സത്യദൈവത്തോടുള്ള പൂര്ണവിശ്വസ്തതയായി വാഴ്ത്തപ്പെടുന്നു.

ലൗദാത്തോ സി പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ളതായിരുന്നില്ല. അത്  മനുഷ്യനെക്കുറിച്ചതെന്നയുള്ള ഒരു പുതിയ ദൈവശാസ്ത്രവീക്ഷണവും, അതുകൊണ്ടുതന്നെ ഒരു ക്രിസ്തുദർശനവും സഭാദർശനവും നൽകുന്നു. പ്രകൃതിയുടെ മേൽ ആധിപത്യം പുലർത്തുന്ന അധികാരിയായല്ല, പ്രകൃതിയിൽ അതിന്റെ ഭാഗമായാണ് മനുഷ്യനെ നോക്കിക്കാണേണ്ടത്. പ്രപഞ്ചത്തിലെ സകല അംഗങ്ങളും ക്രിസ്തുശരീരത്തിലെ അംഗങ്ങളാണ്. ഈ ശരീരയാഥാർത്ഥ്യത്തിൽ നിന്നും കൊണ്ട് പ്രകൃതിയെയും, അതിനോടുള്ള മനുഷ്യന്റെ ഉത്തരവാദിത്തങ്ങളെയും പുനർനിർവചിക്കാനാവണം. 

ലൗദാത്തോ സി യുടെ തുടർച്ചയെന്നവണ്ണം ലൗഡാത്തെ ദേയോ അവതരിപ്പിച്ചത് പരിസ്ഥിതി വന്നെത്തിയിരിക്കുന്ന ദുരന്താവസ്ഥയെക്കുറിച്ചാണ്. എങ്കിലും, പ്രകൃതിയുടെ പുനരുദ്ധാരണത്തെക്കാൾ  പരസ്പരം ഉത്തരവാദിത്തത്തോടും സഹവർത്തിത്തത്തോടും കൂടി ദുരന്തമുഖത്ത് എങ്ങനെ മനുഷ്യരായിത്തീരാൻ കഴിയും എന്നതാണ് ധ്യാനം. രാഷ്ട്രീയവും, സാമൂഹികക്രമങ്ങളും നയപരിപാടികളും അതിൽ ഉൾപ്പെടുന്നു. 

മനുഷ്യർ ഒന്നായിച്ചേർന്നു നടക്കുന്ന കാലഘട്ടത്തിന്റെ വെളിച്ചതിനായാണ് പ്രാർത്ഥനായജ്ഞങ്ങളും മാനസാന്തരങ്ങളും ആഹ്വാനം ചെയ്യപ്പെടേണ്ടത്. അത് വലിയൊരു വിളി തന്നെയാണ്. രഹസ്യങ്ങളുടെ 'വെളിപാടുലോകത്തു' നിന്ന് കൊണ്ട് പ്രവചനങ്ങൾ നടത്തുന്നവർ യാഥാർത്ഥ്യങ്ങളുടെ ലോകത്തു മനുഷ്യരെ കാണാൻ കഴിയാത്തവരാണ്. ഒരു 'കടന്നു പോകൽ' പ്രക്രിയയെ മാറ്റിനിർത്തിക്കൊണ്ട് ഒരു ദുരന്തകാലവും 'വെളിപാടിന്റെ' നവീകരണ അനുഭവം പകരില്ല. മന്ത്രധ്വനികൾ കൊണ്ട് ഒരു പുതുലോകം സാധ്യമാക്കാൻ കഴിയില്ല. നീതിയെ ആഗ്രഹിക്കാനും അതിനൊത്ത മാനസാന്തരം 'സ്വയം' അർപ്പണബോധമാകുവാനും കഴിയണം. ദൈവം സൃഷ്ടിച്ച ക്രമങ്ങളെ കൊള്ളലാഭത്തിനായി മനുഷ്യൻ തകർത്തിട്ടുണ്ടെങ്കിൽ, അതിന്റെ ക്രമരാഹിത്യം കൊണ്ട് വരുന്ന ക്ഷോഭങ്ങൾ സ്വാഭാവികമായ പ്രകൃതിനിയമം മാത്രമാണ്. അതിനെ അതിസ്വാഭാവിക ആത്മീയതകൊണ്ട്  മാറ്റി നിർത്താമെന്ന മോഹം അതിമോഹമാണ് നിരുത്തരവാദപരമാണ്. പുനരുദ്ധരിക്കുകയോ പരിഹരിക്കുകയോ ചെയ്യാനാകുന്ന സമയം  അതിക്രമിച്ചു കഴിഞ്ഞു. പാരിസ്ഥിതികമായ മാനസാന്തരം,  പരസ്പരം കൈകോർത്തുപിടിക്കാൻ എങ്ങനെ നമ്മെ ഒരുക്കേണ്ടതുണ്ട് എന്ന മാനവിക ചിന്തയാണ് മുന്നോട്ടു വയ്ക്കുന്നത്. അത് ഒരു സുവിശേഷ ആഹ്വാനമായി സ്വീകരിക്കുവാൻ നമുക്ക് കഴിയണം. 

ആദർശങ്ങളുടെയും മതങ്ങളുടെയും രാഷ്ട്രീയത്തിന്റെയും അതിരുകളിൽ സുരക്ഷ കണ്ടെത്തുന്നവർ സുവിശേഷത്തിന്റെ വിളിയെ നിരാകരിക്കുന്നവരാണ്. ഈ അതിരുകളെ ഉപേക്ഷിക്കുവാനുള്ള മാനസാന്തരത്തിലേക്ക്  ദുരന്തങ്ങളെക്കുറിച്ചു വെളിപാട് നൽകുന്ന ദൈവപുരുഷർ നയിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. അകൽച്ചകളെ ആഘോഷിക്കുകയും വിശുദ്ധമാക്കുകയും ചെയ്യുന്ന അനേകം ഘടകങ്ങൾ ശക്തമാകുമ്പോൾ, അവർ ദൈവത്തിന്റെ പേരിൽ വെറുപ്പ് പ്രോത്സാഹിപ്പിക്കുമ്പോൾ ഈ ദൈവപുരുഷർ സൗകര്യപൂർവം മൗനമായിരിക്കുന്നു എന്നത് ദൈവികസ്വഭാവത്തിലുള്ളതല്ല.

മിഥ്യകളുടെ വെളിപാടുകളിൽ യഥാർത്ഥത്തിലുള്ള പ്രശ്നപരിഹാരങ്ങളില്ല. അത്തരം വെളിപാടുകൾ ദൈവനാമത്തെ അപഹസിക്കുകയാണ്. സത്യാവസ്ഥകളിൽ നിന്ന് അകറ്റി നിർത്തിക്കൊണ്ട് രൂപപ്പെടുത്തുന്ന മിത്തുകളെ  വിശ്വാസ്യമാക്കിത്തീർത്തുകൊണ്ട്, സംരക്ഷിക്കേണ്ട സ്ഥാപനസംവിധാനങ്ങളെ സംരക്ഷിച്ചു നിർത്തുകയും, എന്നാൽ അതേ മിത്തുകളുടെ ഘടകങ്ങളിൽ വിശ്വാസികളെ കോർത്തിണക്കി അതിനുള്ളിൽ ചുറ്റിത്തിരിക്കുകയും ചെയ്യുന്നു. 

ദുരന്തകഥകൾ ഭീതിമാത്രമല്ല ആശ്വാസവുമാണ്. പ്രതിസന്ധികളുടെ സങ്കീർണതകൾ രൂപപ്പെടുത്തുന്ന ഭയത്തെത്തന്നെ ബാഹ്യമായി പ്രകടിപ്പിക്കാൻ കഴിയുന്ന കഥകൾ ഓരോ കാലഘട്ടത്തിലും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. സത്യങ്ങളെ നേരിട്ട് കാണാനും പുതുസൃഷ്ടിയായി നാളെകളിലേക്കു നടക്കാനും കഴിയുന്നെങ്കിലെ അതിൽ വെളിപാടുകളുള്ളൂ. സത്യങ്ങളെ മറച്ചുനിർത്തിക്കൊണ്ട്, ആത്മീയതയുടെയും ഭക്തിയുടെയും മയക്കത്തിലേക്ക് വിശ്വാസികളെ അടച്ചുപിടിക്കുന്ന കഥകൾ  പുതിയ പ്രഭാതങ്ങൾ തുറന്നു നൽകില്ല. 

സഭയിലെ തകർച്ചകളെക്കുറിച്ച് വിനാശത്തിന്റെ ആശങ്ക പാകുകയല്ല വേണ്ടത്. പ്രബോധനവും അജപാലനവും എവിടെ പരാജയപ്പെട്ടുവോ അവിടെ മാതൃത്വ-സമീപനത്തിന്റെയും പിതൃത്വ-പരിപാലനയുടെയും  സത്യത്ത്തിന്റെ പ്രബോധനത്തിന്റെയും സ്വയം നവീകരിക്കാനുള്ള ധീരതയുടെയും മനോഭാവങ്ങൾ കൊണ്ട് വരുവാൻ ആവശ്യമായ മാനസാന്തരത്തിനു വഴികൾ തേടുകയാണ് വേണ്ടത്. സിനഡൽ പാതയുടെ ഭോഷത്തം കുരിശിന്റെ ഭോഷത്തമെന്ന പോലെ സ്വീകരിക്കാൻ പുരോഹിതരെയും മെത്രാന്മാരെയും ആഹ്വാനം ചെയ്ത ധ്യാനഗുരുക്കന്മാർ ആരെങ്കിലുമുണ്ടാകുമോ? പ്രശ്നങ്ങളെ തമസ്കരിക്കുവാൻ, ഏതെങ്കിലും കൂട്ടത്തെ പൈശാചികവൽക്കരിച്ചുകൊണ്ട് വിമതർ നിരീശ്വരവാദികൾ സുഡാപ്പികൾ തുടങ്ങിയ പേര് കൊടുക്കുകയാണ് സഭാസംരക്ഷകർ ചെയ്തുപോന്നത്. ഈ സഭാസംരക്ഷകരും 'ഭക്ത'ജനങ്ങളും തീർക്കുന്ന സമൂഹത്തെക്കൊണ്ട് സംതൃപ്തമാകുന്ന 'സഭ' ഈ അടുത്ത കാലത്തു മാത്രം അകന്നു പോയവരെക്കുറിച്ചോ ആ അകൽച്ചയുടെ പ്രതിഭാസത്തെക്കുറിച്ചോ  വിചിന്തനം ചെയ്യുന്നു പോലുമില്ല. പ്രധാനമായും അത് തങ്ങളെത്തന്നെ പ്രതിക്കൂട്ടിൽ നിർത്തും എന്നുള്ളതുകൊണ്ടുതന്നെ. മൗലികതയും കപടഭക്തിയും അസഹിഷ്ണുതയും പോഷിപ്പിക്കുവാൻ നിർമ്മിതമായ സംവിധാനങ്ങൾ ഉപേക്ഷിക്കുകയാണ് സഭയിൽ ആസന്നമായിരിക്കുന്ന ദുരന്തത്തെ അഭിമുഖീകരിക്കുവാൻ ആവശ്യമായിട്ടുള്ളത്. ആസന്നമായ ദുരന്തം 

ഫെബ്രുവരി 17, 2024

വിജനപ്രദേശത്തേക്ക്

വിജനമായ ഭൂമിയിൽ ഒരുവൻ സ്വീകരിക്കുന്ന രൂപത്തെ കാണിച്ചു തരുന്ന വെളിച്ചമാണ് സുവിശേഷം. ഈ സുവിശേഷത്തിന്റെ വെളിച്ചത്തെ മറച്ചുകളയുന്നതാണ് ഏതു പ്രലോഭനവും. പ്രലോഭനങ്ങൾ ഭീതിപ്പെടുത്തുന്ന തിന്മയുടെ രൂപത്തിലല്ല സമീപിക്കുന്നത്, നന്മയുടെ ഭാവങ്ങളിലാണ്. അതും, ദൈവത്തിന്റെ ശക്തിയുടെ രൂപങ്ങളിൽ.

എളുപ്പവിദ്യകൾ കാണിച്ചുകൊണ്ട് വിജനപ്രദേശത്തേക്ക് സഹായഹസ്തവുമായി വരുന്ന ദിവ്യരുണ്ട്. ദേവാലയഗോപുരത്തിനും മുകളിൽ അത്യുന്നതന്റെ കൂടാരത്തിന്റെ അകത്തളത്തിൽ വസിക്കുന്നവർ ആണ് അവർ എന്ന് അവർ സ്വയം പറയുന്നു. ആ ലോകത്തു അഭിരമിക്കുവാൻ പഠിപ്പിച്ചുകൊണ്ട് സുവിശേഷത്തിന്റെ സൗന്ദര്യവും സത്യവും സ്വാതന്ത്ര്യവും അവർ അകറ്റി നിർത്തുന്നു. കല്ലുകൾ അപ്പമാക്കപ്പെടുന്നതും, ദേവാലയമുകളിൽനിന്നും ചാടിവരുന്നവരായും അവർ കാണപ്പെടും.

ദേവാലയഗോപുരത്തിൽ നിന്ന് ചാടാനുള്ള സിദ്ധിയും, ദേവാലയത്തിന്റെ ശക്തിയും മാസ്മരികമാണ്. കല്ലുകളെ അപ്പമാക്കുന്നതും വലിയ ശക്തിയാണ്. ദൈവത്തിന്റെ വചനം മായാജാലത്തിന് ഉപകരണമാവുകയും, ദൈവത്തിന്റെ കരുതൽ താരശോഭക്കുള്ള മാർഗ്ഗമായും മാറുന്നു. സുവിശേഷഭാഗ്യങ്ങൾക്ക് അവിടെ ഇടമില്ലാതാവുകയും തിന്മയുടെ മുമ്പിൽ താണുവണങ്ങുകയും ചെയ്യുന്നു.

ഫെബ്രുവരി 14, 2024

സുവിശേഷത്തിന്റെ വിളനിലമറിയാതെ

മനുഷ്യന്റെ കൃപാസാധ്യതകളെക്കുറിച്ചുള്ള അവിശ്വാസമാണ് പലപ്പോഴും ആത്മീയതയായി ഘോഷിക്കപ്പെടുന്നത്. കണ്ണുനീരിന്റെ താഴ്‌വരയിൽ തപ്പി നടക്കാൻ ശാപമേറ്റ ഒരു അവസ്ഥയാണ് ദൈവം നൽകിയിരിക്കുന്നതെന്ന് വിശ്വസിക്കുന്നത് എളുപ്പം മാത്രമല്ല, അതിന്റെ ദയനീയതയും അത് മുന്നോട്ടു വയ്ക്കുന്ന പരിഹാരങ്ങളും പലർക്കും വൈകാരിക ആശ്വാസം കൂടിയാണ്. ശരീരം എന്ന ചുമടിനെക്കുറിച്ചും അതിന്റെ മലിനതയെക്കുറിച്ചുമാണ് സ്വയം ഓർമ്മപ്പെടുത്താൻ ശ്രമിക്കാറ്. അങ്ങനെ ചെയ്യുക വഴി 'ആത്മാവ്' കൂടുതൽ ശക്തി പ്രാപിക്കുകയും പ്രകാശിക്കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു. ആകർഷണീയമായ ആ മിത്തിന്മേൽ നെയ്തെടുക്കപ്പെടുന്ന ആത്മീയത സുവിശേഷത്തിനു തന്നെ അസാധ്യത കല്പിക്കുന്നു. നോമ്പ് ക്രിസ്തുവിനെ തേടുന്നതാവണമെങ്കിൽ ആത്മീയതയുടെ കാല്പനിക സങ്കല്പങ്ങളെ  തിരുത്താൻകൂടി നമുക്ക് കഴിയണം. അല്ല എങ്കിൽ സുവിശേഷത്തിന്റെ വിളനിലമറിയാതെ പറുദീസ സ്വപ്നം കാണുകയാണ്.

ഫെബ്രുവരി 13, 2024

ഉപവാസങ്ങൾ

നീതിക്കു വേണ്ടിയുള്ള വിശപ്പും ദാഹവും ജനിപ്പിക്കാത്ത നോമ്പുകാല ഉപവാസങ്ങൾ വ്യർത്ഥമാണ്. നീതിയുടെ പ്രവൃത്തികളും പരസഹായവും ലക്ഷ്യമാക്കാത്ത ഉപവാസങ്ങൾ ക്രിസ്തീയമായി ശൂന്യമാണ്. അത്തരം പരിഹാരങ്ങൾ ആഗ്രഹിക്കാതെ, ദിനംപ്രതിയായുള്ള കുര്ബാനകളും ആരാധനകളും ദൈവത്തിന്റെ മനം മടുപ്പിക്കും. അനുരഞ്ജനത്തിനും സമാധാനത്തിനും ഇടം കൊടുക്കാതെ എന്തെല്ലാം കപടതകളാണ് വരും നാളുകളിൽ ദൈവമുഖം വികൃതമാക്കാനിരിക്കുന്നത്.

നീതിയും സത്യവും തുറന്നു തരുന്ന സ്വാതന്ത്ര്യമാവണം ഉപവാസത്തിന്റെ ലക്‌ഷ്യം. കാരണം, ഉപവാസത്തിന്റെ സത്ത നീതിയാണ്. ഉദ്ദേശ്യ നിവൃത്തിക്കായുള്ള ഉപവാസങ്ങൾ മനുഷ്യനിർമ്മിതമാണ്. മർദ്ദിതരുടെ കെട്ടുകൾ പൊട്ടിക്കുകയും പീഡിതരുടെ നുകമഴിക്കുകയും അനാഥർക്കു തുണയാവുകയും ചെയ്യുന്നത് സാമൂഹിക (അതിനാൽ ലൗകികവും) പ്രവൃത്തി മാത്രമാണെന്ന് പറയുന്നവരുണ്ട്. നീതിയുടെ സ്വാതന്ത്ര്യമുള്ള ആത്മീയതയിൽ നിന്നേ അപരരുടെ സ്വാതന്ത്ര്യത്തിനായി ആഗ്രഹിക്കാൻ കഴിയൂ എന്ന സത്യം അവർ മാറ്റി നിർത്തുന്നു.

ഫെബ്രുവരി 11, 2024

അശുദ്ധി

 നീ ശുദ്ധനായിരിക്കുന്നതിന് എനിക്ക് മനസുണ്ട് എന്ന് ക്രിസ്തു പറഞ്ഞത് 'കുഷ്ഠരോഗി ശുദ്ധരുടെ ഗണത്തിൽ ആയിരിക്കരുത് എന്ന് വരുത്തിത്തീർത്തവരുടെ പ്രമാണങ്ങൾക്ക് ഒരു വെല്ലുവിളികൂടിയാണ്. അതുകൊണ്ട് സൗഖ്യത്തിനായി നീ മനസാവുക എന്നതിനേക്കാൾ ശുദ്ധതയുടെ പ്രമാണങ്ങളെ തിരുത്തിയും നീ എന്നെ സ്വീകരിക്കുമോ എന്നുകൂടിയാണ് കുഷ്ഠരോഗി ക്രിസ്തുവിനോട് ചോദിച്ചത്. 


ശുദ്ധത സാമൂഹികവും മതപരവുമായ ഒരു മുൻവിധിയാണ്. ആ വിധിയുടെ അടിസ്ഥാനത്തിൽ അശുദ്ധരാക്കപ്പെടുന്നവർ അനേകരാണ്. വിജാതീയനും, വിമതനും, രോഗിയും, പാപിയും അശുദ്ധിയുടെ കറ ഏല്പിക്കപ്പെട്ടവയാണ്. സത്യമില്ലാത്തതുകൊണ്ടും ശാപമേറ്റതുകൊണ്ടും പുറംനാട്ടുകാരനായതുകൊണ്ടും കറുത്തവരായതുകൊണ്ടും ശുദ്ധിയില്ലാത്തവരായി കാണപ്പെടുന്നവർ. മേൽക്കോയ്മയുള്ളവരും മേൽക്കോയ്മ തേടുന്നവരുമാണ് ശുദ്ധി-അശുദ്ധിയുടെ നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതും. 

അശുദ്ധിയുടെ ഒരു കറയും കാണാതെ സകലരെയും സ്വീകരിച്ചവനാണ് ക്രിസ്തു. വിധികൾ കൊണ്ട് ആർക്കെങ്കിലും അയിത്തം കല്പിക്കുന്ന ഒരാൾക്ക് ക്രിസ്തുവിന്റെ അനുയായി ആയിരിക്കാൻ കഴിയില്ല. ദൈവിക പരിശുദ്ധിയുടെ പരിമളതയിലാണ് അശുദ്ധികളുടെ  വിധിവാചകം കല്പിക്കപ്പെടുന്നത് എന്നതാണ് ദുരന്തം. സ്വന്തം ഹൃദയകാഠിന്യത്തെ ശുദ്ധതയായി അവർ വാഴ്ത്തിപ്പാടും. 

അശുദ്ധരായി ഗണിക്കപ്പെടുന്നവരെ സ്വീകരിക്കുവാൻ 'മനസാകുന്നവർ' അശുദ്ധരാക്കപ്പെടും എന്നത് അതിന്റെ സ്വാഭാവികമായുള്ള വിലയാണ്. ക്രിസ്തു അശുദ്ധരുടെ ഗണത്തിലേക്ക് മാറ്റപ്പെട്ടു. 

ഫെബ്രുവരി 06, 2024

ദേവാലയം

ദൈവത്തിന്റെ മഹത്വമെന്താണ്? അത് ദൈവത്തിന്റെ സൗന്ദര്യമാണ്. ദൈവത്തിന്റെ സൗന്ദര്യം നന്മയാണ്. 

ദൈവമഹിമ സൃഷ്ടികളിൽ തെളിയുന്നത്, ആ നന്മ ഫലമായി സൃഷ്ടിവസ്തുക്കളിൽ വളർന്നു പുഷ്പിക്കുമ്പോഴാണ്. ചുറ്റുമുള്ള സൃഷ്ടപ്രപഞ്ചത്തെ കണ്ടുകൊണ്ട് 'ദൈവമേ നിന്റെ വാസസ്ഥലം എത്ര മനോഹരം' എന്ന് പറയാൻ ഇനിയും നമ്മൾ പരിശീലിച്ചിട്ടില്ല. ദേവാലയത്തിന്റെ തൂണുകളുടെ സൗന്ദര്യത്തിലും താഴികക്കുടങ്ങളുടെ ഗാംഭീര്യത്തിലും 'ദൈവമഹിമ കാണുന്ന ദൗർഭാഗ്യത്തിലാണ് നമ്മൾ. ദൈവത്തിന്റെ സ്വഭാവത്തിന് യോജിക്കാത്തതും  ദൈവം ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്തതുമായ സംവിധാനമാണ് 'ദേവാലയം.' ആകാശവും ഭൂമിയും നിറഞ്ഞു വ്യാപരിക്കുന്ന നിനക്കായി ഞാൻ ഇതാ ഒരു വാസസ്ഥലം പണിതിരിക്കുന്നു എന്ന് പറയുന്ന സോളമന്റെ വാക്കുകളിൽത്തന്നെ അതിന്റെ അർത്ഥശൂന്യതയുമുണ്ട്. പണിതെടുത്ത ദേവാലയത്തെ, 'ഇത് മോശ അന്ന് കൂടാരത്തെക്കുറിച്ച് കല്പിച്ചതു പോലെയാണെന്ന്' പറഞ്ഞു ദൈവഹിതമാക്കുന്നതോടെ ദൈവം ദേവാലയത്തിൽ അടക്കപ്പെടുന്നു. 'ഇതാ ദൈവത്തിന്റെ വാസം നമുക്കിടയിൽ'  എന്ന അനുഭവം കൂടാരത്തെക്കുറിച്ചോ ദേവാലയത്തെക്കുറിച്ചോ മാത്രമാക്കിത്തീർത്തത്തിന്റെ ഫലം ദൈവം സാധാരണക്കാർക്ക്  അസ്പർശ്യമായി എന്നതാണ്.


യഥാർത്ഥ ദേവാലയം നമ്മളെയെല്ലാം ഉൾക്കൊള്ളുന്ന ക്രിസ്തുശരീരമാണ്. അതിനു മനോഹാരിത നൽകുന്ന രത്നങ്ങളും അമൂല്യമായ കല്ലുകളും നമ്മിൽ വളർന്നിട്ടില്ല പുണ്യങ്ങളാണ്. അവയിലാണ് ദൈവമഹിമ തിളങ്ങുന്നത്. ജീവൻ പകരുന്ന ത്യാഗപ്രവൃത്തികളും പ്രാർത്ഥനകളും ക്രിസ്തു-അൾത്താര സത്യമാക്കുന്നു. ജീവൻ പകരുന്ന ശൂന്യവത്കരണങ്ങളിൽ ക്രിസ്തു-ബലിയും യാഥാർത്ഥ്യമാകുന്നു. ബലികൾ മൃതമായ അനുഷ്ടാനമാകുമ്പോൾ ദേവാലയം വിഗ്രഹമാകും. 


ദൈവരാജ്യത്തിന്റെ അതിരുകളും നിബന്ധനകളും നിശ്ചയിച്ചുറപ്പിച്ച നമുക്ക് ദേവാലയഭിത്തികൾ സുരക്ഷിതമായ അലങ്കാരമാവും. സ്വർഗ്ഗകവാടത്തിന്റെ താക്കോലുകൾ കൈവശം വച്ചിരിക്കുന്നെന്ന ദേവാലയ അഹന്ത  ക്രിസ്തു തന്നെ തച്ചുടച്ചതാണ്. 

ഫെബ്രുവരി 04, 2024

ചരിത്രവും പാരമ്പര്യവും

നിർമ്മിതമാവുന്ന ചരിത്രവും പാരമ്പര്യവും വിശ്വാസത്തിൽ നിന്നും ഉത്ഭവിച്ചു വരുന്നതല്ല, അധികാര ലാഭം ലക്‌ഷ്യം വച്ചുള്ളതാണ്.

നിഷ്ക്രിയമാക്കുന്ന പോസിറ്റിവിറ്റി

പോസിറ്റീവ് ചിന്ത വളരെ പ്രധാനമാണ്; നല്ലതു ചിന്തിക്കാനും നല്ലതു പറയാനും നല്ലത് ആഗ്രഹിക്കാനും. എന്നാൽ, സുവിശേഷ പ്രസംഗം പോലും പോസിറ്റീവ് വൈബ് ശൈലി കൈയടിക്കിയിരിക്കുന്ന ഈ കാലത്ത് അത് എത്ര മാത്രം പോസിറ്റീവും ക്രിയാത്മകവുമാണെന്നു വിലയിരുത്തുന്നത് നല്ലതാണ്. നന്മയെ ജനിപ്പിക്കാൻ കഴിയുന്നെങ്കിലേ പോസിറ്റിവിറ്റി പ്രത്യാശ നൽകൂ. ഒറ്റപ്പെട്ടേക്കുമെന്നുള്ള ആകുലതയും ഉത്തരവാദമേറ്റെടുക്കാനുള്ള ഭയവും നിസ്സംഗതയും പോസിറ്റിവിറ്റിയുടെ നല്ല മുഖത്തിനുള്ളിൽ സംരക്ഷിക്കപ്പെടുന്നുണ്ട്. പുര കത്തുമ്പോൾ കൈകൊട്ടിപ്പാട്ട് നടത്തുന്ന വിഡ്ഢിച്ചിരി പോസിറ്റിവിറ്റിയല്ല. തിന്മയെ നേര്മുഖം കണ്ടിട്ടും അത് തിന്മയാണെന്ന് ഗ്രഹിക്കാൻ പോലും കഴിയാത്ത വിധം ഇത്തരം പോസിറ്റിവിറ്റി പലരെയും നിഷ്ക്രിയരാക്കിയിരിക്കുന്നു. ദൈവം സർവ്വശക്തനാണെന്നും എല്ലാം ദൈവം ചെയ്തുകൊള്ളുമെന്നുള്ള ന്യായീകരണവും അതിനു രക്ഷയായി വരുന്നു. അത് പോസിറ്റിവിറ്റിയല്ല ഒഴിഞ്ഞുമാറലിലെ നെഗറ്റിവിറ്റിയെ ദൈവനാമം കൊണ്ട് അലങ്കരിക്കലാണ്. ദൈവം അവരെക്കുറിച്ചു നിരാശപ്പെട്ടു കഴിഞ്ഞു. 

ഫെബ്രുവരി 03, 2024

ഹൃദയം തകർന്നവർക്ക്

മാസ്മരികത സൃഷ്ടിക്കുന്ന ദൈവികപ്രവൃത്തികളെക്കുറിച്ചു പറയാൻ ആർക്കും ആവേശമുണ്ടാവും. ഹൃദയം തകർന്നവർക്ക് സമീപത്തായിരിക്കുന്ന ദൈവത്തെക്കുറിച്ചു പറയുമ്പോൾ വീണ്ടും ആശ്വാസത്തെക്കാൾ അത്ഭുതം പരിചയപ്പെടുത്തുന്നവരാണ് ഏറെയും, എങ്കിലും അനിശ്ചിതത്വം അവിടെ ബാക്കിയാകുന്നുണ്ട്. സൗഖ്യം കാത്തിരിക്കുന്നവരും സൗഖ്യത്തിന്റെ ശുശ്രൂഷകരും ദൈവത്തിന്റെ ശാന്തതയുടെ അടുത്തെത്തിയേ  ആ ആശ്വാസമറിയാനാകൂ. അവിടെ മാസ്മരികതയല്ല, ഹൃദ്യതയാണ്. 

അധ്വാനിക്കുന്നവരെയും ഭാരം വഹിക്കുന്നവരെയും ആശ്വാസത്തിന്റെ ഉറപ്പോടെ ക്രിസ്തു തന്നിലേക്ക് വിളിച്ചു. ജീവിതത്തിന്റെ സംഘർഷങ്ങളിൽ ജീവന്റെ പുതിയ അടയാളങ്ങൾ തെളിച്ചു തരുന്നവനാണ് ക്രിസ്തു. ചുമതലകളും ഭാരങ്ങളും സമ്മർദ്ദങ്ങളും ഓരോദിവസവും ഏല്പിച്ചു തരുന്ന ദാസ്യത പോലെയാണെന്ന് ജോബ് പറയുമ്പോൾ അനുദിനപ്രക്രിയകളുടെ സത്യാവസ്ഥയിലേക്കു അത് വിരൽ ചൂണ്ടുന്നു. ദിനത്തിന്റെ വചനസത്യമായാണ് ക്രിസ്തു ആശ്വാസം പകർന്ന് സമീപസ്ഥനാകുന്നത്. ഓരോ ദിനത്തിന്റെയും സത്യവിവരണമാണ് അവനുമുമ്പിൽ പ്രാർത്ഥനയാകേണ്ടത്.

ഫെബ്രുവരി 02, 2024

സമർപ്പണത്തിന്റെ സത്യം

ഓരോ സമർപ്പണവും അതിന്റെ ഫലദായകത്തിന്റെ അടയാളങ്ങൾ ദൃശ്യമാക്കുന്നെങ്കിലേ സമർപ്പണത്തിന് സത്യമുള്ളൂ; ഒരു കുടുംബത്തിലോ സന്യാസത്തിലോ സഭയിലോ ആവട്ടെ. ആത്മാർത്ഥമായ സമർപ്പണമുണ്ടെങ്കിൽ പരിശുദ്ധാത്മാവ് നിറഞ്ഞ വ്യക്തികളെയും കുടുംബങ്ങളെയും സഭയെയും കാണുവാൻ നമുക്ക് കഴിയും. സമർപ്പണം ഒരു ഹൃദയബന്ധമാണ്. യേശു തന്നെത്തന്നെ സമർപ്പിച്ചത് പിതാവിന്റെ ഇഷ്ടം പൂർത്തിയാക്കുന്നതിനായാണ്. അവൻ നൽകിയ സൗഖ്യവും അത്ഭുതങ്ങളും സന്ദേശവും ഈ സമർപ്പണത്തിന്റെ അടയാളങ്ങളായിരുന്നു.  ദൈവരാജ്യത്തിന്റെ ആനന്ദം സൗജന്യമായി തുറക്കുക കൂടിയാണ് സമർപ്പണത്തിന്റെ സത്യം. 

ദേവാലയ ശുശ്രൂഷകളുടെയോ മതാനുഷ്ടാനത്തിന്റെയോ സംതൃപ്തിയോ കടപ്പാടോ സമർപ്പണമാകുന്നില്ല. ദേവാലയകേന്ദ്രീകൃതമായ അനുഷ്ഠാനങ്ങളും സന്യാസവും ദൈവേഷ്ടത്തിനു പകരം സംതൃതി പകരുന്ന ഭക്തിപ്രക്രിയകളാകുമ്പോൾ സമർപ്പണത്തിന്റെ അടയാളങ്ങൾ ഉണ്ടാവില്ല. സമർപ്പണ-നിർവ്വചനങ്ങൾ സ്വയം ചുരുക്കുന്നത് അത്തരം ആശ്വാസങ്ങളിലേക്കാണ്. സമർപ്പണം അതിൽ സംതൃപ്തിയടയുകയുകയും ചെയ്തുപോരുന്നു.

സമർപ്പണം ദൈവവുമായുള്ള ബന്ധമാണ്; സമർപ്പണം എല്ലാവരോടുമൊത്തു ക്രിസ്തുവിൽ ഒന്നായിരിക്കുക എന്നതാണ്. ആത്മാർത്ഥമായ തുറവിയുണ്ടെങ്കിൽ പരിശുദ്ധാത്മാവ് ചെയ്യുന്ന പ്രവൃത്തിയാണത്.

ആത്മാർത്ഥമായ സമർപ്പണമുണ്ടെങ്കിൽ, ജീവിക്കുന്ന വചനസാന്നിധ്യത്തെ നമ്മുടെ കാലഘട്ടത്തിൽ അടുത്തറിയാൻ കഴിയും വിധമുള്ള അന്തരീക്ഷമുണ്ടാകും. അവിടെയെ ചരിത്രം അതിന്റെ വേദനകളിലും ഭാരങ്ങളിലും വിശുദ്ധീകരണം പ്രാപിക്കൂ. സമർപ്പണത്തെ മതാനുഷ്ഠാനമാക്കുമ്പോഴാണ് വചനം നിർമ്മിതവ്യാഖ്യാനങ്ങളിലേക്ക് അടക്കപ്പെടുന്നത്.  ആത്മാർത്ഥമായ സമർപ്പണം, കാലഘട്ടത്തോട് സത്യം പുലർത്തുകയും സത്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതുമായ പ്രബോധനപ്രക്രിയ തുറന്നു നൽകും; നിഷ്കളങ്കവും ദർപ്പണശോഭയുള്ളതുമായ ആത്മീയത്തിലേക്കും അത് നയിക്കും. സമർപ്പണം ആത്മാർത്ഥമാണെങ്കിൽ വിശുദ്ധിയുടെയും ആത്മസൗന്ദര്യത്തിന്റെയും പ്രവൃത്തികളും നമ്മിലും സഭയിലുമുണ്ടാകും. യഥാർത്ഥ സമർപ്പണം ക്രിസ്ത്വാഗമനം യഥാർത്ഥവും ജീവിക്കുന്ന അനുഭവവുമാക്കും.

ഫെബ്രുവരി 01, 2024

ഇടയത്വം അറിയാതെ

ഇടയത്വം അറിയാതെയാണ്, അരമനയിലെ ഉപജാപങ്ങൾക്കിടയിൽ ദാവീദിന്റെ സിംഹാസനത്തിൽ സോളമൻ ആരൂഢനായത്. തിരിച്ചറിവിന്റെ വരദാനം പ്രാർത്ഥിച്ചെങ്കിലും അതില്ലാതെ അയാൾ ഭരണം നടത്തി. അപ്പസ്തോലർക്കു നൽകിയ അധികാരം അത്തരത്തിൽ സുപ്രതിഷ്ടിതമായ സിംഹാസനത്തിന്റേതല്ല എന്ന് ഓർമ്മപ്പെടുത്താൻ കൂടിയാണ് പണമോ സഞ്ചിയോ ഇല്ലാതെ അവർ അയക്കപ്പെട്ടത്. ദൈവാശ്രയബോധമില്ലാതെയുള്ള  അത്ഭുതപ്രാർത്ഥനകളും അധികാരസങ്കല്പങ്ങളും നടത്തിപ്പ്ക്രമങ്ങളും തിന്മകളെ നീക്കാൻതക്ക നന്മ ഉളവാക്കാനോ സുവിശേഷം നൽകാനോ സൗഖ്യം പകരാനോ കെല്പുള്ളവയല്ല.

ജനുവരി 31, 2024

നിയമം വീണ്ടും

 സുവിശേഷം നിയമാനുസൃതമല്ലാതിരുന്നത് കൊണ്ടാണ് സ്വീകരിക്കപ്പെടാതെ പോയത്. എന്നാൽ, സുവിശേഷത്തിന്റെ ജീവൻ നിയമത്തിനുണ്ടായിരുന്നില്ല. നിയമം വീണ്ടും പ്രാബല്യം നേടുകയും സുവിശേഷം അവഗണിക്കപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? 

ജനുവരി 29, 2024

സർഗ്ഗസൗന്ദര്യം

ക്രിസ്തു അധികാരത്തോടെ സംസാരിച്ചു എന്നത് ഒരു പദവിയുടെ പ്രബലതയോ ഒരു വിഷയത്തിലെ ഗഹനമായ അറിവോ ആയിരുന്നില്ല. ആ അധികാരം സർഗ്ഗസൗന്ദര്യത്തിന്റേതാണ്. അവന്റെ ശബ്ദത്തിൽ, കേൾക്കുന്നവരുടെ ജീവിതങ്ങളെക്കുറിച്ചുള്ള സത്യമുണ്ടായിരുന്നു. പാപം മാത്രം ചികഞ്ഞറിയുന്ന നിയമപാലകരുടെ അധികാരം അവരെ ചൂഷണം ചെയ്തപ്പോൾ, ഭാരം വഹിക്കുന്നവർക്കു ആശ്വാസമാകുന്ന നല്ല വചനം അവരുടെ സത്യത്തിലേക്ക് അവരെ തുറന്നു കാട്ടുന്നതായിരുന്നു. 

സത്യത്തിന്റെ സ്പർശനമേൽക്കുമ്പോഴേ, സത്യം തെളിഞ്ഞു നില്കുമ്പോഴേ, സത്യം ആഗ്രഹികുമ്പോഴേ നന്മ മുളപൊട്ടാൻ  ആവശ്യമായ സ്വാതന്ത്ര്യം ഉണ്ടാകൂ. ആ സത്യത്തിലേക്കും നന്മയിലേക്കും നയിക്കുന്ന അധികാരത്തിലേ സർഗ്ഗസൗന്ദര്യമുണ്ടായിരിക്കൂ. അതിനേ ജീവൻ നൽകാനാവൂ. യഥാർത്ഥ സ്നേഹമെന്തെന്ന് അറിയണമെങ്കിലും ഈ സർഗസൗന്ദര്യം ഗ്രഹിക്കണം. 

ദൈവം സ്നേഹമെന്ന് അറിയുമ്പോഴും ഈ സൃഷ്ടിപ്രക്രിയ സമൂഹവും വ്യക്തിയും മനസ്സിലാക്കേണ്ടതാണ്. ദൈവം ഒരു വ്യക്തിയാണ് എന്ന്  ഊന്നിപ്പറയുമ്പോഴും ബിംബവൽക്കരിക്കപ്പെട്ട ഒരു ദൈവസങ്കല്പമല്ല അതിലുള്ളത്. വചനമായ ക്രിസ്തുവിനെയും ബിംബവത്കരിച്ചു അർത്ഥനഷ്ടം വരുത്തിവെച്ച അവസ്ഥയുണ്ട്. സൃഷ്ടിക്കുകയും നവീകരിക്കുകയും  പുനരുദ്ധരിക്കുകയും ചെയ്യുന്ന വചനത്തെ പുസ്തകവും വാചകങ്ങളുമാക്കി ചുരുക്കി ഒതുക്കിയത് മതപ്രസംഗകരാണ്. അപ്പോൾ അത് രാജാക്കന്മാരുടെയും അധിനിവേശത്തിന്റെയും കഥയാണ്. ദൈവവും ക്രിസ്തുവും രാജാവിന്റെ വേഷം ചാർത്തപ്പെട്ടവരാണ്. ദൈവത്തിന്റെ പ്രതിപുരുഷർക്ക്  രാജപരിവേഷം ഉചിതമാകുന്നത് അങ്ങനെയാണ്. പക്ഷേ ഇല്ലാതാവുന്നത് സത്യവും നന്മയും സൗന്ദര്യവുമാണ്. 

നന്മ പുറപ്പെടുവിക്കുന്ന സത്യം വെളിവാക്കുന്ന വിശ്വാസി സമൂഹത്തിലേ  ദൈവസൗന്ദര്യം  നിർവചനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും അതീതമായി തെളിഞ്ഞു നിൽക്കൂ. അനേകമായ തിന്മകളെ അകറ്റാൻ വേണ്ടതായ ആന്തരിക നന്മ അപ്പോൾ ആ സമൂഹത്തിനുണ്ടാകും. തിന്മയേല്പിച്ച വ്യഥകളെ നന്മയുടെ സൗന്ദര്യത്തെ കൊണ്ട്  ആശ്വസിപ്പിക്കാം. സത്യം അതിന്റെ കൂടുതൽ ആഴങ്ങളിലേക്ക് നമ്മെ, സഭയെ, സമൂഹത്തെ നയിക്കും. 

ജനുവരി 26, 2024

കലഹത്തിന്റെ ഉപജ്ഞാതാക്കൾ

കലഹത്തിന്റെ ഉപജ്ഞാതാക്കൾ, പ്രശ്നമൊന്നുമില്ലെന്നുള്ള വിഢിത്തം പുലമ്പുന്ന 'സമാധാന'പ്രിയരാണ്. ചിരിച്ചും ഫലിതം പറഞ്ഞും 'വന്നെത്തിയ സ്വർഗ്ഗരാജ്യത്തെ' അവർ തുറന്നു വയ്ക്കുന്നു. നരകത്തിലെത്തിച്ചിട്ടു ഇവിടം സ്വർഗ്ഗമാണെന്നു പറഞ്ഞു വയ്ക്കുന്ന വാക്പ്രിയർ.  

ഐക്യരൂപത്തിനു വേണ്ടി കൊടുക്കേണ്ട വില കലഹത്തിന്റെ കാലഘട്ടമാണ്. ഐക്യത്തിന്റെ വില വലുതാണ്, സ്വന്തം അഹന്തയെ മാറ്റി നിർത്തുക എന്നതാണ് അത്.

സത്യം മറയ്ക്കപ്പെടുന്നു

മതം, ശാസ്ത്രം, രാഷ്ട്രീയം എന്നിവ ഒരു സമൂഹസംവിധാനത്തിന്റെ അപചയത്തിന്‌ കാരണമായി പ്രവർത്തിക്കുന്നതിന്റെ കാരണം അവ സത്യം പറയാൻ വിമുഖത കാണിക്കുന്നു എന്നതാണ്. ഇവ മൂന്നിലും ഈ മൂന്നു ഘടകങ്ങളും ഉൾച്ചേർന്നിരിക്കുന്നു എന്നതുകൊണ്ടുതന്നെ അവ സമീപിക്കുന്നതോ പരിചയപ്പെടുത്തുന്നതോ വിശദീകരിക്കുന്നതോ ആയ കാര്യങ്ങളിൽ സത്യം അതിന്റെ പൂർണതയിലില്ലെങ്കിൽ അത് നാശകരമാണ് ദേശത്തിനും സമൂഹത്തിനും വിശ്വാസത്തിനും. വിഷയങ്ങൾ സാമൂഹികമോ സാംസ്കാരികമോ ചരിത്രപരമോ ആശയപരമോ ഒക്കെ ആകാം, എന്നാൽ കല്പിതമായ നിലപാടുകൾ മൂലം സത്യം മറയ്ക്കപ്പെടുന്നു. കാലത്തിന്റേതായ പ്രത്യേക അവസ്ഥകൾക്ക് സ്വാതന്ത്ര്യം നൽകാൻ അവ സമൂഹത്തെ തുറക്കുന്നില്ല. 

ദൈവമാവട്ടെ, സമൂഹമാവട്ടെ, ഒരു സാംസ്‌കാരിക മാറ്റമാവട്ടെ, ഒരു മതസംവിധാനത്തിൽ വരുന്ന തിരിച്ചറിവൊ അപചയമോ ആവട്ടെ, വ്യാഖ്യാനത്തിനും മുമ്പുള്ള യാഥാർത്ഥ്യമാണ് സത്യം. പ്രാഥമിക വീക്ഷണം പോലും വ്യാഖ്യാനത്തിനു വിധേയമായേക്കാം. അതുകൊണ്ട് വ്യാഖ്യാനങ്ങളിൽ കുടുങ്ങാതെ തുറവിയുണ്ടായിരിക്കുക എന്നതേ സാധിച്ചെന്നിരിക്കൂ. എങ്കിലും അതൊരു നിസ്സഹായാവസ്ഥയല്ല. സ്വാതന്ത്ര്യമാണ്.

സെക്കുലർ എന്ന് വിളിക്കുമെങ്കിലും രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന മതവും മതവൽക്കരിക്കപ്പെടുന്ന രാഷ്ട്രീയവും ഇതിനു രണ്ടിനും വിധേയപ്പെട്ടു ഉപകാരണമാകുന്ന ശാസ്ത്രവും ഇന്നിന്റെ യാഥാർത്ഥ്യമാണ്.

ജനുവരി 24, 2024

ദൈവരാജ്യവും ആരാധനയും

 കേന്ദ്രീകൃതമാകുന്ന ആരാധനയും ദേവാലയവും ദൈവത്തിന്റെയോ ജനത്തിന്റെയോ ആവശ്യമല്ല, രാജാവിന്റെ ആവശ്യമാണ്.

രാജാവും ദേവാലയവും ദൈവേഷ്ടത്തിനു ചേരാതെ പ്രതിഷ്ഠിക്കപ്പെട്ട ബിംബങ്ങളായിരുന്നു. ജനം തേടിയ അധികാര കേന്ദ്രവും രാജാവ് തേടിയ ആരാധനാകേന്ദ്രവും നാശകരകമായിരുന്നു. ദൈവസാന്നിധ്യത്തിന്റെ അടയാളമായിരുന്ന  ശിലകളും ബലിപീഠങ്ങളും നിഷിദ്ധമായി. ജീവിച്ചിടത്ത് കുടുംബമായി അർപ്പിച്ച ബലികളും ആരാധനയും  ഫലശൂന്യമായി. പുരോഹിത കേന്ദ്രീകൃതമായ ദേവാലയക്രിയകളിൽ മാത്രം 'ദൈവം സന്നിഹിതനായി.' 

കിണറ്റു വക്കത്തും മരച്ചുവട്ടിലും തീരത്തും വയലിലും സന്നിഹിതനാകുന്ന ദൈവത്തെ ക്രിസ്തു പരിചയപ്പെടുത്തി. നിഷ്കളങ്ക മനസ്സിൽനിന്ന് മുളപൊട്ടി വളരുന്ന സത്യമാണ് ക്രിസ്തുവിന് ദൈവരാജ്യവും ആരാധനയും. അധികാരത്തിന്റെ സുരക്ഷയിലോ ആരാധനകളുടെ പരിമളതയിലോ അതുണ്ടായെന്നു വരില്ല.

ജനുവരി 23, 2024

പാവങ്ങളെ മറക്കരുത്

 'പാവങ്ങളെ മറക്കരുത്' എന്നത് മാർപാപ്പയുടെ ആശംസയുടെ ഭാഗമാണ് (അനുസരണത്തിന്റെ പരിധിയിൽ അല്ല അതെന്ന് തീർച്ചയായും ആശ്വസിക്കാം). ബൈബിൾ വീക്ഷണമനുസരിച്ച് ദൈവമല്ലാതെ ആശ്രയിക്കാൻ മറ്റാരുമില്ലാത്തവരെ പൊതുവെ 'പാവങ്ങൾ' എന്ന കൂട്ടത്തിൽ ചേർക്കാവുന്നതാണ്. ഈ പാവങ്ങൾ ആരൊക്കെയാണ്? എന്തിൽ/ ആരിൽ വിശ്വാസമർപ്പിക്കാനാണ് പാവങ്ങളുടെ സമൂഹം പരിശീലിപ്പിക്കപ്പെടുന്നത്?

കുർബാനയെക്കുറിച്ചുള്ള കലഹങ്ങളും സാധൂകരണങ്ങളും ആവർത്തിക്കുമ്പോഴും സൗകര്യപൂർവ്വം നിലനിർത്തപ്പെടുമ്പോഴും 'ദൈവത്തെ ഉപേക്ഷിക്കാൻ നമുക്കാവില്ലല്ലോ' എന്ന മനസ്സിൽ നിന്ന് ബലിയർപ്പണത്തിനായി പള്ളിയിൽ പോകുന്ന നിസ്സഹായരാണ് ഇന്ന് വിശ്വാസിസമൂഹം. ഈ നിസ്സഹായതയെ മുതലെടുത്തുകൊണ്ടാണ് ക്രിസ്തീയതയുടെ അംശം പോലുമില്ലാത്ത പ്രസ്താവനകളും സൗകര്യപ്രദമായ ആരാധനാക്രമനിഷ്ഠകളും  വർഗ്ഗീയവിഷമുള്ള സഭാസംരക്ഷണവും ഉയർന്നു വരുന്നത്. സ്വീകരിച്ചു പോന്ന നടപടിക്രമങ്ങളിലൂടെ സഭയുടെ ഏതു സ്വഭാവത്തെക്കുറിച്ചാണ് 'പാവങ്ങൾ' കണ്ടും കേട്ടുമറിഞ്ഞത്? തെളിമയുണ്ടെങ്കിൽ, കൊന്നു തള്ളപ്പെട്ട സഭയുടെ രക്തത്തിൽ സ്വന്തം അഹന്തയുള്ള മുഖം നേതാക്കൾക്ക് കാണാം. 

"പാവങ്ങളെ മറക്കരുത്" എന്ന് പറഞ്ഞത്, റബ്ബറുവെട്ടി നാലുമണിക്ക് കുർബാനക്ക് കർത്താവെ എന്ന് ഉള്ളിൽനിന്നു വിളിക്കുന്ന കർഷകനും, കുടുംബത്തിന്റെ പ്രാരാബ്ധങ്ങളും ഉത്തരവാദിത്തങ്ങളും ചേർത്തുവെച്ചു ക്‌ളാസുകൾ തയ്യാറാക്കുന്ന അധ്യാപകരും 'അവരുടെ പള്ളിയിൽ പോകണ്ട, നമ്മുടെ പള്ളിയിലെ പോകാവൂ' എന്ന കല്പനയനുസരിച്ച് ശുദ്ധമായ പാരമ്പര്യങ്ങൾ നിലനിർത്തി കുർബാന കൂടുന്ന (വിദേശത്ത്) നഴ്‌സുമാരും അവരുടെ കുടുംബവും, യുവജനപ്രസ്ഥാനങ്ങളിൽ ഈശോക്ക്‌വേണ്ടി മാത്രം എന്ന് പറഞ്ഞ് ഓടിനടക്കുന്ന ചെറുപ്പക്കാരും അധികാരികളുടെ ആജ്ഞകൾക്കുമുമ്പിൽ മൗനമായിപ്പോകുന്ന എന്നാൽ കാര്യങ്ങൾ ശരിയല്ല എന്ന് അറിഞ്ഞു നൊമ്പരപ്പെടുന്ന സമർപ്പിതരും കേൾക്കപ്പെടാതെ ചാപ്പകുത്തപ്പെട്ട ഒരു സമൂഹവും നിസ്സഹായരായ  പാവങ്ങളാണ്. 

സിംഹാസനങ്ങൾക്കു സ്തുതിപാടുന്ന ആരാധകവൃന്ദങ്ങളെക്കൊണ്ട് നിലനിർത്താവുന്നതല്ല സഭ. സിംഹാസനങ്ങളുടെ ഗരിമയിൽ തിളങ്ങുന്ന സഭക്ക് പാവങ്ങളുടെ നന്മകളിൽ തെളിയുന്ന സൗന്ദര്യത്തെ തിരിച്ചറിയാൻ കഴിയണം. സത്യം മാത്രമാണ് സഭയുടെ സമ്പത്ത്. സത്യം പറയാൻ കഴിയുന്നെങ്കിൽ മാത്രം പാവങ്ങൾ സഭയോട് ചേർന്ന് നില്കും. 

സരസമായി ധാർമിക സത്യങ്ങൾ അവതരിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല, എന്നാൽ സുവിശേഷപ്രസംഗം എന്നാൽ രസിപ്പിക്കുകയല്ല എന്ന്  പ്രസംഗകർ / നേതാക്കൾ അറിയേണ്ടതുണ്ട്. പ്രീണനം ക്രിസ്തുവിന്റെ സുവിശേഷശൈലിയുമല്ല. 

ജനുവരി 21, 2024

ശിഷ്യത്വത്തിൽ പരിശീലിക്കപ്പെടേണ്ടത്

അക്രമവും അധിനിവേശവും ഇല്ലാത്ത, സ്വാതന്ത്യവും സമാധാനവും നിറഞ്ഞ ഒരു സമയത്തേക്ക് മിശിഹായുടെ ആഗമനം വഴി വയ്ക്കുമെന്നും അതിനായി തങ്ങളെത്തന്നെ ഒരുക്കണമെന്നും യേശുവിന്റെ കാലത്തെ യുവത്വം വിശ്വസിച്ചിരുന്നു. അതിനൊത്ത ഒരു ഗുരുവിനെ അവർ തേടിയതും അതേ പ്രതീക്ഷയിലാണ് (മിശിഹാ ലോകം മുഴുവൻ കീഴടക്കുമെന്ന അഹന്ത അതിരുവിട്ട രാഷ്ട്രീയമോഹത്തിൽ വിരിഞ്ഞ സങ്കല്പമാണ്). നിയമങ്ങൾ പഠിക്കുകയും സമ്പ്രദായങ്ങളും അനുഷ്ടാനങ്ങളും കണിശമായി പാലിക്കുകയും ചെയ്തുകൊണ്ട് 'ധാർമ്മിക'രായിരിക്കുക എന്നതായിരുന്നു വഴി. 

ദൈവത്തെ അറിയുകയും, ദൈവേഷ്ടം മനസിലാക്കാൻ കഴിയുകയും ചെയ്യുക എന്നതാണ് ശിഷ്യത്വത്തിന്റെ പ്രാഥമിക ലക്‌ഷ്യം. 'നിന്റെ വഴികൾ എന്നെ പഠിപ്പിക്കേണമേ' എന്ന സങ്കീർത്തനവും അതിന്റെ പ്രതിഫലനമാണ്. അതിദയാലുവും സ്നേഹസമ്പന്നനും കരുണാമയനും ആയ ദൈവമെന്ന് ദൈവത്തെക്കുറിച്ചുള്ള തത്വസംഹിതകൾ ആവർത്തിക്കുകയും എന്നാൽ അത് ദൈവത്തിന്റെ സ്വഭാവമായി  പ്രതീക്ഷിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നത് ധാർമ്മിക വഴിയിലെ പരാജയമാണ്. കരുണാമയനായ ദൈവം നിനവേ നശിക്കാതിരിക്കാൻ പശ്ചാത്താപത്തിനു വേണ്ടി വിളിക്കുന്നെന്ന് പ്രസംഗിക്കുമ്പോഴും നിനവേ കത്തിയെരിയുന്നതാണ് യോനാ പ്രതീക്ഷിച്ചത്. സമറിയാ കത്തിയെരിയുന്ന കാണാൻ തിടുക്കം കൂട്ടിയ ശിഷ്യരും ചെയ്തത് അതുതന്നെയാണ്.

സത്യത്തിന്റെ വെളിച്ചത്തിലേക്ക് ശിഷ്യരെ നയിക്കുകയാണ് ഗുരു ചെയ്യുന്നത്. സത്യം സ്വാതന്ത്രമാക്കുന്നതുപോലെ, സത്യത്തിന്റെ വഴി മൃദുലവുമാണ്. സത്യം പരിശീലിക്കുന്ന ശിഷ്യൻ സൃഷ്ടികാരകമാണ്, നാശകരകമല്ല. സത്യത്തിലേക്കും അത് നൽകുന്ന സ്വാതന്ത്ര്യത്തിലേക്കും നയിക്കുന്നത് കൃപയാണ്.  അഗ്നിസമാനമായി കൃപയെ സങ്കൽപ്പിക്കുന്നത് ആവേശവും ഉത്സാഹവുമുണ്ടാക്കുന്നതാണ്. എന്നാൽ കൃപ പ്രവർത്തിക്കുന്നത് ആന്തരികമായി നിർഗ്ഗളിക്കുന്ന നീരുറവ പോലെയാണ്. ശിഷ്യൻ തന്നെത്തന്നെ തുറക്കേണ്ടതും ഈ നീരുറവയെ തുറന്നു വിടാനായാണ്.

ഗുരുവിൽ നിന്ന് പാഠങ്ങൾ പഠിക്കുന്ന ശിഷ്യത്വമല്ല യേശു ആഗ്രഹിച്ചത്. ശിഷ്യത്വത്തിൽ പരിശീലിക്കപ്പെടേണ്ടത് പിതാവിനെ അറിയുക എന്നതാണ്. പിതാവിൽ നിന്ന് കേൾക്കുക, പിതാവ് ചെയ്യുന്നതെല്ലാം കാണുക എന്നതെല്ലാം പിതാവിന്റെ ഇഷ്ടമറിയാൻ പഠിക്കുന്ന പരിശീലന പ്രക്രിയയാണ്. അത് ലക്ഷ്യമാക്കാത്ത ശിഷ്യത്വം മതപഠനം മാത്രമാണ് അതിൽ ദൈവാന്വേഷണമില്ലാതാവുന്ന അപകടമുണ്ട്. നിയമിതമായ ശരികളിൽ പൗരോഹിത്യവും ബലിയും സാധൂകരിക്കപ്പെട്ടേക്കാം. എന്നാൽ ദൈവേഷ്ടം തേടാത്ത ആ ശിഷ്യത്വങ്ങളിൽ ദൈവികജീവൻ ഉണ്ടാവില്ല.




ജനുവരി 19, 2024

അഭിഷേകം

ക്രിസ്തുവിലൂടെ ദൈവം ലോകത്തെ തന്നോട് രമ്യതപ്പെടുത്തുകയായിരുന്നു. ക്രിസ്തുവെന്നാൽ അഭിഷിക്തനാണെന്നത് അർത്ഥപൂർണ്ണമാകുന്നത് ഈ അനുരഞ്ജന പ്രക്രിയയിലൂടെയാണ്. കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തി എന്നത് അഭിഷേകം എങ്ങനെയാണ് രക്ഷാദായകമായത് എന്നും പറയുന്നു. അഭിഷേകം അഭിഷേകമായി തിളങ്ങുന്നത് ഈ ഗുണങ്ങളിൽ മാത്രം.  ഇതേ പ്രക്രിയയിലൂടെ ഉള്ളിൽ നിന്ന് നിർഗ്ഗളിക്കുന്നതാണ് അഭിഷേകം. മായ്ക്കാൻ കഴിയാത്ത വണ്ണം ചാർത്തപ്പെടാവുന്നതല്ല അത്. കർമ്മവും വാക്കും ജീവിതവും വ്യാഖ്യാനങ്ങളും ദൈവത്തോട് രമ്യതപ്പെടുത്തുന്നെങ്കിലെ അഭിഷേകവും ജീവദായകമായ  അധികാരവുമുണ്ടാകൂ.

ജനുവരി 16, 2024

ആരാധനക്രമം ദൈവവചനം ജീവിതം

 ആരാധനാക്രമത്തിൽ കൂടിയാണ് ദൈവവചനം ജീവിതബന്ധിയായി തീരുന്നത്" എന്നതിന്റെ വ്യാഖ്യാനങ്ങൾ ആരാധനാക്രമമാണ് ലോകത്തെയും ദൈവത്തെത്തന്നെയും സൃഷ്ടിച്ചതെന്ന വിധമുള്ള പാരമ്യത്തിലേക്ക് പോകുന്നുണ്ട്. ഒരു കണക്കിന് അത് ശരിയുമാണ് ആരാധനാക്രമങ്ങളിലൂടെയാണ് ലോകവും ദൈവവും ജീവിതത്തിന്റെ ഭാഗമായി ക്രമപ്പെടുത്തപ്പെട്ടത്.

എന്നാൽ ക്രിസ്തീയചൈതന്യത്തിൽ പ്രചോദനങ്ങളിലൂടെ തിരിച്ചറിയപ്പെടുന്ന വെളിപാടിനാണ് നയിക്കാൻ കഴിയുന്ന വെളിച്ചമുള്ളത്. അതുകൊണ്ട് ആരാധനക്രമം ദൈവവചനം ജീവിതം എന്നിവ പരപസ്പരം പുഷ്ടിപ്പെടുത്തുന്നതും തെളിമ നൽകി നയിക്കുന്നതുമാണ്. നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ ക്രിസ്തുവിനെ അടുത്തറിയാൻ ശ്രമിക്കുക, വെളിച്ചമാകും വിധം സഭയെയും അതിന്റെ ജീവിതശൈലിയെയും നവീകരിക്കുക എന്ന വിശാലവീക്ഷണം കാണാതെ മേല്പറഞ്ഞ ഉദ്ധാരണം അസ്ഥാനത്തുപയോഗിക്കുന്നത് 'ആരാധനാക്രമത്തെ' വിഗ്രഹവൽക്കരിക്കാനേ ഉപകരിക്കൂ.
ഒരു പൂജ്യഗ്രന്ഥമല്ല മറിച്ച് ദൈവവചനമാണ് ബൈബിൾ എന്ന് ആദ്യം ബോധ്യമാവേണ്ടതുണ്ട്. ജീവിക്കുന്ന വചനം വാക്കുകളിലല്ല ആ വചനത്തിന്റെ ഉറവിടമായ ക്രിസ്തുവിലാണ്. ജീവന്റെ അടയാളമായ വളർച്ചയും വികാസവും അത് കാണിക്കുകയും ചെയ്യും. ക്രിസ്തുവിനെ കണ്ണുകളിലൂടെ കാലവും അർത്ഥവും തേടിയെങ്കിലേ വചനം നിശ്ചലമായി നില്കാതെ കൂടെ നടക്കുന്ന സാന്നിധ്യമായി അനുഭവിച്ചറിയാനാകൂ.
പാരമ്പര്യങ്ങൾക്കും പ്രചോദനാത്മകതയുണ്ട്, അതും ഒരു കാലസൂചിയിൽ ഉടക്കി നിൽക്കുന്നതല്ല. വിശ്വാസം അനുഭവവേദ്യമാകുന്നതും പ്രകടിപ്പിക്കുന്നതും പല വിധത്തിലായേക്കാം. ആരാധനക്രമം ആരാധനക്ക് പകരം നിഷ്ഠകളുടെ കണിശതയിലേക്ക് സ്വയം തിരിക്കുമ്പോൾ അസാധ്യമാക്കുന്നത് ജീവിതബന്ധമാണ്. ആർക്കും സ്വന്തം നിയോഗങ്ങൾ സമർപ്പിക്കാം എന്നതു കൊണ്ട് അത് ജീവിതബന്ധിയാകുന്നില്ല. ജീവിതത്തെ വ്യാഖ്യാനിക്കാനും ജീവിതത്തിലേക്ക് ദൈവവചനത്തെ ചാലിച്ചു ചേർക്കാൻ കഴിയുന്നതുമാകണം ആരാധനക്രമം.
ജീവിതം ഇന്ന് ബഹുസ്വരതയുള്ളതാണ്, കുടുംബത്തിലും സമൂഹത്തിലും സമൂഹത്തിലും; അത് സങ്കീർണവുമാണ്. സമ്മർദ്ദങ്ങളും സംഘർഷങ്ങളും വ്യത്യസ്തങ്ങളാണ്. പുരാതന മിത്തുകളിൽ അഭിരമിക്കുന്ന മതങ്ങൾക്ക് ജീവിതങ്ങളെ മനസിലാക്കാൻ പോലും കഴിയുന്നില്ലെന്നാണ് വാസ്തവം. എല്ലാറ്റിനും അവർ അവരുടെ മിത്തുകൾക്കുള്ളിലെ യുക്തിക്കൊത്ത കാരണങ്ങൾ നിരത്തി പരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ട്. ആരാധനക്രമം ജീവദായകമാവണമെങ്കിൽ അതിനു ജീവിതങ്ങളെ അറിയാനും ആ ജീവിതങ്ങൾ പച്ചയായിത്തന്നെ ബലിപീഠത്തിലേക്കു വരാനും അന്തരീക്ഷമൊരുക്കണം. പകരം അധികാരചതുരംഗങ്ങൾക്കിടയിൽ നെയ്‌തെടുക്കുന്ന പ്രാർത്ഥനാലാപങ്ങളെ ജീവിതബന്ധിയായ ആരാധനാക്രമമെന്നു വിളിക്കാൻ കഴിയില്ല. ആത്മാവിലും സത്യത്തിലുമുള്ള ആരാധനയിലേക്കു അത് നയിക്കുന്നുമില്ല.
Like
Comment
Share